കരുവന്‍തുരുത്തിയുടെ സാദാത്ത് പ്രതാപം

Reading Time: 2 minutes

ഇപ്പോള്‍ ലഭ്യമായ കണക്കനുസരിച്ച് കേരളത്തില്‍ 49 സയ്യിദ് ഖബീലകള്‍ ഉണ്ട്. ആ ഖബീലകളില്‍ ഏറ്റവും ആദ്യം കേരളത്തില്‍ എത്തിയത് ബുഖാരി സാദാത്തുക്കളിൽപെട്ട വളപട്ടണം കക്കുളങ്ങര പള്ളി മഖാമില്‍ മറപെട്ടു കിടക്കുന്ന സ്വലാഹുദ്ദീന്‍ ബുഖാരി (റ) തങ്ങളാണ്. അതുകഴിഞ്ഞ് നൂറ്റാണ്ടുകള്‍ക്കു ശേഷമാണ് കോഴിക്കോട് കൊയിലാണ്ടി വലിയ ജാറത്തിങ്ങല്‍ മഖാമില്‍ മറപെട്ട് കിടക്കുന്ന സ്വാഹിബുല്‍ വഹ്ത്വ് മുഹമ്മദ് (റ) വരുന്നത്.
49 ഖബീലകളില്‍ ഏതു നോക്കിയാലും 200 വര്‍ഷത്തിന്റെയും 300 വര്‍ഷത്തിന്റെയും പാരമ്പര്യമാണുള്ളത്. ബുഖാരി സാദാത്തുക്കള്‍ കേരളത്തില്‍ ഏകദേശം 600 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കേരളത്തില്‍ എത്തിയിട്ടുണ്ടെന്നാണ് ചരിത്രം. അതായത് ലഭ്യമായ രേഖകള്‍പ്രകാരം മുന്നൂറ് വര്‍ഷം മുമ്പു വരെ കേരളത്തില്‍ ബുഖാരി സാദാത്തുക്കള്‍ അല്ലാതെ മറ്റൊരു ഖബീല ഉണ്ടായിട്ടില്ല.
കേരളത്തിലെ ബുഖാരി സാദാത്തുക്കളിലെ രണ്ടാം തലമുറയാണ് കൊച്ചി ചെമ്പിട്ടപളളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഇസ്മാഈല്‍ ബുഖാരി(റ). പള്ളിയുടെ മേല്‍ഭാഗം ചെമ്പ് കൊണ്ടാണ് നിര്‍മിച്ചത് എന്ന കാരണത്താലാണ് ചെമ്പിട്ട പള്ളി എന്ന പേര് വന്നത്. ഇപ്പോള്‍ പോയാലും നമുക്കത് കാണാം. അവരുടെ മകന്‍ സയ്യിദ് മുഹമ്മദ് ബുഖാരി പറവണ്ണയുടെ മകന്‍ ഇസ്മാഈല്‍ ബുഖാരിയുടെയും അവരുടെ മകന്‍ അബ്ദുറഹ്‌മാന്‍ ബുഖാരിയുടെയും പരമ്പരയിലൂടെയാണ് കേരളത്തിലെ മുഴുവന്‍ ബുഖാരി സാദാത്തുക്കളും വരുന്നത്.
ബുഖാരി സാദാത്തുക്കളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളെ പരിശോധിച്ചാല്‍ ഈ വസ്തുത ബോധ്യപ്പെടും. മലപ്പുറത്തെ പഴക്കമേറിയ സാദാത്ത് കുടുംബം പാണക്കാട് കൊടപ്പനക്കലിലേതാണ് എന്നാണ് പൊതു ധാരണ. എന്നാല്‍ അവര്‍ നൂറു കൊല്ലത്തില്‍ താഴെ പഴക്കമുള്ള കുടുംബമാണ്. അവരുടെയും ആദ്യത്തെ ഉപ്പാപ്പ കക്കുളങ്ങര പള്ളി മഖാമിലാണ്.
മുന്‍വര്‍ഷം മലപ്പുറത്തെ ഒരു മതകലാലയത്തില്‍ നിന്ന് പുറത്തിറങ്ങിയ അഹ്‌ലുബൈത്ത് സ്‌പെഷ്യല്‍ സുവനീറില്‍ “ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകളുടെ ആസ്ഥാനമായ മലപ്പുറത്ത് 150 കൊല്ലത്തോളം നേതൃത്വം നല്‍കിയ ബുഖാരി സാദാത്ത് പരമ്പരയിലെ അവസാന കണ്ണിയാണ് മലപ്പുറം കുഞ്ഞിത്തങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന സയ്യിദ് അഹ്‌മദുല്‍ ബുഖാരി(റ)’ എന്ന് കാണാം. 1920ലാണ് അവര്‍ വഫാതായത്. അവര്‍ക്ക് 4 പെണ്‍കുട്ടികളായിരുന്നു. അതിന് ശേഷമാണ് മറ്റു സാദാത്തുക്കള്‍ മലപ്പുറത്ത് എത്തിച്ചേരുന്നത്.
സയ്യിദ് അഹ്‌മദുല്‍ ബുഖാരി(റ)വിന്റെ ഉപ്പ ആലത്തിയൂര്‍ പള്ളിയിലെ ഖാളി കൂടിയായിരുന്ന സയ്യിദ് മുഹമ്മദുല്‍ ബുഖാരി(റ) ആണ്. അദ്ദേഹത്തിന്റെ പിതാവാണ് ആദ്യമായി മലപ്പുറത്തെത്തിയ സയ്യിദ് ബാഫഖ്‌റുദ്ദീന്‍ ബുഖാരി(റ). കരുവന്‍തുരുത്തി മഖാമിലെ സയ്യിദ് ഇസ്മാഈല്‍ ബുഖാരി(റ)വിന്റെ മകനായ സയ്യിദ് അബ്ദുറഹ്‌മാന്‍ ബുഖാരി(റ)വിന്റെ മകനാണ് സയ്യിദ് ബാഫഖ്‌റുദ്ദീന്‍ ബുഖാരി (റ). അതായത് മലപ്പുറത്തെ സാദാത്ത് കുടുംബങ്ങളുടെയും വേര് കിടക്കുന്നത് കരുവന്‍ തുരുത്തിയില്‍ തന്നെയാണ്.
സയ്യിദുമാരുടെ സാന്നിധ്യം ഏറെയുള്ള മലപ്പുറം ജില്ലയിലെ മറ്റൊരു പ്രദേശമാണ് കൊന്നാര്. പുറമെ പാണ്ടിക്കാട്, പനങ്ങര തുടങ്ങിയ പ്രദേശങ്ങളുടെയെല്ലാം ചരിത്രം പരിശോധിച്ചാല്‍ വേരുകൾ കരുവന്‍തുരുത്തിയില്‍ എത്തുന്നതായി കാണാം. കേരളത്തിനു പുറത്ത് പലയിടങ്ങളിലും ബുഖാരി സാദാത്തീങ്ങളുണ്ട്. അവരില്‍ പലരുടെയും വേരുകള്‍ ഇവിടെത്തന്നെയാണ്. കര്‍ണാടകയിലെ ബഹുഭൂരിഭാഗം ബുഖാരി സാദാത്തീങ്ങളും കരുവന്‍തുരുത്തിയില്‍ നിന്ന് പോയവരാണ്.
മലപ്പുറം ബുഖാരി സാദാത്തീങ്ങളുടെ ചരിത്രം മലപ്പുറം കുഞ്ഞിത്തങ്ങള്‍ക്ക് നാലു പെണ്‍മക്കളായതോടെ അവസാനിച്ചു. പിന്നെയാണ് മലപ്പുറം ഒ.പി.എം മുത്തുക്കോയ തങ്ങള്‍ കുറുവട ഖാളിയായി വന്നത്. അതിനു ശേഷമാണ് പാണക്കാട് തങ്ങന്മാര്‍ വരുന്നത്. താജുല്‍ ഉലമയുടെ ഉപ്പ ശൈഖ് അബൂബക്കര്‍ (റ) വിന്റെ മഖ്ബറ സ്ഥിതി ചെയ്യുന്നത് ശൈഖ് അബ്ദുറഹ്‌മാന്‍ ബുഖാരി (റ) വിന്റെ അടുത്താണ്. അവിടെത്തന്നെയാണ് അദ്ദേഹത്തിന്റെ ഉമ്മയുടെ ഖബ്റും.
അതിന്റെ മുന്നേ കാണുന്ന മൂന്നു മഖ്ബറകള്‍ ഒന്നിച്ചുള്ളതില്‍ ഒന്നാമത്തേത് ഞങ്ങളുടെ ഉപ്പയുടെ ജ്യേഷ്ഠനാണ്. ഏറ്റവും അവസാനമുള്ളത് ഇമ്പിച്ചി ആറ്റക്കോയ തങ്ങളാണ്. 1986ലാണ് അവര്‍ വഫാത്തായത്. അവരുടെ വാപ്പയും- അതായത് ഞങ്ങളുടെ ഉപ്പയുടെ വാപ്പ സയ്യിദ് ഹാമിദുല്‍ ബുഖാരി(റ) – ഉമ്മയും ദുല്‍ഹിജ്ജ അയ്യാമുത്തശ്്‌രീഖിലാണ് വഫാത്തായത്. അവരുടെ വാപ്പയാണ് ചാലിയത്ത് മുഹ്്യിദ്ദീൻ പള്ളിയില്‍ വഫാത്തായി കിടക്കുന്ന ശൈഖ് മുഹമ്മദുല്‍ ബുഖാരി(റ). അവരുടെ ഉപ്പയാണ് ചാലിയത്ത് പള്ളിയില്‍ തന്നെ മറപെട്ട് കിടക്കുന്ന ശൈഖ് അഹ്‌മദുല്‍ ബുഖാരി(റ). അവരുടെ ഉപ്പയാണ് കരുവൻതുരുത്തി മഖാമിലുള്ള സയ്യിദ് അബ്ദുറഹ്്മാന്‍ ബുഖാരി(റ). കരുവന്‍തുരുത്തി മഖാമില്‍ ഞങ്ങളുടെ മൂന്ന് ഉപ്പാപ്പമാരുണ്ട് ■
എഴുത്ത്: അല്‍വാരിസ് മുഹമ്മദ് സഹല്‍ അബ്ദുല്ല

Share this article

About സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി

View all posts by സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി →

Leave a Reply

Your email address will not be published. Required fields are marked *