വരച്ചുതീരാത്ത വിസ്മയങ്ങള്‍

Reading Time: 3 minutes

“ഉറക്കത്തില്‍ കാണുന്നതല്ല സ്വപ്‌നം, നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതാണ് യഥാർഥ സ്വപ്നം’ എന്നു പറഞ്ഞത് മുന്‍രാഷ്ട്രപതി എ പി ജെ അബ്ദുല്‍കലാമാണ്. ഇങ്ങനെ ഉറക്കം നഷ്ടപ്പെട്ട് താന്‍ കണ്ട സ്വപ്‌നങ്ങളെ ഹൃദയത്തില്‍ താലോലിച്ച് ആഗ്രഹങ്ങളെ കൈയെത്തിപിടിച്ച ഒരു ചിത്രകാരനുണ്ട് കോഴിക്കോട്ട്. പേര് ഫിറോസ് അസ്സന്‍. കോഴിക്കോട്ടെ വടകരയിലെ വലിയവളപ്പില്‍ നിന്ന് ലോകത്തോളം വളര്‍ന്ന കലാകാരന്‍. തെരുവിലെ ചുമരുകളിലും ബോര്‍ഡുകളിലും പരസ്യവാചകങ്ങളെഴുതിയും ചിത്രം വരച്ചും നടന്ന ഈ യുവാവ് അസാധ്യമെന്ന് കരുതിയതെല്ലാം കൈവള്ളയിലാക്കി “ചിത്രയാത്ര’ തുടരുകയാണ്. ഫിറോസ് വരച്ച ചിത്രങ്ങള്‍ ഇന്ത്യന്‍ പാര്‍ലിമെന്റിലും വിവിധ രാഷ്ട്രങ്ങളിലെ രാജകൊട്ടാരങ്ങളിലും ഇടംനേടിയിട്ട് വര്‍ഷങ്ങളായി. ഏറ്റവുമൊടുവില്‍, ഖത്വറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിലെ ഫൈനല്‍ മത്സരം നടക്കുന്ന സ്‌റ്റേഡിയത്തിലോ ഫിഫയുടെ ഓഫീസിലോ ചിത്രം പ്രദര്‍ശിപ്പിക്കാമെന്ന ഉറപ്പും ലഭിച്ചുകഴിഞ്ഞു. ബ്രഷിന്‍തുമ്പില്‍ നിന്ന് ഫിറോസ് ക്യാന്‍വാസിലേക്ക് പകരുന്നത് ജീവനുള്ള ചിത്രങ്ങള്‍ തന്നെയാണ്. തെരുവിലെ ചിത്രകാരനായിരുന്ന ഇദ്ദേഹം ഇന്ന് ലോകത്തെ വിവിെഎപികളുമായി സൗഹൃദമുള്ള കലാകാരനാണ്.

ഉപ്പയെന്ന ഗുരു
കലാപാരമ്പര്യമുള്ള കുടുംബമാണ് ഫിറോസിന്റേത്. ഉപ്പാപ്പ തേര്‍ക്കണ്ടി മമ്മദ് സംസ്‌കൃത പണ്ഡിതനും എഴുത്തുകാരനുമായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ അബ്ദുറഹ് മാന്‍ കുട്ടി എഴുത്തുകാരനും കവിയും കഥാപ്രസംഗകനുമായിരുന്നു. ഫിറോസിന്റെ ഉപ്പ അസ്സന്‍കുട്ടിക്ക് എഴുത്ത് വശമുണ്ടായിരുന്നെങ്കിലും ചിത്രംവരയിലാണ് കൂടുതല്‍ ശ്രദ്ധേയനായത്. ഈ കഴിവാണ് ഫിറോസിനും ലഭിച്ചത്. പിതാവ് വരയ്ക്കുന്നതു കണ്ടാണ് ഫിറോസ് വളര്‍ന്നത്. പിന്നീട് അതുതന്നെ ജീവിത മാര്‍ഗമായി മാറുകയായിരുന്നു. ഏഴോ എട്ടോ വയസിലാണ് ഫിറോസ് വരച്ചുതുടങ്ങിയത്. വരയിലുള്ള കഴിവ് തിരിച്ചറിഞ്ഞ് സ്‌കൂള്‍ അധ്യാപകര്‍ പ്രോത്സാഹനം നല്‍കുകയും മത്സരങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. എട്ടാംക്ലാസ് മുതലാണ് വരയെ ഗൗരവത്തിലെടുത്തു തുടങ്ങിയത്. സ്‌കൂളില്‍ നിന്ന് വന്നാല്‍ വീട്ടിലിരുന്ന് ഉപ്പയെ വരയ്ക്കാന്‍ സഹായിക്കും. ഇതിനു പ്രതിഫലമായി ചെറിയ തുകയും ലഭിക്കും. എസ് എസ് എല്‍ സി പരീക്ഷയില്‍ പരാജയപ്പെട്ടതിന് വീട്ടില്‍ നിന്ന് ഉപ്പ ഇറക്കി വിട്ടു. വിജയിച്ചിട്ട് തിരിച്ചുകയറിയാല്‍ മതിയെന്നാണ് ഉഗ്രശാസന. പിന്നീട് ഉമ്മയുടെ വീട്ടില്‍ വെച്ച് വീണ്ടും പഠിച്ച് പരീക്ഷയില്‍ ജയിച്ചാണ് ഉപ്പയുടെ ആഗ്രഹം സാധിച്ചത്.

പത്താംക്ലാസുകാരൻ എന്‍ജിനീയറിങ് കോളജിൽ അധ്യാപകൻ!
പത്താംക്ലാസിന് ശേഷം പ്രീഡിഗ്രിക്ക് ചേര്‍ന്നെങ്കിലും സാമ്പത്തിക പ്രയാസത്തെ തുടര്‍ന്ന് പഠനം തുടരാനായില്ല. ഇതോടെ മുഴുവന്‍ സമയ ചിത്രകാരനായി മാറി. ചുമരുകളിലും ബാനറുകളിലും ബോര്‍ഡുകളിലുമെല്ലാം എഴുതി കഴിഞ്ഞുകൂടി. ഇതിനിടെയാണ് രാഷ്ട്രപതിയായിരുന്ന എപിജെ അബ്ദുല്‍കലാം കാലിക്കറ്റ് സര്‍വകലാശാലയില്‍ വരുന്നുവെന്നറിഞ്ഞത്. അദ്ദേഹത്തെ നേരില്‍കണ്ട് ചിത്രം കൈമാറണമെന്ന് ആഗ്രഹിച്ച് യൂനിവേഴ്‌സിറ്റിയില്‍ ജോലി ചെയ്തിരുന്ന അമ്മാവനുമായി ബന്ധപ്പെട്ടു. പലവഴിക്കും ശ്രമം നടത്തിയെങ്കിലും സാധ്യതയില്ലെന്ന് മനസിലാക്കിയ ഫിറോസ് അന്നു വൈസ്ചാന്‍സിലറായിരുന്ന സയ്യിദ് ഇഖ്ബാല്‍ ഹസ് നൈനെ നേരില്‍കണ്ട് ആഗ്രഹമറിയിച്ചു. അദ്ദേഹം ഓഫീസിലെ ചുമരില്‍ തൂക്കിയിരുന്ന കാലിക്കറ്റിലെ ആദ്യ വൈസ് ചാന്‍സിലറായിരുന്ന എം എം ഗനിയുടെ ചിത്രം വരച്ചുനല്‍കാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ദിവസങ്ങള്‍ക്കു ശേഷം ഗനിയുടെ ചിത്രം വരച്ച് വൈസ് ചാൽസലറെ കാണിക്കുകയും അദ്ദേഹത്തിനത് ഇഷ്ടമാകുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ ചിത്രവും വരച്ചുനല്‍കി. ഇത് വി സിയുടെ ഔദ്യോഗിക വസതിയില്‍ സ്ഥാപിച്ചിരുന്നു. പിന്നീട് ഹസ്‌നൈന്‍ ഡല്‍ഹിയിലേക്ക് മടങ്ങിയപ്പോള്‍ ആ ചിത്രം കൊണ്ടുപോവുകയും ചെയ്തു. അദ്ദേഹത്തിന്റെ ഇടപെടലിലൂടെയാണ് കലാമിനെ കാണാന്‍ ഫിറോസിന് പാസ് ലഭിച്ചതും അദ്ദേഹത്തിന്റെ ചിത്രം നേരിട്ട് സമ്മാനിക്കാൻ ഭാഗ്യമുണ്ടായതും. പിന്നീട് യൂണിവേഴ്‌സിറ്റിയില്‍ അതുവരെ വി സി സ്ഥാനത്തിനിരുന്നവരുടെയെല്ലാം ചിത്രങ്ങള്‍ വരയ്ക്കാനുള്ള ഓഫര്‍ ലഭിക്കുകയും ചെയ്തു. അവയെല്ലാം ഇപ്പോഴും ഇവിടത്തെ സെമിനാര്‍ കോംപ്ലക്‌സില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം ഡോ. എം അബ്ദുസ്സലാം വൈസ് ചാൻസലര്‍ ആയിരിക്കേ അപ്രതീക്ഷിതമായൊരു വിളിയെത്തി ഫിറോസിന്. കോഴിക്കോട് കാരാട് വേദവ്യാസ എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കാനുള്ള ക്ഷണമായിരുന്നുവത്. ഒട്ടും വിശ്വസിക്കാനാകാത്ത വിളി. ആര്‍കിടെക്ചര്‍ വിഭാഗത്തിലെ വിദ്യാര്‍ഥികളെ വരയ്ക്കാന്‍ പഠിപ്പിക്കുകയാണ് വേണ്ടത്. ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ സമ്മതിക്കേണ്ടി വന്നു ഫിറോസിന്. അങ്ങനെ പത്താംക്ലാസുകാരന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ അധ്യാപകനായി മാറി. ഒരിക്കല്‍ പോലും അധ്യാപകനാകുമെന്ന് ആഗ്രഹിക്കുകയോ അതിനുള്ള വിദ്യാഭ്യാസം നേടുകയോ ചെയ്യാത്ത ഫിറോസിന് എല്ലാം ഒരു സ്വപ്‌നമായിരുന്നു.

ക്രിക്കറ്ററായില്ല, സ്‌പോര്‍ട്‌സ് പെയ്ന്ററായി
ഫുട്‌ബോളും ക്രിക്കറ്റും കളിച്ചുവളര്‍ന്ന ഫിറോസിന് ക്രിക്കറ്റ് താരമാകണമെന്നായിരുന്നു കുട്ടിക്കാലത്ത് മോഹം. അതിനു സാധിച്ചില്ലെങ്കിലും ക്രിക്കറ്റ് താരങ്ങളുടെ ജീവന്‍തുടിക്കുന്ന ചിത്രങ്ങള്‍ വരച്ച് അവരുടെ സ്‌നേഹവും സൗഹൃദവും ഏറ്റുവാങ്ങാന്‍ സൗഭാഗ്യം ലഭിച്ചു. മാതൃഭൂമി സ്‌പോര്‍ട്‌സ് മാഗസിനിലെ റിപ്പോര്‍ട്ടര്‍ കെ വിശ്വനാഥനാണ് വരയിലെ വ്യത്യസ്തമായ കഴിവ് മനസിലാക്കി ഫിറോസിനെ ആ വഴിയിലേക്ക് തിരിച്ചുവിടുന്നത്. സച്ചിന്‍, സെവാഗ്, ധോണി, രാഹുല്‍ ദ്രാവിഡ്, ഇന്‍സമാമുല്‍ ഹഖ്, ബ്രെറ്റ്‌ലീ, ഷെയ്ന്‍വോണ്‍, കപില്‍ദേവ്, സുനില്‍ ഗവാസ്‌കര്‍ തുടങ്ങി ലോകപ്രശസ്ത ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ വരച്ച് അവര്‍ക്ക് നേരിട്ട് സമ്മാനിച്ചിട്ടുണ്ട്. കൂടാതെ മറഡോണ, മന്‍മോഹന്‍സിംഗ്, ഷീലാദീക്ഷിത്, എ കെ ആന്റണി, ഗുലാം നബി ആസാദ്, രാഹുല്‍ ഗാന്ധി, പ്ലാറ്റിനി, സഊദിയിലെ അബ്ദുല്ല രാജാവ്, ഷാര്‍ജാ ശൈഖ് സുല്‍ത്താന്‍ ബിന്‍ അല്‍കാസിം തുടങ്ങി നൂറുകണക്കിന് പ്രമുഖരുടെ ചിത്രങ്ങള്‍ ക്യാന്‍വാസിലാക്കി. ഇവരെയെല്ലാം നേരില്‍ കാണാന്‍ കഴിയുമെന്ന്് ഒരിക്കലും കരുതിയതേയല്ല. കൂടാതെ ലോകപ്രശസ്ത ചിത്രകാരന്‍ എം എഫ് ഹുസൈന്‍ ഫിറോസിന്റെ ചിത്രങ്ങള്‍ കാണുകയും അദ്ദേഹത്തെ കാണാന്‍ ഖത്വറിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. യാത്രയ്ക്കുള്ള തയാറെടുപ്പുകള്‍ നടത്തുന്നതിനിടെ ഹുസൈന്‍ മരണപ്പെട്ടു. ഇത് ജീവിതത്തിലെ വലിയ നഷ്ടമായിരുന്നുവെന്ന് ഫിറോസ് ഓര്‍മിക്കുന്നു. പിറ്റേവര്‍ഷം ഹുസൈന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഇന്ത്യയിലും വിദേശത്തുമായി ചിത്രപ്രദര്‍ശനം നടത്തി. സഊദി, ഖത്വര്‍, ദുബൈ, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് പ്രദര്‍ശനം നടത്തിയത്. ഹുസൈന്റെ കുടുംബാംഗങ്ങളെയും ഇതിലേക്ക് ക്ഷണിച്ചിരുന്നു. ഇന്ത്യയിലെയും പുറത്തെയും പല ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലും ഫിറോസ് വരച്ച ചിത്രങ്ങളുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തില്‍ 12 മീറ്റര്‍ നീളത്തിലുള്ള പെയ്ന്റിങ് ചെയ്യാനും അവസരമുണ്ടായി. ഇത് ശ്രദ്ധിക്കപ്പെട്ടതോടെ കണ്ണൂരിന്റെ ചരിത്രം പറയുന്ന ചിത്രങ്ങള്‍ 69 മീറ്ററില്‍ വരക്കാനും അവസരം ലഭിച്ചു. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഇത് പൂര്‍ത്തിയാക്കിയത്.

പതിനേഴാം വയസില്‍ ഒളിച്ചോട്ടം
പീഡിഗ്രി പഠനം മതിയാക്കി ഫിറോസ് നേരെ പോയത് കോഴിക്കോട്ടെ ഒരു പരസ്യ സ്ഥാപനത്തിലേക്കാണ്. ഇവിടെ തനിക്ക് ഉയരാനുള്ള അവസരമുണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞ് വേഗം പടിയിറങ്ങി. പിന്നീട് വീട്ടുകാരെ പോലും അറിയിക്കാതെ മര്‍സൂഖ് എന്ന സുഹൃത്തിനെയും കൂട്ടി പതിനേഴാം വയസില്‍ കൊച്ചിയിലേക്ക് വണ്ടി കയറി. അവിടെയും ഒരു പരസ്യസ്ഥാപനത്തില്‍ തന്നെയായിരുന്നു ജോലി. രാത്രിയും പകലുമില്ലാതെ കൊച്ചിനഗരത്തിന്റെ പല ഭാഗങ്ങളില്‍ വരച്ചു. ആറ് മാസത്തോളം ഇവിടെയായിരുന്നു. ചെറിയ പ്രായത്തില്‍ വലിയൊരു നഗരത്തിലെത്തിപെട്ടു. പലപ്പോഴും കൂലിയോ ഭക്ഷണമോ ഉണ്ടാകില്ല. ഇതിനിടെ വീട്ടുകാര്‍ അന്വേഷിക്കുന്നുണ്ടാകുമെന്ന് കരുതി നാട്ടിലേക്ക് കത്തെഴുതി പോസ്റ്റ് ചെയ്യാനായി രാവിലെ പുറത്തിറങ്ങിയത് ഉപ്പയുടെ മുന്നിലേക്കായിരുന്നു. അപ്രതീക്ഷിതമായി ഉപ്പയെ അവിടെ കണ്ടതോടെ ഞെട്ടിപ്പോയി. എങ്കിലും ഉപ്പയുടെ നിര്‍ബന്ധത്തിന് വഴങ്ങി നാട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് ഉപ്പയുടെ പരിചയത്തിലുള്ള കോഴിക്കോട്ടെ ബാബു എന്നയാളുടെ നിറക്കൂട്ട് എന്ന പരസ്യ സ്ഥാപനത്തില്‍ ജോലി ചെയ്തു.
എസ് വൈഎസ്, എസ്എസ്എഫ് സമ്മേളനങ്ങളുടെയും, സാഹിത്യോത്സവുകളുടെയും കവാടങ്ങളിലും വേദികളിലുമെല്ലാം പലതലണ ഫിറോസിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. വിവിധ ജില്ലകളിലെയും ചില വര്‍ഷങ്ങളില്‍ സംസ്ഥാന സാഹിത്യോത്സവിന്റെ പ്രധാന വേദികൾ മനോഹരമാക്കിയത് ഫിറോസിന്റെ കരവിരുതായിരുന്നു. എസ് വൈ എസ് ഗോള്‍ഡന്‍ ജൂബിലിയുടെ ബൈതുല്‍ മുഖദ്ദസ് മാതൃകിലുള്ള കവാടം തയാറാക്കിയത് ഫിറോസായിരുന്നു. കോഴിക്കോട് മര്‍കസ് റൂബി ജൂബിലിയുടെ വേദിയൊരുക്കാനും അവസരം ലഭിച്ചു. എസ്എസ്എഫ് സാഹിത്യോത്സവ് വേദികളില്‍ വിധികര്‍ത്താവായും പലതവണ എത്തിയിട്ടുണ്ട് ഫിറോസ്.
യൂറോപ്യന്‍ രാഷ്ട്രങ്ങളിലെവിടെയെങ്കിലും പെയ്ന്റിങ് പ്രദര്‍ശനം നടത്തണമെന്നാണ് ഫിറോസിന്റെ ആഗ്രഹം. അതോടൊപ്പം, ചിത്രകലയില്‍ കഴിവുണ്ടായിട്ടും അവസരങ്ങളില്ലാതെ മാറ്റിനിര്‍ത്തപ്പെട്ട കലാകാരന്‍മാരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തണം. തന്റെ വര്‍ക്കുകളില്‍ അവരെക്കൂടി പങ്കാളികളാക്കി തൊഴില്‍ അവസരങ്ങള്‍ നല്‍കി മെച്ചപ്പെട്ട ജീവിതാന്തരീക്ഷമൊരുക്കിക്കൊടുക്കണം. കുടുംബത്തോടും സമൂഹത്തോടും ഉത്തരവാദിത്വമുള്ളവരും ലഹരിയിലും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാത്തവരും ജോലിയോട് അത്മാർഥതയുള്ളവരുമാകണം അവരെന്ന നിര്‍ബന്ധമുണ്ട് ഫിറോസിന്. ആഗ്രഹങ്ങള്‍ കൊടുമുടി കയറുമ്പോഴും വന്ന വഴികളെയോ തന്നെപോലെയുള്ള കലാകാരന്‍മാരെയോ മറക്കുന്നില്ല എന്നതാണ് ഫിറോസിന്റെ പ്രത്യേകത.

പ്രളയം കവര്‍ന്ന ജീവിതം
കുടുംബം രക്ഷപ്പെടാന്‍ ഇതിനിടെ സഊദി അറേബ്യയിലും ജോലിയടുത്തിട്ടുണ്ട് ഫിറോസ്. മലപ്പുറത്തെ സുഹൃത്ത് വഴിയാണ് ഇവിടെയെത്തുന്നത്. കലയെ കുറിച്ച്് കൂടുതലൊന്നും അറിയാത്ത ഒരാളുടെ അടുത്താണ് എത്തിപ്പെട്ടത്. എങ്കിലും തുച്ഛമായ ശമ്പളത്തില്‍ അവിടെ ജോലി ചെയ്തു. വീട്ടിലേക്ക് പണം അയക്കാതെ കിട്ടുന്ന ശമ്പളം കൊണ്ട് പെയ്ന്റും ബ്രഷും വാങ്ങി വരച്ചുകൊണ്ടേയിരുന്നു. സഊദി രാജാവിന്റെ ചിത്രങ്ങള്‍ വരച്ച് അത് അദ്ദേഹത്തിന് സമ്മാനിക്കണമെന്ന ആഗ്രഹമുണ്ടായി. അതിനുള്ള ശ്രമങ്ങളായി പിന്നീട്. പോലീസ് ഓഫീസര്‍ മുഖേന രാജാവിന്റെ പ്രൈവറ്റ് സെക്രട്ടറിയെ പരിചയപ്പെട്ടു. പിന്നീട് കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. ഇതിനിടെ 2009ല്‍ താമസിക്കുന്ന കെട്ടിടം ഉള്‍പ്പെടുന്ന സ്ഥലം മഴപെയ്ത് വെള്ളം നിറഞ്ഞു. കെട്ടിടത്തിന് മുകളില്‍ കയറിയാണ് രക്ഷപ്പെട്ടത്. മുറിയിലാകെ വെളളം കയറി. രാജാവിന് സമ്മാനിക്കാന്‍ വരച്ചുവെച്ചിരുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ എല്ലാം വെള്ളത്തില്‍ ഒലിച്ചുപോയി. സകലതും നഷ്്ടപ്പെട്ടതോടെ വല്ലാത്തൊരു മാനസികാവസ്ഥയിലായി. വിസ നല്‍കിയ വ്യക്തി അദ്ദേഹത്തിന്റെ മുറിയിൽ കൊണ്ടുപോയി താമസിപ്പിച്ചു. ഒരു മാസം കഴിഞ്ഞാണ് വീണ്ടും പഴയ സ്ഥിതിയിലേക്ക് തിരികെയെത്തിയത്. എന്നാല്‍ തോല്‍ക്കാന്‍ തയാറാകാതെ ഫിറോസ് വീണ്ടും സഊദി രാജാവിന്റെ ചിത്രം വരച്ചു തുടങ്ങി. ചിത്രം പിന്നീട് രാജാവിനെ നേരിട്ട് കണ്ടു സമര്‍പ്പിക്കുകയും ചെയ്തു. തോറ്റുകൊടുക്കാൻ നിന്നുകൊടുക്കില്ലെന്ന ആത്മവിശ്വാസമാണ് ഫിറോസിന് ഉയിർത്തെഴുന്നേൽക്കാൻ സഹായകമായത്.
ബഹുമതികള്‍ ഏറെ നേടിയിട്ടുണ്ട്, പക്ഷേ അതിന്റെ നാട്യങ്ങളൊട്ടുമില്ല. നാട്ടിലും വിദേശത്തുമായി വരയുടെ വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണിപ്പോഴും. കലയാണ് ഫിറോസിന് ജീവിതം. വര്‍ണങ്ങളില്‍ വിസ്മയം തീര്‍ത്ത് അനേകായിരം മനുഷ്യരുടെ മനസുകളില്‍ ആനന്ദം നിറക്കുകയാണ് ഈ കലാകാരന്‍. ആ യാത്രയില്‍ കൂട്ടിന് ഭാര്യ അഡ്വ. തസ്‌ലീനയും മക്കളായ സബലയും ഫാരിഹ മെഹറിനുമുണ്ട് ■

Share this article

About ജലീൽ കല്ലേങ്ങൽപടി

jaleelkallengalpadi@gmail.com

View all posts by ജലീൽ കല്ലേങ്ങൽപടി →

Leave a Reply

Your email address will not be published. Required fields are marked *