ഇമാം ശഅ്‌റാനി വലിയ ജീവിതം

Reading Time: 2 minutes

പതിനാറാം നൂറ്റാണ്ടില്‍ ഈജിപ്തിലെ ഏറ്റവും പ്രസിദ്ധരായ എഴുത്തുകാരില്‍ ഒരാളായിരുന്നു ഇമാം ശഅ്‌റാനി (റ). നിയമം, ദൈവശാസ്ത്രം, ഈജിപ്തിലെ സൂഫി ചരിത്രം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ ഇമാം ശഅ്‌റാനിക്ക് (റ)രചനകളുണ്ട്. ഈജിപ്തിലെ ശാഫി കര്‍മശാസ്ത്ര പണ്ഡിതനായ ഇമാം ശഅ്‌റാനിക്ക് നാല് മദ്ഹബിലും അവഗാഹമുണ്ടായിരുന്നു.

ജനനം,
ജീവിതം
1491ല്‍ (ഹി 898 റമളാന്‍ 27) മിസ്‌റിലെ ഫാല്‍കന്തയിലാണ് ജനനം. അബ്ദുല്‍ വഹാബ് ഇബ്‌നു അഹ്മദ്ബ്‌നു അലി അല്‍ ശഅ്‌റാനി എന്നാണ് പൂര്‍ണ നാമം. കാര്‍ഷികമേഖലയില്‍ ഉപജീവനമാര്‍ഗം തേടിയ പിതാവ് ശിഹാബുദ്ദീന്‍ അഹ്മദ് സാക്ഷി ഗുമസ്തനായും ജോലി അനുഷ്ഠിച്ചിരുന്നു. പത്തു വയസായപ്പോഴാണ് പിതാവ് വഫാത്താകുന്നത്. ഉമ്മയും നേരത്തേ മരണപ്പെട്ടു. പിന്നീട് സഹോദരന്‍ അബ്ദുല്‍ ഖാദറിന്റെ സംരക്ഷണത്തിലായിരുന്നു വളര്‍ന്നത്. ബുദ്ധിശാലിയും കഠിനാധ്വാനിയുമായിരുന്നു ഇമാം ശഅ്‌റാനി (റ). എട്ടു വയസായപ്പോഴേക്കും ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. ചെറുപ്രായത്തില്‍ തന്നെ ഖുര്‍ആന്‍ മുഴുവന്‍ പാരായണം ചെയ്തു നിസ്‌കരിച്ചിരുന്നു.
ജ്ഞാനം
പന്ത്രണ്ട് വയസ് പ്രായമുള്ളപ്പോള്‍ പഠനാര്‍ഥം കൈറോയിലേക്ക് യാത്രതിരിച്ചു. ജാമിഅ് ആബില്‍ അബ്ബാസില്‍ ഉംദി പള്ളിയിലാണ് പഠനമാരംഭിച്ചത്. കര്‍മശാസ്ത്രം, അറബിഭാഷ, ഉസൂലുല്‍ ഫിഖ്ഹ്, തസ്വവ്വുഫ്, തഫ്‌സീര്‍ തുടങ്ങിയ വിജ്ഞാനങ്ങള്‍ സമ്പാദിച്ചു. കിതാബുല്‍ മിന്‍ഹാജ്, അല്‍ഫിയതുബ്‌നു മാലിക്, ജംഉല്‍ ജവാമിഅ്, ഖവാഇദ് ഇബ്‌നു ഹിഷാം എന്നിങ്ങനെ അനേകം കിതാബുകള്‍ കെയ്‌റോയില്‍ നിന്ന് പഠിച്ചു. ധാരാളം ഉസ്താദ് മാരില്‍ നിന്ന് നിരവധി വൈജ്ഞാനിക ശാഖകളില്‍ അറിവ് നേടിയിരുന്നു. ശാഫീ ഫിഖ്ഹിലെ അബൂ ശുജാഇന്റെ മത്‌ന്, ഹാജുറൂമിയ എന്ന നഹ് വിന്റെ മത്‌ന് തുടങ്ങിയവ ഹൃദ്യസ്ഥമാക്കി. 17 വര്‍ഷത്തെ പഠനശേഷം ഇല്‍മുല്‍ ഹദീസിനോടുള്ള താത്പര്യം കാരണം മദ്‌റസത്തുല്‍ ഉംഖുന്ദിലേക്ക് ചെന്നു. ശേഷം തസവ്വുഫിലേക്ക് പ്രവേശിച്ചു. തസ്വവ്വുഫില്‍ അറിയപ്പെട്ട പണ്ഡിതനായിത്തീര്‍ന്നു. ശാഫി മദ്ഹബില്‍ ഇമാം ശഅ്‌റാനിന്റെ (റ) സേവനങ്ങള്‍ മഹത്തരമാണ്.

സൂഫിസം
ഉസ്താദ് അലി അല്‍ഹവാസില്‍ നിന്നാണ് ഇമാം ശഅ്‌റാനി ആത്മീയജ്ഞാനം ആദ്യം നുകര്‍ന്നത്. ഉസ്താദ് കല്‍പിച്ച മുഴുവന്‍ കാര്യങ്ങളും അനുസരിച്ചു. പക്ഷേ തൃപ്തനായില്ല. തസ്വവ്വുഫിലെ ഒരുപാട് പണ്ഡിതന്മാരെ കണ്ടുമുട്ടുന്നതുവരെ അന്വേഷണം തുടര്‍ന്നുകൊണ്ടേയിരുന്നു. അലി അല്‍ഹവാസ്, അലി അല്‍മര്‍സഫി, മുഹമ്മദ് ഷനാവി എന്നിവരാണ് പ്രധാന ഉസ്താദുമാര്‍. സൂഫിസത്തിന്റെ അടിസ്ഥാനം ശരീഅത്താണെന്ന് ഇമാം ശഅ്‌റാനി (റ) പറയുന്നുണ്ട്. അദ്ദേഹത്തിന്റെ “ത്വബഖാതുല്‍ ഖബ്‌റ’ എന്ന കിതാബിന്റെ തുടക്കത്തില്‍ സൂഫിസത്തിന്റെ അടിസ്ഥാനത്തെ വിവരിക്കുന്നു. കര്‍മശാസ്ത്രപണ്ഡിതന്മാര്‍ക്ക് ശരീഅത്തിന്റെ അഹ്കാമുകള്‍ കണ്ടെത്തുന്നതില്‍ അല്ലാഹു അനുഗ്രഹിക്കുന്നത് പോലെ സൂഫിയാക്കള്‍ക്കും തസ്വവ്വുഫില്‍ അഹ്കാമുകള്‍ സ്വീകരിക്കാനുള്ള ശേഷി അല്ലാഹു നല്‍കുന്നു. അതുപ്രകാരമായിരിക്കും അവര്‍ ജീവിതം നയിക്കുന്നത്. സൂഫിയും ഫഖീഹുമായിരുന്ന ഇമാം ശഅ്‌റാനിയുടെ ഫിഖ്ഹിലെ രചനകളെക്കുറിച്ച് ഇമാം ശാഫിഈ, ഇമാം മാലികി, ഇമാം റംലിയടക്കമുള്ള പണ്ഡിതന്മാര്‍ അദ്ഭുതം പറയുന്നുണ്ട്. വ്യത്യസ്ത വിജ്ഞാനശാഖകളില്‍ മുന്നൂറോളം ഗ്രന്ഥങ്ങള്‍ സംഭാവന ചെയ്തു. അഖീദ, തസവ്വുഫ് തുടങ്ങിയവയില്‍ നിസ്തുലമായ രചനകള്‍ നടത്തി. “മീസാനുല്‍ കുബ്‌റ’ എന്ന കിതാബ് ഏറെ പ്രശസ്തമാണ്. ത്വബഖാതുല്‍ കുബ്‌റ ആത്മീയജ്ഞാനത്തില്‍ മാസ്റ്റര്‍പീസാണ്. തന്‍ബീഹ് അല്‍മുത്തരിദീന്‍, അല്‍അന്‍വര്‍, ഖവാഇദ് അല്‍സൂഫിയ എന്നിവയെല്ലാം അധ്യാത്മജീവിതത്തെ ലക്ഷ്യംവെക്കുന്നു.
മതപരവും സാമൂഹികവുമായ പരിഷ്‌കര്‍ത്താവായിരുന്നു ഇമാം ശഅ്‌റാനി (റ). തൊഴിലില്ലായ്മ ഒഴിവാക്കാന്‍ അക്കാലത്തെ സൂഫികളോട് കഴിയുംവിധത്തിലുള്ള ജോലിചെയ്യാന്‍ ഇമാം ആവശ്യപ്പെട്ടു. തസ്വവ്വുഫിവും ശരിയായ അഖീദയും ഒരുമിച്ചുകൂട്ടിയ ഇമാം ബിദ്അത്തിനെ ശക്തമായി എതിര്‍ത്തിരുന്നു. മികച്ച സൂക്ഷ് മത പുലര്‍ത്തി. ഭക്ഷിക്കാന്‍ ഒന്നുമില്ലാതായപ്പോഴും ആരില്‍ നിന്നും ഒന്നും ആഗ്രഹിക്കാതെ, ആവശ്യപ്പെടാതെ പച്ചില ഭക്ഷിച്ചു. 75-ാം വയസില്‍, കെയ്‌റോയില്‍ ഹി 973 ജുമാദല്‍ ഊലയില്‍ വഫാതായി ■

Share this article

About മുഹമ്മദ് റംഷാദ് പടപ്പേങ്ങാട്

ramshadraku@gmail.com

View all posts by മുഹമ്മദ് റംഷാദ് പടപ്പേങ്ങാട് →

Leave a Reply

Your email address will not be published. Required fields are marked *