കാര്യങ്ങള്‍ മറക്കണോ? മറയ്ക്കണോ?

Reading Time: 2 minutes

വേണ്ടത്ര ശ്രദ്ധയില്ലാതെ “യ’കാരത്തെ ചേര്‍ത്തും ഒഴിവാക്കിയും ഉപയോഗിക്കുന്ന രീതി നമ്മുടെ ഇടയില്‍ വളരെ പ്രചാരത്തിലുണ്ട്. “യ’കാരത്തിന്റെ ചേര്‍ക്കലും ഒഴിവാക്കലും അര്‍ത്ഥവ്യത്യാസമുണ്ടാക്കുന്നതാണ് എന്ന് അധികപേരും ഓര്‍ക്കാറില്ല. അത് ഭംഗിക്കും സൗകര്യത്തിനും ഉപയോഗിക്കുന്നതാണ് എന്നാണ് പലരും ധരിച്ചിരിക്കുന്നത്. എന്നാല്‍ നാം മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം “യ’കാരം അര്‍ത്ഥവ്യത്യാസത്തിനു കാരണമായിത്തീരുന്നു എന്നതാണ്. താഴെ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ കാര്യം മനസ്സിലാവും.

മറക്കുക – മറയ്ക്കുക
കുഴക്കുക – കുഴയ്ക്കുക
വടക്ക് – വടയ്ക്ക്
വിളക്ക് – വിളയ്ക്ക്
കലക്ക് – കലയ്ക്ക്
അരക്ക് – അരയ്ക്ക്
ഉറക്കുക – ഉറയ്ക്കുക
മുഴക്കുക – മുഴയ്ക്കുക
അറക്കുക – അറയ്ക്കുക
നടക്ക് – നടയ്ക്ക്
നിനക്ക് – നിനയ്ക്ക്
നിരക്ക് – നിരയ്ക്ക്
വിലക്ക് – വിലയ്ക്ക്
ഉടക്കുക – ഉടയ്ക്കുകഈ ഉദാഹരണങ്ങളില്‍ നിന്നും “യ’കാരം എത്ര ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതാണെന്ന് മനസ്സിലാകുമല്ലോ? “യ’കാരം കൊണ്ട് അര്‍ത്ഥഭേദം വരുന്ന ധാരാളം പദങ്ങളുണ്ടെന്ന് മനസ്സിലായില്ലേ ?
“ഇ’കാരത്തിനും ഇരട്ടിച്ച “ക’കാരത്തിനും ഇടയ്ക്കു “യ’കാരം ചേര്‍ക്കേണ്ടതില്ല. അടിക്കും പിടിക്കും വടിക്കും കടിക്കും പൊടിക്കും വിളിക്കും പൊളിക്കും ഇരിക്കും എന്നിവിടങ്ങളിലൊന്നും “യ’കാരം ഉപയോഗിക്കേണ്ട ആവശ്യമില്ല. വടിയ്ക്കും കടിയ്ക്കും പിടിയ്ക്കും എന്നിങ്ങനെ വേണ്ട എന്ന് അര്‍ത്ഥം.

ഇരട്ടിപ്പിക്കലിലും ഉണ്ട് പ്രശ്‌നങ്ങള്‍
ആനപ്പുറത്തു കയറി എന്നതിനുപകരം ആന പുറത്തു കയറി എന്ന് എഴുതിയാല്‍ എന്താവും സ്ഥിതി?
വാടി കൊഴിഞ്ഞു എന്നതും വാടിക്കൊഴിഞ്ഞു എന്നതും വേറെ വേറെ അര്‍ത്ഥങ്ങള്‍ അല്ലേ? കാള കൊമ്പിടിക്കുന്നതാണോ കാളക്കൊമ്പിടിക്കുന്നത്? പാറ കെട്ട് വേറെ പാറക്കെട്ട് വേറെ.
എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ അകറ്റിയെഴുതി അര്‍ത്ഥഭേദം വരാത്ത മട്ടില്‍ ഇരട്ടിപ്പ് ഒഴിവാക്കുകയും ചെയ്യാം. വടിയാല്‍ത്തല്ലി എന്നത് വടിയാല്‍ തല്ലി എന്ന് എഴുതിയാലും അര്‍ത്ഥവ്യത്യാസം വരുന്നില്ല. അവനെക്കണ്ടു എന്ന് അവനെ കണ്ടു എന്ന് എഴുതുന്നതും തെറ്റല്ല. ചില ഉദാഹരണങ്ങള്‍ കൂടി.

കാട്ടിലെത്തടി – കാട്ടിലെ തടി
തലയില്‍ക്കയറി – തലയില്‍ കയറി
പടിക്കല്‍ച്ചെന്നു – പടിക്കല്‍ ചെന്നു
പോയാല്‍ക്കാണാം – പോയാല്‍ കാണാം
ഇന്നത്തെക്കാര്യം – ഇന്നത്തെ കാര്യം

ഇങ്ങനെ അകറ്റിയെഴുതിയാല്‍ ലിപിലാഭം മാത്രമല്ല വായിക്കാന്‍ കൂടുതല്‍ സുഖവും ഉണ്ടാകും.

മനസിനെയും വയസിനെയും നിസാരമാക്കുന്നവര്‍
വ്യഞ്ജനാക്ഷരങ്ങളില്‍ അവസാനിക്കുന്ന സംസ്‌കൃത ശബ്ദങ്ങള്‍ മലയാളത്തില്‍ ഉപയോഗിക്കുമ്പോള്‍ അവസാനത്തെ വ്യഞ്ജനം ഇരട്ടിക്കുകയും സംവൃതോകാരം (ഉ് ) ഉപയോഗിക്കുകയും വേണം. മനസ് എന്നല്ല മനസ്സ് എന്നു തന്നെ ഉറപ്പിച്ചു പറയണം. വാക് എന്നു പോര വാക്ക് എന്നു തന്നെ വേണം. സമ്രാട് തെറ്റ് സമ്രാട്ട് ശരി. ജഗത് പോര ജഗത്ത് എന്നു വേണം. അനുഷ്ടുപ് അല്ല അനുഷ്ടുപ്പ് ആണ് ശരി.
ഇതേ പോലെയാണ് നിസ്സാരങ്ങളുടെയും നിശ്ശേഷങ്ങളുടെയും സ്ഥിതി. നിസ്സാരം, നിശ്ശേഷം, നിസ്സംശയം, നിസ്സങ്കോചം എന്നെല്ലാം ഉപയോഗിക്കുന്നതിനു പകരമായി നിസാരം നിസംശയം നിസങ്കോചം എന്നൊക്കെ വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്. നിസ്+സാരം = നിസ്സാരം, നിസ്+ശേഷം = നിശ്ശേഷം, നിസ്+സംശയം = നിസ്സംശയം എന്നീ രൂപങ്ങളാണ് ശരി.

പ്രവൃത്തിയും പ്രവര്‍ത്തനവും
നമുക്ക് പ്രവൃത്തിയും പ്രവര്‍ത്തനവുമുണ്ട്. ചിലര്‍ പ്രവര്‍ത്തിയും പ്രവൃത്തനവുമായി ഇതിനെ തെറ്റായി ഉപയോഗിക്കാറുണ്ട്. “ഹരിത സേനയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്’. “വായനശാലയുടെ പ്രവര്‍ത്തനസമയം വൈകുന്നേരം 4 മണി മുതല്‍ 7 മണി വരെയാണ്’, “മനുഷ്യരില്‍ നല്ല പ്രവൃത്തി ചെയ്യുന്നവരും മോശം പ്രവൃത്തി ചെയ്യുന്നവരും ഉണ്ട്’ ഇതെല്ലാമാണ് ശരിയായ രൂപങ്ങള്‍.

അദ്ധ്യക്ഷനോ? ആദ്ധ്യക്ഷനോ?
“ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ഈ യോഗത്തിന്റെ അദ്ധ്യക്ഷന്‍ വഹിക്കും’ എന്ന വിധത്തില്‍ സ്വാഗതപ്രസംഗകര്‍ പറയുന്നതു കേള്‍ക്കാറില്ലേ? “അദ്ധ്യക്ഷന്‍ വഹിക്കുക’ എന്നു പറഞ്ഞാല്‍ “അദ്ധ്യക്ഷനെ വഹിക്കുക’, “അദ്ധ്യക്ഷനെ ചുമക്കുക’ എന്നൊക്കെയാണ് അര്‍ത്ഥം.
അദ്ധ്യക്ഷത, ആദ്ധ്യക്ഷ്യം എന്നിവയെല്ലാം ശരിയായ പ്രയോഗങ്ങള്‍. അദ്ധ്യക്ഷത വഹിക്കുകയോ ആദ്ധ്യക്ഷ്യം വഹിക്കുകയോ ചെയ്യാം. അദ്ധ്യക്ഷന്‍ ശരിയാണെങ്കിലും അദ്ധ്യക്ഷന്‍ വഹിക്കരുത്.

നാം ആരെയൊ ക്കെയാണ് പീഢിപ്പിക്കുന്നത്
“സമൂഹത്തില്‍ സ്ത്രീ പീഢനം പെരുകുന്നു’, “ബാലികയെ മധ്യവയസ്‌കന്‍ പീഢിപ്പിച്ചു’ എന്ന മട്ടിലുള്ള വാര്‍ത്തകള്‍ നിരന്തരമായി ഇപ്പോള്‍ നമ്മള്‍ കേട്ടു വരുന്നുണ്ട്. “ഡ’കാര “ഢ’കാരങ്ങളുടെ ഉപയോഗത്തെപ്പറ്റി പലര്‍ക്കും വേണ്ടത്ര അറിവില്ല. അവര്‍ ഗൂഢാലോചനയെ ഗൂഡാലോചനയാക്കും, നിഗൂഢത്തെ നിഗൂഡവും.

തെറ്റ് …………. ശരി
പീഢനം …………. പീഡനം
ആരൂഡം …………. ആരൂഢം
നിഗൂഡം …………. നിഗൂഢം
ഗൂഡാലോചന …………. ഗൂഢാലോചന
ദൃഡം …………. ദൃഢം
മൂഡന്‍ …………. മൂഢന്‍

Share this article

About ദേവേശന്‍ പേരൂര്‍

devesanperur@gmail.com

View all posts by ദേവേശന്‍ പേരൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *