നമ്മള്‍ സങ്കല്പിക്കാത്ത ജീവിതങ്ങള്‍ അവര്‍ ജീവിക്കുന്ന ലോകങ്ങള്‍

Reading Time: 4 minutes

വിദ്യാഭ്യാസത്തിന്റെ വെളിച്ചമെത്തിയിട്ടില്ലാത്ത ഗ്രാമങ്ങൾ. പട്ടിണി
തിന്നു ജീവിക്കുന്ന മനുഷ്യർ. കുടിവെള്ളം കിട്ടാക്കനിയായ ദേശങ്ങൾ.
ഉത്തരേന്ത്യൻ സാമൂഹിക ജീവിതത്തിന്റെ ദൈന്യതയിലൂടെ സഞ്ചരിക്കുന്നു.

ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലെ മണ്ടോറയിലെത്തുമ്പോള്‍ സമയം കാലത്ത് പത്തു മണിയോടടുത്തിരുന്നു. ഏഴുമണിക്ക് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടതാണ്. പി ടി മുഹമ്മദ് സഖാഫി, ശംറിന്‍ റബ്ബാനി, മുഹ്സിന്‍ റബ്ബാനി എന്നിവര്‍ക്കൊപ്പമാണ് യാത്ര. നഗരവീഥികള്‍ പിന്നിട്ട് ഗ്രാമവഴികളിലേക്ക് പ്രവേശിക്കുമ്പോഴേ കര്‍ഷകജീവിതത്തിന്റെ അടയാളങ്ങള്‍ തൊട്ടറിയാം. റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. ഓട്ടോറിക്ഷകള്‍ ആളുകളെ കുത്തിനിറച്ച് പലവഴിക്ക് പായുന്നു. ട്രാക്ടറുകള്‍ ഇടതടവില്ലാതെ കടന്നുപോകുന്നു. കാളവണ്ടികളില്‍ സ്ത്രീകളെയും കുട്ടികളെയും കാണാനാവുന്നുണ്ട്. കൃഷിയിടത്തിലേക്ക് പോകുന്നതാകാം. കൃഷിയും കാലികളുമാണ് ഈ നാട്ടുകാരുടെ മുഖ്യ ജീവനോപാധികള്‍. ബാജ്റ, ഗോതമ്പ്, ചോളം, കടുക് എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഓരോ കാലാവസ്ഥക്കും യോജ്യമായ വിത്തിറക്കും. മാതാപിതാക്കള്‍ക്കൊപ്പം കുട്ടികള്‍ കൂടി കൃഷിയില്‍ സഹായിക്കും. മിക്ക വീടുകളിലും ഒന്നിലേറെ എരുമകളുണ്ട്. പശു വളര്‍ത്തല്‍ അത്ര വ്യാപകമല്ല. പാലില്‍ നിന്നു ലഭിക്കുന്ന ചെറിയ വരുമാനം കൊണ്ട് കുടുംബം പുലരുന്നു.
വിശാലമായ പാടങ്ങള്‍ക്ക് നടുവിലൂടെ സഞ്ചരിച്ചുവേണം മണ്ടോറയിലെ ത്വയ്ബ അക്കാദമിയില്‍ എത്താന്‍. വിളവെടുപ്പ് കഴിഞ്ഞ കാലമാണ്. ഏതാണ്ടെല്ലാ പാടങ്ങളും കൃഷിയൊന്നുമില്ലാതെ ഒഴിഞ്ഞുകിടക്കുന്നു. ചിലയിടങ്ങളില്‍ കോളിഫ്ളവര്‍ കൃഷി കണ്ടു. മറ്റു ചിലയിടങ്ങളില്‍ അടുത്ത കൃഷിക്കുവേണ്ടി മണ്ണൊരുക്കുന്നു. വയലുകളോട് ചേര്‍ന്ന് ചാണകപ്പുരകള്‍ കണ്ടു. ചാണകത്തിട്ടകള്‍ ഉണക്കി പാകപ്പെടുത്തുകയാണ്. ഭക്ഷണം പാകം ചെയ്യാനും മറ്റും അടുപ്പില്‍ മുഖ്യമായും ഉപയോഗിക്കുന്നത് ഉണങ്ങിയ ചാണകത്തിട്ടകളാണ്. ഇടുങ്ങിയ റോഡുകള്‍. എതിരെ ഒരു ഓട്ടോറിക്ഷയോ കാളവണ്ടിയോ വന്നാല്‍ കടന്നുപോകാന്‍ പോലും വീതിയില്ലാത്ത റോഡുകളാണ് ഗ്രാമങ്ങളില്‍. വികസനം എത്തിനോക്കിയിട്ടില്ലാത്ത നാടുകള്‍. വൈദ്യതി ഇവിടങ്ങളില്‍ ഒരു ആര്‍ഭാടമാണ്. റോഡുകള്‍ക്കിരുവശവും മലിനജലം കെട്ടിക്കിടക്കുന്നു. കക്കൂസ് മാലിന്യം പോലും കലര്‍ന്നൊഴുകുന്നുണ്ടതില്‍. കുട്ടികള്‍ ആ വെള്ളത്തില്‍ കയ്യിട്ടിളക്കുന്നു. കാണുമ്പോള്‍ത്തന്നെ നമുക്ക് ഓക്കാനം വരും. അതിന്റെ ദുര്‍ഗന്ധം നാസാരന്ധ്രങ്ങളെ വന്നുതൊടുമ്പോള്‍ അതിലേറെ അസഹ്യത അനുഭവപ്പെടും. ഇതെന്തൊരു നരകജീവിതം എന്ന് നമ്മള്‍ അതിശയപ്പെടും. വഴിയിലുടനീളം മനുഷ്യനെ തൊട്ടുരുമ്മി കടന്നുപോകുന്നു തെരുവുനായ്ക്കള്‍. അല്പം ഭീതിയോടെ വഴിമാറി നടന്നപ്പോള്‍ കൂടെയുണ്ടായിരുന്ന ദോസ്‌റസ് ഗ്രാമത്തിലെ സര്‍പഞ്ച് സഫറു സാഹിബ് കളിയായി പറഞ്ഞു: “പേടിക്കേണ്ട, കേരളത്തിലെ നായയല്ല’. മലയാളികളുടെ പട്ടിപ്പേടിയെക്കുറിച്ച് അദ്ദേഹത്തിന് നല്ല ധാരണയുണ്ട്.
കുടിക്കാന്‍ ശുദ്ധജലം ഇവരുടെ വിദൂരസ്വപ്നങ്ങളില്‍ പോലുമുണ്ടെന്നു തോന്നുന്നില്ല. ചിലയിടങ്ങളില്‍ സര്‍ക്കാരിന്റെ/ പഞ്ചായത്തിന്റെ ശുദ്ധജല പദ്ധതിയുണ്ട്. വല്ലപ്പോഴും കിട്ടുന്ന വെള്ളത്തിനായി സ്ത്രീകളും കുട്ടികളും കുടങ്ങളുമായി കാത്തിരിക്കും. വെള്ളം നിറച്ച കുടങ്ങള്‍ തലയിലേറ്റി സ്ത്രീകള്‍ നടന്നുപോകുന്നത് ഇവിടത്തെ സ്ഥിരം കാഴ്ചയാണ്.
താമസിക്കുന്ന ഇടങ്ങളെ വീട് എന്ന് വിളിക്കുന്നത് വാക്കിലെ ആഡംബരമായിപ്പോകും. ഷീറ്റുകള്‍ കൊണ്ട് മറച്ച കുടിലുകളാണ് പലതും. ഇഷ്ടികയില്‍ പണിത വീടുകളുമുണ്ട്. ഒരു റൂമിനകത്ത് തന്നെ കുടുംബത്തിലെ അംഗങ്ങള്‍ എല്ലാവരും അന്തിയുറങ്ങുന്നു. അടുക്കള പോലുമുണ്ടാകില്ല നിന്നുതിരിയാന്‍. വീടിനു പുറത്ത് കല്ലുകള്‍ ചേര്‍ത്തുവെച്ചോ മണ്ണ് കുഴച്ചോ അടുപ്പ് നിര്‍മിക്കും. തണുപ്പുകാലമാകുമ്പോള്‍ അത് വീടിനുള്ളിലേക്ക് മാറും. ടോയ്്ലെറ്റ് ഉള്ള വീടുകള്‍ അത്യപൂര്‍വം. വെളിയില്‍ കാര്യം സാധിക്കുന്നതാണ് ശീലം. വയല്‍വരമ്പിലൂടെ നടന്നുപോകുമ്പോള്‍ രൂക്ഷമായ ഗന്ധം മൂക്ക് തുളച്ചെത്തും. മഴക്കാലമാകുമ്പോള്‍ ഇതെല്ലാം ഒഴുകി പ്രധാന നടപ്പാതകളിലും നിരത്തിലും പരക്കും. രോഗങ്ങള്‍ വന്നാല്‍ ചികില്‍സിക്കാന്‍ ക്ലിനിക്കുകളില്ല, ആശുപത്രികളില്ല. കുട്ടികള്‍ മരിക്കുന്നത് ഇവിടെ ആര്‍ക്കും പ്രശ്‌നമേയല്ലെന്ന് ത്വയ്ബ ഹെറിറ്റേജിന്റെ ഫീല്‍ഡ് കോര്‍ഡിനേറ്റര്‍ ഹിഷാം റബ്ബാനി പറഞ്ഞു. കുഞ്ഞുങ്ങള്‍ മരിച്ചുപോകുന്നതിനെക്കാള്‍ ഹൃദയം നുറുങ്ങുന്ന വേദന മറ്റെന്തുണ്ട്? എന്നിട്ടും എന്തുകൊണ്ട് ഇവിടെയിങ്ങനെ? മാലിന്യത്തിനിടയിലാണ് കുഞ്ഞുങ്ങള്‍ ജീവിക്കുന്നത്. അവരില്‍ രോഗപ്രതിരോധ ശേഷി നന്നേ കുറയുന്നു. രോഗം ബാധിച്ചാല്‍ ചികില്‍സിക്കാന്‍ സംവിധാനങ്ങളില്ല, മരുന്ന് വാങ്ങിക്കാന്‍ മാതാപിതാക്കള്‍ക്ക് ശേഷിയില്ല. രോഗം ബാധിച്ചാല്‍ പിന്നെ കുഞ്ഞുങ്ങളെ മരണത്തിനു വിട്ടുകൊടുക്കുകയല്ലാതെന്തുചെയ്യും? തുടരെത്തുടരെ ഇത് സംഭവിക്കുമ്പോള്‍ സമൂഹം അതിനോട് പതിയെപ്പതിയെ പൊരുത്തപ്പെടും. അത് സാമാന്യവത്കരിക്കപ്പെടും. അതുതന്നെയാണ് ഈ നാടുകളില്‍ സംഭവിച്ചിരിക്കുന്നത്. കുഞ്ഞുങ്ങളുടെ മരണത്തോട് നിസ്സംഗത പാലിക്കാന്‍ രക്ഷിതാക്കള്‍ ശീലിച്ചിരിക്കുന്നു. യു പിയുടെയും ഡൽഹിയുടെയും അതിര്‍ത്തിപ്രദേശമായ ലോണിയില്‍ ത്വയ്ബ ഹെറിറ്റേജിന് കീഴില്‍ സേവനം ചെയ്യുന്ന ശാഫി സഖാഫിയും കുഞ്ഞുങ്ങള്‍ മരിക്കുന്നതിനെ കുറിച്ച് പറഞ്ഞു. ചില ദിവസങ്ങളില്‍ കുഞ്ഞിന്റെ മയ്യിത്തുമായി പിതാവ് വരും. കൂടെ ആരുമുണ്ടാകില്ല. പള്ളിയോട് ചേര്‍ന്നുളള ഖബര്‍സ്ഥാനില്‍ കുഞ്ഞിനെ അടക്കം ചെയ്തു തിരിച്ചുപോകും. പൊട്ടിക്കരച്ചിലോ നില തെറ്റലോ ഇല്ല. പിറ്റേന്നും എന്നത്തെയുംപോലെ ആ പിതാവ് കൃഷിയിടത്തിലേക്ക് യാത്രയാകും. കാരുണ്യത്തിന്റെ ഉറവ വറ്റിയതല്ല, കഠിനമായ ജീവിതസാഹചര്യങ്ങള്‍ അവരെ അങ്ങനെ പാകപ്പെടുത്തിയതാണ്.
മസ്ജിദ്, മദ്റസ, ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജ്, ദഅ്വാ കോളേജ് എന്നിവയാണ് മണ്ടോറയിലെ ത്വയ്ബ അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്നത്. അഞ്ഞൂറ് കുട്ടികളാണ് ഇവിടെ മദ്റസയില്‍ പഠിക്കാനെത്തുന്നത്? അവരില്‍ എത്ര പേര്‍ സ്‌കൂളില്‍ പോകുന്നുണ്ട്? നൂറ്റമ്പതില്‍ താഴെയെന്ന് ത്വയ്ബ എക്സിക്യൂട്ടീവ് ഡയറക്ടർ പി ടി മുഹമ്മദ് സഖാഫി പറയുന്നു. എല്ലാ കുട്ടികളെയും സ്‌കൂളില്‍ എത്തിക്കുന്നതിനുവേണ്ടി വീടുകള്‍തോറും കയറിയിറങ്ങുന്നുണ്ട് ത്വയ്ബ പ്രവര്‍ത്തകര്‍.
നീതി ആയോഗിന്റെ ഏറ്റവും പുതിയ സർവേ പ്രകാരം വിദ്യാഭ്യാസ നിലവാര സൂചികയില്‍ പതിനെട്ടാം സ്ഥാനത്താണ് ഉത്തര്‍പ്രദേശ് നില്‍ക്കുന്നത്. ഇരുപത് വലിയ സംസ്ഥാനങ്ങളുടെ കണക്കെടുപ്പിലാണ് ഇതെന്നോര്‍ക്കണം. ഗുരുതരമായ സ്ഥിതിവിശേഷമാണിത്. സര്‍ക്കാര്‍ സ്‌കൂളുകളുടെ സ്ഥിതി വളരെ പരിതാപകരമാണ്. മുതിര്‍ന്ന ക്ലാസുകളില്‍ പോലും കുട്ടികള്‍ നിലത്തിരുന്നു പഠിക്കേണ്ടിവരുന്നു. ബെഞ്ചില്ല, ഡെസ്‌കില്ല, അടിസ്ഥാന സൗകര്യങ്ങള്‍ തീരെ കുറവ്. കുട്ടികളെ സ്‌കൂളില്‍ എത്തിക്കാനുള്ള പരിശ്രമം അധികൃതരുടെ ഭാഗത്തുനിന്ന് തീരെ ഉണ്ടാകുന്നില്ല എന്നുതന്നെ പറയാം. രക്ഷിതാക്കളാകട്ടെ ഇക്കാര്യത്തില്‍ ഒട്ടും ബോധവാന്മാരല്ല. കൃഷിയിടത്തില്‍ അധ്വാനിക്കാന്‍ ചെറിയ പ്രായത്തില്‍ത്തന്നെ കുട്ടികളെ പരിശീലിപ്പിക്കുകയാണവര്‍. പഠിക്കുന്ന കുട്ടികള്‍ തന്നെ കൃഷിയുടെ വിളവെടുപ്പ് നാളുകളില്‍ സ്‌കൂളിലേക്ക് തിരിഞ്ഞുനോക്കില്ല! പഠിച്ചിട്ട് വലിയ കാര്യമൊന്നുമില്ല എന്ന ചിന്ത രക്ഷിതാക്കള്‍ക്ക്. ഇവരെ പഠിപ്പിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ലാത്ത ഭരണകൂടം. സ്‌കൂള്‍ എന്നുകേള്‍ക്കുമ്പോഴേക്ക് മുഖം തിരിച്ചുകളയുന്ന കുട്ടികള്‍. ഇതെല്ലാം ചേരുമ്പോള്‍ വിദ്യാഭ്യാസം ഗ്രാമങ്ങളില്‍ കിട്ടാക്കനിയാകുന്നു. പിന്നെങ്ങനെയാണ് ഈ നാടുകളില്‍ വികസനം വരിക? പുരോഗതി സാധ്യമാവുക? മാതൃഭാഷ പോലും എഴുതാനും വായിക്കാനും അറിയാത്തവര്‍ 2022 ലുമുണ്ടെന്നത് നിങ്ങള്‍ക്ക് സങ്കല്പിക്കാനാകുന്നുണ്ടോ? പക്ഷെ യാഥാര്‍ഥ്യം അതാണ്. ഗൗരവതരമായ ഈ പ്രശ്‌നത്തെ മുന്നില്‍കണ്ട് ഡല്‍ഹി ത്വയ്ബ ഹെറിറ്റേജ് ആവിഷ്‌കരിച്ച പദ്ധതിയാണ് ഫുഡ് ഓണ്‍ വീല്‍സ്. ഭക്ഷണപ്പൊതികളുമായി അവര്‍ കുട്ടികളെത്തേടി ചെന്നു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് ഈ ഭക്ഷണവിതരണം നടക്കുക. രുചികരമായ ഭക്ഷണം കിട്ടുമെന്ന ആഗ്രഹത്തില്‍ കുട്ടികള്‍ സ്‌കൂളില്‍ വരും. ഒരു ബിരിയാണിപ്പൊതിയിലേക്ക് ആ കുട്ടികള്‍ അത്രമേല്‍ ആഗ്രഹത്തോടെ പാഞ്ഞെത്തണമെങ്കില്‍ അവരുടെ ജീവിതം എത്ര ദുരിതഭരിതമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഭക്ഷണത്തിലേക്ക് മോഹിച്ചെത്തുന്ന കുട്ടികളുടെ മനസുകളില്‍ വിദ്യാഭ്യാസത്തെ കുറിച്ചുള്ള മോഹങ്ങള്‍ കൂടി നിക്ഷേപിക്കുന്നു. അതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. കുട്ടികള്‍ക്ക് ഹിന്ദിയും ഇംഗ്ലീഷും പഠിപ്പിക്കുന്നു. എഴുതാനും വായിക്കാനും പരിശീലിപ്പിക്കുന്നു. കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം പരിചയപ്പെടുത്തുന്നു. അങ്ങനെയങ്ങനെ ചെറിയ പരിശ്രമങ്ങളിലൂടെ അവര്‍ വലിയ കുതിപ്പുകള്‍ സാധ്യമാക്കുന്നു.
കേരളത്തില്‍ നിന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദഅ്വാ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കുന്നവര്‍ക്ക് മുമ്പില്‍ മൂന്നു ദൗത്യങ്ങളാണുള്ളത്. ഒന്ന്, കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക. രണ്ട്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മതവിജ്ഞാനീയങ്ങള്‍ പകരുക. മൂന്ന്, ഇവരുടെ സാമൂഹിക ജീവിതം മെച്ചപ്പെടുത്തുക. ഒരു വിശ്വാസി മുസ്‌ലിം അനിവാര്യമായും അറിഞ്ഞിരിക്കേണ്ട മതകാര്യങ്ങള്‍ പഠിക്കാന്‍ പോലും അവസരം കിട്ടിയിട്ടില്ലാത്ത ജനങ്ങള്‍ എത്രയെങ്കിലുമുണ്ട്. വ്യവസ്ഥാപിതമായ മതപഠന സൗകര്യങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ അഞ്ചുനേരത്തെ നിര്‍ബന്ധിത നിസ്‌കാരത്തിന്റെ രൂപവും നിബന്ധനകളും വരെ അറിയാത്ത അവസ്ഥയുണ്ട്. ഞങ്ങള്‍ സന്ദര്‍ശിച്ച ഒരു പ്രദേശത്തിന്റെ പേര് ഇസ്‌ലാം കാ നങ്ള. ഇസ്‌ലാമിന്റെ ഗ്രാമം എന്ന് ഭാഷാന്തരപ്പെടുത്താവുന്ന പേര്. ആ ഗ്രാമത്തില്‍ മുപ്പതില്‍ താഴെ മുസ്‌ലിം കുടുംബങ്ങളാണുള്ളത്. പള്ളി കേന്ദ്രീകരിച്ച് അവിടെ മതപഠനം നല്‍കിക്കൊണ്ടിരിക്കുന്നു. ത്വയ്ബ ഹെറിറ്റേജിന്റെ ഫീല്‍ഡ് കോര്‍ഡിനേറ്റര്‍ മോങ്ങം സ്വദേശിയായ ഹിഷാം റബ്ബാനിയാണ് ഇവിടെ ചുമതലയിലുള്ളത്. തസ്രാക്കിലെ ഏകാധ്യാപക വിദ്യാലയത്തെ ഓര്‍മിപ്പിക്കുന്ന അനേകം പാഠശാലകളുണ്ട് ഉത്തരേന്ത്യയില്‍. ഇസ്‌ലാം കാ നങ്ളയിലെ പാഠശാല അതിലൊന്നാണ്. ഇംഗ്ലീഷ് ഭാഷാപഠനമുള്‍പ്പടെ നല്‍കുന്നുണ്ട് ഇവിടെ കുട്ടികള്‍ക്ക്. ഗ്രാമത്തിലെ പ്രധാനികളിലൊരാളായ റുജ്മല്‍ ഖാന്റെ വീട്ടിലേക്കു നടക്കുന്നതിനിടെ കാലിയായ കൃഷിയിടങ്ങള്‍ ചൂണ്ടി റബ്ബാനി പറഞ്ഞു: “മഴയില്‍ നശിച്ചുപോയതാണ് ഇത്തവണത്തെ കൃഷി’. നമ്മുടെ നാട്ടില്‍ വിളകള്‍ നശിച്ചുപോയാല്‍ സര്‍ക്കാരില്‍നിന്ന് നഷ്ടപരിഹാരം ലഭിക്കാന്‍ വകയുണ്ട്. അവിടെ അതൊന്നുമില്ല. നാശനഷ്ടങ്ങള്‍ കര്‍ഷകര്‍ സഹിച്ചോളണം.
സര്‍പഞ്ചിന്റെ വീട്ടില്‍ നിന്ന് പ്രാതല്‍ കഴിച്ചുമടങ്ങവേ ഒരു വീട്ടില്‍ കയറി. ത്വയ്ബ ഹെറിറ്റേജ് നിര്‍മിച്ചുനല്‍കിയ വീടാണ്. അഞ്ചുകുട്ടികളുള്ള കുടുംബം. ഗുലഫ്‌സ, ഗുല്‍ഫാന്‍, സഹന്‍ജും, നസ്‌റാന, നസ്‌റാന്‍. പിതാവ് മരിച്ചുപോയതാണ്. ഇരുപത്തിയെട്ടാം വയസില്‍ വൈധവ്യത്തിലേക്ക് വീണുപോയതാണ് കുട്ടികളുടെ ഉമ്മ. അഞ്ചു മക്കളെയുമായി വയലിലെ ടാര്‍പോളിന്‍ ഷീറ്റിനു കീഴില്‍ ജീവിച്ചതാണ് അവര്‍. കയറിക്കിടക്കാന്‍ വീടില്ല. വിധവാവിവാഹം ആ നാട്ടില്‍ പതിവില്ല. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ കൊടിയ ശൈത്യമാണ് ഉത്തരേന്ത്യയില്‍. സ്വെറ്ററുകള്‍ക്ക് മേല്‍ സ്വെറ്ററുകള്‍ വലിച്ചിട്ടാലും ശരീരം തുളച്ചെത്തുന്ന തണുപ്പ്. അവിടെയൊരു വയലില്‍ ടാര്‍പോളിന്‍ മേല്‍ക്കൂരയ്ക്ക് താഴെ കുഞ്ഞുകുട്ടികളെയുമായി യൗവനത്തിലേക്ക് പ്രവേശിക്കുന്ന ഒരുമ്മ. ആലോചിക്കുമ്പോള്‍ നടുക്കം തോന്നുന്നില്ലേ. അവര്‍ക്ക് വീട് നല്‍കി സുരക്ഷിതത്വത്തിലേക്ക് വഴിനടത്തി ത്വയ്ബ പ്രവര്‍ത്തകര്‍. കുട്ടികളെക്കണ്ട് ആ വീട്ടില്‍ നിന്ന് തിരിച്ചിറങ്ങുമ്പോള്‍ അവരുടെ ഉമ്മ പടിക്കല്‍ നില്‍ക്കുന്നുണ്ട്. തട്ടം കൊണ്ട് മുഖം മറച്ചിരിക്കുന്നു. അങ്ങനെ മുഖം മറച്ചുപിടിക്കുന്ന എത്രയോ സ്ത്രീകളെ വഴിയില്‍ കണ്ടിട്ടുണ്ട്. വിവാഹിതകള്‍ (അവര്‍ ഏതു മതക്കാരായാലും) അങ്ങനെ ചെയ്യണം എന്നതാണത്രേ ഇവിടത്തെ ആചാരം. വിധവകളും അതില്‍ നിന്നൊഴിവല്ല.
ആഗോള പട്ടിണിസൂചികയില്‍ ഇന്ത്യ 107 ആം സ്ഥാനത്ത് എന്ന് കേരളത്തിലിരുന്നു വായിക്കുമ്പോള്‍ ടി.ജി മോഹന്‍ദാസ് മാത്രമല്ല, മറ്റു പലരും ചിന്തിക്കുക അതേ നിലവാരത്തിലാകും. “വയറ് നിറയെ ശാപ്പാട് കഴിക്കുന്ന ഞാന്‍ പട്ടിണിയാണെന്ന് പറയാന്‍ ഈ സായ്പ് ആര്?’ എന്നാണ് ആര്‍എസ്എസ് ബുദ്ധിജീവി ട്വീറ്റ് ചെയ്തത്. കേരളത്തിന്റെ ജീവിതനിലവാരത്തെയും സുഭിക്ഷതയെയും വെച്ച് ഇന്ത്യയെ അളക്കുന്നതിന്റെ പ്രശ്‌നമാണ് ആ ട്വീറ്റില്‍ കാണുന്നത്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ സഞ്ചരിക്കുന്നൊരാള്‍ക്ക് ആ പട്ടിണിസൂചികയില്‍ ഒരദ്ഭുതവും തോന്നില്ല.വറുതി പെയ്യുന്ന ആ ഗ്രാമങ്ങളില്‍ പുത്തനുണര്‍വിലേക്കും പുതിയ ജീവിതത്തിലേക്കും തട്ടിവിളിക്കുകയാണ് ഡല്‍ഹി ത്വയ്ബ ഹെറിറ്റേജ് പോലുള്ള ദഅ്വാ സംരംഭങ്ങള്‍. 2012-ലാണ് ത്വയ്ബ ഹെറിറ്റേജ് രൂപീകൃതമാകുന്നത് ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി, ജാര്‍ഖണ്ഡ്, യുപി, പഞ്ചാബ്, ഉള്‍പ്പടെ പത്തോളം സംസ്ഥാനങ്ങളിലായി ഇവരുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തിയിട്ട് നാലു വര്‍ഷമേ ആകുന്നുള്ളൂ. ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് സമാനതകളില്ലാത്ത മുന്നേറ്റം സാധ്യമാക്കിയിരിക്കുന്നു ത്വയ്ബ പ്രവര്‍ത്തകര്‍, ശാഫി നൂറാനിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദഅ്‌വാ തത്പരരായ ഇനിയും ഏറെപ്പേരെ ആവശ്യമുണ്ട്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് വേറെയും കൂട്ടായ്മകള്‍ സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ഇനിയും എത്രയോ പരിശ്രമങ്ങള്‍ ഉണ്ടാവുകയും വര്‍ഷങ്ങളോളം പണിയെടുക്കുകയും ചെയ്‌തെങ്കിലേ എന്തെങ്കിലുമൊക്കെ മാറ്റങ്ങള്‍ ഈ നാടുകളില്‍ സാധ്യമാവുകയുളളൂ. അത്ര പരിതാപകരമാണ് ഉത്തരേന്ത്യന്‍ ഗ്രാമജീവിതം. ഡല്‍ഹി ഉള്‍പ്പടെ മെട്രോ സിറ്റികളോട് ചേര്‍ന്നുള്ള ഗല്ലികളിലൂടെ മാത്രം സഞ്ചരിച്ചാല്‍ മതിയാകും ഈ യാഥാർഥ്യം ബോധ്യപ്പെടാന്‍ ■

Share this article

About മുഹമ്മദലി കിനാലൂര്‍

mdalikinalur@gmail.com

View all posts by മുഹമ്മദലി കിനാലൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *