തല്ലിത്തീര്‍ക്കാന്‍ വരട്ടേ, നമുക്കു സംസാരിച്ചു പരിഹരിക്കാം

Reading Time: 3 minutes

നീതിബോധമാകണം അനുരഞ്ജനശ്രമങ്ങളുടെ അടിപ്പടവ്.
കുറ്റവിചാരണകളും കുറ്റപ്പെടുത്തലുകളുമില്ലാതെ വിഷയം കൈകാര്യം
ചെയ്യാനുള്ള സിദ്ധി മധ്യസ്ഥര്‍ക്കുണ്ടാകണം. രണ്ടു സ്വരങ്ങളെ ഒറ്റശബ്ദമാക്കി
മാറ്റിയെടുക്കുന്ന മാന്ത്രികതയാണ് അനുരഞ്ജനത്തിന്റെ ആകെത്തുക.

നമ്മുടെ സാമൂഹികജീവിതം പലപ്പോഴും കുഴപ്പങ്ങളുടേതാകാറുണ്ട്. പൊതുജീവിതത്തില്‍നിന്നും ഇടപാടുകളില്‍നിന്നും മാറിനില്‍ക്കുന്ന അധികപേരുടെയും പ്രശ്നം തര്‍ക്കങ്ങള്‍ അഭിമുഖീകരിക്കാന്‍ വയ്യാത്തതാണ്. ഒരു സംഘത്തിലോ സമൂഹത്തിലോ ആയിരിക്കുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളിലും തര്‍ക്കങ്ങളിലും നമുക്ക് ഏറെ നേരം ചെലവഴിക്കേണ്ടിവരുന്നത് അനുഭവങ്ങളാണ്. പൊതുരംഗത്തു മാത്രമല്ല, കുടുംബത്തിലും പ്രശ്നങ്ങളുണ്ട്. അഭിപ്രായ വ്യത്യാസങ്ങളില്‍നിന്നാണ് തുടക്കം. തര്‍ക്കങ്ങളിലേക്കും പരസ്പരം ഉള്‍കൊള്ളാന്‍ സാധിക്കാത്ത അകലത്തിലേക്കും ചിലപ്പോഴൊക്കെ കൈയാങ്കളികളിലേക്കും ദമ്പതിമാര്‍ വേര്‍പിരിയലിലേക്കുമൊക്കെ വിയോജിപ്പുകളും വഴക്കുകളും എത്തുന്നു. സംഘടനകളും സ്ഥാപനങ്ങളും നാടുകളും കുടുംബങ്ങളും ടീമുകളുമൊക്കെ തമ്മിലുള്ള തര്‍ക്കങ്ങള്‍ വലിയ കുഴപ്പങ്ങളും സംഘര്‍ഷങ്ങളുമായി പരിണമിക്കാറുണ്ട്. കുടുംബവഴക്കിനെ തുടര്‍ന്ന് കൊലപാതകങ്ങളും അക്രമങ്ങളും അരങ്ങേറുന്നുണ്ടല്ലോ. രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ യുദ്ധങ്ങളിലും ഉപരോധങ്ങളിലുമൊക്കെ എത്തിച്ചേരുന്നു. അഭിപ്രായഭിന്നതകളില്‍ തുടങ്ങി വഴക്കുകളിലേക്കും പിന്നീടതു വാശിയിലേക്കും “വികസിക്കുന്നതാണ്’ കണ്ടുവരുന്നത്. വാശിയിലെത്തിയാല്‍ അവ പരിഹരിക്കുക അത്ര എളുപ്പമല്ല. പിന്നെ സംഭവിക്കുക നാടന്‍ ഭാഷയില്‍, തല്ലിത്തീരലാണ്.
കുഴപ്പങ്ങള്‍ക്കുള്ള പരിഹാരം അനുരഞ്ജനമാണ്. പ്രശ്നങ്ങളുടെ ആദ്യഘട്ടത്തില്‍ തന്നെ ആരംഭിക്കേണ്ട ഒരു മൂന്നാംകക്ഷി ഇടപെടലാണ് അനുരഞ്ജനത്തിന്റെ വഴി തുറക്കുക. മൂന്നാംകക്ഷി ഇല്ലാതെയും പരസ്പരം സംസാരിച്ചുതീരുന്ന പ്രശ്നങ്ങളുണ്ട്. പക്ഷേ അനുരഞ്ജനം അതിന്റെ സ്വാഭാവികതയിലും ബോധ്യത്തിലും സംഭവിക്കാന്‍ എളുപ്പമുള്ള ഉപാധി മൂന്നാംകക്ഷിയുടെ മധ്യസ്ഥതയില്‍ നടക്കുന്ന അനുരഞ്ജന ശ്രമങ്ങളും നിര്‍ദേശങ്ങളുമാണ്.
അനുരഞ്ജനം എന്ന ഏറെ സാമൂഹിക പ്രാധാന്യമുള്ള ഒരു സേവന പ്രവര്‍ത്തനത്തിന്റെ ആശയത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഒന്നാമതായി മനുഷ്യര്‍ എന്ന മഹോന്നതരായ സമൂഹത്തിനിടയിലാണ് രഞ്ജിപ്പിനു വേണ്ടി പ്രവര്‍ത്തിക്കാനുള്ളത് എന്നതു തന്നെ. രണ്ടാമത്, ആശയ വ്യത്യാസങ്ങളുടെയും തെറ്റിദ്ധാരണകളുടെയും പേരിൽ രണ്ടു പക്ഷത്തായവരെ കൂട്ടിച്ചേര്‍ക്കുന്നതിലൂടെ ഉണ്ടാകുന്ന സാമൂഹികവും മാനവികവുമായ ഒരുമ എന്ന ഗുണം. മൂന്നാമത്, സമാധാനം, വിട്ടുവീഴ്ച, സ്നേഹം, ഉള്‍കൊള്ളല്‍ തുടങ്ങിയ മൂല്യങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനവും അവ അനുഭവിക്കുകയും ചെയ്യുക.
അഭിപ്രായ ഭിന്നതകള്‍ക്കിടയിലെ അനുരഞ്ജന പ്രവര്‍ത്തനം ഒരു സാമൂഹിക അജണ്ടയും സന്നദ്ധ പ്രവര്‍ത്തനവുമാകേണ്ടതാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സേവന സംരംഭങ്ങളും ഏറ്റെടുക്കുന്നതു പോലുള്ള കൂട്ടായ ശ്രമം ആളുകള്‍ക്കിടയിലെ തര്‍ക്കപരിഹാരങ്ങള്‍ക്കും ഇണക്കം ഉണ്ടാക്കുന്നതിനുമായി കൂടുതല്‍ ബലപ്പെട്ടു വരേണ്ടതുണ്ട്.
നോക്കൂ, അകന്നു കഴിയുന്ന രണ്ടു മനുഷ്യര്‍ക്കിടയില്‍ ഇണങ്ങിക്കഴിയാനുള്ള അവസരത്തിനായി പ്രവര്‍ത്തിക്കാനാകുക എന്നത് മാനവകുലത്തില്‍ നമുക്കു നിര്‍വഹിക്കാനുള്ള വലിയ ഇടപെടല്‍ തന്നെയല്ലേ. അതുകൊണ്ടു തന്നെയല്ലേ തിരുറസൂല്‍ (സ്വ) ഒരുവേളയില്‍ നിസ്‌കാരത്തെക്കാളും നോമ്പിനെക്കാളും സകാത്തിനെക്കാളും പ്രതിഫലം ലഭിക്കുന്ന ഒരു കാര്യം പറഞ്ഞുതരട്ടെയോ എന്ന മുഖവുരയോടെ മനുഷ്യര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുന്ന പ്രവൃത്തിയെ പരിചയപ്പെടുത്തിയത്. മതം വലിയ സദ്കര്‍മമായി അനുരഞ്ജന പ്രവര്‍ത്തനങ്ങളെ പരിഗണിച്ചു. വിശുദ്ധഖുര്‍ആനും ഒത്തുതീര്‍പ്പു പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രതിഫലം ഉണ്ടെന്ന് പ്രഖ്യാപിച്ചു (സൂറ: അന്നിസാഅ് 114). എന്നാല്‍ പ്രാധാന്യവും ഗൗരവവും പരിഗണിച്ചുള്ള ഒത്തുതീര്‍പ്പു സന്നദ്ധ പ്രവര്‍ത്തനം നമുക്കിടയില്‍ നടക്കുന്നില്ല. സേഫ് സോണ്‍ പ്രവര്‍ത്തനമല്ല മധ്യസ്ഥപ്രവര്‍ത്തനം എന്നതാണ് അതിന്റെ കാരണം. ഏതെങ്കിലും ഒരു കക്ഷിയെ പിണക്കേണ്ടിവരുമോ എന്ന മുന്‍ഭയം പിന്തിരിപ്പിക്കും. അവര്‍ തമ്മിലുള്ള പ്രശ്നത്തില്‍ നമ്മള്‍ എന്തിനാണ് ഇടപെടുന്നത്. അത് അവര്‍ തന്നെ തീര്‍ക്കട്ടേ എന്ന ആത്മഗദം സേഫ് സോണിലേക്കു കയറിനില്‍ക്കലിന്റേതാണ്. മൂന്നാംകക്ഷിയുടെ മധ്യസ്ഥ പ്രവര്‍ത്തനങ്ങള്‍ ഏറെയും മൂന്നാമനെ ക്ഷണിച്ചുകൊണ്ടുപോയി നടത്തുന്നതാണ്. സ്വയം സന്നദ്ധമായി ഇറങ്ങിത്തിരിച്ച് അനുരഞ്ജനത്തിനുവേണ്ടി അവസാനം വരെയും പോരാടുന്ന സന്നദ്ധപ്രവര്‍ത്തനമല്ല നാം കാണുന്നത്. അതിവേഗം തീര്‍പ്പിലെത്തിക്കാന്‍ ശ്രമിക്കുകയും വഴിക്കുവരുന്നില്ലെങ്കില്‍ ഉദ്യമം ഉപേക്ഷിക്കുകയും ചെയ്യുന്ന മധ്യസ്ഥ ശ്രമങ്ങളുമുണ്ട്.
തര്‍ക്കങ്ങളും പിണക്കങ്ങളും ശ്രദ്ധയില്‍പെടുമ്പോള്‍ സ്വയം സന്നദ്ധരായി രംഗത്തുവരികയും പിണക്കം തീര്‍ക്കാന്‍ നിസ്വാര്‍ഥമായി ഇടപെടുകയും ചെയ്യുന്ന പ്രവര്‍ത്തനം സര്‍വവ്യാപിയായിരുന്നെങ്കില്‍ നമ്മുടെ നാടുകളില്‍ എത്രയെത്ര കുടുംബങ്ങള്‍, അയല്‍ക്കാര്‍, നാട്ടുകാര്‍, സാമൂഹിക പ്രവര്‍ത്തകര്‍ പലകാരണങ്ങളാല്‍ കാലങ്ങളോളം അകന്നു കഴിയേണ്ടിവരില്ലായിരുന്നു. പിണക്കം തീര്‍ക്കാന്‍ സാധിക്കാതെ മരിച്ചുപോകേണ്ടി വരുന്നവര്‍ വരെയുണ്ട്. പ്രശ്നത്തിലേര്‍പ്പെട്ട ഒരാള്‍ മരിച്ചുകഴിയുമ്പോള്‍, രമ്യതയിലെത്താമായിരുന്നു എന്നു ഖേദിക്കുന്നവരുമുണ്ട്. സ്വയം ഇടപെടുന്ന അനുരഞ്ജന പ്രവര്‍ത്തനങ്ങള്‍ വ്യാപകമാവുകയും സാമൂഹിക നന്മക്കായുള്ള മികച്ച സേവന പ്രവര്‍ത്തനമായി സാര്‍വത്രികമാകേണ്ടതുമുണ്ട്. മഹല്ല് ജമാഅത്തുകള്‍ കേന്ദ്രീകരിച്ചും സ്ഥാപനങ്ങളിലും സംഘടനാ കമ്മിറ്റികളിലുമൊക്കെ നീതിയുക്തമായും മാനവികബോധ്യത്തിലും മനുഷ്യരെ ഇണക്കിച്ചേര്‍ക്കുന്നതിനുള്ള അനുരഞ്ജന സേവനങ്ങള്‍ ഉണ്ടാകണം. മസ്‌ലഹത്ത് കോടതികള്‍ എന്ന പേരില്‍ പലയിടത്തും ചില ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കോടതി വ്യവഹാരങ്ങള്‍ക്കു സമാനമായ കുറ്റപത്ര വിവരണങ്ങളും വിചാരണയും വിസ്താരവും ന്യായാന്യായങ്ങളുടെ സംവാദങ്ങളുമൊക്കെ ചേര്‍ന്ന് ശബ്ദകോലാഹലങ്ങളും തര്‍ക്കങ്ങളും മുഴുപ്പിക്കുന്ന തീര്‍പ്പുസംവിധാനങ്ങളല്ല വേണ്ടത്. മനുഷ്യരെ വിശദമായി കേള്‍ക്കുകയും അവരുടെ ആവലാതികളും മാനസികാവസ്ഥകളും മനസിലാക്കുകയും കരുണാര്‍ദ്രമായി അവരെ സമാധാനിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അനീതി പ്രവര്‍ത്തിച്ചവരോടുപോലും ഈവിധം പെരുമാറുന്നത് അവരില്‍ പരിവര്‍ത്തനത്തിനും വിട്ടുവീഴ്ചകള്‍ക്കും കാരണമാകും.
ഒത്തുതീര്‍പ്പ് അഥവാ മസ്വ് ലഹത്ത് എന്ന ആശയത്തിന്റെ ആത്മീയവും സാമൂഹികവുമായ മഹത്വവും നന്മയും ബോധ്യപ്പെടുത്തുകയും വിട്ടുവീഴ്ചയുടെയും തിരുത്തലുകളുടെയും മികവ് വിവരിക്കുകയും ചെയ്തു പാകപ്പെടുത്തിയെടുത്തി വേണം അനുരഞ്ജന ശ്രമങ്ങളും സംഭാഷണങ്ങളും നടക്കാന്‍. ന്യായാന്യായങ്ങളുടെ വിധി പറയലിനപ്പുറം മനുഷ്യരില്‍ വിദ്വേഷവും തെറ്റിദ്ധാരണയും ഇല്ലാതാക്കി ചേര്‍ത്തുനിര്‍ത്തുക എന്ന കാഴ്ചപ്പാടായിരിക്കണം മധ്യസ്ഥതയില്‍ മുഴച്ചുനില്‍ക്കേണ്ടത്. അനുരഞ്ജനത്തിനു തയറാകുന്നവരും ഇതു മനസിലാക്കേണ്ടതുണ്ട്. വലിയവരും ചെറിയവരും തമ്മിലുള്ള മധ്യസ്ഥതകളില്‍ വലിയരുടെ പ്രിവിലേജ് വകവെച്ചുകൊടുക്കാന്‍ ചെറിയവര്‍ തയാറാകണം. അബദ്ധത്തിലോ മനപൂര്‍വമായോ സംഭവിച്ചുപോയ കാര്യങ്ങളില്‍ ഇനി ഉണ്ടാകാതെ നോക്കുമെന്ന പ്രഖ്യാപനം തന്നെയാണ് തിരുത്ത് എന്ന് ഉള്‍കൊള്ളണം. നേരത്തെ ഒരുകൂട്ടര്‍ മറുവിഭാഗത്തിനെതിരെ പറഞ്ഞതായും ഒരു ആക്ഷേപം ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ ഉന്നയിക്കുമ്പോള്‍ ഞാനങ്ങനെ പറഞ്ഞിട്ടില്ല എന്നാണ് വിശദീകരിക്കുന്നതെങ്കില്‍ അല്ല, അങ്ങനെ പറഞ്ഞു എന്നു സ്ഥാപിക്കാനല്ല ശ്രമിക്കേണ്ടത്. പറഞ്ഞില്ല എന്നു പറയാന്‍ അദ്ദേഹം സന്നദ്ധമാകുന്നത് പറഞ്ഞത് ശരിയല്ല എന്നു ബോധ്യമുള്ളതുകൊണ്ടാണ് എന്നു മനസിലാക്കുകയും അതൊരു തിരുത്തായി അംഗീകരിക്കാനും തയാറാകുന്നത് വലിയ സങ്കീര്‍ണതകളെ ഉരുക്കിക്കളയും. പറഞ്ഞത് ആ അര്‍ഥത്തിലല്ല മനസിലാക്കിയത് എന്നോ ഞാനങ്ങനെ ഉദ്ദേശിച്ചിട്ടില്ല എന്നോ ഒക്കെയാണ് അതിന്റെ അര്‍ഥം എന്നു വിശാലമായി മനസിലാക്കണം. പകരം, പറഞ്ഞു എന്നു ശഠിക്കാനും അതു സ്ഥാപിക്കാനുമാണ് ശ്രമിക്കുന്നതെങ്കില്‍ അനുരഞ്ജനം അസാധ്യമായി തുടരും. പറഞ്ഞതിന് തെളിവുണ്ടെങ്കില്‍പോലും അത് ഹാജരാക്കാതെ ഞാനങ്ങനെ പറഞ്ഞിട്ടില്ല എന്ന പുതിയ നിലപാടിലൂടെയുള്ള പിറകോട്ടുപോക്കിനെ അംഗീകരിക്കലാണ് അനുരഞ്ജനം എന്നാണ് പറഞ്ഞുവന്നത്. അതേസമയം എങ്ങനെയെങ്കിലും രഞ്ജിപ്പുണ്ടാകട്ടേ എന്നു കരുതി എല്ലാതരം കുറ്റപത്രങ്ങളോടും ആക്ഷേപങ്ങളോടും മൗനം പാലിക്കുന്നവരുണ്ട്. അത് കൂടുതല്‍ തെറ്റിദ്ധാരണക്കും വ്യക്തിത്വം സംബന്ധിച്ച് അവമതിപ്പുണ്ടാക്കാനുമാകും ഇടവരുത്തുക. മധ്യസ്ഥര്‍ പരമാവധി രഞ്ജിപ്പിനാണ് ശ്രമിക്കേണ്ടത്. ഇരുകൂട്ടര്‍ക്കുമിടയില്‍ മഞ്ഞുരുകാനുള്ള അസാമാന്യമായ മെയ്്വഴക്കം മധ്യസ്ഥര്‍ പുലര്‍ത്തണം. ഏതര്‍ഥത്തിലും ഒരുഭാഗത്തോടു കാണിക്കുന്ന അടുപ്പം സത്യസന്ധമായ മധ്യസ്ഥതയെ അസാധുവാക്കും. പറയേണ്ടതു മാത്രമേ പറയാവൂ. സത്യങ്ങളെങ്കിലും ചില കാര്യങ്ങള്‍ പറയുന്നത് രഞ്ജിപ്പിനു തടസമാകും. പരിഹാരത്തിനു സാധ്യതയുണ്ടെങ്കില്‍ അത്ര സത്യമല്ലാത്ത ചില കാര്യങ്ങളും പറയേണ്ടിവരും. അനുരഞ്ജനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് മതം അതിനും അനുമതി നല്‍കുന്നുണ്ട്.
അസാമാന്യമായ കൗശലത്തിന്റെയും കൂര്‍മമായ ആശയ പ്രയോഗത്തിന്റെയും സര്‍ഗാത്മക കലയാണ് മധ്യസ്ഥത. വളരെ സൂക്ഷിച്ച് ഇടപെടുകയും കൗശലങ്ങളും ആശയങ്ങളും സന്ദര്‍ഭോചിതമായി പ്രയോഗിക്കുകയും ചെയ്തു രണ്ടു കാഴ്ചപ്പാടുകളെയും രണ്ടുതരം സമീപനങ്ങളെയും ഒന്നിപ്പിക്കുക എന്നത് വലിയ ദൗത്യമാണ്. അതുകൊണ്ടാണ് അല്ലാഹുവും റസൂലും ശ്രേഷ്ഠ പ്രവൃത്തിയായി അനുരഞ്ജന പ്രവര്‍ത്തനത്തെ പരിചയപ്പെടുത്തിയത്. ആ പ്രാധാന്യത്തില്‍ നല്ല കരുത്തോടെയും പടച്ചവന്റെ പ്രീതി പ്രതീക്ഷിച്ചുമാണ് അനുരഞ്ജന പ്രവര്‍ത്തനങ്ങളിലേക്കിറങ്ങേണ്ടത്. നീതിബോധവും ക്ഷമയും വാക്ക് സാമര്‍ഥ്യവും ക്ഷണിക യുക്തിയുമൊക്കെ ചേര്‍ത്തു പരിശീലനം നേടിക്കൊണ്ടു വേണം മധ്യസ്ഥശ്രമങ്ങള്‍ നടത്താന്‍. എന്തായാലും കൈയുംകെട്ടി നോക്കിയിരിക്കുക എന്നത് ഒരാളും പ്രാക്ടീസ് ചെയ്യരുതാത്തതാണ്. ശ്രദ്ധയില്‍ പെടുന്ന അവസരങ്ങളില്‍ ഇടപെട്ടു പ്രവര്‍ത്തിക്കുന്ന രീതി വ്യക്തികളും പ്രസ്ഥാനങ്ങളും നേതാക്കളുമൊക്കെ സ്വീകരിക്കണം ■

Share this article

About അലി അക്ബര്‍

taaliakbar@gmail.com

View all posts by അലി അക്ബര്‍ →

Leave a Reply

Your email address will not be published. Required fields are marked *