ഇരുള്‍ കാലത്തിന്റെ കുറിപ്പുകള്‍

Reading Time: 2 minutes

മലയാളകഥയുടെ സമകാലിക സ്വത്വം പ്രത്യക്ഷവത്കരിക്കുന്ന പി.കെ.പാറക്കടവ്, താന്‍ കാണുന്ന യാഥാർഥ്യങ്ങള്‍ക്ക് സാര്‍വലൗകിക മാനം നല്‍കുന്നു. നിരപരാധിയുടെ മുന്നില്‍ തൂങ്ങിയാടുന്ന കൊലക്കയർ പോലെ ഭയം, നീതികേട് എന്നിവ കഥാപാത്രങ്ങളുടെ മനസിലേക്ക് കടന്നുവരുന്ന ഒരു ലോകത്തിന്റെ മികവുറ്റ ആവിഷ്‌കാരമാണ് പാറക്കടവിന്റെ കഥാലോകം. സ്വാതന്ത്ര്യദിന കഥകളും (വാരാദ്യമാധ്യമം, ആഗസ്റ്റ് 14 ലക്കം) അനുഭവപ്പെടുത്തുന്നത് മറ്റൊന്നല്ല. അക്കാദമിക സമവാക്യങ്ങള്‍ക്കോ, ശൈലികള്‍ക്കോ വിശകലനം ചെയ്തു തിട്ടപ്പെടുത്താവുന്നവയല്ല പാറക്കടവിന്റെ കഥകള്‍. ആര്‍ക്കും വേണ്ടാത്ത ജീവിതങ്ങളുടെ സങ്കടവും ഉള്ളുരുക്കവുമാണ് പാറക്കടവ് കഥയുടെ ചെപ്പില്‍ നിറക്കുന്നത്. അറ്റുപോകുന്ന സ്വാതന്ത്ര്യവും, ആരോ ചൂഴ്‌ന്നെടുക്കുന്ന കണ്ണുകളും കടലെടുക്കുന്ന സൗഭാഗ്യവും പൊള്ളിക്കുന്ന ദുരിതങ്ങളും വിശാലമായ കഥാഭൂമികയിലേക്ക് വളര്‍ത്തിയെടുക്കുന്ന പാറക്കടവിന്റെ രചനാരീതി ശ്ലാഘനീയമാണ്. സ്വാതന്ത്ര്യദിന കഥകളും അസ്വാസ്ഥ്യജനകമായ നിരവധി ചിത്രങ്ങളിലൂടെ സമൂഹചേതനയുടെ ആഴത്തിലിറങ്ങിയ പ്രശ്‌നങ്ങളിലേക്ക് വായനക്കാരനെ നടത്തിക്കുന്നു.
മൂന്ന് കൊച്ചുകഥകള്‍-മോചനം, മന്ത്രം, ക്ലാസ് എന്നിവ.
ഈ കഥകള്‍ അഭിസംബോധന ചെയ്യുന്ന പ്രമേയങ്ങള്‍ അധികാരത്തിന്റെ ഹിംസാത്മകതയെ അപഗ്രഥിക്കുന്നു. ജിവിതത്തിന്റെ ആകുലതകളും ദൈന്യതകളും കഥാവത്കരിക്കുമ്പോള്‍ പാറക്കടവ് നല്‍കുന്ന നിര്‍മിതപാഠങ്ങളും വേറിട്ടൊരനുഭവത്തുരുത്ത് തൊട്ടുകാണിക്കുന്നു. മോചനത്തിലെ കൂട്ടില്‍ നിന്നും പുറത്താക്കപ്പെടുന്ന കിളിയുടെ ചിറക് മുറിക്കുന്നു, ചിറകില്ലാതെ പറക്കാന്‍. സ്വാതന്ത്ര്യത്തിന്റെ ആകാശം മുന്നിലുണ്ട്. പക്ഷേ, കിളി പറക്കുന്നില്ല. പറക്കുന്നതിന് പകരം ചിറക് മുറിച്ച ആളുടെ ദേഹത്ത് കൊത്തുന്നു. അയാളുടെ ശരീരത്തില്‍ ചോരകൊണ്ട് സ്വാതന്ത്ര്യം എന്നെഴുതുന്നു. ഒരു ചോരചിത്രമായി സ്വാതന്ത്ര്യം മാറുന്നതാണ് പാറക്കടവ് “മോചന’ത്തില്‍ അവതരിപ്പിക്കുന്നത്.
വാക്കുകള്‍ ജീവിതത്തില്‍ നിന്നും വിട്ടുപോകുന്ന ഒരു അവസ്ഥയാണ് പാറക്കടവിന്റെ “മന്ത്രം’ എന്ന കഥ അനുഭവപ്പെടുത്തുന്നത്. വാക്കുകള്‍ വിട്ടുപോകുമ്പോള്‍ ശ്വാസം മുട്ടുന്ന ജീവിതസാഹചര്യം. വാക്കുകള്‍ ഭാണ്ഡങ്ങളിലായി കൊണ്ടുപോകുമ്പോള്‍ സുഷിരങ്ങളിലൂടെ ചിലത് പുറത്തുചാടുന്നു. അവ വിത്തുകള്‍പോലെ മുളച്ച് പൊന്തുന്നു. മുളച്ച വിത്തുകള്‍ വന്‍വൃക്ഷമാകുന്നു. കാറ്റില്‍ ഓരോ ഇലയും സ്വാതന്ത്ര്യം എന്ന് മന്ത്രിക്കുന്നു. ഇലമർമരത്തില്‍ തളിര്‍ക്കുന്ന സ്വാതന്ത്ര്യത്തിന്റെ കരുത്താണ് ഈ കഥയില്‍ തലനീട്ടുന്ന വാക്കുകള്‍. വാക്കുകളുടെ നിഷേധം തീര്‍ക്കുന്ന പ്രതിഷേധ ധ്വനിയാണ് “മന്ത്രം’. ഓര്‍ക്കുമ്പോഴെല്ലാം നിർദയമായൊരു വിങ്ങലാണ് “ക്ലാസി’ല്‍ നിറയുന്നത്. ഷൂസുകളില്‍ അടയാളം വീഴ്്ത്തിയ നാവുകള്‍ സ്വാതന്ത്ര്യത്തിന് ക്ലാസെടുക്കുന്നു. അധികാര മേല്‍ക്കോയ്മയുടെ ചിത്രമാണ് പാറക്കടവ് ക്ലാസില്‍ ചൊടിപ്പിച്ചുണര്‍ത്തുന്നത്. ക്ലാസില്‍ നിന്നും സ്വാതന്ത്ര്യം ഇറങ്ങിപ്പോകുമ്പോള്‍ വാക്കില്‍ തുടിക്കുന്ന ചോദ്യം അവശേഷിക്കുന്നു. ചെറിയ കഥയില്‍ വലിയ അർഥലോകം രൂപപ്പെടുത്തുന്ന ഹതാശയ കാലത്തിന്റെ മുഖക്കുറിപ്പാണ് പാറക്കടവിന്റെ സ്വാതന്ത്ര്യദിന കഥകള്‍.
ചിറകുകളെപ്പറ്റി ഓര്‍ക്കാതെ ജീവിക്കുന്നത് മരണമാണ്. മൗനത്തില്‍ പൊതിഞ്ഞ്, ഉന്മാദത്തിനുപോലും ഇടംനല്‍കാത്ത ജീവിത സാഹചര്യം വന്ന് മനുഷ്യരെ പൊതിയുന്ന കാലത്തെയാണ് പാറക്കടവ് ഈ കഥകളില്‍ വായനക്കാരനു നേരെ നിര്‍ത്തുന്നത്. നനഞ്ഞ കണ്ണുകള്‍കൊണ്ട് തൊട്ടറിയുന്ന മിന്നല്‍പ്പിണരുകള്‍. ജീവനില്‍ നിന്നും വിട്ടുപോകാന്‍ മടിക്കുന്ന സ്വാതന്ത്ര്യം വലിയ രഹസ്യം പങ്കുവെക്കുന്നു. എങ്ങനെയാണ് നാളേക്കായി പോരാടേണ്ടത്? ശ്വാസം കിട്ടാതെ പിടയുന്ന ചോദ്യമാണത്.വര്‍ത്തമാനകാലത്തിലെ ജീവിതത്തിലെ കറുത്തപാടുകള്‍ കഥാകാരന്‍ തൊട്ടുകാണിക്കുന്നു.
മഴ നനഞ്ഞവീടിന്റെ അന്തരീക്ഷമാണ് സുറാബിന്റെ “സ്മാരകം’ (മാതൃഭൂമി ആഴ്ചപ്പതിപ്പ് ആഗസ്റ്റ് 14 ലക്കം)എന്ന കവിതയില്‍. മഴയെക്കാള്‍ മുഴങ്ങുന്ന ഘടികാരവും കവിതയിലുണ്ട്. ജീവിതത്തിനും ഓര്‍മകള്‍ക്കും തീപിടിക്കുന്ന കാലത്ത് കഴിഞ്ഞകാലത്തിന്റെ ഇലപ്പടര്‍പ്പുകള്‍ വലിഞ്ഞു മുറുകി നില്‍ക്കുകയാണ് സ്മാരകത്തില്‍. കൊട്ടിലപ്രത്തുകൂടി മഴ കയറിവന്ന് പാരമ്പര്യത്തിന്റെ കസേരയില്‍ കയറി ഇരിക്കുന്നു. ആ ഇരിപ്പിനും പ്രത്യേകതയുണ്ട്. അകവും പുറവും നനഞ്ഞിരിക്കുന്നു. നിലച്ച ഘടികാരവും നനഞ്ഞ ചുമരും തറവാടിന്റെ ചിത്രം. ആശയത്തിന്റെയും ആദര്‍ശത്തിന്റെയും ഭാരമില്ലാതെയാണ് സുറാബ് കവിത അവതരിപ്പിക്കുന്നത്. ഇന്നലെകളുടെ ആഴക്കയം സ്മാരകത്തിലുണ്ട്. പഴയ വീടിന്റെ മൂകത. അടുപ്പുകത്താത്ത, പുകയൂതിയൂതി പുകയുന്ന വീട്. മഴ ഓടിളക്കി കയറുന്നു. വേനല്‍കാലത്ത് കാറ്റും വെയിലും. ഇങ്ങനെ മുന്‍ഭാഗം പണിക്കുറ തീര്‍ത്തു. പിന്നാമ്പുറത്തും നിറയെ ചിതലരിപ്പുകള്‍. തേങ്ങയും തെങ്ങും വീണു. തെങ്ങുവീണു കരണ്ടുപോയി. എങ്കിലും പ്രാര്‍ഥനാമുറിയില്‍ വെളിച്ചമുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് കാറ്റും മഴയും വീടുകാണാന്‍ വരാന്‍ തുടങ്ങി. എലിയും പെരുച്ചാഴിയും തിന്നുതീര്‍ത്ത പത്തായവും മോന്തായവും. അന്യോന്യം വായിക്കാനറിയാത്ത ആധാരക്കെട്ടുകള്‍പോലെ മനുഷ്യരും. എല്ലാ വാതിലുകളും തുറന്നിട്ട് വീട് മഴ നനഞ്ഞുതന്നെ നില്‍ക്കുന്നു.
ചരിത്രത്തിന്റെ മറവിക്ക് കാലത്തിന്റെ പ്രതിരോധമാണ് സ്മാരകം. തറവാടിന്റെ സാഹസികമായ യൗവനത്തിലേക്ക് തിരിച്ചുനടക്കുന്ന കവി, തിരിച്ചറിവുകളുടെ ഘോഷയാത്ര കണ്ട് വാര്‍ധക്യത്തിലേക്ക് മടങ്ങുന്നു. മൂന്നുതലമുറയോടൊപ്പം പൊറുത്തിരുന്ന ചാരുകസേര ഉടയാടകളഴിഞ്ഞുപോയ ശരീരത്തിന്റെ മണവും മടുപ്പും ഉള്ളിലെവിടെയോ ബാക്കികിടക്കുന്ന വെറുപ്പും സൂക്ഷിക്കുന്നു. ജീവിതത്തെയും വീടിനെയും ഉഴുതുമറിക്കുന്ന ചിന്തകള്‍ “സ്മാരക’ത്തില്‍ തിടംവെയ്്ക്കുന്നു. ചെറുതില്‍ നിറയുന്ന വലിയ ജീവിതമാണ് സുറാബിന്റെ “സ്മാരകം’.
വര്‍ത്തമാനാവസ്ഥയുടെ കുതിപ്പിന്റെയും കിതപ്പിന്റെയും മനംപിളര്‍പ്പുകൊണ്ടു കവിതയുടെ വേറിട്ടൊരു തട്ടകമാവുകയാണ് സുറാബിന്റെ കവിത. ഭൂമിയോളം പഴതായ താളുകളുള്ള പുസ്തകമായി മഴ നനഞ്ഞവീട്. ഭിന്നതലങ്ങളുടെ സങ്കീർണതയാണ് മഴയും വെയിലും വീടിനുള്ളില്‍ തീര്‍ക്കുന്നത്.
ചരിത്രത്തെയും ജീവിതത്തെയും തലകീഴ്്മറിച്ചതിന്റെ അതിതീക്ഷ്ണമായ ആഖ്യാനമാണ് സുറാബിന്റെ സ്മാരകം എന്ന കവിതയും പി.കെ.പാറക്കടവിന്റെ സ്വാതന്ത്ര്യദിന കഥകളും. ദുരന്തങ്ങളിലേക്ക് പതഞ്ഞുപോകുന്ന ദേശത്തിന്റെ, രാജ്യത്തിന്റെ ബലിതുല്യമായ ആത്മസമർപണത്തിലേക്ക് തലതാഴ്്ത്തി നടന്നുപോകുന്ന ജനതയുടെ പൊള്ളുന്ന കാഴ്ച. ആത്മരോദനങ്ങളില്‍ തിളച്ചുമറിയുന്ന മനുഷ്യരുടെ നിസംഗത ഈ രചനകളില്‍ അടയാളപ്പെട്ടിരിക്കുന്നു ■

Share this article

About കുഞ്ഞിക്കണ്ണന്‍ വാണിമേല്‍

kkvanimel@gmail.com

View all posts by കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ →

Leave a Reply

Your email address will not be published. Required fields are marked *