ഇന്ത്യക്ക് പൊതുഭാഷ വേണ്ട, സംഘപരിവാറിന് അത് അതാവശ്യമാണ്‌

Reading Time: 3 minutes

മറ്റൊരു ഭാഷാവിവാദത്തിലേക്ക് രാജ്യത്തെ എത്തിച്ചിരിക്കുന്നു കേന്ദ്ര
ആഭ്യന്തരമന്ത്രി അമിത് ഷാ. ഹിന്ദി രാഷ്ട്രഭാഷയാക്കി സ്ഥാപിച്ചെടുക്കാനുള്ള
തത്രപ്പാട് ഹിന്ദി ഹൃദയഭൂമിയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ
മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ ഗിമ്മിക്കാണെന്ന് ലേഖകന്‍.

നമുക്കൊരു ദേശീയ ഭാഷയുണ്ടോ? ഉണ്ടെന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്! “ഹിന്ദി ഹമാരാ രാഷ്ട്ര ഭാഷാ ഹെ’ എന്ന് പഠിപ്പിക്കുന്നവര്‍ വരെയുണ്ടത്രെ. സ്‌കൂള്‍ കാലം മുതലേ നമ്മളറിയാതെ ശീലിക്കുന്ന അനേകം അബദ്ധധാരണകളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഹിന്ദി നമ്മുടെ ദേശീയഭാഷയാണ് എന്നത്. ഇന്ത്യക്ക് അങ്ങനെ ഒരു ദേശീയ ഭാഷയില്ല. ഉള്ളത് ഭരണനിര്‍വഹണത്തിന് ഇംഗ്ലീഷും ഹിന്ദിയും പിന്നെ ഔദ്യോഗിക ഭാഷകളായി ഇരുപത്തിരണ്ട് ഭാഷകളുമാണ്. ഭരണനിര്‍വഹണത്തിന് ഇംഗ്ലീഷ് ഇടംപിടിച്ചത് ബ്രിട്ടീഷ് രാജിന്റെ സ്വാധീനവും ഹിന്ദി ഇടംപിടിച്ചത് ഇന്ത്യയുടെ ഭരണസിരാകേന്ദ്രം ദില്ലിയായിപ്പോയതുമാകണം. ഇന്ത്യയില്‍ ഫെഡറലിസം ശക്തമാണ് എന്ന ധാരണ ഈയടുത്ത കാലം വരെ നമുക്കുണ്ടായിരുന്നല്ലോ. എന്നിട്ടും ഹിന്ദിയെ ഭരണ നിര്‍വഹണ ഭാഷയായി എല്ലാവരും സമ്മതിച്ചുപോന്നു. അതും അതാതു സംസ്ഥാനങ്ങളില്‍ അവരവരുടെ മാതൃഭാഷ ഭരണനിര്‍വഹണത്തിനും ആശയവിനിമയത്തിനും ഉപയോഗിക്കുന്നതില്‍ തടസ്സമേതുമില്ലാതിരുന്നതിനാലാകണം. എന്നിട്ടും ഹിന്ദി ഭാഷയുടെ അപ്രമാദിത്വം തലനീട്ടിയപ്പോഴെല്ലാം പല സംസ്ഥാനങ്ങളിലും വലിയ പ്രതിഷേധങ്ങളുണ്ടായി. തമിഴ്‌നാട്ടിലാണ് ഹിന്ദിവിരുദ്ധ പ്രക്ഷോഭം ഏറ്റവും ശക്തിയില്‍ ഉയര്‍ന്നുവന്നത്.
ഇന്ത്യ മുഴുവന്‍ ഒരു ഭാഷയില്‍ ഏകീകരിക്കപ്പെടണം എന്നുള്ള ആഗ്രഹം നിര്‍ബന്ധബുദ്ധിയോടെ അവതരിപ്പിക്കുന്നത് തീവ്ര വലതുപക്ഷമാണ്. സ്വാഭാവികമായും 2014ന് ശേഷം ഹിന്ദിവാദത്തിന് ശക്തികൂടി. ഏകശിലാത്മക ദേശീയതയുടെ ആഘോഷത്തില്‍ ഹിന്ദിയാണ് ഭാഷ. മതം ഹിന്ദുത്വവും സംസ്‌കാരം മനുസ്മൃതിയുടേതുമാണ്. ഹിന്ദി മറ്റു ഭാഷകളെ പോലെ ഒരു പ്രാദേശിക ഭാഷയാണെന്ന് അവര്‍ സമ്മതിച്ചുതരില്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷയാണ് ഹിന്ദി എന്നാണവര്‍ കണക്കുപറയുന്നത്. എന്നാല്‍ ഉറുദു, സംസ്‌കൃതം ഭാഷകളുടെ സഹായത്തോടെ മാത്രം കൈകാര്യം ചെയ്യപ്പെടുന്ന ഹിന്ദി ഭാഷ സംസാരിക്കുന്നവര്‍ 23 ശതമാനം മുതല്‍ 27 ശതമാനം വരെ കാണും. ഹിന്ദി ഭാഷ സംസാരിക്കുന്നു എന്ന് പറയുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും വേറെ ജനകീയ ഭാഷകളുണ്ട്. ബിഹാറില്‍ മൈഥിലി, ഉത്തര്‍പ്രദേശില്‍ ഭോജ്പുരി, ഹരിയാനയില്‍ ഹരിയാന്‍വി, രാജസ്ഥാനില്‍ രാജസ്ഥാനി എന്നിങ്ങനെ സ്വന്തമായി ലിപിയില്ലാത്തതിനാല്‍ ഹിന്ദി പ്രമാണിയായ സാഹചര്യങ്ങള്‍ കുറച്ചധികമുണ്ട്.
ഇപ്പോഴും ഹിന്ദി സിനിമ എന്ന് വിളിക്കപ്പെടുന്ന ബോളിവുഡില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഭാഷ ഉറുദുവും ഉറുദു കലര്‍ന്ന ഹിന്ദിയുമാണ്. ഉത്തരേന്ത്യയിലെ നല്ലൊരു വിഭാഗം ജനങ്ങളുടെയും സംസാരം ഹിന്ദുസ്ഥാനിയെന്ന ഹിന്ദി-ഉറുദു സങ്കരഭാഷയാണ്. ഉറുദുവുഡ് എന്ന് ആക്ഷേപം ഉന്നയിച്ച് ബോളിവുഡിനെതിരെ കാമ്പയിനുകള്‍ സജീവമായ കാലമാണിത്. തനി സംസ്‌കൃത ചുവയുള്ള ഹിന്ദി ആവിഷ്‌കാരമാണ് അവരുടെ താല്പര്യം.
ഹിന്ദിഭാഷയെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയനീക്കങ്ങള്‍ ഈയിടെയായി പലതവണ ഉണ്ടായി. ആഭ്യന്തരമന്ത്രി അമിത് ഷായാണ് വിവിധ സന്ദര്‍ഭങ്ങളില്‍ ഹിന്ദിവിവാദത്തിന് തിരികൊളുത്തിയത്. സംസ്ഥാനങ്ങള്‍ക്കിടയിലുള്ള ആശയവിനിമയം ഹിന്ദിയിലാക്കണമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന വലിയ വിമര്‍ശനങ്ങള്‍ നേരിട്ടു. ഡി എം കെ അടക്കമുള്ള പാര്‍ട്ടികള്‍ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. കന്നഡ നടന്‍ കിച്ച സുദീപും ബോളിവുഡ് താരം അജയ് ദേവ്ഗണും തമ്മില്‍ ഹിന്ദിഭാഷയെച്ചൊല്ലി വാക്‌പോരിലേര്‍പ്പെട്ടതും ഹിന്ദി ഭാഷാ അധീശത്വ ശ്രമങ്ങള്‍ സംബന്ധിച്ച സംവാദങ്ങള്‍ കടുപ്പിച്ചു. കർണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്ന് തുറന്നടിച്ചു.
ലോക്സഭയില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ടിഎന്‍ പ്രതാപന്‍ ഹിന്ദിഭാഷയെ ദേശീയ ഭാഷയായി പ്രഖ്യാപിക്കാന്‍ എന്തെങ്കിലും നീക്കമുണ്ടോ എന്ന് ചോദ്യം ഉന്നയിച്ചു. 2021ലെ ശീതകാല സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ ഉത്തരത്തില്‍ ഇന്ത്യക്ക് ഒരു ദേശീയ ഭാഷ ഇല്ലെന്നും ഏതെങ്കിലും ഭാഷയെ അങ്ങനെ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു. അതേസമയം ആര്‍ട്ടിക്കിള്‍ 351 പ്രകാരം ഹിന്ദിഭാഷയുടെ പ്രചരണത്തിന് കേന്ദ്രസര്‍ക്കാര്‍ താല്പര്യം കാണിക്കണമെന്ന് നിര്‍ദേശമുള്ളതായും മന്ത്രാലയം ഉത്തരം നല്‍കി.
എന്നാല്‍ 2022 ഒക്ടോബറില്‍ അമിത് ഷാ തലവനായ ഭാഷാ സമിതി രാഷ്ട്രപതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലുള്ള നിര്‍ദേശങ്ങള്‍ പറയുന്നത് കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിന്ദിഭാഷ ആശയവിനിമയത്തിന് നിര്‍ബന്ധമാക്കണമെന്നാണ്. മത്സരപരീക്ഷകളുടെ ചോദ്യപ്പേപ്പറില്‍ നിന്ന് ഇംഗ്ലീഷിന് പകരം ഹിന്ദി കൊണ്ടുവരണമെന്നും നിര്‍ദേശമുണ്ട്. ഫലത്തില്‍ ഹിന്ദിഭാഷ അറിയുക എന്നത് കേന്ദ്രസര്‍ക്കാര്‍ ജോലി നേടാനും കേന്ദ്രീയ വിദ്യാലയങ്ങള്‍, കേന്ദ്ര സര്‍വകലാശാലകള്‍, ഐ ഐ ടികള്‍ തുടങ്ങിയവയില്‍ പ്രവേശനം നേടാനും ഒരു മാനദണ്ഡമാവുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഒരു ഭാഷായുദ്ധത്തിന് വഴിയൊരുക്കരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേന്ദ്രസര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
ഹിന്ദിഭാഷ സംസാരിക്കാത്തവരെ രണ്ടാംകിട പൗരന്മാരായി കണക്കാക്കുന്ന സാഹചര്യം സംജാതമാകുന്നത് ഒട്ടും ഭൂഷണമല്ല. ഭാഷാടിസ്ഥാനത്തില്‍ നടന്ന വിഭജനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും രക്തരൂഷിതമായ ആഭ്യന്തര കലഹങ്ങളായി മാറുന്നുണ്ട്. 2024ല്‍ നടക്കാനിരിക്കുന്ന ലോക്്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടക്കാനിരിക്കുന്ന, ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വെച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെയൊരു വിവാദത്തിന് കളമൊരുക്കുന്നത്. ഒരു ഭാഷ, ഒരു മതം, ഒരു സംസ്‌കാരം എന്ന സംഘപരിവാര്‍ അജണ്ട കൂടിയാണ് അവര്‍ സര്‍ക്കാര്‍ ചെലവില്‍ സ്ഥാപിക്കുന്നത്.
രാജ്യത്തിന്റെ അഖണ്ഡതയുടെ പേരുപറഞ്ഞ് വൈവിധ്യങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാനാവില്ല. ഇന്ത്യക്ക് പൊതുവായി ഒരു ഭാഷ വേണമെന്നും അത് ഹിന്ദിയായിരിക്കണമെന്നും നിര്‍ബന്ധമുള്ളവരോട്, അങ്ങനെ ഒരു ഭാഷ വേണമെങ്കില്‍ ക്ലാസിക് പദവികളുള്ള തമിഴോ മലയാളമോ ഒഡിയയോ ആയാലെന്താ എന്ന മറുചോദ്യം ഉന്നയിക്കണം. ഹിന്ദി ഇതര ഭാഷ സംസാരിക്കുന്നവര്‍ സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ഹിന്ദി ഭാഷ പഠിച്ചു സംസാരിക്കാന്‍ കാണിക്കുന്ന മര്യാദ, ഹിന്ദി ഭാഷ സംസാരിക്കുന്ന എത്രപേര്‍ ഇതര ഭാഷകളോട് കാണിക്കുന്നുണ്ട്?
ഇപ്പോള്‍ മെഡിക്കല്‍ വിദ്യാഭ്യാസം ഹിന്ദിയിലാക്കി പ്രഹസനം കാണിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മധ്യപ്രദേശില്‍ അതിന്റെ ഉദ്ഘാടനം കഴിഞ്ഞു. അമിത് ഷാ പ്രകാശനം ചെയ്ത ഹിന്ദി മീഡിയത്തിലുള്ള പാഠപുസ്തകങ്ങളില്‍ മെഡിക്കല്‍, അനാട്ടമി തുടങ്ങിയ പദങ്ങള്‍ ഹിന്ദിയില്‍ എഴുതിയിരിക്കുന്നതാണ് കാണുന്നത്. ആ പദങ്ങള്‍ക്ക് പോലും ഹിന്ദിയില്‍ വേറെ പദങ്ങള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നല്ലേ മനസിലാക്കേണ്ടത്. ഹിന്ദി-ഹിന്ദു ഹൃദയഭൂമിയില്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരം നാടകങ്ങള്‍ ഇല്ലാതിരുന്നാലല്ലേ അദ്ഭുതം!
രാജ്യത്തിന്റെ ഭാഷാ വൈവിധ്യം ഏതെങ്കിലും തരത്തില്‍ നശിപ്പിക്കപ്പെടാന്‍ പാടില്ല. ഹിന്ദി അടക്കമുള്ള എല്ലാ പ്രാദേശിക ഭാഷകള്‍ക്കും അതിന്റേതായ ഭംഗിയുണ്ട്. നിലവില്‍ ഹിന്ദി സംസാരിക്കുന്നവര്‍ക്ക് മറ്റു ഭാഷകളറിയാത്തതുകൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അവര്‍ ആ ഭാഷകള്‍ പഠിക്കട്ടെ. തിരിച്ചും അങ്ങനെത്തന്നെ. അല്ലാതെ ഒരു ഭാഷ തിരഞ്ഞെടുത്ത് സാര്‍വത്രികമാക്കുന്ന ഏര്‍പ്പാട് ഇന്ത്യ പോലെ ഒരിടത്ത് മുഴുച്ചുനില്‍ക്കും. അത് നമുക്ക് ചേരില്ല. എല്ലാവരും സ്വന്തം മാതൃഭാഷയില്‍ അഭിമാനം കൊള്ളട്ടെ. മറ്റു ഭാഷകള്‍ പഠിക്കാനുള്ള ശ്രമങ്ങളും നടക്കട്ടെ. സ്‌കൂള്‍ തലം മുതൽതന്നെ ഇതര ഭാഷകള്‍ കൂടുതലായി പഠിക്കാനുള്ള സൗകര്യങ്ങള്‍ നമുക്കുണ്ടാക്കാന്‍ കഴിയണം. ഇന്ത്യയിലെയും പുറത്തുമുള്ള വിവിധ ഭാഷകള്‍ പറഞ്ഞുശീലിക്കുന്ന മിടുക്ക് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും പാഠ്യപദ്ധതിയുടെ ഭാഗമാകട്ടെ ■

Share this article

About എന്‍ എസ് അബ്ദുൽ ഹമീദ്

nsabdulhameed@gmail.com

View all posts by എന്‍ എസ് അബ്ദുൽ ഹമീദ് →

Leave a Reply

Your email address will not be published. Required fields are marked *