ബി എം ഗഫൂറിന്റെ കുട്ടിക്കാലവും കുട്ടിപ്പത്രവും

Reading Time: 3 minutes

പുറത്തുനിന്നുള്ള കാറ്റും വെളിച്ചവും കടക്കാനായി രിസാല ജാലകപ്പഴുതുകള്‍ തുറന്നുവെച്ചപ്പോള്‍ മാറ്റങ്ങള്‍ വലിയ തോതിലായിരുന്നു. ലക്കം 287 റമളാന്‍ ലക്കത്തില്‍ അതിഥിയായി പ്രൊഫ. അഹ്‌മദ്കുട്ടി ശിവപുരം വന്നു. ഖുര്‍ആനെയും പ്രപഞ്ചത്തെയും ചേര്‍ത്തുവെച്ച് വായിക്കുന്ന കുറിപ്പായിരുന്നു അത്. ഖുര്‍ആന്‍ ഓതിക്കഴിഞ്ഞാല്‍ പഴയ കാലത്ത് അതിനായി പ്രത്യേകം തുന്നിയ ഉറയിലിട്ട് ഉയരത്തില്‍ വെക്കും. മിക്കവാറും അത് പട്ടുറയായിരിക്കും. പരിഷ്‌കരണവാദികള്‍ ഇതിനെ പരിഹസിക്കാറുണ്ട്. ഖുര്‍ആന്‍ പട്ടുറയില്‍ പൊതിഞ്ഞുവെക്കാനുള്ളതല്ലെന്നും അത് വിപ്ലവത്തിന്റെ കെടാത്ത ദീപശിഖയാണെന്നും അവര്‍ ഉപന്യസിക്കാറുണ്ടായിരുന്നു. അവര്‍ പിന്നീട് പരിഭാഷാ പ്രസ്ഥാനം തുടങ്ങി. അവര്‍ ഖുര്‍ആനെ ഉണങ്ങിയ വാക്കുറകളില്‍ കെട്ടി പരിഭാഷപ്പെടുത്തി. ഉയരത്തില്‍ വെച്ചില്ല. തറയില്‍വെച്ചു. ഖുര്‍ആന്‍ എല്ലാവര്‍ക്കുമുള്ളതല്ലേ എന്നാണ് ന്യായം. എല്ലാവരും എടുത്തുവായിച്ചു. ഇത്രയേ ഉള്ളൂ ഖുര്‍ആന്‍ എന്ന് ചോദിച്ചുതുടങ്ങി. വിരോധികള്‍ ഈ പരിഭാഷകള്‍ കണ്ട് ഭീകരതയുടെ മതമെന്ന് വായിച്ചു. എന്തെല്ലാം ദുരന്തങ്ങള്‍. അവസാനിക്കാത്ത അപഖ്യാതിയായിരുന്നു പരിഭാഷാ പ്രസ്ഥാനം മുസ്‌ലിം സമുദായത്തിന് നല്‍കിയത്. 1998 ജനുവരിയിലാണ് പ്രൊഫ. അഹ്‌മദ്കുട്ടി ശിവപുരം ഈ കുറിപ്പെഴുതുന്നത്. അന്ന് സ്ഥിതിഗതികള്‍ ഇത്ര ദുരന്തപൂര്‍ണമായിട്ടില്ല എന്നോര്‍ക്കുക. ഇന്നിപ്പോള്‍ എന്റെ മേശപ്പുറത്ത് “മലയാളം ഖുര്‍ആന്‍’ ഇരിക്കുന്നുണ്ട്. പ്രൊഫ. അഹ്‌മദ് കുട്ടിയോട് തന്നെ ഖുര്‍ആന്റെ ദാര്‍ശനിക വ്യാഖ്യാനമെഴുതാന്‍ അന്നത്തെ യുവപണ്ഡിതന്മാര്‍ തന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും അല്ലാഹുവിന്റെ റസൂല്‍ ഉദ്ദേശിച്ച സാരമല്ല താനെഴുതുന്നതെങ്കില്‍ താനെങ്ങനെ ആ മുഖത്തേക്ക് നോക്കും എന്ന ആധിയില്‍ പിന്മാറുകയായിരുന്നു.
തൊട്ടടുത്ത ലക്കത്തില്‍ അബൂഇസ്ഹാഖ് ഇസ്മാഈല്‍ മൗലവിയുടെ അഭിമുഖമുണ്ട്. കോഴിക്കോട്ടെ പ്രശസ്തമായ മുദാക്കരപ്പള്ളിയില്‍ വെച്ചായിരുന്നു സംസാരം. ദീര്‍ഘകാലം മൗലവി അവിടെയായിരുന്നു. മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി പ്രസ്ഥാനങ്ങളുടെ ആചാര്യനായി പ്രവര്‍ത്തിച്ച ശേഷം, സുന്നീ ആശയധാരയിലേക്ക് വന്നതായിരുന്നു മൗലവി.
1956 ല്‍ കോഴിക്കോട് നടക്കാവില്‍ ടി.കെ പരീക്കുട്ടി ഹാജിയുടെ വീട്ടില്‍ നടന്ന സുന്നി – ജമാഅത് സംവാദത്തിലാണ് മൗലവി ആശയക്കുഴപ്പത്തിലാകുന്നത്. അവിടെ സുന്നീപക്ഷത്തിനുവേണ്ടി സംവാദം നയിച്ച ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ലിയാരുടെ വാദമുഖങ്ങളില്‍ ജമാഅത്ത് സംവാദകന്മാര്‍ പതറിപ്പോയി. അവര്‍ മറുപടിയില്ലാതെ വിഷമിച്ചു. മൗദൂദിയെ ചാണിന് ചാണായി തുടര്‍ന്നത് ചവിട്ട് പിഴക്കാന്‍ ഹേതുവായി. മൗദൂദിയുടെ നെടുനീളന്‍ പ്രബന്ധങ്ങളുടെ പ്രയോഗ സൗകുമാര്യതയില്‍ കുടുങ്ങിയതായിരുന്നു ജമാഅത്തെ ഇസ്‌ലാമി. അതിന് ആശയപരമായ അടിവേരില്ലെന്ന് മനസിലായത് അത്യഗാധ ജ്ഞാനമുള്ളവരുമായി നേര്‍ക്കുനേര്‍ കണ്ടപ്പോഴാണ്. നടക്കാവില്‍ അടിതെറ്റിയപ്പോള്‍ സംവാദകന്മാരില്‍ ഒരാളായ അബൂഇസ്ഹാഖ് ഇസ്മാഈല്‍ മൗലവിക്കും ചുവടുതെറ്റി. അദ്ദേഹം ഗൗരവത്തില്‍ ആലോചിച്ചു. ആ ആലോചനകള്‍ക്കൊടുവില്‍ മൗലവി സുന്നീധാരയിലേക്ക് വലതുകാല്‍ വെച്ചുകയറി. അക്കഥ രിസാലയില്‍ വിശദമായി എഴുതിയിട്ടുണ്ട്. അശ്‌റഫ് പുല്ലാളൂരും ഞാനും ചേര്‍ന്നാണ് ആ അഭിമുഖം നടത്തിയത്. അശ്‌റഫിന്റെ ബൈലൈനിലാണ് അത് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ആ ലക്കത്തില്‍ എന്റെ പേരില്‍ മറ്റു രചനകള്‍ ഉണ്ടായതുകൊണ്ടാണ് അങ്ങനെ ചെയ്തത്.
ലക്കം 289 പെരുന്നാള്‍ ലക്കമാണ്. സയ്യിദ് ഫള്ൽ തങ്ങള്‍, കെ പി കുഞ്ഞിമൂസ എന്നിങ്ങനെ പ്രശസ്തര്‍ തന്നെ ആ ലക്കത്തില്‍ ഈദ് ഓര്‍മകളുമായി വരുന്നു. അതിഥിയായെത്തുന്നത് ദീര്‍ഘകാലം മാതൃഭൂമിയില്‍ കാര്‍ടൂണിസ്റ്റായിരുന്ന ബി എം ഗഫൂര്‍. എഴുത്തുകാരി ബി എം സുഹ്‌റയുടെ ആങ്ങള. മാതൃഭൂമിയുടെ ജനകീയ കാര്‍ടൂണ്‍ കഥാപാത്രമായ കുഞ്ഞമ്മാന്‍ ഗഫൂറിന്റേതായിരുന്നു. ഗഫൂര്‍ക്ക ഇന്ന് നമ്മോടൊപ്പമില്ല. 2003 നവംബര്‍ 13ന് അന്തരിച്ചു.
ഞാനും സമദ് പുലിക്കാടും ചേര്‍ന്നാണ് ഗഫൂര്‍ക്കയെ ഫോണ്‍ ചെയ്ത് കാണാന്‍ സമയം വാങ്ങിയത്. വൈകീട്ട് അഞ്ചു മണിക്ക് കോഴിക്കോട്ടെ മാതൃഭൂമിയില്‍ കാണാമെന്ന് ഗഫൂര്‍ക്ക. കൃത്യസമയത്ത് ഞങ്ങള്‍ ചെന്നു. ഗ്രൗണ്ട് ഫ്ളോറിലെ റിസപ്ഷനില്‍ റിപ്പോര്‍ട്ട് ചെയ്തു. അവര്‍ മുകളിലെ ഓഫീസിലെ മുറിയിലിരിക്കുന്ന ഗഫൂര്‍ക്കയെ വിളിച്ച് ഞങ്ങള്‍ക്കുള്ള സമ്മതം വാങ്ങി. അവര്‍ തന്ന പ്രത്യേക സ്‌ലിപ്പും വാങ്ങിയാണ് ഞങ്ങള്‍ ഗഫൂര്‍ക്കയുടെ മുറിയില്‍ കയറിയത്. നേര്‍ത്ത പുഞ്ചിരിയോടെ ഗഫൂര്‍ക്ക ഹസ്തദാനം ചെയ്ത് ഞങ്ങളെ എതിരേറ്റു. കസേരയില്‍ ഇരുത്തി. ചായയും പലഹാരവും വന്നു. ഒന്നിച്ച് കഴിച്ചു. അതിഥിക്കോളത്തിലൂടെ രിസാല ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ ഓര്‍മിപ്പിച്ചപ്പോള്‍ നിറപ്പകിട്ടുള്ള ആചാരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഇടമുള്ള സുന്നീ പാരമ്പര്യത്തെ കുറിച്ച് ഗഫൂര്‍ക്കയും ദീര്‍ഘമായി സംസാരിച്ചു. സുന്നീ പാരമ്പര്യം ശക്തമാണ്. തലമുറകളിലേക്ക് നീളുന്ന ഓര്‍മകളാണ് അതിന്റെ ജീവാധാര. മരിച്ചാലും മറക്കാത്ത ഓര്‍മകളോടൊപ്പം ഉറങ്ങുന്നത് അനിര്‍വചനീയമായ സ്വര്‍ഗീയ ജീവിതം തന്നെയാണെന്ന് ഗഫൂര്‍ക്ക. പരിഷ്‌കൃത കുടുംബങ്ങളിലുള്ളവര്‍ മരിക്കുന്നതോടെ ഓര്‍മകളും മരിച്ചു. പിന്നെ ആണ്ടറുതികളില്‍ പോലും ഓര്‍മയില്ല. ഫലമോ, മക്കള്‍ക്ക് നനവൂറുന്ന ഓര്‍മകളില്ലാതെ, മാതൃകകളില്ലാതെ അവര്‍ കുറ്റിയും വേരും നീരോട്ടവുമില്ലാത്ത ജീവിതം നയിക്കേണ്ടി വരുമെന്ന് ഗഫൂര്‍ക്ക. സ്വല്പകാലവും കൂടി കഴിഞ്ഞാല്‍ നമ്മുടെ മക്കള്‍ അനന്തമായ ശൂന്യത സഹിക്കാനാകാതെ എന്തൊരു ദുരന്തത്തിലേക്കാണ് വീണുപോകുക എന്ന് ഊഹിക്കാനാകുന്നില്ല – അദ്ദേഹം ആശങ്കകള്‍ പങ്കുവെച്ചു. അന്ന് ദൂരദര്‍ശന്‍ ടി വി യായിരുന്നു കുട്ടികളുടെ അന്തിനേരങ്ങള്‍ കവര്‍ന്നിരുന്നത്. ടെക്‌നോളജി ഇത്രമാത്രം സമൂഹത്തെയൊന്നാകെ കവര്‍ന്ന് കൊണ്ടുപോയിരുന്നില്ല.
ഗഫൂര്‍ക്ക സുന്ദരമായ ഒരു കുറിപ്പ് തന്നു. “കുട്ടിക്കാലവും കുട്ടിപ്പത്രവും’ എന്നാണ് ശീര്‍ഷകം. “ഒരു പുരാതന സുന്നീ കുടുംബമാണ് ഞങ്ങളുടേത്’ എന്നാണ് തുടക്കം തന്നെ. ഇങ്ങനെയൊരു തുടക്കത്തോടെ ഒരു കുറിപ്പെഴുതാന്‍ ചെറിയ ആത്മവിശ്വാസമൊന്നും പോരാ അക്കാലത്ത്. പ്രത്യേകിച്ചും ഗഫൂര്‍ക്കയെപ്പോലെ ഒരാള്‍ക്ക്. മാതൃഭൂമി പോലെ ഒരു പത്രത്തിന്റെ തലപ്പത്തിരിക്കുമ്പോള്‍ യാഥാസ്ഥിതികത്വത്തിന്റെ മുള്‍ക്കിരീടം തലയില്‍ ചൂടാന്‍ ആര്‍ക്കാണ് ധൈര്യം വരുക?
താനടക്കം പതിനഞ്ച് കുട്ടികളുണ്ടായിരുന്നു തലശേരിയിലെ ഗഫൂര്‍ക്കയുടെ ബടക്കണ്ടി തറവാട്ടില്‍. കുടുംബം പിന്നീട് കോഴിക്കോട്ടെ തിക്കോടിയിലേക്ക് മാറി. കോഴിക്കോട്ടെ സെന്റ് ജോസഫിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. അന്നത്തെ അവധിക്കാല വിനോദം കുട്ടിപ്പത്രമായിരുന്നത്രെ. കൂടാതെ ഗഫൂര്‍ക്ക കഥ, തിരക്കഥ, ഗാനരചന, സംവിധാനം നിര്‍വഹിക്കുന്ന നാടകങ്ങളും. അതില്‍ കുട്ടിപ്പത്രത്തിന്റെ അനുഭവങ്ങളാണ് ഹൃദ്യം. കുടുംബത്തിലെ കുട്ടികള്‍ക്ക് പുറമെ വേലക്കാരുടെ മക്കള്‍ കൂടി ചേരുമ്പോള്‍ വലിയൊരു ലോകമായി. സ്വ.ലേയും ഒ.ലേയുമാണ് പ്രധാന റിപ്പോര്‍ട്ടര്‍മാര്‍; സ്വന്തം ലേഖകനും ഒരു ലേഖകനും.
“മുഹമ്മദ് കുട്ടി ഹാജി കോഴിക്കോട്ടേക്ക്’ എന്നത് പ്രധാന വാര്‍ത്തയാണ്. ബാപ്പ രാവിലത്തെ ട്രെയിനിന് കോഴിക്കോട്ടേക്ക് പോകുന്നതാണ് വിഷയം. പയ്യോളി കോടതിയില്‍ സ്ഥിരമായി സ്വത്ത് കേസുകളില്‍ ഹാജരായിരുന്ന ബാപ്പയുടെ ഏതെങ്കിലും ഒരു കേസ് തോറ്റതായിരിക്കും ചിലപ്പോള്‍ ചൂടുള്ള വാര്‍ത്ത. കേസ് തോറ്റ ബാപ്പ പടി കടന്നുവരുന്ന കാര്‍ടൂണ്‍ സഹിതമായിരിക്കും വാര്‍ത്ത. പ്ര.ലേ കൊണ്ടുവരുന്ന നാട്ടുവാര്‍ത്തകള്‍ കൂടി ചേര്‍ന്നാല്‍ പത്രം ചൂടപ്പം പോലെ വായിച്ചുതീര്‍ക്കാന്‍ തിരക്കാവും. കാര്യസ്ഥന്‍ മൊയ്തീന്‍ കാക്കയും വേലക്കാരി മണ്ണട്ട മറിയയും ആണ് പ്രത്യേക ലേഖകന്മാര്‍.
വൈകുന്നേരം നാല് മണിക്ക് പത്രം ഇറങ്ങും. ഏറ്റവും ഇളയ അനുജന്‍ അസ്സുവാണ് സ്വ.ലേ. അവന്‍ തന്നെയാണ് വിതരണക്കാരനും. ഒന്നാമത്തെ വായനക്കാരന്‍ ബാപ്പ തന്നെ. കേസ് തോറ്റ വാര്‍ത്ത ബാപ്പ ആസ്വദിച്ചുവായിക്കുന്നത് ഞങ്ങള്‍ ഒളിഞ്ഞിരുന്ന് നോക്കും. ഗഫൂര്‍ക്കയുടെ കാര്‍ട്ടൂണ്‍ സ്വീകരിച്ച ആദ്യത്തെ സഹൃദയന്‍ ബാപ്പ മുഹമ്മദ് കുട്ടി ഹാജി തന്നെ. ബാപ്പ തന്നെയാണ് പത്രം ഇറക്കാനുള്ള പേപ്പര്‍ വാങ്ങാനുള്ള കാഷ് തരുക. അനുജന്‍ ലത്തീഫ് പേരെടുത്ത കര്‍ഷകനാണ്. അവനാണ് മറ്റുള്ള സഹായങ്ങള്‍. “നല്ല നല്ല തെങ്ങിന്‍തൈകള്‍ വില്പനക്ക്’ എന്ന അവന്റെ പരസ്യവും പത്രത്തിന് പ്രധാനമാണ്.. ഗഫൂര്‍ക്ക കുറിപ്പ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: “ഇന്ന് എങ്ങോട്ടോ കുതിച്ചുകൊണ്ടിരിക്കുന്ന ലോകത്തില്‍ ആകപ്പാടെ മനസിനെ സമ്പുഷ്ടമാക്കാന്‍ ഓടിയെത്തുന്നത് ഇത്തരം സമ്പന്നമായ ഓര്‍മകള്‍ മാത്രമാണ്’.
ലക്കം 290 ല്‍ ഉള്‍താളുകളുടെ ലേ ഔട്ടില്‍ നേര്‍ത്ത മാറ്റങ്ങള്‍ വരുത്തുന്നു.അതേ ലക്കത്തില്‍ പുറംചട്ടയില്‍ രിസാലയുടെ പരസ്യം വരുന്നു: “വായിക്കപ്പെടുന്നതെന്തും പരിവര്‍ത്തനത്തിന്റെ കാഹളമാകുന്നില്ല. മനസുകളിലേക്ക് തെളിനീര്‍ പ്രവാഹം പോലെ രിസാല’. ഇരുളില്‍ ഒരു പൂ വിരിയും പോലെ നിരന്തര മാറ്റത്തിന്റെ അടയാളങ്ങള്‍ അക്കാലത്ത് ഓരോ ലക്കത്തിലും കാണാം ■

Share this article

About ടി കെ അലിഅശ്‌റഫ്

aliasraftk@gmail.com

View all posts by ടി കെ അലിഅശ്‌റഫ് →

Leave a Reply

Your email address will not be published. Required fields are marked *