സത്യത്തിന്റെ സദ്ഫലം

Reading Time: 4 minutes

സാധ്യമായിരിന്നിട്ടും തബൂക്ക് യുദ്ധത്തില്‍
പങ്കാളിയാകാതിരുന്ന കഅ്ബ് (റ) ന്റെ
ഖല്‍ബിലെ തീയും തണുപ്പും

സഅദ് ഇബ്‌റാഹീം അഞ്ചരക്കണ്ടി

കഅ്ബ് (റ), തിരുനബിയുടെ അരുമശിഷ്യന്‍. എങ്കിലും ഒരു കയ്‌പേറിയ അനുഭവം കഅബിനുണ്ട്. തബൂക് യുദ്ധം നടക്കുന്ന കാലം. തിരുനബിയും അനുയായികളും യുദ്ധത്തിന് വേണ്ടി പുറപ്പെട്ടു. അസഹ്യമായ ചൂട്, ചുട്ടുപൊള്ളുന്ന മണല്‍, മരുഭൂമിയിലൂടെയുള്ള യാത്ര, ശത്രുക്കളാണെങ്കില്‍ എണ്ണത്തില്‍ വളരെ കൂടുതല്‍, വേണ്ടത്ര സാധനസാമഗ്രികളില്ലാത്ത ദീര്‍ഘയാത്ര. അതിസങ്കീര്‍ണമായിരുന്നു കാര്യങ്ങള്‍. തിരുനബി(സ്വ) തന്റെ അനുയായികളെ നേരത്തെ തന്നെ എല്ലാം വ്യക്തമായി അറിയിച്ചിരുന്നു. അവിടുത്തെ സാന്നിധ്യം അവരെ ആവേശഭരിതരാക്കി. കഷ്ടപ്പെട്ടിട്ടാണെങ്കിലും ആ ചെറുസംഘം തബൂക്ക് ലക്ഷ്യമാക്കി നീങ്ങി.
ശാരീരികമായും സാമ്പത്തികമായും നല്ല കഴിവുണ്ടായിരുന്ന കഅ്ബ്(റ) പക്ഷേ, യാതൊരു സജ്ജീകരണവും നടത്തിയില്ല. കഅ്ബ്(റ) താല്‍പര്യക്കുറവ് നിമിത്തം തബൂക് യുദ്ധത്തിന് കുറച്ചു കഴിഞ്ഞ് പോകാമെന്ന് വെച്ചു. മദീനയില്‍ മറ്റാരും ബാക്കിയുണ്ടായിരുന്നില്ല. സ്ത്രീകള്‍, കുട്ടികള്‍, യാത്രക്ക് പ്രതിബന്ധമുള്ള രോഗികള്‍, വൃദ്ധര്‍, മുനാഫിഖുകള്‍ മുതലായവര്‍ മാത്രമേ നബിയുടെയും അനുയായികളുടെയും യാത്രാനന്തരം മദീനയില്‍ ഉണ്ടായിരുന്നുള്ളൂ.
യുദ്ധത്തിന് പോകാത്തതില്‍ കഅബിന് അതീവ ദുഃഖം തോന്നി. കുറച്ചു ബലഹീനര്‍ക്കും കപടവിശ്വാസികള്‍ക്കുമൊപ്പം മദീനയില്‍ നില്‍ക്കുന്നത് ആലോചിക്കാന്‍ വയ്യ. പക്ഷേ എന്തു ചെയ്യാന്‍. ഇനി പോയിട്ട് ഒരു കാര്യവുമില്ല. അദ്ദേഹം ആകെ അങ്കലാപ്പിലായി.
സുദീര്‍ഘയാത്രക്കൊടുവില്‍ തിരുനബിയും, കൂട്ടരും തബൂക്കില്‍ എത്തി. അപ്പോഴാണ് കഅബ്(റ) ഇല്ലാത്തത് അവിടുത്തെ ശ്രദ്ധയില്‍ പെട്ടത്. നബി(സ്വ) കഅബിനെപ്പറ്റി അന്വേഷിച്ചു. സുഖസന്തോഷങ്ങള്‍ക്ക് വേണ്ടിയാണ് യുദ്ധം ഉപേക്ഷിച്ചതെന്ന് ആരോ ഒരാള്‍ മറുപടി പറഞ്ഞു. ഇത് കേട്ട മുആദ് ബിന് ജബല്‍ ഇങ്ങനെ പറഞ്ഞു: ‘നീ പറഞ്ഞത് തീരെ ശരിയല്ല. ഒരുത്തമ മനുഷ്യനായിട്ടാണ് അദ്ദേഹത്തെ ഞാന്‍ മനസിലാക്കുന്നത്.’ കഅ്ബിനെ കുറ്റപ്പെടുത്തിയും ന്യായീകരിച്ചും അവര്‍ക്കിടയില്‍ ചര്‍ച്ച നടന്നു. നബി (സ്വ) ഇതെല്ലാം കേട്ടു. പക്ഷേ ഒന്നും മിണ്ടിയതേയില്ല.
ദിവസങ്ങള്‍ കഴിഞ്ഞു. അതിനിടക്ക് യുദ്ധം കഴിഞ്ഞു.
നബി(സ്വ)യും അനുയായികളും മദീനയിലേക്ക് മടങ്ങാനൊരുങ്ങി. ഇതറിഞ്ഞ കഅ്ബ് (റ) ആകെ പരിഭ്രാന്തനായി. തിരുനബിയുടെ കോപത്തില്‍ നിന്ന് രക്ഷനേടാനുള്ള പോംവഴി കണ്ടെത്തണമല്ലോ. എന്താണു ചെയ്യുക? എന്താണ് നബി(സ്വ) യോട് പറയുക? കഅ്ബ്(റ) തല പുകഞ്ഞാലോചിക്കാന്‍ തുടങ്ങി. ഓരോ നിമിഷം കഴിയുംതോറും ദുഖവും ഭയവും ഏറിയേറി വന്നു.
തിരുനബിയും അനുയായികളും മദീനയിലെത്താന്‍ ഇനി അധികം ദൂരമില്ല. ഇതറിഞ്ഞപ്പോള്‍ കഅ്ബിന്റെ നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു. എന്നിരുന്നാലും കളവ് പറയില്ലെന്നും വ്യാജതന്ത്രം ഉപയോഗിക്കുകയില്ലെന്നും എന്ത്‌സംഭവിച്ചാലും സത്യം മാത്രം പറയുമെന്നും കഅബ് (റ) തീരുമാനിച്ചു.
തിരുനബിയും സ്വഹാബത്തും മദീനയില്‍ എത്തി. പതിവ് പോലെ നബി(സ്വ) പള്ളിയില്‍ കയറി. രണ്ട് റകഅത്ത് നിസ്‌കരിച്ചു. ജനങ്ങള്‍ക്ക് അഭിമുഖമായി ഇരുന്നു. അവിടെ യുദ്ധത്തിന് പങ്കെടുക്കാത്ത നിരവധി മുനാഫിഖുകള്‍ ഉണ്ടായിരുന്നു. അവര്‍ യുദ്ധത്തിന് പങ്കെടുക്കാത്തതില്‍ തിരുനബിയോട് ക്ഷമ ചോദിച്ചു. കള്ളസത്യം മുഖേന തങ്ങളുടെ നിരപരാധിത്വം ബോധിപ്പിക്കുകയും ചെയ്തു. തിരുനബി അവരുടെ ബാഹ്യവശം പരിഗണിക്കുകയും മറ്റു രഹസ്യകാര്യങ്ങള്‍ അല്ലാഹുവിങ്കലേല്‍പിക്കുകയും ചെയ്തു. ഒരു നടപടിയും കൈകൊണ്ടതേയില്ല.
കഅ്ബ് (റ) ആ സദസ്സില്‍ ഉണ്ടായിരുന്നു.
അദ്ദേഹം സദസ്സില്‍ നിന്നെണീറ്റുചെന്നു. മടിച്ചു മടിച്ചു സലാം പറഞ്ഞു. ഇതു കേട്ട തിരുനബി കോപിതനായി. പിന്നീട് ദേഷ്യത്തോടെ ചോദിച്ചു, ‘താങ്കള്‍ എന്തുകൊണ്ട് യുദ്ധത്തില്‍ പങ്കെടുത്തില്ല?’
‘അല്ലയോ പ്രവാചകരെ, ഞാന്‍ അതിസമര്‍ഥനും വാക്‌സാമര്‍ഥ്യനും തന്ത്രശാലിയുമാണ്. എന്നാല്‍ അതൊന്നും അവിടുത്തെ സന്നിധിയില്‍ നടക്കുകയില്ലെന്ന് എനിക്കറിയാം. താത്കാലികമായ ഒരു രക്ഷക്ക് വേണ്ടി ഞാന്‍ വ്യാജം പറഞ്ഞാല്‍ യഥാര്‍ഥയവസ്ഥ അല്ലാഹു അവിടുത്തേക്ക് അറിയിച്ച് തരുകയും ഇഹത്തിലും പരത്തിലും ഞാന്‍ പരാജിതനായി തീരുകയും ചെയ്യും. സത്യം തുറന്ന് പറഞ്ഞാല്‍ ക്ഷണനേരത്ത് ചില ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുമെങ്കിലും നല്ല ഒരു ഭാവി ഞാന്‍ പ്രതീക്ഷിക്കുന്നു. യുദ്ധത്തില്‍ പങ്കെടുക്കല്‍ തടസപ്പെടുത്തുന്ന ഒരു കുഴപ്പവും എനിക്കുണ്ടായിരുന്നില്ല. മറിച്ച് പൂര്‍വോപരി സാമ്പത്തികവും ശാരീരികവുമായ എല്ലാ കഴിവുകളുണ്ടായിട്ടും യുദ്ധത്തിന് പങ്കെടുക്കാത്തത് എന്റെ തെറ്റാണെന്ന് ഞാന്‍ സമ്മതിക്കുന്നു.’ കഅബ് ഒരു വിധം പറഞ്ഞൊപ്പിച്ചു. നബി (സ്വ) അല്‍പ നേരം മൗനമവലംബിച്ചു.
‘അല്ലാഹുവിന്റെ വ്യക്തമായ തീരുമാനം അറിഞ്ഞു കഴിഞ്ഞാല്‍ അതനുസരിച്ച് പ്രവര്‍ത്തിക്കും, അത് വരെ മാറിനില്‍ക്കണം.’ ഇതായിരുന്നു തിരുനബിയുടെ കല്‍പന.
മറ്റുള്ളവര്‍ ചെയ്ത പോലെ കുതന്ത്രങ്ങള്‍ പ്രയോഗിച്ച് തിരുനബിയുടെ കോപത്തില്‍ നിന്ന് മുക്തി നേടാത്തതിന്റെ പേരില്‍ കുടുംബങ്ങളില്‍ പലരും കഅ്ബ്(റ)നെ ആക്ഷേപിച്ചു. അവരുടെ പ്രേരണ കേട്ട കഅ്ബ് തിരുനബിയുടെ അടുക്കല്‍ പോയി കളവ് പറഞ്ഞാലോ എന്ന് പോലും ചിന്തിച്ചു പോയി. ഹിലാലുബ്‌നു ഉമയ്യത്തിനും മറാറബ്‌നു റബീഇന്നും ഇതേ അവസ്ഥ ഉണ്ടായി എന്നറിഞ്ഞപ്പോഴാണ് കഅ്ബ് (റ) ന് സമാധാനം തോന്നിയത്. അവരും യുദ്ധത്തില്‍ പങ്കെടുത്തിരുന്നില്ല. ബദ്‌റില്‍ പങ്കെടുത്ത രണ്ട് പ്രസ്തുത മഹാന്മാര്‍ക്ക് ഈ ദുരവസ്ഥ സഹിക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ തന്റെ വിഷയത്തില്‍ ആശ്ചര്യപ്പെടാനില്ലെന്ന് കഅബ് സ്വയം സമാധാനിച്ചു.
ജനങ്ങളാരും ഇവര്‍ മൂന്ന് പേരോടും ഒരു കാരണവശാലും സംസാരിച്ച് പോകരുത് എന്ന് തിരുനബി(സ്വ) ആജ്ഞയിറക്കി. അതോടെ ഒരാളും അവരോട് മിണ്ടിയതേയില്ല. കണ്ടാല്‍ തിരിഞ്ഞു നടക്കും. വാതിലടക്കും. വിദേശത്ത് താമസിക്കുന്നതിന് തുല്യമായിരുന്നു ഈ മൂന്നു പേര്‍ക്കും അവിടെ. ഹിലാലും മുറാറയും (റ) കണ്ണീരൊലിപ്പിച്ച് വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടി. പുറത്തിറങ്ങിയതേയില്ല. എന്നാല്‍ കഅബ്(റ) നാട്ടിലിറങ്ങി നടക്കും അങ്ങാടിയില്‍ പോകും. സമയമായാല്‍ ജമാഅത്തിന് പള്ളിയില്‍ പോവുകയും ചെയ്തിരുന്നു. എന്നിരുന്നാലും ആരും ഒരക്ഷരം പോലും മിണ്ടുന്നുണ്ടായിരുന്നില്ല.
കഅ്ബ്(റ) തിരുനബി (സ്വ)യുടെ അടുക്കല്‍ പോയി നിസ്‌കരിക്കും. നബി(സ്വ)യെ നോക്കും. അപ്പോഴൊക്കെ തിരുനബി മുഖം തിരിക്കുകയും കഅ്ബ്(റ)ന്റെ നോട്ടം തെറ്റിയാല്‍ അങ്ങോട്ടേക്ക് നോക്കുകയും ചെയ്യുമായിരുന്നു. കഅ്ബിന് വല്ലാത്ത വേദന തോന്നി. തിരുനബിയും മുഖം തിരിച്ചാല്‍ എന്തു ചെയ്യും? റബ്ബേ..
ഒരു ദിവസം കഅ്ബ്(റ) തന്റെ സുഹൃത്തും പിതൃവ്യപുത്രനുമായ അബൂഖതാദ(റ)യുടെ അടുക്കല്‍ പോയി സലാം പറഞ്ഞു. അദ്ദേഹം സലാം മടക്കിയില്ല.’ ഞാന്‍ അല്ലാഹുവിനെയും റസൂലിനേയും സ്‌നേഹിക്കുന്ന ആളാ എന്ന് നിനക്കറിയില്ലേ’ എന്ന് കഅ്ബ്(റ) അല്ലാഹുവിനെ സത്യം ചെയ്ത് ചോദിച്ചു. ചോദ്യം രണ്ട് പ്രാവശ്യം ആവര്‍ത്തിച്ചിട്ടും മറുപടി ഉണ്ടായിരുന്നില്ല. മൂന്നാമതായി ചോദിച്ചപ്പോള്‍ ‘ആവോ, അല്ലാഹു അഅ്‌ലം’ എന്നായിരുന്നു ഖതാദയുടെ മറുപടി. ഇതു കേട്ട കഅ്ബ് (റ) ന് ദുഃഖം സഹിക്കാനായില്ല. അദ്ദേഹം നിരാശയോടെ അവിടെ നിന്നും ഇറങ്ങി നടന്നു. ഭൂമി അതിന്റെ വിശാലതയില്‍ എത്രയോ ഇടുങ്ങിയതായി കഅ്ബിനു തോന്നിത്തുടങ്ങിയ ദിനങ്ങളായിരുന്നു അത്.
ഇതിനിടയില്‍ സംഭവം എല്ലാവരും അറിഞ്ഞു. ശത്രുക്കള്‍ അവസരം മുതലെടുക്കാന്‍ തുടങ്ങി.
ധാന്യവില്‍പനക്കു വേണ്ടി സിറിയയില്‍ നിന്നും മദീനയില്‍ ഒരു കര്‍ഷകന്‍ വരികയുണ്ടായി. അയാള്‍ കഅ്ബിനെ കുറിച്ച് അങ്ങാടിയിലുള്ള ചിലരോട് അന്വേഷിച്ചു നടക്കുകയായിരുന്നു.അവര്‍ കഅ്ബ്(റ)ന്റെ നേരെ വിരല്‍ ചൂണ്ടിക്കാണിച്ചു കൊടുത്തു. ഗസ്സാന്‍ വംശജനായ ഒരു ക്രിസ്ത്യാനിയായ രാജാവിന്റെ കത്തുമായാണ് അദ്ദേഹം വന്നത്. അയാള്‍ കത്ത് കഅ്ബിന് കൈമാറി. കഅ്ബ് (റ) കത്ത് വാങ്ങി വായിച്ചു നോക്കി. അതിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു. ‘നിന്റെ നേതാവ് മുഹമ്മദ്(സ്വ) നിന്നോട് വഴകിട്ടടിച്ച് നില്‍ക്കുകയാന്നെന്ന് ഞങ്ങളറിഞ്ഞു. നീ വിഷമിക്കേണ്ടതില്ല, ഇങ്ങ് വരൂ, എല്ലാ സഹായ സൗകര്യങ്ങളും ഞങ്ങള്‍ സജ്ജമാക്കിത്തരാം. കഅ്ബ് ഇതു വായിച്ചു. വല്ലാതെ വേദനിച്ചു.
ഇതൊരു വിപത്തിന്റെ സൂചനയാണെന്നു അദ്ദേഹം മനസിലാക്കി. അദ്ദേഹം അത് ദേഷ്യത്തോടെ കത്തിച്ച് കളഞ്ഞു.
ദിവസങ്ങള്‍ ഇഴഞ്ഞു നീങ്ങി. കഅ്ബിന്റെ നെഞ്ചില്‍ നീറ്റലിനറുതിയില്ലായിരുന്നു. അങ്ങനെയിരിക്കെ
ഒരു ദിവസം ഒരു ദൂതന്‍ വന്ന് തന്റെ ഭാര്യയുമായി നാല്‍പത് ദിവസം മാറി നില്‍ക്കാന്‍ തിരുനബിയുടെ ആജ്ഞയുണ്ടെന്ന് കഅ്ബിനെ അറിയിച്ചു. യുദ്ധത്തില്‍ പങ്കെടുക്കാത്ത മൂന്ന് പേര്‍ക്കും ഈ നിരോധനാജ്ഞവന്നിട്ടുണ്ട്. തന്റെ വിഷയത്തില്‍ അല്ലാഹുവില്‍ നിന്ന് വ്യക്തമായ തീരുമാനം വരുന്നത് വരെ സ്വന്തം വീട്ടില്‍ പോയി താമസിക്കാന്‍ കഅ്ബ്(റ) തന്റെ ഭാര്യയോട് കല്‍പിച്ചു. അവര്‍ അപ്രകാരം തന്നെ പ്രവര്‍ത്തിക്കുകയും ചെയ്തു.
വൃദ്ധനും അബലനുമായ ഹിലാല്‍(റ)വിനെ ശുശ്രൂഷ നടത്തുന്നതിന് അനുമതി നല്‍കാന്‍ തന്റെ ഭാര്യ തിരുനബിയോട് കേണപേക്ഷിച്ചതിന്റെ ഫലമായി ദാമ്പത്യ സുഖ സന്തോഷങ്ങള്‍ അനുവദിക്കാത്ത വിധം ശുശ്രൂഷക്ക് മാത്രം തിരുനബി അനുവാദം കൊടുക്കുകയുണ്ടായി. ഈ വിധത്തിലുള്ള അനുമതി വാങ്ങാന്‍ വേണ്ടി കുടുംബങ്ങളില്‍ പലരും കഅ്ബ് (റ)നെ പ്രേരിപ്പിച്ചു. കഅ്ബ്(റ) അതിന് മുതിര്‍ന്നില്ല. ദിവസങ്ങളോളം ജീവിതം ഈ നിലക്ക് നീങ്ങി.
ഇന്നേക്ക് ദിവസം നാല്‍പത്തൊമ്പത് തികഞ്ഞു.
അന്‍പതാം ദിനത്തിന്റെ സുബ്ഹി നമസ്‌കാരവും കഴിഞ്ഞു. അപ്പോഴാണ് ഒരു പര്‍വതത്തിന്റ മുകളില്‍ നിന്ന് ആരോ വിളിച്ച് പറയുന്നത് കേട്ടത്
‘കഅ്‌ബേ നീ സന്തോഷിക്കുക.’
ഈ സന്തോഷ വാര്‍ത്ത കേട്ട ഉടനെ കഅ്ബ് (റ) സുജൂദില്‍ വീണു. അവര്‍ മൂന്ന് പേരുടേയും തൗബ അല്ലാഹു സ്വീകരിച്ച വിവരം നബി(സ്വ) അനുയായികളെ അറിയിച്ചിരുന്നു. അവരെ ആശിര്‍വദിക്കാനായി ജനങ്ങള്‍ സംഘം സംഘമായി പുറപ്പെട്ടു.
പര്‍വതത്തില്‍ കയറി വിളിച്ച് പറഞ്ഞ വ്യക്തി അടുത്തെത്തി. അദ്ദേഹം കഅ്ബിന്റെ പശ്ചാതാപം സ്വീകരിച്ച വിവരം അറിയിച്ചു. അയാള്‍ അടുത്തെത്തിയതും സന്തോഷം കൊണ്ട് കഅ്ബ് (റ) തന്റെ ശരീരത്തിലുള്ള വിലപിടിപ്പുള്ള രണ്ട് വസ്ത്രങ്ങള്‍ ഊരി അയാള്‍ക്ക് കൊടുത്തു. പകരം മറ്റൊരാളുടെ പക്കല്‍ നിന്നും വസ്ത്രങ്ങള്‍ വായ്പ വാങ്ങി ധരിക്കുകയും ചെയ്തു.
കഅ്ബ് (റ) പെട്ടെന്ന് പള്ളിയിലേക്ക് നടന്നു. നബി(സ്വ)യും കൂട്ടരും അവിടെ ഇരിക്കുകയാണ്. കഅ്ബ്(റ)ന്റെ വരവ് കണ്ട ത്വല്‍ഹത്തു ബ്‌നുഉബൈദില്ലാഹ്(റ) കഅ്ബിന്റെ അടുക്കലെത്തി. ഹസ്തദാനം ചെയ്യുകയും ആശിര്‍വദിക്കുകയും ചെയ്തു.
തിരുനബിയും സന്തോഷത്തോട് കൂടി കഅ്ബിനെ സ്വീകരിച്ചു. തന്റെ പശ്ചാതാപം സ്വീകരിച്ചത്തിന് നന്ദിയായി സ്വത്തുകള്‍ മുഴുവനും അല്ലാഹുവിനും റസൂലിനും വേണ്ടി ദാനം ചെയ്യാന്‍ കഅ്ബ് തീരുമാനിച്ചു. തിരുനബി(സ്വ)യുടെ സന്നിധിയില്‍ വെച്ച് ഇത് അറിയിച്ചപ്പോള്‍ അല്‍പം സൂക്ഷിച്ചു വെച്ച് ബാക്കി ഭാഗം കൊടുക്കുന്നതാണ് നല്ലതെന്ന് തിരുനബി ഉപദേശിച്ചു. അത് കഅബ് (റ) സ്വീകരിക്കുകയും ചെയ്തു. തന്റെ ആയുഷ്‌കാലം മുഴുവനും സത്യമേ പറയുകയുള്ളൂ എന്ന് അവിടം വെച്ച് കഅ്ബ്(റ) ദൃഢനിശ്ചയം എടുത്തു.’ സത്യം പറഞ്ഞത് കൊണ്ട് എന്നെ പോലെയുള്ള നേട്ടം കൈവന്ന മറ്റാരെയും ഞാന്‍ കണ്ടിട്ടില്ല. ഇസ്‌ലാം സ്വീകരിച്ചത് കഴിച്ചാല്‍ നബി(സ്വ)യോടു സത്യം പറയാനുള്ള ഭാഗ്യം കൈവന്നതിനെക്കാള്‍ വമ്പിച്ചൊരനുഗ്രഹം അല്ലാഹു എനിക്ക് ചെയ്തിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.’ എന്നിങ്ങനെ പിന്നീട് കഅ്ബ്(റ) സന്തോഷപൂര്‍വം പറയാറുണ്ടായിരുന്നു.

Share this article

About സഅദ് ഇബ്‌റാഹീം അഞ്ചരക്കണ്ടി

View all posts by സഅദ് ഇബ്‌റാഹീം അഞ്ചരക്കണ്ടി →

One Comment on “സത്യത്തിന്റെ സദ്ഫലം”

  1. അസ്സലാമു അലൈക്കും.

    ഇതിൽ പരാമർശിച്ച സ്വഹാബി വര്യൻ യു.എ.ഇയിലെ അൽ ഐനിൽ അന്ത്യവിശ്രമം കൊള്ളുന്നവരാണോ?

    കഅബ് ഇബ്നു സുഹൈർ (റ),
    കഅബ് ഇബ്നു മാലിക് (റ) എന്നീ 2 സ്വഹാബികളിൽ പെട്ട ഏത് മഹാനാണ് ഈ ചരിത്രത്തിലേത്. (അതോ വേറെ സ്വഹാബിയാണോ?) .

Leave a Reply

Your email address will not be published. Required fields are marked *