ജെന്‍ഡര്‍ ന്യൂട്രല്‍: ഉടുപ്പിലൊളിപ്പിക്കുന്ന അജണ്ടകള്‍

Reading Time: 3 minutes

ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രധാരണമാണ് സമകാല കേരളത്തിലെ മുഖ്യചര്‍ച്ച. ആണിനും പെണ്ണിനും സവിശേഷമായ വസ്ത്രങ്ങള്‍ വേണ്ടതുണ്ടോ? അതോ രണ്ടു വിഭാഗത്തിനും ഒരേ തരത്തിലുള്ള വസ്ത്രം മതിയോ? 2021 ഡിസംബര്‍ 15ന് കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് ലിംഗനിരപേക്ഷ വസ്ത്രം നടപ്പാക്കുകയുണ്ടായി. അതിനെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിച്ചവരാണ് ഈ ചര്‍ച്ചക്ക് ആക്കം കൂട്ടിയത്. സാധാരണക്കാര്‍ മുതല്‍ മന്ത്രിമാര്‍ വരെ അതേക്കുറിച്ച് അഭിപ്രായങ്ങള്‍ പങ്കുവെച്ചിരുന്നു. വാക്പോര് മുറുകുന്നതിനിടയിലാണ് 2022 മെയ് മാസത്തില്‍ ആലുവക്കാരി ആദിലയും കോഴിക്കോട്ടുകാരി ഫാത്തിമ നൂറയും ദമ്പതികളായി ജീവിക്കാന്‍ തീരുമാനിച്ച വിവരം പുറത്തുവരുന്നത്. വീട്ടുകാരുടെ വിലക്കുകള്‍ മറികടന്നുകൊണ്ട് ദാമ്പത്യം തുടരാന്‍ അവര്‍ കോടതിയില്‍ നിന്ന് വിധിയും സമ്പാദിച്ചു. അതോടെ ജെന്‍ഡര്‍ സിദ്ധാന്തക്കാര്‍ ആടിത്തിമിര്‍ത്തു. ലിംഗനിരപേക്ഷ വസ്ത്രത്തിന്റെ പ്രകീര്‍ത്തനങ്ങള്‍ വീണ്ടും അന്തരീക്ഷത്തില്‍ മാറ്റൊലി കൊണ്ടു. അതിനിടയിലാണ് എം എസ് എഫിന്റെ കോഴിക്കോട് കാംപയിനില്‍ പങ്കെടുത്തുകൊണ്ട് ഡോ. എം കെ മുനീര്‍ ലിംഗനിരപേക്ഷ യൂനിഫോം സ്‌കൂളുകളില്‍ നടപ്പാക്കുന്നതിനെതിരെ പ്രതികരിച്ചത്. “അങ്ങനെയെങ്കില്‍ പിണറായി വിജയന്‍ എന്തുകൊണ്ട് സാരിയും ബ്ലൗസും ധരിക്കുന്നില്ല’ എന്ന അദ്ദേഹത്തിന്റെ “പ്രകോപിപ്പിക്കുന്ന’ ചോദ്യം ഇടതു ലിബറല്‍ പാളയത്തെ അക്ഷരാര്‍ഥത്തില്‍ ചൊടിപ്പിച്ചു. പച്ചപ്പരിഷ്‌കാരികളും ധാര്‍മികവാദികളും തമ്മില്‍ ഇപ്പോഴും ഇവ്വിഷയകമായി വാഗ്വാദം തുടരുകയാണ്.
“ആണിനും പെണ്ണിനും പ്രത്യേകം വസ്ത്രങ്ങള്‍ ആവശ്യമുണ്ടോ? വസ്ത്രങ്ങള്‍ നോക്കി ആണും പെണ്ണുമെന്നു തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ ന്യൂട്രല്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ എന്താണ് കുഴപ്പം?’ ഈ സംവാദത്തില്‍ ഏറ്റവും കൂടുതല്‍ തവണ ആവര്‍ത്തിക്കപ്പെട്ട ചോദ്യം ഇതായിരിക്കാം. ഈ ചോദ്യം തന്നെ നമുക്കൊന്ന് തിരിച്ചിട്ടു ചോദിച്ചുനോക്കാം. അതിനു ലഭിക്കുന്ന മറുപടിയില്‍ ഉപരിസൂചിത ചോദ്യത്തിന്റെ ഉത്തരമുണ്ടാകും, തീര്‍ച്ച. “ആണിനെയും പെണ്ണിനെയും വേർതിരിച്ചറിയുന്ന വിധം വസ്ത്രം ധരിച്ചാല്‍ എന്താണ് കുഴപ്പം?’ സഹസ്രാബ്ദങ്ങളായി നാം അങ്ങനെയായിരുന്നല്ലോ. ഇപ്പോള്‍ അതില്‍ മാറ്റം കൊണ്ടുവരുന്നതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാമാണ്?
മേൽചോദ്യത്തിന്റെ ഉത്തരം കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിന്റെ ട്വിറ്റര്‍ പേജില്‍ രേഖപ്പെട്ടുകിടക്കുന്നുണ്ട്. ബാലുശ്ശേരി സ്‌കൂളിലെ “പുരോഗമന’ത്തെക്കുറിച്ച് സാഭിമാനം അവര്‍ നടത്തിയ പ്രസ്താവനകള്‍ 2021 ഡിസംബര്‍ 16ലെ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചത് ഇപ്പോഴും നമുക്ക് ലഭ്യമാണ്. അതിന്റെ രത്നച്ചുരുക്കം ഇങ്ങനെ: “വലിയൊരു പരിവര്‍ത്തനത്തിലേക്കുള്ള ചുവടുവെപ്പാണിത്.
ലിംഗനിരപേക്ഷ വസ്ത്രങ്ങള്‍ ആണ്‍-പെണ്‍ വിഭജനത്തെ തകര്‍ത്തെറിയും. ആണ്‍കുട്ടികള്‍ അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ പെണ്‍കുട്ടികള്‍ മറ്റുള്ളവരെ ആകര്‍ഷിക്കാനുള്ള വസ്ത്രങ്ങള്‍ ധരിക്കേണ്ടിവരികയാണ്. ലിംഗനിരപേക്ഷ യൂനിഫോം ഈ വിവേചനങ്ങളെ അവസാനിപ്പിക്കാന്‍ സഹായിക്കും..’
പുതിയ വസ്ത്രസംസ്‌കാരത്തെ അനുകൂലിക്കുന്നവരുടെയെല്ലാം ന്യായങ്ങള്‍ ഏകദേശം ഇതിനു തത്തുല്യമാണ്. അതിനാല്‍ നമുക്ക് ഇതിലെ പരാമര്‍ശങ്ങള്‍ വേര്‍തിരിച്ചെടുത്ത് പരിശോധിക്കാം. ഒന്ന്: “വലിയൊരു പരിവര്‍ത്തനത്തിലേക്കുള്ള ചുവടുവെപ്പാണിത്.’
ആണിനെയും പെണ്ണിനെയും തിരിച്ചറിയാത്ത വസ്ത്രം ധരിക്കുന്നതോടെ സമൂഹത്തില്‍ ഉണ്ടാകുന്ന വലിയ പരിവര്‍ത്തനം എന്താണ്? “അത് ആണ്‍-പെണ്‍ വിഭജനത്തെ തകര്‍ത്തെറിയും’ എന്നാണ് മന്ത്രി പറയുന്നത്. മറ്റു പലരും ഇതുതന്നെയാണ് ആവര്‍ത്തിക്കുന്നത്. ആണ്‍-പെണ്‍ വിഭജനത്തെ തകര്‍ക്കുന്നത് വലിയ പരിവര്‍ത്തനമാണോ? അതുകൊണ്ട് വ്യക്തിക്കും സമൂഹത്തിനും ഉണ്ടാകുന്ന ഗുണങ്ങള്‍ എന്തെല്ലാമാണ്? ഈ ചോദ്യത്തിന് ബുദ്ധിയുള്ളവരെ തൃപ്തിപ്പെടുത്തുന്ന ഒരു ഉത്തരം ആരും പറഞ്ഞുകേട്ടിട്ടില്ല.
ആണ്‍-പെണ്‍ വിഭജനം അവസാനിപ്പിക്കലാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം നടപ്പാക്കുന്നതിന്റെ ഉദ്ദേശ്യമെങ്കില്‍ അത് മനുഷ്യവിരുദ്ധവും ശാസ്ത്രവിരുദ്ധവുമാണ്. മനുഷ്യര്‍ ആണ്‍-പെണ്‍ ദ്വന്ദ്വങ്ങള്‍ കൂടിച്ചേര്‍ന്നതാണ്. കാഴ്ചയിലും പെരുമാറ്റങ്ങളിലും അവര്‍ വ്യത്യസ്തരാണ്. ഈ ലിംഗവൈജാത്യത്തെ കൃത്രിമ വസ്ത്രം തുന്നിയുണ്ടാക്കി മൂടിവെക്കാനാണ് ശ്രമമെങ്കില്‍ അത് പ്രകൃതിവിരുദ്ധമാണെന്നു തീര്‍ച്ച. മനുഷ്യന്റെ ശരീരശാസ്ത്ര സവിശേഷതകളെ ഒരു മീറ്റര്‍ തുണി കൊണ്ട് മൂടിവെച്ചുകളയാമെന്ന പരിഷ്‌കൃത ഭോഷ്‌കിന് നാം കുട പിടിക്കേണ്ടതുണ്ടോ? ശാസ്ത്രഭാഷയില്‍ മനുഷ്യശരീരത്തിന്റെ ഓരോ മില്ലിമീറ്ററും ആണ്‍-പെണ്‍ വൈവിധ്യങ്ങളുള്ളതാണ്.
മാതാവിന്റെ ഗര്‍ഭാശയത്തില്‍ വെച്ച് സ്ത്രീയുടെ അണ്ഡവും പുരുഷന്റെ ബീജവും സംയോജിക്കുന്ന സമയത്തുതന്നെ ആണ്‍-പെണ്‍ ദ്വന്ദ്വങ്ങള്‍ തീരുമാനിക്കപ്പെടുന്നുണ്ടെന്ന് സാമാന്യമായി പറയാം. അഥവാ ഒരാള്‍ ആണാകുന്നതും അല്ലെങ്കില്‍ പെണ്ണാകുന്നതും ഒരു ജീവശാസ്ത്ര പ്രക്രിയയാണ്. അതില്‍ മനുഷ്യര്‍ക്ക് ഇച്ഛാനുസാരിയായി കൈകടത്താനുള്ള സ്വാതന്ത്ര്യം നല്‍കപ്പെട്ടിട്ടില്ല. ശരീരത്തിന്റെ ബാഹ്യഭാഗത്ത് പ്രകടമായി കാണുന്ന പ്രത്യുല്‍പാദന അവയവങ്ങള്‍ ഉള്ളതുകൊണ്ടു മാത്രമല്ല മനുഷ്യന്‍ ആണാകുന്നതും പെണ്ണാകുന്നതും. മറിച്ച്, ശരീരകോശങ്ങളും എല്ലും പല്ലും തൊലിയും മുടിയും മാംസപേശികളും തലച്ചോറും പെരുമാറ്റങ്ങളും വികാരങ്ങളുമെല്ലാം ലിംഗഭേദമുള്ളവയാണ്. ഓരോ വ്യക്തിയുടെയും ശരീരകോശങ്ങള്‍ക്കകത്തെ ക്രോമസോം ഘടന സാമാന്യമായി ഒന്നുകില്‍ XX അല്ലെങ്കില്‍ XY ആയിരിക്കും. XX ഘടനയുള്ളവര്‍ പെണ്ണും XY ഘടനയുള്ളവര്‍ ആണുമാണ്. അത് പിന്നീട് മാറ്റാന്‍ ഒരു യൂനിഫോം അണിഞ്ഞാലും സാധ്യമല്ല. അഥവാ മനുഷ്യന്‍ അവന്റെ ശരീരത്തിന്റെ ഓരോ കോശത്തിലും ലിംഗഭേദമുള്ളവരാണ്.
ഇനി ചില കണക്കുകള്‍ പറയാം. അമേരിക്കയില്‍ 3,01,026 പുരുഷ സ്വവര്‍ഗാനുരാഗ കുടുംബങ്ങളും 2,93,365 സ്ത്രീ സ്വവര്‍ഗാനുരാഗ കുടുംബങ്ങളും നിലവിലുണ്ട് ഏഷ്യ, കിഴക്കന്‍ യൂറോപ്പ്, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലായി നടന്ന 67ഓളം പഠനങ്ങള്‍ പ്രത്യേകം പ്രസ്താവ്യമാണ്. അതനുസരിച്ച് കിഴക്കന്‍ ഏഷ്യയിലെ മൂന്നു മുതല്‍ അഞ്ചു ശതമാനം പുരുഷന്‍മാരും സ്വവര്‍ഗാനുരാഗികളാണ്. ദക്ഷിണേഷ്യയിലും ദക്ഷിണ പൂര്‍വേഷ്യയിലും 6 മുതല്‍ 12 ശതമാനം സ്വവര്‍ഗരതിക്കാരുണ്ട്. കിഴക്കന്‍ യൂറോപ്പില്‍ ഇവരുടെ ജനസംഖ്യ 6 മുതല്‍ 15 ശതമാനമാണ്. ലാറ്റിനമേരിക്കയിലാകട്ടെ ഇത് 6 മുതല്‍ 20 ശതമാനം വരെയാണ്
ആസ് ത്രേലിയയിലെ 4.1% പുരുഷന്‍മാരും 2.8% സ്ത്രീകളും സ്വവര്‍ഗാനുരാഗികളാണെന്ന് 14 വയസ്സിനു മുകളില്‍ പ്രായമുള്ള 1,80,000 പേര്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ടെന്ന് റോയ് മോര്‍ഗണ്‍ ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
2014ലെ കണക്കനുസരിച്ച് കാനഡയിലെ സ്വവര്‍ഗാനുരാഗികള്‍ 1.7 ശതമാനമാണെങ്കില്‍ ഫ്രാന്‍സിലെ സ്ത്രീകള്‍ക്കിടയില്‍ 2016ല്‍ നടന്ന പഠനം പറയുന്നത് അവരില്‍ 4 ശതമാനം സ്ത്രീകളും സ്വവര്‍ഗാനുരാഗികളോ ദ്വിവര്‍ഗാനുരാഗികളോ ആണെന്നാണ്. 2016ല്‍ തന്നെ 2500 ജര്‍മന്‍കാര്‍ക്കിടയില്‍ നടത്തിയ മുഖാമുഖ സര്‍വേയില്‍ അവരിലെ 1.5% ആളുകളും പൂര്‍ണ സ്വവര്‍ഗരതിക്കാരാണെന്ന് തെളിയുകയുണ്ടായി. 2011ല്‍ ഇറ്റലിയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് നടത്തിയ സര്‍വേ അനുസരിച്ച് ഇറ്റാലിയന്‍ ജനസംഖ്യയുടെ 2.4% സ്വവര്‍ഗാനുരാഗികളോ ദ്വിവര്‍ഗാനുരാഗികളോ ആണ്. 2018ല്‍ ജപ്പാനിലെ 20നും 51നും ഇടയ്ക്ക് പ്രായമുള്ളവരില്‍ നടത്തിയ പഠനത്തില്‍ 7.6% ആളുകളും സ്വവര്‍ഗാനുരാഗികളാണെന്ന് വെളിപ്പെട്ടു. മെക്സിക്കോയില്‍ ഇവര്‍ 6 ശതമാനവും (2017), ന്യൂസിലന്‍ഡില്‍ 4.4 ശതമാനവുമാണ് (2013-14). നമ്മുടെ ഇന്ത്യയില്‍ 25 ലക്ഷം സ്വവര്‍ഗാനുരാഗികളുണ്ടെന്നാണ് 2012ല്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കാണിച്ചത്.
ലോകത്ത് സ്വവര്‍ഗാനുരാഗത്തിന്റെ പടര്‍ച്ചയെക്കുറിച്ച് സാമാന്യമായ ധാരണ ലഭിക്കാനാണ് ഇത്രയും കണക്കുകള്‍ ഉദ്ധരിച്ചത്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമുകളുടെ പിന്നാമ്പുറത്ത് ഒളിഞ്ഞിരിക്കുന്ന ജെന്‍ഡര്‍ രാഷ്ട്രീയം സമൂഹത്തിനു സമ്മാനിക്കുന്ന “പുരോഗതി’ മനസ്സിലായല്ലോ.
ഇത് ആണ്‍-പെണ്‍ പ്രശ്നത്തില്‍ മാത്രം അവസാനിക്കില്ല. ഒരിക്കല്‍ ഒരാള്‍ക്കു തോന്നിയത് താന്‍ ഒരു പട്ടിയാണെന്നായിരുന്നു. അയാള്‍ ആ തോന്നലിനനുസരിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. 2022 മെയ് 31ന് ടൈംസ് നൗ ഓണ്‍ലൈന്‍ പതിപ്പില്‍ വന്ന ഒരു വാര്‍ത്തയുടെ തലക്കെട്ട് വായിക്കാം: “ജപ്പാന്‍കാരന്‍ 12 ലക്ഷം മുടക്കി പട്ടിയായി.’ ഇതേ വാര്‍ത്ത ഇകണോമിക് ടൈംസ്, സീ ന്യൂസ് ഇന്ത്യ തുടങ്ങിയ വാര്‍ത്താപോര്‍ട്ടലുകളിലും കാണാം. മാത്രമല്ല, യൂട്യൂബില്‍ ഇയാളുടെ വീഡിയോയും ലഭ്യമാണ്. മനുഷ്യന്റെ തോന്നലുകള്‍ അനുചിതമെങ്കില്‍ അത് ചികിത്സിച്ചു ഭേദമാക്കുന്നതിനു പകരം, അതിനനുസരിച്ച് ജീവിക്കുന്നതാണ് പുരോഗമനമെന്നു പഠിപ്പിച്ചാല്‍ സമൂഹത്തില്‍ മനുഷ്യപ്പട്ടികളുടെയും കുറുക്കന്മാരുടെയുമെല്ലാം എണ്ണം പെരുകിക്കൊണ്ടിരിക്കും!
മനുഷ്യരുടെ ലിംഗസംബന്ധിയായ തോന്നലുകള്‍ ജീവിതത്തില്‍ പലപ്പോഴായി മാറുമെന്നാണ് ഏറ്റവും പുതിയ ജെന്‍ഡര്‍ ശാസ്ത്രം. അഥവാ രാവിലെ ആണായിരുന്നവന്‍ വൈകുന്നേരം പെണ്ണാകാം. രാത്രിയില്‍ വീണ്ടും ആണും നേരം പുലര്‍ന്നാല്‍ പിന്നെ പെണ്ണും. അതിനാല്‍ വ്യക്തികളുടെ ലിംഗം പ്രവചിക്കാന്‍ പ്രയാസമാണെന്ന് ഇവര്‍ സിദ്ധാന്തിക്കുന്നു. ഇതിന് ജെന്‍ഡര്‍ ഫ്ളൂയിഡിറ്റി എന്നു പറയും. ഈ സിദ്ധാന്തം സമൂഹത്തില്‍ ചിരപ്രതിഷ്ഠ നേടിയാല്‍ ആരും എപ്പോഴും ആണാകാം പെണ്ണുമാകാം. അതിനാല്‍ എല്ലാവര്‍ക്കും ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം ആകാം. കാരണം, എപ്പോഴാണ് ലിംഗം മാറുന്നതെന്ന് പറയാന്‍ കഴിയില്ലല്ലോ! ഇത്തരം “സുന്ദര വിഡ്ഢിത്ത’ങ്ങളെ തലയില്‍ ചുമക്കുന്നതിന്റെ പേരാകരുത് പുരോഗമനം! ■

Share this article

About ഷമീം കിഴുപറമ്പ്

kudukkanshameem@gmail.com

View all posts by ഷമീം കിഴുപറമ്പ് →

Leave a Reply

Your email address will not be published. Required fields are marked *