മക്കള്‍ക്കിടയില്‍ വിവേചനമരുത്‌

Reading Time: 2 minutes

കരുണ നിറഞ്ഞ സമീപനമായിരുന്നു തിരുനബി(സ്വ)യുടേത്. വിശേഷിച്ചും കുട്ടികളുമായുള്ള ഇടപഴകലില്‍. സ്വന്തം മക്കള്‍, പേരമക്കള്‍ എന്നിവരോട് മാത്രമല്ല മറ്റുള്ളവരുടെ സന്താനങ്ങളോടും കരുണാര്‍ദ്രമായ, സ്‌നേഹസമ്പന്നമായ പെരുമാറ്റം അവിടുത്തെ പ്രകൃതമായിരുന്നു.
അവിടുന്ന് പറഞ്ഞു: “കുട്ടികളോട് കരുണ കാണിക്കാത്തവര്‍, വലിയവരുടെ അവകാശങ്ങള്‍ മനസിലാക്കാത്തവര്‍ നമ്മളില്‍ പെട്ടവനല്ല'(അബൂദാവൂദ്).
തിരുനബി(സ്വ)കുട്ടികളോട് സലാം പറഞ്ഞ് കുശലാന്വേഷണങ്ങള്‍ നടത്താറുണ്ടായിരുന്നു. അനസ്(റ) പറയുന്നു: കളിച്ചുകൊണ്ടിരിക്കുന്ന “കുട്ടികളുടെ അരികിലേക്ക് നബി(സ്വ) ചെന്ന് സലാം പറഞ്ഞു’. അത്യുന്നത പദവികളാല്‍ അനുഗൃഹീതരായ നബി(സ്വ)യുടെ കാരുണ്യത്തിന്റെ വിശാലത കൂടിയാണിത്.
സ്വഹാബിമാര്‍ അവരുടെ കുട്ടികളെ തിരുസവിധത്തില്‍ കൊണ്ടുവരും. തിരുനബി(സ്വ) ബറകതിന് വേണ്ടി ദുആ ചെയ്ത് മധുരം നല്‍കും(ബുഖാരി). അന്‍സാറുകളായ സ്വഹാബിമാരെ സന്ദര്‍ശിക്കുന്ന വേളയില്‍ നബി(സ്വ) അവരുടെ കുട്ടികള്‍ക്ക് സലാം പറയുകയും തല തടവുകയും ചെയ്യും(നസാഈ). ഹസന്‍ (റ)നെ നബി(സ്വ) ചുംബിച്ചു. ആ സമയം സമീപത്തുണ്ടായിരുന്ന അഖറ്ബ്‌നു ഹാബിസ് പറഞ്ഞു, എനിക്ക് പത്ത് മക്കളുണ്ടായിട്ട് ഞാന്‍ ആരെയും ചുംബിച്ചിട്ടില്ല. കരുണ ചെയ്യാത്തവന് കരുണ ലഭിക്കില്ലെന്ന് നബി(സ്വ) പ്രതികരിച്ചു(ബുഖാരി).
കുരുന്നുഹൃദയങ്ങളില്‍ സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ അവരുടെ ശാരീരിക, മാനസിക വളര്‍ച്ചക്ക് കാരണമാണ്. മറിച്ചാകുമ്പോള്‍ ഭാവിജീവിതത്തെത്തന്നെ അത് തകിടം മറിക്കും. കുറ്റിക്കാടുകളിലും അമ്മത്തൊട്ടിലുകളിലും ഉപേക്ഷിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം ഏറിവരികയാണിന്ന്. കുട്ടികളോടുള്ള തിരുദൂതരുടെ സ്‌നേഹസമീപന പാഠങ്ങള്‍ ശ്രദ്ധേയമാകുന്നതും അതുകൊണ്ടാണ്.
ഹസന്‍, ഹുസൈന്‍(റ) മാരോടുള്ള തിരുനബി(സ്വ)യുടെ സമീപനങ്ങള്‍ വിശ്രുതമാണ്. അവരെ കോരിയെടുത്തും കളിപ്പിച്ചും ചുമലില്‍ ഇരുത്തിയും അവിടുന്ന് സ്‌നേഹം പ്രകടിപ്പിച്ചു. ഒരുവേള അവിടുന്ന് നിസ്‌കാരത്തില്‍ സുജൂദിലായിരിക്കേ ഹസന്‍, ഹുസൈന്‍(റ) ചുമലില്‍ കയറിയിരുന്നു. മതിവരുവോളം അവിടെയിരിക്കാന്‍ നബി(സ്വ) സുജൂദ് ദീര്‍ഘിപ്പിച്ചു(നസാഈ).
മക്കള്‍ക്കിടയില്‍ നീതിപൂര്‍വമായ ഇടപെടല്‍ അനിവാര്യമാണ്. സ്‌നേഹവും പരിഗണനയും നല്‍കുന്നേടത്ത് മാത്രമല്ല പാരിതോഷികങ്ങള്‍ കൊടുക്കുമ്പോഴും ഇത് വേണം. ശത്രുതയും അസൂയയും വരാതിരിക്കാനുള്ള ജാഗ്രത കൂടിയാണത്. നുഅ്മാനുബ്‌നു ബഷീര്‍(റ) പറയുന്നു. എന്റെ പിതാവ് അദ്ദേഹത്തിന്റെ സമ്പത്തില്‍ നിന്ന് അല്‍പം എനിക്ക് ദാനം ചെയ്തു. അപ്പോള്‍ എന്റെ ഉമ്മ പിതാവിനോട് പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെ സാക്ഷിയാക്കുന്നതുവരെ ഞാനിത് തൃപ്തിപ്പെടില്ല. തിരുസവിധത്തില്‍ ചെന്ന ഉപ്പയോട് നിങ്ങളുടെ മുഴുവന്‍ സന്തതികള്‍ക്കും ഇങ്ങനെ നല്‍കിയോ എന്ന് നബി(സ്വ) ചോദിച്ചു. ഇല്ലെന്ന് പറഞ്ഞ പിതാവിനോട് അവിടുന്ന് പറഞ്ഞു. “അല്ലാഹുവിനെ സൂക്ഷിക്കുക. മക്കള്‍ക്കിടയില്‍ നീതി ചെയ്യുക.’ തിരിച്ചുവന്ന പിതാവ് എനിക്ക് നല്‍കിയ സ്വദഖ തിരിച്ചുവാങ്ങി (മുസ്‌ലിം).
മക്കള്‍ക്കിടയില്‍ അനൈക്യം രൂപപ്പെട്ട് നിരവധി കുടുംബങ്ങള്‍ വഴിയാധാരമാകാറുണ്ട്. മാതാപിതാക്കള്‍ക്കെതിരെ വാളോങ്ങുന്നവരും ഇല്ലാതില്ല. സ്‌നേഹവും സമ്പത്തും നല്‍കുന്നേടത്തുള്ള അനീതി ഇതിനൊരു കാരണമാണ്. മക്കള്‍ക്കിടയില്‍ അനിഷ്ടകരമായ വിവേചനങ്ങള്‍ അപകടമാണെന്ന് രക്ഷിതാക്കള്‍ തിരിച്ചറിയണം. പരിചരണത്തിന് മതിയായ സൗകര്യവും സാഹചര്യവും ഉണ്ടായിട്ടും ചെറുപ്രായത്തില്‍ തന്നെ മക്കളെ കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കാറുണ്ട്. മാതാവിന്റെ ലാളനയും പിതാവിന്റെ പരിഗണനയും ലഭിക്കാതെ പോകുന്ന ഇത്തരം കുട്ടികളില്‍ നിന്ന് ബഹുമാനവും പരിഗണനയും മാതാപിതാക്കള്‍ക്ക് തിരിച്ചു ലഭിക്കാതാവുകയും ചെയ്യാറുണ്ട്. സ്‌നേഹ സന്തോഷങ്ങള്‍ ആവശ്യമായ അളവില്‍ ലഭിച്ചുവളര്‍ന്ന മക്കളില്‍ നിന്ന് മികച്ച സ്‌നേഹവും ബഹുമാനവുമാണ് തിരികെ ലഭിക്കുക.
ചിത്രങ്ങള്‍ കൊത്തിവെക്കപ്പെടാത്ത തെളിഞ്ഞ പ്രതലങ്ങളാണ് കുരുന്നു ഹൃദയങ്ങള്‍. സ്‌നേഹത്തോടൊപ്പം നല്ല മാതൃകകളെയും രക്ഷിതാക്കള്‍ അവര്‍ക്ക് സമ്മാനിക്കണം. ലോകത്ത് ഏറ്റവും മികച്ച മാതൃക നബി(സ്വ)യാണ്. “അന്ത്യനാളും അല്ലാഹുവിനെയും പ്രതീക്ഷിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ ദൂതരില്‍ ഉത്തമ മാതൃകയുണ്ട്’ (അല്‍ അഹ്‌സാബ് 21).
ദിവ്യസന്ദേശങ്ങള്‍ ഏറ്റുവാങ്ങി പ്രവാചകർ(സ്വ) അനുചരര്‍ക്കത് പകര്‍ന്ന് നല്‍കുന്നു. മദീനയെ ലോകരാജ്യങ്ങള്‍ക്ക് മാതൃകയാം വിധം ക്ഷേമരാഷ്ട്രമാക്കി പരിവര്‍ത്തിപ്പിക്കുന്ന ചടുലമായ നീക്കങ്ങള്‍ നടത്തി. വിവിധ പ്രവിശ്യകളിലേക്ക് ഗവർണര്‍മാരെ നിയോഗിച്ചു. അടിമകളെ മോചിപ്പിച്ചും അതിനു പ്രേരണ നല്‍കിയും അഗതികളെയും വിധവകളെയും പരിഗണിച്ചും മനുഷ്യത്വം ഉയര്‍ത്തിപ്പിടിച്ച പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ് തിരുനബി(സ്വ). എന്നാല്‍ കുടുംബകാര്യങ്ങളില്‍ അല്‍പവും അശ്രദ്ധ വരുന്നില്ല. സ്വന്തം മക്കളോ പേരമക്കളോ മറ്റുള്ളവരുടെ സന്താനങ്ങളോ അവിടുത്തെ പരിഗണനയില്‍ നിന്ന് പുറത്താകുന്നില്ല. മതിയായ പരിലാളനകള്‍ കിട്ടിയതിന്റെ കഥകളേ അവര്‍ക്ക് പറയാനുള്ളൂ. എന്തൊരു ഉദാത്ത മാതൃക! ചെറുഹൃദയങ്ങളില്‍ സന്നിവേശിപ്പിക്കേണ്ടത് തിരുദൂതരെയാണ്. നിസ്‌കാരവും മറ്റു കർമങ്ങളും കുട്ടികള്‍ക്ക് പഠിപ്പിക്കുന്നതിനു മുന്നേ രക്ഷിതാക്കള്‍ക്ക് നിര്‍ബന്ധമായ കാര്യം തിരുനബി(സ)യെ അവര്‍ക്ക് പഠിപ്പിച്ചുകൊടുക്കലാണ്. അതോടെ ഒരു റോള്‍ മോഡലിനെ തെളിഞ്ഞ ഹൃദയങ്ങളില്‍ സ്ഥാപിക്കപ്പെടുന്നു. അവര്‍ റസൂലിനെ സ്‌നേഹിക്കുകയും പിന്തുടരുകയും ചെയ്യുന്നു. അതുവഴി ഉത്തമ തലമുറ രൂപപ്പെടുന്നു ■

Share this article

About അബ്ദുറഷീദ് സഖാഫി കുറ്റ്യാടി

arkuttiadi@gmail.com

View all posts by അബ്ദുറഷീദ് സഖാഫി കുറ്റ്യാടി →

Leave a Reply

Your email address will not be published. Required fields are marked *