നാഴികക്കല്ലുകള്‍ ചരിത്രമെഴുതുന്നു

Reading Time: 5 minutes

ഇതൊരു ചരിത്രഗവേഷകന്റെ അത്യധ്വാനത്തെക്കുറിച്ചുള്ള എഴുത്താണ്. അബ്ദുല്ല അല്‍കാദി എന്ന സൗദി പൗരന്‍ പിന്നിട്ട ‘നാഴികക്കല്ലുകള്‍’ എങ്ങനെയാണ്
ചരിത്രത്തിലും വര്‍ത്തമാനത്തിലും ഇടപെടുന്നതെന്ന് വിശദീകരിക്കുന്നു.

2005ലെ വസന്തകാലത്ത്, പടിഞ്ഞാറന്‍ സൗദിഅറേബ്യയിലെ വിശുദ്ധ നഗരങ്ങളായ മക്കയ്ക്കും മദീനയ്ക്കും ഇടയിലെ പുരാതന കാരവന്‍ പാതയിലെ പാറക്കെട്ടുകള്‍ക്കിടയിലുള്ള ചരല്‍ ട്രാക്കിന്റെ വശത്ത് അബ്ദുല്ല അല്‍കാദി ഒരു പാറക്കല്ല് കണ്ടു. ഏകദേശം ഒരു മീറ്ററോളം ഉയരമുണ്ടതിന്. കാറ്റും മണലും വീണ ഒരു കാവല്‍ക്കാരനെപ്പോലെ നില്‍ക്കുന്നു. ഇതൊരു യാദൃച്ഛിക സംഭവമല്ലെന്നും കല്ല് ശില്‍പം പോലെ മനഃപൂര്‍വം അവിടെ സ്ഥാപിച്ചതാണെന്നുമാണ് അദ്ദേഹം രേഖപ്പെടുത്തിയത്.
ഖുര്‍ആന്‍ സൂക്തങ്ങളുമായി ബന്ധമുള്ള ചരിത്രപ്രദേശങ്ങളെ അന്വേഷിക്കുകയാണ് അല്‍കാദി. ഹിജ്റയുടെ പാത, പ്രവാചകനും അവിടുത്തെ ആദ്യകാല ശിഷ്യരും ഏകദേശം 450 കിലോ മീറ്റര്‍ വടക്കുള്ള പട്ടണത്തിലേക്ക് പലായനം നടത്തിയ വഴികള്‍, ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ശ്രദ്ധ. കാരവന്‍ പാതയിലൂടെയാണ് മിക്കപ്പോഴും ആ യാത്ര സംഭവിക്കുന്നത്.
മദീനയില്‍ ഒരു മുസ്‌ലിം സമൂഹം സ്ഥാപിക്കാനുള്ള ആ സഞ്ചാരത്തിന് സഹായകമായ നാഴികക്കല്ലുകളെ കുറിച്ച് പല ചരിത്രഗ്രന്ഥങ്ങളും പരാമര്‍ശിക്കുന്നുണ്ടെന്ന് അല്‍കാദിക്ക് അറിയാമായിരുന്നു. എന്നാല്‍, പുണ്യനഗരങ്ങളുടെ സമീപമുള്ള അതിര്‍ത്തി അടയാളങ്ങള്‍ ഒഴികെ, അത്തരം കല്ലുകളൊന്നും ഈ പാതയില്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അത്തരം വിവരങ്ങള്‍ എവിടെയും അടയാളപ്പെടുത്തിയിട്ടുമില്ല.
ദമാമിലെ ഇമാം അബ്ദുറഹ്‌മാന്‍ ബിന്‍ ഫൈസല്‍ യൂനിവേഴ്‌സിറ്റിയില്‍ സ്റ്റഡീസ്, ഡെവലപ്‌മെന്റ്, കമ്മ്യൂണിറ്റി സര്‍വീസസ് വിഭാഗം വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്നു അല്‍കാദി. അവിടെ ആര്‍ക്കിടെക്ചര്‍ ആന്റ് പ്ലാനിങ് വിഭാഗത്തിലെ പ്രൊഫസറുമായിരുന്നു. യു എസിലെ ഓറിഗോണിലുള്ള പോർട്്ലാന്റ് സ്റ്റേറ്റ് യൂനിവേഴ്സിറ്റിയില്‍ നിന്നും നഗര, പ്രാദേശിക ആസൂത്രണത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുമുണ്ട്. സൗദി അറേബ്യയുടെ കിഴക്കന്‍ തീരത്തുള്ള അല്‍-ഖോബാറിലാണ് താമസം. പഠനത്തിനായുള്ള യാത്രകളെല്ലാം കാല്‍നടയായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിക്കുന്നു.
പാതയിലെ പ്രസ്തുത കല്ല് ആരോ കുഴിച്ചിട്ടതു പോലെ മൂന്നിലൊന്ന് ഭാഗം മണ്ണിനടിയിലായാണ് കാണപ്പെട്ടത്. നൂറ്റാണ്ടുകളായി ആ കല്ല് അങ്ങനെയായിരുന്നുവെന്ന് അദ്ദേഹവും കൂടെയുണ്ടായിരുന്ന ഗവേഷകരും മനസ്സിലാക്കി. അറേബ്യന്‍ അർധദ്വീപിലെത്തന്നെ മറ്റു മരുഭൂമികളിലെ കാരവന്‍ പാതകളെല്ലാം കല്ലുകൊണ്ട് അടയാളപ്പെടുത്താറുണ്ട്. മിക്കയിടങ്ങളും ഏകശിലകളേക്കാള്‍ കോണാകൃതിയിലുള്ള കല്ലുകളുടെ കൂമ്പാരങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഈ കല്ല് ഖനനം ചെയ്യാനും കൊണ്ടുപോകാനും കൃത്യമായ സ്ഥലങ്ങളില്‍ സ്ഥാപിക്കാനും അവരെടുത്തിരുന്ന ത്യാഗങ്ങള്‍ എത്രയാവും. യാത്രക്കാരെ വഴി പിന്തുടരാന്‍ സഹായിക്കുന്ന അടയാളങ്ങള്‍ മാത്രമായിരുന്നോ? അതോ അല്‍കാദി പ്രതീക്ഷിച്ചതു പോലെ ദൂരമാപിനി കൂടി ആയിരുന്നുവോ?
ഈ ആലോചനകള്‍ 16 വര്‍ഷത്തെ അന്വേഷണത്തിന് വഴിവെച്ചു. കാരവന്‍ റോഡിന്റെ പലയിടങ്ങളിലേക്കുള്ള അമ്പതിലധികം യാത്രകള്‍, കൂടുതല്‍ ദൂരമാപിനി കല്ലുകള്‍ കണ്ടെത്തുന്നതിനും അവയുടെ പ്രധാന്യവും പരസ്പര ബന്ധവും സ്ഥാപിക്കുന്നതിനുമുള്ള മണിക്കൂറുകള്‍ നീണ്ട പരീക്ഷണങ്ങള്‍. ഇതിനകം അല്‍കാദി 63 നാഴികക്കല്ലുകള്‍ തിരിച്ചറിഞ്ഞു. അറേബ്യയുടെ നാഴികക്കല്ലുകള്‍ എന്ന പേരില്‍ അദ്ദേഹം 2021-ല്‍ ഇംഗ്ലീഷിലും അറബിയിലും പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ ഈ റൂട്ടില്‍ രേഖപ്പെടുത്തിയ 55 കല്ലുകളിലെ 12-ാമത്തെ കല്ലാണ് ലേഖനാരംഭത്തില്‍ പരാമര്‍ശിച്ച പാതയില്‍ അദ്ദേഹം കാണുന്നത്.
6000 വര്‍ഷങ്ങള്‍ക്കു മുമ്പ് റോഡ് നിര്‍മിക്കാന്‍ തുടങ്ങിയവരാണ് ബാബിലോണിയക്കാരും ഈജിപ്തുകാരും സിന്ധുനദീതടത്തിലെ ആളുകളും. പക്ഷേ, ആദ്യമായി കല്ലുകള്‍ ഉപയോഗിച്ച് ദൂരം അളക്കാന്‍ തുടങ്ങിയത് റോമക്കാരാണ്. മൈല്‍ എന്ന വാക്കുപയോഗിച്ചതും അവര്‍ തന്നെ. മില്ലെ പാസ്സസ് എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ് മൈല്‍ ഉണ്ടാകുന്നത്. 1000 പേസാണ് ഒരു മൈല്‍. നടക്കുമ്പോള്‍ ഇടതുകാല്‍ വെച്ച് അടുത്ത ഇടതുകാല്‍ വെക്കുന്നതിന്റെ ഇടയിലുള്ള ദൂരമാണ് ഒരു പേസ്. ഇത് റോമന്‍ കണക്കുകള്‍ പ്രകാരം 5 അടിക്ക് തുല്യമായിരുന്നു. അതിനാല്‍ ഒരു മൈല്‍ ദൂരം റോമന്‍ കണക്കില്‍ 5,000 അടിയായി. അറബികള്‍ ഉപയോഗിച്ചത് ഭക്ഷണം എന്നര്‍ഥമുള്ള മീല്‍ എന്നതിന്റെ ഉച്ചാരണത്തോട് സാമ്യതയുള്ള മില്‍ എന്ന വാക്കായിരുന്നു. അതിന് ലാറ്റിന്‍ പദവുമായുള്ള ബന്ധം യാദൃച്ഛികമാണോ എന്നു മാത്രമല്ല, ഒരു മില്‍ എങ്ങനെ അളന്നുവെന്നതും പണ്ഡിതന്മാര്‍ക്കിടയില്‍ അനിശ്ചിതത്വമുണ്ട്.
ഈജിപ്തുകാരെയും സുമേറിയക്കാരെയും റോമക്കാരെയും മറ്റുള്ളവരെയും പോലെ, അറബികളും മനുഷ്യശരീരത്തെയാണ് അളവുകോലുകളുടെ മാനദണ്ഡങ്ങളായി ഉപയോഗിച്ചത്. വിരല്‍ വീതി, കൈപ്പത്തി, കാലിന്റെയോ കൈത്തണ്ടയുടെയോ നീളം, മുഴം, മുഴുവന്‍ കൈ.. ഒരു മില്‍ കണക്കാക്കിയത് പലരൂപത്തിലാവാം. നാലായിരം മുഴുവന്‍ കൈകള്‍ ഉപയോഗിച്ച്, കാല്‍ സ്റ്റെപ്പുകള്‍ അളന്ന്, വില്ലില്‍ നിന്ന് അമ്പ് തെറിക്കുന്ന ദൂരം കണക്കാക്കി, അതിലേറെ കൗതുകകരമായി പരന്ന ഭൂമിയില്‍ കണ്ണിന് കണ്ട് വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്ന ദൂരത്തെ അടിസ്ഥാനമാക്കിയെല്ലാം മില്‍ കണക്കാക്കിയേക്കാം.
മില്‍ എന്ന വാക്കിന്റെ പദോല്‍പ്പത്തി അല്‍കാദി വിശദീകരിക്കുന്നു. മയല എന്ന ധാതുവില്‍ നിന്നാണ് വാക്ക് വരുന്നത്. ഒന്നിലേക്ക് ചായുക, അതിനെ സമീപിക്കുക എന്നര്‍ഥം. അറബിയിലെ നാഴികക്കല്ലുകള്‍ക്ക് ചരിത്രപരമായി ഉപയോഗിക്കുന്ന പദമാണ് അംയാല്‍. മില്‍ എന്നതിന്റെ ബഹുവചന രൂപം. അറബ് മില്‍ എന്ന ഉപയോഗം കണ്ണെത്തുന്ന ദൂരം എന്ന അര്‍ഥത്തിലാണ്. ഇപ്പോള്‍ മായില്‍ എന്ന വാക്കിന് ഇറ്റാലിക്സ് സറ്റൈല്‍ എന്നാണര്‍ഥം.
ഇസ്‌ലാമിന് മുമ്പുള്ള കാലഘട്ടം വരെ ഈ ചരിത്രത്തിന് ദൈര്‍ഘ്യമുണ്ട്. ഏകദേശം 1500-1800 മീറ്ററാണ് മില്‍ ദൂരങ്ങള്‍ക്കിടയില്‍ അല്‍കാദി കണ്ടെത്തിയത്. ഇത് മനസില്‍ വെച്ചാണ് മദീന-മക്ക റൂട്ടില്‍ കൂടുതല്‍ നാഴികക്കല്ലുകള്‍ കണ്ടെത്താന്‍ അല്‍കാദി പുറപ്പെട്ടത്. മുസ്‌ലിം തീര്‍ഥാടകരും വ്യാപാരികളും പാരമ്പര്യമായി ദര്‍ബുല്‍ അന്‍ബിയാ – പ്രവാചകന്മാരുടെ പാത – എന്നാണ് ഈ പാതയെ വിശേഷിപ്പിക്കുന്നത്. മുഹമ്മദ് നബിയുടെ ഹിജ്റക്കു പുറമെ, ഇബ്റാഹീം നബി, മൂസാനബി, ഈസനബി എന്നിവരെല്ലാം ഈ പാതയിലൂടെ സഞ്ചരിച്ചിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. വടക്ക് ജറുസലേം വരെയും തെക്ക് യമന്‍ തീരം വരെയും നീണ്ടു നില്‍ക്കുന്നതാണ് ഈ പാതയുടെ പൂര്‍ണവ്യാപ്തി.
“മതിയായ നാഴികക്കല്ലുകള്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ അവയ്ക്കിടയിലെ ദൂരം സര്‍വേ ചെയ്യാനും മില്ലിന് കൃത്യമായ അളവ് കണ്ടത്താനും എനിക്ക് കഴിയു’മെന്ന് അല്‍കാദി പ്രതീക്ഷ പങ്കിടുന്നു.
പഠനഭാഗമായി അദ്ദേഹവും ഡ്രൈവറും ദുര്‍ഘടമായ ഭൂപ്രദേശത്തിലൂടെ, അനുമാനിക്കപ്പെടുന്ന പാതയിലൂടെ, ഓഡോമീറ്റര്‍ ഉപയോഗിച്ച് ഏകദേശം 1.6 കിലോമീറ്റര്‍ യാത്രചെയ്തു. കാരണം, യു എസിലും യു കെയിലും കൂടുതലായി ഉപയോഗിക്കുന്ന സ്റ്റാറ്റ്യൂട്ടീവ് മൈല്‍ 1609 മീറ്ററാണ്. ഭൂപ്രദേശം പരുക്കനായി. യാത്ര കാല്‍നടയായി. ഒരു കേടുപാടുകളുമില്ലാതെ നില്‍ക്കുന്ന ഒരു ഗ്രാനൈറ്റ് കല്ല് കണ്ടെത്തി. ചുറ്റുപാടും ഉള്ളതിനേക്കാള്‍ വലുത്. ട്രാക്ക് ആണെന്ന് തോന്നുന്നു. പക്ഷേ, ഇത് വീണുപോയിരുന്നു. യാത്ര തുടര്‍ന്നു. മൂന്ന് തുടര്‍ച്ചയായ കല്ലുകള്‍ കണ്ടെത്തി. അവയ്ക്കിടയിലെ ദൂരമളന്ന് കൃത്യമായി താരതമ്യം ചെയ്യാന്‍ അല്‍കാദിക്ക് സാധിച്ചു. അന്വേഷണത്തിന് കൂടുതല്‍ കൃത്യത കൈവന്നു. കണ്ടെത്തുന്ന നാഴികക്കല്ലുകളെല്ലാം പരസ്പരം ഏകീകൃതമായ അകലത്തില്‍ അല്ലെങ്കില്‍ അതിന്റെ ഗുണിതത്തില്‍ ബന്ധിക്കപ്പെട്ടിരുന്നു.
2008-ല്‍ അല്‍കാദി സൗദി ഏരിയല്‍ സര്‍വേയുടെ പിന്തുണ തേടി. അവര്‍ കിങ് അബ്ദുല്ല സയന്‍സ് ആന്‍ഡ് ടെക്നോളജി യൂനിവേഴ്സിറ്റിയുടെ നിര്‍മാണത്തിനായി തീരത്ത് ലൈറ്റ് എയര്‍ ക്രാഫ്റ്റ് ഉപയോഗിച്ച് സ്ഥലം പരിശോധിച്ചിരുന്നു. എന്നാല്‍ ഏറ്റവും മികച്ച ജിയോളജിക്കല്‍ മേപ്പിങ് സാങ്കേതികവിദ്യയ്ക്കു പോലും ഈ നിര്‍ണിതമായ കല്ലുകള്‍ കൃത്യമായി കണ്ടെത്താനായില്ല. അതിനാല്‍ ഗ്രൗണ്ടിലെ ഫൂട്്വർകിലേക്ക് തന്നെ അദ്ദേഹം ശ്രദ്ധ തിരിച്ചു.
ഇന്നുവരെ, അല്‍കാദി 63 നാഴികക്കല്ലുകള്‍ ദര്‍ബുല്‍ അന്‍ബിയയുടെ 430 കിലോമീറ്റര്‍ ദൂരത്തില്‍ കണ്ടെത്തി. ഓരോ വിശുദ്ധ നഗരത്തിന്റെയും അതിര്‍ത്തിയില്‍ കല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മദീനയും മക്കയും ഉള്‍കൊള്ളുന്ന വിശുദ്ധ പരിസരങ്ങളെല്ലാം പഠന വിധേയമാക്കി. സര്‍വേ നടത്തി, അളന്നു. ഓരോ കല്ലും നില്‍ക്കുന്നതോ ഭാഗികമായി കുഴിച്ചിട്ടതോ ആയ ഫോട്ടോകള്‍ എടുത്തു. അടുത്തടുത്ത കല്ലുകള്‍ തമ്മിലുള്ള ദൂരം 1.609 മീറ്ററിനോട് ഏകദേശം അടുത്തായിരുന്നു. ചെറിയ ചില വ്യത്യാസങ്ങളുണ്ട്. അല്‍കാദി പ്രതീക്ഷിക്കും പോലെ ആ റൂട്ടില്‍ ഇനിയും 133 കല്ലുകള്‍ കണ്ടെത്താനുണ്ട്. അവയില്‍ പകുതിയോളം താന്‍ കണ്ടെത്തുമെന്ന് അല്‍കാദി പ്രതീക്ഷ പ്രകടിപ്പിക്കുന്നു. പലതും മുഴുവനായി മൂടിപ്പോയിട്ടുണ്ടാകാം. പാതി മൂടിയിട്ടുണ്ടാകാം. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പലതും നഷ്ടപ്പെട്ടിട്ടുണ്ടാവാം. വെള്ളപ്പൊക്കം പോലോത്ത ദുരന്തങ്ങളില്‍ പെട്ടിട്ടുണ്ടാവാം.
മില്‍ ദൂരം സ്ഥാപിക്കുന്നത് ചരിത്ര സ്രോതസുകളില്‍ പരാമര്‍ശിത സ്ഥലങ്ങളുടെ സ്ഥാനങ്ങള്‍ മാത്രമല്ല, ദൂരം അളക്കാനുള്ള മറ്റു യൂണിറ്റുകളുടെ അളവുകള്‍ കൂടുതല്‍ കൃത്യമായി മനസ്സിലാക്കാന്‍ ചരിത്രകാരന്മാരെ സഹായിക്കുന്നുണ്ട്. ഈ കാരവന്‍ റൂട്ടുകളില്‍ പ്രധാനപ്പെട്ടത് മര്‍ഹലയാണ്. അത് 24 മില്ലിന് തുല്യമാണ്. പതിമൂന്നാം നൂറ്റാണ്ടില്‍ അറബി നിഘണ്ടുകാരന്‍ ഇബ്‌നു മന്‍സൂര്‍ എഴുതിയ ഈ പദത്തിന്റെ വിശദീകരണത്തിലേക്ക് അല്‍കാദി വിരല്‍ ചൂണ്ടുന്നു. അദ്ദേഹത്തിന്റെ ലിസാനുല്‍അറബ് മര്‍ഹല എന്ന പദത്തെ റാഹിലയുമായാണ് ബന്ധപ്പെടുത്തുന്നത്. റാഹിലയെന്നാല്‍ യാത്ര സജ്ജമായ ഒട്ടകമാണ്. അഥവാ, ഒട്ടകപ്പുറത്ത് ഒരു ദിവസത്തെ സവാരി ചെയ്ത് വിശ്രമിക്കാന്‍ ആവശ്യമായ ദൂരമാണ് ഒരു മര്‍ഹല.
സഹസ്രാബ്ദങ്ങളായി മറ്റു രാജ്യങ്ങളിലും ഇത്തരം പ്രായോഗിക മാനദണ്ഡങ്ങള്‍ വിവിധ രൂപത്തില്‍ ഉണ്ടായിരുന്നുവെങ്കിലും എ ഡി ഏഴാം നൂറ്റാണ്ടില്‍ ഇസ്‌ലാമിന്റെ ആവിര്‍ഭാവവും തുടര്‍ന്നുള്ള അതിന്റെ കാനോനിക്കല്‍ രീതികളുടെ ക്രോഡീകരണവും പല ചരിത്രങ്ങളും സൃഷ്ടിച്ചു. മില്‍ പോലെയുള്ള ദൂരങ്ങള്‍ അടയാളപ്പെടുത്തി. മര്‍ഹലക്ക് മതപരമായ പ്രാധാന്യവും കൈവന്നു. നിസ്‌കാരം ചുരുക്കാനോ സംയോജിപ്പിക്കാനോ കഴിയുന്ന ഒരു യാത്രയില്‍ വിശ്വാസികള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ ദൂരം നിര്‍ണയിക്കാന്‍ മര്‍ഹല ഉപയോഗിച്ചു. റമളാനിലെ വ്രതാനുഷ്ഠാനം ഉള്‍പ്പെടെയുള്ള പല ആരാധനകള്‍ക്കും ഈ ദൂരം പരിഗണിച്ചു. ഈ ആനുകൂല്യങ്ങള്‍ ഉപയോഗിക്കാന്‍ യാത്രക്കാര്‍ രണ്ടു മര്‍ഹലകളെങ്കിലും മറികടക്കുന്ന യാത്രകള്‍ ആവണമെന്ന് നിബന്ധനയുണ്ട്. അല്‍കാദി വിശദീകരിക്കുന്നു.
എ ഡി ഏഴാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഡമസ്‌കസ് ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ഉമവിയ്യ പ്രഥമ ഖലീഫയായ മുആവിയ, തപാല്‍ കൊറിയര്‍ സേവനങ്ങള്‍ സംഘടിപ്പിച്ചപ്പോള്‍ ഹാഫ് മര്‍ഹല അല്ലെങ്കില്‍ 12 മില്‍ അങ്ങനെ ഉപയോഗിച്ചിരുന്നുവെന്ന് അല്‍കാദി വിവരിക്കുന്നു. തപാല്‍ ഹാഫ് മര്‍ഹലയെ അല്‍ ബാരിദ് എന്നാണ് വിളിച്ചിരുന്നത്. മെയില്‍ സേവനങ്ങളെ പൊതുവെ പരാമര്‍ശിക്കാന്‍ ഈ വാക്ക് ഇന്നും ഉപയോഗത്തിലുണ്ട്. “വികസിച്ചുകൊണ്ടിരുന്ന ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ പ്രധാന റോഡുകളിലൂടെ ഓരോ 12 മൈലും (19 കിലോമീറ്റര്‍) തപാല്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കപ്പെട്ടു. ഓരോ ഔദ്യോഗിക കൊറിയറും അടുത്ത സ്റ്റേഷനിലേക്ക് ഡെലിവറി നടത്തുകയും അതേ ദിവസം തന്നെ സ്വന്തം സ്റ്റേഷനിലേക്ക് മടങ്ങുകയും ചെയ്യുന്ന രീതിയിലാണ് മര്‍ഹലയുടെ ഒരു ദിവസത്തെ സംവിധാനം. മര്‍ഹല കണക്കു പ്രകാരം മക്കയില്‍ നിന്ന് മദീനയിലേക്ക് 11 ദിവസത്തെ യാത്രയാണുള്ളത്. അതില്‍ അവസാനദിവസം 6 മൈല്‍ കുറവുമാണ്’. അല്‍കാദി വിശദീകരിക്കുന്നു.
11 മര്‍ഹലകളിലും നാഴികക്കല്ലുകളുടെ ശൃംഖല കണ്ടെത്താന്‍ അല്‍കാദി തീരുമാനിച്ചു. കണ്ടെത്തിയ ആദ്യത്തെ കല്ല്, തന്റെ പുസ്തകത്തില്‍ ക്രമീകരിച്ച 55 കല്ലുകളില്‍ 12-ാമത്തേത് ആയിരുന്നു. ആറാമത്തെ മര്‍ഹലയ്ക്ക് സമീപമാണ് അത് കിടന്നത്. മറ്റു മര്‍ഹലകളില്‍ നിന്ന് വ്യത്യസ്തമായി അവിടെ കൂടുതല്‍ കല്ലുകള്‍ കാണപ്പെട്ടിരുന്നു. ഒമ്പതാം നൂറ്റാണ്ടിനും 11-ാം നൂറ്റാണ്ടിനും ഇടയില്‍ മറ്റു പാതകള്‍ ഉപയോഗിച്ചതിനാല്‍ ഈ പാത ഉപയോഗ ശൂന്യമായി. അതിനാല്‍ ആ നാഴികക്കല്ലിന് കേടുപാടുകളൊന്നും സംഭവിക്കാതെ കണ്ടെത്താനായി.
ഇതിനര്‍ഥം അവ കണ്ടെത്തുന്നത് എളുപ്പമായിരുന്നു എന്നല്ല. പല വെല്ലുവിളികളുമുണ്ടായി. 10 മുതല്‍ 30 വരെയുള്ള നാഴികക്കല്ലുകള്‍ പൂര്‍ത്തിയാക്കാന്‍ അല്‍കാദി തീരുമാനിച്ചു. എന്നാല്‍ 2016-ല്‍ നാഴികക്കല്ല് 29 അവ്യക്തമായിരുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ പ്രദേശത്തേക്ക് ആറ് യാത്രകള്‍ വേണ്ടിവന്നു. ഓരോ യാത്രയിലും പുതിയ ഡാറ്റകള്‍ മുഖേന പലതവണ അളവെടുപ്പുകള്‍ നടത്തിയെങ്കിലും ഉപരിതലത്തില്‍ ചിതറിക്കിടക്കുന്ന ചെറിയ കല്ലുകള്‍ മാത്രമാണ് കണ്ടെത്താനായത്. 20 സെന്റീമീറ്ററില്‍ കൂടുതല്‍ വലിപ്പമുള്ളതും തിരിച്ചറിയാന്‍ കഴിയുന്ന പാറ്റേണ്‍ സ്വഭാവത്തിലുള്ള ഒന്നും കണ്ടെത്താനായില്ല.
ഇവയില്‍ ഏതെങ്കിലും ഒന്ന് നാഴികക്കല്ലായി ഉപയോഗിക്കാനാവുമോ എന്നറിയാന്‍ ഈ കല്ലുകളുടെ ചുറ്റും കുഴിക്കാന്‍ തീരുമാനിച്ചു. വളരെ ക്ഷമയോടെയുള്ള പ്രവര്‍ത്തനമായിരുന്നു. ഒരു ഗ്രാനൈറ്റ് നാഴികക്കല്ല് കുഴിച്ചിട്ട രൂപത്തില്‍ കണ്ടെത്തി. 2018 ലായിരുന്നുവത്. 170 സെന്റീമീറ്റര്‍ ഉയരവും 60 x 45 ചുറ്റളവുമുണ്ടതിന്. അളക്കുകയും ഫോട്ടോയെടുക്കുകയും ചെയ്തതിന് ശേഷം തല്‍സ്ഥാനത്ത് തന്നെ ശ്രദ്ധാപൂര്‍വം പുനര്‍നിര്‍മിച്ചു.
അതിന് തൊട്ടടുത്തുള്ള 28-ാം നാഴികക്കല്ലും കണ്ടെത്താന്‍ വലിയ പ്രയാസമായിരുന്നു. കോണാകൃതിയിലുള്ള പരന്ന പ്രതലമുള്ള കല്ല് മണലില്‍ കിടക്കുന്നു. പക്ഷേ, അതിന്റെ അറ്റത്ത് ഖംസ മില്‍ (അഞ്ച് മില്‍) എന്ന ലിഖിതമുണ്ടായിരുന്നു. അത് വളരെ വിലപ്പെട്ടതായിരുന്നു. ദൂരത്തെ കുറിച്ചുള്ള പരാമര്‍ശത്തെക്കാള്‍ പ്രധാനം അത് എങ്ങനെ ആലേഖനം ചെയ്തു എന്നിടത്താണ്. ഒമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ നിലവില്‍ വന്ന അറബി എഴുത്തിന്റെ അടയാളങ്ങള്‍ അക്ഷരങ്ങള്‍ക്കില്ല. ഓരോ അക്ഷരത്തെയും പൂര്‍ണമായും വ്യതിരിക്തമാക്കി എഴുതിയിരിക്കുന്നു. അതിനാല്‍ ഇവ ഒമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിക്ക് മുമ്പുള്ളതാണെന്ന് വ്യക്തമാണ്.
താന്‍ കണ്ടെത്തിയ മറ്റു കല്ലുകള്‍, വെള്ളപ്പൊക്ക സമയത്ത് അവയുടെ അടിത്തട്ടില്‍ നിന്ന് ഇളകി മറ്റു കല്ലുകളില്‍ ഇടിച്ചതാകാമെന്ന് അല്‍കാദി വിശദീകരിക്കുന്നു. ഹിജാസ് പര്‍വതങ്ങളിലുടനീളം -പടിഞ്ഞാറന്‍ സൗദി അറേബ്യ- വിശാലമായ വൃഷ്ടിപ്രദേശങ്ങള്‍ വെള്ളപ്പൊക്കത്തില്‍ മാത്രം ചെങ്കടലിന്റെ തീരത്തേക്ക് ശക്തമായി ഒഴുകാറുണ്ട്.
മക്ക ഹറമിന്റെ അതിര്‍ത്തിയില്‍ അവസാനിക്കുന്ന അവസാന മര്‍ഹലയില്‍, അല്‍കാദിക്ക് ഒരു നാഴികക്കല്ല് പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതുപോലെ, മദീനയുടെ ഹറം അതിര്‍ത്തിയില്‍ ആരംഭിക്കുന്ന ആദ്യത്തെ മര്‍ഹലയിലും കല്ല് കണ്ടെത്താനായില്ല. പ്രവാചകന്റെ പള്ളിയില്‍ നിന്ന് 33 മൈല്‍ അകലെയുള്ള ഒരു മരത്തിന്റെ ചുവട്ടില്‍ രണ്ടാമത്തെ മര്‍ഹലയില്‍ ഒരു നാഴികക്കല്ല് നിലത്ത് കിടന്നിരുന്നു. പാതയുടെ രണ്ടറ്റത്തും ഈ കണ്ടെത്തലുകളുടെ അഭാവം മിക്കവാറും, വര്‍ഷങ്ങളായുള്ള പുണ്യനഗരങ്ങളുടെ നിര്‍മാണത്തിന്റെയും വിവിധ വിപുലീകരണങ്ങളുടെയും ഫലമാണ്. നാലാമത്തെ മര്‍ഹലയില്‍ ഒരു നാഴികക്കല്ല് പോലും കണ്ടെത്തിയില്ല. ഒമ്പതാമത്തേതും 10-ാമത്തേതും ചെറിയ ഒരെണ്ണം മാത്രമാണ് കണ്ടെത്തിയത്.
2012-ല്‍ ഫോട്ടോഗ്രാഫര്‍ പീറ്റര്‍ സാന്‍ഡേഴ്‌സും അല്‍കാദിയും സംഘവും ചേര്‍ന്ന് നാഴികക്കല്ലുകളുടെ ചിത്രീകരണത്തിനായി മൂന്ന് യാത്രകള്‍ നടത്തി. 55 വര്‍ഷത്തിലേറെയായി ലോകമെമ്പാടുമുള്ള മുസ്‌ലിം ദേശങ്ങളും സംസ്‌കാരങ്ങളും ചിത്രീകരിച്ചിട്ടുള്ള സാന്‍ഡേഴ്‌സ് പറയുന്നു: “കഠിനമായ ഫീല്‍ഡ് ട്രിപ്പുകള്‍ ആയിരുന്നുവത്. വല്ലാതെ മതിപ്പുളവാക്കി. തീര്‍ഥാടകരെയും വഴിയാത്രക്കാരെയും അവരുടെ ശരിയായ ലക്ഷ്യസ്ഥാനത്തേക്ക് നയിക്കാനാണ് നാഴികക്കല്ലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. മരുഭൂമിയിലായിരുന്നതിനാല്‍ എന്റെ ഇന്ദ്രിയങ്ങളും ഭാവനയും നന്നായി പ്രവര്‍ത്തിച്ചു. ഞാന്‍ ചിലപ്പോള്‍ താടിയുള്ള മുഖങ്ങള്‍ ഭാവനയില്‍ കണ്ടു. ആ നാഴികക്കല്ലുകള്‍ കൊത്തിയെടുത്തു. അവരുമായി സൗഹാര്‍ദത്തിലായി.’
സാന്‍ഡേഴ്‌സ് മാത്രമായിരിക്കില്ല ഇങ്ങനെ സങ്കല്പിച്ചത്. പല നാഴികക്കല്ലുകളുടെയും താരതമ്യേന മാനുഷിക അളവും അനുപാതവും, സൗകര്യങ്ങള്‍ കുറവും അപകടസാധ്യതകള്‍ ധാരാളവുമുള്ള രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് ഒരുതരം നരവംശപരമായ ഭാവനകള്‍ നല്‍കിയേക്കാം. അവ മനുഷ്യരൂപവുമായി വളരെ സാമ്യമുള്ളതാണ്. ഒരു മൈലോ അതില്‍ കൂടുതലോ അകലെ, ദൂരത്തില്‍ അവര്‍ ഒരു സഹയാത്രികനെപ്പോലെ വഴികള്‍ ഉണര്‍ത്തുന്നതായേക്കാം. 17-ാം നാഴികക്കല്ല് പോലെയുള്ള ചിലത്, യാത്രയുടെ രണ്ട് ദിശകളില്‍ നിന്നും വീക്ഷിക്കുന്ന മനുഷ്യനെപ്പോലെ കാണപ്പെടുന്നു.
ഓരോ പഠനങ്ങള്‍ക്കു ശേഷവും മറ്റൊന്നിലേക്ക് തന്നെ നയിക്കുകയാണെന്ന് അല്‍കാദി വിശ്വസിക്കുന്നു. ഇനിയും കൂടുതല്‍ ദൂരത്തേക്കും ആഴങ്ങളിലേക്കും പഠനങ്ങള്‍ നടത്തണം. കൂടുതല്‍ നാഴികക്കല്ലുകള്‍ അന്വേഷിക്കണം. യമനില്‍ നിന്നുള്ള തെക്കന്‍ വ്യാപാര പാത, ഫലസ്തീനില്‍ നിന്നുള്ള വടക്കന്‍ പാത ഇവയുടെയെല്ലാം സര്‍വേകള്‍ ഏറ്റെടുത്ത് പഠനം നടത്തണം. മക്കക്കും മദീനക്കും ഇടയിലുള്ള നാഴികക്കല്ലുകള്‍, നാഴികക്കല്ലുകളുടെ പ്രധാന്യം തിരിച്ചറിയാന്‍ സര്‍ക്കാരിനെയും സാധാരണക്കാരെയും ശാസ്ത്രജ്ഞരെയും പണ്ഡിതന്മാരെയും പ്രോത്സാഹിപ്പിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. അവരുടെ അതുല്യമായ ചരിത്രമൂല്യത്തിനപ്പുറം നമ്മുടെ സമ്പദ് വ്യവസ്ഥക്ക് ഒരുപാട് സംഭാവനകള്‍ നല്‍കാന്‍ കഴിയും, പ്രത്യേകിച്ച് ടൂറിസ്റ്റ്, പൈതൃക മേഖലകളില്‍.
വീണുപോയതും തകര്‍ന്നതുമായ നാഴികക്കല്ലുകളുടെ പുനഃസ്ഥാപനത്തിന്, ചരിത്രത്തിന്റെ കാവല്‍ക്കാരനായും പുതിയ തലമുറയിലെ സഞ്ചാരികള്‍ക്ക് അനശ്വര സുഹൃത്തായും സേവിക്കാന്‍ അല്‍കാദി ആഗ്രഹിക്കുന്നു. അറേബ്യന്‍ ഉപദ്വീപിന്റെ ചരിത്രത്തിലെ സമ്പന്നതയുടെ ഭാഗമായി ഈ നാഴികക്കല്ലുകള്‍ മാറട്ടെ ■
കടപ്പാട്:
aramcoworld.com

Share this article

About പീറ്റര്‍ ഹാരിഗന്‍ , വിവര്‍ത്തനം: എം കെ അന്‍വര്‍ ബുഖാരി

View all posts by പീറ്റര്‍ ഹാരിഗന്‍ , വിവര്‍ത്തനം: എം കെ അന്‍വര്‍ ബുഖാരി →

Leave a Reply

Your email address will not be published. Required fields are marked *