ചെയ്യാത്ത കുറ്റത്തിന് പോലീസ് ‘കസ്റ്റഡി’

Reading Time: 4 minutes

സമയം വൈകുന്നേരം 5 മണി. പരിചയമില്ലാത്ത നമ്പറില്‍ നിന്നും ഒരു ഫോണ്‍ കോള്‍. നമ്പര്‍ സൂക്ഷ്മമായി പരിശോധിക്കുന്നതിനിടയില്‍ ലാന്‍ഡ് നമ്പറില്‍ നിന്നും അടുത്ത കോള്‍ വരുന്നു. ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചു വിളിക്കാം എന്ന് കരുതി ഫോണ്‍ മാറ്റിവെച്ചു. വിളിക്കാന്‍ സാധ്യതയുള്ളവരുടെ മുഖങ്ങളും കമ്പനികളും മനസിലേക്ക് കടന്നുവന്നു. ഒരു മണിക്കൂറിനു ശേഷം അതേ നമ്പറില്‍ നിന്നും വീണ്ടും വിളിക്കുന്നു.
അറബിയും ഇംഗ്ലീഷും കലർന്ന സമ്മിശ്ര ഭാഷയില്‍ “മുസ്തഫയല്ലേ, മഅ്മൂറ പോലീസ് സ്റ്റേഷനില്‍ നിന്നാണ് വിളിക്കുന്നത്’ എന്നറിയിച്ചു. ഏതോ കൂട്ടുകാരന്‍ എന്നെ ഭയപ്പെടുത്താന്‍ വിളിക്കുന്നു എന്ന വിശ്വാസത്തോടെ സംസാരം തുടര്‍ന്നു.
തന്റെ പേരില്‍ കേസ് ഉണ്ട്, സ്റ്റേഷന്‍ വരെ വരണം എന്ന് പറയുമ്പോഴും ആശങ്ക തോന്നിയില്ല. വിളിക്കുന്ന ആളുടെ പേരും ശൈലിയും ഒരിക്കല്‍ കൂടി ശ്രദ്ധിച്ചപ്പോള്‍ എല്ലാ ധൈര്യവും ചോര്‍ന്നു. കുട്ടിക്കാലത്ത് പോലീസ് എന്ന് കേള്‍ക്കുമ്പോഴുള്ള പേടി മനസിനകത്ത് ഉരുണ്ടു കൂടി. എന്നാലും എന്താണു കേസ് എന്ന് ചോദിക്കാതിരുന്നില്ല. പോലീസ് സ്റ്റേഷനില്‍ വന്ന് അന്വേഷിക്കണം എന്ന മറുപടിയില്‍ സംസാരം നിറുത്തി. വൈകുന്നേരം 7 മണിക്ക് അവിടെ എത്താനുള്ള നിർദേശവും തന്നു.
കൈയില്‍ കെട്ടിയ വാച്ച് എഴുമണിയിലേക്ക് വേഗത്തില്‍ അടുക്കുന്നതു പോലെ തോന്നുന്നു. ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. എന്തായിരിക്കും കേസ്, ആരാണ് എനിക്കെതിരെ കേസ് കൊടുത്തത് എന്ന ചിന്ത മാത്രമായിരുന്നു അന്നേരം മനസിൽ. ജോലി കഴിഞ്ഞു ഇറങ്ങുമ്പോഴും കൂടെയുള്ളവരോട് ഒന്നും പറഞ്ഞില്ല. പക്ഷേ പോകുന്നത് പോലീസ് സ്റ്റേഷനിലേക്കാണ് ഇനി എന്ത് സംഭവിക്കും എന്നറിയില്ലല്ലോ. അവിടെ എത്തിയാല്‍ ഫോണില്‍ മറ്റൊരാളെ ബന്ധപ്പെടാന്‍ സാധിക്കുമോ എന്നതും സംശയം. ഒപ്പം താമസിക്കുന്ന കൂട്ടുകാരെ വിളിച്ചു. പതുങ്ങിയ ശബ്ദത്തില്‍ വിഷയങ്ങള്‍ ധരിപ്പിച്ചു.
7 മണിക്ക് തന്നെ പോലീസ് സ്റ്റേഷന്റെ മുന്നില്‍ എത്തി. അതേസമയത്ത് തന്നെ കൂട്ടുകാരും അവിടെ എത്തിയിരുന്നു. അടുത്ത വിളിയും വന്നു. “മുസ്തഫാ.. ഏഴു മണി ആയി, നീ വന്നില്ല’. “എത്തിയിട്ടുണ്ട്. അകത്തേക്ക് വരുന്നു’.
സെക്യൂരിറ്റിയുടെ അടുത്തേക്ക് ചെന്നു. എന്നെ വിളിച്ച കാര്യവും വിളിച്ച ആളുടെ പേരും പറഞ്ഞു. തൊട്ടടുത്ത ചെറിയ മുറിയില്‍ ഇരിക്കാന്‍ പറഞ്ഞു. ഒരു സ്ത്രീ ഉള്‍പ്പടെ രണ്ടു ഇന്ത്യക്കാരും രണ്ടു പാകിസ്ഥാനികളും അവിടെ ഇരിപ്പുണ്ട്. അവര്‍ തമ്മില്‍ എന്തോക്കെയോ സംസാരിക്കുന്നു. എന്റെ ഹൃദയമിടിപ്പ് കൊണ്ട് ഞാനൊന്നും കേൾക്കുന്നില്ല. അല്‍പസമയത്തിനു ശേഷം പാകിസ്ഥാനികളെ അകത്തേക്ക് വിളിച്ചു. അരമണിക്കൂറിനു ശേഷം ഇന്ത്യക്കാരെയും വിളിപ്പിച്ചു. ഈ സമയം ഞാന്‍ എന്നോടു തന്നെ സംസാരിച്ചിരിക്കുകയാണ്. “എന്ത് തെറ്റാ ചെയ്തത്? എന്റെ നിരപരാധിത്വം ആരോട് എങ്ങനെ ബോധ്യപ്പെടുത്തും?’ പുറത്ത് പോലീസുകാര്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. എന്നെ കാണുന്നു. അവര്‍ പരസ്പരം സംസാരിക്കുന്നു. എന്റെ കൂട്ടുകാര്‍ കഥകളറിയാതെ എന്നെയും പ്രതീക്ഷിച്ച് പുറത്ത് നില്‍ക്കുന്നു.
45 മിനിറ്റിന് ശേഷം എന്റെ ഊഴം വന്നു. ഇവിടെ കാത്തിരിക്കുന്ന ഓരോ നിമിഷവും ആശങ്കകളുടേതാണ്. പുറത്ത് നില്‍ക്കുന്ന പോലീസുകാര്‍ തൊട്ടടുത്ത ഇരുനില കെട്ടിടത്തിലേക്ക് ചൂണ്ടി. അങ്ങോട്ട് പോകാന്‍ പറഞ്ഞു. പടികള്‍ കയറിയപ്പോള്‍ കണ്ണില്‍ ആകെ ഒരു ഇരുട്ട്. ആളും ആനക്കവും ഇല്ലല്ലോ എന്ന തോന്നല്‍. ഒരു നിമിഷം അവിടെ നിന്നു പരുങ്ങി. അല്ല, ആളനക്കം ഉണ്ട്. എന്റെ കാഴ്ച മങ്ങിയിരിക്കുന്നതാണ്. തൂവെള്ള വസ്ത്രധാരിയായ ഒരാള്‍ വിളിച്ച് അവരുടെ മുന്നിലിരിക്കുന്ന ആളുകളിലേക്ക് കൈ ചൂണ്ടി ചോദിച്ചു: “ഇവരുടെ ആക്‌സിഡന്റ് കേസില്‍ പെട്ടതാണോ?’ അല്ല എന്നു പറയാൻ എനിക്ക് അധിക സമയം ചിന്തിക്കേണ്ടി വന്നില്ല.
എന്നെ വിളിച്ച പോലീസുകാരന്റെ പേരു പറഞ്ഞു: “ദാ അവിടെ..’ അകലെയുള്ള കൗണ്ടറിലേക്ക് കൈ കാണിച്ചു. തിരിഞ്ഞുനോക്കുമ്പോള്‍ ക്രിമിനല്‍ സെഷന്‍ എന്ന ബോര്‍ഡ് കാണുന്നു. കണ്ണിലേക്ക് വീണ്ടും ഇരുട്ട് കയറിയത് കൊണ്ടായിരിക്കാം മറ്റൊന്നും കാണാനില്ല. ഒന്നുകൂടെ നോക്കി. ഇല്ല, അവിടെ ആരുമില്ല. ആ കൗണ്ടറിന്റെ അരികിലൂടെ പോകുന്ന ഓരോ പൊലീസുകാരെയും കാണുമ്പോള്‍ എന്നെ വിളിച്ച പോലീസ് ആണോ എന്നറിയാന്‍ എഴുന്നേറ്റുനില്‍ക്കും, അവരാരും തിരിഞ്ഞു നോക്കുന്നില്ല. ഫോണിലൂടെ, ശബ്ദം മാത്രമേ കേട്ടിട്ടുള്ളൂ. എങ്കിലും മനസില്‍ രൂപപ്പെടുത്തിയിട്ടുണ്ട്.
പോലീസ് സ്റ്റേഷനില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് ഒരു മണിക്കൂറിലേറെയായി. മനസില്‍ കണ്ട ആ രൂപം ഇപ്പോഴും കണ്‍മുന്നില്‍ എത്തിയിട്ടില്ല. കൈയിലുള്ള മൊബൈല്‍ ഫോണിലേക്ക് അനിയന്ത്രിതമായ കോളുകളും മെസേജുകളും വരുന്നുണ്ട്. പുറത്ത് എന്നെയും കാത്തു നില്‍ക്കുന്ന കൂട്ടുകാരില്‍ നിന്നും വിവരങ്ങള്‍ അറിഞ്ഞ മറ്റു കൂട്ടുകാരുടെ അന്വേഷണങ്ങളായിരുന്നു അതെല്ലാം. പക്ഷേ മറുപടി എന്ത് പറയണം എന്ന് അറിയുന്നില്ല. എല്ലാം പ്രതീക്ഷക്കു വിട്ടുകൊടുത്തു.
നാലാം കൗണ്ടറിലേക്ക് നോക്കിയിരിക്കുമ്പോള്‍ കൗണ്ടറിനു പുറകിലൂടെ നടന്നു പോയ ഒരു പോലീസുകാരൻ പെട്ടെന്ന് നിന്ന്, എന്താ കാര്യം എന്ന ഉദ്ദേശ്യത്തോടെ എന്നെ നോക്കി. സീറ്റില്‍ നിന്നും എഴുന്നേറ്റു ഗ്ലാസ് പാര്‍ട്ടിഷന്‍ ചെയ്ത കൗണ്ടറിനകത്തേക്ക് കടന്നു. “ഞാന്‍ മുസ്തഫ, എന്നെ വിളിച്ചിട്ടുണ്ടായിരുന്നു’. “ആഹ്, ശരി’ എന്ന മട്ടിൽ തലയാട്ടി കൈ കൊണ്ട് ഇരിക്കാൻ ആംഗ്യം കാണിച്ചു. ചിന്തകള്‍ മായുന്നില്ല. ഞാന്‍ ഇരിക്കുന്ന കൗണ്ടറിന് മുകളില്‍ എഴുതിവെച്ച ബോര്‍ഡ് മനസില്‍ തെളിഞ്ഞുവരുന്നു. പത്തു മിനിറ്റിലധികമായി ആ ഇരുത്തം. അല്‍പസമയം കഴിഞ്ഞ് കന്തൂറ ധരിച്ച ഒരു വിദേശിയോടൊപ്പം ആ പോലീസുകാരന്‍ പുറത്തേക്ക് വരുന്നു. അവരുടെ സംസാരത്തിനിടയില്‍ എന്നെ നോക്കി. “തആല്‍..’ അടുത്തേക്ക് ചെന്നു. അവരുടെ സംസാരം കഴിയുന്നതുവരെ കുറച്ച് മാറിനിന്നു. ഇദ്ദേഹമായിരിക്കും എനിക്കെതിരെ കേസ് കൊടുത്തത്. എന്താണ് പറയുന്നതെന്ന് കേള്‍ക്കാന്‍ ശ്രമിച്ചു. അതിനിടയില്‍ പൊലീസുകാരന്റെ കൈയിലെ കയ്യാമം ശ്രദ്ധിച്ചു. യാ അല്ലാഹ്! ഇതു എനിക്ക് വേണ്ടിയാണോ? ഹൃദയമിടിപ്പ് ഒന്നുകൂടി വര്‍ധിച്ചു.
അവര്‍ പരസ്പരം സലാം പറഞ്ഞു പിരിഞ്ഞു. പോലീസ് ഉദ്യോ ഗസ്ഥന്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലേക്ക് ഇറങ്ങി എന്നോട് കൈ നീട്ടാന്‍ ആവശ്യപ്പെട്ടു. കൈയിലെ ആമം എന്നിലേക്ക് നീട്ടിപിടിക്കുന്നു. ശരീരം തളര്‍ന്ന് പോകുന്നതുപോലെ. ഒരു നിമിഷം എന്ത് പറയണം എന്ന് അറിയുന്നില്ല. കൈ പുറകിലേക്ക് മാറ്റി. “എന്തിനാണിങ്ങനെ? എന്താണ് എന്റെ കേസ്?’ എന്ന് ചോദിച്ചുകൊണ്ടിരുന്നു, “നിനക്ക് അറിയില്ലേ? പറയാം. വാഹനത്തില്‍ കയറൂ’. “എവിടേക്ക് കൊണ്ട് പോകുന്നു? എന്തിനു കൊണ്ടുപോകുന്നു?’ ഇടറിയ ശബ്ദത്തോടെ ചോദിച്ചുകൊണ്ടിരുന്നു. തെറ്റ് ചെയ്തിട്ടില്ല എന്ന ബോധ്യമുള്ളത് കൊണ്ടാവണം എന്റെ ഇടറിയ ശബ്ദത്തിന് ഗൗരവം കൂടി. ചുറ്റുമുള്ള പോലീസുകാര്‍ “എന്താണ് കാര്യം’ എന്ന് അന്വേഷിക്കുന്നുണ്ട്. അവരും നോക്കിനില്‍ക്കുന്നു.
കാറിന്റെ ഡോര്‍ തുറന്ന് കയറി ഇരിക്കാന്‍ പറഞ്ഞപ്പോഴും എന്റെ ചോദ്യം നിറുത്തിയില്ല. വാഹനം അപകടം വരുത്തി, ഞാന്‍ വാഹനം നിറുത്താതെ പോയി എന്ന കുറ്റമാണ് എനിക്കെതിരെയുള്ളത് എന്ന് പറഞ്ഞപ്പോള്‍ അങ്ങനെ ഒരു അപകടം നടന്നിട്ടില്ല എന്നതുകൊണ്ട് എന്റെ വാക്കുകള്‍ക്ക് കനം കൂടി. വീഡിയോ പ്രൂഫ് ആവശ്യപ്പെടുമ്പോള്‍ എല്ലാം കാണിക്കാം, നിനക്ക് ഓര്‍മയില്ലാതിരിക്കാന്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്നൊക്കെ രൂക്ഷമായ ശൈലിയില്‍ ചോദിക്കുന്നുണ്ട്. എന്നെയും വഹിച്ച പോലീസ് വാഹനം ഗെയ്റ്റ് കടന്ന് പുറത്തിറങ്ങിയപ്പോള്‍ എന്റെ കൂട്ടുകാരോട് എനിക്ക് സംസാരിക്കണം എന്നാവശ്യപ്പെട്ടു.
എന്താണ് സംഭവിക്കുന്നത് എന്നറിയാതെ പുറത്തു കാത്തുനില്‍ക്കുന്ന കൂട്ടുകാരുടെ അടുത്ത് പോലീസ് വാഹനം നിറുത്തി. “അവരോടു ഞാന്‍ സംസാരിക്കും, നീ സംസാരിക്കാന്‍ പാടില്ല. നിന്റെ കാറിന്റെ കീ അവര്‍ക്ക് കൊടുക്കൂ’ എന്നായി പോലീസ് ഉദ്യോഗസ്ഥന്‍. കീ കൊടുക്കുന്നതിടയില്‍ അവരോട് സംസാരിക്കാന്‍ ശ്രമിച്ചു. അരുത് എന്നായി ശാസന. എന്റെ വാഹനം എടുത്ത് പോലീസ് വാഹനത്തിന്റെ പുറകെ വരാന്‍ കൂട്ടുകാരോട് പോലീസ് തന്നെ ആവശ്യപ്പെട്ടു. വാഹനത്തില്‍ ഇരിക്കുമ്പോഴും എന്റെ ചോദ്യങ്ങള്‍ തുടര്‍ന്ന് കൊണ്ടിരുന്നു. അപകടം വരുത്തി എന്ന് പറഞ്ഞതിന്റെ വീഡിയോ, ഫോട്ടോ കാണണം, എവിടേക്കാണ് എന്നെ കൊണ്ടു പോകുന്നത് എന്നൊക്കെ ചോദിക്കുമ്പോഴും രൂക്ഷമായ ശൈലിയില്‍ വ്യക്തതയില്ലാത്ത മറുപടികള്‍ മാത്രം.
800 മീറ്റര്‍ മാത്രം സഞ്ചരിച്ച് റോഡിനും ഒരു പുതിയ ബില്‍ഡിങിനും ഇടയില്‍ പോലീസ് വാഹനം നിറുത്തി. “ഈ റോഡ് നിനക്ക് പരിചയമുണ്ടോ?’ സാധാരണ യാത്ര ചെയ്യാറുള്ള റോഡ് ആണ്. പക്ഷേ ഈ അടുത്ത ദിവസങ്ങളില്‍ ഈ റോഡിലേക്ക് വന്നിട്ടില്ല. “അറിയാം’. “ഈ റോഡ് കണ്ടിട്ടും എന്താണ് സംഭവിച്ചത് എന്ന് നിനക്ക് ഓർമയില്ലേ?’
അവര്‍ ആരെയോ ഫോണില്‍ വിളിക്കാന്‍ ശ്രമിക്കുന്നു. രണ്ടു തവണയും ഫോണ്‍ എടുത്തില്ല, എനിക്കെതിരെ പരാതി കൊടുത്തവര്‍ ആയിരിക്കാം. അടുത്ത കോളില്‍ അറ്റന്‍ഡ് ചെയ്തു. 3 മിനിറ്റ് സംസാരത്തില്‍ നിന്നും ഈ കോള്‍ എന്നെ ബാധിക്കുന്നതല്ല എന്ന് മനസിലായി. അപ്പോഴും എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത് എന്ന് മനസിലാകുന്നില്ല.
രണ്ടു മണിക്കൂര്‍ സമയമായി. ഭയം ഉള്ളിലൊതുക്കി ഇരിക്കുകയാണ്. എന്നെ പോലീസ് വാഹനത്തില്‍ കൊണ്ടുപോയത് കണ്ടുനിന്ന കൂട്ടുകാര്‍ പരിചയക്കാരെ വിളിച്ചറിയിച്ചു. അറിഞ്ഞവര്‍ ഭയപ്പെടാന്‍ തുടങ്ങി. അവരുടെ വിളികളും മെസേജുകളും പ്രാര്‍ഥനാ സന്ദേശങ്ങളും വന്നുകൊണ്ടിരിക്കുന്നു. കുറ്റമെന്ത്? പരാതിക്കാരന്‍ ആര്? ഇതിനൊന്നും വ്യക്തത വന്നിട്ടില്ല. തെറ്റ് ചെയ്തിട്ടില്ല എന്ന് വിശ്വസിക്കുമ്പോഴും ചുണ്ടിൽ പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉണ്ട്. വിദേശ രാജ്യമാണ്. നിരപരാധിയാണെന്നു തെളിയിക്കണം. മനസ് നിറയെ ഭയാശങ്കയാണ്.
“യാ.. മുസ്തഫാ..’ അന്നേരം സൗമ്യമായ ഒരു വിളി കേള്‍ക്കുന്നു. വിളിക്കുന്നത് പുതിയ ആളല്ല. ഈ സമയമത്രയും ഞാന്‍ കണ്ട പോലീസുകാരൻ തന്നെ. ഞാന്‍ കേട്ട ശബ്ദങ്ങളില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. 10 മിനിറ്റ് സമയം കാറിലിരിക്കുമ്പോള്‍ വലതുവശത്തെ റോഡിനെ ചൂണ്ടിയായിരുന്നു സംസാരിച്ചിരുന്നത്. ഇപ്പോള്‍ ഇടതു വശത്തെ ബില്‍ഡിങിലെ നാല് ഷട്ടര്‍ ഷോപ്പിനെ ചൂണ്ടിക്കാണിച്ചാണ് സംസാരിക്കുന്നത്. ഇവിടെ ഞാന്‍ പുതുതായി ഷോപ്പ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നു. എനിക്ക് ഇതിന് ഒരു ഡിസൈന്‍ വരച്ചു തരണം. നീന്റെ കൂട്ടുകാരന്‍ സുബൈര്‍ തന്നതാണ് നമ്പര്‍. ഞാന്‍ ഇങ്ങനെ ചെയ്തതില്‍ ക്ഷമിക്കണം. കൂട്ടുകാരനോടും പറയരുത്. അവനും അറിയില്ല. സോറി ബ്രദര്‍. അടക്കിപ്പിച്ച വേദനകള്‍ ഒരിറ്റ് കണ്ണ് നീര് കൊണ്ടായിരുന്നു അവസാനിപ്പിച്ചത്. ഇങ്ങനെ ആകണമെന്നോ ആകുമെന്നോ അയാള്‍ പ്രതീക്ഷിച്ചിരുന്നില്ല. സാഹചര്യങ്ങള്‍ വീണ്ടും വീണ്ടും എന്നെ വേദനിപ്പിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു.
സ്വദേശി, വിദേശി എന്ന വ്യത്യാസമില്ലാതെ പ്രതിസന്ധി സമയങ്ങളില്‍ എപ്പോഴും കൂടെ നില്‍ക്കുന്നവരാണ് യുഎഇയിലെ പോലീസുകാര്‍. സ്വന്തം ആവശ്യത്തിനാണെങ്കിലും കൗതുകത്തിനു വേണ്ടി എനിക്കെതിരെ കേസ് ഉണ്ടെന്ന് പറഞ്ഞതായിരുന്നു. വേദനിപ്പിക്കണം എന്ന് ഉദ്ദേശ്യമില്ലെങ്കിലും സ്വന്തം ആക്റ്റിങ് നന്നായി എന്ന് തോന്നിയതിനാലും അതില്‍ ഞാന്‍ പൂര്‍ണമായും അകപ്പെട്ടു എന്നും മനസിലാക്കിയതിനാലും പിന്തിരിയാന്‍ തയാറായില്ല. എന്റെ മനസിനകത്തെ സംഘര്‍ഷവും പുറത്തെ സൗഹൃദങ്ങളുടെ ആശങ്കയുടെ ആഴവും അദ്ദേഹം അറിഞ്ഞിരുന്നില്ല ■

Share this article

About മുസ്തഫ കൂടല്ലൂർ

pmmusthaf786@gmail.com

View all posts by മുസ്തഫ കൂടല്ലൂർ →

Leave a Reply

Your email address will not be published. Required fields are marked *