ചോയ്‌സ്‌

Reading Time: < 1 minutes

ഇന്ന് ഞാനുറങ്ങിയില്ല,
നീളന്‍വാലിളക്കി കുതിച്ചു.
ചുറ്റിലും ഈ കുതിപ്പ് തന്നെ,
“നിന്നെ’ത്തേടിയുള്ള പ്രയാണം..

അതൊരു ഉള്‍പ്പോരാട്ടമായിരുന്നു,
മില്ല്യനുകളോടുള്ള മല്ലിടല്‍!
ദിശയറിയാതെ നീന്തി,
നീ.. കണ്ണെത്തുംദൂരത്ത്!

എനിക്കായ്
തുറന്നുവെച്ച വാതിലുകള്‍,
ആര്‍ക്കുമറിയാത്ത ജാലകങ്ങള്‍..
ഒടുവില്‍,
ഞാന്‍ നിന്നില്‍ കയറിപ്പറ്റി.

ഒരാലിംഗനം,
ഹൃദയമറിഞ്ഞൊരു ചുംബനം,
“നാമൊന്നായി’
പാത്രത്തിലേക്ക് എടുത്തുചാടി.

ഇന്ന് നാം മിഴിതുറന്നു.
ഇരുണ്ട ലോകത്തും പൊക്കിളിലൂടെ
കയറിയിറങ്ങുന്ന സ്‌നേഹം
നാം കണ്ടു,
വെളിച്ചം കാത്ത് കിടന്നു.

“നീ കേള്‍ക്കുന്നുണ്ടോ?’
“എല്ലാമറിയുന്നുണ്ട്.’
നെയ്‌തെടുത്ത സ്വപ്നങ്ങള്‍
കെട്ടിവെച്ചോ,
ആശുപത്രി ശൗചാലയങ്ങളില്‍
അത് ജീവിക്കും.

“എല്ലാം ചോയ്‌സാ’ണത്രെ!
ജീവന് നെറികേടിന്റെ വിലയിട്ട
പകലന്തികള്‍.
മുറിവേറ്റ ഒരു പിടി രക്തക്കട്ട
മണ്ണിലേക്ക് തെറിച്ചു വീണു,
“ഞങ്ങള്‍ക്കും പൗരാവകാശമില്ലേ?’
ഭൂമി ഒന്ന് നടുങ്ങി.

Share this article

About ആലിയ സഫ് വാന ബാഹിറ, മണ്ണാര്‍ക്കാട്

View all posts by ആലിയ സഫ് വാന ബാഹിറ, മണ്ണാര്‍ക്കാട് →

Leave a Reply

Your email address will not be published. Required fields are marked *