ഓര്‍ത്തില്ലാതാവുന്ന ദൂരങ്ങള്‍

Reading Time: < 1 minutes

പ്രവാസനോവിന് ഇരട്ടിവേദനയാണ്
കോവിഡ് കാലത്ത്. ഇരുധ്രുവങ്ങളില്‍ ഒറ്റപ്പെട്ടവരുടെ
കൂടിച്ചേരല്‍ കിനാവുകള്‍

മുംതാസ് ഹമീദ് പള്ളപ്പാടി

ഒരു ശരാശരി മനുഷ്യന്‍ ഓര്‍ത്തെടുക്കാന്‍ ഏറ്റവും ഇഷ്ടപ്പെടുക അവന്റെ നല്ല ഓര്‍മകളായിരിക്കും. നല്ല അനുഭവങ്ങളാണ് നല്ല ഓര്‍മകളായി സൂക്ഷിക്കുക. ഇനി അടുത്ത കാലത്തൊന്നും ഈ കോവിഡ് കാലത്തെ അനുഭവങ്ങളെപ്പോലെ ഓര്‍ത്തെടുക്കാന്‍ മറ്റൊന്ന് ഉണ്ടാവില്ല.
സോഷ്യല്‍ മീഡിയകളില്‍ ധാരാളമായി വന്നുപോയതാണ് ഈ ലോക്ഡൗണ്‍ കാലത്തെ ജീവിത കഥകള്‍.
ജീവിതത്തിന്റെ നല്ലൊരു ഒഴിവ് സമയമായി നല്ല രീതിയില്‍ ചെലവഴിക്കാനായവന്‍ ഭാഗ്യവാന്‍ എന്നു പറയാം. പല കുടുബ ജീവിതത്തിലും തെറ്റിദ്ധാരണകള്‍ മാറ്റി തമ്മില്‍ മനസിലാക്കാനും നല്ലൊരു ദാമ്പത്യ ജീവിതത്തിന്നും ഈ കോവിഡ് കാലം ഉപകാരപ്പെട്ടിട്ടുണ്ടാവാം. ജോലികളും പ്രാരാബ്ധങ്ങളുമായി അകന്ന് കഴിയേണ്ടി വന്നവര്‍ക്കും കുടുംബമൊന്നിച്ച് ജീവിതമാസ്വദിക്കാനും നല്ലൊരു അവസരവും ലഭിച്ചു. പക്ഷേ കുടുംബത്തിന്റെ അന്നം തേടി കടലിന്നക്കര കഴിയുന്ന പ്രവാസികളും അവരുടെ കുടുംബവും പ്രതിസന്ധികള്‍ താണ്ടികൊണ്ടിരിക്കുന്നു. കുടുംബവുമായി അകന്ന് കഴിയേണ്ടി വന്നതിന്റെ മാനസിക സമ്മര്‍ദം ഊഹിക്കാവുന്നതിലും അപ്പുറത്താണ്. കോവിഡ് ഭീതിയിലിരിക്കെയും എല്ലാ വിഷമങ്ങളും മനസിലൊതുക്കി അവര്‍ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടായിരുന്നുവെങ്കിലും അവരുടെ വിങ്ങലുകള്‍ സമൂഹ മാധ്യമങ്ങളില്‍ പതിവുകാഴ്ചകളായിരുന്നല്ലോ. ഒരു നേരത്തെ അന്നത്തിനു വേണ്ടി പോലും ഉള്ള പ്രവാസിദുരിതങ്ങളുടെ നേര്‍ക്കാഴ്ചകളെത്രയാണ് നാം കണ്ടത്! മനസിലെ വിഷമങ്ങള്‍ക്ക് പരിഹാരം റബ്ബിന്റെ മുന്നില്‍ തേടാന്‍ മാത്രമാണ് വിധി.
തന്റെ പ്രിയതമന് പ്രാര്‍ഥിക്കുന്ന ഭാര്യ, ഉപ്പക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന മക്കള്‍, മക്കള്‍ക്കായി പ്രാര്‍ഥിക്കുന്ന മാതാപിതാക്കള്‍, കൂടപ്പിറപ്പുകള്‍ക്കായി പ്രാര്‍ഥിക്കുന്ന സഹോദരങ്ങള്‍, ഇതൊക്കെയേ ഏതൊരു പ്രാവാസി വീട്ടുകാര്‍ക്കും കോവിഡ് കാലത്തെ അനുഭവക്കുറിപ്പുകളില്‍ ചേര്‍ക്കാനുണ്ടാവുക.
ഇതിന്നിടയിലും മക്കളുമൊത്ത് കൂട്ട് കൂടാനും അവരിലെ കലാവാസനകള്‍ക്ക് ജീവന്‍ നല്‍കാനും ഈ കോവിഡ് കാലം ഉപയോഗപ്പെടുത്താന്‍ സാധിച്ചു.
അനുഭവത്താളുകളില്‍ ചേര്‍ക്കപ്പെടേണ്ട ഒന്നാണ് ഈ വര്‍ഷത്തെ നോമ്പ് കാലം. പുരുഷന്മാര്‍ക്ക് പള്ളികളും ഇഅ്തികാഫുകളും നഷ്ടപ്പെട്ടെങ്കിലും സ്ത്രീകള്‍ക്ക് നല്ല നിലയില്‍ ഉപയോകപ്പെടുത്താന്‍ ഈ ലോക്ഡൗണ്‍ കാരണമായി. ജമാഅത്തായുള്ള നിസ്‌കാരങ്ങളും മൗലിദ്, ദുആ മജ്‌ലിസുകളും ലൈവുകളിലൂടെയുള്ള പ്രാര്‍ഥനാ മജ്‌ലിസുകളും എല്ലാം കൊണ്ടും റമളാന്‍ ധന്യമായി.
ഈ കോവിഡ് കാലം ഒരുപാട് നല്ലപാഠങ്ങള്‍ നല്‍കിയതോടൊപ്പം നല്ല ഓര്‍മകളും സമ്മാനിച്ചു. പക്ഷേ എങ്കിലും പ്രിയരെ ഓര്‍ത്തുള്ള സങ്കടങ്ങളുമായി അവരുടെ വരവും കാത്തിരിപ്പാണിപ്പോള്‍ കടലിനിക്കരെയുള്ള ഓരോ പ്രവാസിഭാര്യയും.

Share this article

About മുംതാസ് ഹമീദ് പള്ളപ്പാടി

View all posts by മുംതാസ് ഹമീദ് പള്ളപ്പാടി →

Leave a Reply

Your email address will not be published. Required fields are marked *