സുകൃത ജീവിതങ്ങളുടെ ഓര്‍മത്തുരുത്ത്‌

Reading Time: 3 minutes

കരുവന്‍തുരുത്തിയിലെത്തുമ്പോള്‍ സൂര്യന്‍ ഉദിച്ചു തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. തലേന്ന് പെയ്ത മഴയില്‍ ചാലിയാര്‍ കുത്തിയൊഴുകുന്നുണ്ട്. ആകാശത്ത് ചിതറി നിന്ന സൂര്യരശ്മികള്‍ ചാലിയാറിന്റെയും അറബിക്കടലിന്റെയും സമാഗമം കുറേക്കൂടി മനോഹരമാക്കുന്നതുപോലെ തോന്നി.
ഉദയസൂര്യന്റെ ഭാവപ്പകര്‍ച്ച ഏറനാടിന്റെ ഒരറ്റത്ത് നിലമ്പൂര്‍ മലനിരകളില്‍ നിന്ന് ഉദ്ഭവിച്ച് അറബിക്കടലില്‍ ചേരുന്ന ചാലിയാറിലും തെളിഞ്ഞു കാണാം.
കണ്ണെത്താദൂരം നിരന്നു കിടക്കുന്ന ബോട്ടുകള്‍ ഓരോന്നായി ഇളകിത്തുടങ്ങി. കുത്തിയൊഴുകുന്ന ചാലിയാറിനെ കീറിമുറിച്ച് അത് അറബിക്കടലിലേക്ക് കുതിച്ചു. വലയുമായി കുറച്ചു മുക്കുവന്‍മാര്‍ ബോട്ടില്‍ കയറുന്നുണ്ട്. മീന്‍ തേടി പരുന്തുകള്‍ വട്ടമിട്ടു പറക്കുന്നു. ബേപ്പൂര്‍ തുറമുഖത്ത് നിന്ന് നോക്കിയാലും കടലുണ്ടി കോര്‍ണിഷ് മസ്ജിദില്‍ നിന്ന് നോക്കിയാലും തെളിഞ്ഞു പരന്നു കിടക്കുന്ന ചാലിയാറിന് നടുവില്‍ മൂന്നു ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട പച്ചപ്പ് നിറഞ്ഞ ഒരു കൊച്ചു തുരുത്ത് കാണാം. അതാണ് കരുവന്‍തുരുത്തി. കേരളത്തില്‍ നിലവിലുള്ള സാദാത്ത് കുടുംബങ്ങളില്‍ ഏറ്റവും പ്രമുഖരായ ബുഖാരി സാദാത്ത് കുടുംബത്തിന്റെ വേരാഴ്്ന്നുകിടക്കുന്ന ദേശമാണിത്.
ചാലിയത്തെയും കരുവന്‍തുരുത്തിയെയും ബന്ധിപ്പിക്കുന്ന പാലം മുറിച്ചു കടന്നു പാലത്തിന്റെ അടിയിലൂടെ ഒരു വശത്തേക്ക് നീളുന്ന നടവഴിയിലൂടെ കരുവന്‍തുരുത്തി ജുമാമസ്ജിദ് ലക്ഷ്യമാക്കി നടന്നു. ദൂരെ നിന്നുതന്നെ പഴമയുടെ പ്രൗഢി വിളിച്ചോതുന്ന പള്ളി തലയുയര്‍ത്തി നില്‍ക്കുന്നതുകാണാം.
ഇതാണ് കരുവന്‍ തിരുത്തിയിലെ ആദ്യ പള്ളി. തീര്‍ത്തും പരമ്പരാഗത രീതിയില്‍ നിര്‍മിച്ച ഈ പള്ളിക്ക് 400 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. വലിയ തടികള്‍ കൊണ്ടും ഓട് കൊണ്ടും കട്ട കൊണ്ടും നിര്‍മിച്ച ഈ പള്ളി ഇന്നും ഒരു കേടുപാടുമില്ലാതെ നില്‍ക്കുന്നു. കറുവനോട് ചാലിയം സ്വദേശിയായ മാളിയേക്കല്‍ തറവാട്ടുകാരന്‍ മായിന്‍ പോക്കര്‍ എന്നയാളാണ് പള്ളി നിലനില്‍ക്കുന്ന സ്ഥലം വാങ്ങിയതും പള്ളി നിര്‍മിച്ചതും.
കുഞ്ഞിബാവ മുസ്‌ലിയാര്‍ എന്ന പഴയ കാലത്തെ പ്രഗദ്ഭ പണ്ഡിതന്‍ അടക്കം ഒട്ടേറെ പണ്ഡിതകുലപതികള്‍ ദര്‍സ് നടത്തിയ ഈ പള്ളിയില്‍ മുതവല്ലി ഭരണസമ്പ്രദായമായിരുന്നു ഉണ്ടായിരുന്നത്. അവസാനത്തെ മുതവല്ലി മുനമ്പത്ത് മൊയ്തീന്‍ കുഞ്ഞ് എന്നയാള്‍ ആണെന്ന് രേഖകളില്‍ കാണാം.
നേര്‍ച്ച
അറേബ്യയില്‍ നിന്ന് കശ്മീരില്‍ എത്തുകയും ശേഷം കരുവന്‍തുരുത്തി മഠത്തില്‍പാടത്ത് എത്തി, അവിടെ ജുമുഅത് പള്ളി നിലനില്‍ക്കുന്ന സ്ഥലത്ത് കെട്ടിടം നിര്‍മിക്കുകയും ആരാധന നടത്തുകയും ചെയ്ത സയ്യിദ് അഹ്്മദ് ബിന്‍ മുഹമ്മദ് തങ്ങളുടെ ഓര്‍മയില്‍ വര്‍ഷംതോറും കരുവന്‍തുരുത്തിയില്‍ നേര്‍ച്ച നടക്കാറുണ്ടായിരുന്നു. പില്‍കാലത്ത് പലകാരണങ്ങളാല്‍ അത് നിലച്ചുപോയി.

സയ്യിദ് ഇസ്മാഈല്‍ ബുഖാരി
കരുവന്‍തുരുത്തി വലിയ ജുമാ മസ്ജിദിന്റെ മുമ്പില്‍ കെട്ടിപ്പൊക്കിയ രണ്ട് മഖ്ബറകള്‍ കാണാം. എ ഡി 1521ല്‍ പഴയ സോവിയറ്റ് റഷ്യയുടെ ഭാഗമായ ഉസ്‌ബെകിസ്ഥാനിലെ ബുഖാറയില്‍ നിന്ന് കേരളത്തിലെ വളപട്ടണത്തെത്തിയ സയ്യിദ് അഹ്‌മദ് ജലാലുദ്ദീന്‍ ബുഖാരിയുടെ മകന്‍ സയ്യിദ് ഇസ്മാഈല്‍ ബുഖാരി കൊച്ചി എന്നവരുടെ മകന്‍ സയ്യിദ് മുഹമ്മദ് ബുഖാരി പറവണ്ണയുടെ മകന്‍ സയ്യിദ് ഇസ്മാഈല്‍ ബുഖാരിയുടെയും അദ്ദേഹത്തിന്റെ മൂത്തപുത്രന്‍ സയ്യിദ് അബ്ദുറഹ്്മാന്‍ ബുഖാരി കരുവന്‍തുരുത്തിയുടേതുമാണ് ആ രണ്ട് മഖ്ബറകള്‍. ഇന്ന് കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ബുഖാരി സാദാത്തുക്കള്‍ ഇവരുടെ പൗത്രന്‍മാരാണ്.
സയ്യിദ് മുഹമ്മദ് ബുഖാരി പറവണ്ണയുടെ രണ്ടാമത്തെ പുത്രനായി ജനിച്ച സയ്യിദ് ഇസ്മാഈല്‍ ബുഖാരിയാണ് ആദ്യമായി കരുവന്‍തുരുത്തിയില്‍ ഇസ്‌ലാമിന്റെ സന്ദേശവമായി എത്തുന്ന സയ്യിദ്. അദ്ദേഹത്തിന്റെ ജനനം ഹിജ്‌റ വര്‍ഷം ഏകദേശം 1048/49 ല്‍ ആയിരുന്നു. മഹാപണ്ഡിതനായി അദ്ദേഹം പുകള്‍പെറ്റു. പൊന്നാനി മഖ്ദൂം കുടുംബവുമായി ബുഖാരി കുടുംബം ബന്ധം സ്ഥാപിക്കുന്നത് സയ്യിദ് ഇസ്മാഈല്‍ ബുഖാരി തങ്ങളുടെ വിവാഹത്തിലൂടെയാണ്.
നിരവധി കറാമത്തുകള്‍ കൊണ്ട് വിഖ്യാതനായിരുന്ന വലിയ്യ് കൂടിയായിരുന്നു സയ്യിദ് ഇസ്മാഈല്‍ ബുഖാരി. ഭൗതിക കാര്യങ്ങളോടും സമ്പദ്‌സമൃദ്ധിയോടും ഒട്ടും താല്പര്യമില്ലാതെ സദാസമയവും ആരാധനാ നിമഗ്‌നമായ ജീവിതമായിരുന്നു അദ്ദേഹം നയിച്ചത്. വഫാത് ഹിജ്‌റ 1133-ല്‍ ആണെന്ന് കരുതപ്പെടുന്നു.

സയ്യിദ് അബ്ദുറഹ് മാന്‍ ബുഖാരി
സയ്യിദ് ഇസ്മാഈല്‍ ബുഖാരിയുടെ മുത്തപുത്രനായിരുന്ന സയ്യിദ് അബ്ദുറഹ്‌മാന്‍ ബുഖാരിയും ഉപ്പയെപ്പോലെത്തന്നെ മഹാപണ്ഡിതനും സൂഫിവര്യനുമായിരുന്നു. ധൈഷണികതയും സല്‍സ്വഭാവവും നിഷ്‌കളങ്കമായ വ്യക്തിത്വപ്രഭാവവും സയ്യിദ് അബ്ദുറഹ്‌മാന്‍ ബുഖാരി എന്ന മഹാപണ്ഡിതനെ പ്രശസ്തനാക്കി. കരുവന്‍തുരുത്തിയില്‍ നിന്ന് തന്നെ വിവാഹം ചെയ്ത സയ്യിദ് അബ്ദുറഹ്്മാന്‍ ബുഖാരിക്ക് ആ ഭാര്യയില്‍ സയ്യിദ് ബാഫഖ്‌റുദ്ദീന്‍ ബുഖാരി (റ), സയ്യിദ് ഉസ്മാന്‍ ബുഖാരി (റ), സയ്യിദ് ഇസ്മാഈല്‍ ബുഖാരി, സയ്യിദ് അഹമ്മദ് ബുഖാരി, സയ്യിദ് മുഹമ്മദ് ബുഖാരി എന്നീ അഞ്ച് പുത്രന്മാരും അഞ്ച് പുത്രിമാരും ജനിച്ചു. സയ്യിദ് അബ്ദുറഹ്്മാന്‍ ബുഖാരി ഹിജ്‌റ വര്‍ഷം 1168/69ലാണ് വഫാത്തായത്.

താജുല്‍ ഉലമ
സയ്യിദ് അബ്ദുറഹ്്മാന്‍ ബുഖാരിയുടെ മക്കളുടെ പരമ്പരയില്‍ പെട്ടവരാണ് കരുവന്‍തുരുത്തി, ചാലിയം, താനൂര്‍, ലപ്പറം, അരിക്കോട്, കൊന്നാര് തുടങ്ങിയ പ്രദേശങ്ങളില്‍ അധിവസിക്കുന്ന ബുഖാരി സാദാത്തുക്കള്‍.
അവരില്‍ ഏറ്റവും പ്രമുഖര്‍ സമസ്ത പ്രസിഡന്റായിരുന്ന താജുല്‍ ഉലമ അബ്ദുറഹ്്മാന്‍ ബുഖാരി തങ്ങളാണ്. ഈ പരമ്പരയില്‍ നബി(സ്വ)യുടെ 39-ാം പൗത്രനായി ഹിജ്‌റ വര്‍ഷം 1341 (എ ഡി 1929) റബീഉല്‍ അവ്വല്‍ 25-നാണ് മഹാനുഭാവന്‍ കരുവന്‍തുരുത്തിയിലെ പഴയ ജുമുഅത്ത് പള്ളിയുടെ പടിഞ്ഞാറുവശത്ത് നിലകൊള്ളുന്ന മണ്ണില്‍ത്തൊടി തങ്ങളകം വീട്ടില്‍ ജനിച്ചത്.
പിതാവ് സയ്യിദ് അബൂബക്കര്‍ തങ്ങളിൽ നിന്ന് അനന്തര സ്വത്തായി താജുല്‍ ഉലമക്ക് ലഭിച്ചത് ഒരു പശുവായിരുന്നു. തനിക്ക് ആവശ്യമില്ലാത്തതുകൊണ്ട് തന്നെ അതിനെ തിരികെ നല്‍കിയതോടെ കരുവന്‍തുരുത്തിയില്‍ ഒരു തുണ്ട് ഭൂമിയും ഇല്ലാതായ താജുല്‍ ഉലമ നാട്ടില്‍ അവധിക്ക് വരുന്ന സമയം കരുവന്‍തുരുത്തി മഠത്തില്‍ പാടം പള്ളിയില്‍ താമസമാക്കി.
ഈ അവസരം ഉപയോഗപ്പെടുത്തിയ കരുവന്‍തുരുത്തിക്കാര്‍ താജുല്‍ ഉലമയെ റമളാനിലെ ഇമാമായി നിശ്ചയിച്ചു. സന്തത സഹചാരി ആലിക്കുട്ടി മുസ്‌ലിയാര്‍ക്കൊപ്പം ആ സ്ഥാനം ഏറ്റെടുത്ത താജുല്‍ ഉലമ വഅളുകളിലൂടെയും ദിക്റ് ദുആ സമ്മേളനങ്ങളിലൂടെയും രാപ്പകല്‍ എന്നില്ലാതെ പള്ളിയെ സജീവമാക്കി.
മതത്തിന്റെ ആശയത്തോട് യോജിക്കാനാവാത്ത ഒരാവശ്യം നാട്ടിലെ ഒരു പ്രമാണി ഉന്നയിച്ചതോടെ പള്ളിയിലെ ചുമതല താജുല്‍ ഉലമ ഉപേക്ഷിച്ചു. നാട്ടില്‍ സ്ഥലമോ വീടോ ഇല്ലാത്ത താജുല്‍ ഉലമ കരുവന്‍തുരുത്തിയില്‍ നില്‍ക്കുന്നതിന്റെ ഏക കാരണം ഈ ഉത്തരവാദിത്വം ആയിരുന്നു. അത് ഇല്ലാതായാല്‍ ആ ധന്യസാന്നിധ്യം നഷ്ടപ്പെടുമോ എന്ന് ഭയന്ന കരുവന്‍തുരുത്തിക്കാര്‍ പ്രദേശത്ത് വീട് നിര്‍മിച്ചുനല്‍കി. മണലൊടി ബീഫാത്തു എന്ന സഹോദരിയാണ് അന്ന് സ്ഥലം നല്‍കിയത്.
ഉള്ളാളിലെ ദര്‍സും സംഘടന ഉത്തരവാദിത്വങ്ങളും നിമിത്തം തങ്ങള്‍ക്ക് കരുവന്‍തുരുത്തിയില്‍ സ്ഥിരമായി എത്തിപ്പെടാന്‍ കഴിയുമായിരുന്നില്ല. എന്നാൽ, ഗള്‍ഫില്‍ നിന്ന് വന്ന ചിലരിലൂടെ കരുവന്‍തുരുത്തിയില്‍ പുത്തൻവാദം എത്തിയെന്നും നാട്ടുകാരണവന്‍മാര്‍ അടക്കമുള്ള പലരും അതിനെ പിന്തുണക്കുന്നുവെന്നും സയ്യിദ് അറിഞ്ഞു. താന്‍ സേവനം ചെയ്തിരുന്ന പള്ളിയില്‍ തറപ്രസംഗം തുടങ്ങുക കൂടി ചെയ്തതോടെ താജുല്‍ ഉലമ സ്വയം മുന്‍കൈ എടുത്ത് ആ പള്ളിയുടെ അടുത്ത് തന്നെ മറ്റൊരു പള്ളി പണിയുകയും അവിടെ മാസാന്ത ദിക്റ് മജ്‌ലിസ് തുടങ്ങുകയും ചെയ്തു. എത്ര തിരക്കുണ്ടായാലും പ്രസ്തുത ദിവസം കരുവന്‍തുരുത്തിയിലെത്തി ബിദ്അത്തിന്റെ അപകടങ്ങളെ ബോധ്യപ്പെടുത്താന്‍ തങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു.
ഒരു വര്‍ഷം പിന്നിട്ട് 2007 ജൂണ്‍ മൂന്നിന് മസ്ജിദുല്‍ ബുഖാരിയില്‍ നെല്ലിക്കുത്ത് ഉസ്താദ്, ചിത്താരി ഉസ്താദ്, കോട്ടൂര്‍ ഉസ്താദ്, സുലൈമാന്‍ ഉസ്താദ്, പൊന്മള ഉസ്താദ്, ഖലീല്‍ തങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഹികം പണ്ഡിതദര്‍സ് ആരംഭിച്ചു. എല്ലാ ഇംഗ്ലീഷ് മാസവും ആദ്യത്തെ ഞായറാഴ്ച നടന്നു വന്ന ക്ലാസ് 2013 ജൂണ്‍ 5 വരെയുള്ള 7 വര്‍ഷത്തിനിടക്ക് 71 ക്ലാസുകള്‍ താജുല്‍ ഉലമയുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചു.

ഗ്രാമവിശേഷം
തികച്ചും ഗ്രാമീണ പ്രദേശമായതുകൊണ്ട് നിത്യത്തൊഴില്‍ ചെയ്തു ജീവിക്കുന്നവരാണ് മിക്കവരും. സമുദ്രബന്ധിയായ ജീവിതമാര്‍ഗങ്ങളാണ് കൂടുതല്‍ പേര്‍ക്കും. വിദ്യാഭ്യാസ മേഖലയില്‍ ഉയര്‍ന്ന തലങ്ങളില്‍ എത്തിയിട്ടില്ലെങ്കിലും ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്്ധിക്കും മുന്നേ ആരംഭിക്കുന്നു ഇവിടുത്തെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ചരിത്രം. 1-10-1928ലാണ് പണ്ടാറപ്പെട്ടി മുഹമ്മദ് മാസ്റ്ററുടെ നേതൃത്വത്തില്‍ ഇവിടെ ആദ്യസ്‌കൂള്‍ വരുന്നത്. എല്‍ പി സ്‌കൂളിനു ശേഷം പുഴ മുറിച്ചു കടന്നും റെയില്‍വേ താണ്ടിയും പോവേണ്ടതിനാല്‍ പല രക്ഷിതാക്കളും കുട്ടികളെ സ്‌കൂളില്‍ വിട്ടില്ല. അങ്ങനെയാണ് 1979ല്‍ യു പി സ്‌കൂള്‍ വരുന്നത്. 1973ല്‍ സ്ഥാപിതമായ ബാഫഖി തങ്ങള്‍ സ്മാരക യതീംഖാനയും ഈ നാടിന്റെ മുഖമുദ്രയാണ്.
ജനങ്ങള്‍ തന്നെ നിര്‍മിച്ച ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് ഈ തുരുത്തിലാണ്. ചെറിയ പുളിക്കയത്ത് മൊയ്തീന്‍ കുഞ്ഞി ഹാജി വാടക ഇല്ലാതെ നല്‍കിയ കെട്ടിടത്തിലാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്.
വലിയ ജുമുഅത്ത് പള്ളി കഴിഞ്ഞ് കുറച്ചുകൂടി മുന്നോട്ട് സഞ്ചാരിച്ചാല്‍ ചാലിയാര്‍ കടവിലെത്തും. ഒരു കൊച്ചുപള്ളിയുമുണ്ട് അതിന്റെ തീരത്ത്. അവിടെ നിന്ന് എപ്പോഴെങ്കിലുമുണ്ടാവുന്ന തോണിയില്‍ നാല് ഭാഗവും ചുറ്റപെട്ട മറ്റൊരു തുരുത്തിലേക്ക് പോവാം. തുരുത്തിനുള്ളില്‍ മറ്റൊരു തുരുത്ത്. ഉരുനിര്‍മാണം നടക്കുന്നത് ഇവിടെയാണ്. ബേപ്പൂര്‍ ആണ് ഉരുനിര്‍മാണത്തില്‍ പ്രസിദ്ധിയാര്‍ജിച്ചതെങ്കിലും ബേപ്പൂരില്‍ നിന്നും ചാലിയത്ത് നിന്നും കരുവന്‍ തുരുത്തിയില്‍ നിന്നും തോണി മാര്‍ഗം കയറാവുന്ന ഏഴ് കുടുംബങ്ങള്‍ മാത്രം താമസിക്കുന്ന ഈ കൊച്ചു തുരുത്തില്‍ ഇപ്പോഴും ഉരുനിര്‍മാണം നടക്കുന്നുണ്ട്. അവസാനം നിര്‍മിച്ച ഉരു ഖത്തറിലേക്ക് യാത്രയാക്കിയത് കഴിഞ്ഞ വര്‍ഷമാണ് ■

Share this article

About അല്‍വാരിസ് മുഹമ്മദ് സഹല്‍ അബ്ദുല്ല

muhammedsahlabdulla@gmail.com

View all posts by അല്‍വാരിസ് മുഹമ്മദ് സഹല്‍ അബ്ദുല്ല →

Leave a Reply

Your email address will not be published. Required fields are marked *