മസ്ജിദെ ജഹനുമ ദില്ലിയുടെ ഹൃദയം

Reading Time: 3 minutes

Dill o Dilli dono’n agar hai kharaab
P’a kuch lutf us ujde ghar mein bhi hain
എന്റെ ഹൃദയവും ദില്ലിയും
തകര്‍ന്നുപോയിട്ടുണ്ടായേക്കാം.
എങ്കിലും ഈ അവശിഷ്ടങ്ങള്‍ക്കിടയില്‍
സന്തോഷമിപ്പഴും ബാക്കികിടക്കുന്നു.

-മിര്‍ താഖി മിര്‍

മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ ചെങ്കോട്ടയില്‍ താമസമാരംഭിക്കുകയും ഷാജഹാനാബാദിലെ താമസക്കാര്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്തപ്പോഴാണ് നിലവിലുള്ള മസ്ജിദിനെക്കാള്‍ വിശാലമായ ഒന്നിന്റെ ആവശ്യകതയെക്കുറിച്ച് ചക്രവര്‍ത്തി ചിന്തിക്കുന്നത്. മസ്ജിദ് ചക്രവര്‍ത്തിയുടെ കൊട്ടാരത്തെക്കാളും മസ്ജിദിന്റെ മിനാരം തന്റെ സിംഹാസനത്തെക്കാളും ഉയര്‍ന്നുനില്‍ക്കണമെന്ന് ചക്രവര്‍ത്തിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എങ്ങനെയാണ് നിസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇമാമിനെക്കാള്‍ ദൈവത്തിന്റെ പ്രതിനിധിയായ തന്റെ സിംഹാസനം ഉയര്‍ന്നുനില്‍ക്കുക?
ചെങ്കോട്ടയില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെ (0.91 km) പഹരി ഭോജല എന്ന കുന്നിന്‍പ്രദേശം മസ്ജിദ് പണിയാനായി തിരഞ്ഞെടുത്തു.ഈ കുന്നിന്‍ പ്രദേശത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളുന്ന തരത്തിലാണ് ജുമാ മസ്ജിദിന്റെ നിര്‍മാണരീതി ആസൂത്രണം ചെയ്തത്. 1650 ഒക്ടോബര്‍ ആറിന് ഷാജഹാന്‍ ചക്രവര്‍ത്തി തന്നെ മസ്ജിദിന് തറക്കല്ലിട്ട ശേഷം പ്രധാനമന്ത്രി സഅദുല്ല ഖാന്റെയും -ഖാനെ സമാന്‍- രാജകീയ നിര്‍മാണങ്ങളുടെ തലവനായ ഫാസില്‍ ഖാന്റെയും മേല്‍നോട്ടത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ബൈസാന്റിയന്‍- അറബിക് വാസ്തു കലാരൂപത്തിലാണ് ജുമാ മസ്ജിദിന്റെ നിര്‍മാണം.
തറക്കല്ലിടുന്ന വേളയില്‍ നിസ്‌കാരങ്ങള്‍ ഒരിക്കലും പിന്തിക്കാത്ത, എല്ലാ നിസ്‌കാരങ്ങള്‍ക്കും ഇമാമിന്റെ തൊട്ടുപിന്നില്‍ നില്‍ക്കുന്ന, തഹജ്ജുദ് നിസ്‌കരിക്കുന്ന ഒരാള്‍ മുന്നോട്ടുവരാന്‍ ചക്രവര്‍ത്തി ആജ്ഞാപിച്ചു. എല്ലാവരും തലകുനിച്ച് അപമാനിതരായി പിന്‍മാറിയപ്പോള്‍ “അല്‍ഹംദുലില്ലാഹ്, ഈ വിശേഷണങ്ങളെല്ലാം എനിക്കുണ്ട്’ എന്ന് പറഞ്ഞ് ഷാജഹാന്‍ തന്നെ മസ്ജിദിന്റെ തറക്കല്ലിട്ടു.
6 വര്‍ഷം കൊണ്ട് അന്നത്തെ പത്ത് ലക്ഷം രൂപ ചെലവില്‍ 6000 പണിക്കാരാണ് ജുമാ മസ്ജിദ് പണിതത്. വിവിധ രാജാക്കന്‍മാരും നവാബുമാരും സമ്മാനിച്ച വിലപ്പെട്ട കല്ലുകളുടെയും വസ്തുക്കളുടെയുമൊന്നും മൂല്യം ഇതില്‍ ചേര്‍ത്തിട്ടില്ല.
30 അടി ഉയരമുള്ള തറയില്‍ 261 അടി നീളവും 90 അടി വീതിയുമാണ് ജുമാ മസ്ജിദിന്റെ വിസ്തീര്‍ണ്ണം. മൈലുകള്‍ക്കപ്പുറത്ത് നിന്നുപോലും ദൃശ്യമാവുന്ന കറുത്ത വരകളുള്ള മൂന്ന് മാര്‍ബിള്‍ മിനാരങ്ങള്‍ ഷാജഹാനാബാദിന്റെ പ്രതാപകാലത്തിന്റെ അടയാളമായി നിലനില്‍ക്കുന്നുണ്ട്. നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ മസ്ജിദിന് മസ്ജിദെ ജഹനുമ – ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്ന മസ്ജിദ് – എന്ന പേര് നല്‍കപ്പെട്ടു.
ഇന്ത്യന്‍ മുസ്‌ലിംകളുടെ വിശ്വാസത്തിന്റെ പ്രതീകമായും ഡല്‍ഹിവാസികളുടെ കേന്ദ്രബിന്ദുവായും ജുമാ മസ്ജിദ് ഇന്നും നില്‍ക്കുന്നുവെന്ന് അഭിമാനത്തോടെ പറയാം. ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദല്ല ഇതെങ്കില്‍ പോലും (ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദ് ഭോപ്പാലിലെ താജുല്‍ മസ്ജിദ് ആണ്) ഏറ്റവും അദ്ഭുതകരമായ നിര്‍മിതികളില്‍ ഒന്നുതന്നെയാണിത്.
കിഴക്ക്, തെക്ക്, വടക്ക് ഭാഗത്തായി മുപ്പതില്‍ കൂടുതല്‍ പടവുകളുള്ള വലിയ മൂന്ന് കവാടങ്ങളാണ് മസ്ജിദിനുള്ളത്. താഴ്ഭാഗം മാര്‍ബിള്‍ കൊണ്ടും പിന്നെ മാര്‍ബിളും കറുത്ത കല്ലും കൊണ്ട് മനോഹരമാക്കിയിരിക്കുന്നു. നിര്‍മാണത്തിന് ചെങ്കല്ലും ഉപയോഗിച്ചിട്ടുണ്ട്. എല്ലാം ചുമരുകളും കലിഗ്രഫി എഴുത്തുകള്‍ കൊണ്ട് ആകര്‍ഷകമായി അലങ്കരിച്ചിട്ടുണ്ട്. മസ്ജിദിന്റെ മുഖ്യഭാഗത്ത് അസ്മാഉല്‍ ഹുസ്നയില്‍ പെട്ട “യാ ഹാദി’ എന്ന് കൊത്തിവെച്ചിട്ടുണ്ട്. വേറെ ചില ഭാഗങ്ങളില്‍ ചക്രവര്‍ത്തി ഷാജഹാന്റെ വചനങ്ങളും കൊത്തിവെച്ചിരിക്കുന്നു.

ജുമാ മസ്ജിദിലെ ആദ്യത്തെ നിസ്‌കാരം
മസ്ജിദിന്റെ നിര്‍മാണം ഏകദേശം പൂര്‍ത്തിയായ വേളയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മിര്‍-ഇ-ഇമാറത്തിന് ഒരു സന്ദേശം ലഭിച്ചത്. ചക്രവര്‍ത്തിക്ക് പെരുന്നാള്‍ നിസ്‌കാരം ജുമാ മസ്ജിദില്‍ നിര്‍വഹിക്കണം. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ മസ്ജിദ് അങ്കണത്തില്‍ ടണ്‍ കണക്കിന് ചെങ്കല്ലിന്റെ അവശിഷ്ടങ്ങളും മറ്റു വസ്തുക്കളും കിടപ്പുണ്ട്. പെരുന്നാള്‍ ദിനമാവുമ്പോഴേക്ക് ഇത് വൃത്തിയാക്കിയെടുക്കാന്‍ യാതൊരു നിര്‍വാഹവുമില്ല. മസ്ജിദങ്കണത്തില്‍ കിടക്കുന്ന വസ്തുക്കളില്‍ നിന്ന് ജനങ്ങള്‍ക്കിഷ്ടമുള്ളതൊക്കെ എടുത്തുകൊണ്ട് പോവാന്‍ ചക്രവര്‍ത്തി അനുമതി കൊടുത്തതോടെ നിമിഷനേരം കൊണ്ട് അങ്കണം ശൂന്യമായി.
പെരുന്നാള്‍ ദിനത്തില്‍ അതിരാവിലെ കൊട്ടാരത്തില്‍ നിന്ന് വാദ്യമേളമുയര്‍ന്നു. ശേഷം രാജകുമാരന്‍മാരുടെയും കുതിരപ്പടയാളികളുടെയും അകമ്പടിയില്‍ ചക്രവര്‍ത്തി ജുമാമസ്ജിദിലേക്ക് യാത്രയായി. വളരെ മനോഹരമായി അലങ്കരിച്ച ആനപ്പുറത്താണ് ഷാജഹാന്‍ ഈദ് നിസ്‌കാരത്തിനായി പുറപ്പെട്ടത്.
മസ്ജിദങ്കണം ജനങ്ങളാല്‍ നിറഞ്ഞുകവിഞ്ഞിട്ടുണ്ട്. പെരുന്നാള്‍ നിസ്‌കാരത്തിന് മുന്നോടിയായി ജുമാ മസ്ജിദിലെ ഇമാമിനെയും മുഅദ്ദിനെയും പള്ളി പരിപാലകരെയും ചക്രവര്‍ത്തി നിയമിച്ചു. ശേഷം ജുമാ മസ്ജിദിന്റെ ഉദ്ഘാടനമെന്നോണം ഈദുല്‍ ഫിത്വര്‍ നിസ്‌കാരം രാജകീയ പ്രൗഢിയോടെ തന്നെ നടന്നു. മസ്ജിദെ ജഹനുമയുടെ 35 പടവുകളുള്ള കിഴക്കന്‍ വാതില്‍ (ഇന്നത്തെ ഗേറ്റ് നമ്പര്‍ 2) ചക്രവര്‍ത്തിക്കും പരിവാരങ്ങള്‍ക്കും വേണ്ടി മാത്രം പ്രത്യേകമായി കൊട്ടാരത്തിന്റെ നേര്‍ദിശയില്‍ പണികഴിപ്പിച്ചതാണ്. ഇന്ന് ഈയൊരു ഭാഗം വസ്ത്രവ്യാപാരികളെ കൊണ്ടും വിനോദസഞ്ചാരികളെ കൊണ്ടും നിറഞ്ഞതായി കാണാം.

ദര്‍ഗാ ആസാര്‍ ശരീഫ്
ജുമാ മസ്ജിദിലെ ദര്‍ഗയില്‍ പ്രവാചകര്‍ (സ്വ ) യില്‍ നിന്നുള്ള ഒട്ടേറെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. മംഗോള്‍ രാജാവ് തിമൂറില്‍ നിന്ന് കൈമാറ്റം ചെയ്യപ്പെട്ട് ബൈസാന്റിയന്‍ ചക്രവര്‍ത്തിയായ ബയാസിദ് ഒന്നാമനിലൂടെയാണിവ ഡല്‍ഹിയിലെത്തിയതെന്ന് പറയപ്പെടുന്നു. തിരുനബി (സ്വ) യുടെ ശഅര്‍, പാദുകം, ഹസ്റത്ത് അലി (റ), ഹുസൈന്‍ (റ) എന്നിവരുടെ ഖുര്‍ആനുകള്‍ എന്നിവ ദര്‍ഗയിലുണ്ട്.
മസ്ജിദിന്റെ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ ഏറ്റവും യോഗ്യനും സത്യസന്ധനുമായ ഒരാളെ ഇമാമായിട്ട് നിശ്ചയിക്കാന്‍ ഷാജഹാന്‍ ആഗ്രഹിക്കുകയും തുടര്‍ന്ന് ഹിജ്റ 1065 ല്‍ ബുഖാറയിലെ പ്രശസ്ത പണ്ഡിതനായ സയ്യിദ് അബ്ദുല്‍ ഗഫൂര്‍ ശാഹിനെ ഡല്‍ഹിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഹിജ്റ 1066 ല്‍ (AD 1655) അദ്ദേഹത്തെ സയ്യിദുല്‍ മസ്ജിദ് ആയിട്ട് നിയമിച്ചു. സയ്യിദുല്‍ മസ്ജിദ് പദവിയിലിരിക്കുന്ന ഇമാമാണ് മുഗള്‍ ചക്രവര്‍ത്തിമാരുടെ കീരീട ധാരണത്തിനും നേതൃത്വം നല്‍കിയിരുന്നത്. ഇന്ന് ഈ പദവി പരമ്പരാഗതമായി കൈമാറിവരുന്നു.

1857ന് ശേഷമുള്ള ജുമാ മസ്ജിദ്
1857ലെ കലാപസമയത്ത് ജുമാ മസ്ജിദായിരുന്നു ഉപരോധകരുടെ പ്രധാന കൂടിച്ചേരല്‍ കേന്ദ്രം. മതമൈത്രിയില്‍ താമസിക്കുന്ന നഗരവാസികള്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്താനും അതുവഴി ഒരു വര്‍ഗീയ കലാപത്തിന് വഴിയൊരുക്കാനും ജുമാ മസ്ജിദിന്റെ ചുവരുകളില്‍ പോസ്റ്ററൊട്ടിച്ച് ബ്രിട്ടീഷുകാര്‍ ശ്രമിച്ചെങ്കിലും ചക്രവര്‍ത്തി ബഹദൂര്‍ ഷാഹ് സഫര്‍ ഇടപെട്ടുകൊണ്ട് ഉടനെത്തന്നെ അവ നീക്കം ചെയ്തു. അഹ് ലേ കിതാബുകാരായ ക്രിസ്തുമതക്കാര്‍ മുസ്‌ലിംകളുടെ സുഹൃത്തുക്കളാണെന്നും ജിഹാദ് ഹിന്ദുക്കള്‍ക്കെതിരെ മാത്രമാണെന്നുമായിരുന്നു ആ പോസ്റ്ററിന്റെ ഉള്ളടക്കം. 1857ലെ കലാപത്തിൽ കൊല്ലപ്പെട്ട പത്രപ്രവര്‍ത്തകനായ മൗലവി മുഹമ്മദ് ബഖിര്‍ തന്റെ ദഹ് ലി ഉര്‍ദു അക്ബര്‍ എന്ന പത്രത്തില്‍ ബ്രിട്ടീഷ് പോസ്റ്ററിനെ കുറിച്ച് ഇങ്ങനെ എഴുതി, “ആയിരത്തോളം വര്‍ഷമായി ഒന്നിച്ചു ജീവിക്കുന്ന “അഹ് ലേ വത്വന്‍’ ആണ് ഹിന്ദുക്കളും മുസ്‌ലിംകളും. ഇന്നവര്‍ (ഹിന്ദുക്കള്‍) പ്രയാസപ്പെട്ടാല്‍ നാളെയത് നമ്മുടെ ഊഴമായിരിക്കും’.
കലാപത്തിന്റെ മുഖ്യകേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നതുകൊണ്ട്, കലാപം അടിച്ചമര്‍ത്തിയശേഷം ബ്രിട്ടീഷ് സൈന്യം ജുമാ മസ്ജിദിലേക്കുള്ള പ്രവേശനം നിരോധിച്ചു. പൊതുജനങ്ങള്‍ പ്രവേശിക്കുന്നത് തടയാനായി മസ്ജിദിന്റെ എല്ലാ കവാടങ്ങളിലും ബ്രിട്ടീഷ് സൈന്യം കാവലേര്‍പ്പെടുത്തി. ഏവരെയും വേദനിപ്പിക്കുന്ന തരത്തിലേക്കാണ് മസ്ജിദിനെ പിന്നീട് ബ്രിട്ടീഷുകാര്‍ മാറ്റിയത്. ഡല്‍ഹി പ്രവിശ്യയിലെ ബ്രിട്ടീഷ് വിരുദ്ധ കലാപത്തില്‍ മുഖ്യപങ്കുവഹിച്ചിരുന്നത് മുഗള്‍ ചക്രവര്‍ത്തിയും മുസ്‌ലിംകളുമായതിനാല്‍ നഗരത്തിലങ്ങോളമുള്ള അനവധി മസ്ജിദുകള്‍ തകര്‍ക്കപ്പെട്ടു. ജുമാ മസ്ജിദും തകര്‍ത്തുകളയണമെന്ന ആലോചനയുണ്ടായി. ഒരു ക്രിസ്ത്യന്‍ ചര്‍ച്ച് ആക്കി മാറ്റാമെന്ന തീരുമാനമവര്‍ ശേഷം കൈക്കൊണ്ടെങ്കിലും പിന്നീട് ബ്രിട്ടീഷ് റെജിമെന്റിന്റെ വിശ്രമ കേന്ദ്രമാക്കി മസ്ജിദിനെ മാറ്റി. ജുമാ മസ്ജിദിന്റെ അങ്കണത്തില്‍ ബ്രിട്ടീഷുകാരുടെ കുതിരകള്‍ വിശ്രമിച്ചു. സൈന്യത്തിന്റെ വിശ്രമകേന്ദ്രമായി മാറിയ മസ്ജിദില്‍ മദ്യവീപ്പകള്‍ യഥേഷ്ടമുണ്ടായിരുന്നു.
അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മുസ്‌ലിം സമുദായത്തിന്റെ എണ്ണമറ്റ നിവേദനങ്ങള്‍ പരിഗണിച്ച്, ബ്രിട്ടീഷുകാര്‍ ചെരുപ്പഴിക്കാതെ തങ്ങളുടെ നായകളുമായി മസ്ജിദില്‍ പ്രവേശിച്ചാലും വിലക്കരുത് തുടങ്ങിയ ഒട്ടേറെ നിബന്ധനകളോടെ നവംബര്‍ 28, 1862ന് മസ്ജിദ് മുസ്‌ലിംകള്‍ക്ക് തന്നെ തിരിച്ചുനല്‍കി.
പടവുകളിലിരുന്ന് കുട്ടികളോട് കഥ പറഞ്ഞിരുന്ന കഥപറച്ചിലുകാരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുവന്ന് അമൂല്യവസ്തുക്കള്‍ കച്ചവടം ചെയ്തിരുന്ന വ്യാപാരികളും നിറഞ്ഞിരുന്ന, വലിയ കവാടങ്ങളുള്ള ഈ മസ്ജിദ് ഒരിക്കല്‍ ഡല്‍ഹി നഗരത്തിന്റെ ജീവരക്തമായിരുന്നു. പഴയ ഡല്‍ഹിയുടെ പ്രതാപത്തെയോര്‍ക്കുന്നവര്‍ക്ക് ഡല്‍ഹി നഗരത്തിന്റെ കിരീടമായി മാനത്ത് ഇന്നും മസ്ജിദെ ജഹനുമയുടെ മിനാരങ്ങള്‍ നിലകൊള്ളുന്നു ■

Share this article

About റന സഫ്വി, വിവര്‍ത്തനം: മിദ്‌ലാജ് തച്ചംപൊയില്‍

View all posts by റന സഫ്വി, വിവര്‍ത്തനം: മിദ്‌ലാജ് തച്ചംപൊയില്‍ →

Leave a Reply

Your email address will not be published. Required fields are marked *