ഉപ്പളയിലെ ഉര്‍ദുവും മങ്ങലവും

Reading Time: 3 minutes

കാസര്‍കോഡ് നിന്ന് മംഗലാപുരം ഭാഗത്തേക്ക് ഇരുപത്തിരണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഉപ്പളയിലെത്താം. വിവിധ കാരണങ്ങളാല്‍ ഏറെ പ്രാധാന്യമുള്ള പ്രദേശമാണിത്. കേരളത്തില്‍ എവിടെയും കാണാത്ത പല വിശേഷങ്ങളാണ് ഉപ്പളയെ മറ്റു പ്രദേശങ്ങളില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്.
തെക്കുഭാഗത്ത് നിന്ന് ഒരാള്‍ ഉപ്പളയില്‍ വന്നാല്‍ ഉത്തരേന്ത്യന്‍ പ്രതീതിയാണ് അനുഭവപ്പെടുക. നാടിന്റെ സംസ്‌കാരവും ജനവിഭാഗവും കേരളത്തില്‍ മറ്റെങ്ങും കേള്‍ക്കാത്ത അവരുടെ ഭാഷാശൈലിയുമാണ് ഇതിന് കാരണം. കാസര്‍കോടിനെ സപ്തഭാഷാ സംഗമ ഭൂമി എന്നറിയപ്പെടുന്നതില്‍ ഉപ്പള എന്ന ചെറുഗ്രാമം ഏറെ പങ്കുവഹിക്കുന്നുണ്ട്. ഉര്‍ദുവാണ് ഇവിടെത്തെ പ്രധാന വിനിമയ ഭാഷ. മറ്റു ഭാഷകള്‍ സംസാരിക്കുന്നവരും ഇവിടെയുണ്ട്. കേരളത്തിന്റെ വടക്കേ അറ്റമായ ഈ പ്രദേശം ഒരു പ്രധാന വ്യാപാരകേന്ദ്രം കൂടിയാണ്. മറ്റു ജില്ലകള്‍ക്ക് പുറമേ കര്‍ണാടക പോലെയുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇവിടേക്ക് സാധനങ്ങള്‍ വാങ്ങാന്‍ ജനങ്ങളെത്തുന്നു.

ചരിത്രം, വര്‍ത്തമാനം
ഹനഫി തുര്‍ക്കികളുടെ പിന്‍ഗാമികളാണ് ഉപ്പളയിലെ ഏറെ ജനങ്ങളും. പതിനെട്ടാം നൂറ്റാണ്ടില്‍ തുര്‍ക്കിക്കുണ്ടായിരുന്ന ശക്തമായ നാവിക മേല്‍കോയ്മയാണ് ഇതിന് കാരണം. ബ്രിട്ടീഷ് സാമ്രാജ്യ ശക്തിക്കെതിരെ പടപൊരുതി വീരമൃത്യു വരിച്ച ടിപ്പു സുല്‍ത്താന്റെ സൈന്യത്തിനുവേണ്ടി തുര്‍ക്കിയില്‍ നിന്ന് മനുഷ്യരെ ഇറക്കുമതി ചെയ്തിരുന്നു. അവരാണ് ഉപ്പളയിലെ മുന്‍തലമുറ. അവരുടെ കുടുംബാംഗങ്ങളാണ് ഉപ്പളയിലെ ഇന്നത്തെ ജനങ്ങള്‍. ഒരു സംസ്‌കാരത്തിന്റെ ബാക്കിപത്രമെന്ന് വിശേഷിപ്പിക്കാം, ഇന്നും പലരും കപ്പല്‍ അനുബന്ധ ജോലിയാണ് ചെയ്യുന്നത്. ലോകത്തിന്റെ അഷ്ടദിക്കുകളില്‍ സഞ്ചരിക്കുന്ന കപ്പലുകളില്‍ ജോലി ചെയ്യുന്നവര്‍ വരെ ഉപ്പളയിലുണ്ട്. പ്രാദേശികമായി കണക്കെടുത്താല്‍ കേരളത്തിൽ ഏറ്റവും കൂടുതല്‍ കപ്പല്‍ ജോലിക്കാരുള്ള ഗ്രാമമായിരിക്കും ഉപ്പള.
ഉര്‍ദു സംസാരിക്കുന്ന ജനങ്ങള്‍, ഉര്‍ദുവിലെ ബോര്‍ഡുകള്‍ എന്നിങ്ങനെ തുടങ്ങുന്നു പ്രത്യേകതകള്‍. ഉര്‍ദു ഭാഷ വശമുള്ളവരാണ് ഉപ്പളയിലെ കടയുടമകളും ജോലിക്കാരും. കേരളത്തിലാണെന്ന ചിന്ത നമുക്ക് ഒരു നിമിഷം മാഞ്ഞുപോകും. മത്സ്യമാര്‍കറ്റില്‍ ചെന്നാല്‍ മത്സ്യം വില്‍ക്കുന്ന അമുസ്‌ലിംസ്ത്രീകള്‍ പോലും ഉര്‍ദു സംസാരിക്കുന്നത് കേള്‍ക്കാം. എങ്ങും ഉര്‍ദു മയം. ഇതിനാല്‍ ഉപ്പളയെ ഉര്‍ദു ഗ്രാമം എന്ന് വിശേഷിപ്പിക്കപ്പെടുന്നു.

വിശ്വാസം
കേരളത്തിലെ ഭൂരിഭാഗം മുസ്‌ലിം വിശ്വാസികളില്‍ നിന്ന് വ്യത്യസ്തമായി ഹനഫീ മദ്ഹബ് പിന്തുടരുന്നവരാണ് ഉപ്പളയിലെ മുസ്‌ലിംകള്‍. സുന്നികളാണ് ഭൂരിഭാഗവും. ഇവര്‍ക്ക് പ്രത്യേകമായി ഉപ്പളയോട് ചേര്‍ന്നുനില്‍ക്കുന്ന ഹനഫീ ബസാറില്‍ പള്ളി ഉണ്ട്. കാസര്‍കോഡ് നിന്ന് മംഗലാപുരത്തേക്കുള്ള റോഡില്‍ ഇടതു ഭാഗത്തായി പ്രസ്തുത പള്ളി കാണാം. ദേശീയപാതയുടെ ചാരത്തായതിനാല്‍ പലയാളുകളും ഇവിടെ സന്ദര്‍ശിക്കാറുണ്ട്. മതപഠന ക്ലാസുകള്‍ക്കും സാംസ്‌കാരിക സമ്മേളനങ്ങള്‍ക്കും വേദിയാകുന്നത് ഇവിടെയാണ്. നബിദിനമായാല്‍ പള്ളിയിലും പ്രദേശത്തും സ്ഥാപിക്കുന്ന ലൈറ്റുകള്‍ രാത്രികാലങ്ങളില്‍ ദേശീയപാതയില്‍ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് വിസ്മയ കാഴ്ചയൊരുക്കുന്നു. അവരുടെ പ്രവാചക സ്നേഹം അത് വിളിച്ചോതും. ഹനഫീ ബസാറിലെ ഈ പള്ളിക്ക് കീഴില്‍ അവിടെയും മറ്റു പ്രദേശങ്ങളിലുമായി പതിമൂന്ന് പള്ളികളും ഇരുപതോളം മദ്റസകളുമുണ്ട്. നാലായിരത്തോളം കുടുംബം ഉപ്പളയില്‍ താമസിക്കുന്നു. ഹനഫീ മദ്ഹബ് പിന്തുടരുന്ന ഇവര്‍ കര്‍മശാസ്ത്രപരമായ കാര്യങ്ങള്‍ക്ക് ഇരുപത് വര്‍ഷം മുമ്പ് വരെ മുംബൈയിലെ ഹനഫീ പണ്ഡിതരെയും ഉത്തര്‍പ്രദേശിലെ മുബാറക്പൂറില്‍ സ്ഥിതി ചെയ്യുന്ന അശ്‌റഫിയ്യ മതകലാലയത്തെയുമായിരുന്നു ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. ഉത്തരേന്ത്യയിലെ നേതാക്കളെ ഇവിടെ കാണാന്‍ കഴിയുമെങ്കിലും ഇവിടത്തെ പള്ളികളിലും മദ്‌റസകളിലും സേവനം ചെയ്യുന്ന ഭൂരിഭാഗം പേരും ഇവിടെത്തന്നെയുള്ള പണ്ഡിതന്മാരാണ്. ദാറുല്‍ ഉലൂം മാലിക് ബിന്‍ ദീനാര്‍ സ്ഥാപനം ഇതില്‍ വലിയ പങ്കുവഹിക്കുന്നു. ഇവിടെ നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ മറ്റുള്ള സ്ഥലങ്ങളില്‍ മതകാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പ്രാപ്തരായവരാണ്. സ്ത്രീകള്‍ക്ക് മാത്രമായി രണ്ടു സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. അറബി, പാര്‍സി പോലുള്ള ഭാഷകള്‍ ഇവിടെ പഠിപ്പിക്കുന്നു. ഫളീലത് കോഴ്സ് നടന്നുകൊണ്ടിരിക്കുന്നു. ഇതുതന്നെയാണ് ഇവിടത്തെ ജനങ്ങളില്‍ ഇന്നും ഉത്തരേന്ത്യന്‍ സംസ്‌കാരം നിലനില്‍ക്കാനുള്ള പ്രധാന കാരണം.

കുര്‍ച്ചിപ്പള്ള സ്‌കൂള്‍
കേരളത്തിലെ ഒരേയൊരു സര്‍ക്കാര്‍ ഉര്‍ദു മീഡിയം സ്‌കൂള്‍ ആണിതെന്ന് പറയപ്പെടാറുണ്ട്. എന്നാല്‍ ഉര്‍ദു മീഡിയം എന്ന ധാരണ ശരിയല്ല. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പൊതുവേ അഞ്ചാം തരം മുതലാണ് ഉര്‍ദുഭാഷാ പഠനം തുടങ്ങുന്നത് എങ്കില്‍, ഇവിടെ ഒന്നാം ക്ലാസ് മുതല്‍ ഉര്‍ദു ഭാഷ പഠിപ്പിച്ചു തുടങ്ങുന്നു എന്ന മറ്റെവിടെയും കാണാത്ത പ്രത്യേകത ഈ സ്‌കൂളിനുണ്ട്. ഒന്നാം ക്ലാസ് മുതലുള്ള ഉര്‍ദു ഭാഷാ പഠനം കുട്ടികളെ നന്നായി സ്വാധീനിക്കുന്നുണ്ട്. പ്രൈവറ്റ് സ്‌കൂളുകള്‍ ഉര്‍ദു ഭാഷ പഠിപ്പിക്കേണ്ട നിര്‍ബന്ധിത സാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നു. ആയതിനാല്‍ മിക്ക സ്‌കൂളുകളിലും ഉര്‍ദു ഭാഷ ആദ്യ ക്ലാസ് മുതല്‍ തന്നെ പഠിപ്പിക്കുന്നുണ്ട്.

ങ്ങലം
കല്യാണത്തിന് മങ്ങലം എന്നാണ് കാസര്‍കോഡുകാര്‍ പറയുക. മറ്റുള്ള പ്രദേശങ്ങളില്‍ നിന്ന് ഉപ്പളയെ വേറിട്ടുനിര്‍ത്തുന്ന മറ്റൊരു വിശേഷമാണ് ഹനഫീ വിശ്വാസികളായ ജനവിഭാഗത്തിലെ മങ്ങലങ്ങള്‍. മൂന്നു ദിവസം വരെ മങ്ങലം(കല്യാണം) നീണ്ടുനില്‍ക്കും. ആദ്യ ദിവസം മെഹന്ദി എന്ന പേരില്‍ അറിയപ്പെടുന്നു. ഈ ദിവസത്തില്‍ വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും നാട്ടിലെ കൂട്ടുകാരെയും ബന്ധുക്കളെയും വീട്ടില്‍ ക്ഷണിച്ചു സത്കരിക്കുന്നു. രാത്രിയിലാണ് ഇത് ഉണ്ടാവുക. ഇപ്പോൾ മെഹന്ദി ഹനഫീ വിശ്വസികളല്ലാത്ത വിഭാഗങ്ങളിലും നടത്തപ്പെടുന്നുണ്ട്.
ശാദി ദിനമെന്നാണ് രണ്ടാം ദിവസം അറിയപ്പെടുന്നത്. ഈ ദിവസത്തില്‍ നികാഹ്, കല്യാണം പോലെയുള്ള പ്രധാന ചടങ്ങും വധുവിന്റെ വീട്ടില്‍ ഭക്ഷണവും സത്കാരവും ഒരുക്കുന്നു. വധുവിന്റെ വീട്ടിലാണ് നികാഹ് നടക്കുക. വലീമ ദിനമെന്നാണ് മൂന്നാം ദിനം അറിയപ്പെടുന്നത്. തിരുനബി(സ്വ)യുടെ ചര്യ മുറുകെപ്പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിവസം കൊണ്ടാടുന്നത്. ഈ ദിവസത്തില്‍ വരന്റെ വീട്ടുകാര്‍ വധുവിന്റെ വീട്ടുകാരെയും മറ്റുള്ളവരെയും ക്ഷണിച്ച് അവര്‍ക്ക് ഭക്ഷണമൊരുക്കി സത്കരിക്കുന്നു. ശാഫിഈ മദ്ഹബ് പിന്തുടരുന്ന പുരുഷന്മാര്‍ ഹനഫീ വിശ്വാസം പിന്തുടരുന്ന സ്ത്രീകളെ കല്യാണം കഴിക്കാറുണ്ട്. നേരെ തിരിച്ചും കാണുന്നു. മറ്റു പ്രദേശങ്ങളില്‍ കാണാത്ത പ്രതീതിയാണ് ഇവരുടെ കല്യാണത്തില്‍ കാണാന്‍ കഴിയുക.
ഉപ്പളയില്‍ വസിക്കുന്ന ഹനഫീ വിശ്വാസികളുടെ വസ്ത്രധാരണ കണ്ടാല്‍ അവരെ മനസിലാക്കാന്‍ കഴിയും. നീണ്ട കുര്‍ത്ത ധരിക്കുന്നവരാണ് ഇവിടെത്തെ പുരുഷന്‍മാര്‍, കൂടെ തലപ്പാവും താടിയും. കാഴ്ചയില്‍ ശരിക്കും ഉത്തരേന്ത്യന്‍ വസ്ത്രധാരണം. സ്ത്രീകള്‍ ബുര്‍ഖയും ഹിജാബും ധരിക്കുന്നു. ഹിജാബും ബുര്‍ഖയും മറ്റുള്ള സ്ത്രീകളിലും വലിയ സ്വാധീനം ചെലുത്തിയതായി കാണാം. ഭാഷയെ പോലെത്തന്നെ സംരക്ഷിക്കപ്പെടുന്നു ഇവരുടെ വസ്ത്ര സംസ്‌കാരവും.

പേരിനു പിന്നില്‍
മുള്ളന്‍ എന്ന നാമത്തില്‍ അറിയപ്പെടുന്ന കുര്‍ച്ചി എന്ന മത്സ്യം പള്ളയില്‍ (പള്ളം എന്നാല്‍ വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലം) കൂടുതല്‍ ലഭിക്കുമായിരുന്നു. കുര്‍ച്ചി കൂടുതല്‍ ലഭിക്കുന്ന പള്ള എന്ന അർഥത്തിലുള്ള “കുര്‍ച്ചിപ്പള്ള’ എന്ന നാമം ലോപിച്ചതാണ് “ഉപ്പള’ എന്നാണ് പറയപ്പെടുന്നത്.
ഉപ്പള പുഴയുമുണ്ട് ഇവിടെ. കര്‍ണാടകയിലെ വീരകുമ്പ മലയില്‍ നിന്ന് ഉദ്ഭവിച്ച് ഉപ്പളയെ തൊട്ട്, ഇരുപത്താറ് കിലോമീറ്റര്‍ കേരളത്തിലൂടെ ഒഴുകി കടലില്‍ ചേരുന്നു. നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന പ്രധാന വാക്കുകള്‍ ഉര്‍ദുവില്‍ നിന്നാണ് വന്നത്. ഖമീസ്, കുര്‍ത്ത, ചുരിദാര്‍ തുടങ്ങി പേട, ലഡ്ഡു, ജിലേബി, സമൂസ, പൂരി, റൊട്ടി, ഖബാബ്, ഖിമ, ഗോബി പോലെയുള്ള ഭക്ഷണസാധനങ്ങളുമുണ്ട് ഇതില്‍ ■

Share this article

About സയ്യിദ് മുബശ്ശിര്‍ ഹാദി ഉപ്പള

sayyidmubashir111@gmail.com

View all posts by സയ്യിദ് മുബശ്ശിര്‍ ഹാദി ഉപ്പള →

Leave a Reply

Your email address will not be published. Required fields are marked *