ശൈഖ് ജീലാനി: ആത്മീയതയുടെ സൂര്യശോഭ

Reading Time: 3 minutes

ഭൂമുഖത്ത് പലപ്പോഴായി ആത്മീയ മാന്ദ്യം നേരിട്ടുണ്ട്. ലോകം ആത്മീയദാഹത്താല്‍ നാക്കുനീട്ടുന്ന നേരം. ഈ അതിസങ്കീര്‍ണ ഘട്ടത്തില്‍ ആത്മാവിന്റെ തെളിനീരുമായി അല്ലാഹു നബിമാരെ നിയോഗിച്ചു. അവരുടെ ആഗമനം നിലച്ച ശേഷം ഔലിയാക്കളെയും. ഓരോ നൂറ്റാണ്ടിന്റെയും ആത്മീയദാഹം തീര്‍ക്കാന്‍ നിയോഗിതരായ പ്രത്യേക വിഭാഗം മുജദ്ദിദുകളായി അറിയപ്പെട്ടു. അവര്‍ പകര്‍ന്നുനല്‍കിയ ദാഹജലം നൂറ്റാണ്ടുകള്‍ക്കിപ്പുറത്തേക്കും ഉറവയെടുത്തു.
എട്ടുനുറ്റാണ്ടുകള്‍ക്കപ്പുറം സമൂഹത്തിന് വെളിച്ചം പകര്‍ന്ന ശൈഖ് അബ്ദുൽ ഖാദിര്‍ ജീലാനി അവരില്‍ പ്രമുഖരാണ്. ലോകത്തിന്റെ വിവിധ ദേശങ്ങളില്‍ അവരുടെ ത്വരീഖത്ത് ഇന്നും നിലനില്‍ക്കുന്നു. അത് അനേകരുടെ ആത്മീയദാഹം ശമിപ്പിക്കുന്നു. വലിയൊരു പുരുഷായുസ്സ് ഈ സദ്കൃത്യത്തിനായി അല്ലാഹു അവര്‍ക്കു നല്‍കി. തൊണ്ണൂറു വര്‍ഷം.

ജനനം
ഇറാനിലെ പ്രധാന പ്രവിശ്യയാണ് ജീലാന്‍. ഹരിതാഭമായ ഇവിടത്തെ ഖസ്‌വീന്‍ സമുദ്രതീരത്ത് “റശ്ത്’ ദേശത്താണ് ശൈഖ് ജിലാനി (റ) ജനിക്കുന്നത്. അനറബികള്‍ ജീലാന്‍ ദേശത്തെ “കൈലാന്‍’ എന്നായിരുന്നു വിളിച്ചിരുന്നത്. ജന്മനാടിന്റെ പ്രൗഢി പോലെ തന്നെ സച്ചരിതരാല്‍ സമ്പന്നമായ വംശ പാരമ്പര്യമാണ് ജിലാനിക്ക് (റ) ഉള്ളത്. മാതൃപരമ്പരയും പിതൃപരമ്പരയും നബിതിരുമേനിയില്‍(സ്വ) സന്ധിക്കുന്നു. പിതാവ് അബൂസ്വാലിഫ് മുസാ. മാതാവ് ഉമ്മുല്‍ഖൈര്‍ ഫാത്വിമ. ജനിച്ചു കുറച്ചുനാള്‍ കഴിഞ്ഞ് പിതാവ് മരിച്ചു. മാതാമഹന്‍ സയ്യിദ് അബ്ദുല്ല സ്വൗമഈയുടെ സംരക്ഷണത്തിലായിരുന്നു പിന്നീട്. സദ്‌വൃത്തയായിരുന്നു ശൈഖ് ജീലാനിയുടെ(റ)ഉമ്മ. മാതാമഹന്റെയും ഉമ്മയുടേയും ശിക്ഷണത്തില്‍ ആ മഹത്ജിവിതത്തിന് അടിക്കല്ലിട്ടു. ആത്മീയദാഹം ശമിപ്പിക്കാന്‍ മാത്രം ജ്ഞാനം ജീലാന്‍ ദേശത്തുനിന്ന് ലഭിക്കില്ലെന്ന് ശൈഖവര്‍കള്‍ മനസിലാക്കി. വിജ്ഞാനത്തിന്റെ പറുദീസയായ ബഗ് ദാദിലെത്താന്‍ ആ ഹൃദയം വെമ്പല്‍കൊണ്ടു. ഇമാം അഹ് മദ് ഇബ്‌നു ഹമ്പലിന്റെ(റ) പ്രവര്‍ത്തന ഗോദയായിരുന്നല്ലോ ബഗ് ദാദ്. ഇത് ഹമ്പലീ മദ്ഹബുകാരനായ ശൈഖ് അവര്‍കളുടെ ബഗ് ദാദിലേക്കുള്ള മുഖ്യആകര്‍ഷകമായി.
ജ്ഞാനതൃഷ്ണയുടെ കടല്‍ ഉള്ളില്‍ ഇരമ്പുന്നതിനിടെയാണ് ശൈഖ് അവര്‍കളോട് ഒരു കാള സംസാരിക്കുന്നത്. ഒരുനാള്‍ കാളയുടെ പിറകെ നടക്കവെ അത് പറഞ്ഞു, “ഒരു കര്‍ഷകനാവാനല്ല നിങ്ങള്‍ പിറന്നിരിക്കുന്നത്.’ വിശുദ്ധ ജ്ഞാനത്തിന്റെ പൂന്തേന്‍ നുകരാന്‍ കാത്തിരുന്ന ശൈഖവര്‍കള്‍ക്ക് പിന്നീട് ബഗ് ദാദിലെത്തിയേ തീരു എന്നുവന്നു. കാര്യം ഉമ്മയോട് പറഞ്ഞു. ആ മാതൃഹൃദയം കണ്ണീരൊഴുക്കി. വാര്‍ധക്യ കാലത്തെ ഈ വേര്‍പാടിനു ശേഷം സംഗമിക്കാനാവുമെന്ന് ആ മാതാവിന് നിശ്ചയമുണ്ടായിരുന്നില്ല.
ഉമ്മമാരുടെ കരള്‍കഷണങ്ങളായ സന്താനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തിലയക്കാന്‍ സദ്‌വൃത്തകള്‍ പ്രതിസന്ധികളെല്ലാം സഹിച്ചു. ജീവിതപ്രതിസന്ധികളിലെ അവലംബങ്ങളെ അവര്‍ അല്ലാഹുവിന് ദാനംചെയ്തു. അങ്ങനെ ഈ കുഞ്ഞുങ്ങള്‍ സമുദായത്തിനാകെ ആലംബമായിത്തീര്‍ന്നു. വിവേകശാലികളുടെ വിവേകികളായ ഉമ്മമാര്‍!
കണ്ണുനീര്‍ നിയന്ത്രിച്ചുകൊണ്ട് ഉമ്മ മകനെ യാത്രക്കൊരുക്കി. പിതാവിന്റെ അനന്തരമായി ലഭിച്ച എണ്‍പതുദീനാര്‍ മകന് നല്‍കാന്‍ ഉമ്മ തീരുമാനിച്ചു. മകന്‍ അതില്‍നിന്ന് പകുതി മാത്രമേ സ്വീകരിച്ചുള്ളു. പകുതി ജ്യേഷ്ഠസഹോദരന് നല്‍കാന്‍ പറഞ്ഞു. ബഗ് ദാദിലെ നഗരജീവിതത്തിന് ചിലവേറെ വരുമെന്നുകണ്ടാണ് ദീനാറുകള്‍ മുഴുവനും കൊച്ചുമകന് നല്‍കാന്‍ അവര്‍ തുനിഞ്ഞത്.

സത്യത്തിന്റെ ജയം
“കള്ളന്റെ കയ്യില്‍ പൊന്നുകൊടുത്തോവര്‍’ എന്ന വരിയായിരിക്കും ശൈഖവര്‍കളെക്കുറിച്ചുള്ള സ്മരണ നമ്മുടെ ഹൃദയത്തിലേക്ക് കൊണ്ടുവരിക. സത്യമേ പറയാവൂ എന്ന ഉമ്മയുടെ ഉപദേശം സ്വീകരിച്ചതുമുതല്‍ ആ നവോത്ഥാനത്തിന് നാന്ദി കുറിച്ചു. ബഗ് ദാദിലേക്ക് പുറപ്പെട്ട ശൈഖവര്‍കളുള്‍പ്പടെയുള്ള യാത്രാസംഘത്തെ കൊള്ളക്കാർ ആക്രമിച്ചു. അവര്‍ ശൈഖവര്‍കളുടെ സത്യത്തോടുള്ള അടങ്ങാത്ത പ്രതിപത്തിക്കു മുന്നില്‍ ഖേദിച്ചുമടങ്ങി. ഇവരാണ് ശൈഖവര്‍കളുടെ ആത്മീയപാതയിലേക്ക് ആദ്യമായി കടന്നുവരാന്‍ ഭാഗ്യം ലഭിച്ചവര്‍.

ബഗ് ദാദില്‍
ഹിജ്‌റ 488ല്‍ ശൈഖ് ബഗ് ദാദിലെത്തി; പതിനെട്ടാം വയസില്‍. ഇമാം ഗസ്സാലി (റ) ബഗ് ദാദിലെ അധ്യാപനം ഉപേക്ഷിച്ചു ഏകാന്തവാസത്തിനു പുറപ്പെട്ട അതേവര്‍ഷം. പണ്ഡിതവരേണ്യരായ അബുല്‍ഫള്ൽ അബ്ദുല്‍വാ ഹിദ് തമീമി വഫാത്തായതും അതേ വര്‍ഷമായിരുന്നു. ബഗ് ദാദില്‍ നിന്ന് രണ്ടു മഹത്തുക്കള്‍ വിട പറഞ്ഞപ്പോള്‍ ഉദിച്ചുയര്‍ന്ന പുതിയ താരകം! ചരിത്രം അത് ശരിവെക്കുകയുണ്ടായി. തിരുത്തല്‍വാദികളുടെ തേര്‍വാഴ്ച നടന്നിരുന്ന കാലമായിരുന്നു അത്. മനുഷ്യയുക്തിയുടെ പരിധിക്കുള്ളില്‍ മതത്തെ തളച്ചിടാനൊരുങ്ങിയ പരശ്ശതം മതയുക്തിവാദികള്‍. എല്ലാം ശൈഖവര്‍കളുടെ ആത്മീയ പ്രകാശത്തില്‍ നിഷ്പ്രഭമായി.
ജീലാനിലെ ഒരു നാട്ടിന്‍പുറത്തുകാരന് നാല്‍പതു ദീനാറുമായി നീണ്ട പഠനകാലം ബഗ് ദാദ് പട്ടണത്തില്‍ തുടരുക പ്രയാസകരമായിരുന്നു. ശൈഖവര്‍കള്‍ തന്നെ പറയട്ടെ, “ഞാന്‍ മുള്‍മരത്തിന്റെ ഇലയും ഉണങ്ങിയ ചീരയും നദിക്കരയില്‍ വളരുന്ന ചില ചെടികളും കഴിച്ചു വിശപ്പടക്കി. പ്രയാസം കഠിനമായി. ദിവസങ്ങളോളം ഭക്ഷിക്കാനൊന്നും കിട്ടിയില്ല. ഒരിക്കല്‍ എച്ചില്‍ പെറുക്കാനായിപ്പോയി. ഞാന്‍ പെറുക്കാന്‍ തുനിയുംമുമ്പേ ആരെങ്കിലും അത് കൈക്കലാക്കിയിരിക്കും. മരണം മുന്നില്‍ കണ്ടു റയാഹിന്‍ മസ്ജിദിലെത്തി’ (സിയറു അഅ്‌ലാമിന്നുബലാഅ്).
ഗ്രാമവിശുദ്ധിയില്‍ വളര്‍ന്ന ശൈഖിന് പട്ടണ ത്തിലെ ജനങ്ങളുടെ ജീവിതരീതി പിടിച്ചില്ല. മഹാപണ്ഡിതന്മാരുടെ സാന്നിധ്യം മാത്രമായിരുന്നു സമാധാനം. സമ്പത്തിനുമേല്‍ ജീവിക്കുന്ന ധനാഢ്യരും കപട പണ്ഡിതരും രംഗം വഷളാക്കി. ബഗ് ദാദിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ തകിടംമറിഞ്ഞു. എങ്ങും തിന്മകള്‍ നടമാടുന്നു. ശൈഖവര്‍കള്‍ക്ക് പട്ടണത്തിലെ ജീവിതം മടുത്തു. എങ്ങോട്ടെങ്കിലും ഓടിപ്പോയെങ്കിലോ എന്നു പലപ്പോഴും ചിന്തിച്ചു. ചിലപ്പോഴൊക്കെ ചുറ്റുപാടുകളെയോര്‍ത്തു ബോധക്ഷയം പോലും സംഭവിച്ചു. ഒടുവില്‍ അതു തന്നെ ചെയ്തു. പതിനഞ്ചുദിവസത്തെ വഴിയകലമുള്ള “തുസ്തുര്‍’ ദേശത്തേക്ക് ഓടിപ്പോയി. ഉത്തരവാദിത്വബോധം വീണ്ടും സ്വസ്ഥത കെടുത്തി. തിരിച്ചു വീണ്ടും ബഗ് ദാദില്‍ വന്നു. അപ്പോഴൊരു ഉള്‍വിളികേട്ടു. “നിങ്ങളെക്കൊണ്ട് ഈ നാടിന് ഗുണമുണ്ട്.’ ബഗ് ദാദിലെ മഹാഗുരുക്കന്മാരില്‍നിന്നും വിദ്യനുകരാനുള്ള ഭാഗ്യമുണ്ടായി. ശൈഖ് ഹമ്മാദ് ദബ്ബാസ്, ശൈഖ് അബൂസഈദ് അല്‍മഖ്‌റമി എന്നിവര്‍ ഗുരുക്കന്മാരില്‍ ചിലരാണ്.


പ്രവേശനപരീക്ഷ
ശൈഖ് ഹമ്മാദ്(റ) പ്രഥമ ദൃഷ്ടിയില്‍ തന്നെ ശിഷ്യന്റെ മഹത്വം മനസിലാക്കി. ശിഷ്യന്റെ ക്ഷമയും സത്യസന്ധതയും പരീക്ഷിക്കാന്‍ ആ ഗുരുവര്യന്‍ തീരുമാനിച്ചു. പരീക്ഷണത്തിന്റെ കനല്‍വഴികളില്‍ ഇടറിവിഴാതെ ശൈഖവര്‍കള്‍ നടന്നുനീങ്ങി. ആത്മകഥാംശം കുറിച്ചിട്ടതു കാണുക: “ഞാന്‍ ഗുരുവിന്റെ സവിധത്തിലെത്തി. “എന്തിനു വന്നു? നിങ്ങള്‍ ഫഖീഹ് അല്ലേ, ഫുഖഹാക്കളുടെ അടുത്തേക്ക് ചെല്ലൂ’ ഗുരു പറഞ്ഞു: ഞാന്‍ നിശബ്ദനായിരുന്നു. ഗുരുവിനോടൊപ്പം ചേര്‍ന്നു. ഒരിക്കല്‍, ഗുരുവും ശിഷ്യരും ടൈഗ്രീസ് നദിക്കു മുകളിലെ പാലത്തിലെത്തി. ഞാനും പുറകിലുണ്ടായിരുന്നു. പെട്ടെന്ന് അവിടുന്ന് എന്നെ തട്ടി വെള്ളത്തിലേക്കിട്ടു. അതിശൈത്യമായിരുന്നു. ഞാന്‍ ജുമുഅയുടെ സുന്നത്തു കുളിയുടെ നിയ്യത്ത് ചെയ്തു. കമ്പിളിയുടെ ജുബ്ബ ആയിരുന്നു എന്റെ വേഷം. അവരെന്നെ ഗൗനിക്കാതെ നടന്നുനീങ്ങി. ഞാന്‍ വസ്ത്രം പിഴിഞ്ഞെടുത്തു. അവരെ പിന്തുടര്‍ന്നു. ശൈത്യംമൂലം വല്ലാതെ വിഷമിച്ചു'(ഖലാഇദുല്‍ ജവാഹിര്‍). വീണ്ടും പരീക്ഷണങ്ങളായിരുന്നു. ഒരിക്കല്‍ പറഞ്ഞു: “ഇന്ന് ധാരാളം അപ്പവും ഫലൂദയും വന്നിരുന്നു. ഞങ്ങള്‍ അത് മുഴുവന്‍ കഴിച്ചു. നിങ്ങള്‍ക്കൊന്നും ബാക്കിവെച്ചിട്ടില്ല. വിദ്യാര്‍ഥികള്‍ എന്നെ പരിഹസിക്കാന്‍ തുടങ്ങി. അവരെന്നെ വിഷമിപ്പിക്കുന്നതു കണ്ട ശൈഖ് പറഞ്ഞു; “എന്തിന് നിങ്ങളവനെ വിഷമിപ്പിക്കണം? അല്ലാഹുവാണെ! നിങ്ങളില്‍ അവനെപ്പോലൊരാളില്ല. ഞാന്‍ പരീക്ഷിച്ചറിയുകയായിരുന്നു. വലിയൊരു പര്‍വതമാണിത്. അനങ്ങാത്ത പര്‍വതം'(സിയറു അഅ്‌ലാമിന്നുബലാഅ്).
അഗ്‌നിപരീക്ഷയില്‍ വിജയം വരിച്ച ശൈഖവര്‍കള്‍ക്ക് ഗുരു ആത്മീയകവാടം തുറന്നുനല്‍കി. പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരങ്ങള്‍ വരികയും ചെയ്തു. ശൈഖ് അവര്‍കളുടെ തന്നെ ഭാഷയില്‍ “ഹമദാന്‍കാരനായ ശൈഖ് യൂസുഫുല്‍ ഹമദാനി ബഗ് ദാദില്‍ വന്നു. ആ കാലത്തെ ഖുത്ബ് ആയി അറിയപ്പെട്ട മഹാനായിരുന്നു അവര്‍. ഞാന്‍ അവരുടെ സവിധത്തിലെത്തി. എന്നെ പിടിച്ച് അടുത്തിരുത്തി. എന്റെ എല്ലാ കാര്യങ്ങളും പറഞ്ഞുതന്ന് പരിഹാരങ്ങളും നിര്‍ദേശിച്ചു. ശേഷം പറഞ്ഞു, “ജനങ്ങളോട് പ്രഭാഷണം നടത്തണം’. ഞാന്‍ പറഞ്ഞു. “വന്ദ്യരേ, ഞാന്‍ അറബിദേശക്കാരനല്ല. ബഗ് ദാദിലെ സ്ഫുടഭാഷികളായ സമൂഹത്തോട് ഞാനെങ്ങനെ സംവദിക്കും?’ നിങ്ങള്‍ ഫിഖ്ഹും ഉസ്വൂലും മറ്റു വിജ്ഞാനങ്ങളും കൈവശമുള്ളവരാണല്ലോ? എന്നിട്ടും സംസാരിക്കാന്‍ കഴിയുന്നില്ലെന്നോ? പീഠത്തില്‍ കയറി സംസാരിച്ചോളു. ഞാന്‍ നിങ്ങളില്‍ പൂങ്കുല കാണുന്നു. അതില്‍ കായ് നിറയും'(സിയറു അഅലാമിന്നുബലാല്‍).

അധ്യാപനം
മഹത്തുക്കളുടെ ആശീര്‍വാദത്തില്‍ കുരുത്ത ആ വാഗ്‌വൈഭവം പിന്നീട് നിലച്ചിട്ടില്ല. ആ വാക്കുകള്‍ താളുകളില്‍ പകര്‍ത്തിയെഴുതപ്പെട്ടു. ആത്മജ്ഞാനികളുടെ ഗ്രന്ഥങ്ങള്‍ക്ക് ഇന്നും അലങ്കാരമാണവ. ഓരോ പ്രഭാഷണവും കേള്‍ക്കാന്‍ എഴുപതിനായിരത്തോളം പേര്‍ ആ സവിധത്തിലെത്തി. മൊഴികള്‍ പകര്‍ത്തിയെടുക്കാന്‍ നാനൂറോളം മഷിക്കുപ്പികള്‍ സജ്ജമായിരുന്നു. ഒരുലക്ഷം പേര്‍ ആ സവിധത്തില്‍ തൗബാ ചെയ്ത് പരിശുദ്ധി നേടി. അയ്യായിരം പേര്‍ ആ മഹത്ജീവിതത്തിലൂടെ ഇസ്‌ലാം പുല്‍കി(ഖലാഇദുല്‍ ജവാഹിര്‍).
മുപ്പത്തിമൂന്ന് വര്‍ഷം ഈ ഭാഷണത്തിന്റെ സാഗരം ഒഴുകി. ഓദ്യോഗിക വിദ്യാര്‍ഥികളായി പ്രതിവര്‍ഷം മുവ്വായിരത്തോളം പേര്‍ ആ സവിധത്തില്‍നിന്ന് പഠനം പൂര്‍ത്തിയാക്കാറുണ്ടായിരുന്നു. അഥവാ അധ്യാപനകാലത്ത് ഒരു ലക്ഷം പേരടങ്ങുന്ന മഹാശിഷ്യസമ്പത്തിന് ഭാഗ്യം ലഭിച്ചു.
സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ മുഖ്യ ഉപദേഷ്ടാക്കളില്‍ രണ്ടുപേര്‍ ശൈഖവര്‍കളുടെ ശിഷ്യന്മാരായിരുന്നു; വാഇദ ഇബ്‌നുനജാ, മുവഫഖുദ്ദീന്‍ അയ്യൂബി. അയ്യൂബിയുടെ കുരിശുയുദ്ധ വിജയത്തിന്റെ മധുരം ബഗ് ദാദിലെ ശൈഖവര്‍കളുടെ പാഠശാലക്ക് സ്വന്തമെന്ന് ചുരുക്കം. അകലെയിരിക്കുന്നവര്‍ക്കു പോലും അടുത്തുനിന്നെന്ന പോലെ കേള്‍ക്കാമായിരുന്നത്രെ അവിടുത്ത ശബ്ദം.
ശൈഖവര്‍കള്‍ എപ്പോഴും ഓര്‍മിപ്പിക്കാറുണ്ടായിരുന്നു; ശരീഅത്തിന്റെ സാക്ഷ്യമില്ലാത്ത ഹഖീഖത്ത് കാപട്യമാണ്. ഖുര്‍ആനിന്റെയും ഹദീസിന്റെയും ചിറകിലേറി അല്ലാഹുവിലേക്ക് പറന്നടൂക്കൂ (ഫത്ഹുറബ്ബാനി).
ഒരിക്കല്‍ പറഞ്ഞു; “അടിമ എപ്പോഴും തെളിമയോടെ ഉണര്‍ന്നിരിക്കണം. കാരണം അവന്റെ ഹൃദയത്തിന്റെ ബഹിര്‍ഭാഗത്തിലൂടെ അവന്റെ അകം വെളിപ്പെടും. നബിയില്‍(സ്വ) നിന്നും ഉണര്‍വ് അനന്തരമായി സ്വീകരിക്കണം അവന്‍. അവിടുത്തെ കണ്ണുകളേ ഉറങ്ങാറുള്ളു, ഹൃദയമുറങ്ങാറില്ല. മുമ്പിലൂടെ കാണുംപ്രകാരം പുറകിലൂടെയും കാണുമായിരുന്നല്ലോ. സ്വന്തം അവസ്ഥയനുസരിച്ചായിരിക്കും ഓരോരുത്തരുടേയും ഉണർവ്(ഫത്ഹുറബ്ബാനി).
“ദുന്‍യാവ് ഒരു മരം കണക്കെയാണ്, ക്ഷമയുടെ പഴം ആദ്യം കയ്ക്കും. പിന്നീട് മധുരിക്കും. കയ്പ് കടിച്ചിറക്കിയാലേ മധുരം നുണയാനാവൂ. ദുന്‍യാവിലെ പരീക്ഷണത്തില്‍ ക്ഷമിക്കുന്നവന് പരലോകത്ത് ഗുണം ലഭിക്കും. നെറ്റിയിലെ വിയര്‍പ്പുതുള്ളികള്‍ വറ്റുകയും ശരീരം ക്ഷീണിക്കുകയും ചെയ്യുമ്പോഴല്ലേ വേതനം ലഭിക്കാറുള്ളൂ’ (ഫുതൂഹുല്‍ ഗൈബ്). ലോകത്തിന് വെളിച്ചം പകര്‍ന്ന ആ മഹദ്ജീവിതത്തിന് ഹി. 561ല്‍ വിരാമം.
“ചൂട്‌പെരുത്തെ തറമ്മല്‍ ഞാന്‍ നിക്കും നാള്‍
ചൊക്കര്‍ മുഹ്‌യിദ്ദീന്‍ കാവലില്‍ ഏക് അല്ലാഹ്…’ ■

Share this article

About പി മുഹമ്മദ് മുസ്ത്വഫ

marjanbukhari@gmail.com

View all posts by പി മുഹമ്മദ് മുസ്ത്വഫ →

Leave a Reply

Your email address will not be published. Required fields are marked *