എഴുത്തിന്റെ ആഴങ്ങള്‍

Reading Time: 2 minutes

അനിവാര്യമായ ദുരന്തങ്ങളിലേക്ക് പതിഞ്ഞുപോകുന്ന മനുഷ്യരെ അടയാളപ്പെടുത്തുന്ന കഥകളും കവിതകളുംകൊണ്ട് സമ്പന്നമായിരുന്നു പോയ മാസം. പ്രക്ഷുബ്ധ യൗവനങ്ങളും മിത്തുകളും കൊണ്ടു തീര്‍ക്കുന്ന രചനകള്‍ക്കു പകരം യാഥാർഥ്യത്തിന്റെ തിളച്ചുമറിയല്‍ അയാളപ്പെടുത്തുന്നതിലായിരുന്നു എഴുത്തുകാര്‍ ശ്രദ്ധ ഊന്നിയത്. ഗൃഹാതുരതയുടെയും ഊതിവീര്‍പ്പിക്കലിന്റെയും കഥപറച്ചിലിന് ഇടം കൊടുക്കാത്ത നിരവധി രചനകള്‍ സെപ്റ്റംബറില്‍ മലയാളത്തിലെ ആനുകാലികങ്ങളില്‍ നിറഞ്ഞു. പ്രത്യേകിച്ചും ഓണപ്പതിപ്പുകളിലും വിശേഷാല്‍ പതിപ്പുകളിലും.
മനുഷ്യാവസ്ഥയുടെ കുതിപ്പിന്റെയും കിതപ്പിന്റെയും താളം നിറഞ്ഞുനില്‍ക്കുന്ന കഥകളും കവിതകളും എഴുത്തിന്റെ അകംകാഴ്ചകളൊരുക്കി. വേദനയുടെയും കുറ്റബോധത്തിന്റെയും പുക അന്തരീക്ഷത്തില്‍ ഘനീഭവിച്ചു നില്‍ക്കുന്ന അനുഭവ ലോകമാണ് എന്‍. പ്രഭാകരന്റെ “മിണ്ടാസ്വാമി’ എന്ന കഥയില്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, സെപ്റ്റം: 25) അവതരിപ്പിക്കുന്നത്. കൃഷ്ണന്‍കുട്ടി എന്ന സാധാരണക്കാരന്റെ ജീവിതത്തിന്റെ പല മുഖങ്ങള്‍ തൊട്ടുകാണിച്ചുകൊണ്ടുള്ള എന്‍. പ്രഭാകരന്റെ ആഖ്യാനം ഹൃദ്യത അനുഭവപ്പെടുത്തുന്നു. കഥയില്‍ കൃഷ്ണന്‍കുട്ടിയുടെ ജീവിതത്തിലെ വേഷപ്പകര്‍ച്ചകള്‍ ഒന്നൊന്നായി കഥാകൃത്ത് അടയാളപ്പെടുത്തുന്നു. രാഷ്ട്രീയവും ആത്മീയതയും ഇഴചേര്‍ത്ത് ജീവിതം തുഴയുന്ന മനസാണ് കൃഷ്ണന്‍കുട്ടിയുടേത്. കാരണം “കൃഷ്ണന്‍കുട്ടിയേട്ടന്‍ പറഞ്ഞത് തെറിയാണെങ്കിലും അത് മുഴുവന്‍ സത്യമാണെന്ന്’ എല്ലാവര്‍ക്കുമറിയാം. കഥയില്‍ നിറഞ്ഞ വര്‍ത്തമാനകാല പ്രതിസന്ധിയാണ് “മിണ്ടാസ്വാമി’യെ വായനക്കാരന്റെ ഉള്ളുപൊള്ളിക്കുന്ന രചനയാക്കി മാറ്റുന്നത്. പ്രമേയത്തിന്റെയും പശ്ചാത്തലത്തിന്റെയും വൈവിധ്യംകൊണ്ട് കഥ നിശ്ശബ്ദ കലാപമായി മാറുന്നു.
“”നാസര്‍ മരിച്ച്, പതിനഞ്ചാം ദിവസമാണ് അടുത്ത ദിവസം ചെല്ലാമെന്നേറ്റ കവിതാപരിപാടിയെക്കുറിച്ച് ഹമീദയ്ക്ക് ഓർമ വന്നത്.” എന്നിങ്ങനെ മരണത്തെ സ്പര്‍ശിച്ചുകൊണ്ടാണ് സിതാര എസിന്റെ “മറ’ തുടങ്ങുന്നത് (മാതൃഭൂമി ഓണപ്പതിപ്പ്). വിശ്വാസത്തിന്റെയും വിഹ്വലതകളുടെയും ഇടയിലൂടെ കടന്നുപോകാന്‍ വിധിക്കപ്പെട്ട ഹമീദ്, സ്‌നേഹത്തിന്റെ ഇലച്ചാര്‍ത്തുകളിലേക്ക് അല്‍പനേരത്തേക്കെങ്കിലും മനസ് ചേര്‍ത്തുവെക്കുന്നതാണ് സിതാരയുടെ കഥ. എഴുത്ത് മെനഞ്ഞെടുക്കുന്ന പുതിയ സൗന്ദര്യശാസ്ത്രം “മറ’യിലൂടെ സിതാര പറഞ്ഞുവെയ്ക്കുന്നു. സ്‌ത്രൈണതയുടെ ആർജവത്തില്‍ തിളങ്ങിനില്‍ക്കുന്ന കഥയും കഥാകാരിയുമാണ് “മറ’യില്‍ മറനീക്കി വായനയിലെത്തുന്നത്.
ജീവിതത്തെ അതിന്റെ സമഗ്ര ഭാവങ്ങളോടുകൂടി നോക്കിക്കാണുന്ന കഥാകാരനാണ് റഫീക്ക്. “കൂര്‍ക്ക’ (മാധ്യമം ആഴ്ചപ്പതിപ്പ്) എന്ന കഥയില്‍ റഫീക്ക് അനുഭവിപ്പിക്കുന്നതും മറ്റൊന്നല്ല. പ്രണയഭംഗത്തിന്റെ കഥ, വര്‍ത്തമാനകാലത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന നിരവധി പ്രശ്‌നങ്ങള്‍ ചേര്‍ത്തുനിര്‍ത്തുന്നു. എഫ്.ബി. പോസ്റ്റും പ്രതികാരവും ഓർമകളില്‍ തളിര്‍ക്കുന്ന സ്‌നേഹത്തിന്റെ തണുപ്പ് റഫീക്ക് “കൂര്‍ക്ക’യില്‍ ഇഴചേര്‍ത്തിട്ടുണ്ട്. ശരീരങ്ങളുടെ അകലം മാഞ്ഞുപോകുന്ന, എല്ലാ കെട്ടുപാടുകളും വിസ്മരിക്കപ്പെടുന്ന ഒരു പശ്ചാത്തലത്തിലാണ് റഫീക്ക് കഥയെയും കഥാപാത്രങ്ങളെയും ഒരുക്കിയെടുത്തത്. “”അത് കൂര്‍ക്കയാണ്, സീത വരുമ്പോള്‍ കൈയിലുള്ള കാശിന് മുഴുവന്‍ ഇതുപോലെ എന്തെങ്കിലും വാങ്ങിക്കൊണ്ടുവരും.” യാത്രപോകുന്ന ബസുകളില്‍ താമസിക്കുന്ന സീത കഥപറച്ചിലുകാരന് അദ്ഭുതമാണ്. പക്ഷേ, വേദനയുടെ, ആകുലതയുടെ കഥാവത്കരണമാണ് “കൂര്‍ക്ക’യില്‍ എഴുത്തുകാരന്‍ നടത്തുന്നത്. അത് ആകാശത്തിനും ഭൂമിക്കുമിടയില്‍ തൂങ്ങിയാടുന്ന സ്വപ്നംപോലെയാണ്.
പുസ്തകങ്ങളില്‍ വീണുടയുന്ന ജീവിതമാണ് സതീഷ്ബാബു പയ്യന്നൂരിന്റെ “അരികിലാരോ’ എന്ന കഥ (മാതൃഭൂമി ഓണപ്പതിപ്പ്). കഥയും കഥാപാത്രങ്ങളും എഴുത്തുകാരും നിറയുന്ന നോവലുകള്‍ മലായളത്തിലുണ്ട്. കഥയില്‍ വായന നിറയുന്നത് അപൂര്‍വമാണ്. സതീഷ്ബാബു “അരികിലാരോ’യില്‍ പ്രമേയത്തിലും ആവിഷ്‌കാരത്തിലും പുതിയൊരു ഉണര്‍വ് കൊണ്ടുവരുന്നു. ജീവിതത്തിന്റെ നേരറിവുകള്‍കൊണ്ട് മനസ് നീറുന്ന ഒരാളുടെ ജീവിതമാണ്’ അരികിലാരോ’. സ്വപ്നവും ഓർമയും കൂടിക്കുഴയുന്ന അന്തരീക്ഷമാണ് കഥയില്‍ നിറയുന്നത്. എല്ലാം കടലെടുത്തു പോകുന്ന നാളുകളെപ്പറ്റി വേവലാതി കൊള്ളുന്ന ഒരാളും ഒന്നിലും കമ്പമില്ലാത്ത, എല്ലാം വലിച്ചു പുറത്തിട്ട്, വായനപോലും പുറത്താക്കി ജീവിക്കുന്നവരും സതീഷ്ബാബുവിന്റെ കഥയിലുണ്ട്. കടലാസുവിലയും പുസ്തകകൂനയും ചോദ്യമായി നില്‍ക്കുമ്പോള്‍, അറിവടയാളങ്ങള്‍ ശിരസില്‍ തലോടി “ആരോ അരികിലുണ്ട്’ എന്ന പതിഞ്ഞ ശബ്ദം കേട്ടുകൊണ്ടാണ് അയാളുടെ ബോധം മറഞ്ഞു മറഞ്ഞു പോകുന്നത്. വായന കൊതിച്ചുപോകുന്ന മനുഷ്യന്റെ സഹനഭൂമികയാണ് സതീഷ്ബാബു പയ്യന്നൂരിന്റെ കഥ.
ജീവിതത്തിന്റെ വീണ്ടെടുക്കലാണ് കവിത. അധികാരത്തിന്റെയും വേര്‍തിരിവുകളുടെയും വന്യവും നിഗൂഢവുമായ അടിവേരുകള്‍ പ്രശ്‌നവത്കരിക്കുന്നതില്‍ കവിത വഹിക്കുന്ന പങ്ക് ചെറുതല്ല. സെപ്റ്റംബറില്‍ വായനയിലെത്തിയ കവിതകളും സംവദിക്കുന്നത് ജീവിതത്തിന്റെ തുറസുകളെപ്പറ്റിയാണ്. ജീവിതത്തിന്റെയും ആഖ്യാനങ്ങളുടെയും പുറത്തു നിര്‍ത്തിയവരെ കവിതയിലേക്ക് കൊണ്ടുവരുന്ന കവിയാണ് കല്‍പ്പറ്റ നാരായണന്‍. ഇരുട്ടിലേക്ക് അരിച്ചെത്തുന്ന ഒരു വെളിച്ചത്തിന്റെ തുണ്ട് കല്‍പ്പറ്റ നാരായണന്‍ കവിതയില്‍ കാത്തുസൂക്ഷിക്കുന്നു. “മന്ഥര’ (മാതൃഭൂമി ഓണപ്പതിപ്പ്) എന്ന രചനയിലും കല്‍പ്പറ്റയുടെ എഴുത്തിന്റെ ആഴം നിറഞ്ഞുനില്‍പ്പുണ്ട്. ബഹിഷ്‌കരിക്കാന്‍ കാരണങ്ങള്‍ തിരയുന്ന ഒരു പാരമ്പര്യത്തിന്റെ ഇരയാണ് മന്ഥര. ആളുകള്‍ വെറുപ്പോടെ മുഖം തിരിക്കുന്നതിന്റെ ഓട്ട ഇട്ടുവെച്ച ഒരു വലിയ ഭരണിയായി തന്നെ സങ്കല്പിക്കുന്ന മന്ഥര, അനിഷ്ടമായി മാറിയ കഥയാണ് പറയുന്നത്. കവിതയുടെ ഉള്‍പ്പിരിവുകളില്‍ തുടിക്കുന്ന കാലവും യാഥാർഥ്യവും കല്‍പ്പറ്റയുടെ വാക്കുകളില്‍ ജ്വലിച്ചു നില്‍ക്കുന്നു. കവിത കാഴ്ചയുടെ വഴിയിട മാറുന്നു. പരിണാമം മുള്‍ക്കവരങ്ങളിലൂടെ നൂണ്ട് ഉറ പൊഴിക്കുന്നു.
സത്യാന്വേഷണത്തിന്റെ പ്രതലം കവിതയിലേക്ക് തിരിച്ചു നിര്‍ത്തുകയാണ് കെ.ആര്‍. ടോണി “നീ’ എന്ന കവിതയില്‍ (മാധ്യമം). നിന്റെ നാക്കില്‍ ചോരയിറ്റുന്നു, മനുഷ്യനാണോ, ചെന്നായയോ നീ എന്ന് ചോദിച്ചു വാക്കിന്റെ തിളര്‍പ്പ് ഭാവതീവ്രതയോടെ അവതരിപ്പിക്കുകയാണ് കെ.ആര്‍. ടോണി. പ്രാന്തവത്കരണത്തിന്റെ കയറ്റിറക്കങ്ങള്‍ മലയാള കവിതയില്‍ അനുഭവത്തിന്റെ, കണ്ടെടുപ്പിന്റെ ഉള്‍പ്പുറ ചിത്രങ്ങള്‍കൊണ്ട് വിളിച്ചുപറഞ്ഞ കെ.ആര്‍. ടോണി “നീ’യില്‍ “നീ’ എന്നായി മാറിയതിന്റെ പൊരുള്‍ തിരയുന്നു. ആരെന്ന ചോദ്യം അവശേഷിക്കുമ്പോഴും കവിത മുഴക്കമായി വായനയില്‍ നിര്‍ത്താന്‍ ടോണിയുടെ വരികള്‍ക്ക് വേരുറപ്പുണ്ട്.
വീണ്ടെടുപ്പിന്റെയും അന്വേഷണത്തിന്റെയും തിരച്ചിലുകള്‍ പന്തലിച്ചു നില്‍ക്കുന്ന കവിതകളാണ് വീരാന്‍കുട്ടിയുടേത്. ആകാശത്തിലേക്കും ഭൂമിയിലേക്കും വേരുകള്‍ ഉറപ്പിച്ചു നിര്‍ത്തുന്ന കവിയും കവിതയും “വെളിച്ചത്തെക്കുറിച്ച് രണ്ട് കവിതകള്‍’ (മാതൃഭൂമി ഓണപ്പതിപ്പ്) ചില തിളക്കമുള്ള വാക്കുകള്‍ അന്വേഷിച്ചലയുന്ന മനസിന്റെ വേപഥുകളാണ്. തിളക്കമുള്ള വാക്കുകള്‍, പൂവ് എന്നിങ്ങനെ രണ്ടു ഭാഗങ്ങളിലായി വാക്കിന്റെ അപരമുഖം ആവിഷ്‌കരിക്കുന്നു. പേരിന്റെ പൊരുളില്‍ പടരുന്ന അര്‍ഥതലങ്ങളുടെ ഇടകലര്‍പ്പാണ് വീരാന്‍കുട്ടി കവിതയില്‍ ആവിഷ്‌കരിക്കുന്നത്. ആരോ ചൂഴ്‌ന്നെടുക്കപ്പെടുന്ന വാക്കിന്റെ അർഥവും കണ്ണുകളും പൊള്ളിക്കുന്നതും ആശ്വസിപ്പിക്കുന്നതുമായ ചിത്രങ്ങളാണ് “വെളിച്ചത്തെക്കുറിച്ച് രണ്ടു കവിതകളി’ല്‍ കവി വരച്ചിടുന്നത്. തിളക്കമുള്ള വാക്കുകളില്‍ ഇനിയും എഴുതൂ- എന്ന കവിവാക്യം പ്രതീക്ഷയുടെ ശബ്ദം കേള്‍പ്പിക്കുന്നു. പി. രാമന്റെ രണ്ടു കവിതകള്‍ (മാധ്യമം), കണിമോളുടെ “കറുത്ത ജാഗ്രത’ (മാതൃഭൂമി ഓണപ്പതിപ്പ്) എന്നിവയും പോയ മാസത്തില്‍ കവിതയുടെ നിറവ് വായനയില്‍ ചേര്‍ത്തുവെച്ചു. മലയാള കവിതയില്‍ കാക്കയും കാക്കക്കാറലും പലപ്പോഴും കൂടുവെച്ചിട്ടുണ്ട്. കണിമോളും “കറുത്ത ജാഗ്രത’യില്‍ കാക്കക്കാറലിന്റെ പൊരുളുകളാണ് അന്വേഷിക്കുന്നത്. സംസ്‌കാരത്തിന്റെ, ആചാരവിധികളുടെ നദികള്‍ നീന്തിക്കയറുന്ന കണിമോള്‍, കാക്കപ്പുരയുടെ ചിത്തം കേള്‍പ്പിക്കുന്നു. അത് പ്രതിരോധത്തിന്റെ വരമൊഴിയായി മാറുന്നു. പി. രാമന്‍ രണ്ടു കവിതകളില്‍, കോവിഡ് കാലത്തിന്റെ അക്ഷരസങ്കടങ്ങളും ആള്‍ക്കൂട്ടത്തിന്റെ ജാഗരണം ഉണര്‍ത്തുന്ന കാലത്തിന്റെ സ്പന്ദനവും ചേര്‍ത്തുവെക്കുന്നു. ആളൊഴിഞ്ഞ തെരുവുകളില്‍ നൃത്തച്ചുവടിന്റെ താളം നിറയുമ്പോള്‍ ഉണര്‍ത്തുകാലത്തിന്റെ പുതിയ നിറഭേദങ്ങളിലേക്ക് കവി വായനക്കാരനെ നടത്തിക്കുന്നു. വര്‍ണനയിലും ആഖ്യാനത്തിലും അസാമാന്യമായ തെളിച്ചം വിതയ്ക്കുന്ന കവിതകളില്‍ ചേര്‍ത്തു വായിക്കാവുന്ന കവിതകള്‍ സെപ്റ്റംബറിന്റെ എഴുത്തു തട്ടകത്തിലുണ്ട് ■

Share this article

About കുഞ്ഞിക്കണ്ണന്‍ വാണിമേല്‍

kkvanimel@gmail.com

View all posts by കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ →

Leave a Reply

Your email address will not be published. Required fields are marked *