ഒരിടത്തുമുറയ്ക്കാത്ത സഞ്ചാരങ്ങള്‍

Reading Time: 2 minutes

എട്ടുസെന്റും പുരയിടവും. അതില്‍ ഉമ്മ, ഭാര്യ, രണ്ടു മക്കള്‍. നാട്ടില്‍ ഒന്നും ശരിയാകുന്നില്ല. ബീഡിപ്പണി മുതല്‍ ഹോട്ടല്‍ പണിവരെ നോക്കി. എന്നിട്ടും ദുരിതം. രോഗം, ചികിത്സ, മരുന്ന്, ഭക്ഷണം. എവിടെയും എത്തിപ്പിടിക്കാനാവുന്നില്ല. ജീവിതം നീണ്ടു പോകുന്നു. ഇല്ല, ഒരിടത്തും എത്തുന്നില്ല. അങ്ങനെയാണ് ജഹാംഗീറും പ്രവാസം മോഹിച്ചുപോയത്. എങ്ങനെയെങ്കിലും മണലാരണ്യത്തിലേക്കെത്തണം. അക്കരെ ഒരു പച്ചപ്പ്, തുരുത്ത് എവിടെയെങ്കിലും ഉണ്ടാകും. വ്യാമോഹമാണ്. അവിടേക്ക് എത്താന്‍ കഴിയുമോ?
“കഴിയും’. ദല്ലാള്‍ പറഞ്ഞു. അയാള്‍ തുടര്‍ന്നു. “എട്ടുസെന്റും പുരയിടവും വില്‍ക്ക്. ചെറിയ വാടകക്ക് മുറി കിട്ടും. കുടുംബം തൽകാലം അവിടെ നിക്കട്ട്. ബാക്കിയൊക്കെ അക്കരെ എത്തിയിട്ട്..’
ദല്ലാളിന്റെ വാക്കു വിശ്വസിച്ച് ജഹാംഗീര്‍ കിട്ടിയ വിലയ്ക്ക് പുരയിടം വിറ്റു. കിട്ടിയതില്‍ ഒരു പങ്ക് ദല്ലാളിനു കൊടുത്തു. അതയാളുടെ കമ്മീഷനാണ്. ബാക്കി ടിക്കറ്റിനും വിസക്കും. വിസ വന്നു. ജഹാംഗീര്‍ വിമാനം കയറി. ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കു ശേഷം കൈനിറയെ കാശുമായി ജഹാംഗീര്‍ നാട്ടില്‍ വരുമായിരിക്കും. പച്ചപ്പിന്റെ തുരുത്തില്‍നിന്നും നാടിന്റെ പച്ചപ്പിലേക്ക്. ചിലപ്പോള്‍ അന്നു വിറ്റ എട്ടുസെന്റും പുരയിടവും അവന്‍ തിരിച്ചെടുക്കുമായിരിക്കും. വീട് കൂട്ടിയെടുക്കുമായിരിക്കും. അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും പുതിയൊരു സ്ഥലം. അതുമല്ലെങ്കില്‍ എല്ലാം നഷ്ടപ്പെട്ടു ജഹാംഗീറും ജീവിതത്തിന്റെ മറ്റൊരു പറുദീസയില്‍ മുങ്ങിപ്പോയിരിക്കും.
പഴയ ഒരു കാസര്‍കോഡുകാരന്റെ രേഖാചിത്രം ഇങ്ങനെയാണ്. ഇന്നും മിക്ക കാസര്‍കോട്ടുകാരുടെയും ജീവിതം ഇങ്ങനെയൊക്കെത്തന്നെയാണ്. ഒരുപക്ഷേ കേരളത്തിൽ ചാവക്കാടു കഴിഞ്ഞാല്‍ ഗള്‍ഫിലേക്ക് ഏറ്റവും കൂടുതല്‍ കുടിയേറിയിട്ടുള്ളത് കാസര്‍കോടുകാരായിരിക്കും. എന്തുകൊണ്ട് ഇവിടുത്തെ ചെറുപ്പക്കാര്‍ പഠിച്ച് ഇവിടെത്തന്നെ ഉദ്യോഗസ്ഥരാകുന്നില്ല? ഗള്‍ഫിലേക്കുള്ള ഒഴുക്കിന്റെ ആകര്‍ഷണം കൊണ്ടാണോ? സത്യം, ഇവിടുത്തെ ഉദ്യോഗസ്ഥരൊന്നും ഇവിടത്തുകാരല്ല. മറ്റു ജില്ലയില്‍നിന്നും വന്നവരാണ്. ഇവിടുത്തെ ജനങ്ങള്‍ അതിനൊന്നും നില്‍ക്കാതെ പി എസ് സി പോലുള്ള പരീക്ഷാകേന്ദ്രങ്ങള്‍ മറികടന്ന് അക്കരേക്കു തന്നെ പ്രയാണം തുടരുന്നു. എന്ത് പഠിപ്പ്? എന്ത് ഉദ്യോഗം?
ഒരു പഠിപ്പുമില്ലാതെ നാടുവിട്ടുപോയവര്‍ കോടീശ്വരന്മാരായിട്ടുണ്ട്. ഉയര്‍ന്ന കെട്ടിടങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വർണക്കടകളും അവര്‍ പടുത്തുയര്‍ത്തി. മറ്റു ചിലര്‍ നടന്നുകിതക്കുമ്പോള്‍ ആ കെട്ടിടത്തിന്റെ അരികു ചേര്‍ന്നു തണലില്‍ ആശ്വാസം കൊണ്ടു. എന്തൊരു വിധി. സമ്പത്ത് എല്ലാവര്‍ക്കും കൈവരില്ല. അതിനു ചില ഭാഗ്യവഴികള്‍ വേണം. അത്തരമൊരു കുറുക്കുവഴി തേടിയവരാണ് ഹാരിസും സമദും. എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ അവര്‍ കണ്ടെത്തിയ വഴി കള്ള് കച്ചവടമായിരുന്നു. അപ്പോള്‍ത്തന്നെ പിടിവീണു. മരുഭൂമി അവരെ ചവിട്ടിത്താഴ്്ത്തി. നീണ്ട കാരാഗൃഹം. എല്ലാം കഴിഞ്ഞു മടങ്ങിയെത്തിയപ്പോള്‍ ഒരാള്‍ക്ക് നടു നിവരുന്നില്ല. മറ്റേയാള്‍ക്ക് കാഴ്ചയില്ല.
പ്രവാസം പലരെയും പല തരത്തില്‍ വേര്‍തിരിക്കുന്നു. ആര് തെറ്റു ചെയ്താലും ഒടുവില്‍ കാസര്‍കോട് “എംബസി’ ക്കാണ് കുറ്റം. എന്തായാലും കാസര്‍കോഡ് എന്ന കാഞ്ഞിരത്തിന്റെ നാട്ടില്‍ തീയും പുകയും ഉണ്ടായത്, വെളിച്ചം വന്നത് ഗള്‍ഫ് പണത്തിന്റെ പ്രവാഹം മൂലം തന്നെയാണ്. പതുക്കെ അടുപ്പ് മാറി. കിടപ്പ് മാറി. മുറ്റത്തും തൊടിയിലും വെളിച്ചം വിതറി. വളപ്പു നിറയെ ഏസിയായി. സ്വിമ്മിങ്ങ്പൂളായി. സൂര്യന്‍ ഉദിച്ചു. സൂര്യന്‍ അവിടെത്തന്നെ അസ്തമിച്ചു. നടന്നുപോക്ക് തീരെ ഇല്ലാതായി. തെങ്ങ് കയറാന്‍ ആളെ കിട്ടാതായി. പിന്നെപ്പിന്നെ തെങ്ങേ ഇല്ലാതായി. ചുറ്റും കെട്ടിടങ്ങളായി.
പ്രവാസം നേട്ടവും കോട്ടവുമാണ്. ഏറെ സവിശേഷതയുള്ളതാണ് ഈ മണ്ണ്. കോട്ടകളും വൃക്ഷങ്ങളും പുഴകളും പ്രകൃതിയും കനിഞ്ഞ വടക്കന്‍ മണ്ണ്. നാടു വിടുമ്പോഴും ഓരോ പ്രവാസിക്കും നഷ്ടപ്പെടുന്നത് ഇതൊക്കെത്തന്നെയാണ്. തണുപ്പും നിഴലും ചേര്‍ന്ന സമതലത്തിലെ സുഖശീതളങ്ങള്‍. പ്രവാസി എന്നും പ്രവാസിയാണ്. ഒരിടത്തും ഉറച്ചുനില്‍ക്കാന്‍ കഴിയാത്ത ലോകസഞ്ചാരി■

Share this article

About സുറാബ്

surab@ymail.com

View all posts by സുറാബ് →

Leave a Reply

Your email address will not be published. Required fields are marked *