അക്കരെ നിന്നാല്‍ ഇക്കരെ പച്ച

Reading Time: 2 minutes

മലയാളി മനസുകളെ ആഴത്തില്‍ സ്വാധീനിച്ചവയായിരുന്നു നാടന്‍ പാട്ടുകളും പഴഞ്ചൊല്ലുകളും. പഴമക്കാരുടെ ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ നമുക്ക് അതിന്റെ പ്രതിഫലനം കാണാന്‍ സാധിച്ചിരുന്നു. മുതിര്‍ന്നവരെന്നല്ല, ചെറിയ കുട്ടികള്‍ക്കിടയില്‍ പോലും പ്രചുരപ്രചാരമായിരുന്നു അവ.

നാടന്‍പാട്ടുകള്‍
തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് വാമൊഴിയായി പകര്‍ന്നുകിട്ടിയവയാണ് നാടന്‍പാട്ടുകള്‍. സമൂഹത്തിന്റെ താഴേതട്ടിലുള്ള മനുഷ്യരുടെ വേദനകളും സ്വപ്‌നങ്ങളും ആഗ്രഹങ്ങളും അവയുടെ ഈണത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്. അധ്വാനത്തിന്റെ ചലനങ്ങളും ജീവിതരീതിയും ഈണവും താളവും കൊടുത്തവയാണ് ആ പാട്ടുകള്‍. അതിനാല്‍ തന്നെ മണ്ണിന്റെയും വിയര്‍പ്പിന്റെയും ഗന്ധമുണ്ട് അവകള്‍ക്ക്. നമ്മുടെ മുന്‍തലമുറയുടെ ജീവിതത്തിന്റെ പ്രധാന ഭാഗമായിരുന്നു നാടൻ പാട്ടുകള്‍.
ഓരോ തൊഴിലിനും യോജിച്ച ഈണത്തില്‍ വളരെ സാധാരണമായ നാടന്‍ വാക്കുകള്‍ കൊണ്ടാണ് പൊതുവെ ഈ പാട്ടുകള്‍ ഉണ്ടായിരുന്നത്. ജോലിഭാരം കുറച്ച് അതു കൂടുതല്‍ രസകരമാക്കാന്‍ മാത്രമല്ല, തൊഴില്‍ എങ്ങനെ ചെയ്യണമെന്നും എന്തിനു ചെയ്യുന്നുവെന്നും അതിന്റെ ഫലമെന്താവുമെന്നല്ലാം പാട്ടില്‍ കോര്‍ത്തിട്ടുണ്ട്. ഓരോ സ്ഥലത്തിനും അതിനനുസരിച്ച ജോലിയും, ജോലിക്കു ചേര്‍ന്ന നാടന്‍പാട്ടുകളും ഉള്ളതിനാല്‍ ഓരോ പ്രദേശത്തെയും നാടന്‍പാട്ടുകളും വ്യത്യസ്തമായിരിക്കും. കൂടാതെ പ്രാര്‍ഥിക്കാനും പ്രകൃതിയെ തൊഴാനുമൊക്കെ തനതായ പാട്ടുകള്‍ ഉണ്ട്.
വാമൊഴിയായി തലമുറകളിലേക്ക് കൈമാറി വന്ന കൃഷിപാട്ടുകളുണ്ട്. കൃഷി ചെയ്യുമ്പോൾ അവയുടെ ആയാസം കുറക്കാന്‍ പാടുന്നവയാണിത്. ഞാറ്റു/ ഞാപാട്ട്, വിത്തിടീല്‍പാട്ട്, ചക്രപ്പാട്ട്, കിളിയാട്ടുപാട്ട്, കളപറിക്കല്‍ പാട്ട് തുടങ്ങിയ പല തരത്തിലാണ് കൃഷിയുമായി ബന്ധപ്പെട്ട നാടന്‍പാട്ടുകള്‍.
പാടവരമ്പുകളെ പുളകം കൊള്ളിച്ച ചില വരികള്‍ പരിചയപ്പെടാം..
“തിത്തോയ് തെയ്‌തൊയ് പൂന്തോയിക്കണ്ടം
പൂന്തോയിക്കണ്ടത്തിലെന്തു പൊലിവോം
പൂന്തോയിക്കണ്ടത്തി ഞാറു പൊലിവോം
പൂന്തോയിക്കണ്ടത്തിലെന്തു പൊലിവോം
പൂന്തോയിക്കണ്ടത്തി കാള പൊലിവോം…’
“മുണ്ടകപ്പാടത്തെ നാതന്‍കുഞ്ഞേ തകതാരോ.. മുണ്ടകന്‍ കൊയ്യുമ്പോളെവിടിരിക്കും?’
“കറുത്ത പെണ്ണേ കരിങ്കുഴലി നിനക്കൊരുത്തന്‍ കിഴക്കുദിച്ചേയ്’
“ള്ളിക്കലപ്പന്റെ മോളേ കൊച്ചരിക്കാളീ തകധിമിതാരോ.. ചില്ലറമുടിവല്ലെയവളെന്നെ മുടിച്ചു തകധിമിതാരോ…’
“ചുള്ളി ചെറിയ പെണ്ണേ നിന്റെ യാങ്ങളമാരെങ്ങുപോയി..’
ഇങ്ങനെ ഒട്ടനവധി നാടന്‍പാട്ടുകള്‍ നമ്മുടെ ഭാഷയിലുണ്ട്. ഗ്രാമജീവിതവും സംസ്‌കാരവും അവയില്‍നിന്ന് നമുക്കു മനസിലാക്കാം.
മനുഷ്യജീവിതം കടന്നുപോകുന്ന സാഹചര്യങ്ങള്‍, തൊഴില്‍, കുടുംബം, കാലാവസ്ഥ, ഉത്സവം തുടങ്ങി എല്ലാ രംഗങ്ങളുമായും നാടന്‍പാട്ടുകള്‍ക്ക് ബന്ധമുണ്ട്. ഗര്‍ഭബലികര്‍മങ്ങള്‍ക്ക്, കളിക്കുന്നതിന്, കുളിക്കുന്നതിന്, ഉത്സാഹിക്കുന്നതിന്, വിനോദങ്ങളിലേര്‍പ്പെടുന്നതിന്, കുട്ടികളെ കുളിപ്പിക്കുന്നതിന്, താരാട്ടുപാടിയുറക്കാന്‍, കല്യാണച്ചടങ്ങുകള്‍ക്ക്, മരണാനന്തരക്രിയകള്‍ക്ക്, വിത്തുവിതയ്ക്ക്, ഞാറുനടലിന്, കള പറിക്കുന്നതിന്, ധാന്യം കുത്തുന്നതിന്, തടിമരങ്ങള്‍ വലിക്കുന്നതിന്, വള്ളമിറക്കുമ്പോഴും കയറ്റുമ്പോഴും ഇങ്ങനെ മനുഷ്യപ്രയത്‌നം ആവശ്യമായിവരുന്ന എല്ലാ സാഹചര്യങ്ങളിലും നാടന്‍പാട്ടുകള്‍ ഉപയോഗിച്ചിരുന്നു. അഥവാ ഇത്തരം കാര്യങ്ങള്‍ക്കെല്ലാം നാടോടിപ്പാട്ടുകള്‍ ഉണ്ടായിരുന്നു എന്നര്‍ഥം.
പഴഞ്ചൊല്ലുകള്‍
മനുഷ്യ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞ ചില സത്യസങ്കല്‍പങ്ങളുടെ പ്രതിസ്ഫുരണമാണ് പഴഞ്ചൊല്ലുകള്‍. പച്ചയായ മനുഷ്യന്റെ ജീവിത യാഥാര്‍ഥ്യങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്നവയാണ് പ്രചാരക്ഷമമായ ഇത്തരം പ്രയോഗങ്ങള്‍. മലയാള ഭാഷക്കും വ്യാവഹാരിക ജീവിതത്തിനും ഒരേപോലെ അര്‍ഥം നല്‍കുന്നവയാണ് പഴഞ്ചൊല്ലുകള്‍. ഗ്രാമീണ ജനതയുടെ സാമൂഹികവും ബൗദ്ധികവുമായ വളര്‍ച്ചയില്‍ ഇവ പങ്കുവഹിച്ചിട്ടുണ്ട്.
പണ്ടേക്കുംപണ്ടേ പലരും പറഞ്ഞു പഴക്കം വന്നിട്ടുള്ള ചൊല്ലുകളാണ് പഴഞ്ചൊല്ലുകള്‍ അഥവാ പഴമൊഴികള്‍ എന്നാണ് മഹാകവി കുമാരനാശാന്‍ അഭിപ്രായപ്പെട്ടത്. ശബ്ദതാരാവലിയില്‍ ഈ വാക്കിന് പഴക്കമുള്ള ചൊല്ല്, പണ്ടുള്ളവരുടെ വാക്ക് എന്നിങ്ങനെയാണ് അര്‍ഥം നല്‍കിയിട്ടുള്ളത്.

ചില പഴഞ്ചൊല്ലുകള്‍ പരിചയപ്പെടാം

  1. അകപ്പെട്ടാല്‍ പന്നി ചുരക്കാ തിന്നും. (നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍പ്പെട്ടാല്‍
    ഇഷ്ടമില്ലത്തതും സ്വാഗതം ചെയ്യേണ്ടിവരും)
  2. അക്കരെ ചെല്ലണം തോണിയും മുങ്ങണം. (കാര്യം നിറവേറിക്കഴിയുമ്പോള്‍ അതിനു സഹായിച്ചവന്‍ നശിക്കണമെന്ന് ആഗ്രഹിക്കല്‍)
  3. അക്കരെ നിന്നാല്‍ ഇക്കരെ പച്ച, ഇക്കരെ നിന്നാല്‍ അക്കരെ പച്ച
    (അകലത്തുള്ളതിനു കൂടുതല്‍ ആകര്‍ഷകത്വം തോന്നും. ഇക്കരെനിന്ന് അക്കരക്കുപോയാല്‍ പിന്നെ ഇക്കരെയുള്ളത് കൂടുതല്‍ ആകര്‍ഷകമായി തോന്നും)
  4. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് (വേണ്ടസ്ഥാനത്തു പൗരുഷം കാണിക്കാതിരിക്കുക.)
  5. അങ്ങാടിപ്പയ്യ് ആലയില്‍ നില്‍ക്കില്ല (അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍ക്കു കൂടുതല്‍
    സൗകര്യമുള്ളിടത്തായാലും സ്ഥിരമായി നില്‍ക്കാനിഷ്ടമില്ല.)
    നാടന്‍സാഹിത്യത്തിന്റെ ഭാഗമായി രൂപംകൊണ്ട പഴഞ്ചൊല്ലുകള്‍ വാമൊഴിയായി തലമുറകളില്‍ നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും കാലദേശങ്ങള്‍ക്ക് അനുസരിച്ച് വികസിക്കുകയും ചെയ്തു. പഴയകാല മനുഷ്യജീവിതത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ പ്രതിഫലനങ്ങള്‍ ഇത്തരം ചൊല്ലുകളില്‍ അടങ്ങിയിരിക്കുന്നു. അതത് കാലങ്ങളിലെ മനുഷ്യരുടെ തൊഴില്‍, ആചാരം, ചരിത്രം, കല, തത്വശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ പഴഞ്ചൊല്ലുകളില്‍ വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ട്‌ ■
Share this article

About അബൂബക്കര്‍ സിദ്ദീഖ് ടി പി

hafizabutp18@gmail.com

View all posts by അബൂബക്കര്‍ സിദ്ദീഖ് ടി പി →

Leave a Reply

Your email address will not be published. Required fields are marked *