റസൂലിൻ്റെ(സ്വ) സൗന്ദര്യവായന

Reading Time: 2 minutes

പ്രിയപ്പെട്ട ഉസ്താദ് ഇഎംഎ ആരിഫ് ബുഖാരിയുടെ “തിരുനബി (സ്വ)’ എന്ന ലേഖന സമാഹാരം വായിച്ചപ്പോള്‍ മനസില്‍ താളം പിടിച്ചത് “ഫഹുവല്ലദീ തമ്മ മഅ്നാഹു വസൂറത്തുഹു’ എന്ന ബുര്‍ദയിലെ ഈരടിയാണ്. ആശയത്തിലും ആദര്‍ശത്തിലും ആകാരത്തിലും പൂര്‍ണത പ്രാപിച്ച പൗര്‍ണമിയായാണ് തിരുനബി(സ്വ)യെ എഴുത്തുകാരന്‍ പ്രതിഷ്ഠിച്ചത്. ചിന്തോദ്ദീപകവും ആകര്‍ഷണീയവുമായ പത്ത് കനപ്പെട്ട ലേഖനങ്ങളടങ്ങുന്നതാണ് കൃതി. എല്ലാത്തിലും നബി(സ്വ)യാണ് പ്രമേയമാകുന്നത്. ലേഖനങ്ങളുടെ ആഖ്യാനശൈലിയും ഭാഷാമികവും പഠനസ്വഭാവവും ശ്രദ്ധേയമാണ്.
“നിങ്ങള്‍ക്കിതാ ദൂതന്‍ ആഗതനായിരിക്കുന്നു’ എന്ന സൂക്തത്തിന്റെ അകംപൊരുളുകളുടെ ചുരുളഴിച്ച് തിരുനബിയുടെ വ്യക്തിത്വവികാസത്തിന്റെ വിവിധ തലങ്ങളിലൂന്നി നബി(സ്വ) ചരിത്രത്തിന്റെ ആവശ്യത്തിലുപരി മനുഷ്യാനുഭവത്തിന്റെ തേട്ടം കൂടിയാണെന്നാണ് പ്രഥമ ലേഖനത്തിലൂടെ പറഞ്ഞു വെക്കുന്നത്. “പ്രവാചകത്വത്തിന്റെ നാലു ന്യായങ്ങള്‍’ എന്ന ലേഖനം തെളിവുസഹിതം അത് സമര്‍ഥിക്കുകയാണ്. നബിയുടെ നിരക്ഷരത, വേദങ്ങളിലെ സുവിശേഷം, നബിയുടെ ജീവിതം, സാധ്യമാക്കിയ മുന്നേറ്റം ഇവയാണ് ന്യായങ്ങളായി നിരത്തുന്നത്. ഹഗ്ഗായി, യോഹന്നാന്‍, ഉല്‍പത്തി തുടങ്ങിയ ബൈബിള്‍ പുസ്തകങ്ങളിലെ നബിസുവിശേഷങ്ങളെ കൂടി അതില്‍ പങ്കുവെക്കുന്നുണ്ട്. പ്രവാചകരുടെ(സ്വ) വിമോചനപരമായ ഇടപെടലുകളെ അടയാളപ്പെടുത്തുന്നതാണ് “തിരുനബി മനുഷ്യകത്തിന്റെ വിമോചകന്‍ ‘എന്ന തലക്കെട്ടിലുള്ള മൂന്നാം ലേഖനം. മാനവരാശിക്ക് വിമോചന സാധ്യതകള്‍ക്ക് പ്രവാചകന്‍ വഴിയൊരുക്കിയതെങ്ങനെയെന്ന് വ്യക്തമാക്കുന്നുണ്ട് ഈ ഭാഗത്തില്‍. ലോകം ഇന്നനുഭവിക്കുന്ന ആത്മീയ, രാഷട്രീയ, സാമൂഹിക പ്രതിസന്ധികള്‍ക്ക് തിരുനബിയുടെ വിമോചന പാത ശ്രദ്ധയര്‍ഹിക്കേണ്ടതുണ്ട്. നിഷ്പക്ഷമായ അന്വേഷണങ്ങള്‍ തദ്വിഷയകമായി നടക്കേണ്ടതുണ്ടെന്നും അതിനു തടസം നില്‍ക്കുന്നത് പടിഞ്ഞാറിന്റെ വീക്ഷണപരമായ സങ്കുചിതത്വമാണെന്നും ഗ്രന്ഥം ചൂണ്ടിക്കാട്ടുന്നു. പ്രവാചകരുടെ സ്‌നേഹ സാമ്രാജ്യത്തെ പറ്റിയാണ് അഞ്ചാം ലേഖനം. സ്‌നേഹത്തിന്റെ മൂല്യ ക്രമം തെറ്റിയ സാഹചര്യത്തില്‍ സ്‌നേഹത്തെ വിണ്ണില്‍ നിന്നു മണ്ണിലിറക്കി കൊണ്ടുവന്ന കാഴ്ചയാണ് പ്രവാചകരുടെ സ്‌നേഹ സാമ്രാജ്യത്തില്‍ ചരിത്രം കണ്ടത്. നിരുപാധിക സ്‌നേഹത്തെ പ്രതിനിധീകരിച്ച തിരുനബി (സ്വ) ആത്മാര്‍ഥസ്‌നേഹത്തെ പ്രയോഗവത്കരിച്ചു. പ്രപഞ്ചത്തെ മാറ്റിക്കുറിക്കാന്‍ മാത്രം പരിവര്‍ത്തനോന്മുഖമാണീ സ്‌നേഹമെന്നും കാണിച്ചു. അനശ്വരമായ പ്രവാചക സ്‌നേഹത്തിന്റെ അനര്‍ഘ നിമിഷങ്ങളെ ലേഖകന്‍ കുറിച്ചു വെക്കുന്നുണ്ട്. തിരുനബിയുടെ സ്‌നേഹ സാമ്രാജ്യത്തിന്റെ ആഴവും പരപ്പും ദാര്‍ശനിക വശങ്ങളും ഇവിടെ ചര്‍ച്ചയാകുന്നുണ്ട്. ആന്തരികവും ബാഹ്യവുമായ അടിമത്തത്തില്‍ നിന്നുള്ള വിമോചനവും, മനുഷ്യരെല്ലാം ഒരു മാതാവിന്റെയും പിതാവിന്റെയും പുത്രന്മാരാണെന്ന സമീപനത്തിലൂടെ സമത്വവും ആ സ്‌നേഹ സാമ്രാജ്യത്തില്‍ ഇഴകിച്ചേരുന്നുവെന്ന് കൃതി വരച്ചുകാട്ടുന്നുണ്ട്.
വിശ്വപ്രസിദ്ധ പണ്ഡിതന്‍ സയ്യിദ് മുഹമ്മദ് അലവി മാലികിയുടെ അല്‍ ഇന്‍സാനുല്‍ കാമില്‍ എന്ന അദ്വിതീയ രചനയുടെ ആസ്വാദനക്കുറിപ്പാണ് ആറാം ലേഖനം. നബി ജീവിതത്തിന്റെ അധ്യാത്മ ഉയര്‍ച്ചയെക്കുറിച്ചും ഖുര്‍ആന്‍ നബിവ്യക്തിത്വത്തെ സമീപിച്ചതിന്റെ ഉള്‍പൊരുളും പ്രസ്തുത കൃതിയില്‍ വശ്യമായി ആവിഷ്‌കരിക്കുന്നുണ്ടെന്ന് ലേഖകന്‍ പറയുന്നു.
ഓരോ ലേഖനങ്ങളും പുതിയ ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും തിരിതെളിയിക്കുന്നവയാണ്. തുടര്‍ന്നുള്ള ലേഖനങ്ങള്‍ ആ തലത്തില്‍ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. കാവ്യങ്ങളിലൊതുങ്ങാത്ത നബിപ്രഭാവം എന്ന ശീര്‍ഷകത്തിലുള്ള ഭാഗം തിരുകീര്‍ത്തന ഹാരങ്ങളിലെ ആന്തരാർഥങ്ങളിലേക്കു ഊളിയിട്ടിറങ്ങുന്നതാണ്. നബിഗീതങ്ങളുടെ ആസ്വാദനം കൂടിയാണിത്.
പ്രേമത്തിന്റെ ഉലയില്‍ ഊതിക്കാച്ചിയെടുക്കുന്ന ആത്മീയ വ്യക്തിത്വമാണ് പല കവികളും വാഴ്ത്തുപാട്ടുകളിലൂടെ ലക്ഷ്യം വെക്കുന്നത്. സ്‌നേഹിയും സ്‌നേഹിതനും അലിഞ്ഞു ലയിക്കുന്ന വിവരണാതീതമായ വൈകാരികതയാണ് ഈ കവിതകളുടെയത്രയും ഉള്ളടക്കമെന്ന സുന്ദര ആശയത്തെ ലേഖനം അനാവരണം ചെയ്യുന്നു. സൗന്ദര്യസ്വാദനത്തിന്റെ നബി മാതൃകയെക്കുറിച്ച് വശ്യമായ ഖണ്ഡം ഉണ്ട്. മതത്തിന്റെ സൗന്ദര്യാത്മക വായനയുടെ വാതായനമാണിവിടെ തുറക്കുന്നത്. സൗന്ദര്യം അപരിമേയമാണ്. ഓരോന്നിന്റെയും സൗന്ദര്യത്തെ അതിന്റെ തനതായ ശൈലിയില്‍ ആസ്വദിക്കാന്‍ സാധിക്കണം. സൗന്ദര്യത്തെ ആസ്വദിക്കാനും അനുഭവിക്കാനുമറിയുന്നവനാണ് യഥാര്‍ഥ വിശ്വാസി. തിരുനബിയില്‍ സൗന്ദര്യാസ്വാദനത്തിന് നമുക്ക് മാതൃകയുണ്ട്. ഇങ്ങനെയാണീ ലേഖനത്തിന്റെ തുടക്കം. അങ്ങനെ തിരുനബി ജീവിതത്തിലെ സൗന്ദര്യാസ്വാദനത്തിന്റെ വിവിധ തലങ്ങളില്‍ സ്പര്‍ശിച്ചുകൊണ്ട് അവസാനിക്കുന്നു. പ്രവാചകരും സ്ത്രീകളും കണ്ണുതുറക്കാത്ത വിമര്‍ശകരും, അഹ്‌ലുബൈത്ത് സ്‌നേഹാദരങ്ങള്‍ക്കൊരിടം എന്നീ ലേഖനങ്ങളോടെ ഈ സമാഹാരം അവസാനിക്കുന്നു. ഏറെ സമകാലിക പ്രസക്തിയുള്ളതും യാഥാര്‍ഥ്യങ്ങള്‍ തുറന്നുകാട്ടുന്നതുമാണ് ഇവ രണ്ടും.
വിമര്‍ശകരുടെ ആരോപണങ്ങളിലെ അബദ്ധങ്ങളും പ്രവാചകരുടെ സ്ത്രീ സമീപനങ്ങളും വ്യക്തമാക്കുകയാണിതില്‍. പ്രവാചക കുടുംബത്തെ സ്‌നേഹിക്കുന്നതിനു പിന്നിലെ ഉള്‍സാരങ്ങളാണിതിലെ പ്രതിപാദ്യം. നബിവ്യക്തിത്വത്തിന്റെ വിഭിന്നങ്ങളായ തലങ്ങളുടെ വിസ്മയകരമായ ആവിഷ്‌കാരമാണീ ചെറു ഗ്രന്ഥം. ഇന്നും പ്രവാചക മാതൃകകളില്‍ ലോകര്‍ക്ക് മാതൃകയുണ്ടെന്നുംതിരുനബിയെ (സ്വ) വായിക്കുന്നതിന്റെ സൗന്ദര്യാത്മകമായ ഒരു തലമുണ്ടെന്നും ഈ കൃതി ബോധ്യപ്പെടുത്തുന്നു ■

Share this article

About മുഹമ്മദ് സിനാന്‍ പടിഞ്ഞാറത്തറ

muktharrazy786@gmail.com

View all posts by മുഹമ്മദ് സിനാന്‍ പടിഞ്ഞാറത്തറ →

Leave a Reply

Your email address will not be published. Required fields are marked *