മനസ്സമാധാനം പണം കൊടുത്തു വാങ്ങാന്‍ കഴിയില്ലെന്നതിനാല്‍

Reading Time: 3 minutes

വികസനത്തിലേക്ക് വൈകിമാത്രം കാലൂന്നിയ ഒരു ഗ്രാമത്തിലെ അതിവൃദ്ധമായ ഒരു ബസ് സ്റ്റോപ്പില്‍ മൂന്നുവർഷം മുമ്പാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. പരിചയപ്പെട്ടു എന്നൊക്കെ പറയുന്നത് കടന്നകൈയാകും. ബസിലായാലും ട്രെയിനിലായാലും അടുത്തിരിക്കുന്ന മനുഷ്യരോട് ഹൃദയം കൊണ്ട് അടുത്തുനില്‍ക്കാന്‍ നന്നേ പ്രയാസപ്പെടുന്നൊരാള്‍ക്ക്- നാടും നാട്ടുകാരുമൊക്കെ എപ്പോഴും അപരിചിതമായിരിക്കുമല്ലോ. ഞാനങ്ങോട്ടുചെന്ന് പരിചയപ്പെടുകയായിരുന്നില്ല, അദ്ദേഹം എന്നോട് “സമയമെത്രയായി’ എന്ന് പതിഞ്ഞ സ്വരത്തില്‍ ചോദിക്കുകയായിരുന്നു. സമയം പറഞ്ഞുകൊടുത്ത് മൊബൈലിലേക്ക് തല പൂഴ്്ത്തിയ എന്നെ മറ്റൊരു ചോദ്യം കൊണ്ട് അയാള്‍ തട്ടിയുണര്‍ത്തി. പേരോ ഊരോ ഒന്നുമല്ല, എന്റെ കൈയിലെ മൊബൈല്‍ ഫോണിന്റെ വിലയാണ് ആ മനുഷ്യന് അറിയേണ്ടത്. ഒട്ടും താല്പര്യമില്ലാതെയാണ് ആ ചോദ്യത്തോട് പ്രതികരിച്ചത്. വാര്‍ധക്യ സഹജമായ കൗതുകമായിരിക്കാം ആ ചോദ്യത്തിന്റെ ഹേതു. അതവിടെ അവസാനിക്കുമെന്നാണ് കരുതിയത്. പക്ഷേ, കൈയിലെ കൊച്ചുബാഗില്‍ നിന്ന് സാമാന്യം തരക്കേടില്ലാത്തൊരു സാംസങ് ഫോണ്‍ പുറത്തെടുത്തുകൊണ്ട് അടുത്ത ചോദ്യം തൊടുത്തു. “ഇത് വിറ്റാല്‍ എന്തുകിട്ടും?’ അയ്യായിരമൊക്കെ കിട്ടിയേക്കും എന്ന എന്റെ മറുപടി അദ്ദേഹത്തെ തൃപ്തിപ്പെടുത്തിയില്ല എന്നുവ്യക്തം. “എന്താണ് വില്‍ക്കാന്‍ ഇത്രയ്ക്കു അത്യാവശ്യം’ എന്ന ചോദ്യത്തോടൊപ്പം മുന്നില്‍ ബസ് വന്നുനിന്നു.
അദ്ദേഹത്തിന് എങ്ങനെയോ സീറ്റ് തരപ്പെട്ടു. ഞാന്‍ ഒരു കൈ മുകളിലെ കമ്പിയില്‍ പിടിച്ച് മറ്റേ കൈകൊണ്ട് മൊബൈലില്‍ തോണ്ടികൊണ്ടിരുന്നു. അതങ്ങനെ കഴിഞ്ഞു. കുറച്ചുദിവസങ്ങള്‍ക്കു ശേഷം അവിചാരിതമായി വീണ്ടും കണ്ടുമുട്ടുമ്പോള്‍ ടൗണിലെ ബസ് സ്റ്റാൻഡിനടുത്തുള്ള ഹോട്ടലില്‍ പുട്ടിനോട് മല്ലയുദ്ധം നടത്തുകയായിരുന്നു ആ മനുഷ്യന്‍. മുന്‍പരിചയത്തിന്റെ ചിരി പാസാക്കി അദ്ദേഹത്തിന് മുമ്പിലിരുന്ന എന്നോട് പാതി കാര്യമായും പാതി തമാശയായും പറഞ്ഞു: “കല്ല് കൊണ്ടുള്ള പുട്ടാണെന്നു തോന്നുന്നു, പല്ല് പിടിക്കുന്നില്ല. ബസ്സിന് ഇനീം സമയള്ളോണ്ട് പ്രശ്‌നല്ല.’
“മൊബൈല്‍ വിറ്റോ’ എന്ന ചോദ്യവുമായാണ് ഞാന്‍ സംസാരത്തിലേക്ക് പ്രവേശിച്ചത്. വില്‍ക്കേണ്ടിവന്നില്ല എന്ന മറുപടിയില്‍ ജനിച്ച കൗതുകമാണ് ആ മനുഷ്യനിലേക്ക് കൂടുതല്‍ സഞ്ചരിച്ചെത്താന്‍ പ്രേരിപ്പിച്ചത്. കേട്ടിരിക്കാവുന്നൊരു ജീവിതം അദ്ദേഹത്തിനുണ്ട്. ആ ദിവസത്തില്‍ മാത്രമല്ല, പിന്നീട് പലപ്പോഴായി അദ്ദേഹവും വീട്ടുകാരുമൊക്കെ പറഞ്ഞുതന്ന ജീവിതം. ആ കഥയത്രയും പകര്‍ത്തുന്നില്ല. പതിരില്ലാതെ പറഞ്ഞ ജീവിതകഥയിലെ ചിലത് മാത്രം പറയാം.
ആളുടെ പേര് മൊയ്ദു. രേഖയില്‍ മൊയ്ദീന്‍ എന്നുണ്ട്. എല്ലാരും മൊയ്ദുക്ക എന്ന് വിളിക്കും. മൊയ്ദുക്കാന്റെ ബാപ്പക്ക് നിലമുഴല്‍ ആയിരുന്നു ജോലി. ലക്ഷണമൊത്ത രണ്ടു മൂരികള്‍ വീട്ടിലുണ്ടായിരുന്നു. മൂരിക്ക് തിന്നാന്‍ കൊടുത്ത് ബാപ്പ പാപ്പരായി എന്ന് മൊയ്ദുക്ക. “വീട്ടില് ആണായി ഞാനേ ഉള്ളൂ. എന്റെ മേലെയും താഴെയുമായി എട്ട് പെണ്ണുങ്ങൾ. ബാപ്പാക്ക് കൂട്ട്യാക്കൂടാണ്ടായപ്പം ഞാനും എന്തേലുമൊക്കെ പണിക്ക് പോയിത്തൊടങ്ങി. അന്ന് ആളുകള് ഉരൂല് ഗള്‍ഫിലേക്ക് പോയിതൊടങ്ങിയ കാലമാണ്. ബാപ്പനോട് ആരോ പറഞ്ഞ് മംഗലാപുരത്ത്ന്ന് ദുബായിലേക്ക് ഉരു പോകല്‌ണ്ടെന്ന്. അങ്ങനെയാണ് ഞാനും “ദുബായ്ക്കാരന്‍’ ആകാന്‍ പോയത്.’
ഇരുപതാം വയസില്‍ ഒട്ടും ഇഷ്ടമില്ലാത്ത പുറപ്പെട്ടുപോകലായിരുന്നു മൊയ്ദുക്കയുടേത്. “ബാപ്പാനെ വെറ്പ്പിക്കാന്‍ പാടില്ലാലോ. അതോണ്ട് പോയതാണ്. അന്നൊക്കെ കടലിന് അക്കരെ ഉള്ള എല്ലാ നാടും നമ്മക്ക് ദുബായ് ആണ്. ഞാന്‍ ഖോര്‍ഫുഖാനില്‍ ആണ് എത്തിയത്. കൊറേ മലയാളികള്‍ അവിടെ ണ്ടായിരുന്നു.’ പേര് കൊണ്ട് പോലുമറിയാത്ത മനുഷ്യരുടെ കാരുണ്യത്തില്‍ ജീവിച്ച ആ നാളുകളെ പറ്റി പറയുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഒന്നിടറി.
“അന്നൊക്കെ എല്ലാര്‍ക്കും ഗള്‍ഫില്‍ പോകാന്‍ പൂതിയല്ലേ, നിങ്ങള്‍ക്കെന്തേ മടി തോന്നിയത്.’
“അതൊരു മൊഹബ്ബത് ണ്ടായിരുന്നു’. അതുപറയുമ്പോള്‍ ആ മനുഷ്യന്റെ മുഖത്തു വിരിഞ്ഞ ചിരിയാണ് സമീപകാലത്ത് ഞാന്‍ കണ്ട ഏറ്റവും മനോഹരമായ ചിരി. ഖല്‍ബ് ലെങ്കുന്ന ചിരി. ഉമ്മറത്തിരുന്ന് ആ വാചകം പറയുമ്പോള്‍ മൊയ്ദുക്ക അകത്തേക്ക് കണ്ണിട്ടുനോക്കി. കെട്ട്യോളോ കുട്ടികളോ കേള്‍ക്കണ്ട എന്നതുകൊണ്ടാണെന്നു എനിക്ക് മനസ്സിലായി. എന്റെ മനസ്സറിഞ്ഞെന്ന പോലെ പറഞ്ഞു: “ചെലതൊന്നും നമ്മള് പൊരക്കാരോട് പറയരുത്. അത് ന്റെ ബാപ്പ ഒരിക്കല്‍ ഒരാളോട് പറയുന്നത് കേട്ടിട്ട്ണ്ട്. ജീവിതം കൊണ്ട് ഞാനും അത് പഠിച്ചിക്ക്.’
വാര്‍ധക്യത്തിലും ഊര്‍ജസ്വലനാണ് മൊയ്ദുക്ക. ദിവസവും പത്രം വായിക്കും. വാര്‍ത്ത കേള്‍ക്കും. സ്വന്തമായുള്ള 11 സെന്റ് ഭൂമിയില്‍ പറ്റുന്നതുപോലെ കൃഷി ചെയ്യും. കാര്യപ്രാപ്തി ഉള്ളയാള്‍. “ആരോടായിരുന്നു മൊഹബ്ബത്?’ ചോദിക്കാതിരിക്കാനായില്ല.
“അത് ന്റെ വീടിന്റെ രണ്ടു ഫര്‍ലോങ് ദൂരെ ഉള്ള..’
“എന്നാ കെട്ടീട്ട് പോയാപ്പോരായിരുന്നോ ഗള്‍ഫിലേക്ക്?’
“ഇന്നുള്ളോണം അന്ന് അതൊന്നും നടക്കൂല. ആരോടേലും പറഞ്ഞാ അടി ആകും കിട്ടുക.’
“തിരിച്ചുവന്നപ്പോ കെട്ടിയില്ലേ?’
“ആ പോക്ക് പോയിട്ട് പിന്നെ ആറര വര്‍ഷം കഴിഞ്ഞാണുവന്നത്. അപ്പോഴേക്ക് ഓള്‍ക്ക് രണ്ട് കുട്ട്യള് ആയിനും. ഞാന്‍ പോയേയിന്റെ പിറ്റേ കൊല്ലം തന്നെ ഓളെ ഒരാള് കെട്ടികൊണ്ടോയി’.
“ഖോര്‍ഫുഖാനിലെന്തായിരുന്നു ജോലി?’
“ഇന്ന ജോലി എന്നൊന്നും ഇല്ല. എല്ലാ ജോലിക്കും പോയിട്ട്ണ്ട്. ആടുമേയ്ക്കാന്‍ പോയിക്ക്. റോഡ് പണിക്കാണ് ആദ്യത്തില്‍ കൂടുതലായി പോയത്. പൊള്ളുന്ന വെയില് ആയിര്ന്ന്. മരുഭൂമി അല്ലെ. മേലേം താഴേം ചൂട്. നാട്ടില് പോയിട്ട് ഓളെ കെട്ടണം എന്നുള്ള പൂതിയിലാണ് അന്നൊക്കെ ആ വെയില് കൊണ്ടത്.’ അത് പറയുമ്പോള്‍ മുഖത്ത് വീണ്ടും നിലാവുദിക്കുന്നു. ആ പഴയ ചിരി വിരിയുന്നു. “പിന്നെപ്പിന്നെ ആ പൂതിയൊക്കെ എങ്ങോട്ടോ പോയി.’
“കഷ്ടപ്പാട് ആയിനും. എന്നാലും ആരും അങ്ങോട്ടും ഇങ്ങോട്ടും ചതിക്കൂല. നല്ലോണം സഹായിക്കും. സ്വന്തം തടി പട്ടിണി കെടന്നാലും മറ്റുള്ളോല് പട്ടിണി കെടക്കാന്‍ സമ്മയിക്കൂല. അതൊക്കെ ആയിനും സ്‌നേഹം. സ്‌നേഹം എന്താന്ന് പഠിക്കണമെങ്കിൽ ഒരിക്കലെങ്കിലും ഗൾഫില് പോണം.’
“ഞാനന്ന് മൊബൈൽ വിൽക്കാന്‍ പോയത് ഖോര്‍ഫുഖാനില്‍ കൂടെണ്ടായിരുന്ന അസ്സൈനാറിന്റെ എളേ മോളെ കല്യാണത്തിന് കൊടുക്കാന്‍ പൈസക്ക് ആണ്. ഓൻ ന്നെ ഒരുപാട് സഹായിച്ചിക്ക്. ഓന് അഞ്ച് കുട്ട്യളാണ്. രണ്ട് പെണ്ണുങ്ങളും ബാക്കി ആണുങ്ങളും.’
“ഖോർഫുഖാനിലായിരുന്നപ്പം പനി പിടിച്ച് മരിച്ചു പോകും എന്ന് വിചാരിച്ചതാ ഒരിക്കല്. അന്ന് കൂടെള്ളോല് പണിക്ക് പോകാണ്ട് മാറിമാറി ന്റെ അട്ത്തിരുന്നാണ് നോക്ക്യത്. ഇപ്പോ ആരേലും ചെയ്യോ അങ്ങനെ. സ്വന്തം കാര്യം നോക്കിപ്പോകും.’
“എന്നിട്ടെന്തേ മൊബൈല്‍ വില്‍ക്കാഞ്ഞത്?’
“മോളെ പിയ്യാപ്ല കൊടുത്തൂട്ട ഫോണ്‍ ആണ്. അത് വില്‍ക്കുന്നത് ശരിയല്ലാന്ന് തോന്നി. അസ്സൈനാറിന്റെ മോളെ കല്യാണത്തിന് കൊടുക്കാന്‍ പൈസ വേറൊരു വഴിക്ക് ഒപ്പിച്ചു.’
“മുപ്പത് മുപ്പത്തഞ്ച് കൊല്ലം ഗള്‍ഫില്‍ നിന്നിട്ട് ഫോണ്‍ വിറ്റിട്ട് വേണോ കൂട്ടുകാരനെ സഹായിക്കാന്‍?’
“ഒരു പൊര ണ്ടാക്കി, മൂന്ന് മക്കളെ കെട്ടിച്ച്. നാട്ടുകാരെയും കുടുംബക്കാരെയും സഹായിച്ച്. അത്രൊക്കേ ഉണ്ടാക്കീട്ട്ള്ളൂ. കൂടെയുള്ളോല് കൊറേ ഒക്കെ രക്ഷപ്പെട്ട്. എല്ലാത്തിനും ഒരു യോഗം വേണം. അതില്ലാത്തോല് ഏടെപ്പോയിട്ടും കാര്യല്ല. ഇനിക്ക് വല്യ പ്രയാസം ഒന്നുല്ല. റാഹത്താണ്. എന്നാലും കൊറേക്കൂടി ഗൾഫിൽ നിക്കായിനൂന്ന് തോന്നിപ്പോകും. ആര്‍ത്ത്യോണ്ട് തോന്നുന്നത് ആയിക്കും. ആര്‍ത്തി കൂട്യാലും പ്രശ്‌നാണ്. സമാധാനം കിട്ടൂല.’ അത് ശരിയാണ്. ആര്‍ത്തി മനുഷ്യന്റെ സമാധാനം മാത്രമല്ല നന്മയെയും കൊന്നു കളയും. മൊയ്ദുക്ക പണത്തോട് അങ്ങനെ ആര്‍ത്തി ഉള്ള കൂട്ടത്തിലൊന്നുമല്ല. ഒന്നിനും പരാതി ഇല്ല. ഉള്ളതില്‍ തൃപ്തിപ്പെട്ട് ജീവിക്കും. ചമ്മന്തി കൂട്ടിയിട്ടായാലും ചോറ് തിന്നോളുമെന്ന് മൊയ്ദുക്കയെക്കുറിച്ച് വീട്ടുകാരിയുടെ സാക്ഷ്യം. വീട്ടിലിപ്പോള്‍ ഇളയ മകനും ഭാര്യയും അവരുടെ കുഞ്ഞും ഉണ്ട്. രണ്ടു പെണ്‍മക്കളെയും കെട്ടിച്ചുവിട്ടു. രണ്ടാമത്തെ മകന്‍ വീട് വെച്ച് മാറി.
ഈയിടെ വീട്ടില്‍ ചെന്ന് കണ്ടപ്പോള്‍ മൊയ്ദുക്ക വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. സംസാരത്തിനിടെ പറഞ്ഞു. “വയസായോലോട് വര്‍ത്താനം പറയാന്‍ മക്കള്‍ക്ക് പോലും നേരണ്ടാകൂല. പറഞ്ഞാ തന്നെ കേട്ട് നിക്കാന്‍ ക്ഷമ ഉണ്ടാകൂല. പറയാനുള്ളതൊന്നും പറയാണ്ടാണ് വയസ്സന്‍മാര് മരിച്ചുപോകുന്നത്. ഓരോരുത്തര്‍ക്കും വയസാകുമ്പഴേ അത് തിരിയൂ. അങ്ങനെള്ള എത്രോ ആള്‍ക്കാരെ ഞാന്‍ കണ്ടിട്ട്ണ്ട്. ഇപ്പം ന്റെ സ്ഥിതിയും അതൊക്കെത്തന്നാണ്.’
എന്തേ സംഭവിച്ചത് എന്ന് ചോദിച്ചില്ല. എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് എന്നൂഹിച്ചു. ഇത്ര ക്ഷീണിച്ച് കാണുന്നത് ആദ്യമാണ്. ചോദിച്ചപ്പോള്‍ “ഒന്ന് പനിച്ചിരുന്നു’ എന്ന് മാത്രം പറഞ്ഞു. കൂടുതലൊന്നും ചോദിച്ചില്ല. വീട്ടിലെ പ്രശ്‌നം ആയോണ്ട് പറയാന്‍ താല്‍പര്യപ്പെടുന്നുണ്ടാകില്ല. അതുകൊണ്ട് ചുഴിഞ്ഞു ചോദിക്കാനും പാടില്ലല്ലോ. തിരിച്ചുപോരുമ്പോള്‍ വെറുതെ ഓര്‍ത്തു. എത്ര പെട്ടെന്നാണ് മനുഷ്യര്‍ വൃദ്ധരാകുന്നത്. ഞാന്‍ അദ്ദേഹത്തെ ആദ്യമായി കണ്ട അതിവൃദ്ധമായ ബസ് ഷെല്‍ട്ടറിനോളം വാർധക്യം അദ്ദേഹത്തെ പൊടുന്നനെ വന്നു പൊതിഞ്ഞിരിക്കുന്നു. അജ്ഞാതമായ ഏതോ കാരണത്താല്‍ അദ്ദേഹം മൗനത്തിലേക്ക് ഉള്‍വലിയുന്നത് ഫോണ്‍ വിളിക്കുമ്പോഴെല്ലാം എനിക്ക് മനസ്സിലാകുന്നുണ്ട്. “മനസ്സമാധാനം പൈസ കൊടുത്താൽ കിട്ടൂലല്ലോ’ എന്നാണ് കഴിഞ്ഞ ദിവസം വിളിച്ചപ്പോള്‍ പറഞ്ഞത്. “ഒരു വിസ കിട്ട്യാല് ഗൾഫില് ഒന്നൂടി പോണംന്ന്ണ്ട്’ എന്ന് കൂട്ടിച്ചേര്‍ത്തു. ഈ വയസ്സുകാലത്തോ എന്ന തികട്ടിവന്ന ചോദ്യം മനപ്പൂർവം ഒഴിവാക്കി. അദ്ദേഹത്തിന്റെ വീട് തിളയ്ക്കുന്ന വെയിലുള്ള ഒരു മരുഭൂമിയായി മാറുന്നത് മനസില്‍ സങ്കല്പിച്ച് ഒന്നും പറയാതെ സലാം പറഞ്ഞു സംസാരം നിര്‍ത്തി. ഖോര്‍ഫുഖാനില്‍ ശരീരത്തില്‍ ഏറ്റുവാങ്ങിയ ചൂടിനെക്കാള്‍ കടുപ്പമുള്ള ചൂട് ആ മനുഷ്യന്റെ വാക്കുകളില്‍ നിന്ന് ഊഹിക്കാം. അദ്ദേഹത്തിന്റെ ഹൃദയം ചുട്ടുനീറുന്നുണ്ട്. ഉള്ള് പൊള്ളിയാണ് മൊയ്ദുക്ക ഇപ്പോള്‍ സംസാരിക്കുന്നത്. സ്വന്തം വീട് അനാഥമായി തോന്നുമ്പോഴാണ് ശരിക്കുമൊരാള്‍ വൃദ്ധനായിപ്പോകുന്നത്, അല്ലാതെ തല നരയ്ക്കുമ്പോഴോ മുഖത്ത് ചുളിവ് വീഴുമ്പോഴോ അല്ല എന്ന് അദ്ദേഹം പറഞ്ഞില്ല എന്നേയുള്ളൂ, പക്ഷേ എനിക്കത് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട് ■

Share this article

About എ എം നദീര്‍

View all posts by എ എം നദീര്‍ →

Leave a Reply

Your email address will not be published. Required fields are marked *