അടഞ്ഞ വാതിലുകളില്‍ അവര്‍ മുട്ടിവിളിക്കുന്നു

Reading Time: 3 minutes

‘പഞ്ചായത്താക്കല്‍’ എന്നാണ് നാട്ടുമധ്യസ്ഥത്തിന് ഉത്തര കേരളത്തിലെ
ചില ഭാഗങ്ങളില്‍ പറയാറുള്ളത്. വേര്‍പിരിയലിന്റെയും തീരാദുഃഖത്തിന്റെയും
മുനമ്പില്‍നിന്ന് ജീവിതസന്തോഷത്തിലേക്കും സ്നേഹോഷ്മളതയിലേക്കും
വ്യക്തികളെയും കുടുംബങ്ങളെയും തിരിച്ചുകൊണ്ടുവരാനായതിന്റെ സന്തോഷം
മധ്യസ്ഥരുടെ വാക്കുകളിലൂടെ പങ്കിടുന്ന എഴുത്ത്.

വര്‍ഷങ്ങള്‍ക്കു മുമ്പാണ് സഹോദരങ്ങള്‍ തമ്മില്‍ തെറ്റുന്നത്. ഇരുവരും ഒരുമിച്ച് വാങ്ങിയ ലോറിയാണ് തര്‍ക്കവിഷയം. രേഖാപരമായി ഒരാളുടെ പേരിലാണെങ്കിലും ഇരുവരും പത്‌നിമാരുടെ പൊന്നും പണ്ടവും ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ ചെലവഴിച്ചാണ് ലോറി വാങ്ങിയത്. എന്നാല്‍, പില്‍ക്കാലം ഇരുവരും തമ്മില്‍ തെറ്റുകയും ഒരാള്‍ രേഖാപരമായി വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈവശപ്പെടുത്തുകയും ചെയ്തു.
എന്നാല്‍, അപരനും വിട്ടുകൊടുത്തില്ല. ഇരുവരും കോടതി കയറിയിറങ്ങി. മുന്‍സിഫ് കോടതിയിലെ വിധിയില്‍ അതൃപ്തനായതിനാല്‍ ഒരാള്‍ ജില്ലാ കോടതിയെ സമീപിച്ചു. എന്നാല്‍, മുന്‍സിഫ് കോടതി വിധിച്ചതില്‍ നിന്ന് ഭിന്നമായാണ് ജില്ലാ കോടതിയുടെ വിധി വന്നത്. അപരന്‍ ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെ, മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞുപോയിരുന്നു. സഹോദരങ്ങള്‍ക്കിടയിലെ തര്‍ക്കം നാട്ടിലാകെ പാട്ടാവുകയും കുടുംബം ഇരുചേരികളായി തിരിയുകയും ചെയ്തു.
ഇതിനിടെയാണ് നാട്ടിലെ ചിലര്‍ ചേര്‍ന്ന് മധ്യസ്ഥശ്രമത്തിന് തുടക്കം കുറിച്ചത്. വീട്ടിലെ കല്യാണത്തിനും മറ്റ് ആഘോഷങ്ങള്‍ക്കുമൊന്നും പരസ്പരം വിളിക്കാതിരുന്നത് ഇരുവര്‍ക്കുമിടയിലുള്ള അകല്‍ച്ച വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍, ഇരുവരും അംഗീകരിക്കുന്ന ചില കാരണവന്‍മാര്‍ ചേര്‍ന്ന് രഞ്ജിപ്പിന്റെ വാതില്‍ തുറന്നപ്പോള്‍ അവരുടെ മനസ്സലിഞ്ഞു. ഒരുമിച്ചിരിക്കാനും പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനും ഇരുവരും സന്നദ്ധരായി. വൈകാതെ പ്രശ്‌നത്തിന് പരിഹാരമാകുകയും ചെയ്തു. ഇതോടെ, വര്‍ഷങ്ങളോളം പോര്‍വിളിയുമായി നടന്നിരുന്ന സഹോദരങ്ങള്‍ പരസ്പരം സംസാരിക്കാനും സൗഹൃദപ്പെടാനും സന്നദ്ധമായി.
ഇതൊരു നാട്ടിലെ മാത്രം കഥയല്ല. വര്‍ഷങ്ങളായി നാട്ടുമധ്യസ്ഥത വഹിക്കാറുള്ള പലരോടും ഈയിടെ സംസാരിച്ചിരുന്നു. ഓരോരുത്തര്‍ക്കും സമാനമായ ഒരുപാട് കഥകള്‍ പറയാനുണ്ട്. കുടുംബ തര്‍ക്കങ്ങളും സ്വത്തുതര്‍ക്കങ്ങളും ഉള്‍പ്പെടെയുള്ള നിരവധി പ്രശ്‌നങ്ങള്‍ കോടതിക്ക് പുറത്ത് തീരുമാനമാക്കിയതിന്റെ ആത്മനിര്‍വൃതിയിലാണ് ഇവരെല്ലാം. ഇതിന് പ്രതിഫലമായി ഒന്നും കൈപറ്റാറില്ല. പ്രശ്‌നം പരിഹരിക്കപ്പെട്ട് ഇരുവരും പരസ്പരം കൈകൊടുത്ത് പിരിയുന്ന രംഗം നല്‍കുന്ന മനസ്സംതൃപ്തിയാണ് മധ്യസ്ഥര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലം.
സ്വത്ത്, കുടുംബ പ്രശ്‌നങ്ങളിൽ രേഖകള്‍ക്കപ്പുറം പല വൈകാരിക ഘടകങ്ങളുമുണ്ടാകും. അതുകൊണ്ട് തന്നെ രേഖകളും തെളിവുകളും മുന്നില്‍വെച്ച് മാത്രം തീര്‍പ്പു കല്‍പ്പിക്കുന്ന കോടതികളില്‍നിന്ന് പലപ്പോഴും നീതി യഥാവിധി പുലരണമെന്നില്ല. കോടതിയില്‍ വക്കീലന്‍മാര്‍ നടത്തുന്ന വാചകക്കസര്‍ത്തും ചെപ്പടിവിദ്യകളും വിധിന്യായത്തില്‍ സ്വാധീനം ചെലുത്തുന്നത് അപൂര്‍വമല്ല. വക്കീലിന്റെ മിടുക്ക്പോലെ കേസുകളുണ്ടാകുമെന്നത് നാട്ടില്‍ പാട്ടാണ്.
അതുപോലെ, കാലവിളംബം കോടതികളുടെ കൂടെപ്പിറപ്പാണ്. കേസുകെട്ടിന്റെ നൂലാമാലകളില്‍ പെട്ട് കാടുപിടിച്ചുകിടക്കുന്ന കെട്ടിടങ്ങളും സ്വത്തുവഹകളും പലയിടത്തും കാണാം. രണ്ടിലൊരു കക്ഷി അനര്‍ഹമായതിന് അവകാശവാദം ഉന്നയിക്കുന്നതു മൂലമാണ് കേസുകള്‍ തന്നെ ഉണ്ടാകുന്നത്. വിട്ടുകൊടുക്കാന്‍ ഇരുപക്ഷവും സന്നദ്ധമാകാത്തതോടെ കേസ് നീണ്ടുപോവുകയും ചെയ്യും. എന്നാല്‍, പ്രശ്‌നത്തില്‍ ഇരുവര്‍ക്കും സ്വീകാര്യനായ ഒരാള്‍ ഇടപെടുകയാണെങ്കില്‍ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രശ്‌നം പരിഹരിക്കാന്‍ സാധ്യമാകും. അതുവഴി വിലപിടിപ്പുള്ള സ്വത്തുക്കള്‍ ആര്‍ക്കുമില്ലാതെ നശിക്കുന്നത് തടയാനും കഴിയും.
കോടതി വഴി വിധിതീര്‍പ്പുകള്‍ നടന്നാലും ഇരുകക്ഷികള്‍ക്കുമിടയിലുള്ള വൈരാഗ്യവും വിദ്വേഷവും ശമിക്കുന്നില്ല. പകരം, വിധിയിലെ അസംതൃപ്തി കൂടുതല്‍ പുകയുകയാണ് ചെയ്യാറുള്ളത്. ഇത് സംഘട്ടനം, കൊലപാതകം പോലുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേക്ക് ചെന്നെത്തുന്നത് നിത്യസംഭവമാണ്. കോടതിവിധിയുടെ ആനുകൂല്യം അനുഭവിക്കാന്‍ വിധിയില്ലാതെ എതിര്‍കക്ഷിയുടെ കത്തിമുനയില്‍ ജീവന്‍ പോയവരുടെ വാര്‍ത്തകള്‍ നാം വായിച്ചിട്ടുണ്ട്. ഇവിടെയാണ് നാട്ടുപഞ്ചായത്തുകളുടെ പ്രാധാന്യം വര്‍ധിക്കുന്നത്. നാട്ടുമധ്യസ്ഥരിലേക്ക് വിഷയം എത്തുമ്പോൾ ഇരുപക്ഷത്തിനും തങ്ങളുടെ ന്യായം ബോധിപ്പിക്കാനും തെറ്റുകള്‍ തിരിച്ചറിയാനും കഴിയും. പരസ്പരം വിട്ടുവീഴ്ച ചെയ്യാനും പിണക്കം മറന്ന് ഇണങങ്ങിച്ചേരാനും അതിലൂെട വഴിതുറക്കും. ഇതിന് അപവാദമായി ചില പകവീട്ടലുകള്‍ മധ്യസ്ഥാനന്തരവും ഉണ്ടെങ്കിലും താരതമ്യേന കുറവാണ്.
കോടതി മീഡിയേറ്ററാക്കുകയും അതുവഴി പ്രശ്‌നത്തിന് പരിഹാരമാകുകയും ചെയ്ത ധാരാളം അനുഭവമുണ്ടെന്നാണ് ഹൈക്കോടതി അഭിഭാഷകനായ അഡ്വ. സുമിന്‍ പറഞ്ഞത്. കോടതിയിലെത്തി തീരുമാനമാകാതെ കിടക്കുന്ന കേസുകള്‍ ഇരുകക്ഷികളുടെയും മധ്യവര്‍ത്തികള്‍ മുഖേന രമ്യതയിലെത്തുകയും അതിനാല്‍ കേസ് പിന്‍വലിക്കുന്നതായി കോടതിയെ അറിയിക്കലുമാണ് ചെയ്യാറുള്ളത്.
കുടുംബ കേസുകളില്‍ പ്രശ്‌നം പരിഹരിച്ച് ഇരുവരും ഒരുമിച്ച് ജീവിക്കലായിരിക്കും കോടതിക്ക് താല്പര്യം. എന്നാല്‍, കക്ഷികള്‍ക്ക് പുറമെ വക്കീലന്മാരുടെയും ബന്ധുക്കളുടെയും മര്‍ക്കടമുഷ്ടി കാരണം പിരിയേണ്ടിവരുന്ന ബന്ധങ്ങള്‍ നിരവധിയാണ്. ഇത്തരം സാഹചര്യങ്ങളില്‍ പ്രശ്‌നക്കാരെ പറഞ്ഞിരുത്താനും താക്കീത് നല്‍കാനും കെല്പുള്ളവരാണ് മധ്യസ്ഥരായി വരാറുള്ളത്. ഇതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ മൂലം മുറിഞ്ഞുപോകുന്ന ബന്ധങ്ങളുടെ എണ്ണം കുറക്കാന്‍ മധ്യസ്ഥര്‍ക്ക് സാധിക്കും.
അതുപോലെ, ദമ്പതികള്‍ ബന്ധം വേര്‍പിരിയുന്ന സാഹചര്യത്തില്‍ കുഞ്ഞുങ്ങളുടെ സംരക്ഷണം, വിധവയുടെ ജീവനാംശം ഉള്‍പ്പെടെയുള്ള ചെലവുകള്‍ തീരുമാനിക്കുന്നതില്‍ അനുയോജ്യമായ തീര്‍പ്പിലെത്തിക്കാന്‍ കഴിയുന്നത് നാട്ടുമധ്യസ്ഥങ്ങള്‍ക്കാണെന്ന് മറ്റൊരു വക്കീല്‍ സുഹൃത്ത് അഭിപ്രായപ്പെട്ടു. അല്ലാത്തപക്ഷം, താങ്ങാന്‍ കഴിയാത്ത ഭാരമാണ് പുരുഷന്റെ ചുമലില്‍ വന്നുപതിക്കാറുള്ളത്.
പലതരത്തിലുള്ള മധ്യസ്ഥരീതികളാണ് നാട്ടുപഞ്ചായത്തില്‍ പ്രയോഗിക്കപ്പെടാറുള്ളത്. എങ്കിലും, “പഞ്ചായത്തു’ പറയുന്നവര്‍ക്കിടയില്‍ ചില സമാനതകള്‍ കാണാം. മിക്കപ്പോഴും കക്ഷികൾ തന്നെയാണ് പ്രശ്നപരിഹാരത്തിനായി ഇടപെടണം എന്നാവശ്യപ്പെട്ടു തങ്ങളെ സമീപിക്കാറുള്ളതെന്ന് മധ്യവർത്തികൾ പറയുന്നു. ചില കേസുകളിൽ നാട്ടിലെ പ്രധാനികളോ കുടുംബംഗങ്ങളോ ആകും പ്രശ്നം ശ്രദ്ധയിൽപെടുത്തുക. ജനസമ്മതിയും കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവും ഓര്‍മശക്തിയുമെല്ലൊം ഉള്ളവരെയാണ് സാധാരണയില്‍ ജനങ്ങള്‍ മധ്യവര്‍ത്തികളായി സമീപിക്കാറുള്ളത്. മതചിട്ടയും വ്യക്തിശുദ്ധിയും ഉള്ളവര്‍ക്കാണ് ജനങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുക. നാട്ടില്‍ ഇത്തരം ഗുണവിശേഷങ്ങള്‍ ഉള്ളവരുടെ എണ്ണം കുറയുന്നതുകൊണ്ട് തന്നെ മധ്യസ്ഥതകളും കുറയുന്നുണ്ട്. മഹല്ല് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള കാരണവന്‍മാരായിരുന്നു ഇക്കൂട്ടത്തില്‍ പ്രധാനികള്‍. അതുകൊണ്ടു തന്നെ മിക്ക പ്രശ്‌നങ്ങളും പ്രാദേശിക നേതൃത്വത്തിന് തന്നെ പരിഹരിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍, വ്യക്തിശുദ്ധി തൊട്ടുതീണ്ടിയിട്ടില്ലാത്തവരും രാഷ്ട്രീയ- സാമ്പത്തിക സ്വാധീനങ്ങളുടെ മാത്രം പിന്‍ബലമുള്ളവരും മഹല്ലുകളുടെ ഭരണം കൈയാളാന്‍ തുടങ്ങിയതോടെ പ്രശ്‌നപരിഹാരങ്ങളില്‍ മഹല്ല് കമ്മിറ്റികള്‍ക്കുണ്ടായിരുന്ന മേൽകൈ ഇല്ലാതായിരിക്കുകയാണ്. പലിശ ഇടപാടുകള്‍ നടത്തുന്ന ബേങ്ക് ഉദ്യോഗസ്ഥര്‍ വരെ മഹല്ലുകളുടെ തലപ്പത്തെത്തുന്നുണ്ട്. ഇതുകൊണ്ടുതന്നെ നാട്ടുപഞ്ചായത്തുകളുടെ എണ്ണം മുമ്പത്തേക്കാൾ നന്നേ കുറവാണ്.
അതേസമയം, കക്ഷിരാഷ്ട്രീയ രംഗത്ത് സജീവമാകുന്നതിനൊപ്പം നാട്ടിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ കഴിയുന്ന നിരവധി പൊതുപ്രവര്‍ത്തകരുമുണ്ട്. പൊതുപ്രവര്‍ത്തകനെന്ന വിളിപ്പേരിനെ അന്വര്‍ഥമാക്കുന്ന ഇത്തരക്കാരില്‍ പ്രധാനിയായിരുന്നു മുന്‍മന്ത്രി പി ആര്‍ കുറുപ്പ്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ കുറുപ്പിന്റെ മധ്യസ്ഥതയില്‍ തീരുമാനമായ നിരവധി പ്രശ്‌നങ്ങളുണ്ട്. തൊഴിലാളി നേതാവ് കൂടിയായിരുന്ന പി. ആര്‍. കുറുപ്പ് മതത്തിന്റെയും ജാതിയുടെയും പ്രദേശത്തിന്റെയുമെല്ലാം വേലിക്കെട്ടുകള്‍ക്കപ്പുറത്ത് സ്വാധീനമുള്ള മധ്യസ്ഥനായിരുന്നു. ഇതുപോലെത്തന്നെ കോഴിക്കോട്ടെ മലയോര മേഖലയിലെ പ്രധാന നാട്ടുമധ്യസ്ഥരായിരുന്നു മുന്‍ എം എല്‍ എമാരായ കെ മൂസക്കുട്ടിയും സി മോയിന്‍ കുട്ടിയുമെല്ലാമെന്ന് അവർക്കൊപ്പം പലപ്പോഴും മധ്യസ്ഥനായി പോയിട്ടുള്ള പരപ്പന്‍പൊയില്‍ സി മൊയ്തീന്‍ കുട്ടി ഹാജി സ്മരിക്കുന്നു. പി പി മുഹ്്യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, പി സി ഇബ്‌റാഹീം മാസ്റ്റര്‍, അണ്ടോണ മൊയ്തീന്‍ ഷാ മാസ്റ്റര്‍ തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ അതികായരാണെന്നും മൊയ്തീന്‍ കുട്ടി ഹാജി അഭിപ്രായപ്പെടുന്നു. ഇവരോടൊപ്പമെല്ലാം പലയിടങ്ങളിലും “പഞ്ചായത്താക്കലുകള്‍ക്കായി’ പോയപ്പോഴുള്ള അനുഭവങ്ങളേറെയുണ്ട് ഹാജിക്ക്.
നിഷ്പക്ഷതയാണ് മധ്യസ്ഥരില്‍ ഉണ്ടാകേണ്ട ഗുണം. സാമ്പത്തിക പ്രലോഭനവും ഭീഷണിപ്പെടുത്തലും ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ അതിജീവിക്കാനുള്ള ത്രാണി മധ്യവര്‍ത്തികള്‍ക്ക് അനിവാര്യമാണ്. പലതരത്തിലുള്ള ദുരനുഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകാറുണ്ടെന്നും അനുഭവസ്ഥര്‍ പറയുന്നു. എങ്കിലും, ആളുകള്‍ നീറുന്ന പ്രശ്‌നങ്ങളുമായി സമീപിക്കുമ്പോള്‍ മറ്റു തിരക്കുകളെല്ലാം മാറ്റിവെച്ച് “പഞ്ചായത്തുകള്‍ക്കിരിക്കുന്നതില്‍’ വലിയ ആനന്ദം കണ്ടെത്തുകയാണ് ഇവര്‍.
തമ്മില്‍ വേര്‍പിരിഞ്ഞേ തീരൂ എന്ന് തീരുമാനിച്ചുറച്ച് തങ്ങളെ സമീപിച്ച പലരെയും കൂട്ടിയോജിപ്പിച്ചതിന്റെയും പിന്നീട് ജീവിതാന്ത്യംവരെ സ്‌നേഹത്തോടെ ജീവിക്കുന്നതിന്റെയും വലിയ ആനന്ദമാണ് ഇവര്‍ പങ്കുവെക്കുന്നത്.
ഇരുപക്ഷത്തെയും വെവ്വേറെ സമീപിച്ച് വിഷയം പഠിക്കുകയും ആവശ്യമായ മറ്റ് അന്വേഷണങ്ങളും പരിശോധനകളും പൂര്‍ത്തീകരിച്ച് ഇരുവരെയും ഒരുമിച്ചിരുത്തി ചര്‍ച്ച ചെയ്യലാണ് മധ്യസ്ഥതയുടെ പൊതുരീതി.
ഇരുപക്ഷത്തോടും സംസാരിക്കുമ്പോള്‍ തന്നെ കാര്യത്തിന്റെ കിടപ്പ് മനസിലാകാറുണ്ട് എന്നാണ് പ്രമുഖനായ ഒരു മധ്യസ്ഥൻ പറഞ്ഞത്. ഇതിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച് രമ്യതയിലെത്തേണ്ട ആവശ്യം മാത്രമാണ് പിന്നീടുണ്ടാകാറുള്ളത്. മതബോധമുള്ളവര്‍ക്കിടയിലെ പ്രശ്‌നം പരിഹരിക്കാന്‍ താരതമ്യേന എളുപ്പമാണെന്നാണ് മധ്യസ്ഥര്‍ അഭിപ്രായപ്പെടുന്നത്. അപരന്റെ സ്വത്ത് അപഹരിക്കുന്നതിലെയും അഹങ്കാര (കിബ്‌റ്) ത്തിന്റെ ഭാഗമായ സത്യനിഷേധത്തിന്റെയും മതവിധി ബോധ്യപ്പെടുത്തുന്നതോടെ മിക്ക സ്വത്ത് തര്‍ക്കങ്ങളും പരിഹരിക്കപ്പെടാറുണ്ട്. എന്നാല്‍, ആളുകള്‍ക്കിടയില്‍ മതബോധവും ഈമാനും കുറഞ്ഞുവരുന്നതിന്റെ ഫലമായാണ് ഇപ്പോള്‍ കൂടുതല്‍ കേസുകള്‍ കോടതിയിലെത്തുന്നതെന്ന് ആയിരക്കണക്കിന് പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ട അനുഭവത്തിന്റെ വെളിച്ചത്തില്‍ ഉസ്താദ് കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ (കട്ടിപ്പാറ) അഭിപ്രായപ്പെടുന്നു.
കഅ്ബാ പുനര്‍നിര്‍മാണവേളയില്‍ ഹജറുല്‍ അസ്്വദ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മക്കക്കാര്‍ക്കിടയില്‍ രൂപപ്പെട്ട തര്‍ക്കവും പ്രവാചകര്‍ മുഹമ്മദ് നബി (സ്വ) അത് രമ്യമായി പരിഹരിച്ചതും മധ്യവര്‍ത്തികള്‍ക്കെല്ലാം ഒരു പാഠപുസ്തകമാണ്. സമാനമായ രീതിയില്‍ ഇരുപക്ഷത്തിനും സ്വീകാര്യമായ വിധം നിലപാടുകളിലേക്കെത്താനാണ് നാട്ടുമധ്യസ്ഥർ എപ്പോഴും ശ്രമിക്കാറുള്ളത് ■

Share this article

About മന്‍സൂര്‍ എ ഖാദിര്‍

mansoorppyl@gmail.com

View all posts by മന്‍സൂര്‍ എ ഖാദിര്‍ →

Leave a Reply

Your email address will not be published. Required fields are marked *