Faലം വേണ്ട, ഫലം മതി

Reading Time: 2 minutes

മലയാളത്തില്‍ നാം സ്ഥിരമായി തെറ്റായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഒരു അക്ഷരമാണ് “ഫ’. മിക്കപ്പോഴും ഇതിനെ നാം “Fa’ എന്ന ശബ്ദത്തിലാണ് ഉച്ചരിച്ചു കേള്‍ക്കാറുള്ളത്. Faലം, ഉല്‍Fuല്ലം എന്നൊക്കെ. ഇതിന്റെ ഉച്ചാരണം ഇങ്ങനെയാണോ?
കചടതപ എന്ന വര്‍ഗാക്ഷരങ്ങളില്‍ “പ’ പെടുന്ന അക്ഷരമാണ് “ഫ’.
ഓരോ അക്ഷരങ്ങളും അന്നനാളം മുതല്‍ ചുണ്ടുവരെയുള്ള വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നാണ് പുറപ്പെടുന്നത്. “ക’ വര്‍ഗം കണ്ഠ്യം, (കണ്ഠത്തില്‍ നിന്ന് പുറപ്പെടുന്നത്). “ച’ വര്‍ഗം താലവ്യം (താലുവില്‍ നിന്ന്, അതായത് കണ്ഠത്തില്‍ നിന്നും അല്പം മുകളില്‍). “ട’ വര്‍ഗം മൂർധന്യം (നാവ് വായയുടെ മൂർധാവില്‍ സ്പര്‍ശിക്കുന്നത്). “ത’വര്‍ഗം ദന്ത്യം (പല്ലും നാവും സ്പര്‍ശിക്കുന്നത്). അങ്ങനെയാവുമ്പോള്‍ “പ’ വര്‍ഗം ഓഷ്ഠ്യം (ചുണ്ടുകള്‍ ചേര്‍ത്ത് ഉച്ചരിക്കുന്നത്) ആണ്. ഓരോ വര്‍ഗാക്ഷരങ്ങള്‍ക്കും ഈ വിധം സ്ഥാനക്രമങ്ങള്‍ ഉണ്ടെന്നിരിക്കെ ഒരു വര്‍ഗത്തില്‍ മാത്രം സ്ഥാനം തെറ്റി ഒരു അക്ഷരം (ഒരു ശബ്ദം) ഉച്ചരിക്കാന്‍ കഴിയുമോ? കഴിയില്ല എന്നതാണ് ഉത്തരം. എന്നു പറഞ്ഞാല്‍ പ ബ ഭ മ എന്നൊക്കെ ഉച്ചരിക്കുമ്പോള്‍ ചുണ്ടുകള്‍ പരസ്പരം ചേര്‍ത്തു വെച്ചാണ് ഉച്ചരിക്കുന്നതെങ്കില്‍ “ഫ’ എന്ന അക്ഷരം മാത്രം ഉച്ചരിക്കുമ്പോഴും അങ്ങനെ തന്നെയാണ് വേണ്ടത്. എന്നാല്‍ “ഫ’ എന്ന അക്ഷരം ചുണ്ടും പല്ലും ചേര്‍ത്താണ് നാം ഉച്ചരിക്കുന്നത്. “Fa’ എന്ന്.
യഥാർഥത്തില്‍ “ഫ’യുടെ ഉച്ചാരണം അങ്ങനെയല്ല. “പ’യുടെ അതിഖരമായാണ് “ഫ’ വരേണ്ടത്. അപ്പോള്‍ ഓഷ്ഠങ്ങള്‍ ചേര്‍ത്തു തന്നെ ഒന്നുകൂടി ദൃഢപ്പെടുത്തി ഉച്ചരിക്കണം. പ്+അ = പ, പ്+ഹ് +അ = ഫ, ബ്+അ = ബ, ബ്+ ഹ്+അ = ഭ, മ്+അ = മ ഈ വിധമാണ് അക്ഷരങ്ങള്‍ ഉച്ചരിക്കേണ്ടത്. Pa, Pha, Ba, Bha, Ma എന്ന വിധമാണ് പ ഫ ബ ഭ മ എന്ന് ഉച്ചരിക്കേണ്ടത്.
അപ്പോള്‍ നമുക്ക് ഒരു സംശയം വരും എങ്ങനെയാണ് “ഫ’ എന്നതിന്റെ ഉച്ചാരണം “Fa’എന്നായിത്തീര്‍ന്നത് ? നമുക്ക് പരിശോധിക്കാം. ഇംഗ്ലീഷിലെ “F’ ശബ്ദം നമുക്ക് മലയാളത്തില്‍ ഇല്ല. എന്നാല്‍ നമുക്ക് “F’എന്ന ഇംഗ്ലീഷ് ഉച്ചാരണം ആവശ്യമുണ്ട് താനും. അപ്പോള്‍ എന്തു ചെയ്യും? ഇംഗ്ലീഷിലെ “F’ എന്ന ശബ്ദത്തിന് നാം മലയാളത്തില്‍ നിന്നും “ഫ’ എന്ന അക്ഷരത്തെ എടുത്തു. ഫാദര്‍, ഫാന്‍ എന്നൊക്കെ പറയാൻ വേണ്ടി. ഇങ്ങനെ “ഫ’ എന്ന അക്ഷരത്തെ “Fa’ എന്ന് ഉപയോഗിച്ച് ഉപയോഗിച്ച് “Pha’ എന്ന് ഉപയോഗിക്കേണ്ട ശബ്ദത്തെ നാം “Fa’ എന്ന് ഉപയോഗിച്ച് ഉറപ്പിച്ചു. അങ്ങനെയാണ് നമുക്ക് Faലവും ഉല്‍Fuല്ല വും ഒക്കെ ഉണ്ടായിവന്നത്. ഏതു പോലെ എന്നാല്‍. ഇംഗ്ലീഷിലെ “Z’ എന്ന അക്ഷത്തിന് പകരമായി നാം മലയാളത്തിലെ “സ’ എന്നാണ് ഉപയോഗിച്ചു വരുന്നത്. “Z’ ശബ്ദം മലയാളത്തിലില്ല. “Z’ എന്ന ശബ്ദത്തിനു പകരം നാം “സ’ എന്ന അക്ഷരം ഉപയോഗിച്ചുപയോഗിച്ച് സ യുടെ ഉച്ചാരണം “Za’ എന്നായിപ്പോയാല്‍ എങ്ങനെയിരിക്കും. സീത Zeeതയാകും സംഗീതം Zamഗീതമാവും. അതുപോലെ ശബ്ദം മാറിത്തീര്‍ന്നതാണ് “ഫ’യും.
നല്ല മലയാളം ഉണ്ടായിട്ടും നാം ഉപയോഗിക്കാത്തത് എന്തേ?
മലയാളത്തില്‍ പരകീയ പദങ്ങള്‍ ധാരാളമായിട്ടുണ്ട്. തമിഴ്, ഇംഗ്ലീഷ്, സംസ്‌കൃതം, അറബിക് തുടങ്ങി ഹീബ്രു ഭാഷയുടെയടക്കം സ്വാധീനം വലിയ തോതില്‍ മലയാളഭാഷയിലുണ്ട്. ആദ്യകാലം തമിഴിന്റെയും സംസ്‌കൃതത്തിന്റേതുമായിരുന്നെങ്കില്‍ ഇന്ന് ഇംഗ്ലീഷിന്റെ സ്വാധീനമാണ് കൂടുതലായി കണ്ടുവരുന്നത്. ഒരു തരത്തില്‍ ഇംഗ്ലീഷിന്റെ അതിപ്രസരം എന്നുതന്നെ പറയാം. രാവിലെ എഴുന്നേല്‍ക്കുന്നതുമുതല്‍ രാത്രി ഉറങ്ങാന്‍ കിടക്കുന്നതു വരെയുള്ള സന്ദര്‍ഭങ്ങളില്‍ നാം എത്രയെത്ര മലയാളം പദങ്ങളിലൂടെ കടന്നുപോകുന്നുണ്ട്? എത്രയെത്ര ഇംഗ്ലീഷ് വാക്കുകളിലൂടെ കടന്നുപോകുന്നുണ്ട്?
ബെഡില്‍ നിന്നും എഴുന്നേല്‍ക്കുന്നു, ബ്രഷും പെയ്സ്റ്റും എടുത്ത് പല്ലു തേയ്ക്കുന്നു. ബാത്ത്‌റൂമില്‍ പോയി കുളിക്കുന്നു. ബസ്സില്‍ യാത്ര ചെയ്യുന്നു. ഹോട്ടലില്‍ നിന്നും ഫുഡ് കഴിക്കുന്നു. ഇങ്ങനെ നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഇംഗ്ലീഷിനുള്ള സ്വാധീനം വലുതാണ്. ഒരു തരത്തില്‍ നമ്മുടെ മലയാളം സംസാരത്തിലെ ഇംഗ്ലീഷ് പദങ്ങളെ ഒട്ടിച്ചു ചേര്‍ക്കുന്നതിനുള്ള പശപോലെയായിട്ടുണ്ട്. ഉദാഹരണത്തിന്, “പാര്‍ലമെന്റില്‍ ബില്ല് പാസായി’ എന്ന വാക്യത്തില്‍ എത്ര മലയാളം? എത്ര ഇംഗ്ലീഷ്? പാര്‍ലമെന്റ്, ബില്ല്, പാസ് എന്നിവയൊക്കെ ഇംഗ്ലീഷ് അല്ലേ. അതിനിടയില്‍ ഇല്‍, യി എന്നിങ്ങനെയുള്ള പ്രത്യയങ്ങള്‍ മാത്രമായാണ് മലയാളം നിലനില്‍ക്കുന്നത് . രണ്ട് ഇംഗ്ലീഷ് പദങ്ങളെ ചേര്‍ത്തു വെയ്ക്കാനുള്ള ഒരു പശ മാത്രം.
കുറേക്കാലം മുമ്പ് ചില ഉപകരണങ്ങള്‍ക്ക് മലയാളപദം കണ്ടെത്തിയതിനെക്കുറിച്ച് തമാശയായി പറയുന്നത് കേട്ടിട്ടുണ്ട്. സ്വിച്ച് എന്ന പദത്തെ സംബന്ധിച്ചായിരുന്നു അത്. വൈദ്യുതാഗമന നിർഗമന നിയന്ത്രിത യന്ത്രം എന്നായിരുന്നു സ്വിച്ചിന് പകരമായി കണ്ടെത്തിയിരുന്നത്. എന്തൊരു ബുദ്ധിമുട്ടാവും ഇംഗ്ലീഷിനെ ഇങ്ങനെ മലയാളീകരിച്ചാല്‍ . മുമ്പ് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും മലയാളീകരണത്തിനുള്ള ഇത്തരം ശ്രമങ്ങള്‍ നടത്തിവന്നിരുന്നു. അങ്ങനെയാണ് ബോയ്‌ലിംഗ് പോയന്റിന് ക്വഥനാങ്കം എന്ന് കണ്ടെത്തിയത്. ബോയ്‌ലിംഗ് പോയന്റിനെ തദ്ദേശീകരിച്ചപ്പോള്‍ നാം ചെന്നെത്തിപ്പെട്ടത് ക്വഥനാങ്കം എന്ന സംസ്‌കൃതത്തിലാണ്. അങ്ങനെ അതും ആശയവിനിമയത്തിന് ഉതകാതെ വരികയായിരുന്നു. ഈ മലയാളത്തിനേക്കാള്‍ നല്ലത് ഇംഗ്ലീഷു തന്നെ എന്ന് ആളുകളെ കൊണ്ട് ചിന്തിപ്പിക്കുന്നതായിരുന്നു മലയാളീകരണ പ്രക്രിയ.
എന്നാല്‍ പിന്നീട് നല്ല നല്ല മലയാള പദങ്ങള്‍ രൂപപ്പെടുകയുണ്ടായി. ക്വഥനാങ്കത്തിനു പകരം തിളനില , വിസ്തീര്‍ണത്തിനു പകരം പരപ്പളവ് തുടങ്ങിയവ. എന്നാലും ഇന്നും എത്ര പേര്‍ ഈ പദങ്ങളൊക്കെ ഉപയോഗിക്കുന്നുണ്ട്. നമ്മുടെ വീടുകളിലെ സ്ത്രീകള്‍ രാത്രിയില്‍ ഉപയോഗിക്കുന്ന വസ്ത്രമാണല്ലോ നൈറ്റി. നൈറ്റിക്കു പകരം നല്ല മലയാളമുണ്ട്, രാവാട (രാത്രി വസ്ത്രം). എത്ര പേര്‍ക്കറിയാം. പകല്‍ വസ്ത്രം പാവാടയാണെങ്കില്‍ രാത്രി വസ്ത്രം രാവാട. ഡേകെയറിന് പകല്‍വീട് എന്നും പറയുന്നു. എത്ര ഭംഗിയുള്ള പദങ്ങള്‍. എങ്കിലും ഇവയൊക്കെ നമ്മള്‍ സര്‍വസാധാരണമായി ഉപയോഗിച്ചു തുടങ്ങിയോ? ■

Share this article

About ദേവേശന്‍ പേരൂര്‍

devesanperur@gmail.com

View all posts by ദേവേശന്‍ പേരൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *