അബ്ദുറസാഖ് കൊറ്റിയും അതിഥിയെഴുത്തുകളും

Reading Time: 2 minutes

കോഴിക്കോട്ടെ അരയിടത്തുപാലത്തുള്ള സ്റ്റുഡന്റ്‌സ് സെന്ററിന്റെ ആദി മാതൃകയിലുള്ള കെട്ടിടം. ബൈപ്പാസിനോട് ഓരം ചാരിയുള്ള അതിന്റെ മുകള്‍നിലയിലെ സ്വല്പം വലിപ്പമുള്ള മുറിയിലായിരുന്നു അന്നത്തെ രിസാല പ്രീ പ്രസ് വര്‍ക്കുകള്‍. ഒരു വലിയ മേശക്ക് ചുറ്റുമിരുന്ന് പത്രാധിപ സമിതി അംഗങ്ങള്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തും. മുഹമ്മദ് പുല്ലാളൂരും ശരീഫ് കാരശ്ശേരിയുമൊക്കെയാണ് മേല്‍നോട്ടം. എഡിറ്റ് ചെയ്യാനുള്ള പ്രായോഗിക പാഠങ്ങള്‍ പഠിപ്പിച്ചത് മുഹമ്മദ് തന്നെ. അതിനുപുറമെ കാഴ്ചപ്പാടുകളും നിലപാടുകളും ഉറപ്പിച്ചതും അദ്ദേഹം തന്നെ. വരുംവരായ്കകളെ കുറിച്ച് വലിയ ശ്രദ്ധയില്ലാത്ത അക്കാലത്ത് പലതിന്റെയും പുറംതോട് പൊളിച്ചുകാണിച്ച് ഞങ്ങളെ ബോധ്യപ്പെടുത്തി അദ്ദേഹം. പി എം കെ ഫൈസി, പി കെ പാലത്തോള്‍, ടി പി ചെറുപ്പ, കെ പി കുഞ്ഞിമൂസ, പോക്കര്‍ കടലുണ്ടി തുടങ്ങിയ പത്രലോകത്തെ കുലപതികളുടെ കളരിയില്‍ നിന്നുള്ള അഭ്യാസങ്ങളറിയാം അദ്ദേഹത്തിന്. കൂട്ടത്തില്‍ ഇപ്പോള്‍ സ്‌കൂള്‍ അധ്യാപകനായി സേവനം ചെയ്യുന്ന അശ്‌റഫ് പുല്ലാളൂര്‍, ഇപ്പോള്‍ മര്‍കസ് ലോ കോളജില്‍ വൈസ് പ്രിന്‍സിപ്പലായ സമദ് പുലിക്കാട് തുടങ്ങിയവരും. ഓഫീസ് സെക്രട്ടറിയായി സലീം അണ്ടോണ, മാനേജരായി കരീം കക്കാട്, ഡിടിപിയില്‍ ശാഫി പൊക്കുന്ന്, സ്റ്റെനോഗ്രാഫറായി ഫാറൂഖ് പൊക്കുന്ന്, ഡിസ്പാച്ച് വിഭാഗത്തില്‍ അബൂബക്കര്‍, റസല്‍, കബീര്‍ തുടങ്ങിയവരും. ഇത്രയുമായാല്‍ സ്റ്റുഡന്റ്‌സ് സെന്റര്‍ ഏതാണ്ടായി.
അബ്ദുറസാഖ് കൊറ്റി അക്കാലത്ത് രിസാല വിട്ടിട്ടുണ്ട്. വാരികയാക്കി നിലനിര്‍ത്തി അദ്ദേഹം പോയതാണ്. എന്നാലും ഇടയ്്ക്കിടെ വരും. ബീഡി പുകയ്്ക്കും. വലുതും ചെറുതുമായ അനേകം കാര്യങ്ങള്‍ സംസാരിക്കും. അക്ഷോഭ്യനായിരിക്കും എപ്പോഴും. രിസാല പ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് ഉപകാരമുള്ള കാര്യങ്ങള്‍ സംസാരിക്കും. കൊച്ചു സൃഷ്ടികള്‍ എഴുതിത്തരും. നക്‌സല്‍ വര്‍ഗീസ് വിവാദം പുകയുന്ന കാലത്ത് “വാഴ്്ത്തപ്പെട്ടവന്‍ വര്‍ഗീസ്’ എന്നൊരു ലേഖനം തന്നത് ഓര്‍മയുണ്ട്. നന്നായി വായിക്കപ്പെട്ടു അത്. ഉള്ളിലേക്ക് ചെന്നുള്ള കൃത്യമായ നിരീക്ഷണങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു കൊറ്റിയുടെ സൃഷ്ടികള്‍. രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനിക നിലപാടുകളുടെ ഉള്ളറകള്‍ ചികയാന്‍ സമർഥനായിരുന്നു കൊറ്റി. ഇതുകൊണ്ടു തന്നെ നൂറുല്‍ ഉലമ എംഎ ഉസ്താദ് വരെയുള്ള വലിയ തൂലികാകാരന്മാരുമായി അടുത്ത ബന്ധമായിരുന്നു. ഉസ്താദിന്റെ “ഓര്‍മയുടെ ഏടുകള്‍’ കൊറ്റിയുടെ പ്രചോദനം കൊണ്ട് എഴുതിത്തുടങ്ങിയതാണ്. മതവിഷയങ്ങളിലും കൊറ്റിക്ക് നല്ല വ്യുല്‍പത്തിയാണ്. ഇടയ്്ക്ക് “അമലിയ്യാത്’ എന്ന പേരില്‍ ഒരു ഫിഖ്ഹ് ജേര്‍ണല്‍ കൊറ്റി സ്വന്തമായി അച്ചടിച്ച് വിതരണം ചെയ്തിരുന്നു. ഇസ്‌ലാമിക കര്‍മശാസ്ത്രം എങ്ങനെ ജനപ്രിയമാക്കി അവതരിപ്പിക്കാമെന്നതിന്റെ ഒരു ലളിത മാതൃക അതിനകത്തുണ്ടായിരുന്നു. കൊറ്റി തന്നെയായിരുന്നു അതിന്റെ വിതരണവും. പരീക്ഷണങ്ങളിലേക്ക് അതിസാഹസികമായി എടുത്തുചാടിയ ജീവിതം. ഹാ എന്ന് പറഞ്ഞ് നാം വാ പൊളിച്ചു നില്‍ക്കുകയല്ലാതെ നിവൃത്തിയില്ല. കൊറ്റി ആ ത്യാഗം വരിച്ചിരിക്കും. അങ്ങനെ ഒരെടുത്തു ചാട്ടമായിരുന്നു രിസാലയുടെ വാരികയിലേക്കുള്ള ചാട്ടവും. “തോന്നിക’യായി നിലനില്‍ക്കാന്‍ പ്രയാസപ്പെടുമ്പോഴാണ് കൊറ്റിയുടെ ഈ അതിസാഹസികത. അതുപക്ഷേ ഗ്രിപ്പ് കിട്ടി. കുണ്ടൂര്‍ ഉസ്താദിന്റെ വാക്കും കിട്ടി. കൊറ്റിയുടെ നിത്യസ്മാരകം പോലെ അതിപ്പോഴും മുന്നോട്ടു തന്നെ. നാഥന് സ്തുതി. അതിസാഹസികതകളുമായുള്ള മല്‍പ്പിടുത്തത്തിനിടയില്‍ നിനച്ചിരിക്കാത്ത ഒരു നേരത്ത് നമ്മെയൊക്കെ കണ്ണീരിലാഴ്്ത്തി കൊറ്റി വിടവാങ്ങി. കത്തുന്ന യൗവനകാലത്തു തന്നെ. നിത്യഹരിത സ്വര്‍ഗത്തില്‍ നമുക്കൊരുമിക്കാനാകട്ടേ.
ഒരിക്കല്‍ കൊറ്റി സ്റ്റുഡന്റ്‌സ് സെന്ററില്‍ വന്ന് കയറുമ്പോള്‍ പത്രാധിപ സമിതിയിലെ ഒരംഗം നല്ല ഉച്ചമയക്കത്തിലാണ്! താഴെനിലയില്‍ നിന്ന് ആ ആഴ്ചയിലെ രിസാല മറിച്ച് വായിച്ച് അതും കൊണ്ടാണ് മുകളിലേക്ക് വരുന്നത്.ആ ലക്കത്തില്‍ “മുസ്‌ലിം യുവത്വത്തിന്റെ സമകാല പ്രതിസന്ധികള്‍’ എന്നൊരു ലേഖനം ഈ ഉച്ചമയക്കം കൊള്ളുന്ന പത്രാധിപസമിതി അംഗത്തിന്റേതായി ഉണ്ടായിരുന്നു. കൊറ്റി ആ ലേഖനത്തിന്റെ ഒരു പ്രിന്റ് ഡി ടി പിയില്‍ നിന്ന് എടുത്ത് അദ്ദേഹം മയങ്ങുന്ന കട്ടിലില്‍ പതിച്ചുവെച്ച് തൊട്ടടുത്തിരുന്ന് ഞങ്ങളുമായി മുസ്‌ലിം യുവതയുടെ പ്രതിസന്ധികളെ കുറിച്ച് ചര്‍ച്ച തുടങ്ങി. ഉറങ്ങിക്കിടക്കുന്നയാള്‍ എഴുന്നേറ്റുനോക്കുമ്പോള്‍ തന്റെ ലേഖനത്തിന്റെ പകര്‍പ്പ് കട്ടിലില്‍ പതിച്ചുവെച്ചതാണ് ആദ്യം കാണുന്നത്! കൊറ്റി അദ്ദേഹത്തോട് പറഞ്ഞു: “മുസ്‌ലിം യുവത്വത്തിന്റെ പ്രതിസന്ധി ഇത്ര ആഴത്തിലുള്ളതാണെന്ന് ബോധ്യപ്പെട്ടില്ലേ, ഒരു എപ്പിസോഡ് കൂടി തുടരാം’.
രിസാലയുടെ സംവാദ ഭൂമിക പൊതുമണ്ഡലത്തിന് കൂടി പ്രാപ്യമാക്കുന്നതിനുള്ള ചില ചെറുതുടക്കങ്ങള്‍ ഈ സമയത്ത് ഉണ്ടാകുകയാണ്. അതിന്റെ ഭാഗമായിരുന്നു അതിഥി പംക്തി. രിസാല തിരുനബി പതിപ്പിലാണ് ഇതിനുമുമ്പ് പൊതുമണ്ഡലത്തില്‍ നിന്ന് ചിലര്‍ വന്നത്. ഡോ.എം ജി എസ് നാരായണന്‍, ഡോ. എം ഗംഗാധരന്‍ മുതല്‍പേര്‍. രിസാലക്ക് പുറത്തേക്കും രിസാലക്ക് അകത്തേക്കും ആളുകള്‍ക്ക് തുറവി കിട്ടാന്‍ അതു പോരാ. രിസാല പ്രതിനിധാനം ചെയ്യുന്ന സമൂഹത്തെപ്രതി വേരുറച്ചുപോയ ചില ആരോപണങ്ങള്‍ പൊതുമണ്ഡലത്തിലുണ്ട്; അക്ഷരവൈരികള്‍, സ്ത്രീ വിരോധികള്‍, അന്ധവിശ്വാസികള്‍, ആള്‍ദൈവാരാധകര്‍ എന്നിങ്ങനെ. പരമ്പരാഗതമായി കൈമാറിപ്പോന്ന പഴികള്‍. വക്കം മൗലവിയുടെ കാലം മുതല്‍ അതങ്ങനെ പ്രചരിപ്പിക്കുന്നുണ്ട്. സുന്നികള്‍
സാമൂഹ്യശ്രേണിയുടെ ആദ്യ നിരയില്‍ വരാതിരിക്കാനുള്ള അടവിന്റെ ഭാഗമാണത്. അത് പൊളിക്കണം.
രചനാരംഗത്ത് ചെറുസംഭാവനകളെങ്കിലും നല്‍കാത്ത പണ്ഡിതന്മാര്‍ അവര്‍ക്കിടയിലില്ല. അവര്‍ക്കിടയിലില്ലാത്ത ജ്ഞാനരൂപങ്ങളില്ല. കലാരൂപങ്ങളില്ല. അവരുടെ സ്ത്രീകള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം മറ്റാര്‍ക്കുമില്ല. പക്ഷേ അവര്‍ അസ്തിത്വം വഴിയിലുപേക്ഷിക്കില്ല. ഭൗതികമാത്ര പുരോഗതിയോ വികസനമോ അല്ല അവരുടെ അജണ്ട. ഇതൊക്കെ പറയാനും മറ്റുള്ളവര്‍ കേള്‍ക്കാനും അവരുടെ ജിഹ്വകള്‍ക്ക് കൂടുതല്‍ വിശാലമായ വായുമണ്ഡലം കിട്ടണം. ഒട്ടേറെ അക്ഷര സംവിധാനങ്ങളുണ്ടെങ്കിലും ഒന്നും പുറത്ത് ലഭ്യമല്ല. അങ്ങനെ അതിഥികള്‍ പംക്തി വഴി വന്നുതുടങ്ങി. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ തുടക്കം. അതു കഴിഞ്ഞ് ഡോ.എ എന്‍ പി ഉമ്മര്‍ കുട്ടി. മുസ്‌ലിംകളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെ അദ്ദേഹം തന്റെ കോളത്തില്‍ അഡ്രസ് ചെയ്തു: “എല്ലാ സമൂഹങ്ങള്‍ക്കും വിദ്യാഭ്യാസം ഭൗതികമാത്ര കാര്യമാണ്. മുസ്‌ലിംകള്‍ക്കങ്ങനെയല്ല, അവര്‍ക്ക് എല്ലാം ആത്മീയ കാര്യങ്ങളാണ്. അവര്‍ക്ക് മദ്‌റസ വിദ്യാഭ്യാസം ഉപേക്ഷിക്കാനാകില്ല. അത് പഠിക്കണം, പ്രയോഗിക്കണം, രണ്ടു ലോകവും ജയിക്കണം. അതിനാല്‍ മറ്റു സമൂഹങ്ങളെപ്പോലെ വേഗം ഉദ്യോഗരംഗങ്ങളിലെത്തി സ്വസ്ഥമാകാന്‍ അവര്‍ക്കു പറ്റില്ല..'(ലക്കം 282) മലയാളവും ഇംഗ്ലീഷും പഠിച്ചാല്‍ നരകത്തില്‍ പോകുമെന്ന് ഭയന്നിരിക്കുന്നവരാണവര്‍ എന്ന യക്ഷിക്കഥകള്‍ക്ക് ലോകം സുന്നികളെ തിരിച്ചറിയുന്നതോടെ വിരാമം വരും. ഇതാണ് രിസാല ഉദ്ദേശിച്ചത്. ഇപ്പോള്‍ കാല്‍നൂറ്റാണ്ടോളമായി പൊതുമണ്ഡലവുമായി രിസാല അടുത്ത് പെരുമാറിത്തുടങ്ങിയിട്ട്. അതിന്റെ നേട്ടങ്ങള്‍ രിസാലക്ക് മാത്രമല്ല, ഈ സമൂഹത്തിനൊന്നാകെയാണ്. ഈ രീതിയില്‍ രിസാലയുടെ സംവാദ ഭൂമിക വിപുലമാക്കാന്‍ സഹകരിച്ചവര്‍ പലരും ഇന്ന് നമ്മോടൊപ്പമില്ല. അവരില്‍ ഒരാളാണ് ഡോ.എ എന്‍ പി ഉമ്മര്‍ കുട്ടി. ഈയിടെയാണ് ആ നല്ല മനുഷ്യന്‍ വിടവാങ്ങിയത്. അദ്ദേഹത്തിന് നിത്യശാന്തിയുണ്ടാകട്ടേ ■

Share this article

About ടി കെ അലി അശ്‌റഫ്

aliasraftk@gmail.com

View all posts by ടി കെ അലി അശ്‌റഫ് →

Leave a Reply

Your email address will not be published. Required fields are marked *