വേവലാതികള്‍ വേവുന്ന തീച്ചൂളകള്‍

Reading Time: 3 minutes

നാടുവിട്ട് മണലോളം ആഴ്ന്നിറങ്ങിയവരുടെ ദൈന്യതയാര്‍ന്ന മുഖങ്ങളിലെ കരുവാളിപ്പുണ്ട് ഗള്‍ഫുരാജ്യങ്ങളിലെ അടുക്കളകള്‍ക്ക്. അവ പങ്കുവയ്പിന്റെ പോരിശയുള്ള ഇടങ്ങളാണ്. ഉടഞ്ഞുപോയ ജീവിതം നുള്ളിപ്പെറുക്കി തിരിച്ചെടുക്കാനുള്ള ശ്രമത്തില്‍ പ്രവാസിയുടെ കണ്ണില്‍ വിശപ്പും ദാഹവും മാറിമാറി വരും.

ഇപ്പോള്‍, ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്കിപ്പുറം വിറയ്ക്കുന്ന വിരലറ്റംനീട്ടി പരിചയം പുതുക്കാനെത്തുന്ന ഓര്‍മകളില്‍ തെളിയുന്നുണ്ട് അന്നത്തെ ഒരടുക്കള. അഴുക്കുപുരണ്ട, ഇടുങ്ങിയ, മുറിഞ്ഞുതൂങ്ങിയ ചുവരലമാരയുള്ള, കൂറകള്‍ പെറ്റുപെരുകിയ, മാറാലപിടിച്ച, ഇരുളാര്‍ന്ന, സാധാരണ കിടപ്പുമുറിയുടെ പകുതി വലിപ്പംപോലുമില്ലാത്ത ഒരിടം! അന്നുവരെ കണ്ടിട്ടില്ലാത്തതും അനുഭവിച്ചിട്ടില്ലാത്തതുമായ ഒരു പര്‍വ്വതം തലക്കുമേല്‍ പതിക്കുന്ന ഒരനുഭവമായിരുന്നു അത്. വീട്ടിലെ വിശാലമായ അടുക്കളയില്‍നിന്ന് പ്രവാസത്തിലെ കുടുസ്സായ “കിച്ചണി’ലേക്ക് എത്തിപ്പെട്ടപ്പോള്‍ പലതും നഷ്ടപ്പെടുകയാണെന്നു മനസ്സ് നൊന്തു. പൊടുന്നനെ വിജനമായ ഒരു ഗുഹാന്തര്‍ഭാഗത്ത് അകപ്പെട്ടതുപോലെ!
താൽകാലികമെങ്കിലും സർവവും ഉപേക്ഷിച്ചാണ് ഒരാള്‍ പ്രവാസിയാകുന്നത്. ഈ ഉപേക്ഷിക്കലില്‍ പ്രിയപ്പെട്ടതൊക്കെയുണ്ട്. മുറ്റത്തെ മൂവാണ്ടന്‍ മാവ്, മഴയുടെ കശകശാരവം, കിളിയൊച്ചകള്‍, വെയില്‍നൊച്ചികള്‍, പുഴയും പരല്‍മീനും പച്ചപ്പും മഞ്ഞുകള്‍ ഉമ്മവെക്കുന്ന പച്ചിലകളും ഇടവഴികളും പ്രണയവും പള്ളിക്കുളവും കല്‍പടവുകളും അമ്പലപ്പാട്ടും പള്ളിപ്പെരുന്നാളും മകളുടെ കല്യാണവും ആഘോഷങ്ങളും ഘോഷയാത്രകളും അങ്ങനെയങ്ങനെ പലതും.
പക്ഷേ, ഉപേക്ഷിക്കപ്പെടുന്നവയില്‍ ഏറ്റവും കണ്ണുനനയിക്കുന്ന ഉന്മാദമേതെന്നു ചോദിച്ചാല്‍ സ്വന്തം ഉമ്മയുടെ കൈരുചിയായിരിക്കുമെന്നാണുത്തരം. സ്വന്തം വീട്ടകത്ത് മാതാവിന്റെ തുണിയറ്റംപിടിച്ച് നടന്നിരുന്ന, മാതൃവാത്സല്യം ആവോളം അന്നനാളത്തിലൂടെ ആസ്വദിച്ചിരുന്ന, “നിനക്ക് കുടിക്കാനെന്തെങ്കിലും വേണോ’ എന്നുള്ള ആവര്‍ത്തിച്ചും ആര്‍ത്തലച്ചും പെയ്യുന്ന തലോടലും കടന്നാണ് ഒരാള്‍ പ്രവാസിയാകുന്നത്. ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ ഞാന്‍, അമ്മാവനോടൊപ്പം വീടിറങ്ങുമ്പോള്‍ ഉമ്മ ആങ്ങളയെ ഒന്നൂടെ ഓര്‍മിപ്പിച്ചു. “ഓനെന്തും സഹിക്കും. വെശപ്പ് മാത്രം സഹിക്കൂല!.’
പ്രവാസത്തിന് ചിതറിപ്പോകല്‍ എന്നൊരു അർഥം കൂടിയുണ്ട്. ദേശത്തുനിന്നും ഒഴിവാക്കപ്പെടുന്ന ഒരവസ്ഥ. പതിയെപ്പതിയെ വീടും നാടും അപ്രത്യക്ഷമാവുന്നു. മുന്‍പില്‍ മറ്റൊരു ലോകം തുറക്കപ്പെടുകയാണ്. കൂടെയുള്ളത് ഒരു കാലം മറ്റൊരു കാലത്തെ മറച്ചുവയ്ക്കുന്നതിന്റെ ഒച്ചമാത്രം. അപരിചിതമായ ഒരിടത്ത് നമുക്കൊരു ഇരിപ്പിടം ഒരുങ്ങുന്നു. പുതിയ ഭൂമി, പുതിയ മണ്ണ്, പുതിയ ആകാശം, പുതിയ ഭക്ഷണം, ഭക്ഷണ രീതികള്‍, ഭക്ഷണ സംസ്‌കാരങ്ങള്‍.. ആര്‍ക്കൊക്കെയോവേണ്ടി, ആരുടെയൊക്കെയോ അനാവശ്യങ്ങള്‍ കണ്ടും കേട്ടും മടുത്തും മുറിവേറ്റ മനസ്സിനെ സമാശ്വസിപ്പിച്ച്, എന്തെങ്കിലും കഴിച്ചെന്നു നടിച്ച്, എവിടെയെങ്കിലും ചുരുണ്ടുകൂടി പൊട്ടിയടര്‍ന്ന ഉറക്കത്തെ വരിഞ്ഞുമുറുക്കി ആകാശത്തിനു കീഴില്‍ ഈ ഭൂമിയുടെ സമതലത്തില്‍ തന്റെ സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമംകൂടിയാണ് പ്രവാസം.
ഒരു സായന്തനത്തിന്റെ ആലസ്യത്തിലേക്കായിരുന്നു ആദ്യമായി ദുബൈയില്‍ ഫ്ലൈറ്റിറങ്ങിയത്. എനിക്ക് വിശക്കുന്നുണ്ടായിരുന്നു. അന്നനാളം വഴി ആമാശയത്തിലേക്ക് കാര്യമായെന്തെങ്കിലും എത്തിയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിരിക്കുന്നു. രാവിലെ വീട്ടില്‍നിന്ന് കഴിച്ചതാണ്. അതും “നാടുകടത്തപ്പെടുന്ന’ സങ്കടത്തില്‍ മനസ്സില്ലാ മനസ്സോടെ. കോഴിക്കോട്ടെത്തിയപ്പോള്‍ ഒരു ചായ കുടിച്ചു. ഫ്ലൈറ്റിലെ “ഫാസ്റ്റ് ഫുഡ്’ അത്ര രുചികരമായി തോന്നിയതുമില്ല. ഫ്ലാറ്റിലെത്തിയയുടന്‍ അമ്മാവന്‍ ഓംലെറ്റില്‍ സ്ലൈസ്ഡ് ബ്രഡ് ചേര്‍ത്തൊരു സ്‌നാക്‌സ് ഉണ്ടാക്കിത്തന്നു. നല്ല വിശപ്പുള്ളതുകൊണ്ടാവാം ആ “ഐറ്റ’ത്തിന് എന്തെന്നില്ലാത്ത രുചിയായിരുന്നു.
രാത്രി, പലനേരത്തായി റൂമിലെ താമസക്കാര്‍ നാലുപേരും കൂടണഞ്ഞു. അതിലൊരാള്‍ അന്ന് പാകംചെയ്യേണ്ട സാധനങ്ങളുമായിട്ടാണ് വന്നത്. വേറൊരാള്‍ കിച്ചണിലിറങ്ങി പ്രാരംഭ ജോലികള്‍ ആരംഭിച്ചു. മുഷിഞ്ഞുകത്തുന്ന ഒരു റ്റ്യൂബ് ലൈറ്റിനുകീഴിലെ അഴുക്കുപുരണ്ടതും ഇടുങ്ങിയതും ഇരുളാര്‍ന്നതുമായ ആ പാതിമുറി “അടുക്കള’യില്‍നിന്ന്, മുക്കാല്‍ മണിക്കൂറിനകം വേവുന്ന മസാലയുടെ സുഗന്ധം പ്രസരിച്ചു. ത്രസിപ്പിക്കുന്ന ഒരു വിസ്മയക്കാഴ്ചയായിരുന്നു അത്. ആരവങ്ങളും ആശങ്കകളുമില്ലാത്ത വളരെ സാധാരണമായ ഒരു വിശേഷം കൈമാറുന്ന മട്ടിലാണ് “റഹ്‌മാന്‍ച്ച’ എന്നു വിളിപ്പേരുള്ള അബ്ദുര്‍റഹ്‌മാന്‍ക്ക ആ പാചക പ്രക്രിയ പൂര്‍ത്തിയാക്കിയത്.
ആ ഫ്ലാറ്റില്‍ അമ്മാവനും അവരുടെ സ്ഥാപനത്തിലെ നാലു ജോലിക്കാരുമായിരുന്നു താമസിച്ചിരുന്നത്. നാലുപേരും മാറിമാറി ഭക്ഷണമുണ്ടാക്കും. “മുതലാളി’യുടെ മരുമോനെന്നോ പുതിയ പയ്യനെന്നോ കരുതിയാവാം എന്നെയവര്‍ കിച്ചണില്‍ കയറ്റിയിരുന്നില്ല. കൂട്ടത്തില്‍ റഹ്‌മാന്‍ച്ചയാണ് രസികന്‍. അദ്ദേഹത്തിന്റെ മെസ്സാണെങ്കില്‍ കിച്ചന്‍ പൂരപ്പറമ്പാകും. ഉച്ചത്തില്‍ പാട്ടൊക്കെ പാടിയുള്ള കുക്കിങ് കാണാന്‍തന്നെ ചേലാണ്. മൂപ്പരുടെ ദിവസങ്ങളില്‍ ഞാന്‍ സഹായിയായി കിച്ചണിലിറങ്ങാന്‍ തുടങ്ങി. കറിക്കാവശ്യമായ സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവരുന്നതും ഇറച്ചിയും മീനും ക്ലീന്‍ ചെയ്യുന്നതും ഉള്ളി തക്കാളി പച്ചക്കറികള്‍ അരിഞ്ഞിടുന്നതും പച്ചമസാലകള്‍ ചതയ്ക്കുന്നതും ചെമ്പും പാത്രങ്ങളും കഴുകി വൃത്തിയാക്കുന്നതും ഞാനേറ്റെടുത്തു. ഓരോ സവാള അരിയുമ്പോഴും ഒരായിരം കണ്ണീര്‍ത്തുള്ളികള്‍ ഒലിച്ചിറങ്ങിയത് പുതിയൊരനുഭവമായി.
നഗരത്തിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിന്റെ ഭാഗമായി വൈകാതെ ഞങ്ങള്‍ക്ക് അവിടെനിന്ന് താമസം മാറേണ്ടി വന്നു. പുതിയതും പുതുമയാര്‍ന്നതുമായ ഒരു ഫ്ലാറ്റിലേക്കായിരുന്നു മാറ്റം. അടുക്കളക്ക് മുന്‍പത്തെതിനെക്കാള്‍ ഇത്തിരി വലിപ്പമുണ്ട്. കറിച്ചെമ്പില്‍ മസാലപ്പൊടി ഇടാനുള്ളത്ര അറിവും അനുവാദവും എനിക്ക് കിട്ടിത്തുടങ്ങി. ആറേഴുപേര്‍ക്കുള്ള ഒരു കറിയില്‍ ചേര്‍ക്കേണ്ട ഉപ്പ്/മുളക്/മല്ലി/മഞ്ഞള്‍ പൊടികളുടെ അളവ് സ്വായത്തമാക്കിയതായിരുന്നു അന്നത്തെ ഏറ്റവും വലിയ ആഹ്ലാദം. പതിയെപ്പതിയെ വായനപോലെ മറ്റൊരു ലഹരിയായി, പാചകവും.
ആനുകാലികങ്ങളില്‍ വരുന്ന പാചകകുറിപ്പുകളായിരുന്നു എന്റെ സഹായത്തിനെത്തിയത്. ഇന്ന് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും നീളത്തിലരിഞ്ഞിട്ടാണെങ്കില്‍ നാളെ അത് മൂന്നുംകൂടി മിക്‌സിയില്‍ അരച്ചെടുത്തായിരുന്നു പരീക്ഷണം. സവാളയും തക്കാളിയും ഇതുപോലെ അരച്ചെടുത്ത് കറിവച്ചിട്ടുണ്ട്. ചിലപ്പോള്‍ ഉപ്പും മറ്റുചിലപ്പോള്‍ എരിവും കൂടി, വായില്‍ വെക്കാന്‍ കൊള്ളാതെ പുറത്തുനിന്ന് ഭക്ഷണം വാങ്ങിക്കേണ്ടി വന്നിട്ടുണ്ട്. ആവശ്യത്തിലധികം വെള്ളം കൂടിയപ്പോള്‍ റൊട്ടിക്കഷ്ണങ്ങളോ റവപ്പൊടിയോ ഇട്ടായിരുന്നു അവ മുറുക്കിയത്.
പോരായ്മകളേറെയുണ്ടായിട്ടും അമ്മാവനടക്കമുള്ളവരാരും ദേഷ്യപ്പെട്ടില്ല, കുറ്റപ്പെടുത്തിയില്ല. ഒരേ കറിക്കുതന്നെ ഒന്നിലേറെ രുചികളുണ്ടാവുന്നതിന്റെ പൊരുളെന്തെന്ന് അവര്‍ സ്‌നേഹത്തോടെ പറഞ്ഞുതന്നു. എനിക്ക് അത് ഊർജവും പ്രോത്സാഹനവുമേകി. വീട്ടിലെ അടുക്കളയില്‍ ഉമ്മയെ ശല്യപ്പെടുത്തിയതല്ലാതെ ഒരു ചായപോലും ഉണ്ടാക്കാന്‍ അറിയാത്തവന്, പിൽകാലത്ത് വ്യത്യസ്ത ഇടങ്ങളില്‍ ഒറ്റയ്ക്കും കൂട്ടമായും താമസിക്കുമ്പോള്‍ ഉപകാരപ്പെട്ടത് റഹ്‌മാന്‍ച്ചയും കൂട്ടരും പഠിപ്പിച്ചുതന്ന പാചക പാഠങ്ങളായിരുന്നു.
ബാച്ച്്‌ലര്‍ റൂമുകളില്‍ എല്ലാവരും നന്നായി പാചകം ചെയ്യുന്നവരായിരിക്കും. താമസിക്കുന്നിടത്ത് കിച്ചന്‍ സൗകര്യമുണ്ടെങ്കില്‍ കഴിയുന്നതും സ്വന്തമായി ഉണ്ടാക്കി കഴിക്കുന്നതാണ് ബാച്ച്്‌ലേഴ്‌സ് സ്‌റ്റൈല്‍. ചിലയിടങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും ഇതര രാജ്യക്കാരുമുണ്ടാകും. ലേബര്‍ ക്യാംപുകളില്‍ ഒന്നിച്ചു താമസിക്കുന്നവര്‍ക്കിടയില്‍ ഒന്നിലേറെ കിച്ചനുകളും മള്‍ട്ടി നാഷണല്‍ ഫുഡും സ്വാഭാവികമാണ്. ബംഗാളിയും നേപ്പാളിയും പാകിസ്ഥാനിയും ശ്രീലങ്കനും ഇന്ത്യക്കാരും അറബ് വംശജരും ഫിലിപ്പിനോകളും അവരവരുടെ സംസ്‌കാരത്തിലും ശൈലിയിലും ഭക്ഷണമൊരുക്കിയാണ് ഗള്‍ഫ് ജീവിതത്തെ നിര്‍വചിക്കുന്നത്.
അതിരാവിലെ തുടങ്ങി ഉച്ചക്ക് ജോലി കഴിഞ്ഞെത്തുന്നവര്‍, രാവിലെ ജോലിക്കിറങ്ങി ഉച്ചയാകുമ്പോള്‍ റൂമിലെത്തി ഉണ്ടുറങ്ങി വൈകിട്ട് വീണ്ടും പോകുന്നവര്‍, രാവിലെ പോയിട്ട് രാത്രി തിരിച്ചെത്തുന്നവര്‍, നൈറ്റ് ഡ്യൂട്ടിക്ക് പോകുന്നവര്‍. ഓരോരുത്തരും അവരവരുടെ സമയത്തിനനുസരിച്ച് ഭക്ഷണം ക്രമീകരിക്കുന്നു. ഇവരില്‍ സ്വന്തമായി പാകം ചെയ്യുന്നവരും റെസ്റ്റോറന്റിനെ ആശ്രയിക്കുന്നവരും കഫേയില്‍നിന്ന് സാന്‍വിച്, ഗ്രോസറിയില്‍നിന്ന് പഴം, ബ്രെഡ്, ജ്യൂസ് അങ്ങനെയെന്തെങ്കിലും കഴിച്ച് വിശപ്പടക്കുന്നവരുമുണ്ട്. സ്വന്തം വീട്ടിലെ അടുക്കളയില്‍ കയറാത്ത മടിയന്മാര്‍പോലും പ്രവാസജീവിതത്തില്‍ പണ്ടാരിവേഷം സ്വീകരിക്കുന്നത് നിവൃത്തികേടുകൊണ്ടാണ്.
അനേകം പാചകരീതികളിലൂടെയും രുചികളിലൂടെയുമായിരിക്കും ഒരു പ്രവാസി വിശപ്പിനെ മറികടക്കുന്നത്. ഇഷ്ടപ്പെട്ടത് കഴിക്കാനാവാത്ത ഗദ്ഗദം നിഴല്‍പോലെ അവനെ പിന്തുടരുന്നു. നാട്ടില്‍ കിട്ടിയതൊന്നും മറുനാട്ടില്‍ കിട്ടുന്നില്ലല്ലോ എന്നൊരു കരച്ചിലുണ്ടായിരുന്നു ആദ്യകാലങ്ങളില്‍. അന്നൊക്കെ, അവധികഴിഞ്ഞെത്തുന്നവരുടെ ലഗേജില്‍ അച്ചാറുകളും ചില പച്ചക്കറികളും ചിപ്‌സും മിക്ചറും എണ്ണക്കടികളും പലഹാരങ്ങളും കെട്ടിപ്പൊതിഞ്ഞ പാക്കറ്റുകളുണ്ടാവും. ഇപ്പോള്‍ കാലം മാറി. ദേശാന്തരങ്ങള്‍ പിന്നിട്ട് നാട്ടിലുള്ളതൊക്കെ വിദേശത്തും കിട്ടുമെന്നായി. തനിനാടന്‍ ഭക്ഷ്യോദ്പാദനങ്ങളുടെ കലവറ തന്നെയായിരിക്കുന്നു ഗള്‍ഫ് രാജ്യങ്ങളിലെ ഹൈപ്പര്‍ മാര്‍കറ്റുകള്‍.
തേങ്ങയും മാങ്ങയും വാഴയിലയും പഴങ്ങളും ചക്കയും ചക്കക്കുരുവും സുലഭം. അരിയുണ്ടയും ഉണ്ണിയപ്പവും ഇലയടയും കലത്തപ്പവും ഇറച്ചിപ്പത്തിരിയും കോഴിയടയും മുട്ടമാലയും നുള്ളിയിട്ടതും പെട്ടിപ്പത്തലും പഴം നിറച്ചതും അരിറൊട്ടിയും മാട്ടുറൊട്ടിയും ഏത് ചെറിയ കഫെകളിലും ലഭ്യം. പക്ഷേ; വെന്തു വറ്റായി വിശപ്പടക്കിയ, ഊറി നീരായി ദാഹമകറ്റിയ ഉമ്മയുടെ രുചിയുടെ പതിനാലയലത്തുപോലും എത്തില്ല ഇവിടെക്കിട്ടുന്ന ഒരാഹാരത്തിനുമെന്നത് പരമാര്‍ഥം! വെളിച്ചെണ്ണ ചൂടാക്കി കടുകിട്ട് പൊട്ടിച്ച് കറിവേപ്പിലയിട്ട് ഉള്ളി വാട്ടി ഉലുവയിട്ടുണ്ടാക്കുന്ന മീന്‍കറിയും വീടുംകടന്ന് പടിയുംകടന്ന് തൊടിയുംകടന്ന് പരക്കുന്ന ഇറച്ചിക്കറിയുടെ മണവും മത്തി മുളകിട്ടതും അമ്മിയിലരച്ച ചമ്മന്തിയും ഉമ്മയുടെ മാത്രം മാജിക്കാണ്. “ഗള്‍ഫില്‍ എല്ലാം കിട്ടും. ഉമ്മയെ മാത്രം കിട്ടില്ല’ എന്ന പ്രയോഗം എത്ര അന്വര്‍ഥം!
പലപ്പോഴും ആരോഗ്യപ്രധാനവും യോജ്യമായതും ആയിരിക്കില്ല പ്രവാസിക്ക് കഴിക്കേണ്ടി വരുന്നത്. സമയമില്ലായ്മയില്‍ പെട്ടെന്ന് തട്ടിക്കൂട്ടുന്നവയാവും കൂടുതലും. അല്ലെങ്കില്‍ ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കണം. ഫാസ്റ്റ് ഫുഡും അമിതമായ മധുരവും ഓയിലും കരിച്ചതും പൊരിച്ചതും കൊഴുപ്പ് നിറഞ്ഞതും പോഷകങ്ങള്‍ ലഭിക്കാത്തതുമായ ഭക്ഷണങ്ങള്‍ കഴിച്ച് അവന്‍ രോഗത്തിലേക്ക് വലിച്ചെറിയപ്പെടുന്നു. ഇത്തിരിയെങ്കിലും ആശ്വാസിക്കാവുന്നത് കുടുംബത്തോടൊപ്പം കഴിയുന്നവര്‍ക്കാണ്.
നാടുവിട്ട് മണലോളം ആഴ്ന്നിറങ്ങിയവരുടെ ദൈന്യതയാര്‍ന്ന മുഖങ്ങളിലെ കരുവാളിപ്പുണ്ട് ഗള്‍ഫുരാജ്യങ്ങളിലെ അടുക്കളകള്‍ക്ക്. അവ പങ്കുവയ്പ്പിന്റെ പോരിശയുള്ള ഇടങ്ങളാണ്. ഉടഞ്ഞുപോയ ജീവിതം നുള്ളിപ്പെറുക്കി തിരിച്ചെടുക്കാനുള്ള ശ്രമത്തില്‍ പ്രവാസിയുടെ കണ്ണില്‍ വിശപ്പും ദാഹവും മാറിമാറി വരും. ആര്‍ക്കൊക്കെയോ അന്നംനല്‍കാന്‍വേണ്ടിയുള്ള ഓട്ടപ്പാച്ചിലില്‍ അവനിവിടെ അന്നമില്ലാതെ, രുചിയറിയാതെ, വേവലാതികള്‍ വേവുന്ന തീച്ചൂളയില്‍ അകംപൊള്ളി മരുഭൂമിയിലെ അഗ്‌നിജലം കുടിച്ച് പട്ടിണി കിടക്കേണ്ടി വരുന്നു. അവന്റെ വിശപ്പിന് ആഴമുണ്ട്. അതിനു സത്യവും കടുപ്പവും ഉണ്ട്. അതുകൊണ്ടാണ് ഒറ്റപ്പെടുമ്പോള്‍ അവന്‍ സ്വയമുരുകി ഇല്ലാതാവുന്നത് ■

Share this article

About ഒ എം റെഫീമുഹമ്മദ്

omrefy2018@gmail.com

View all posts by ഒ എം റെഫീമുഹമ്മദ് →

Leave a Reply

Your email address will not be published. Required fields are marked *