ചോരാതെ കരുതാം

Reading Time: 2 minutes

ഒരു തുണ്ട് ആകാശം കാണാനുള്ള കൊതിയെ
ആവശ്യകത കൊണ്ട് തടയണകെട്ടി ഒരാള്‍ ഇവിടെ
പുതുലോകം മെനയുകയാണ്.

റുബീന സിറാജ് റിയാദ്

കുറച്ചു നാളുകളായി പുറത്തേക്കുള്ള ജാലകം തുറക്കാതായിട്ട്. മുഷിഞ്ഞ സായാഹ്നങ്ങളെ മാറ്റിയെഴുതാനായി ഗ്ലാസുകള്‍ പതുക്കെ നീക്കി കര്‍ട്ടന്റെ മറവില്‍ കണ്ണുകള്‍ മാത്രം പുറത്തേക്കിട്ട് പുതുകാഴ്ചകള്‍ കണ്ടിരുന്ന വിരസ ദിനങ്ങള്‍…
ജനല്‍പടവില്‍ ഇടക്കിരുന്നു കിന്നാരം കുറുകിയിരുന്ന ഇണപ്രാവുകളും എങ്ങുപോയി ആവോ? സാഹോദര്യത്തിന്റെ കൊടുക്കല്‍ വാങ്ങലുകള്‍ കുഞ്ഞുകിണ്ണങ്ങളിലായി കൈ മാറിയിരുന്ന അയല്‍മുറികളും അനക്കമില്ലാതെയാണ്.
ദൃഷ്ടികളില്‍ പോലും അന്യമായ കുഞ്ഞു വൈറസിനെ പേടിച്ചു അകത്തിരിക്കാന്‍ തുടങ്ങിയിട്ട് മാസം രണ്ട് കഴിഞ്ഞിരിക്കുന്നു.
അതിവേഗതയുടെ പുതു ലോകത്തില്‍ കൂടു~തല്‍ ക്ഷതം പറ്റാതെ അവനവന്‍ സൂക്ഷിക്കണമെന്ന ജഗന്നിയന്താവിന്റെ മുന്നറിയിപ്പാവണം ഒരുപക്ഷേ ഈ പരീക്ഷണം.
നാട്ടിലേത് പോലെ കല്യാണവും സല്‍ക്കാരങ്ങളും ഒന്നും കൂടിക്കഴിക്കാന്‍ ഇല്ലെങ്കിലും ആഴ്ചയിലൊരിക്കലെങ്കിലും പുറത്തിറങ്ങാത്ത ദിവസങ്ങള്‍ ഈ പ്രവാസ ജീവിതത്തിലുണ്ടാവുമെന്ന് കരുതിയതേ ഇല്ല.
മാസങ്ങള്‍ക്ക് മുന്നേ വെഡ്ഡിംഗ് ആനിവേഴ്‌സറിക്ക് സമ്മാനം എന്ത് വേണമെന്ന സ്‌നേഹ ചോദ്യത്തിന് ഒരേ ഒരു ദിവസം തിരക്കുകള്‍ ഒന്നും ഇല്ലാതെ ഒരുമിച്ചൊന്ന് ഉണ്ടായാല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ അതിപ്പോ എങ്ങനെയെന്ന് കൈമലര്‍ത്തിയ ആളുണ്ട്. ഇവിടെ പള്ളിയില്‍ പോലും പോകാന്‍ കഴിയാതെ നിര്‍വികാര മൂകനായി ദീര്‍ഘനിശ്വാസം വിടുന്നു.
ഇന്നെങ്കിലും പാര്‍ക്കില്‍ കൊണ്ടോവോ? പതിവ് ചോദ്യവുമായി ഉപ്പയുടെ പകല്‍ക്കിനാവ് മുറിക്കുന്ന കുസൃതി കലിപ്പിലാണ്. പേപ്പറുകള്‍ എല്ലാം വലിച്ചു കീറി തോണിയും പൂവും ഉണ്ടാക്കിയും വാതിലിന്റെ ലോക്കുകളില്‍ തൊട്ടില്‍ കെട്ടി പാവയെ താരാട്ടിയും അവള്‍ക്കും മടുത്തിരിക്കുന്നു.
ഒരു തുണ്ട് ആകാശം കാണാനുള്ള കൊതിയെ, ആഗ്രഹങ്ങളെ ആവശ്യകത കൊണ്ട് തടയണ കെട്ടാന്‍ പ്രത്യേകം പരിശ്രമം നടത്തുന്ന ഞാനും നിറമിഴികളോടെ ഇക്കയെ ഒന്ന് നോക്കി. നിസഹായതയുടെ നിഴല്‍ വീണ കണ്ണുകളിലും മൗനം.
വെട്ടിയൊതുക്കിയ പച്ചിലമരങ്ങള്‍ക്ക് താഴെ നനുത്ത പുല്ലില്‍ അല്പം ശുദ്ധവായു ശ്വസിക്കാന്‍ ഇരുന്നതും ഇളംചൂടുള്ള മരുക്കാറ്റില്‍ ഓരംപറ്റി വന്ന മണല്‍ തരികളെ കണ്ണുകള്‍ പകുതിയടച്ചു പ്രതിരോധിച്ചതുമെല്ലാം ഓര്‍മകളിലെ ഗദ്ഗദങ്ങളായി മാറിയിരിക്കുന്നു. തണുപ്പിന്റെ പുതപ്പ് നീട്ടിത്തന്ന മാളുകളും നിര തെറ്റാതെ നിത്യവസ്തുക്കള്‍ അടുക്കിപെറുക്കി വെച്ചിരുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളും എല്ലാം അടുത്തുണ്ടായിട്ടും അന്യമായത് പോലെ.
ആളും ആരവങ്ങളും ഒഴിഞ്ഞ തെരുവു വീഥികള്‍ അത്തറിന്‍ മണത്തെ കാത്തു അക്ഷമരായിട്ടുണ്ടാകണം.
ഒഴിവില്ലാത്തൊഴിവ് ദിനങ്ങളെയും ഒറ്റപ്പെട്ടു എന്ന പെണ്ണകങ്ങളുടെ കുറ്റംപറച്ചിലുകളുടെയും രണ്ടറ്റങ്ങള്‍ കൂട്ടി മുട്ടിക്കാനുള്ള ഓട്ടപാച്ചിലുകളെയും ലോക്കാക്കികൊണ്ടാണ് ഇവിടെയും ലോക്‌ഡോണ്‍ വന്നത്. അങ്ങ് ദൂരെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട ഇത്തിരിക്കുഞ്ഞന്‍ വൈറസ് നമ്മുടെയും ജീവിതങ്ങളെ ബാധിക്കുമെന്ന് ഒട്ടും കരുതിയതേ ഇല്ല.
ഒരുമിക്കലിന്റെയും ഒത്തുകൂടലിന്റെയും സന്തോഷം ഒരുക്കൂടുമ്പോഴേക്കും ഇനിയെത്ര നാള്‍ ഈ ഇരുത്തം? എന്താകും ഭാവി? തുടങ്ങിയ ആശങ്കകള്‍ അര്‍ഥമില്ലാതെ പല്ലിളിക്കുന്നു.
ഇളകിയാടുന്ന ചില്ലകളില്‍ തന്റെ കൂട് നിലംപൊത്തുമോ എന്ന ഭയത്താല്‍ ചിറകുകളൊതുക്കി കാതും കണ്ണും കൂര്‍പ്പിച്ചിരിക്കുന്ന തള്ളക്കിളികളെ പോലെയാണ് ജോലി നഷ്ടപ്പെടുന്നതിന്റെയും ശമ്പളം വെട്ടിക്കുറക്കലിന്റെയും ഭീഷണിയില്‍ ഭീതിയോടെ ഇരിക്കുന്ന ഓരോ വീട്ടുകാരന്റെയും അവസ്ഥ.
പ്രവാസി കുടുംബിനിയായതിന് ശേഷം തിരക്കുള്ള കുടുംബ ജീവിതം നയിക്കുന്നത് ഇപ്പോഴാണെന്ന് തോന്നിയിട്ടുണ്ട്. വെറുതെ ഇരിക്കുമ്പോള്‍ വിശപ്പിന്റെ അസുഖം കൂടുന്ന കുട്ടിക്കുറുമ്പുകളുടെ മനസും വയറും നിറക്കല്‍ ഒരു ടാസ്‌ക് തന്നെയാണെന്ന് പറയുമ്പോള്‍ അഞ്ചും പത്തും മക്കളെ അല്ലലും അലട്ടലും ഇല്ലാതെ ഉഷാറാക്കി വളര്‍ത്തിയ മുന്‍ തലമുറക്കാരില്‍ നിന്ന് പഴി കേള്‍ക്കുമോ എന്ന ഭയം.
ഓര്‍ഡര്‍ ചെയ്തു കിട്ടിയ സാധനങ്ങള്‍ സാനിറ്റൈസ് ചെയ്തു മാറ്റി വെക്കാന്‍ മക്കളുറങ്ങുന്നതും കാത്തിരിക്കുമ്പോള്‍ പക്വത കുറവൊക്കെ പാകമായി തുടങ്ങിയെന്നു ആത്മനിര്‍വൃതി കൊണ്ടു.
ഒരേ സമയം ജഡ്ജിയായും വക്കീലായും ഡോക്ടറായും നാട്യങ്ങളില്ലാത്ത ഏതെല്ലാം വേഷപ്പകര്‍ച്ചകള്‍…
ഇനിയൊന്നിരിക്കാന്‍ സമയമായെന്ന് സന്ധികള്‍ ഓര്‍മപ്പെടുത്തുന്ന നേരത്ത് നാട്ടിലെ ഉമ്മറക്കോലായിലൊരു കസേര വലിച്ചിടാന്‍ മനസറിയാതെ വെമ്പുന്നു.
ആദ്യമാദ്യം ജിജ്ഞാസയോടെ നോക്കികണ്ടിരുന്ന ആക്റ്റീവ് കേസുകളുടെ എണ്ണങ്ങള്‍ കുത്തനെ മേല്‍പോട്ടുയരുന്നത് കണ്ട് അന്ധാളിച്ചു നിന്ന് പോകുന്നു. അകലങ്ങളില്‍ ആരോ പറഞ്ഞുകേട്ടിരുന്ന ആളുകളെ കൂടാതെ അടുത്തും സുഹൃദ് വലയങ്ങളിലും പോസിറ്റീവ് ആണെന്ന വാര്‍ത്ത അറിയാതെ മനസില്‍ നെഗറ്റീവ് ചിന്തകള്‍ വിതറാന്‍ ശ്രമിക്കുന്നുണ്ട്. ആര്‍ക്കും തടുക്കാനാവാതെ കോവിഡ് ലോകം മുഴുവന്‍ സംഹാരതാണ്ഡവം ആടുമ്പോള്‍ പടിവാതില്‍ക്കല്‍ എത്തിയോ എന്നൊരാളല്‍ തലച്ചോറിലൂടെ പുളിച്ചു കയറുന്നു.
ഉണര്‍ന്നിരിക്കുന്ന നേരമൊക്കെയും ഒതുക്കലും ഒരുക്കലും ഒക്കെയായി തിരക്കിലാണെങ്കിലും ഒപ്പമുള്ളവരെ ഒറ്റപ്പെടുത്താതെ ഒരാല്‍മരമായി ഉയര്‍ന്നു നില്‍ക്കണം ഓരോ പെണ്ണകങ്ങളും. മാറുന്ന കാലത്തെയോര്‍ത്ത് മാനസികമായി തകര്‍ന്നിരിക്കുന്ന നാഥന്മാര്‍ക്ക് സമാശ്വാസം പകരാനും മക്കളെ മാറോട് ചേര്‍ത്ത് ഈ മഹാമാരി ഇല്ലാതാകുന്ന ഒരു കാലത്തിലേക്ക് സ്വപ്‌നങ്ങളാല്‍ നൂല്‍ പാലം കെട്ടാനും വീട്ടുകാരി ഒരുങ്ങി ഇറങ്ങുക തന്നെ വേണം. വ്യക്തി ശുചിത്വത്തിന്റെയും മാനസിക ഇഴയടുപ്പങ്ങളുടെയും ബാലപാഠങ്ങള്‍ ആ കുഞ്ഞു മനസുകളിലേക്ക് നല്‍കി ഒരിത്തിരി സമയം എങ്കിലും അവരിലൊരാളായി നില്‍ക്കണം.
ഓട്ടപാത്രമാണെങ്കിലും ചോരാതെ കരുതാനുള്ള കഴിവ് ഒരു പെണ്ണിനുണ്ടായാല്‍ ആ കുടുംബം തന്നെ വിജയിച്ചു. ആവശ്യത്തില്‍ കൂടുതല്‍ ആശങ്കകളിലേക്ക് വീഴാതെ അല്ലാഹുവില്‍ ഭരമേല്പിച്ചു അവരെ ആശ്വാസ തീരങ്ങളിലേക്ക് കൈ പിടിച്ചുയര്‍ത്തേണ്ടത് നാമോരോരുത്തരുടേയും കര്‍ത്തവ്യമാണ്.
സ്രഷ്ടാവ് ഒരിക്കലും അവന്റെ സൃഷ്ടികളെ ബുദ്ധിമുട്ടിക്കില്ലെന്നത് എത്ര ശരിയാണ്. ഗാഡ്ജറ്റുകളും ഇന്റര്‍നെറ്റും ഒന്നും ഇല്ലാതിരുന്ന ഒരു കാലത്തായിരുന്നു ഈ മഹാമാരി എങ്കില്‍?
ഓണ്‍ലൈന്‍ വിദ്യാഭ്യാസവും പര്‍ച്ചേസിംഗും എന്തിനേറെ പണമിടപാടുകള്‍ വരെ കൈവിരല്‍ത്തുമ്പില്‍ ഒരുക്കാവുന്ന ഈ ആധുനിക യുഗത്തില്‍ ഒരിത്തിരി ക്ഷമയോടെ അകത്തളങ്ങളില്‍ ഇരുന്നാലും റബ്ബിന്റെ തൃപ്തിയേറെയാണ്.
പലതും ഇല്ലാതെയും ജീവിക്കാം എന്ന് നമ്മെ ഈ കാലം പഠിപ്പിച്ചില്ലേ…
പഴമയിലെ പങ്കുവെക്കലിന്റെ പകിട്ടുകള്‍ മനസിലായില്ലേ. പരിധി വിട്ടായിരുന്നു ജീവിതം എന്ന തിരിച്ചറിവും ഉണ്ടായില്ലേ.
അന്നാ കൊറോണക്കാലത്ത് എന്ന് പറഞ്ഞു തുടങ്ങാനുള്ള നല്ലോര്‍മകള്‍ക്കുള്ള നടവഴികളാകണം നമ്മള്‍.
പ്രപഞ്ച നാഥന്റെ ഈ പരീക്ഷണത്തിന് നാമോരോരുത്തരും കാരണക്കാര്‍ ആണെന്ന ഖേദത്തോടെ, കണ്ണീരില്‍ പൊതിഞ്ഞ കരങ്ങള്‍ ആകാശത്തേക്കുയര്‍ത്താം. അല്ലാഹു സ്വീകരിക്കുമെന്ന ആത്മവിശ്വാസത്തോടെ പുതിയ പുലരിയിലേക്കുള്ള പൊന്‍വെളിച്ചങ്ങള്‍ ആകാം.

Share this article

About റുബീന സിറാജ് റിയാദ്

View all posts by റുബീന സിറാജ് റിയാദ് →

Leave a Reply

Your email address will not be published. Required fields are marked *