ലഹരിയുണ്ട്; നമുക്ക് ജാഗ്രത്താവാം

Reading Time: 4 minutes

പ്ലസ്ടു വിദ്യാർഥിയായ സഫ് നാസ് (യഥാർഥ പേരല്ല) ബൈക്കപകടം പറ്റി കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടു. അവന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിന് പിറകില്‍ ഇടിക്കുകയായിരുന്നു. ദിവസം കഴിയുന്നതോടെ ആരോഗ്യസ്ഥിതി വഷളാവാന്‍ തുടങ്ങി. മരുന്നുകളോട് പ്രതികരിക്കാതെയായപ്പോള്‍ സംശയം തോന്നിയ ഡോക്ടര്‍ അവന്റെ രക്തസാമ്പിളുകള്‍ പരിശോധനക്ക് വിധേയമാക്കി. അതില്‍ മയക്കുമരുന്നിന്റെ അംശം അടങ്ങിയിട്ടുണ്ടായിരുന്നു. അടുത്ത ദിവസം വിദേശത്തുനിന്നും മകന്റെ അപകടവിവരം അറിഞ്ഞെത്തിയ പിതാവിനോടടക്കം ബന്ധുക്കളോട് ഡോക്ടര്‍ കാര്യം പറഞ്ഞപ്പോള്‍ അവരാരും അത് വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. അങ്ങനെയുള്ള ഒരു സാഹചര്യത്തിന് സാധ്യതയില്ലെന്ന് അവര്‍ തീര്‍ത്തുപറഞ്ഞു. ഒരാഴ്ച കഴിഞ്ഞു അവന്‍ മരണത്തിന് കീഴടങ്ങി. നാട്ടിലും വീട്ടിലുമൊക്കെ നല്ല ചെറുപ്പക്കാരനായിരുന്നു സഫ്‌നാസ്. പ്രത്യേകിച്ചൊരു കൂട്ടുകെട്ടൊന്നുമില്ലാതെ സ്‌കൂളില്‍ പോയിവരും. വീട്ടില്‍ നിന്നും വാങ്ങിക്കൊടുത്ത ബൈക്കിലായിരുന്നു കുറച്ചുദൂരെയുള്ള സ്‌കൂളിലേക്കുള്ള പോക്കും തിരിച്ചുവരവും. മരണശേഷമാണ് ചില കൂട്ടുകാരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്, അവന് നേരത്തെ എംഡിഎംഎ ഉപയോഗിക്കുന്ന സംഘവുമായി ബന്ധമുണ്ടായിരുന്നെന്നും ഇതറിയുന്ന കൂട്ടുകാര്‍ അവനെ അതില്‍ നിന്നും പിന്തിരിപ്പാക്കാന്‍ ശ്രമിച്ചിരുന്നെന്നും. ആ ശ്രമങ്ങള്‍ നഷ്ഫലമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

പരിചരണമാണ് പരിഹാരം

ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുക, ഇല്ലാത്ത കാഴ്ചകള്‍ കാണുക എന്നീ വിഭ്രാന്തജനകമായ അനുഭവങ്ങള്‍ ഇന്ദ്രിയങ്ങളില്‍ ഉന്മാദാവസ്ഥ ഉണ്ടാക്കുന്ന ലഹരികള്‍ (ഹാലൂസിനോജന്‍സ്) ഉപയോഗിക്കുമ്പോള്‍ ഉണ്ടാവും.
ലഹരി മരുന്ന് ഉപയോഗിക്കുന്നവരില്‍ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവരുന്നു. ലഹരിമരുന്ന് കിട്ടാതെ വരുമ്പോള്‍ കാണിക്കുന്ന വിഭ്രാന്തി (വിത്ഡ്രോവല്‍ സിന്‍ഡ്രോം) കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുന്നു. ഈ സമയത്ത് ലഹരി മരുന്ന് കിട്ടാന്‍ പോക്കറ്റടിയും പിറിച്ചുപറിയുമടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ തയാറാവും. വാഹനാപകടങ്ങള്‍, ദാമ്പത്യ-കുടുംബ പ്രശ്നങ്ങള്‍ എന്നിവയും ലഹരി മരുന്ന് ഉപയോഗിക്കുന്നവരില്‍ ഏറെയാണ്. ലഹരി ഉപയോഗം മൂലം വ്യക്തിക്ക് ഇത്തരം പ്രശ്നങ്ങള്‍ അനുഭവപ്പെടുമ്പോള്‍ അയാളെ സ്വസ്ഥവും ശാന്തവുമായ ഒരുസ്ഥലത്ത് ഇരുത്തുക, വ്യക്തികളുടെ ശാരീരിക മാനസിക പ്രശ്നങ്ങള്‍ക്കനുസരിച്ച് ഉചിതമായ ചികിത്സ നല്‍കുക എന്നിവ പ്രധാനമാണ്. ഗുരുതരമായ മാനസികാരോഗ്യ ലക്ഷണങ്ങളോ അക്രമ വാസനയോ കാണിക്കുകയാണെങ്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം.
കുട്ടികള്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നതായി കണ്ടാല്‍ ശാന്തമായി കൈകാര്യം ചെയ്ത് ചികിത്സക്ക് വിധേയമാക്കുക. കുട്ടിയെ കുറ്റപ്പെടുത്താതെ പ്രത്യേക ശ്രദ്ധയോടെ പരിചരണവും സാന്ത്വനവും നല്‍കുക. ചികിത്സ കഴിഞ്ഞെത്തുന്ന കുട്ടികള്‍ക്ക്, തന്നെ മാതാപിതാക്കള്‍ സംശയത്തോടെയാണ് കാണുന്നതെന്ന തോന്നല്‍ ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഡോ. പിഎന്‍ സുരേഷ്‌കുമാര്‍
സൈക്യാട്രിസ്റ്റ്‌


ഒന്‍പതാം ക്ലാസുകാരനായ വിദ്യാര്‍ഥിക്കെതിരെ സഹപാഠിയായ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തല്‍ രണ്ട് മാസം മുമ്പാണ് നാം കേട്ടത്. പതിനാല് വയസ് മാത്രം പ്രായമുള്ള വിദ്യാര്‍ഥി തന്നെ ലഹരിമരുന്നിന് അടിമയാക്കി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. തന്നെ മാത്രമല്ല സമാനമായ രീതിയില്‍ മറ്റു പെണ്‍കുട്ടികളെയും ഈ വിദ്യാര്‍ഥി ലഹരിക്ക് അടിമകളാക്കി മാറ്റിയത് അറിയാമെന്നും വിദ്യാര്‍ഥിനി പറഞ്ഞപ്പോഴാണ് രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും പൊലീസും ഒരുപോലെ നടുങ്ങിയത്. ഈ അവസ്ഥ മറ്റാര്‍ക്കും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയാണ് തങ്ങളുടെ മകള്‍ക്ക് നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ച് തുറന്നുപറയുന്നതെന്നാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയ വഴിയാണ് വിദ്യാര്‍ഥി പെണ്‍കുട്ടികളെ പരിചയപ്പെടുന്നത്. അധികവും ഇന്‍സ്റ്റഗ്രാം വഴിയായിരുന്നു ബന്ധം സ്ഥാപിക്കല്‍. തുടര്‍ന്നാണ് ലഹരി കൈമാറ്റവും ലൈംഗികമായ പീഡനവും.
മലപ്പുറം ജില്ലയിലെ മയക്കുമരുന്ന് കേസുകളില്‍ പ്രതികളായ മൂന്നു പേരുടെ സ്വത്തുവകകള്‍ പോലീസ് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ വാര്‍ത്തയും നമ്മള്‍ വായിച്ചതാണ്. നിയമ സംവിധാനങ്ങള്‍ വളരെ ശക്തമായി മുന്നോട്ട് പോകുമ്പോഴും നമ്മുടെ കണ്‍മുന്നിലൂടെ ഇതുപയോഗിക്കുന്നവര്‍ കടന്നു പോവുകയാണെന്ന സത്യം മറക്കാനാവില്ല.

കുട്ടികളുമായി സമയം ചെലവഴിക്കാം

പതിമൂന്നു വയസുള്ള ഒരു കുട്ടി കൗണ്‍സിലിങില്‍ പറഞ്ഞത് അവന്റെ അച്ഛനില്‍ നിന്നാണ് അവന് ആദ്യമായ് മയക്കുമരുന്ന് കിട്ടിയത് എന്നാണ്. പതിനഞ്ചാം വയസില്‍ തന്നെ ലൈംഗിക ചൂഷണം ചെയ്യാന്‍ തുടങ്ങിയ സഹോദരന്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി കുട്ടി. അമ്മയെ അച്ഛന്‍ അടിക്കുന്നതുകണ്ടു വളര്‍ന്ന മകന്‍, അച്ഛനെ തലയ്ക്കടിക്കുന്നു, അവനും മയക്കുമരുന്നിന് അഡിക്റ്റ് ആണ്. ഇത്രയെളുപ്പത്തില്‍ നമ്മളുടെ കുട്ടികളിലേക്ക് എങ്ങനെയാണു ഈ പദാര്‍ഥങ്ങള്‍ എത്തിപ്പെടുന്നത്. കൗമാരക്കാര്‍ പല കാരണങ്ങളാല്‍ മയക്കുമരുന്നിന് അടിമപ്പെടാറുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്ന സമപ്രായക്കാര്‍ ഉള്‍പ്പെടുന്ന ഒരു സാമൂഹികവലയത്തില്‍ അംഗീകരിക്കപ്പെടില്ലെന്നുള്ള ഭയമാണ് ഇതില്‍ കൂടുതലായി കാണപ്പെടുന്നത്. പുതിയ അനുഭവങ്ങള്‍ തേടാന്‍ അവര്‍ പ്രേരിപ്പിക്കപ്പെടുന്നു. പ്രത്യേകിച്ചും ആവേശമോ ധൈര്യമോ ആയി അവര്‍ ഈ അനുഭവത്തെ കരുതുന്നു. വിഷാദരോഗം, സാമൂഹിക ഉത്കണ്ഠ, മാനസിക സമ്മര്‍ദവുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍, ശാരീരിക പ്രയാസങ്ങള്‍ എന്നിങ്ങനെ അനുഭവിക്കുന്നവര്‍ ആ അസ്വസ്ഥതകളില്‍ നിന്നു താൽകാലികമായി രക്ഷപ്പെടാനുള്ള ഒരു ശ്രമമായി മയക്കുമരുന്നുപയോഗം തുടങ്ങാറുണ്ട്. നമ്മുടേത് മത്സരാധിഷ്ഠിതമായ ഒരു സമൂഹമാണ്. അതുകൊണ്ട് പഠനരംഗത്തും കായികരംഗത്തും പ്രകടനം മെച്ചപ്പെടുത്താനുള്ള സമ്മര്‍ദം തീവ്രമായിരിക്കും. ഈ പദാര്‍ഥങ്ങള്‍ അവരുടെ പ്രകടനം വര്‍ധിപ്പിക്കുകയോ മെച്ചപ്പെടുത്തുകയോ ചെയ്യുമെന്ന് കരുതുന്നതുകൊണ്ടും മയക്കുമരുന്നുകളിലേക്കു തിരിയാം. കൃത്യമായ ബോധവത്കരണത്തിലൂടെയും മികച്ച സാമൂഹിക പിന്തുണയോടെയും നമ്മുടെ കൗമാരക്കാരെ നമുക്ക് സംരക്ഷിക്കാം. കുട്ടികളിലെ മാറ്റങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട് – സൗഹൃദങ്ങളിലെ പെട്ടെന്നുള്ള മാറ്റങ്ങള്‍, ഭക്ഷണ ശീലങ്ങള്‍, ഉറക്കരീതികള്‍, ശാരീരിക രൂപം, ശ്രദ്ധക്കുറവ്, സ്‌കൂളിലെ പെര്‍ഫോമന്‍സിലുണ്ടാകുന്ന മാറ്റങ്ങള്‍. നിരുത്തരവാദപരമായ പെരുമാറ്റം, മോശം തീരുമാനങ്ങളില്‍ എത്തിച്ചേരല്‍, പൊതുവായി ചെയ്യാറുള്ള കാര്യങ്ങളോടുള്ള താല്പര്യക്കുറവ്, നിയമങ്ങള്‍ ലംഘിക്കുകയോ കുടുംബത്തില്‍ നിന്ന് പിന്മാറുകയോ ചെയ്യുക, അവരുടെ മുറിയില്‍ കയറാന്‍ അനുവദിക്കാതെ അടച്ചിട്ടിരിക്കുന്ന പെരുമാറ്റം എന്നിങ്ങനെയുള്ള മാറ്റങ്ങള്‍ ശ്രദ്ധയില്‍ പെടുമ്പോള്‍ പക്വമായ ഇടപെടലുകളിലൂടെ അവരെ മനസിലാക്കാനും അവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്യാനും ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ വീട്ടിലെ കൗമാരക്കാരന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നു നിങ്ങള്‍ സംശയിക്കുകയോ അറിയുകയോ ചെയ്യുകയാണെങ്കില്‍, അവരുമായി സംസാരിക്കുക. തമാശയ്ക്ക് അവര്‍ തുടങ്ങുന്ന മയക്കുമരുന്ന് ഉപയോഗം അമിതമായ ഉപയോഗമോ ആസക്തിയോ ആയി മാറുകയും അപകടങ്ങള്‍, നിയമപരമായ പ്രശ്നങ്ങള്‍, ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ ഉണ്ടാക്കുകയും ചെയ്യുമെന്നുള്ള കാര്യം അവരെ ബോധ്യപ്പെടുത്തുക. കുട്ടികളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുകയും അവര്‍ എവിടെയൊക്കെയാണ് സമയം ചെലവഴിക്കുന്നത് എന്നറിയാന്‍ ശ്രമിക്കുകയും ചെയ്യുക.

സിന്‍ഡ്രല രമിത്ത്
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഷാര്‍ജ


ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ലഹരി ഉപയോഗം വര്‍ധിച്ചുവരുന്നതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണിവ. മാരക മയക്കമുരുന്നായ എംഡിഎംഎ ഉൾപ്പടെ വിദ്യാര്‍ഥികളുടെ ഇടയില്‍ പ്രചരിപ്പിക്കാനും അതിന്റെ അടിമകളാക്കി മാറ്റാനും വലിയൊരു ലോബി തന്നെ നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രാമിന് മൂവാരിയത്തിലധികം രൂപ വില വരുന്ന ഇവ ഉപയോഗിക്കുമ്പോള്‍ തന്നെ അത് മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുന്ന കാരിയര്‍മാരായി കൂടി ഇവര്‍ പ്രവര്‍ത്തിക്കുന്നു. അതിലൂടെ എളുപ്പത്തില്‍ പണം കൈയില്‍ വന്നെത്തുകയും ചെയ്യുന്നു.
ലഹരിസംഘങ്ങള്‍ പ്രധാനമായും അവരുടെ വിതരണത്തിനും കച്ചവടം കൊഴുപ്പിക്കാനും 18 വയസിന് താഴെയുള്ള കുട്ടികളെയാണ് ഉപയോഗിക്കുന്നത്. ഇതുമൂലം മൈനര്‍ ആണെന്ന നിയമത്തിന്റെ ആനുകൂല്യം ഇവര്‍ക്ക് ലഭിക്കുകയും ഇരയാക്കപ്പെടുന്നവര്‍ നാണക്കേട് ഭയന്ന് നിശബ്ദരാവുകയും ചെയ്യും. ഇവര്‍ ഉന്നം വെക്കുന്നതും 13 മുതല്‍ 17 വയസ് വരെയുള്ള കുട്ടികളാണ്. കുട്ടികളുടെ കളിസ്ഥലങ്ങളിലും സ്‌കൂള്‍ പരിസരത്തുമാണ് ഇവര്‍ കൂടുതലായും തമ്പടിക്കുന്നത്. നേരിട്ടല്ലാത്ത കൈമാറ്റ രീതിയാണ് ഇവര്‍ പിന്തുടരുന്നത്. ലഹരി സാധനങ്ങള്‍ ഏതെങ്കിലും വിജനമായ സ്ഥലങ്ങളിലോ ഭിത്തികള്‍ക്കുള്ളിലോ വെച്ച് ഫോട്ടോ എടുത്ത് വാട്സാപ്പ് ചെയ്ത് പണം ഗൂഗിള്‍പേ വഴി അയച്ച് കൊടുക്കലാണ് രീതി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രത്യേക കോഡുകളില്‍ പല ഗ്രൂപ്പുകളുണ്ടാക്കി പ്രവര്‍ത്തിക്കുകയാണിവര്‍ ചെയ്യുന്നത്. ഉപയോഗിക്കുന്നവരില്‍ കൂടുതലും 13 വയസു മുതലുള്ള കുട്ടികളാണ്. ഇതില്‍ തന്നെ മൈനറായ ചില കുട്ടികളെ വിതരണത്തിനും ഉപയോഗിക്കുന്നു. പെണ്‍കുട്ടികള്‍ അടക്കം ഈ റാക്കറ്റിന്റെ വലയിലാണ്. മറ്റു ചിലര്‍ മാന്യന്മാര്‍ എന്ന് തോന്നുന്നവരാണ്. ഇവരെ നമുക്ക് തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ഇവര്‍ ഇത്തരം ലഹരികള്‍ ഉപയോഗിക്കാത്തവരുമാണ്. ലഹരിക്ക് അടിമപ്പെട്ട പെണ്‍കുട്ടികളെ പ്രേമം നടിച്ച് ലൈംഗികമായി ചൂഷണം ചെയ്യുവാനും അതുവഴി മറ്റുള്ളവരിലേക്ക് എത്തിക്കാനുമുള്ള സംവിധാനം ഇവര്‍ക്കുണ്ട്. ഈ കുട്ടി വിതരണക്കാര്‍ക്ക് കൃത്യമായ പരീശീലനവും മറ്റ് സഹായങ്ങളുമായി ഒരു മറയ്ക്ക് അപ്പുറത്ത് ഇവര്‍ എപ്പോഴും ഉണ്ടാവും.

നിയമം കൊണ്ടു മാത്രം തടയാനാകില്ല

കുട്ടി ലഹരിക്ക് അടിമയായിട്ടുണ്ട് എന്ന് സംശയം തോന്നിയാല്‍ ഉടന്‍ തന്നെ ഒരു വിദഗ്ധനായ ഡോക്ടറുടെയോ മാനസികരോഗവിദഗ്ധന്റെയോ സഹായം തേടണം. ശകാരമോ കുറ്റപ്പെടുത്താലോ ദേഹോദ്രപവമോ വഴി ഇതിനു പരിഹാരം തേടാന്‍ പാടില്ല. നമ്മുടെ കൗമാരവും യുവത്വവും ലഹരിയുടെ കയങ്ങളിലേക്കു വീഴാതെ കാക്കേണ്ടത് സാമൂഹിക കടമയാണ്. യുവതലമുറയുടെ ലഹരി ഉപയോഗം മൂലം നശിക്കുന്നത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും വലിയ പ്രതീക്ഷകളാണ്, നാളെയുടെ സ്വപ്നങ്ങളാണ്. ഒരു കയറിലോ റെയില്‍വേ പാളങ്ങളിലോ അവസാനിക്കുന്ന ജീവിതങ്ങളില്‍ ഏറെയും ലഹരിയുടെ അടിമകളാണെന്ന വസ്തുത സമൂഹം ഗൗരവത്തോടെ കാണേണ്ടതുണ്ട്. നിയമം കൊണ്ട് മാത്രം ഇതൊന്നും നിയന്ത്രിക്കാന്‍ സാധിക്കണമെന്നില്ല. സ്‌കൂള്‍ തലത്തില്‍ ബോധവത്കരണം, സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ നിരന്തര പ്രചാരണം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കലാലയാധികൃതരുടെയും നിയമപാലകരുടെയും സജീവ നിരീക്ഷണം തുടങ്ങി സമൂഹത്തിന്റെ കൂട്ടായ ശ്രമത്തിലൂടെ മാത്രമേ ഈ വിപത്തിനെ തടയാന്‍ കഴിയൂ. രക്ഷിതാക്കളുടെ നിരന്തര ജാഗ്രതയും ഇക്കാര്യത്തില്‍ അനിവാര്യമാണ്.
മക്കളുടെ എല്ലാ കാര്യങ്ങളും രക്ഷിതാക്കള്‍ അറിഞ്ഞിരിക്കുക, അവരുടെ സുഹൃത്തുകള്‍ ആരൊക്കെ, അവരെക്കാള്‍ പ്രായം കൂടിയ ചാങ്ങാതിമാര്‍ അവര്‍ക്ക് ഉണ്ടോ എന്ന് അറിയുക. ഉണ്ടെങ്കില്‍ അവരെപ്പറ്റി പഠിക്കുക. അവര്‍ക്ക് ഒരു സുഹൃത്തിനോടെന്ന പോലെ എല്ലാം തുറന്നുപറയാനുള്ള ഒരു ബന്ധം രൂപപ്പെടുത്തുക. കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവര്‍ ഏതൊക്കെ ആപ്പുകള്‍ ഉപയോഗിക്കുന്നു എന്ന് മനസിലാക്കുക. സംശയകരമായി വല്ലതുമുണ്ടെങ്കില്‍ കൃത്യമായി പഠിക്കുക. കുട്ടികള്‍ക്കിടയില്‍ ലഹരി വിതരണം നടത്തുന്നവരെ തിരിച്ചറിഞ്ഞാല്‍ അവരെ പൊതുസമൂഹത്തില്‍ പരസ്യപ്പെടുത്തുക. നല്ല സാമ്പത്തികലാഭം കിട്ടുന്നതിനാല്‍ പലരും മാന്യതയുടെ മുഖംമൂടി അണിഞ്ഞ് ഈ മേഖലയില്‍ ഉണ്ട്. അത്തരക്കാരെ തുറന്നുകാട്ടാനുള്ള ശ്രമങ്ങളും ഉണ്ടാകണം..

ഷാഹി ശിഹാബ് പാടൂര്‍

അസി. പ്രൊഫസര്‍-ചിറ്റൂര്‍ ഗവ. കോളേജ്, സൈക്കോളജിസ്റ്റ്.


രക്ഷിതാക്കള്‍ മക്കളെ കൃത്യമായി നിരീക്ഷിക്കലാണ് മുഖ്യപരിഹാരം. അവര്‍ എവിടെ പോകുന്നു, എന്ത് ചെയ്യുന്നു, സുഹൃത്തുക്കള്‍ ആരൊക്കെ തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. തങ്ങള്‍ നിരീക്ഷിക്കപ്പെടുന്നുവെന്നത് കുട്ടികള്‍ക്ക് ഏറെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. അതിനാല്‍ അവരുടെ ശ്രദ്ധയില്‍ പെടാതെ വേണം ഇതു ചെയ്യാന്‍. കുട്ടികളുടെ സാധാരണ പെരുമാറ്റത്തില്‍നിന്നുള്ള ചെറിയ വ്യത്യാസം പോലും നിസാരമായി കാണരുത്. വസ്ത്രധാരണം, ഹെയര്‍സ്റ്റൈല്‍, കേള്‍ക്കുന്ന പാട്ടുകള്‍, കാണുന്ന സിനിമ എല്ലാത്തിലും ശ്രദ്ധയുണ്ടാകുന്നത് നല്ലതാണ്. ഏതു ലഹരി ഉപയോഗിക്കുമ്പോഴും ചില അടയാളങ്ങളിലൂടെ അത് കണ്ടെത്താന്‍ സാധിക്കും. വസ്ത്രങ്ങളില്‍ തീപ്പൊരി വീണുണ്ടായ ചെറിയ ദ്വാരങ്ങള്‍ പുകവലിയുടെയോ കഞ്ചാവിന്റെയോ ലക്ഷണമാകാം. ശരീരത്തില്‍ സൂചി കുത്തിയ പാടുകളോ വസ്ത്രങ്ങളില്‍ ചോരപ്പാടുകളോ കണ്ടാലും ശ്രദ്ധിക്കണം. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരുടെ കണ്ണുകള്‍ ചുവന്നിരിക്കും. ടോയ്‌ലെറ്റില്‍ അധിക സമയം ചെലവഴിക്കുന്നതും ചിലപ്പോള്‍ ലഹരി ഉപയോഗത്തിന്റെ സൂചനയാകുന്നു. കുട്ടികളുടെ മുറി വൃത്തിയാക്കുമ്പോള്‍ ലഹരിമരുന്നിന്റെ അംശങ്ങള്‍ എന്തെങ്കിലുമുണ്ടോ എന്ന് നോക്കുക. കുട്ടിയുടെ ഭക്ഷണരീതിയിലും ഉറക്കത്തിലും ശ്രദ്ധ ആവാം. ചിലര്‍ക്ക് കഞ്ചാവ് ഉപയോഗിക്കുമ്പോള്‍ വിശപ്പ് കൂടും. ചിലര്‍ ധാരാളമായി വെള്ളം കുടിക്കും. കൊക്കെയ്ന്‍ പോലെയുള്ള സ്റ്റിമുലന്റ് ഡ്രഗ് ഉപയോഗിക്കുമ്പോള്‍ ഉറക്കം കുറയുന്നു. രാത്രി വളരെ വൈകിയും ഉറങ്ങാതിരിക്കാന്‍ ഇവ കാരണമാകുമ്പോള്‍ ഹെറോയ്ന്‍ അടക്കമുള്ള ഡിപ്രസന്റ് ഡ്രഗുകള്‍ കൂടുതലായി ഉറങ്ങാന്‍ പ്രേരിപ്പിക്കും. പകല്‍ സാധാരണയിലധികം സമയം കിടന്നുറങ്ങുന്ന കുട്ടികളിലും വേണം അല്‍പം ശ്രദ്ധ. കുട്ടികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാകും. ചിലര്‍ അന്തര്‍മുഖരാകും. സാമൂഹികമായ ഇടപെടലുകള്‍ കുറച്ച്, എപ്പോഴും ഒറ്റയ്ക്ക് ഇരിക്കാന്‍ ഇഷ്ടപ്പെടും. അകാരണമായ കോപം, തര്‍ക്കുത്തരം, ബഹളം, വിഷാദം എല്ലാം ലക്ഷണങ്ങളാകാം. കുട്ടികളിലെ ലഹരിയുടെ ഉപയോഗം തുടക്കത്തിലേ കണ്ടെത്താന്‍ മാതാപിതാക്കള്‍ക്കൊപ്പം അധ്യാപകര്‍ക്കും സാധിക്കണം. പണം സമ്പാദിക്കാനുള്ള എളുപ്പവഴി കൂടിയാണവര്‍ക്ക് ലഹരി. ആവശ്യക്കാര്‍ക്ക് ലഹരി എത്തിച്ചുകൊടുക്കുന്ന കാരിയേഴ്സ് ആയി മാറുന്നതിനു മുന്‍പേ അവരെ രക്ഷിക്കണം. അതിന് ഫലപ്രദമായ ബോധവത്കരണ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. സര്‍ക്കാറും സര്‍ക്കാറിതര ഏജന്‍സികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ചെറുപ്രായത്തിലേ കുട്ടികള്‍ക്ക് ആവശ്യമായ ബോധവത്കരണം കൊടുക്കേണ്ടിയിരിക്കുന്നു. അവരുടെ ശ്രദ്ധ മറ്റ് പ്രവര്‍ത്തനങ്ങളിലേക്കു തിരിച്ചുവിടുന്നത് മറ്റൊരു ഫലവത്തായ മാര്‍ഗമാണ്.
കുറ്റപ്പെടുത്താതിരിക്കുക, തുറന്നു സംസാരിക്കുക. ഒറ്റപ്പെടുത്താതിരിക്കുക, കൂടെയുണ്ട് എന്ന ധൈര്യം നല്‍കുക. പേടിപ്പിക്കാതിരിക്കുക, എന്തിനും പരിഹാരമുണ്ട് എന്ന ബോധ്യം നല്‍കുക. കാര്യങ്ങള്‍ സംസാരിച്ചു മനസിലാക്കുക. ലഹരി ഉപയോഗമുണ്ട് എന്നു ബോധ്യപ്പെട്ടാല്‍ അതിന്റെ തുടക്കവും സാഹചര്യവും, കാരണവും മനസിലാക്കുക. നല്ല അറിവുകള്‍ കുട്ടികളുടെ ജീവിതത്തിലേക്ക് പകർന്നുനല്‍കിയും അതനുസരിച്ച് അവരില്‍ നല്ല സംസ്‌കാരം വളര്‍ത്തിയും രക്ഷിതാക്കള്‍ മാത്യക കാണിക്കേണ്ടതുണ്ട്. അവര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ ക്ഷമയോടെ കേള്‍ക്കുക. അവരെ സ്വാതന്ത്ര്യം നല്കി വളര്‍ത്തുക, അത് ദുരുപയോഗിക്കാന്‍ ഇടയാക്കാത്ത വിധത്തില്‍ നിയന്ത്രിക്കുക. കുട്ടികളുടെ കൂട്ടുകാര്‍ ആരൊക്കെയാണെന്നും എങ്ങനെയുള്ളവരാണെന്നും മനസിലാക്കിയിരിക്കുക. രക്ഷിതാക്കളോട് എന്തും തുറന്നുപറയാനുള്ള ധൈര്യവും സ്വാതന്ത്ര്യവും അവര്‍ക്കു നല്കുക. വീഴ്ചകളും തെറ്റുകളും സ്വാഭാവികമാണ്. നേരത്തെ മനസിലാക്കി, തിരുത്തി കൈപിടിച്ചു
നടത്തുക ■

Share this article

About നൗഫല്‍ പനങ്ങാട്

noufalv1982@gmail.com

View all posts by നൗഫല്‍ പനങ്ങാട് →

Leave a Reply

Your email address will not be published. Required fields are marked *