സത്യസരണിയിലെ സംശുദ്ധൻ

Reading Time: 3 minutes

ഇറാഖിലെ മെസപ്പൊട്ടോമിയന്‍ നാഗരികതയുടെ കേന്ദ്രത്തില്‍ ടൈഗ്രീസിന്റെയും യൂഫ്രട്ടീസിന്റെയും തീരങ്ങളില്‍ അലയടിക്കുന്ന ഓളങ്ങള്‍ സംഗമിക്കുന്നിടത്ത് വാസ്വിതിന് വടക്കും ബസ്വറക്ക് തെക്കുമായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് ബത്വാഇഹ്. ആടുമേച്ചും പശുക്കളെ വളര്‍ത്തിയും ജീവിതം പുലര്‍ത്തുന്ന അധ്വാനശീലര്‍, യൂഫ്രട്ടീസിലും ടൈഗ്രീസിലും സുലഭമായിരുന്ന മത്സ്യങ്ങള്‍ അന്യദേശത്തേക്ക് കയറ്റി അയച്ചും ബാക്കി വരുന്ന മത്സ്യങ്ങള്‍ ഉണക്കിയെടുത്തു സൂക്ഷിക്കുന്ന തൊഴില്‍നിപുണര്‍, ചെറിയ കുന്നുകള്‍ക്കിടയില്‍ പരന്നുകിടക്കുന്ന വയലേലകളില്‍ നെല്ലും ധാന്യങ്ങളും വിളയിക്കുന്ന കര്‍ഷകര്‍, ജ്ഞാനാത്മാക്കളെ തേടിയിറങ്ങുന്ന വിജ്ഞാനദാഹികള്‍ തുടങ്ങി സമൂഹത്തിന്റെ നിഖില മേഖലകളിലും സമ്പുഷ്ടമായ നാടാണ് ബത്വാഇഹ്. മധ്യകാല ബസ്വറയുടെ സാമ്പത്തിക സ്രോതസായി മാറിയ ഈ ദേശത്തെ ദിഖ്‌ല എന്ന ഗ്രാമത്തിലാണ് ശൈഖ് മന്‍സൂറുസ്സാഹിദ്(റ) താമസിച്ചിരുന്നത്. ആശ്രിതര്‍ക്കും അശരണര്‍ക്കും അഭയകേന്ദ്രമായിരുന്നു ശൈഖ് മന്‍സൂര്‍(റ). അവിടുത്തെ ജ്ഞാനപ്രഭയുടെ കിരണങ്ങള്‍ തേടിയെത്തുന്ന വിജ്ഞാനദാഹികള്‍ പിൽക്കാല സമൂഹങ്ങള്‍ക്ക് താങ്ങും തണലുമായി ജീവിച്ചു.
പ്രിയ ഗുരുവിന് പ്രായം കൂടിക്കൂടിവരുന്നു. ദിഖ്‌ലയിലെ ആയിരക്കണക്കിനു ശിഷ്യന്മാര്‍ മനോവ്യഥയിലാണ്. ആരായിരിക്കും അടുത്ത ഖലീഫ. താനായിരിക്കും ആ ഭാഗ്യവാന്‍ എന്ന് ഒരോരുത്തരും മനസില്‍ മന്ത്രിച്ചു. ആയിടക്കാണ് ഒരു പാവപ്പെട്ട മനുഷ്യന്‍ പഠനശാലയിലെത്തുന്നത്. അയാള്‍ പറഞ്ഞു ശൈഖ് മന്‍സൂര്‍ തങ്ങളുടെ പിന്‍ഗാമി ശൈഖ് അഹ്‌മദ് ആയിരിക്കും. ഭൂമുഖത്തെ നിരവധി സ്ഥലങ്ങള്‍ ഞാന്‍ സൂക്ഷ്മമായി നിരീക്ഷിച്ചു. അതില്‍ നിന്നെല്ലാം വേര്‍തിരിഞ്ഞൊരു ഗ്രാമം ഉമ്മു അബീദയാണ്. പറവകളും ജന്തുക്കളും ആ സ്ഥലം ലക്ഷ്യമാക്കി നീങ്ങുന്നു.
ഈ പാവപ്പെട്ട മനുഷ്യന്റെ വാക്ക് അവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. അവര്‍ ശൈഖ് മന്‍സൂറിന്റെ(റ) അരികില്‍ എത്തി അടുത്ത ഖലീഫ ആരായിരിക്കുമെന്നതിനെ കുറിച്ച് അന്വേഷിച്ചു. ശൈഖ് ആ പാവപ്പെട്ട മനുഷ്യനെ ചൂണ്ടിക്കാണിക്കുകയും അയാള്‍ പറഞ്ഞതാണ് ശരി എന്ന് പ്രഖ്യാപിക്കുകയും ചെയ്തു(ഖിലാദത്തുല്‍ ജവാഹിര്‍). അതോടെ ശൈഖ് മന്‍സൂറുല്‍ ബത്വാഇഹിന്റെ(റ) പിന്‍ഗാമി ശൈഖ് അഹ്‌മദ് ആയിരിക്കുമെന്ന് പുറംലോകമറിഞ്ഞു.
സഹോദരി പുത്രനായ ശൈഖ് അഹ്‌മദിനേക്കാള്‍ യോഗ്യത സ്വന്തം പുത്രന്മാര്‍ക്കല്ലേ. അവരില്‍ നിന്ന് ഒരാളെ ഖലീഫയായി നിശ്ചയിക്കണം. കുടുംബത്തില്‍ നിന്നുയര്‍ന്ന ഈ നിര്‍ദേശം ശൈഖ് മന്‍സൂറിന്(റ) സ്വീകാര്യമായില്ല. കുടുംബാംഗങ്ങള്‍ക്ക് കാര്യം ബോധ്യപ്പെടുത്താന്‍ ചില പരീക്ഷണങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. തന്റെ സന്താനങ്ങളെയും മറ്റു കുടുംബാംഗങ്ങളെയും ശൈഖ് അഹ്‌മദിനെയും ഒരു ദിവസം വിളിച്ചുകൂട്ടി. ഓരോരുത്തര്‍ക്കും ഓരോ കത്തിയും ഓരോ കോഴിയും നല്‍കി. എന്നിട്ടു പറഞ്ഞു: എല്ലാവരും ഒരാളുടെയും കണ്ണില്‍ പെടാത്ത, ആരുമില്ലാത്ത പ്രദേശത്ത് പോകണം. അവിടെ വെച്ച് ആ കോഴിയെ അറുത്ത് തിരിച്ചുവരുക. എല്ലാവരും ശൈഖ് മന്‍സൂറിന്റെ(റ) നിര്‍ദേശം ശിരസാവഹിച്ച് വിജന പ്രദേശം തേടി യാത്ര തിരിച്ചു. അധികം വൈകാതെ അവര്‍ അറുത്ത കോഴിയുമായി തിരിച്ചെത്തി. ഒരാളൊഴികെ, ശൈഖ് അഹ്‌മദായിരുന്നു അത്. തന്റെ നിര്‍ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച അഹ്‌മദിനോട് ശൈഖ് മന്‍സൂര്‍(റ) ചോദിച്ചു: ഓ അഹ്‌മദ്, നിങ്ങളെന്തേ കോഴിയെ അറുത്തില്ലേ? ശൈഖ് അഹ്‌മദ് താഴ്മയോടെ പറഞ്ഞു. സയ്യിദവര്‍കളേ, ആരുമില്ലാത്തിടത്തു പോയി ഒരാളുടെയും കണ്ണില്‍പ്പെടാതെ അറുക്കാനാണല്ലോ അങ്ങ് നിര്‍ദേശിച്ചത്. എന്നാല്‍ യജമാനനായ അല്ലാഹുവിന്റെ ദൃഷ്ടിയില്‍ നിന്നകന്ന ഒരു സ്ഥലവും എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. അവന്റെ നിതാന്തമായ ശ്രദ്ധയും നിരീക്ഷണവും ഇല്ലാത്ത ഒരു തുണ്ട് ഭൂമി പോലും ഞാന്‍ കണ്ടില്ല. എല്ലായിടത്തും പരമാധികാരിയായ റബ്ബിന്റെ നോട്ടമുണ്ട്. സര്‍വലോക രക്ഷിതാവായ അല്ലാഹുവില്‍ സര്‍വതും സമര്‍പ്പിച്ച യഥാര്‍ഥ വിശ്വാസിയുടെ കറകളഞ്ഞ വാക്കുകള്‍ കേട്ട് അമ്പരന്നുപോയ കുടുംബത്തോട് ശൈഖ് മന്‍സൂര്‍(റ) പറഞ്ഞു. അല്ലാഹു അവന്റെ അഭീഷ്ടക്കാരെ ഇഷ്ടപ്പെടുന്നു; നിങ്ങള്‍ നിങ്ങളുടെയും.
ആ വിശുദ്ധ വ്യക്തിയാണ് ആധ്യാത്മിക ജ്ഞാനികളുടെ രാജാവ് സുൽത്വാനുല്‍ ആരിഫീന്‍ ശൈഖ് അഹ്‌മദുല്‍ കബീര്‍ രിഫാഈ(റ). ബത്വാഇഹ് പ്രദേശത്തെ ഉമ്മുഅബീദ എന്ന കുഗ്രാമത്തില്‍ പ്രമുഖ പണ്ഡിതനും ഖാരിഉമായിരുന്ന അബുല്‍ ഹസന്‍ അലിയുടെയും(റ) മഹതി ഉമ്മുല്‍ ഫള്ൽ ഫാത്വിമ അന്‍സ്വാരിയ്യയുടെയും(റ) മകനായി ഹിജ്‌റ വര്‍ഷം 500 മുഹർറത്തിലാണ് ശൈഖ് രിഫാഈ(റ) ജനിച്ചത്.
സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മാനവികതയുടെയും മഹിത സന്ദേശങ്ങള്‍ ജീവിതത്തിലൂടെ പഠിപ്പിച്ച തിരുനബിയുടെ(സ്വ) പാരമ്പര്യവും പൈതൃകവും ജീവിതത്തില്‍ മുഴുക്കെയും അനുധാവനം ചെയ്യുന്നവര്‍ മനുഷ്യര്‍ക്കിടയില്‍ നന്മ വിളയിക്കുന്ന വൃക്ഷമായി പടര്‍ന്നു നില്‍ക്കും. ഇതില്‍ കായ്ക്കുന്ന ഫലങ്ങള്‍ മധുരമാര്‍ന്ന സ്വഭാവത്തിന്റെ കഴമ്പുകള്‍ നിറഞ്ഞതാണ്. അത് ഭക്ഷിക്കുന്നവര്‍ സത്യലോകത്തെ തിളങ്ങുന്ന പ്രതിഭകളായി മാറും. ഇത്തരം പ്രതിഭകളെ വളര്‍ത്തിയ നിഷ്‌കളങ്ക പ്രകൃതത്തിനുടമയാണ് ശൈഖ് രിഫാഈ(റ). അവിടുത്തെ സ്വഭാവത്തെ കുറിച്ച് ശൈഖ് മക്കീയ്യുല്‍ വാസിത്വി(റ)പറയുന്നു. ഞാന്‍ ഒരു രാത്രി ശൈഖ് രിഫാഇക്കൊപ്പം(റ) ഉമ്മു അബീദയില്‍ താമസിച്ചു. ആ ഒരൊറ്റ രാത്രിയില്‍ മാത്രം തിരുനബിയുടെ(സ്വ) പാവനസ്വഭാവങ്ങളില്‍ നിന്ന് നാൽപതോളം സല്‍പ്രവര്‍ത്തികള്‍ ഞാന്‍ ശൈഖ് രിഫാഈ തങ്ങളില്‍ കണ്ടു(ഖിലാദത്ത്). ഇത് അവരുടെ അനുധാവനത്തിന്റെ ബാഹ്യരൂപം മാത്രം. അപ്പോള്‍ ആന്തരികമായ അനുധാവനം എത്രയായിരിക്കും. കുടുംബ ബന്ധങ്ങള്‍ പുലര്‍ത്തുക, കരാര്‍ പാലിക്കുക, എതിര്‍ത്തവര്‍ക്ക് ഗുണം ചെയ്യുക, ആക്രമിച്ചവര്‍ക്ക് മാപ്പ് നല്‍കി വിട്ടയക്കുക, വിശക്കുന്നവന് ഭക്ഷണം നല്‍കുക, അഗതികള്‍ക്ക് വസ്ത്രം നല്‍കുക, ജനങ്ങളുടെ സുഖ, ദുഃഖങ്ങളില്‍ പങ്കുചേരുക, തുടങ്ങിയവ ആ മഹദ് ജീവിതത്തിലെ ഏതാനും സ്വഭാവഗുണങ്ങള്‍ മാത്രം. ചെറിയവരെ പോലും ആദര പൂർവം “യാ സയ്യിദീ’ എന്നു വിളിച്ചിരുന്നു. സത്യത്തിന് നിരക്കാത്തത് കണ്ടാല്‍ ആളുകള്‍ക്കിടയില്‍ വച്ച് അപമാനിക്കുന്നതിനു പകരം പരസ്പര ചര്‍ച്ചകളിലൂടെ തെറ്റുകള്‍ തിരുത്തി. ജീവിതത്തിലെ ഓരോ നിമിഷവും പടച്ചവന്റെ മാര്‍ഗത്തിലായിരിക്കണമെന്ന നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്നു ശൈഖ് രിഫാഇക്ക്(റ). നിസ്‌കാര സമയമായാല്‍ പിന്നെ ഭൗതിക വിഷയങ്ങളില്‍ ഏര്‍പ്പെടാറില്ല. ഒരിക്കല്‍ ഭാര്യയോട് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. അപ്പോഴാണ് പള്ളിയില്‍ നിന്നും ബാങ്ക് വിളി കേട്ടത്. ഉടനെ ശൈഖ് രിഫാഈ(റ) പറഞ്ഞു. അല്ലാഹുവിന് നിര്‍വഹിക്കേണ്ട ബാധ്യതയ്ക്കു സമയമായി. ശരീരത്തിന്റെ ബാധ്യതയ്ക്കു ഇനി പ്രാധാന്യമില്ല (ഖിലാദത്ത്). സുബ്ഹി നിസ്‌കാരം കഴിഞ്ഞാല്‍ ളുഹാ വരെ അവിടെ തന്നെ ഇരുന്ന് കരഞ്ഞു പ്രാര്‍ഥിക്കുമായിരുന്നു. അല്ലാഹുവിലുള്ള ഭയം നിമിത്തം സദാ ചിന്തയിലായിരിക്കും.
മിണ്ടാപ്രാണികളോടും സൂക്ഷ്മജീവികളോടും കരുണയോടെയാണ് പെരുമാറിയത്. അവിടുത്തെ ശിഷ്യരില്‍ പ്രമുഖനായ ശൈഖ് മിഖ്ദാം(റ) പറയുന്നത് കാണുക. ശക്തമായ തണുപ്പ് കാരണം ഏറെ ക്ലേശമനുഭവിക്കുന്ന കാലത്ത് ഞാനും സുഹൃത്തും സുബ്ഹി നിസ്‌കാരത്തിനു പള്ളിയിലേക്ക് പുറപ്പെട്ടു. ഞങ്ങള്‍ പള്ളിയിലെത്തിയപ്പോള്‍ ശൈഖ് രിഫാഈ(റ) വുളു എടുത്ത അതേ സ്ഥലത്ത് നില്‍ക്കുന്നു. ഞങ്ങള്‍ വുളു എടുത്ത് കയറി നിസ്‌കാരത്തിനായി ശൈഖ് വരുന്നതും കാത്തിരുന്നു. കുറെ കഴിഞ്ഞിട്ടും കാണാതായപ്പോള്‍ ചെന്നു നോക്കി. തന്റെ ഇരുകൈകളും നീട്ടിപ്പിടിച്ചു നില്‍ക്കുകയാണ്. കൗതുകത്തോടെ അടുത്തേക്ക് ചെന്നപ്പോള്‍ ചോര കുടിച്ചു വീര്‍ത്ത ഒരു കൊതുക് തങ്ങളുടെ കൈക്കുമേല്‍ ഇരിക്കുന്നു. ഞങ്ങളുടെ ചലനം കണ്ട് ആ പ്രാണി പാറിപ്പോയി. ഭക്ഷണം തേടിയെത്തിയ ജീവിയെ ശല്യപ്പെടുത്താതെ ഭക്ഷണം നല്‍കുകയായിരുന്നു ശൈഖ് രിഫാഈ(റ).
സഹനവും ക്ഷമയും വിശ്വാസിയുടെ മുഖമുദ്രയാണ്. കാരുണ്യം കൈമുതലാക്കിയ വിശ്വാസിയാണ് കരുണയുടെ ലോകം പടുത്തുയര്‍ത്തുന്നത്. ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കുമെന്ന തിരുവചനം മനസ്സോടു ചേര്‍ത്തുപിടിച്ചവരാണ് സമാധാനത്തിന്റെ വാഹകര്‍. ശൈഖ് രിഫാഈ(റ) പഠിച്ചതും പഠിപ്പിച്ചതും കരുണയുടെ പാഠങ്ങളാണ്. അത് അവരെ സംശുദ്ധനാക്കി. പ്രവാചകരില്‍ നിന്നും അനുധാവനം ചെയ്ത കാരുണ്യത്തിന്റെ കുളിര്‍ത്തെന്നലേറ്റ നന്മ പാഠങ്ങള്‍ പുതുതലമുറക്കും മാതൃകാപരമാണ് ■

Share this article

About സയ്യിദ് അനസ് ബുഖാരി കൂരിയാട്

tsabukhari@gmail.com

View all posts by സയ്യിദ് അനസ് ബുഖാരി കൂരിയാട് →

Leave a Reply

Your email address will not be published. Required fields are marked *