കടന്നലുകൾ പെരുകുന്ന വിധം

Reading Time: < 1 minutes

ഒരു കുഞ്ഞു
വിഷമുള്ളുകൊണ്ട്
എത്ര സമര്‍ഥമായാണവരതിന്റെ
തലയില്‍ കയറിപ്പിടിക്കുന്നത്.
എത്ര കുടഞ്ഞുകളയാന്‍ ശ്രമിച്ചാലും
സ്ഥാനം തെറ്റാതെ മര്‍മത്തില്‍
തന്നെ വേരുകളാഴ് ത്തുന്നത്.

നീലിമ കലര്‍ന്ന
മരതകപ്പച്ചയില്‍
തീണ്ടി അന്തം പോയ
യുവതയെ വിഷമുള്ള് കൊണ്ടൊന്ന്
തലോടുമ്പോഴേ
നിസഹായതിയില്‍
മയങ്ങിക്കിടക്കുന്നു.
അല്‍പം പോലും
കാത്തുനില്‍ക്കാതെ
യുവത്വത്തിന്റെ മീശരോമങ്ങള്‍
അവര്‍ കടിച്ചുപറിക്കുന്നു.

മടിയന്‍ നായയെ
തുടലില്‍ പിടിച്ചുവലിക്കുന്ന
ലാഘവത്തോടെ
മനസ് കൈമോശപ്പെട്ടവരുടെ
മീശത്തുമ്പില്‍ കടിച്ചുവലിച്ചു
മലര്‍ത്തിക്കിടത്തി
വിഷവിത്തുകള്‍ക്ക്
പാര്‍പ്പിടമൊരുക്കുന്നു.

ജീവച്ഛവത്തിന്റെ
പുറംഭാഗം ചുരണ്ടി
അതിനുള്ളകം കാര്‍ന്നുതിന്നുന്നു.

രക്ഷപ്പെടാനോ തടയാനോ
ആവാത്ത വിധം
ഒരു പൊള്ള മാത്രം
അവശേഷിപ്പിക്കുന്നു.

തിന്ന് ചീര്‍ത്ത
വിഷകീടങ്ങള്‍
കൂറ്റന്‍ കടന്നലുകളായി
ചിറകുകള്‍ നിവര്‍ത്തി
പറന്നുപോകുന്നു.

ഒരു രാജ്യത്തിന്റെ
പിന്‍വാതിലിനിപ്പുറം
ഒന്നും ചെയ്യാനാവാതെ
നിഷ്‌ക്രിയരായി
ഒരു ദേശം നീലിച്ചുകിടക്കുന്നു.

Share this article

About ഷംല ജഹ്ഫർ

shamlajahfar85@gmail.com

View all posts by ഷംല ജഹ്ഫർ →

Leave a Reply

Your email address will not be published. Required fields are marked *