നാട്ടധികാരികള്‍ നാടുകടക്കുമ്പോള്‍

Reading Time: 4 minutes

നാട്ടുകാരണവന്‍മാരുടെയും നാട്ടുസഭകളുടെയും
വകഭേദങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. എങ്ങനെയാണ് നാട്ടുപരിഹാര
വേദികള്‍ അസ്തമിച്ചുപോയത് എന്നന്വേഷിക്കുന്നുമുണ്ട് ലേഖകന്‍.\

തെന്നല ദേശത്ത് കളത്തിങ്ങല്‍ അബൂബക്കര്‍ ഹാജിയുടെ വീടായിരുന്നു തെന്നലക്കാരുടെ കോടതി. അബൂബക്കര്‍ ഹാജിയാണ് അവിടുത്തെ ന്യായാധിപന്‍. നാട്ടില്‍ തര്‍ക്കമുള്ള ഏതൊരു വിഷയത്തിലും ഹാജിയാര്‍ എന്താണോ വിധിക്കുന്നത് അതാണ് അന്തിമ വിധി. സാമ്പത്തിക തര്‍ക്കങ്ങളില്‍ ഹാജിയാര്‍ പറയുന്ന വിധിക്കപ്പുറം പിന്നീടൊരു അപ്പീല്‍ അപേക്ഷക്ക് അവസരമുണ്ടായിരുന്നില്ല. അത്രമാത്രം സൂക്ഷ്മതയോടയാണ് ഒരോ കേസും ഹാജിയാര്‍ പരിഗണിച്ചിരുന്നത്. ഹാജി വിധി പറഞ്ഞ ഏതെങ്കിലും സാമ്പത്തിക ഇടപാട് കേസില്‍ ഇടപാടുകാര്‍ പൈസ കൊടുക്കാതെ വന്നാല്‍ ആ പൈസ ഹാജിയാര്‍ സ്വന്തം നിലയില്‍ കണ്ടെത്തി ആ കേസ് തീര്‍പ്പാക്കും. ഇതാണ് ഹാജിയാരുടെ രീതി. ഒരു വിധി പറഞ്ഞ ശേഷം പരാതിക്കാരനോട് ഹാജി പറയും, അവന്‍ നിനക്ക് പൈസ തന്നില്ലെങ്കില്‍ ഞാന്‍ എടുത്ത് തന്നേക്കാം എന്ന്. ആ വാക്കും വാക്കിന്റെ വിലയുമാണ് ആ നാട്ടിലെ നീതി. ഹാജിയാര്‍ ഇങ്ങനെ വിധി പറയുന്നതോടെ കൊടുക്കേണ്ടവനും വാങ്ങേണ്ടവനും ചെറിയ ധര്‍മസങ്കടത്തിലാവും, അതിനാല്‍ ഹാജിയാര്‍ക്കുവേണ്ടി ആ കേസ് ഇരു കക്ഷികളും തമ്മില്‍ പെട്ടെന്ന് ഒത്തുതീര്‍പ്പിലെത്തും. ഇതുപോലെ എല്ലാ തരം കേസിനും ഹാജിയാരുടെ വാക്ക് മതിയാകും, പരാതിക്കാരന് നീതി കിട്ടും എന്ന് ആശ്വാസിക്കാന്‍. 80 കളുടെ അവസാനം വരെ മലബാറിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഒരോ അബൂബക്കര്‍ ഹാജിമാരായായിരുന്നു ആ നാട്ടിലെ ന്യായാധിപന്മാര്‍, അവരുടെ വീടുകളായിരുന്നു കോടതികള്‍. ഒരോ നാടിന് അനുസരിച്ച് വ്യക്തികളും കുടുംബങ്ങളും മാറുന്നു എന്നതൊഴിച്ചാല്‍ ഈ കാരണവന്മാര്‍ അന്നത്തെ സാമൂഹത്തില്‍ വഹിച്ചിരുന്ന പങ്ക് ഏറെക്കുറെ എല്ലായിടത്തും സമാനമായിരുന്നു. വിവാഹം, വിവാഹ മോചനം, കച്ചവട തര്‍ക്കങ്ങള്‍, സ്വത്ത് തര്‍ക്കങ്ങള്‍ തുടങ്ങിയ ഒട്ടനവധി സിവില്‍ കേസുകളും ചെറിയ തല്ല് കേസുകള്‍ പോലുള്ള ക്രിമിനല്‍ കേസുകളും വരെ തീര്‍പ്പാക്കിയിരുന്നത് ഇത്തരം നാട്ടുസഭകളും കാരണവന്മാരും ഒക്കെയായിരുന്നു. അതുകൊണ്ടുതന്നെ അന്നത്തെ കാലത്ത് ഒരു കേസ് കേടതിയില്‍ എത്തുക എന്നത് ഒരു അത്യപൂര്‍വ സംഭവം തന്നെയായിരുന്നു. കൊലപാതകം പോലുള്ള വലിയ കുറ്റകൃത്യങ്ങളില്‍ മാത്രമേ അന്ന് ജനങ്ങള്‍ക്ക് കോടതിയെ ആശ്രയിക്കേണ്ടി വന്നിരുന്നുള്ളൂ.
ഇന്ത്യന്‍ പീനല്‍ കോഡും ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡുമൊക്കെ നിലവിൽ വരുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ നമ്മുടെ നാട്ടില്‍ നിയമവും നീതിയും നടപ്പാക്കിയിരുന്നത് ഇത്തരം നാട്ടുമൂപ്പന്മാരോ നാട്ടുകാരണവരോ അല്ലെങ്കില്‍ നാട്ടുസഭകളോ ഒക്കെ ചേര്‍ന്നായിരുന്നു. ചിലയിടത്ത് ആ നാട്ടിലെ സാമൂഹികമായും സാമ്പത്തികമായും ഉയര്‍ന്നുനില്‍ക്കുന്ന കുടുംബത്തിലെ കാരണവന്‍മാരായിരുന്നു ആ നാട്ടിലെ ന്യായാധിപന്മാര്‍. എന്നാല്‍ ചില ദേശങ്ങളില്‍ സമൂഹത്തിന്റെ ഉന്നത കുലത്തില്‍പെട്ട ഒന്നിലധികം കുടുംബങ്ങളിലെ കാരണവന്മാര്‍ ചേര്‍ന്ന ഒരു കൂട്ടമായിരുന്നു ഇത്. നാട്ടുസഭ അല്ലെങ്കില്‍ നാട്ടു പഞ്ചായത്ത് എന്നൊക്കെയാണ് ഇത് അറിയപ്പെട്ടിരുന്നത്. ക്രമസമാധാനം നിലനിര്‍ത്തുന്നതിലും നീതി നടപ്പാക്കുന്നതിലും അവര്‍ ഇന്നത്തെ ഭരണകൂടത്തിന് തുല്യമോ അതിന് മുകളിലുള്ളതോ ആയ പങ്ക് തന്നെ വഹിച്ചിരുന്നു. മനുഷ്യന്‍ ഗോത്രങ്ങളും സമൂഹങ്ങളുമായി ജീവിച്ചു തുടങ്ങിയ കാലം മുതല്‍ക്കേ സ്വമേധയാ രൂപപ്പെട്ട ഇത്തരം സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചുവന്നിരുന്നു. പിന്നീട് നാടുവാഴിത്തത്തിന്റെയും ജന്മിത്തത്തിന്റെയും കാലത്ത് ഇത് കുറേക്കൂടി സാമ്പ്രദായികമാവുകയും ആ അധികാര സ്ഥാനം പാരമ്പര്യമായി ചില കുടുംബങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുകയും ചെയ്തു. എന്നാല്‍ കൊളോണിയലിസത്തിന്റെ വരവോടു കൂടി മാത്രമാണ് ഈ നാട്ടുകോടതികളുടെ സ്വഭാവം മാറുന്നതും നിയമം മൂലം സ്ഥാപിക്കപ്പെട്ട പോലീസ് കോടതി തുടങ്ങിയ ജുഡീഷ്യല്‍ വ്യവഹാരങ്ങളിലേക്ക് തര്‍ക്കങ്ങള്‍ എത്തിച്ചേരുന്നതും. വില്ലേജ് ഓഫീസര്‍ക്ക് സമാനമായ പദവി വഹിച്ചിരുന്ന അധികാരിമാരും അക്കാലത്ത് സമാനമായ ജോലി ചെയ്തിരുന്നു. എന്നിരുന്നാലും അവരില്‍ നിന്ന് വേറിട്ട ഒരു സ്ഥാനം ഇപ്പറയുന്ന നാട്ടുകാരണവന്മാര്‍ക്കുണ്ടായിരുന്നു.

നാടിനെ നയിച്ച നാട്ടുകാരണവന്മാര്‍
ബ്രിട്ടീഷ് ഭരണത്തില്‍ റവന്യൂ ഭരണം നടത്തിയിരുന്ന അധികാരികാരികളെക്കാള്‍ ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടായിരുന്നത് ഇത്തരം നാട്ടുകാരണവന്മാര്‍ക്കായിരുന്നു. പ്രദേശത്തെ സാമൂഹികവും സാമ്പത്തികവുമായി ഉയര്‍ന്നവരായിരുന്നു പലപ്പോഴും ആ നാട്ടിലെ കാരണവര്‍ സ്ഥാനം വഹിച്ചിരുന്നത്, ഇവരുടെ സ്വാധീനത്തിന് മുഖ്യമായും ഒന്നിലധികം കാരണങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് അന്നത്തെ കോടതി ഭാഷയും പോലീസ് സ്റ്റേഷനുമൊന്നും സാധാരണക്കാരന് നേരിട്ട് ബന്ധപ്പെടാന്‍ പാകത്തില്‍ സുതാര്യമായിരുന്നില്ല എന്നതാണ്. പോലീസ് സ്റ്റേഷനില്‍ കയറിച്ചെല്ലാന്‍ സാധിച്ചിരുന്നതും അവിടെ അര്‍ഹമായ പരിഗണന കിട്ടിയിരുന്നതും നാട്ടിലെ പ്രമാണിമാരായ ഈ വിഭാഗക്കാര്‍ക്ക് മാത്രമായിരുന്നു. അതിനാല്‍ തന്നെ ഈ പ്രമാണിമാര്‍ മുഖേനയാണ് തങ്ങളുടെ കാര്യം സാധിച്ചെടുക്കേണ്ടത് എന്നാണ് സമൂഹം സ്വാഭാവികമായി വിശ്വസിച്ചുപോന്നത്. ഈ നാട്ടുകോടതികള്‍ ഒരേസമയം ഇന്നത്തെ കീഴ്‌കോടതികള്‍ക്ക് സമാനമായ കോടതിയായും പോലീസ് സ്റ്റേഷനായും പ്രവര്‍ത്തിച്ചുപോന്നു. മാത്രവുമല്ല ഇവര്‍ നീതിമാന്‍മാരും രാഷ്ട്രീയമായി ശക്തരുമായിരുന്നു എന്നതാണ് ഈ സംവിധാനത്തില്‍ ജനങ്ങള്‍ക്ക് വലിയ വിശ്വാസം നല്‍കിയത്. നീതി തുല്യമായി വിതരണം ചെയ്യുന്നതില്‍ ഇക്കൂട്ടര്‍ക്ക് അസാമാന്യമായ നൈപുണ്യമുണ്ടായിരുന്നു. നിയമം മൂലം സ്ഥാപിക്കപ്പെട്ട കോടതികളില്‍ ഒരോ കേസിനും വന്നേക്കാവുന്ന കാലതാമസവും ജനങ്ങളെ ഇത്തരം നാട്ടുപഞ്ചായത്തുകളിലേക്ക് കൂടുതല്‍ അടുപ്പിച്ചു. അതുകൊണ്ട് തന്നെ നാട്ടിന്‍പുറങ്ങളില്‍ മെച്ചപ്പെട്ട ഒരു സാമൂഹ്യ അന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ ഇക്കൂട്ടര്‍ക്ക് മുഖ്യപങ്കുവഹിക്കാനും കഴിഞ്ഞിരുന്നു.

കൊടിഞ്ഞി പള്ളി എന്ന കോടതി
മമ്പുറം തങ്ങള്‍ പണി കഴിപ്പിച്ച പള്ളി എന്ന പേരില്‍ പ്രശസ്തമായ പള്ളിയാണ് കൊടിഞ്ഞി വലിയ ജുമുഅത്ത് പള്ളി. തിരൂരങ്ങാടി, നന്നമ്പ്ര, തെന്നല, താനൂര്‍ തുടങ്ങിയ കൊടിഞ്ഞിയുടെ സമീപ പ്രദേശങ്ങളിലെ മുസ്‌ലിംകളും അമുസ്‌ലിംകളുമായ ഒട്ടനവധി പേരുടെ കോടതിയായിട്ടാണ് പള്ളി കാലങ്ങളായി നിലനിന്നത്. മധ്യസ്ഥ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ മസ്വ്്ലഹത്താക്കുന്നതിനും എതിര്‍പ്പുകളില്ലാതെ ആളുകള്‍ സ്വയം തിരഞ്ഞെടുക്കുന്ന കേന്ദ്രമായിരുന്നു ഈ പള്ളി. പള്ളിയില്‍ വന്ന് തീരുമാനിച്ച ഒരു കാര്യം ലംഘിക്കപ്പെട്ടാല്‍ അയാള്‍ സമൂഹത്തില്‍ സ്വാഭാവികമായും നിലയും വിലയും നഷ്ടപ്പെട്ടവനായി മാറും. പടച്ചോനെ മുന്നില്‍നിര്‍ത്തി സത്യം ചെയ്യുക എന്നാണ് കൊടിഞ്ഞി പള്ളിയിലെ മസ്‌ലഹത്ത് ചര്‍ച്ചക്ക് പറയുന്ന പേര്. ഇത് നാട്ടുമധ്യസ്ഥത്തിലെ മേല്‍ക്കോടതിയായിട്ടും ആളുകള്‍ പരിഗണിച്ചു പോന്നു.

ആദിവാസി ഊരുകളിലെ മൂപ്പന്മാര്‍
നാട്ടിൻപുറങ്ങളിലെ കാരണവന്മാരെപ്പോലെ ആദിവാസി ഊരുകളിലും ഇതിന് സമാനമായ സംവിധാനങ്ങള്‍ നിലനിന്നിരുന്നു. ഇന്നും മിക്കയിടത്തും ആദിവാസി ഊരുകളില്‍ ഇന്ത്യന്‍ ശിക്ഷാ നിയമങ്ങള്‍ക്ക് പ്രാധാന്യമില്ല എന്നതാണ് വാസ്തവം. അവരുടെ നിയമവും നീതിയും നടപ്പാക്കുന്നത് അവരുടെ തന്നെ ഗോത്രത്തലവന്‍മാരായ മൂപ്പന്മാരാണ്.
ഓരോ കുലത്തിനും ഓരോ മൂപ്പന്‍ ഉണ്ടാകും. ഈ മൂപ്പന്‍ നാട്ടുമൂപ്പന്‍ എന്നാണറിയപ്പെടുക. കൂടാതെ താഴ്ന്ന ജാതിയില്‍ പെട്ട കുലങ്ങള്‍ അഥവാ ചെമ്മം നിയന്ത്രിക്കുന്നത് ചെമ്മക്കാരന്‍ ആണ്. നാട്ടുമൂപ്പന്റെയും ചെമ്മക്കാരന്റെയും അധികാരങ്ങള്‍ പാരമ്പര്യമായി ലഭിക്കുന്നതല്ല. അവര്‍ തിരഞ്ഞെടുക്കപ്പടുന്നതാണ്. നാട്ടുമൂപ്പനു ഒരു സഹായി ഉണ്ടായിരിക്കും. ഇത് കനലാടി എന്നാണറിയപ്പെടുക. കൂടാതെ ഇവര്‍ക്ക് വെളിച്ചപ്പാടും ഉണ്ടായിരിക്കും. വെളിച്ചപ്പാടിനെ തമ്മിടി എന്നാണ് വിളിക്കുന്നത്. തമ്മിടിയ്ക്ക് കീഴില്‍ കര്‍മ്മികള്‍ ഉണ്ടായിരിക്കും. വിവാഹം, മരണം, ജനനം തുടങ്ങിയ അവസരങ്ങളില്‍ ഇവരുടെ സാന്നിധ്യം ഒഴിവാക്കാനാകാത്തതാണ്. ഇവരുടെ വിവാഹത്തില്‍ ഇരുവീട്ടുകാര്‍ക്കും തമ്മില്‍ ബാധ്യതകളില്ലെന്ന് ഉറപ്പുവരുത്തി ചെറുക്കന്‍ ഒരു നിശ്ചിതതുക നാട്ടുമൂപ്പനെ ഏല്പിക്കണം. താഴ്ന്ന ജാതിക്കാരില്‍ ചെമ്മക്കാരനെയാണ് ഈ തുക ഏല്‍പിക്കുക. ഇത് “തലപ്പാട്ടം’ എന്നാണ് അറിയപ്പെടുന്നത്.

ഖാപ് പഞ്ചായത്തുകള്‍
ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളായ രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ പുരാതനകാലം മുതല്‍ പ്രചാരത്തിലുള്ള ഒരു സാമൂഹിക ഭരണ സംവിധാനമാണ് ഖാപ് അല്ലെങ്കില്‍ സര്‍വ്വ്ഖാപ്. അതനുസരിച്ച്, പാല്‍, ഗാന, ഗാനസംഘം, സഭ, സമിതി, ജനപദ് തുടങ്ങിയ വിവിധങ്ങളായ സമാന്തര ഭരണകൂടങ്ങളും കോടതികളും മധ്യകാലം ഇന്ത്യയില്‍ രുപപ്പെട്ടുവന്ന ഒരു ഭരണ, നീതി നിര്‍വഹണ സംവിധാനമാണ്. ഇവ മിക്കയിടത്തും ഇപ്പോഴും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. നമ്മുടെ നാട്ടില്‍ പണ്ട് കാലത്ത് സജീവമായി നിലനിന്നിരുന്ന നാട്ടുസഭകളുടെ കുറേക്കൂടി വ്യവസ്ഥാപിതമായ രൂപമാണ് ഈ ഖാപ് പഞ്ചായത്തുകള്‍. എന്നാല്‍ നമ്മുടെ നാട്ടിലെ കാരണവന്മാര്‍ ശിക്ഷ വിധിക്കുക എന്നതിനപ്പുറം ഒത്തുതീര്‍പ്പ് വ്യവസ്ഥകളിലായിരുന്നു ചര്‍ച്ച അവസാനിപ്പിച്ചിരുന്നത്. എന്നാല്‍ ഉത്തരേന്ത്യയിലെ ഖാപ് പഞ്ചായത്തുകളില്‍ പലപ്പോഴും നീതിയും നിയമവും തുല്യമായി വിതരണം ചെയ്യപ്പെടുന്നില്ല എന്ന നിരന്തരമായ ആക്ഷേപങ്ങളുണ്ട്. മാത്രവുമല്ല പ്രാകൃതമായ ശിക്ഷാ രീതികള്‍ പിന്തുടരുന്ന ഇത്തരം ഖാപ് പഞ്ചായത്തുകള്‍ വലിയ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നതായും വാര്‍ത്തകളുണ്ട്. എന്നാല്‍ ചില പ്രദേശങ്ങളില്‍ നീതിയുക്തവും സമാധാനപരവുമായി ഭരണം നടത്തുന്നതില്‍ ഇത്തരം പഞ്ചായത്തുകള്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നുണ്ട്.

പഞ്ചായത്ത് രാജ് നിയമവും തുടര്‍ന്നുണ്ടായ മാറ്റങ്ങളും
ഇസ്‌ലാം മത വിശ്വാസം പ്രകാരം ആ നാട്ടിലെ ഖാളിയാണ് ന്യായാധിപന്‍. പക്ഷേ നമ്മുടെ നാട്ടില്‍ ഖാളിയുടെ മുന്നിലേക്ക് പ്രശ്‌നങ്ങള്‍ എത്തുന്നതിന് മുന്നേ തന്നെ ഈ നാട്ടുകാരണവന്മാര്‍ വിഷയത്തില്‍ തീര്‍പ്പ് കല്പിക്കുമായിരുന്നു. ഇതായിരുന്നു ഏറെക്കാലം മലബാറിലെ രീതി. അത്രമാത്രം ജാഗ്രതയോടെയാണ് ഈ നാട്ടുകാരണവന്മാര്‍ പ്രവര്‍ത്തിച്ചിരുന്നത്. വിശ്വാസികള്‍ പലപ്പോഴും കോടതി പോലീസ് തുടങ്ങിയ ഭരണസംവിധാനങ്ങളോട് പൊരുത്തപ്പെട്ട് പോവാന്‍ മടി കാണിച്ചിരുന്നു. നാട്ടുകാരണവന്മാരില്‍ കേസുകള്‍ തീര്‍പ്പാവുന്നതിനാല്‍ തന്നെ ഖാളിമാരിലേക്ക് എത്തുന്ന കേസുകളും കുറവായിരുന്നു. എന്നാല്‍ പഞ്ചായത്ത് രാജ് സിസ്റ്റത്തിന്റെ കടന്നുവരവും സമൂഹത്തിലുണ്ടായ സാമ്പത്തിക അഭിവൃദ്ധിയുമാണ് ഈ സാമൂഹ്യഘടനയെ പൊളിച്ചത്. ഇത് വിശ്വാസികള്‍ക്കിടയിലും അവരുടെ ജീവിതരീതിയിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. ആദ്യകാലങ്ങളില്‍ നമ്മുടെ പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ നാട്ടിലെ കാരണവന്മാരായിരുന്നു. കാരണം മെമ്പറായിരിക്കേണ്ടത് ആ നാട്ടിലെ കാരണവരാണെന്ന ഒരു മിഥ്യാബോധം ജനങ്ങള്‍ക്കിടയില്‍ വ്യാപകമായിരുന്നു. അതുകൊണ്ടുതന്നെ പലയിടത്തും ഈ കാരണവന്മാര്‍ എതിരില്ലാതെ തന്നെ തിരഞ്ഞെടുക്കപ്പെടുമായിരുന്നു. രാഷ്ട്രീയത്തിനപ്പുറം ജനങ്ങള്‍ക്കിടയില്‍ വ്യക്തികള്‍ക്കുണ്ടായിരുന്ന സ്വീകാര്യതയാണ് ഇതില്‍നിന്ന് മനസിലാകുന്നത്. എന്നാല്‍ പഞ്ചായത്ത് രാജ് നിയമങ്ങള്‍ വന്നതോടെ അടിമുടി മാറിയ പഞ്ചായത്ത് രാജ് സിസ്റ്റവും അധികാര വികേന്ദ്രീകരണ സംവിധാനവും മറ്റൊരു സാമൂഹ്യക്രമത്തിലേക്ക് നാടിനെ കൊണ്ടുപോകുകയാണ് ചെയ്തത്. നാട്ടുകാരണവന്മാര്‍ എന്ന സ്ഥാനം തന്നെ രാഷ്ട്രീയക്കാര്‍ ഹൈജാക്ക് ചെയ്തു. എന്നാല്‍ ഇവര്‍ക്ക് ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുള്ള മികവില്ലായ്മയും നിയമപരമായ തടസങ്ങളുമാണ് കേസുകള്‍ പോലീസ് സ്റ്റേഷനിലേക്കും കോടതികളിലേക്കും എത്തുന്നതിന് കാരണമായത്. ഇതിനൊപ്പം നമ്മുടെ സാമൂഹ്യശ്രേണിയിലും സാമ്പത്തിക അവസ്ഥകളിലും ഉണ്ടായ ഘടനാപരമായ മാറ്റങ്ങളും കാരണവന്മാരുടെ പദവിയെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. എല്ലാവരും ഒരുപോലെ പണവും സ്വാധീനവും വിദ്യാഭ്യാസവും നേടിയതോടെ വിധേയത്വവും അനുസരണ ശീലങ്ങളും സമൂഹത്തില്‍ പാടേ ഇല്ലാതാവുകയും അത് ക്രമേണ എല്ലാവരും കാരണവന്മാരായി മാറുന്നതിലേക്കും ഒടുവില്‍ കാരണവന്മാര്‍ എന്ന വർഗം തന്നെ ഇല്ലാതാവുന്നതിലേക്കും നയിച്ചു എന്നതാണ് സത്യം. പക്ഷേ ഈ ശൂന്യത നമ്മുടെ സമാധാനപരമായ സാമൂഹ്യ അന്തരീക്ഷത്തെ തച്ചുതകര്‍ക്കുന്നതിലും വലിയ തോതില്‍ അരാജകത്വം വളര്‍ത്തുന്നതിലും മുഖ്യമായ പങ്കുവഹിച്ചിട്ടുണ്ട് ■

Share this article

About ജുനൈദ് ടി പി തെന്നല

junaidthennala@gmail.com

View all posts by ജുനൈദ് ടി പി തെന്നല →

Leave a Reply

Your email address will not be published. Required fields are marked *