ആഫ്രിക്കന്‍ ജനതയെ തൂക്കിവിറ്റ കഥ

Reading Time: 2 minutes

പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടക്കം 3.1 ദശലക്ഷം പേർ കച്ചവടച്ചരക്കായി ആഫ്രിക്കയിലെ കമ്പോളത്തിലെത്തി. ആഫ്രിക്ക വലിയ അടിമ രാഷ്ട്രമായി മാറി. അടിമകളായ ആഫ്രിക്കക്കാരുടെ ഇടക്കിടെയുള്ള കലാപങ്ങളും സമരങ്ങളും വെള്ളക്കാര്‍ക്ക് പിടിക്കാത്ത പെരുമാറ്റങ്ങളും ബ്രിട്ടീഷുകാരെ വല്ലാതെ ആശങ്കയിലാക്കി. അടിമ വ്യാപാരവുമായി ബന്ധപ്പെട്ട് 1807ല്‍ ബ്രിട്ടന്‍ നിയമങ്ങള്‍ കൊണ്ടുവന്നു. 1811ലും 1833ലും നിയമത്തില്‍ ചില തിരുത്തലുകള്‍ വരുത്തി. അങ്ങനെ അടിമ വ്യാപാരം പൂര്‍ണമായും നിര്‍ത്തലാക്കി.
ഗിനിയയില്‍ നിന്ന് യാത്ര പുറപ്പെട്ട ഒരു അടിമക്കപ്പലിലാണ് അബോലിഷനിസ്റ്റ് (ഉന്മൂലനവാദി) ഇഗ്‌നേഷ്യസ് സാഞ്ചോയുടെ ജനനം. അവന്റെ രണ്ടാം വയസില്‍ അവനെ വിറ്റു. തുടര്‍ന്ന് പ്രായപൂര്‍ത്തിയാകും വരെ ലണ്ടനില്‍ വീട്ടുജോലിക്കാരനായി നില്‍ക്കാന്‍ നിര്‍ബന്ധിതനായി. ഇരുപതു വയസുള്ളപ്പോള്‍ സാഞ്ചോ ഓടിപ്പോകുകയും വായിക്കാന്‍ പഠിക്കുകയും തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്ന ആദ്യത്തെ കറുത്ത ബ്രിട്ടീഷുകാരനാവുകയും ചെയ്തു. അടിമയായിരുന്ന അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് 1782ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച കത്തുകള്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ചാള്‍സ് ജെയിംസ് ഫോക്‌സിനെ സ്വാധീനിക്കുകയും അടിമ വ്യാപാരം നിര്‍ത്തലാക്കാനുള്ള വഴി ആലോചിക്കുകയും അടിമത്ത വിരുദ്ധ ബില്‍ പാസാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
പക്ഷേ ബ്രിട്ടനെ സംബന്ധിച്ചിടത്തോളം അടിമത്തം വലിയ സാമ്പത്തിക ഉറവിടമായിരുന്നു. കൂടാതെ കപ്പല്‍ നിര്‍മാണം, ബാങ്കിംഗ്, ഇന്‍ഷൂറന്‍സ് തുടങ്ങിയ വ്യവസായങ്ങള്‍ക്ക് അടിമകള്‍ ഊര്‍ജം നല്‍കി. രാജ്യങ്ങളിലെ ആഫ്രിക്കന്‍ നിര്‍ബന്ധിത തൊഴിലാളികള്‍ ബ്രിട്ടനെ സമ്പന്നമാക്കാനുള്ള വിഭവങ്ങള്‍ ഉത്പാദിപ്പിച്ചുകൊണ്ടിരുന്നു. ഇതിനായി, ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥര്‍ ബ്രിട്ടീഷ് വ്യാപരം സ്ഥാപിക്കാനായി ആഫ്രിക്കന്‍ ഭരണാധികാരികളെ ഉടമ്പടിക്ക് ക്ഷണിച്ചു. ആഫ്രിക്കന്‍ വികസന, വിഭവ സമാഹരണങ്ങള്‍ ചര്‍ച്ച ചെയ്യുകയും ബ്രിട്ടന്‍ സ്വയം നിയമാനുസൃത ഭരണാധികാരിയായി പ്രഖ്യാപിക്കുകയും ചെയ്തു. ആഫ്രിക്കയിലെ വലിയ സാമ്രാജ്യങ്ങളിലെ രാജാക്കന്മാര്‍ ഈ ഉടമ്പടികളെ എതിര്‍ത്തു. അവരില്‍ ചിലര്‍ ഇടനിലക്കാരായി അവരുടെ യുദ്ധത്തടവുകാരെ യൂറോപ്യന്മാര്‍ക്ക് വില്‍ക്കുകയും ചെയ്തിരുന്നു. അങ്ങനെ അടിമവ്യാപാരികളില്‍ നിന്ന് ആഫ്രിക്കയെ സംരക്ഷിക്കുക എന്ന ആശയം മുന്‍നിര്‍ത്തി ബ്രിട്ടീഷ് സൈന്യം അവര്‍ക്ക് അനുകൂലമായിരുന്ന പ്രാദേശിക ഭരണാധികാരികളുമായി സഖ്യമുണ്ടാക്കി. ഈ ഉടമ്പടികളും വ്യാപാരവും തടഞ്ഞ ആഫ്രിക്കന്‍ രാജാക്കന്മാരെ ആയുധ ബലം കൊണ്ട് ആക്രമിച്ച് കീഴിടക്കി. പിടിച്ചെടുത്ത സാമ്രാജ്യങ്ങളില്‍ നിന്ന് കൊള്ളയടിച്ച പുരാവസ്തുക്കള്‍ യുദ്ധച്ചെലവില്‍ വകയിരുത്തി. ആഫ്രിക്കയിലെ പുരാതനമായ വലിയ സാമ്രാജ്യങ്ങളുടെ നാശമായിരുന്നു അതിന്റെ ഫലം.
അടിമത്തത്തിനെതിരായ കാംപയിന്‍ കോളനികളെ തിരഞ്ഞുപിടിച്ച് നാഗരികതയുടെ കലാരൂപങ്ങളെ കൊള്ളയടിക്കാന്‍ അനുവദിച്ചു. ഇന്നത്തെ നൈജീരിയയുടെയും ഘാനയുടെയും ഭാഗമായ രാജ്യങ്ങളില്‍ നിന്നുള്ള സമ്പത്തും നിധികളും ഇതില്‍ ഉള്‍പ്പെടുന്നു.
കപ്പല്‍ നിര്‍മാതാവ് മാക്‌ഗ്രെഗര്‍ ലൈര്‍ഡ് 1831ല്‍ ആഫ്രിക്കന്‍ ഇന്‍ലാന്‍ഡ് കൊമേഴ്‌സ്യല്‍ കമ്പനി രൂപീകരിച്ചു. അടിമത്തത്തിന് പകരമായി നൈജീരിയയില്‍ “നിയമാനുസൃതമായ’ കച്ചവടത്തില്‍ അദ്ദേഹത്തിന് വലിയ താത്പര്യമുണ്ടായിരുന്നു. സോപ് വ്യവസായത്തിനായി ഒരു വര്‍ഷം ഒരു ടണ്‍ പാമോയില്‍ ഓരോര്‍ത്തരും ബ്രിട്ടണിലേക്ക് കയറ്റി അയക്കണമെന്ന് അയാള്‍ നിര്‍ബന്ധം പിടിച്ചു.
“ആരോഗ്യവാനായ ഒരു അടിമക്ക് ഇപ്പോള്‍ നാലു പൗണ്ടിന്റെ ബ്രിട്ടീഷ് സാധനങ്ങളുടെ വിലയുണ്ട്. അടിമയായി അവനെ കയറ്റി അയക്കുമ്പോള്‍ അയാള്‍ക്ക് കൂടുതലൊന്നും ഉത്പാദിപ്പിക്കാന്‍ കഴിയില്ല. പക്ഷേ, അവനെ സ്വന്തം നാട്ടില്‍ താമസിപ്പിച്ച് അയാളുടെ ചെറിയ അധ്വാനത്തിലൂടെ പ്രതിവര്‍ഷം ഒരു ടണിലധികം പാമോയില്‍ ഉത്പാദിപ്പിക്കാനാവും. അത് എട്ടു പൗണ്ട് വിലമതിക്കുന്നു.’ 1830 കളില്‍ ലൈര്‍ഡിനൊപ്പം സഞ്ചരിച്ച ഒരു സര്‍ജന്‍, പടിഞ്ഞാറന്‍ ആഫ്രിക്കയിലെ അവരുടെ യാത്രകളെക്കുറിച്ചെഴുതിയ പുസ്തകത്തിലെ പരാമര്‍ശമാണിത്.
ബ്രിട്ടീഷ് കോളനിവത്കരണ സമയത്ത് നൈജീരിയയില്‍ നിന്ന് കൊള്ളയടിച്ച ആദ്യത്തെ കലാരൂപം നീക്കംചെയ്ത ബ്രിട്ടീഷ് പര്യവേക്ഷകന്‍ റിച്ചാര്‍ഡ് ലാന്‍ഡറാണ് ബ്രിട്ടീഷുകാരുടെ പര്യവേക്ഷണത്തിന് നേതൃത്വംനല്‍കിയത്. ബ്രിട്ടീഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന സങ്കീര്‍ണമായ കൊത്തുപണികളുള്ള യരുബ സ്റ്റൂളായിരുന്നു ഈ കലാരൂപം.
ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ധനസഹായത്തോടെ നൈജീരിയയുടെ ഉള്‍ഭാഗത്തിലൂടെ യാത്ര ചെയ്യുന്നതിനുള്ള സുപ്രധാന മോപ്പുകള്‍ ലാന്‍ഡര്‍ നല്‍കിയതായി കരുതപ്പെടുന്നു. സിയോലൂണിന്റെ പുസ്തകമനുസരിച്ച്, യൂറോപ്യന്‍ പര്യവേക്ഷണങ്ങള്‍ തീരങ്ങളില്‍ മാത്രം പരിമിതപ്പെട്ടിരുന്നു. കാരണം, ഉള്‍വശങ്ങളിലേക്ക് പോകാന്‍ മുതിര്‍ന്ന പലരും മലേറിയ പോലോത്ത രോഗങ്ങള്‍ വന്ന് മരണത്തിന് കീഴടങ്ങി. അതിനാല്‍ തന്നെ പര്യവേക്ഷകരും വ്യാപാരികളും തീരപ്രദേശങ്ങള്‍ക്കപ്പുറം വെള്ളക്കാരന്റെ ശവകൂടീരമായി കണക്കാക്കി. മലേറിയക്കുള്ള മരുന്നായ ക്വിനൈനിന്റെ വരവോടെ ഇത് ചികിത്സിച്ച് ഭേദമാക്കാനായി.
മറ്റു യൂറോപ്യന്‍ ശക്തികളെ പോലെ, പനയോലക്കു മാത്രമല്ല, സ്വര്‍ണം, ആനക്കൊമ്പ്, വജ്രം, പരുത്തി, റബ്ബര്‍, കല്‍ക്കരി തുടങ്ങിയവക്ക് വേണ്ടിയെല്ലാം ആഫ്രിക്കന്‍ ഭൂമി തങ്ങളുടെ നിയന്ത്രണത്തിലാകണമെന്ന് ബ്രിട്ടന്‍ നന്നായി ആഗ്രഹിച്ചു. “ബ്രിട്ടീഷ് വ്യാപാര സംരംഭം എന്ന നിലയില്‍ അടിമവ്യാപാരത്തില്‍ ക്രമാനുഗതമായി വളരുകയും നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തു.’ 1842ല്‍ ബ്രിട്ടനിലെ പാര്‍ലമെന്ററി പേപ്പറുകളില്‍ ഇത് പ്രത്യേകം എഴുതിവെക്കപ്പെട്ടു. 1845 ആയപ്പോഴേക്കും പാമോയിലിന്റെ കയറ്റുമതി ഏകദേശം നാലിരട്ടിയായി വര്‍ധിച്ചിരുന്നു.
എന്നിട്ടും ചില ബ്രിട്ടീഷ് വ്യാപാരികള്‍ അടിമ റെയ്ഡ് തുടര്‍ന്നു. അത് വലിയ ലാഭമാണ് നല്‍കിയിരുന്നത്. കൂടുതല്‍ ലാഭം കിട്ടുന്നത് ബ്രിട്ടനെ കൂടുതല്‍ ചൂഷണാത്മക വ്യാപാര മാര്‍ഗങ്ങളിലേക്ക് നയിച്ചു. പടിഞ്ഞാറന്‍ ആഫ്രിക്കയിലുടനീളം ഇത്തരത്തില്‍ വ്യാപാരത്തിനായി കമ്പനികള്‍ക്ക് ചാര്‍ട്ടറുകള്‍ നല്‍കുകയും ചെയ്തു. 1879നും 1900നും ഇടയില്‍ ജോര്‍ജ് ഗോള്‍ഡിയുടെ നേതൃത്വത്തിലുള്ള റോയല്‍ നൈജര്‍ കമ്പനി (ആർ എൻ സി) ആയിരുന്നു ഏറ്റവും വിജയകരമായത്. ഈ മേഖലയില്‍ ധാതുക്കമ്പനികള്‍ സ്ഥാപിച്ച് നൈജീരിയയും ദക്ഷിണാഫ്രിക്കയും കോളനിവത്കരിക്കുന്നതില്‍ ഗോള്‍ഡി പ്രധാന പങ്കുവഹിച്ചു. ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യുന്ന അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകള്‍ അദ്ദേഹം സ്ഥാപിച്ചു. അക്രമവും ഭീഷണിയും മുഖേന അവര്‍ സ്ഥാനം ഉപയോഗപ്പെടുത്തി. ചരിത്രകാരനായ ഫെലിക്‌സ് കെ എകെച്ചി തന്റെ Portrait of a Colonizer H M Douglas in Colonial Nigeria 1897-1920 എന്ന പുസ്തകത്തില്‍ പറയുന്നു: “കൊളോണിയല്‍ ഉദ്യോഗസ്ഥരും പ്രത്യേകിച്ച് മുന്‍ഭരണാധികാരികളും സാമ്രാജ്യത്വ മനോഭാവമുള്ളവര്‍ മാത്രമായിരുന്നില്ല, ആഫ്രിക്കന്‍ ജനതയോട് ബോധപൂര്‍വം വിദ്വേഷവും ക്രൗര്യവും വെച്ചുപുലര്‍ത്തിയവരായിരുന്നു.’
വ്യാപാരികളെ പ്രാദേശിക മത്സരങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ബ്രിട്ടന്‍ വിവേചനപരമായ നയങ്ങള്‍ നടപ്പിലാക്കി. തദ്ദേശീയമായ പാമോയില്‍ കച്ചവടത്തിന് ഉയര്‍ന്ന ടാക്‌സ് ഏര്‍പ്പെടുത്തുകയും നല്‍കാത്തവരുടെ ചരക്കുകള്‍ കണ്ടുകെട്ടുകയും ചെയ്തു. ആഫ്രിക്കന്‍ വ്യാപാരികള്‍ക്ക് സ്വന്തം സമ്പദ് വ്യവസ്ഥ വളര്‍ത്താന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടു. ഇത് പ്രദേശവാസികളില്‍ ശത്രുത പരത്തി. ഈ നിലപാടിനെ അവര്‍ എതിര്‍ത്തു. സമരങ്ങള്‍ ചെയ്തു. കൃഷിയിടങ്ങളും ഗ്രാമങ്ങളും മുഴുവന്‍ കത്തിനശിച്ചു. സമരക്കാരെ, ഗ്രാമവാസികളെ അടിച്ചമര്‍ത്തുകയാണ് ബ്രിട്ടന്‍ ചെയ്തത്. “ബ്രിട്ടന്‍ തദ്ദേശീയ അടിമത്തം നിര്‍ത്തലാക്കിയതായി തദ്ദേശീയര്‍ മനസിലാക്കി. പക്ഷേ, ബ്രിട്ടീഷുകാര്‍ തദ്ദേശീയരെ അടിമകളെ പോലെ കച്ചവടത്തിനായി ഉപയോഗിക്കുകയും ചെയ്തു.’ ചരിത്രകാരനായ സിയോളന്‍ ബ്രിട്ടീഷ് കമ്പനിയെക്കുറിച്ച് പറയുന്ന വാക്കുകളാണിത് ■

Share this article

About അന്‍വര്‍ ബുഖാരി കാരേപറമ്പ്

anvarkareparmb@gmail.com

View all posts by അന്‍വര്‍ ബുഖാരി കാരേപറമ്പ് →

Leave a Reply

Your email address will not be published. Required fields are marked *