ഒഴുക്കു നിന്ന കാഴ്ചകള്‍

Reading Time: 2 minutes

ഭക്ഷണാനുഭവം മുതലുള്ള
ആസ്വാദനങ്ങളെല്ലാം
നിലക്കുന്ന പ്രവാസ കാഴ്ചകള്‍

സൈനബ് അബ്ദുറഹിമാന്‍ റിയാദ്

കൊറോണയെന്ന മഹാമാരി ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന സമയത്ത് പ്രവാസലോകത്ത് വലിയ ആശങ്കയൊന്നും ഉണ്ടായിരുന്നില്ല. അവിടം കൊണ്ട് അവസാനിക്കുമെന്ന് തന്നെയാണ് കരുതിയത്. പിന്നെ പാത്തുമ്മയുടെ ആടും ഖസാക്കിന്റെ ഇതിഹാസവും കമലയുടെ നെയ്പായസവുമൊക്കെ ലോക്ഡൗണില്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ നമുക്കും ഒന്ന് ആസ്വദിച്ചു നോക്കാമല്ലോ എന്ന് സമാധാനിച്ചിരിക്കുമ്പോഴാണ് ഈ മഹാമാരി ഗള്‍ഫിലും വില്ലനാകുന്നത്.
മാര്‍ച്ച് രണ്ടിനാണ് സഊദി അറേബ്യയില്‍ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവരുന്നത്. ഇറാനായിരുന്നു അതിന്റെ സ്രോതസ്. ആദ്യമൊക്കെ ചെറിയ കണക്കുകളായിരുന്നുവെങ്കില്‍ പിന്നീടത് വലിയ സംഖ്യകളിലേക്ക് നീണ്ടുപോകുന്നത് കണ്ടപ്പോള്‍ മനസിന്റെ താളം മാറിത്തുടങ്ങി. സാധാരണ വൈറല്‍ പനി വന്നാല്‍ പോലും കൊറോണയാണോ എന്ന പേടി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഖത്തറിലുള്ള ഒരു കൂട്ടുകാരി പങ്കുവെച്ച ആശങ്ക അതിലേക്ക് എളുപ്പം കൂട്ടുകയും ചെയ്തു. കോവിഡിന്റെ ലക്ഷണങ്ങളില്‍ ശ്വാസതടസം നേരിടുമെന്ന് കേട്ടപ്പോള്‍ തുടങ്ങിയതാണ് ശ്വാസം കിട്ടാതിരിക്കുന്നോ എന്നൊരു ഭയം. എങ്ങനെയെങ്കിലും ഒന്ന് നാട്ടിലെത്തിയാല്‍ മതിയായിരുന്നു എന്നാണ് കക്ഷിയുടെ ആവലാതി. സാധാരണയായി ചെറിയൊരു അസുഖം വരുമ്പോഴേക്ക് നാടിനെ ഓര്‍ക്കുന്ന പ്രവാസി ഈ മഹാമാരിയുടെ കാലത്ത് എങ്ങനെയെങ്കിലും ഒന്ന് നാടണയാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ചിന്തിക്കുന്നതില്‍ അദ്ഭുതമൊന്നുമില്ല. പ്രവാസലോകത്ത് എത്ര സൗകര്യങ്ങളില്‍ ജീവിക്കാന്‍ സാധിച്ചാലും പ്രവാസിയുടെ സ്വപ്‌നം നാടുതന്നെയാണ്. ഇടിവെട്ടിയവനെ പാമ്പു കടിച്ചപോലെയാണ് ഇപ്പോഴത്തെ അവസ്ഥ. ഇവിടെ നിന്നാല്‍ രോഗം ബാധിക്കുമോ, നാട്ടില്‍ പോകാന്‍ ഒരവസരം ഒത്തുവന്നാല്‍ തന്നെ തിരിച്ചുവരാന്‍ സാധിക്കുമോ? തിരിച്ചു വന്നാല്‍ ജോലി തിരിച്ചുകിട്ടുമോ ഇങ്ങനെ പോകുന്നു ആശങ്കകള്‍.
പതിനഞ്ചു വര്‍ഷത്തിലധികമായി ഗള്‍ഫിന്റെ ചൂടുംചൂരും അറിയാന്‍ തുടങ്ങിയിട്ട്. ആദ്യമായിട്ടാണ് നിശ്ചലമായ റോഡുകളും അടഞ്ഞുകിടക്കുന്ന വ്യാപാരസ്ഥാപനങ്ങളും കണ്മുന്നില്‍ കാണുന്നത്. പള്ളികളില്‍ ബാങ്കുവിളികളില്ല. ഖുര്‍ആന്‍ പാരായണങ്ങളില്ല. എല്ലാം നിശ്ചലം. ആത്മീയ അനുഭൂതിയുടെ മധുരത്തിനൊപ്പം ബാച്ചിലേഴ്‌സിന് കൊശിയുടെ കാലവും കൂടിയാണ് ഗള്‍ഫിലെ റമളാന്‍ മാസം. മുക്കിലും മൂലയിലുമുള്ള ഏത് പള്ളിയിലും മഗ്‌രിബ് ബാങ്ക് വിളിക്കുന്നതിന് മുമ്പ് തന്നെ വിഭവ സമൃദ്ധമായ ഭക്ഷണങ്ങള്‍ അണിനിരന്നിരിക്കും. വയര്‍ നിറയെ കഴിക്കുന്നതിനൊപ്പം ബാക്കിവരുന്നത് പൊതിയാക്കി കൊണ്ടുപോകുകയും ചെയ്യാം. എന്നാല്‍ ഈ വ്രതകാലം പ്രവാസിക്ക് സമ്മാനിക്കുന്നത് വറുതിയാണ്. പല സന്നദ്ധ സംഘടനകളുടെയും ഭക്ഷണ കിറ്റ് കൊണ്ടാണ് പലരും ചെറിയരീതിയില്‍ കഴിഞ്ഞുകൂടുന്നത്. സമ്പല്‍ സമൃദ്ധിയുടെ മടിത്തട്ടില്‍ കഴിഞ്ഞിരുന്ന പല പ്രവാസി കുടുംബങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. വിശേഷങ്ങള്‍ തിരക്കുന്ന കൂട്ടത്തില്‍ ഒരു കൂട്ടുകാരിയുടെ സങ്കടം അറിയാതെ പുറത്ത് വന്നുപോയതാണ്. റമളാന്‍ എങ്ങനെയെങ്കിലും തട്ടിമുട്ടി മുന്നോട്ട് പോകും. അതുകഴിഞ്ഞാല്‍ എങ്ങനെ കഴിയും! ഷോപ്പ് അടച്ചിട്ടിരിക്കുകയല്ലേ, വാടക കൊടുക്കണ്ടേ!?
ലോക്ഡൗണ്‍ പ്രതിസന്ധികള്‍ക്കിടയില്‍ തീന്‍മേശകളില്‍ വിഭവങ്ങള്‍ കുറവാണെങ്കിലും ഭര്‍ത്താവിനിപ്പോള്‍ മനസ് തുറന്ന് സംസാരിക്കാന്‍ സമയം കിട്ടുന്നുണ്ട്. കുട്ടികളെ ചേര്‍ത്ത് പിടിച്ച് ഉമ്മ വെക്കുമ്പോള്‍ ലഭിക്കുന്ന അനുഭൂതി മക്കളിപ്പോള്‍ നന്നായി ആസ്വദിക്കുന്നുമുണ്ട്. കുടുംബിനികള്‍ക്ക് നിന്ന് തിരയാന്‍ സമയമില്ലെന്ന പരാതിയാണെവിടെയും. മൊബൈല്‍ഫോണുകളുടെയും ലാപ്‌ടോപ്പുകളുടെയും അവസ്ഥ തഥൈവ. അതെങ്ങനെയാണ് അവറ്റകള്‍ക്ക് വല്ലപ്പോഴും റെസ്റ്റ് കൊടുക്കാന്‍ പറ്റുന്നുണ്ടോ? കുട്ടികള്‍ക്കാണെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസ്, ഭാര്യ-ഭര്‍ത്താക്കന്മാര്‍ക്ക് ആത്മീയ-സംഘടന ക്ലാസ്സ്, സാമൂഹിക ഉദ്‌ബോധന ക്ലാസുകള്‍ ഇങ്ങനെ സൂം ക്ലാസുകള്‍ നിറയുന്നു. ഇതിനുപുറമേയാണ് ഓണ്‍ലൈന്‍ മത്സര പരിപാടികള്‍. ഇതല്‍പ്പം അതിരുകടക്കുന്നില്ലേ. അതുകൊണ്ടല്ലേ ഖസാക്കിന്റെ ഇതിഹാസവും കമലയുടെ നെയ്പായസവുമൊക്കെ ലോക്ഡൗണ്‍ വെള്ളത്തില്‍ പകുതിവായിച്ചപ്പോള്‍ തന്നെ മുങ്ങിപ്പോയത്. റമളാന്‍ രാവുകളില്‍ ഇത്തരം പരിപാടികള്‍ ഇബാദത്തിന് ഭംഗം വരുത്തിയുട്ടുണ്ടോ എന്നും കുടുംബിനികള്‍ ആലോചിക്കേണ്ടതുണ്ട്.
ഒരു സൂക്ഷ്മാണുവിന് മുന്നില്‍ നിസാരനായി പോയ മനുഷ്യന് ലോക് ഡൗണ്‍ വലിയൊരു പാഠമാണ് നല്‍കുന്നത്. ഇടക്കിടക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍ കയറിയിറങ്ങിയിരുന്നത്, മാളുകളില്‍ നിന്ന് ഷോപ്പിംഗ് കാര്‍ട്ടില്‍ നിറച്ചിരുന്നത്, ഓഫറുകളില്‍ കണ്ണ് മഞ്ഞളിച്ചുപോയത്, ബ്രോസ്റ്റും ഷവര്‍മ്മയും പിസ്സയുമൊക്കെ ഇടതടവില്ലാതെ കഴിച്ചിരുന്നത്, ഇ തിനൊക്കെ പുറമെ നാളേക്ക് ഒരു കരുതിവെപ്പ് അത്യാവശ്യമാണെന്ന് ലോക്ഡൗണ്‍ നമ്മെ പഠിപ്പിച്ചുകഴിഞ്ഞു.
എന്റെ പിതാവ് പകര്‍ന്നുതന്ന ഒരു അനുഭവം ഈ മഹാമാരികാലത്ത് പ്രചോദനമാണ്. വര്‍ഷങ്ങള്‍ക്കപ്പുറം നാട്ടില്‍ പടര്‍ന്നു പിടിച്ച വസൂരി എന്റെ പിതാവിനെയും പിടികൂടി. ഇന്നത്തെ ആശുപത്രികളോ ആധുനിക മാര്‍ഗങ്ങളോ ഇല്ലാത്ത അന്ന് എന്റെ ഉമ്മതന്നെയായിരുന്നു മുന്‍കരുതലുകളെടുത്തു രോഗം സുഖപ്പെടുന്നതുവരെ അവരെ പരിചരിച്ചത്. വസൂരി വന്നാല്‍ മരണം മുന്നില്‍ കണ്ടിരുന്ന കാലത്ത് അതൊരു അദ്ഭുതമായിരുന്നെന്ന് അവര്‍ ഓര്‍ത്തെടുക്കുന്നു. ഇന്നത്തെ ക്വാറന്റൈന്‍ സംവിധാനം തന്നെയായിരുന്നു അന്നും അനുവര്‍ത്തിച്ചത്. മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാനും സ്വയം രോഗത്തില്‍ ചെന്ന് ചാടാതിരിക്കാനും അത് അത്യാവശ്യമാണ്. മരണത്തെ മുഖാമുഖം കാണുമ്പോഴും കര്‍മനിഷ്ഠ മുറുകെ പിടിക്കുകയായിരുന്നു. കൊവിഡ് കാല ഓര്‍മകള്‍ നമ്മെ നയിക്കട്ടെ!.

Share this article

About സൈനബ് അബ്ദുറഹിമാന്‍ റിയാദ്

View all posts by സൈനബ് അബ്ദുറഹിമാന്‍ റിയാദ് →

Leave a Reply

Your email address will not be published. Required fields are marked *