എംബസികള്‍കൊണ്ട് എന്തു പ്രയോജനം

Reading Time: 6 minutes

കൊറോണ ഭീതി വിതച്ചപ്പോള്‍ പ്രവാസികള്‍ ഉറ്റുനോക്കിയത്
അതതു രാജ്യത്തെ തങ്ങളുടെ എംബസികളിലേക്കാണ്.
പക്ഷേ ആ കവാടങ്ങള്‍ പ്രതീക്ഷ നല്‍കിയില്ല.
അപ്പോള്‍ ഉയര്‍ന്ന ചോദ്യമാണ് എന്താണീ എംബസികള്‍

സ്വാദിഖ് മന്‍സൂര്‍ ഓടക്കല്‍
sadiquemansoorok@gmail.com

വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓരോ നയതന്ത്ര കാര്യാലയങ്ങളുടെയും അടിസ്ഥാന ധര്‍മം തങ്ങളുടെ പൗരന്‍മാരുടെ പ്രതിനിധികളായി നിലകൊള്ളുകയാണ്. തൊഴില്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ആ രാജ്യത്തു വന്നു വസിക്കുന്ന പൗരന്‍മാര്‍ക്ക് ധൈര്യസമേതം കയറിച്ചെല്ലാവുന്നതും ആവശ്യങ്ങളും ആവലാതികളും ബോധിപ്പിക്കുകകയും ചെയ്യേണ്ട തങ്ങളുടെ രാജ്യത്തിന്റെ പ്രതിനിധി കാര്യാലയം. പൗരന്‍മാരുടെ ക്ഷേമം മുന്‍നിര്‍ത്തി വിവിധ സേവനങ്ങളും പദ്ധതികളും നടപ്പിലാക്കുന്നു എംബസികളും കോണ്‍സുലേറ്റുകളും. പ്രത്യേക സഹായ ഫണ്ടിനു പുറമേ കാരുണ്യ പ്രവര്‍ത്തനങ്ങള്‍, നിയമസഹായം, കലാസാംസ്‌കാരികം, കായികം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കു വേണ്ടിയും നയതന്ത്ര കാര്യാലയങ്ങള്‍ക്കു കീഴില്‍ വിവിധ ഉപസമിതികളും സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നു. പാസ്‌പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍ തുടങ്ങിയ കോണ്‍സുലാര്‍ സേവനങ്ങളും നയതന്ത്ര കാര്യാലങ്ങളാണ് നല്‍കുക. പൗരന്‍മാര്‍ക്ക് ജീവഹാനി സംഭവിച്ചാല്‍ മൃതദേഹം സ്വദേശത്തേക്ക് അയക്കുക / ഇവിടെ തന്നെ മറവു ചെയ്യുക പോലുള്ളവയുടെ നേതൃത്വവും കാര്യാലയങ്ങളാണ് നിര്‍വഹിക്കേണ്ടത്.
രേഖകളില്ലാതെയും നിയമക്കുരുക്കില്‍പെട്ടും അപകടങ്ങളില്‍ കുടുങ്ങിയും കഷ്ടപ്പെടുന്നവര്‍ക്കും കുറ്റകൃത്യങ്ങളിലകപ്പെട്ട് തടവില്‍ കഴിയുന്നവര്‍ക്കുള്‍പ്പെടെ സഹായവും സാന്ത്വനവും ആകേണ്ട കേന്ദ്രങ്ങളാണിവ. പൗരന്‍മാര്‍ വലിയ പ്രതിസന്ധികള്‍ അഭിമുഖീകരിക്കുകയും കൂട്ടക്കുഴപ്പത്തിലാവുകയും ചെയ്യുന്ന ഘട്ടങ്ങളിലെല്ലാം നയന്ത്ര കാര്യാലയങ്ങളുടെയും മേധാവികളുടെയും ഉത്തരവാദിത്വം വര്‍ധിക്കുന്നു. മാനുഷിക, രാഷ്ട്രീയബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ സമൂഹത്തെ കൂടെനിര്‍ത്തി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതാണ്. അംബാസിഡര്‍മാരും കോണ്‍സുല്‍ ജനറല്‍മാരുമായി പ്രവര്‍ത്തിക്കുന്നവരുടെ മികവും മിടുക്കുമാണ് പലപ്പോഴും പൗരന്‍മാര്‍ക്ക് ആശ്വാസമാകുന്നത്. റിസ്‌ക് എടുക്കാന്‍ തയാറല്ലാത്ത സേഫ് സോണ്‍ ഉദ്യോഗസ്ഥര്‍ പൗരന്‍മാര്‍ക്ക് സമ്മാനിക്കുക ദുരനുഭവങ്ങളായിരിക്കും. ആത്യന്തികമായി മാതൃരാജ്യത്തിന്റെ വിദേശകാര്യമന്ത്രാലയങ്ങളുടെ നിലപാടുകള്‍ക്കനുസരിച്ചാണ് നയതന്ത്ര കാര്യാലയങ്ങള്‍ പ്രവര്‍ത്തിക്കുക എന്നതിനാല്‍ കേന്ദ്രത്തിലെ രാഷ്ട്രീയ സിഗ്‌നലുകളാണ് എംബസി/കോണ്‍സുലേറ്റുകളുടെ പ്രവര്‍ത്തന സ്വഭാവവും നിലപാടുകളും നിശ്ചയിക്കുക.

നയതന്ത്രം
‘ഡിപ്ലോമസി’ അഥവാ നയതന്ത്രമെന്നത് ആഴവും പരപ്പുമുള്ള സംജ്ഞയെ കുറിക്കുന്നതാണ്. സൂക്ഷ്മനിരീക്ഷണവും ശ്രദ്ധാപൂര്‍വമായ ഇടപെടലുകളും ചുവടുകളുമാണ് ഇവിടെ പ്രധാനം. അതിലൂടെയാണ് വിദേശരാജ്യങ്ങളുമായുള്ള ഇഴയടുപ്പത്തിന് പ്രായോഗികത ലഭിക്കുന്നത്. വാക്കുകള്‍ ആറ്റിക്കുറുക്കി പ്രയോഗിക്കുന്നിടത്താണ് ഡിപ്ലോമാറ്റുകളുടെ വിജയമെന്ന് പറയാറുണ്ട്. പലപ്പോഴും മൗനത്തിനാകും മികച്ച രാഷ്ട്രീയ അര്‍ഥം ലഭിക്കുക. ചുവടൊന്നു പിഴച്ചാല്‍ ചിലപ്പോള്‍ രണ്ടു ജനതകള്‍ തമ്മിലെ നിതാന്ത കാലുഷ്യങ്ങളിലേക്ക് വഴുതിവീഴാനുള്ള സാധ്യത ഏറെയുളള മേഖലയാണ്. ഇന്ത്യന്‍ വിദേശകാര്യ സര്‍വീസ് പകര്‍ന്നു നല്‍കുന്ന പ്രധാന പാഠങ്ങളിലൊന്നാണിത്. രാജ്യത്തിന്റെ പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തുന്ന കലയും പ്രയോഗവുമാണ് നയതന്ത്രം. രാജ്യങ്ങളുടെ വിദേശനയങ്ങളും അന്താരാഷ്ട്രബന്ധങ്ങളും നിര്‍ണയിക്കുന്നതും രൂപപ്പെടുത്തുന്നതും ഇത്തരം നയതന്ത്രചര്‍ച്ചകളിലൂടെയും ഇടപെടലുകളിലൂടെയുമാണ്. പുരാതന കാലഘട്ടം മുതല്‍തന്നെ നയതന്ത്രബന്ധങ്ങളുടെ ചരിത്രമുണ്ട്. രാജഭരണത്തിലും ജനാധിപത്യത്തിലുമെല്ലാം അതു പ്രയോഗിക്കപ്പെട്ടു. രാജ്യത്തലവന്‍മാരുടെയും പ്രൊഫഷനല്‍ നയതന്ത്രജ്ഞരുടെയും മധ്യസ്ഥതയിലൂടെ അന്തര്‍ദേശീയ ബന്ധങ്ങളുടെ പെരുമാറ്റത്തെ നിര്‍ണയിക്കുന്ന ഇടപെടലുകളെയെല്ലാം നയതന്ത്രബന്ധമായി വിശേഷിപ്പിക്കാം. വിദേശനയത്തിന്റെ പ്രധാന ഉപകരണമാണ് നയതന്ത്രം. അന്താരാഷ്ട്ര ഉടമ്പടികള്‍, കരാറുകള്‍ തുടങ്ങി ബഹുമുഖ ഇടപെടലുകളിലൂടെ രാജ്യങ്ങള്‍ തമ്മില്‍ നയതന്ത്രബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ നയതന്ത്രം കൂടുതല്‍ പ്രൊഫഷനലൈസ് ചെയ്യപ്പെടുകയും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പിന്തുണയോടെ വിവിധ രാജ്യങ്ങള്‍ മറ്റുരാജ്യങ്ങളില്‍ നയതന്ത്രകാര്യാലയങ്ങള്‍ തുറക്കുകയും ചെയ്തു. നയതന്ത്രദൗത്യ നിര്‍വഹണങ്ങള്‍ക്കായി നിരവധി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ പ്രധാനമാണ് എംബസി, ഹൈ കമ്മീഷന്‍, കോണ്‍സുലേറ്റ് തുടങ്ങിയവ. രാജ്യത്തിന്റെ വിദേശകാര്യമന്ത്രാലയങ്ങളാണ് ഇവ കൈകാര്യം ചെയ്യുന്നത്.

എംബസി / കോണ്‍സുലേറ്റ്
ഒരു രാജ്യത്തിന്റെ ഡിപ്ലോമാറ്റിക് കാര്യാലയമായി മറ്റൊരു രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളാണ് എംബസികള്‍. തലസ്ഥാനനഗരങ്ങളിലാണ് എംബസികള്‍ പ്രവര്‍ത്തിക്കുന്നത്. എംബസികളുടെ പ്രതിനിധി ഓഫീസ് എന്ന നിലയില്‍ അതേ രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നതാണ് കോണ്‍സുലേറ്റുകള്‍. ഒരു രാജ്യത്ത് മറ്റൊരു രാജ്യത്തിന്റെ ഒരു എംബസി മാത്രമേ പ്രവര്‍ത്തിക്കൂ. കോണ്‍സുലേറ്റുകള്‍ വ്യത്യസ്ത നഗരങ്ങളിലായി ഒന്നിലധികം പ്രവര്‍ത്തിക്കും. ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടര്‍ അനുസരിച്ച് വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന എംബസികളും കോണ്‍സുലേറ്റുകളുമൊക്കെ ഒരേ സേവനം തന്നെയാണ് നിര്‍വഹിക്കുന്നത്. നയതന്ത്രകാര്യങ്ങള്‍, അന്താരാഷ്ട്രബന്ധങ്ങള്‍, വിദേശകാര്യ നയങ്ങള്‍ എന്നിവയുടെ ഏകോപനത്തിനും നിര്‍വഹണത്തിനും നേതൃത്വം നല്‍കുന്നതിനു പുറമേ അതത് രാജ്യങ്ങളില്‍ തൊഴില്‍, കച്ചവടം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വന്നെത്തിയ സ്വരാജ്യത്തെ പൗരന്‍മാര്‍ക്കാവശ്യമായ ക്ഷേമ, നിയമ, തര്‍ക്ക പരിഹാര കാര്യങ്ങളില്‍ ഇടപെടുകയും പൗരന്‍മാരെ സഹായിക്കുകയും ചെയ്യുക നയതന്ത്രകാര്യാലയങ്ങളുടെ ഉത്തരവാദിത്തമാണ്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഇന്ത്യക്ക് എംബസികളും കോണ്‍ലുസേറ്റുകളുമുണ്ട്.
കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ അഥവാ ബ്രിട്ടന്റെ കോളനികളായിരുന്ന രാജ്യങ്ങളുടെ എംബസി തലവന്‍മാരെ അംബാസിഡറെന്നും കോമണ്‍വെല്‍ത്തല്ലാത്ത രാജ്യങ്ങളുടെ എംബസി തലവന്‍മാരെ ഹൈകമ്മീഷനര്‍ എന്നുമാണ് വിളിക്കുന്നത്. എംബസി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആതിഥേയ രാജ്യമെന്നും ഏത് രാജ്യത്തിന്റെ എംബസിയാണോ പ്രവര്‍ത്തിക്കുന്നത് ആ രാജ്യത്തെ അതിഥി രാജ്യമെന്നുമാണ് വിളിക്കപ്പെടുന്നത്. മൂന്ന് കൊല്ലമാണ് സാധാരണ ഒരു രാജ്യത്ത് നയതന്ത്ര ഉദ്യോഗസ്ഥന്റെ കാലാവധി.

പാസ്‌പോര്‍ട്ട് / വിസ
പാസ്‌പോര്‍ട്ടുകള്‍ പുതുക്കല്‍, പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കല്‍, ഡ്യൂപ്ലിക്കേറ്റ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കല്‍ തുടങ്ങി പാസ്‌പോര്‍ട്ട് സംബന്ധമായ സേവനങ്ങളെല്ലാം എംബസിയുടെ മേല്‍നോട്ടത്തിലാണ് നിര്‍വഹിക്കുന്നത്. വിവിധ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കനുസൃതമായി പാസ്‌പോര്‍ട്ട് സേവനങ്ങളില്‍ വിത്യാസമുണ്ട്. ചില രാജ്യങ്ങളില്‍ എംബസി മുഖേനെയും ചിലയിടങ്ങളില്‍ ബി.എല്‍.എസ്, വി.എഫ്.എസ് തുടങ്ങിയ ഔട്ട് സോഴ്‌സ് മുഖേനെയാണ് സേവനം ലഭ്യമാക്കുന്നത്. https://embssay.passportindia.gov.in/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കുകയും തുടര്‍ നടപടികള്‍ക്കായി ഈ കേന്ദ്രങ്ങളിലെത്തുകയുമാണ് വേണ്ടത്. ഇന്ത്യ സന്ദര്‍ശിക്കാനായി വിദേശികള്‍ക്കുള്ള വിസ സേവനങ്ങളും എംബസി മുഖേനെയാണ് ലഭ്യമാക്കുന്നത്. മിക്ക രാജ്യങ്ങളിലെയും വിസ, പാസ്‌പോര്‍ട്ട്, അറ്റസ്‌റ്റേഷന്‍ സേവനങ്ങള്‍ എംബസി കാര്യാലയങ്ങളില്‍ നേരിട്ടെത്തി ചെയ്യുന്നതിനു പകരം സ്വകാര്യ സേവനദാതാക്കള്‍ക്ക് ഔട്ട്‌സോഴ്‌സ് ചെയ്തിരിക്കുകയാണ്. ഈ ഏജന്‍സികള്‍ വഴിയാണ് സേവനങ്ങള്‍ തേടേണ്ടത്.

അറ്റസ്റ്റേഷന്‍
വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, ജനന സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ശമ്പള/പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, കോടതി രേഖകള്‍, വിവിധ കരാറുകള്‍ തുടങ്ങിയ വിവിധ രേഖകള്‍ ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും മുഖേനെ സാക്ഷ്യപ്പെടുത്താവുന്നതാണ്. ചില രാജ്യങ്ങളില്‍ ഇത് ഐവിഎസ് ഗ്ലോബല്‍ എന്ന ഏജന്‍സി മുഖേനെയാണ് നടപ്പിലാക്കുന്നത്. എല്ലാ സാക്ഷ്യപ്പെടുത്തല്‍ സേവനങ്ങള്‍ക്കും കാലാവധിയുള്ള ഒറിജിനല്‍ പാസ്‌പോര്‍ട്ട് വേണം. കോണ്‍സുലര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ അപേക്ഷകന്‍ ഒപ്പിടുകയും വേണം.

മരണം
ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ മരണപ്പെട്ടാലുള്ള നടപടിക്രമങ്ങളില്‍ എംബസികള്‍ക്ക് കാര്യമായ പങ്കുണ്ട്. മരണം സ്ഥിരീകരിച്ചാല്‍ അതത് രാജ്യങ്ങളിലെ പോലീസുമായാണ് ആദ്യം ബന്ധപ്പെടുക. പോലീസ് നിര്‍ദേശങ്ങള്‍ക്കും മെഡിക്കല്‍ പരിശോധനകള്‍ക്കും ശേഷം മരണസര്‍ട്ടിഫിക്കറ്റ് ലഭ്യമായ ശേഷമാണ് എംബസിയുമായോ കോണ്‍സുലേറ്റുമായോ ബന്ധപ്പെടേണ്ടത്. വിസയും സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അതത് കാര്യാലയങ്ങള്‍ മുഖേനെ പൂര്‍ത്തിയാക്കണം. എംബസിയില്‍നിന്ന് മരണപ്പെട്ടയാളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയും നാട്ടിലേക്ക് കൊണ്ടുപോകാനാണെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയും വേണം. നടപടിക്രമങ്ങളില്‍ അതതു രാജ്യത്തിന്റെ നിയമത്തിനനുസരിച്ച് വ്യത്യാസങ്ങളുണ്ടാകും.

വെല്‍ഫെയര്‍ ഫണ്ട്
പ്രവാസികളുടടെ സഹായത്തിനായി ഇന്ത്യന്‍ എംബസികളില്‍ ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് (ഐസിഡബ്ല്യുഎഫ്) രൂപവത്കരിച്ചിട്ടുണ്ട്. കേന്ദ്ര പ്രവാസി കാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണിത്. പ്രവാസി ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് ദുരിതത്തിലായവര്‍ക്ക് അടിയന്തര ചെലവുകള്‍ വഹിക്കുന്നതിനാണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്. അടിയന്തിര വൈദ്യസഹായം, കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ അടിയന്തരമായി നാട്ടിലെത്തിക്കല്‍, അവശ്യഘട്ടത്തില്‍ അവിദഗ്ധ/ഗാര്‍ഹിക തൊഴില്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് താമസ സൗകര്യമൊരുക്കല്‍, വിമാന ടിക്കറ്റ് തുടങ്ങി പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌ന പരിഹാരങ്ങള്‍ക്കും ക്ഷേമത്തിനുമായി ചെലവഴിക്കാനാണ് ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട്. എന്നാല്‍ കൊറോണ മഹാമാരിക്കിടയില്‍ ദുരുതത്തിലായവര്‍ക്ക് ഈ ഫണ്ട് ഉപയോഗിച്ച് സഹായം നല്‍കണമെന്ന മുറവിളികള്‍ക്ക് പരിഹാരമായിട്ടില്ല. സാങ്കേതികതയില്‍ കുടുങ്ങി കോടികള്‍ ആവശ്യത്തിന് ഉപയോഗിക്കാതെ കെട്ടിക്കിടക്കുകയാണെന്നാണ് പരാതി. ഈ വിഷയം കോടതി കയറുകയും ചെയ്തു.
കോവിഡ് കാലവു ം ഇന്ത്യന്‍ എംബസികളും
കോവിഡിനെ തുടര്‍ന്ന് രാജ്യം ലോക്ക് ഡൗണാകുകയും അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും ചെയ്തപ്പോള്‍ മറുനാടുകളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളായ ഇന്ത്യക്കാരുടെ ദയനീയാവസ്ഥ ഏറെ ചര്‍ചകള്‍ക്ക് വഴിവെച്ചിരുന്നു. പിന്നീട് വന്ദേഭാരത് മിഷനിലൂടെ പ്രവാസികളെ കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. പക്ഷേ യാത്രാചെലവ് മുഴുവന്‍ പ്രവാസികള്‍ മുടക്കി വരുന്നത് ഏറെ വിവാദങ്ങളാണുണ്ടാക്കിയത്. എംബസി മുഖേനെ രജിസ്റ്റര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവരെയാണ് ഇതു വഴി നാട്ടിലെത്തിക്കുന്നത്. എന്നാല്‍ എംബസി തയാറാക്കിയ മുന്‍ഗണന പട്ടികയിലും ഏറെ അപര്യാപ്തതകള്‍ ഉണ്ടായിരുന്നു. ജോലി നഷ്ടപ്പെട്ടവര്‍, വിസിറ്റി വിസയിലെത്തി കുടുങ്ങിയവര്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, ചികിത്സക്കായി നാട്ടിലെത്തേണ്ടവര്‍ തുടങ്ങിയ അത്യാവശ്യക്കാര്‍ക്ക് പകരം അര്‍ഹരല്ലാത്ത പലരും നാട്ടിലെത്തിയത് എംബസിയുടെ പോരായ്മയായി വിലയിരുത്തപ്പെടുന്നുണ്ട്.
കൊറോണ മഹാമാരിയുടെ കെടുതിയില്‍ മറുനാട്ടില്‍ അകപ്പെട്ടവരുടെ ഹൃദയത്തിലിപ്പോള്‍ ജന്‍മനാട്ടിലെത്തുകയെന്ന മോഹമാണ് ഏറെയുള്ളത്. ജോലി നഷ്ടപ്പെട്ടവരും വിസിറ്റില്‍ ജോലി തേടിയെത്തി ജോലി ലഭിക്കാത്തവരും ഗര്‍ഭിണികളും തുടങ്ങി അനേകം പേര്‍ എങ്ങനെയെങ്കിലും നാടണയണമെന്ന ആശയോടെ നാട്ടിലെത്താന്‍ രജിസ്റ്റര്‍ ചെയതവര്‍ ലക്ഷക്കണക്കിനാണ്. ഇനിയും പലര്‍ക്കും എംബസിയില്‍ നിന്ന് ഒരു വിളി പോലും വന്നിട്ടില്ല. അതു കൊണ്ടു തന്നെ ഹൃദയഭേദകമായ കാഴ്ചകള്‍ക്കാണ് പ്രവാസലോകം സാക്ഷിയാകുന്നത്. നയതന്ത്ര കാര്യാലയം തയാറാക്കിയ മുന്‍ഗണനാ പട്ടികയില്‍ പേരില്ലെങ്കിലും അവസാന നിമിഷം വിമാനത്തില്‍ കയറിക്കൂടാന്‍ പറ്റുമോ എന്ന് നോക്കി നിരവധി പേരാണ് ഇവിടെ എത്തുന്നത്. ഇന്ത്യാ ഗവണ്‍മെന്റും എംബസികളും ഇടപെട്ട് ഈ ദുരിതത്തിന് അറുതി വരുത്താന്‍ മുന്നിട്ടിറങ്ങണമെന്ന ആവശ്യമാണിപ്പോള്‍ പ്രവാസലോകത്ത് നിന്നുയരുന്നത്.

ഗള്‍ഫ് രാഷ്ട്രങ്ങളില്‍
ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇന്ത്യക്കാരുടെ തൊഴില്‍ കുടിയേറ്റത്തിനും മുമ്പ് തുടങ്ങിയതാണ് ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം. കച്ചവടത്തിനായി കേരളത്തിന്റെ തീരങ്ങളില്‍ വന്നണഞ്ഞ അറബികള്‍ കച്ചവടത്തോടൊപ്പം സ്‌നേഹവും ഈടുറ്റ സാംസ്‌കാരിക പാരമ്പര്യവുമൊക്കെ കൈമാറുകയും സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. കാലങ്ങളായി പരസ്പര വ്യാപാരബന്ധമുള്ള ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും പിന്നീട് തൊഴില്‍പരമായ കുടിയേറ്റത്തിലും ഈ ബന്ധം കാത്തുസൂക്ഷിച്ചു. തൊഴില്‍, വ്യാപാരം തുടങ്ങിയ കാര്യങ്ങള്‍ക്കായി നിലവില്‍ 85 ലക്ഷത്തിലധികം ഇന്ത്യന്‍ പൗരന്‍മാര്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിക്കുന്നുണ്ട്. ഇന്ത്യയുടെ സാമ്പത്തികാഭിവൃദ്ധിയുടെ ചാലകശക്തിയായി വര്‍ത്തിക്കുന്ന ഈ പ്രവാസി ഇന്ത്യക്കാരുടെ പ്രാതിനിധ്യകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളാണ് ഇന്ത്യന്‍ എംബസികള്‍. കാലങ്ങളായി ഇന്ത്യയുമായി ഈടുറ്റ ബന്ധം കാത്തുസൂക്ഷിക്കുന്ന ഗള്‍ഫ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളെ സുഖകരമാക്കുന്നതിനു പുറമെ, ഇന്ത്യന്‍ പ്രവാസികളുടെ പ്രശ്‌നപരിഹാരങ്ങള്‍ക്കും അവര്‍ക്കാവിശ്യമായ സേവനങ്ങള്‍ക്കുമായി എംബസികള്‍ പ്രവര്‍ത്തിക്കുന്നു.

യു എ ഇ
യുഎഇയില്‍ 25 ലക്ഷത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. യുഎഇയുടെ മൊത്തം ജനസംഖ്യയുടെ മുപ്പത് ശതമാനത്തോളം ഇന്ത്യക്കാരാണ്. അതില്‍ തന്നെ പകുതിയിലധികവും മലയാളികള്‍. ഇന്ത്യക്കാരില്‍ 15 മുതല്‍ 20 ശതമാനം വരെ പ്രഫഷനല്‍ യോഗ്യതയുള്ളവരും ബിസിനസുകാരും 20 ശതമാനത്തോളം ഇടത്തരക്കാരായ വൈറ്റ് കോളര്‍ തൊഴിലാളികളുമാണ്.
എന്നാല്‍ ഭൂരിഭാഗം വരുന്ന 60 ശതമാനത്തോളം പേര്‍ സാധാരണക്കാരായ പ്രവാസിതൊഴിലാളികളാണ്. ഇവരുടെ ക്ഷേമങ്ങള്‍ക്കാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് എംബസിയും മറ്റു ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളും മുന്‍ഗണന നല്‍കുന്നത്. പൂര്‍ണമായും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മിനിമംവേതനം നിശ്ചയിക്കല്‍, റിക്രൂട്ട്‌മെന്റ് തട്ടിപ്പുകള്‍ ഇല്ലാതാക്കല്‍, വീട്ടുജോലിക്കെത്തുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ സുപ്രധാനമായ ഇടപെടലുകള്‍ നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രവാസികള്‍ക്ക് പ്രത്യേകിച്ച് തൊഴിലാളികള്‍ക്ക് നിയമ, സാമ്പത്തിക, മെഡിക്കല്‍ കൗണ്‍സിലിംഗ് നടത്താനായി രൂപം നല്‍കിയ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് റിസോഴ്‌സ് സെന്റര്‍ (ഐഡബ്ല്യുആര്‍സി), പ്രവാസി തൊഴിലാളികളുടെ പ്രശ്‌നപരിഹാരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് (ഐസിഡബ്ല്യുഎഫ്), ദുബൈ കോണ്‍സിലേറ്റിന്റെ സഹായത്തോടെ പ്രവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫയര്‍ കമ്മിറ്റി (ഐസിഡബ്ല്യുസി) തുടങ്ങിയവയെല്ലാം പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമകാര്യങ്ങള്‍ നടപ്പിലാക്കാനായി എംബസികള്‍ക്കു കീഴില്‍ നടപ്പിലാക്കുന്ന പദ്ധതികളാണ്.
യുഎഇയുടെ തലസ്ഥാന നഗരിയായ അബൂദാബിയിലാണ് ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുന്നത്. പവന്‍ കപൂറാണ് നിലവില്‍ യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍. എംബസിക്കു പുറമെ ദുബൈയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റും പ്രവര്‍ത്തിക്കുന്നു.

ഖത്വര്‍
ആറു ലക്ഷത്തിലധികം പ്രവാസി ഇന്ത്യക്കാര്‍ തൊഴിലെടുക്കുകയും ജീവിക്കുകയും ചെയ്യുന്ന ഗള്‍ഫ് രാജ്യമാണ് ഖത്വര്‍. വാണിജ്യ, വ്യാപാര രംഗങ്ങളിലും നയതന്ത്രതലത്തിലും ഇന്ത്യയും ഖത്വറും തമ്മില്‍ മികച്ച ബന്ധമാണുള്ളത്. നിര്‍ണായകമായ കരാറുകളും നയതന്ത്ര ഇടപെടലുകളും ഇരു രാജ്യങ്ങളും തമ്മിലുണ്ടായിട്ടുണ്ട്. ദോഹയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ എംബസി 1971ലാണ് സ്ഥാപിതമായത്. ഖത്വറുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിനും ഖത്വറിലെ പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനുമായി വിവിധ പദ്ധതികള്‍ എംബസിവഴി നടപ്പിലാക്കുന്നുണ്ട്.
ദോഹ എംബസിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ്) എംബസിയുടെ കീഴിലുള്ള പ്രധാനമായ സംവിധാനമാണ്. ഇന്ത്യന്‍ പ്രവാസികളുടെ പരാതികള്‍ പരിഹരിക്കാനായി പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്, കുറഞ്ഞ വരുമാനമുള്ള തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാംപുകള്‍, ദോഹക്ക് പുറത്തുള്ള നഗരങ്ങളില്‍ സംഘടിപ്പിക്കുന്ന കോണ്‍സുലാര്‍ ക്യാംപുകള്‍ തുടങ്ങിയവയൊക്കെ ഐസിബിഎഫിനു കീഴിലെ പ്രവര്‍ത്തനങ്ങളാണ്. എല്ലാ മാസവും അവസാന വ്യാഴാഴ്ച പ്രതിമാസ ഓപണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. ഇതിലൂടെ പരാതികളുള്ള ഏതൊരു ഇന്ത്യന്‍ പൗരനും അംബാസഡറെയും ഉദ്യോഗസ്ഥരെയും നേരിട്ടു കാണാനാകും.
കായിക പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ (ഐഎസ്‌സി) ഇന്ത്യന്‍ സമൂഹത്തിന്റെ പൊതുസംഘടനയായി പ്രവര്‍ത്തിക്കുന്നു. വിവിധ ദേശീയ അന്തര്‍ദേശീയ കായിക മത്സരങ്ങള്‍ക്ക് സ്ഥിരമായി ആതിഥേയത്വം വഹിക്കുന്നതിന് ഖത്വറിനെ പിന്തുണക്കാനും ഐഎസ്‌സി ലക്ഷ്യമിടുന്നു. സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ പുരോഗതിക്കായി ഇന്ത്യന്‍ എംബസിയുടെ രക്ഷാകര്‍തൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ (ഐഎസ്‌സി) പ്രവാസി സമൂഹത്തിന്റെ സ്ഥാപനമാണ്. ഇന്ത്യക്കാരുടെ താത്പര്യങ്ങള്‍ പരിഗണിക്കുകയും പരിഹരിക്കുകയയും ചെയ്യുന്നതിനുള്ള വേദികൂടിയാണ് ഐസിസി. സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന കമ്പനികളുടെ തൊഴിലാളികളുടെ ശമ്പള കുടിശിക തീര്‍ക്കുക, ദോഹയില്‍ ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ ഓഫീസ് സ്ഥാപിക്കുക, വിവിധ വിഭാഗങ്ങളിലെ തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്‍കുന്ന ഒരു സംവിധാനം ഏര്‍പ്പെടുത്തുക, ഗാര്‍ഹികമേഖലയിലെ തൊഴിലാളികളെ മറ്റ് തൊഴിലാളികളെപ്പോലെ നിയമപരമായ ചട്ടക്കൂടില്‍ കൊണ്ടുവരിക തുടങ്ങി പ്രവാസി ഇന്ത്യക്കാരുടെ തൊഴില്‍പരമായ പ്രശ്‌നങ്ങള്‍ ക്രിയാത്മകമായി പരിഹരിക്കാനുള്ള ഖത്വര്‍ ഗവണ്‍മെന്റുമായി ചേര്‍ന്ന് വിവിധി പദ്ധതികള്‍ എംബസി വഴി നടപ്പിലാക്കുന്നുണ്ട്. പി കുമാരനാണ് ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍

ഒമാന്‍
ചരിത്രത്തിലാദ്യമായി ഇന്ത്യ ഒരു വിദേശരാജ്യവുമായി കൈകോര്‍ത്ത് സംയുക്ത നിക്ഷേപനിധിക്ക് രൂപം നല്‍കിയത് സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ എന്ന ഗള്‍ഫ് രാജ്യവുമായിട്ടായിരുന്നു. 60 കൊല്ലം പിന്നിടുന്ന ഇന്ത്യ-ഒമാന്‍ നയതന്ത്രബന്ധത്തിന്റെയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള സൗഹൃദത്തിന്റെയും നാഴികകല്ലുകള്‍ വളരെ വലുതാണ്. ഒമാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ആറ് ലക്ഷത്തോളം ഇന്ത്യക്കാര്‍ ഒമാനില്‍ ജീവിക്കുന്നുണ്ട്. ഒമാനിലെ ഏറ്റവും വലിയ പ്രവാസി സമൂഹവും ഇന്ത്യക്കാരാണ്. മികച്ച നയതന്ത്രബന്ധം കാത്തുസൂക്ഷിക്കുന്ന ഒമാനും ഇന്ത്യയും നിരവധി വാണിജ്യ, പ്രതിരോധ, തൊഴില്‍ കരാറുകള്‍ നടപ്പിലാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താന്‍ മസ്‌കത്തിലെ ഇന്ത്യന്‍ എംബസി നിരവധി നടപടികള്‍ സ്വീകരിച്ച് വരുന്നു. ദുരിതമനുഭവിക്കുന്ന തൊഴിലാളികള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈനുണ്ട്. ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ടിലൂടെയും വിവിധ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അവരുടെ പരാതികള്‍ ബോധ്യപ്പെടുത്താനായി എല്ലാ മൂന്നാമത്തെ വെള്ളിയാഴ്ചയും ഓപണ്‍ ഹൗസും ആഴ്ചയില്‍ രണ്ടു തവണ ലീഗല്‍ കൗണ്‍സിലിങ്ങും നടത്തുന്നുണ്ട്. മുനു മഹാവിറാണ് ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍.
കുവൈത്ത്
ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഏറെ കാലങ്ങള്‍ക്കു മുമ്പ് തന്നെ ഇന്ത്യയുമായി കുവൈത്തിന് വ്യാപാര കരാറുകളുണ്ടായിരുന്നു. തൊഴില്‍-കുടിയേറ്റ ബന്ധങ്ങളുടെ പുരോഗതിക്കായി ഇരുരാജ്യങ്ങളും വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. എട്ടു ലക്ഷത്തിലധികം കുവൈത്തിലെ ഇന്ത്യന്‍ ജനതക്കാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കുവൈത്ത് സിറ്റിയില്‍ ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുന്നു. കെ ജീവ സാഗറാണ് കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍. 1961 ജൂണില്‍ കുവൈത്തിന്റെ സ്വാതന്ത്ര്യത്തെത്തുടര്‍ന്ന്, ഇന്ത്യാ സര്‍ക്കാര്‍ കുവൈത്തില്‍ ഒരു ട്രേഡ് കമ്മീഷണറും അതിനുശേഷം ഒരു കോണ്‍സല്‍ ജനറലും സ്ഥാപിച്ചു. പിന്നീട് 1962ലാണ് ഇത് എംബസിയായി ഉയര്‍ത്തിയത്. ഇന്ത്യക്കാരുടെ ക്ഷേമത്തിനും സാമൂഹിക വികസനത്തിനുമായി എംബസിക്കു കീഴില്‍ വിവിധ പദ്ധതികളുണ്ട്. രാജ്യത്തു പ്രവര്‍ത്തിക്കുന്ന വിവിധ ഇന്ത്യന്‍ സംഘടനകളെ എംബസിക്കു കീഴില്‍ ഒരുമിച്ചു ചേര്‍ക്കുന്നതിന് അഫിലിയേഷന്‍ സംവിധാനമുണ്ട്. 72 സംഘടനകളാണ് എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് കുവൈത്തില്‍ പ്രവര്‍ത്തിക്കുന്നത്.

സഊദി അറേബ്യ
നൂറ്റാണ്ടുകളുടെ ആദാനപ്രദാനമുള്ള രാജ്യമാണ് സഊദി അറേബ്യയും ഇന്ത്യയും. 1932ല്‍ ഔദ്യോഗികമായി രൂപം കൊണ്ട ആധുനിക സഊദി അറേബ്യയുമായി ഇടുറ്റ നയതന്ത്രബന്ധം കാത്തുസൂക്ഷിക്കാന്‍ ഇന്ത്യ എപ്പോഴും ഔത്സുക്യം കാണിച്ചിരുന്നു. എഴുപതുകളുടെ രണ്ടാം പാദത്തോടെയാണ് ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിന്ന് സഊദിയിലേക്ക് തൊഴിലാളികള്‍ ഒഴുകാന്‍ തുടങ്ങിയത്.
ഹജ്ജിനായി സഊദി അറേബ്യയിലെത്തിയ ഇന്ത്യന്‍ തീര്‍ഥാടകരുടെ കാര്യങ്ങള്‍ക്കായി ജിദ്ദയിലെ ബ്രിട്ടീഷ് എംബസിയില്‍ ഇന്ത്യയുടെ വൈസ് കോണ്‍സല്‍ ഉണ്ടായിരുന്നു. ഇന്ത്യ സ്വാതന്ത്ര്യമാകുന്നതിനു മുമ്പുള്ള കാലഘട്ടത്തിലാണ് ഇത് സ്ഥാപിതമാകുന്നത്. സഊദി അറേബ്യയിലെ ഇന്ത്യയുടെ നയതന്ത്ര സാന്നിധ്യത്തിന്റെ തുടക്കമായിരുന്നു അത്. പിന്നീട് സ്വതന്ത്ര ഇന്ത്യയുടെ നയതന്ത്ര ദൗത്യം 1948 ല്‍ ജിദ്ദയില്‍ ആരംഭിച്ചു, തുടക്കത്തില്‍ കോണ്‍സുലേറ്റായും പിന്നീട് കോണ്‍സുലേറ്റ് ജനറലായും 1957ല്‍ ഒരു സമ്പൂര്‍ണ എംബസിയായും ഇന്ത്യയുടെ നയതന്ത്രകാര്യാലയം പ്രവര്‍ത്തനമാരംഭിച്ചു. അക്കാലത്ത്, നയതന്ത്ര ദൗത്യങ്ങള്‍ വിദേശകാര്യ ഓഫീസ് സ്ഥിതിചെയ്യുന്ന ജിദ്ദയില്‍ മാത്രമായി ഒതുങ്ങിയിരുന്നു. പിന്നീട് ഇന്ത്യന്‍ എംബസി 1985ല്‍ റിയാദിലേക്ക് മാറി. അതിനുശേഷം മറ്റൊരു കോണ്‍സുലേറ്റ് ജനറല്‍ ജിദ്ദയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഹജ്ജുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും ഏകോപിപ്പിക്കുന്നതും ജിദ്ദ കോണ്‍സുലേറ്റാണ്. ഹജ്ജ് ചുമതലയുള്ള ഒരു കോണ്‍സുല്‍ തന്നെ ഇവിടെയുണ്ട്. ഡോ. ഔസാഫ് സഈദ് സഊദിയിലെ ഇന്ത്യന്‍ അംബാസിഡര്‍. ഭൂവിസ്തൃതിയില്‍ പരന്നു കിടക്കുന്ന സഊദിയുടെ പല ഭാഗങ്ങളിലും കോണ്‍സുലേറ്റ് സൗകര്യമില്ലാത്തത് ഇന്ത്യക്കാരെ പ്രയാസത്തിലാക്കുന്നു. ചില ഭാഗങ്ങളില്‍ എംബസി പ്രതിനിധികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ബഹ്‌റൈന്‍
നാല് ലക്ഷത്തിലധികം വരുന്ന ഇന്ത്യന്‍ പ്രവാസിസമൂഹത്തിന്റെ ക്ഷേമകാര്യങ്ങള്‍ക്കും പ്രശ്‌ന പരിഹാരങ്ങള്‍ക്കുമായി എംബസി മുഖേനെ നിരവധി പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്നുണ്ട്. 1973 ജനുവരിയിലാണ് ബഹ്‌റൈനില്‍ ഇന്ത്യന്‍ എംബസി ആരംഭിച്ചത്. ഇന്ത്യയും ബഹ്‌റൈന്‍ രാജ്യവും തമ്മിലുള്ള സൗഹൃദവും സൗഹൃദപരവുമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക, ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക, വാണിജ്യ, സാമൂഹിക, സാംസ്‌കാരിക ബന്ധങ്ങള്‍ കൂടുതല്‍ വികസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, ഇന്ത്യന്‍ സര്‍ക്കാരും ബഹ്‌റൈന്‍ രാജ്യവും തമ്മിലുള്ള ഒരു പ്രധാന പാലമായി വര്‍ത്തിക്കുക. കോണ്‍സുലര്‍, പാസ്‌പോര്‍ട്ട്, വിസ സേവനങ്ങള്‍ നല്‍കുക, തൊഴില്‍ തര്‍ക്കം പരിഹരിക്കുന്നതിന് സഹായം നല്‍കുക, മാസം തോറും നടത്തുന്ന ഓപ്പണ്‍ ഹൗസുകള്‍ മുഖേനെ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക,തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ എംബസി നടപ്പിലാക്കുന്നു. ബഹ്‌റൈന്‍ ഭരണകൂടവുമായി സഹകരിച്ച് നടപ്പിലാക്കിയ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റിയുടെ (എല്‍എംആര്‍എ) തൊഴില്‍ വിപണി പരിഷ്‌കാരങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. നിലവില്‍ ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസിയില്‍ അംബാസിഡറില്ല.

Share this article

About സ്വാദിഖ് മന്‍സൂര്‍ ഓടക്കല്‍

View all posts by സ്വാദിഖ് മന്‍സൂര്‍ ഓടക്കല്‍ →

Leave a Reply

Your email address will not be published. Required fields are marked *