പൊട്ടിപ്പോകുന്ന പ്രണയനൂല്‍

Reading Time: 2 minutes

വിവാഹ മനോഹാരിതയെ
കെടുത്തിക്കളയുന്ന പ്രണയ വിവാഹത്തിന്റെ
കെട്ടുനൂലഴിക്കുന്നു.

ഇ.വി അബ്ദുറഹ്മാന്‍
evrahman@gmail.com

ഇന്ന് കാണുന്ന പ്രണയ വിവാഹങ്ങളുടെ കാതല്‍ മറ്റൊരാളുടെ വിഭവങ്ങളെ സമ്മതമില്ലാതെ തട്ടിയെടുക്കുക, അധീനതയിലാക്കുക എന്നതാണ്. കുറ്റകൃത്യങ്ങള്‍ക്ക് അല്ലാഹുവിന്റടുക്കല്‍ ശിക്ഷ ലഭിക്കുന്നു. അന്യന്റെ സ്വത്ത് അപഹരിക്കുക, അന്യന്റെ തോട്ടത്തില്‍ അനുമതിയില്ലാതെ പ്രവേശിക്കുക, അന്യന്റെ മക്കള്‍ക്കുമേല്‍ സമ്മതമില്ലാതെ ആധിപത്യം സ്ഥാപിക്കുക തുടങ്ങിയവ അതില്‍ ചിലതാണ്. പ്രത്യേകിച്ച്, പെണ്‍കുട്ടികളുടെ പിതാക്കള്‍ക്ക് വലിയ്യ് എന്ന സ്ഥാനമാണ് ഇസ്‌ലാം നല്‍കുന്നത്. അവരുടെ സുരക്ഷക്കായി അല്ലാഹു ഒരുക്കിക്കൊടുത്ത ഏറ്റവും നല്ല മാര്‍ഗമാണത്. ഈ മാര്‍ഗത്തിന്റെ അടിസ്ഥാനത്തില്‍ അവരുടെ ഉത്തരവാദിത്വ ബോധവും അനന്തര ബോധ്യവും പിതാവില്‍ കൂടുതല്‍ അടിയുറച്ചു നിര്‍ത്തുന്നു.
ഒരു വിവാഹാലോചന വരുമ്പോള്‍ സാധാരണഗതിയില്‍ കുടുംബമാണ് ആദ്യം ചെന്നു കാണുക. അവര്‍ അവരുടെ സമൂഹത്തില്‍ ജീവിച്ചു വരുന്ന അവരുടേതായ ഒരു സ്റ്റാറ്റസ്‌കോ നിലനിര്‍ത്താന്‍ മറ്റുള്ളവര്‍ക്കും സാധിക്കുമോ എന്ന അന്വേഷണമാണ് നടക്കുക. വിശ്വാസ, കര്‍മ, ചിന്താപരമായും സാമ്പത്തികമായുമുള്ള ഈ തുലനാവസ്ഥ വളരെ പ്രധാനമാണ്. സാമ്പത്തികമായി ഉയര്‍ന്ന ജീവിതം നയിക്കുന്ന ഒരു പെണ്‍കുട്ടിയെ താഴ്ന്ന സാമ്പത്തിക നിലവാരത്തില്‍ ജീവിക്കുന്ന ഒരു കുടുംബത്തിലേക്ക് കൂട്ടിക്കൊണ്ടു വരുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ നമുക്കൂഹിക്കാം. ഇതിന്റെ ഏത് രൂപവും സാമൂഹിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് സാമൂഹിക തുലനവും നിലവാരവും വിവാഹത്തില്‍ ഏറെ പ്രധാനമാണ്. വിശ്വാസ തുലനമാണ് ഏറ്റവും പ്രധാനം. ബിദ്അത്തുകാരും സുന്നികളും തമ്മിലുള്ള വിവാഹമാണ് ഏറ്റവും അപകടകരമായത്. വിശ്വാസമാണ് മനുഷ്യനെ എല്ലാ നിലക്കും വഴിനടത്തുന്നത്. ബിദഈ പ്രസ്ഥാനവും അഹ്‌ലുസ്സുന്നയും ഒരിക്കലും ചേരില്ല. അവിശ്വാസികളും അവിശ്വാസിനികളും നിങ്ങളെ ക്ഷണിക്കുന്നത് നരകത്തിലേക്കാണ് എന്നത് പോലെയുള്ള ഒരര്‍ഥ കല്പന അവിടെയുമുണ്ട്. വിശ്വാസം പിഴച്ചവരിലേക്ക് നിങ്ങള്‍ ചേരുകയോ അവരെ നിങ്ങള്‍ ക്ഷണിച്ചുവരുത്തുകയോ ചെയ്താല്‍ അത് പരസ്പര നാശത്തിന്റെ ഹേതുവാകുമെന്നതില്‍ സംശയമില്ലല്ലോ.
സാമൂഹിക സന്തുലിതാവസ്ഥ മറികടന്നുകൊണ്ടുള്ള ആദ്യ ആക്രമണമാണ് പ്രണയ വിവാഹം. അഞ്ചംഗങ്ങളുള്ള കുടുംബത്തിലേക്ക് നാലംഗങ്ങളുടെ സമ്മതമില്ലാതെ കടന്നുവരുമ്പോള്‍ അല്ലെങ്കില്‍ തീരെ താത്പര്യമില്ലാത്ത ഒരു കുടുംബത്തിലേക്ക് ഒരു ചെറുക്കന്‍ വന്നുകയറുമ്പോഴുള്ള ദുരവസ്ഥ ഒന്നാലോചിച്ചു നോക്കൂ. ആ ദുരന്തങ്ങളെ തൃണവത്ഗണിച്ചു കൊണ്ടുള്ള ധിക്കാരഭാവം എത്രമേല്‍ അപകടകമാണ്. ഭക്ഷണം, ശരീരം, കിടപ്പാടം എന്നിവയെല്ലാം തനിക്കിഷ്ടമില്ലാത്തയിടത്ത് അഥവാ, സമൂഹികമായി വകവെച്ചു നല്‍കാത്ത ഒരു കേന്ദ്രത്തില്‍ പോയി ഒരു ആണും പെണ്ണും ഒരുമിച്ചു ജീവിക്കേണ്ടി വരുന്ന സാഹചര്യം എന്തിന്റെ പേരിലായിരുന്നാലും അപകടകരമായിരിക്കും. സാമൂഹിക തുലനാവസ്ഥയും സന്തോഷാവസ്ഥയും കാലക്രമേണ ഒരുപക്ഷേ, കൈവരിക്കാന്‍ സാധിച്ചെന്നിരിക്കാം. അതിനെക്കാള്‍ ഗുരുതരമായ മറ്റൊരു പ്രശ്‌നം മാതാപിതാക്കളുടെ ശാപമാണ്.
ഒരു പെണ്‍കുട്ടി മറ്റൊരാളോട് പ്രണയത്തിലാണെന്നറിഞ്ഞാല്‍ ആ ഉമ്മ മറ്റൊന്നും ചിന്തിക്കുന്നില്ല, നാഥനിലേക്ക് കൈയും ഉയര്‍ത്തി പ്രാര്‍ഥിക്കുന്നു, ‘റബ്ബേ, എന്റെ മകളെ ഉപദ്രവിക്കാന്‍, തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നവരെ നീ നശിപ്പിക്കേണമേ.’ ഒരു കാലത്ത് കാമുകന്‍ ഈ പെണ്‍കുട്ടിയെ മറ്റൊരു തരത്തില്‍ സ്വന്തമാക്കിയാല്‍ പോലും ഈ ശാപത്തിന്റെ പ്രതിഫലനം ജീവിതത്തിലുണ്ടാകും. ശാപത്തിന്റെ ശക്തി വലുതാണ്. ഉഗ്രശാപം ആര്‍ക്കും തടയാനാകാത്ത വജ്രായുധമാണ്.
കണ്ണേറും കരിനാവുമെല്ലാം അതില്‍ പെ~ട്ടതാണ്. മനുഷ്യനെ സൃഷ്ടിക്കുമ്പോള്‍ അല്ലാഹു നല്‍കുന്ന ചില കഴിവുകളാണിവ. മറ്റുള്ളവര്‍ക്ക് ഉപകാരമോ ഉപദ്രവമോ ആകാമിതിന്റെ പ്രയോഗഫലം. അതുകൊണ്ടാണ് അതില്‍ നിന്ന് കാവല്‍ ചോദിക്കാന്‍ അല്ലാഹു ഉല്‍ബോധിപ്പിക്കുന്നത്. തന്റെ മകള്‍ അന്യനൊരുത്തനുമായി പ്രണയത്തിലാണെന്നറിയുമ്പോള്‍ മാതാപിതാക്കളില്‍ നിന്നുണ്ടാക്കുന്നത് ഈ ശാപമാണ്. അത് ആര്‍ക്കും തടയാനാവില്ല.
മാതൃ പുത്ര ബന്ധത്തിന്റെ അതിസുന്ദരമായ ആവിഷ്‌കാരമാണ് ഇടശ്ശേരിയുടെ പൂതപ്പാട്ട്. ഉണ്ണിയെ തട്ടിയെടുത്ത് ഭൂതം അമ്മയോട് പറഞ്ഞു, രണ്ട് കണ്ണുകള്‍ തന്നാല്‍ ഉണ്ണിയെ നല്‍കാം. നൊന്തുപെറ്റ ആ അമ്മ, അകക്കണ്ണു കൊണ്ട് മകനെ തിരിച്ചറിയാവുന്നതുകൊണ്ട് ഭൂതത്തിന് കണ്ണുകള്‍ നല്‍കി. രണ്ടു കണ്ണുകളുമില്ലാത്ത അമ്മക്കെന്തിന് ഉണ്ണിയെ കൊടുക്കണം? അമ്മക്ക് ഒരു ഡ്യൂപ്ലിക്കേറ്റ് ഉണ്ണിയെ നല്‍കാമെന്ന് ഭൂതം വിചാരിച്ചു. മൂര്‍ധാവു മുതല്‍ കാല്പാദം വരെ തഴുകി ആ അമ്മ ഉഗ്രശാപത്തിനായി കൈകള്‍ ഉയര്‍ത്തി. ‘ഇതെന്റെ കുഞ്ഞല്ല! ഞാനിതാ നിന്നെ ശപിക്കാന്‍ പോകുന്നു.’
പ്രണയത്തിന് ആണ്‍കുട്ടികള്‍ പറയുന്ന ഒരു ന്യായം, പെണ്ണ് ഇങ്ങോട്ട് തേടി വന്നതെന്നാണ്. ഒരുപക്ഷേ ആവാം. നിങ്ങളുടെ അഴകിലും ആവിഷ്‌കാരത്തിലും മനസുടക്കി മൃദുമനസാലെ പെണ്‍കുട്ടി നിങ്ങളെ തേടിവന്നേക്കാം. പക്ഷേ അതൊരു ന്യായമായെടുക്കരുത്.പകരം പെണ്ണിന്റെ നിഷ്‌കളങ്കതയും മൃദുലചിത്തവും പറഞ്ഞുബോധ്യപ്പെടുത്തി ‘സ്‌നേഹത്തോടെ’ നിരസിക്കുന്ന ആണ്‍കുട്ടികളാണ് നമുക്ക് വേണ്ടത്. പിന്നീട് നമ്മുടെ പെണ്‍മക്കളും സമാന അനുഭവത്തിനിരയായാലോ എന്നാരും ആലോചിക്കുന്നില്ല. ക്ലിനികല്‍ കൗണ്‍സിലിംഗോ മറ്റോ ഉപയോഗപ്പെടുത്തി കൗമാരപ്രായത്തിലേ മക്കളെ പാകപ്പെടുത്താന്‍ ഉത്തരവാദപ്പെട്ടവര്‍ ശ്രദ്ധിക്കണം.

Share this article

About ഇ.വി അബ്ദുറഹ്മാന്‍

View all posts by ഇ.വി അബ്ദുറഹ്മാന്‍ →

Leave a Reply

Your email address will not be published. Required fields are marked *