നിങ്ങള്‍ സംതൃപ്തരാണോ ?

Reading Time: 5 minutes

സംതൃപ്തിയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ. ഇല്ലാതാകുമ്പോള്‍
ഉണ്ടാകുന്ന അസ്വസ്ഥതയാണ് സംതൃപ്തിയുടെ അനുഭവം
ബോധ്യപ്പെടുത്തുക. കൂടുതല്‍ സംതൃപ്തരാകാനായി
തയാറെടുക്കാം.

അഹ്മദ് ഷെറീന്‍

ഒരു അറേബ്യന്‍ ഗുണപാഠ കഥയുണ്ട്. ലോകത്തിന്റെ ആഗ്രഹങ്ങളില്‍ നിന്നകന്ന് വിശുദ്ധിയുടെ പാതകള്‍ താണ്ടാന്‍ സഹായിക്കുന്ന ഒരു ആത്മീയ ഗുരുവിനെത്തേടി നടന്ന യുവാവിന്റെ കഥ. വര്‍ഷങ്ങള്‍ നീണ്ട അലച്ചിലിനൊടുവില്‍ യുവാവ് ഒരാളെ കണ്ടെത്തി. മലയുടെ മുകളിലെ പര്‍ണശാലയില്‍ സുസ്‌മേരവദനനായി കിടക്കുന്ന ഒരു സാത്വികന്‍. തലയില്‍ കൈവെച്ച് മലര്‍ന്ന് കിടന്ന് ഉറങ്ങുന്നു. ശാന്തമായ മുഖഭാവം. നീണ്ട വെളുത്ത താടിയും ശരീരം മറക്കാന്‍ മാത്രമുള്ള വസ്ത്രവും. തലഭാഗത്ത് വെള്ളം നിറച്ച ഒരുകൂജ വെച്ചിരിക്കുന്നു. ആളിതുതന്നെ, യുവാവ് ഉറപ്പിച്ചു. ഗുരുവിന്റെ ഉറക്കം ഉണരുന്നതും കാത്തിരിപ്പായി. അല്‍പസമയത്തിനകം ഗുരു ഉണര്‍ന്നു. ആവശ്യം അവതരിപ്പിച്ചു. ശിഷ്യപ്പെടണം. ഭൗതിക താത്പര്യങ്ങളില്‍ നിന്നകന്ന് സമ്പൂര്‍ണ സംതൃപ്തിയുടെ പാതയില്‍ പ്രവേശിക്കണം. ഗുരു മന്ദസ്മിതത്തോടെ മൊഴിഞ്ഞു; ഞാന്‍ തയാറാണ് പക്ഷേ എന്റെ ഗുരുവിന്റെ അനുവാദം വേണം. അദ്ദേഹം ഇന്ന സ്ഥലത്തുകാണും. നിങ്ങള്‍ പോയി അതു വാങ്ങിവരൂ. യുവാവ് യാത്രയായി പ്രതീക്ഷയോടെ.
യാത്രക്കൊടുവില്‍ വന്ദ്യഗുരുവിനെ കണ്ടെത്തി, വിഷയം അവതരിപ്പിച്ചു. അദ്ദേഹം മറുപടി കൊടുത്തു: ആദ്യം എന്റെ ശിഷ്യനോട് പറയണം, ലോകത്തിനോടുള്ള ആഗ്രഹങ്ങള്‍ അവസാനിപ്പിക്കാന്‍, ശേഷം ശിഷ്യന്‍മാരെ സ്വീകരിക്കാന്‍. സന്ദേശവും ഏറ്റുവാങ്ങി യുവാവ് തിരിച്ചെത്തി ഗുരുവിനോട് അവതരിപ്പിച്ചു. ഗുരു സന്ദേശം കേട്ടയുടനെ പൊട്ടിക്കരഞ്ഞു. ഇന്നലെ ഉറങ്ങാന്‍ കിടന്നപ്പോള്‍ ഈ കൂജ ആരെങ്കിലും കട്ടുകൊണ്ടു പോകുമോ എന്ന് ഞാന്‍ പേടിച്ചിരുന്നു. അതുകൂടി ദാനം ചെയ്തശേഷം ശിഷ്യനെ സ്വീകരിക്കാന്‍ തയാറായി. ഭൗതികതയുടെ അവസാന കണ്ണിയും അറ്റതോടുകൂടി സംതൃപ്തിയുടെ ശൃംഗം കയറാന്‍ സാത്വികന്‍ പ്രാപ്തനായി എന്നതാണ് കഥാസാരം.
ജീവിത വ്യവഹാരങ്ങളില്‍ നാം പലതരത്തില്‍ ഇടപെടലുകള്‍ നടത്തുന്നുണ്ട്. ‘മനുഷ്യന്‍ തന്റെജീവിതനാടകത്തില്‍ സമയാനുസരണം രംഗത്ത് വരുന്നു’ എന്ന ഷേക്‌സ്പിയര്‍ സൂചിപ്പിച്ച വിവിധ വേഷങ്ങള്‍ നാം ഓരോരുത്തരും കെട്ടിയാടുന്നുണ്ട്. കുടുംബകങ്ങളില്‍ ഒരു ഭര്‍ത്താവായും പിതാവായും മകനായും. തൊഴിലിടങ്ങളില്‍ സഹപ്രവര്‍ത്തകനും കീഴ്ജീവനക്കാരനും മേലധികാരിയും തൊഴിലുടമയായും. സഹപ്രവര്‍ത്തകനും സഹകാരിയുമായി പൊതു ഇടങ്ങളിലും നാം ഇടപെടുന്നു. അതിനാല്‍ ഈ സ്ഥലങ്ങളിലൊക്കെ ഉണ്ടാകുന്ന സംതൃപ്തി ജീവിത സംതൃപ്തിയുടെ ഭാഗമാകുന്നുണ്ട്. ഒരു സ്ഥലത്തെ അസംതൃപ്തി അടുത്ത സ്ഥലത്ത് സന്തോഷത്തെയും പ്രകടനത്തെയും ബാധിക്കുമെന്നതു കൂടി പരിശോധിച്ച് പരിഹരിക്കേണ്ടിവരുന്ന സാഹചര്യങ്ങളും നമുക്കുണ്ടാകാറുണ്ട്.

സന്തോഷം അല്ല സംതൃപ്തി
സംതൃപ്തി ഒരു വികാരമല്ല, ഒരു അവസ്ഥയാണ്. സന്തോഷം ഒരു വികാരവും. കഴിഞ്ഞുപോയ ജീവിതയാത്രയെ നോക്കിക്കാണുകയും നിലനില്‍ക്കുന്ന സാഹചര്യത്തോടുള്ള നമ്മുടെ പ്രതികരണവും കൂടി ഉള്‍പ്പെടുന്നതാണ് സംതൃപ്തി എന്ന് ഡച്ച്‌സാമൂഹിക ശാസ്ത്രജ്ഞനായ റൂട്ട് വാണ്‍ഹവന്‍ വിശദീകരിക്കുന്നുണ്ട്. നാം ഉദ്ദേശിച്ചതോ പ്രതീക്ഷിച്ചതോ അല്ലെങ്കില്‍ അതിലും മികച്ചതോ നമുക്ക് കൈവരുമ്പോള്‍ ഉണ്ടാകുന്ന മാനസികമായ വികാരമാണ് സന്തോഷം. ഒരുദാഹരണത്തിലൂടെ വിശദീകരിച്ചാല്‍, നമുക്ക് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുമ്പോള്‍ ഉണ്ടാകുന്ന വികാരത്തെ സന്തോഷം എന്നും അതുകഴിഞ്ഞാല്‍ അതോര്‍ത്തുണ്ടാകുന്ന മാനസിക നിറവിനെ സംതൃപ്തി എന്നും ഉദാഹരിക്കാം. രണ്ടും ഒന്നല്ലെങ്കിലും പരസ്പര ബന്ധിതമാണ്. ഒരാളെ താത്കാലികമായി സന്തോഷിപ്പിക്കുക താരതമ്യേനെഎളുപ്പവും സംതൃപ്തിപ്പെടുത്തുക കുറച്ച് കടുപ്പവുമാണ് .
സംതൃപ്തി നേടിയെടുക്കുന്നതില്‍ അടിസ്ഥാനപ്പെടുത്തുന്ന നിലവാരങ്ങളില്‍ കേവല സന്തോഷത്തിനപ്പുറത്തേക്ക് ജീവിതത്തില്‍ ഇതുവരെ നേടിയെടുത്ത കാര്യങ്ങള്‍, പോസിറ്റിവ് മനോഭാവത്തിന്റെ സ്വാധീനം, വിശ്വാസ്യതയുള്ള സ്‌നേഹ ബന്ധങ്ങള്‍, സുരക്ഷിതമായ ജീവിത സാഹചര്യങ്ങള്‍ തുടങ്ങിയവകൂടി ഉള്‍പ്പെടുന്നുണ്ട്. ആത്മീയമായ തലത്തില്‍ പൂര്‍ണമായി ഇലാഹി സമര്‍പ്പണത്തിലധിഷ്ഠിതമായി ഭൗതികേച്ഛയെ ജീവിതത്തില്‍നിന്ന് ഒഴിവാക്കുന്നതിലൂടെയും സംതൃപ്തി കരസ്ഥമാക്കാമെന്ന് പണ്ഡിതന്‍മാര്‍ പഠിപ്പിച്ചിട്ടുണ്ട്. സ്വര്‍ഗവാസികളെക്കുറിച്ച് പരാമര്‍ശിക്കുന്നിടത്ത് (മാഇദ 119) നാഥന്റെ അടുത്ത് സ്വീകാര്യമായ അടിമകളുടെ മേലുള്ള പരീക്ഷണങ്ങള്‍ നാഥന്‍ അവരോട് തൃപ്തിപ്പെടുകയും അവര്‍ നാഥന്റെ വിഷയത്തില്‍ തൃപ്തിപ്പെടുകയും ചെയ്യുന്നതാണ് എന്നു കാണാം. ഇത്തരം പ്രയോഗങ്ങള്‍ നമുക്ക് പരിശുദ്ധ ഖുര്‍ആനില്‍ പലയിടങ്ങളിലായി കാണാം.
മനഃശാസ്ത്ര പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ജീവിതത്തില്‍ സംതൃപ്തിയുള്ള വ്യക്തികള്‍ കൂടുതല്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുകയും ആരോഗ്യകരമായ സാമൂഹിക ജീവിതത്തിനു തയാറാവുകയും ചെയ്യുന്നു എന്നു കണ്ടെത്തിയിട്ടുണ്ട്. മനുഷ്യ പുരോഗതിക്കാവശ്യമായ ഇടപെടലുകളില്‍ ഇവര്‍ മികച്ചു നില്‍ക്കുന്നു. ഉയര്‍ന്ന ആരോഗ്യ നിലവാരവും ആയുര്‍ദൈര്‍ഘ്യവും കുറഞ്ഞ രോഗാതുരതയും സംതൃപ്ത സമൂഹത്തിന്റെ അടയാളങ്ങളാണ്. സംതൃപ്തമായ ഒരു സമൂഹം ഏതൊരു രാജ്യവും ആഗ്രഹിക്കുന്ന ഒരു സ്വപ്‌നമാണ്. അതുകൊണ്ടുതന്നെ വ്യക്തികളുടെയും സമൂഹത്തിന്റെയും സംതൃപ്തി ഒരു രാഷ്ട്രീയ സംഹിതകൂടിയാണ്.

ലോക സന്തോഷ സൂചിക
ജീവിതനിലവാരം അളക്കുന്നതിനിന് ഹാപ്പിനസ് ഇന്‍ഡക്‌സ് (സന്തോഷ സൂചിക) നടപ്പിലാക്കിയ രാജ്യങ്ങളുണ്ട്. ഫിന്‍ലാന്‍ഡാണ് ഒന്നാം സ്ഥാനത്ത്. ഡന്‍മാര്‍ക്ക്, നോര്‍വെ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഇന്ത്യയുടെ സ്ഥാനം 140. ലോകത്ത് സന്തോഷസൂചിക ആദ്യമായി കൊണ്ടുവന്നത് താരതമ്യേന പിന്നാക്കവും ഇന്ത്യയുടെ അയല്‍ രാജ്യവുമായ ഭൂട്ടാനാണ്. 1980ല്‍ തന്നെ രാജ്യത്തെ സമ്പത്തിനു പകരം രാജ്യത്തെ ജനങ്ങളുടെ സന്തോഷമാണ് പ്രധാനമെന്നും ഭൂട്ടാന്‍ ലോകത്തോട് വിളിച്ചു പറഞ്ഞിരുന്നു. അഥവാ ആഭ്യന്തര ഉത്പാദന സൂചിക അടിസ്ഥാനമാക്കി രാജ്യങ്ങളെ വംശീകരിക്കുന്നതിന് പകരം ഹാപ്പിനസ് അടിസ്ഥാനമാക്കിയായിരിക്കണം വികസിത രാജ്യങ്ങളുടെ വര്‍ഗീകരണം എന്ന് ഭൂട്ടാന്‍ രാജാവ് പറഞ്ഞുവെച്ചു. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം 2012ലാണ് ലോകത്ത് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ഈ കണക്കെടുപ്പ് നടത്താനാരംഭിച്ചത്. ആറുകാര്യങ്ങളാണ് ഐക്യരാഷ്ട്രസഭ ഈ കണക്കിന് അടിസ്ഥാനപ്പെടുത്തുന്നത്. 2019ലെ സന്തോഷ സൂചികയില്‍ ഏറ്റവും താഴെയുള്ള രാജ്യങ്ങള്‍ സൗത്ത് സുഡാന്‍, അഫ്ഗാനിസ്ഥാന്‍, റുവാണ്ട തുടങ്ങിയവയാണ്. യു എ ഇ യില്‍ 2016മുതല്‍ജനങ്ങളുടെ സന്തോഷ നിലവാരം വര്‍ധിപ്പിക്കാന്‍ പ്രത്യേക വകുപ്പു രൂപവത്കരിക്കുകയും അതിനു ചുമതലക്കാരെയും നിയോഗിച്ചിട്ടുണ്ട്.
സന്തോഷ സൂചിക കണ്ടെത്തുന്നതിന് അടിസ്ഥാനപ്പെടുത്തുന്ന മേഖലകള്‍ താഴെ പറയുന്നവയാണ് .
1. ശരാശരി വരുമാനം, 2. ശരാശരി ആയുര്‍ദൈര്‍ഘ്യം, 3. താങ്കള്‍ക്ക് ആവശ്യമാെണങ്കില്‍ സഹായം ലഭ്യമാണോ? 4. ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക്‌സഹായങ്ങള്‍ നല്‍കാന്‍ സാധിക്കുന്നുണ്ടോ? 5. ഔദ്യോഗിക, സ്വകാര്യ സംവിധാനങ്ങള്‍ അഴിമതി രഹിതമാണോ?

സന്തോഷത്തിന്റെ ബയോളജി
ശാരീരികവും മാനസികവുമായി സംഘര്‍ഷ രഹിത ജീവിതം പുലര്‍ത്തുന്നതിന് ശരീരത്തിന് പൊടിക്കൈകളുണ്ട്. ഹാപ്പിനസ് ഹോര്‍മോണുകള്‍ എന്ന് പൊതുവെ പറയാം. ഡോപ്പൊമിന്‍, മൈലോണിന്‍, ഓക്‌സിറ്റോസിന്‍, എന്റോര്‍ഫിന്‍ എന്നിവയാണ് പ്രധാനമായും ഇവ. ശരിയായ അളവില്‍ ശരീരത്തില്‍ സാന്നിധ്യമുണ്ടാകുന്നത് സന്തോഷവും ആനന്ദവും ഉണ്ടാകാന്‍ സാധിക്കും. ഇവയുടെ സാന്നിധ്യം ശാരീരികമായ മികവുകളും നല്‍കും. ഉദാഹരണത്തിന്, വേദന ലഘൂകരിക്കുക, ഹൃദയാരോഗ്യം വര്‍ധിപ്പിക്കാനായി ധമനികളുടെ പ്രവര്‍ത്തനക്ഷമത കൂട്ടുക. രക്തസമ്മര്‍ദം കുറക്കുക തുടങ്ങിയ അതിപ്രധാനമായ ആരോഗ്യസഹായക പ്രവര്‍ത്തനങ്ങള്‍ ഇവയില്‍ നിന്ന് ലഭിക്കുന്നതാണ്.
റെസ്‌പ്രോയ്ക്കല്‍ ഹോര്‍മോണുകളാണ് ഇവ. അതായത് സന്തോഷം തോന്നുമ്പോള്‍ ഈ ഹോര്‍മോണുകള്‍ ഉത്പാതിപ്പിക്കപ്പെടുകയും ഇവയുടെ സാന്നിധ്യം ശരീരത്തിന്റെ സാനിധ്യം സന്തോഷത്തെ ഉണ്ടാക്കുകയും ശരീരത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഹോര്‍മോണുകള്‍ ഉണ്ടാകുന്നതിനും ഉയര്‍ന്ന അളവില്‍ നില നിര്‍ത്തുന്നതിനുമായ ചില ശീലങ്ങള്‍ ശാസ്ത്രജ്ഞന്‍മാര്‍ നിര്‍ദേശിക്കാറുണ്ട്.
1. പ്രകൃതിയെ ആസ്വദിച്ചുള്ള നടത്തം, കടലും മരങ്ങളും ഇതര പ്രകൃതിഭംഗികളും ആസ്വദിച്ച് ഇളം വെയിലില്‍ നടക്കുക എന്നിവ. ശരീരത്തിനാവശ്യമായ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടും.
2. ഇഷ്ടമുള്ള ഭക്ഷണം കൂടിയിരുന്ന് കഴിക്കുക. മനസിന് താത്പര്യമുള്ള സ്‌നേഹ ജനങ്ങളുടെ കൂടെ കൂടുതല്‍ സമയം ചെലവഴിക്കുന്നതും ഭക്ഷണം ആസ്വദിച്ചുകഴിക്കുന്നതും മാനസിക ഉല്ലാസത്തെ കൂടുതല്‍ ഉണര്‍ത്തുന്നു.
3. ശരീരത്തിന് ആവശ്യമായ ഉറക്കവും സന്തോഷം നിലനിര്‍ത്താന്‍ ആവശ്യമാണ്. ഉറക്കത്തിന്റെ ഇടയില്‍ വെളിച്ചം, ശബ്ദം തുടങ്ങിയ തടസങ്ങളില്‍ നിന്ന് ഒഴിവായി ഗാഢമായ നിദ്ര ലഭിക്കുന്നത് ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തെ സഹായിക്കുന്നു.
4. മനംനിറഞ്ഞ പ്രാര്‍ഥന. സര്‍വവും സംരക്ഷകനായ സ്രഷ്ടാവിലേക്ക് തിരിച്ച് പ്രാര്‍ഥിക്കുന്നതും ധ്യാനങ്ങള്‍ പോലെയുള്ള പ്രവര്‍ത്തനങ്ങളും മനോനിലവാരത്തെ ഉയര്‍ത്തും. പ്രവാചകര്‍ മുനാജാത്ത് (അഭിമുഖ സംഭാഷണം) എന്ന് തന്നെയാണ് നിസ്‌കാരത്തിന് പേര് നല്‍കിയത്.

നേട്ടങ്ങളില്‍ സംതൃപ്തി
ഭൗതികമായ നേട്ടങ്ങള്‍ സന്തോഷം നല്‍കും. ഈ ബോധ്യത്തില്‍ അധ്വാനിക്കുകയും നേട്ടങ്ങളിലൂടെ സംതൃപ്തി കണ്ടെത്താന്‍ പരിശ്രമിക്കുകയുംചെയ്യന്നവരാണ് നമ്മില്‍ അധികവും. ഭൗതികനേട്ടങ്ങള്‍ സന്തോഷങ്ങള്‍ നല്‍കും എന്നത് യാഥാര്‍ഥ്യമാണ്, പക്ഷേ അവയുടെ കാലയളവ് തുലോം ശുഷ്‌കിച്ചതാവാം, അവിടെയാണ് ഖനാഅത്തിന്റെ പ്രസക്തി പ്രകടമാകേണ്ടത്.
ഇതൊരു രാജാവിന്റെ കഥയാണ്; ഒരു നാട്ടുരാജ്യത്തെ യുവരാജാവായിരുന്നു അദ്ദേഹം. ഒരു വലിയ പ്രദേശത്ത് പര്‍വത നിരയുടെ താഴ്‌വാരത്തുള്ള ഒരുപാട് നാട്ടുരാജ്യങ്ങളില്‍ ഒന്ന്. ആ രാജ്യങ്ങളെയൊക്കെ പിടിച്ചടക്കി ചക്രവര്‍ത്തിയാവുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്‌നം. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ താഴ്‌വാരത്തെ മുഴുവന്‍ രാജകുടുംബങ്ങളെയും കീഴടക്കി അദ്ദേഹം ആ നാടിന്റെ ചക്രവര്‍ത്തിയായി മാറി. വിജയങ്ങള്‍ പൂര്‍ത്തീകരിച്ച ദിവസം ആ മലയുടെ ഉന്നതിയില്‍നിന്ന് അദ്ദേഹം സംതൃപ്തിയോടെ താഴെയുള്ള കാഴ്ചകള്‍ കണ്ടു. തനിക്ക് വഴങ്ങി നില്‍ക്കുന്ന എന്റെ അധികാര പരിധിയില്‍പെട്ട മുഴുവന്‍ രാജ്യങ്ങളിലെയും വെളിച്ചം കണ്ട് അദ്ദേഹം സന്തോഷത്തോടെ കിടന്നുറങ്ങി. പിറ്റേന്നു രാവിലെ സൂര്യനുദിച്ചപ്പോള്‍ അദ്ദേഹം കണ്ട കാഴ്ച ആ മലയുടെ ഉച്ചിയില്‍നിന്ന് പുറകിലേക്ക് നോക്കിയാല്‍ കാണുന്ന വലിയൊരു ലോകവും അതിന്റെ അവസാനമായി നില്‍ക്കുന്ന ചക്രവാളവുമാണ്. ആ സാമ്രാജ്യങ്ങളിലൊന്നിലും എന്റെ അധികാരപരിധിയില്‍ ഇല്ല എന്നറിയുന്നതോടുകൂടി ആ രാജാവിന്റെ സംതൃപ്തി വീണ്ടും നഷ്ടപ്പെടുന്നു.

കുടുംബത്തില്‍
കൂടുമ്പോള്‍ ഇമ്പമുള്ളതാണ് എന്നാണ് കുടുംബം എന്ന് നാം പറയാറുണ്ട്. പരസ്പരം സ്‌നേഹസൗമ്യമായ പെരുമാറ്റങ്ങള്‍ നിലനിര്‍ത്തുകയും പരസ്പര ബഹുമാനം മുന്‍നിര്‍ത്തിക്കൊണ്ട് ഇടപെടലുകളും ഉണ്ടാക്കുക എന്നുള്ളതാണ് കുടുംബ ജീവിതത്തിലെ സംതൃപ്തിയുടെ വഴി. തനിച്ചല്ല എന്ന തോന്നലാണ് കുടുംബ സൃഷ്ടിപ്പിന്റെ ആധാരം. തളര്‍ച്ചയിലും ക്ഷീണത്തിലും ചായാന്‍ ചുമലുകള്‍ ഉറപ്പുതരുന്ന വ്യവസ്ഥിതിയെ കുടുംബം സൃഷ്ടിക്കുന്ന കൊറോണക്കാലത്തെ സ്വയംപര്യാപ്തതയുടെ ഏറ്റവും ചെറിയ യൂനിറ്റായി മാറിയതും ഈ കുടുംബ സങ്കല്‍പങ്ങളാണ്. കുടുംബത്തിന്റെ അടിസ്ഥാന ഘടകമാണ് ഭാര്യഭര്‍തൃ ബന്ധം. പരസ്പരം ഉടുവസ്ത്രമാണെന്ന് ഖുര്‍ആന്‍ വിശദീകരിച്ച ഇണകളാണവര്‍. സ്‌നേഹവും ഇഴയടുപ്പവും നിലനിര്‍ത്താനുള്ള രീതികള്‍ നിര്‍ബന്ധപൂര്‍വം കൊണ്ടുവരേണ്ടതുണ്ട്. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും വിശേഷ ദിവസങ്ങളില്‍ മധുരം പങ്കിടുന്നതും തുറന്നുള്ള സംസാരങ്ങളും തമാശകള്‍ പറയുന്നതും ആസ്വദിക്കുന്നതുമൊക്കെ വീടകങ്ങളില്‍ സന്തോഷം നിലനിര്‍ത്താന്‍ കാരണമാകും. കുടുംബംഎന്ന രീതിയിലുള്ള സംവേദനങ്ങള്‍ പലപ്പോഴും സംഭവിക്കുന്ന ഒരു അബദ്ധം അതിനെ നിര്‍വചനത്തില്‍ ഭാര്യയും ഭര്‍ത്താവും കുട്ടികളും മാത്രം ഉള്‍പ്പെടുന്ന, ന്യൂക്ലിയര്‍ ഫാമിലിയിലേക്ക് ചുരുങ്ങുന്നു എന്നതാണ്. യഥാര്‍ഥത്തില്‍ നാം മകനും ഭാര്യയുമാകുന്നതു പോലെ തന്നെ മരുമകനും അമ്മാവനും നാത്തൂനും പേരക്കുട്ടിയും ഒക്ക കൂടിയാണ്. വിശാലമായ ഈ കുടുംബവ്യവസ്ഥയിലെ സന്തോഷ നിമിഷങ്ങളും, കൂടി പിരിയലുകളുമൊക്കെ ആത്മസംതൃപ്തിക്ക് നിറം നല്‍കുന്നുണ്ട്. ആധുനിക കാലത്ത് തറവാട്ടിലെ താമസവും തറവാട്ടിലെ നേര്‍ച്ചയും ഇല്ലാതാവുകയും പകരം തറവാട് ഗ്രൂപ്പുകളും കുടുംബ സംഗമങ്ങളും സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് മനുഷ്യന്റെ ഈ പരസ്പര തണല്‍ തേടലിലുള്ള അഭിവാജ്ഞയാണ്.

കിടപ്പറകളില്‍
മനുഷ്യജീവിതത്തിലെ സംതൃപ്തിയുടെ ഒരുസൂത്രവിദ്യയാണ് ഇണകള്‍ തമ്മിലുള്ള ആകര്‍ഷണം. കുടുംബത്തിലും ദാമ്പത്യത്തിലുമെല്ലാം ഇത് നിര്‍ണായകമാകുന്നു. പരസ്പരം തൃപ്തിപ്പെടുകയും പെടുത്തുകയും ചെയ്യുന്നത് ലോകം നിലനില്‍ക്കാന്‍ തന്നെ കാരണമായിത്തീരുന്നു. കുടുംബജീവിതത്തിന്റെയും വ്യക്തിജീവിതത്തിന്റെയും സന്തോഷം നിര്‍ണയിക്കുന്നതില്‍ കിടപ്പറകള്‍ക്കും അവിടെ ഇണചേരുന്നതിനും സംതൃപ്തിയടയുന്നതിനും വലിയ പങ്കു്. കിടപ്പറകളിലെ അസംതൃപ്തി കുടുംബകം അസ്വസ്ഥമാക്കുന്നതു മാത്രമല്ല, സത്രീയുടെയും പുരുഷന്റെയും ജീവതം കുത്തഴിയുകയും പലപ്പോഴും അപഥസഞ്ചാരങ്ങള്‍ക്കിടയാക്കുകയും ചെയ്യും. ഇവിടെ സ്വയം സംതൃപ്തിയടയുകയും അനുഭവിക്കുകയും മാത്രമല്ല, ഇണയുടെ സംതൃപ്തികൂടി പരിഗണിക്കുകുയം അനുഭവിപ്പിക്കുകയും വേതു്. എങ്കില്‍ മാത്രമേ കിടപ്പറ സൗഹൃദപൂര്‍ണമാകൂ.

തൊഴിലില്‍
മനുഷ്യന്‍ ഭൂമിയില്‍ കൃഷി ചെയ്ത് അതില്‍ നിന്ന് ലഭിക്കുന്ന വിളവുകളുപയോഗിച്ച് ജീവന്‍ നിലനിര്‍ത്തിയിരുന്ന കാലത്തുനിന്ന് നാം ഒരുപാട് മുന്നോട്ട് പോയി. ആധുനിക ശാസ്ത്ര സാങ്കേതിക വളര്‍ച്ച തൊഴിലിടങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകാന്‍ കാരണമായി. തൊഴില്‍ സംതൃപ്തിയുടെ ഏറ്റവും നല്ലവഴി, നമുക്ക് ചെയ്യാന്‍ ഇഷ്ടമുള്ളത് ജോലിയായി സ്വീകരിക്കുക എന്നതാണ്. ആസ്വാദനം നിറഞ്ഞ ജീവിത തൊഴില്‍ തുലനങ്ങള്‍(Work life balance)ഇതിലൂടെ സാധ്യമാകും. പക്ഷേ അപൂര്‍വം ചില ആളുകള്‍ക്ക് മാത്രം സാധിക്കുന്ന ഒന്നാണിത്. കാരണങ്ങള്‍ പലതാവാം.
അടുത്ത ഓപ്ഷന്‍, ചെയ്യുന്ന ജോലിയെ സ്‌നേഹിക്കുക എന്നാണ്. കള ്യീൗ രമിിീ േഴല േവേല ഷീയ ്യീൗ ഹീ്‌ല, േെമൃ േഹീ്ശിഴ വേല ഷീയ ്യീൗ റീ എന്ന് ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട്. മാനുഷികമായ ഇടപെടലുകള്‍ അസംതൃപ്തി സൃഷ്ടിക്കുന്ന മേഖല കൂടിയാണ്. സംഘര്‍ഷം നല്‍കുന്ന മേലധികാരിയും അസൂയയും കുശുമ്പും നിറഞ്ഞ സഹപ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടുന്ന തൊഴിലാളികളും ഉണ്ടാവുന്ന ഒരു സാഹചര്യം സംതൃപ്തിക്ക് വലിയ വെല്ലുവിളിയാണ്. തൊഴില്‍ എട്ടു മണിക്കൂര്‍ മാത്രമായി കണക്കാക്കുന്നതിനപ്പുറത്തേക്ക് ആ സംഘര്‍ഷങ്ങള്‍ നമ്മുടെ കുടുംബ ജീവിതത്തിന്റെയും വ്യക്തി ജീവിതത്തിന്റെയും ഭാഗമായി മാറുന്നതിനുള്ള സാധ്യതകള്‍ കൂടുതലാണ്.സൗകര്യങ്ങള്‍ കുറഞ്ഞവരോട് താരതമ്യം ചെയ്തും മനസിന്റെയുള്ളില്‍ തൊഴിലിടവും കുടുംബകവും തമ്മില്‍ മതിലുകള്‍ കെട്ടി വേര്‍തിരിച്ചുമായിരിക്കണം ഇതിനെ നേരിടേണ്ടത്. സംതൃപ്തരായ ഉപഭോക്താക്കള്‍ക്കൊപ്പം സംതൃപ്തരായ തൊഴിലാളികളും കൂടി സ്ഥാപനത്തിന്റെ നിലനില്‍പ്പിനാവശ്യമാണെന്ന് സ്ഥാപന മേധാവികള്‍ ഉള്‍കൊള്ളേണ്ടതുമുണ്ട്.

വിലക്കെടുക്കാവുന്നവ
ജീവിത സംപ്തൃപ്തിയുടെ അളവുകള്‍ ഭൗതിക സൗകര്യങ്ങളുമായി ബന്ധമുണ്ട്. നല്ല വാഹനവും നല്ല ഭക്ഷണവു നല്ല സൗകര്യങ്ങളും സംതൃപ്തി ഉണ്ടാക്കും എന്നാണ് പൊതുധാരണ. പലപ്പോഴും ഇതിനപ്പുറത്തേക്കാണ് സംതൃപ്തിയുടെ രഹസ്യം. ഓരോന്നു ലഭിക്കുമ്പോഴും അതിനുമേലെയുള്ളത് സ്വന്തമാക്കാന്‍ മനസ് ആഗ്രഹിച്ചുകൊണ്ടിരിക്കും എന്നത് സംതൃപ്തിയുടെ പരിധിരാഹിത്യം ബോധ്യപ്പെടുത്തുന്നു. താത്പര്യവും സന്തോഷവും നല്‍കുന്ന സാഹചര്യങ്ങള്‍ 100% ഉണ്ടാകാന്‍ ഒരിക്കലും സാധിക്കുകയില്ല. അതുകൊണ്ടുതന്നെ ഒരാളുടെ ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളുംകൂടി സാധിച്ച് സംതൃപ്തി കൈവരിക്കുക എന്നത് അപ്രാപ്യമാണ്. ഏതൊക്കെയാണ് സാധ്യമാവുന്നത് എന്ന് തിരിച്ചറിയുകയും അതില്‍ സന്തോഷവും സംതൃപ്തിയും കണ്ടെത്തുകയും ചെയ്യുകയാണ് സംതൃപ്തി വളര്‍ത്താനുള്ള വഴി.

അംഗീകാരങ്ങള്‍
അംഗീകാരവും പ്രശസ്തിയും ആഗ്രഹിക്കുന്നവരാണ് മനുഷ്യന്‍. ആള്‍ക്കൂട്ടത്തില്‍ ഒരാളാകുന്നതിനപ്പുറത്തേക്ക് വ്യതിരിക്തമാവുകയും അംഗീകരിക്കപ്പെടുകയും തിരിച്ചറിയപ്പെടുകയും ചെയ്യുന്നത് നാം ഇഷ്ടപ്പെടുന്നു. കല്യാണ ആല്‍ബങ്ങളില്‍ നാം നമ്മെ തന്നെ തിരയുന്നത് അതുകൊണ്ടാണ്. സാമൂഹിക ഇടങ്ങളിലോ, രാഷ്ട്രീയ, സംഘടന സംവിധാനങ്ങളിലോ, ആത്മീയ രംഗത്തോ അംഗീകാരവും പരിഗണനകളും കിട്ടുന്നത് സംതൃപ്തി നല്‍കുന്ന കാര്യങ്ങളാണ്. ജനങ്ങള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന സ്ഥാനങ്ങള്‍ നല്‍കാന്‍ നാം കല്പിക്കപ്പെട്ടിരിക്കുന്നു എന്ന പ്രവാചക വചനം ഈ പരിഗണനയുടെ ഗൗരവം ബോധ്യപെടുത്താനുതകുന്നതാണ്. അതേസമയം ഈ ഫെയിമുകള്‍ ഉണ്ടാക്കുന്ന ഉത്തരവാദിത്വങ്ങള്‍ നന്നായി മനസിലാക്കുകയും കണക്കിലെടുക്കുകയും ചെയ്യണം. ചിലപ്പോഴെങ്കിലും എല്ലാ അലങ്കാരങ്ങളും ചമയങ്ങളും അഴിച്ചുവച്ച് സ്വന്തത്തിലേക്ക് നോക്കിയിരിക്കാനുള്ള സമയങ്ങളും തിരിച്ചറിവുകളും കണ്ടെത്തണം. അതാണ് ആത്മജ്ഞാനികളുടേയും അഗ്രേസരരായ മഹത്തുക്കളുടെയുംവഴി. ഉയരത്തില്‍നിന്നുള്ള വീഴ്ചകള്‍ക്ക് ആഘാതം കൂടും എന്ന തിരിച്ചറിവ് അനിവാര്യമാണ്.

ഖനാഅത്ത്
പരിശുദ്ധ ഇസ്‌ലാം സംതൃപ്തിയുടെ വഴിയിലേക്ക് തുറന്ന ഏറ്റവും വലിയ വാതില്‍ ഖനാഅത്താണ്. ഭൗതികമായ വിഭവങ്ങളില്‍ നമുക്ക് ലഭിച്ചത് കൊണ്ട് തൃപ്തിപ്പെടുകയും അത് കൊണ്ട് മതിയാവുകയും ചെയ്യുക എന്നതാണ് ഇതിന്റെ ആശയം, സംതൃപ്തരുടെ രാജപാതയായാണ് ഖാനാഅ ത്തിന്റെ വിശദീകരിക്കപ്പെട്ടിട്ടുള്ളത്. ലഭിച്ച അനുഗ്രഹങ്ങളെ നമ്മുടെ താഴേക്കിടയിലുള്ളവരിലേക്ക് തട്ടിച്ചു നോക്കി സന്തോഷം കണ്ടെത്തുകയും ലഭിച്ചതിനു നന്ദി ചെയ്യാനായി രക്ഷിതാവിലേക്ക് കൈകള്‍ ഉയര്‍ത്തുകയും ചെയുന്ന ഒരു അടിമ, അവനോളം സന്തോഷം കണ്ടെത്തുന്ന ആരും ഉണ്ടാവില്ല എന്നതാണ് വാസ്തവം. അതിമോഹങ്ങളെയും അത്യാഗ്രഹങ്ങളെയും എതിര്‍ത്തു തോല്‍പിക്കാനും അതിലൂടെ അസംതൃപ്തിയെ പടിക്ക് പുറത്തു നിര്‍ത്താനും സാധിക്കണം.

Share this article

About അഹ്മദ് ഷെറീന്‍

Physiologist

View all posts by അഹ്മദ് ഷെറീന്‍ →

Leave a Reply

Your email address will not be published. Required fields are marked *