ഇനിയും കാത്തിരിക്കണോ, ഭരണഭാഷ മാതൃഭാഷയാവാന്‍?

Reading Time: < 1 minutes

ഭരണഭാഷ മാതൃഭാഷയാവണം എന്ന് തീരുമാനിച്ചിട്ട് വര്‍ഷങ്ങളായി. എന്നിട്ടും മാതൃഭാഷാ വാരാചരണത്തിനപ്പുറത്തേയ്ക്ക് അതൊന്നും കടന്നിട്ടില്ല. അതിന് നമുക്ക് ഉദ്യോഗസ്ഥന്‍മാരെ പഴിക്കാം. പക്ഷേ നമുക്കു തന്നെ മാറ്റാന്‍ കഴിയുന്ന എന്തെല്ലാമുണ്ട്. പുഷ്, പുള്‍ എന്നതിനു പകരം തളളുക, വലിക്കുക എന്നെഴുതാന്‍ ഏതു ഗവര്‍മെന്റാണ് തടസ്സം നില്‍ക്കുന്നത്. മൂത്രപ്പുര (ശുചിമുറി) എന്ന് എഴുതുന്നതിനു പകരം നാമിപ്പോഴും ടോയ്‌ലറ്റ് എന്നല്ലേ എഴുതി വെയ്ക്കുന്നത്. ബസ്സിലെ സീറ്റ് ജന്റ്‌സ്, ലേഡീസ് എന്നതിനു പകരം പുരുഷന്‍, സ്ത്രീ എന്ന് ആലേഖനം ചെയ്തുകൂടേ. ട്രാന്‍സ്ജന്ററിനു പകരമായി നമുക്ക് ഭാഷയും ഇല്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണല്ലോ.
ഇവിടെയുള്ള പാര്‍ട്ടികളുടെ പേരുകള്‍ പോലും നോക്കൂ. ഏറ്റവും അടിത്തട്ടിലുള്ളവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ പോലും ഇംഗ്ലീഷ് പേരിലാണ് അറിയപ്പെടുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് എന്ന പാര്‍ട്ടിയുടെ പേര് CPIM എന്നതിനു പകരം കപഇമ എന്ന് കേരളത്തിലെങ്കിലും നമുക്ക് ഉപയോഗിക്കാന്‍ കഴിയുന്നുണ്ടോ? കോൺഗ്രസ് ആയാലും ബിജെപി ആയാലും ബിഎസ്്പി ആയാലും മുസ്‌ലിം ലീഗ് ആയാലും ഒക്കെ അങ്ങനെത്തന്നെ. ഇതൊക്കെയും മാറേണ്ടതല്ലേ. ഇവയൊക്കെ ഇന്ത്യന്‍ പാര്‍ട്ടികളായതു കൊണ്ടാണ് ഇങ്ങനെയെന്നു പറയാം. എന്നാല്‍ കേരളത്തില്‍ മാത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും പേരുകള്‍ ഇപ്പോഴും ഇംഗ്ലീഷു തന്നെയായിത്തുടരുന്നു. പുരോഗമന കലാ സാഹിത്യ സംഘം പുകസ എന്ന പേരില്‍ അറിയപ്പെടുന്നത് ഒരു മാതൃക തന്നെയാണ്. പക്ഷേ കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് കേശാസാപ എന്ന് ചുരക്കപ്പേരില്‍ അറിയപ്പെടുന്നില്ല.
ഈ വിധം മലയാളത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ ഔദ്യോഗികമല്ലാതെ നമുക്ക് നിര്‍വഹിക്കാവുന്നതല്ലേ?

ഐക്യകണ്‌ഠ്യേന തിരഞ്ഞെടുക്കാമോ?
“എല്ലാം മന്ത്രിസഭ ഐക്യകണ്‌ഠ്യേനയാണ് തീരുമാനിച്ചത്.’ ഇങ്ങനെ പറയുന്നത് നമ്മള്‍ കേട്ടിട്ടുണ്ട്. ഇത് ശരിയാണോ ?
ഐക്യകണ്ഠ്യം എന്നതിനര്‍ത്ഥം ഒരേ സ്വരത്തില്‍ എന്നാണ്. ഏകകണ്ഠഭാവം യഥാര്‍ത്ഥത്തില്‍ ഐക്യ കണ്ഠ്യമല്ല, ഐകകണ്ഠ്യമാണ്. ഒരേ കണ്ഠം എന്ന ഭാവത്തിലൂടെ, അഭിപ്രായ വ്യത്യാസം ഇല്ലാതെ. ഇവിടെ ഐക്യത്തിന് വിശേഷിച്ച് സ്ഥാനമൊന്നുമില്ല. അതിനാല്‍ ഐക്യകണ്‌ഠ്യേന തെറ്റ്. ഐകകണ്‌ഠ്യേന ശരി. “പഞ്ചായത്ത് പ്രസിഡണ്ടിനെ യോഗം ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു’ ശരി. ■

Share this article

About ദേവേശന്‍ പേരൂര്‍

devesanperur@gmail.com

View all posts by ദേവേശന്‍ പേരൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *