ചിലന്തികൾ

Reading Time: < 1 minutes

സ്വന്തമിടങ്ങളില്‍ നിന്നും
പുറത്താക്കപ്പെടുമ്പോഴാവണം
ഓരോ ചിലന്തിയും
അഭയാര്‍ഥിയാകുന്നത്.

കുടിയേറുന്നിടത്തെല്ലാം രാജകീയകൊട്ടാരം പണിതു
ഒറ്റയാള്‍ ഭരണത്തിന് തുടക്കം കുറിക്കുന്ന ചിലന്തികള്‍
ശിലായുഗത്തിലെ മനുഷ്യരുടെ പൂര്‍വികരായിരിക്കണം.

ഒറ്റയായും തെറ്റയായും
പലായനം ചെയ്യുന്നവരെ
ആകര്‍ഷിച്ചു വീഴ് ത്തുന്ന ഭരണതന്ത്രം
രാഷ്ട്രീയത്തിന്റെ വോട്ടുശാസ്ത്രമെന്നാവണം
വലയില്‍ കുടുങ്ങിയ പ്രാണികള്‍ ഒച്ച വെച്ചത്.

പശയുള്ള നൂലുകള്‍ പരസ്പരം ഒട്ടിപ്പോവാതെ
അകലം പാലിച്ചു നെയ്തെടുക്കുന്ന കരവിരുത്
അധികാരരസതന്ത്രങ്ങളുടെ
സൂത്രവാക്യങ്ങളെന്നായിരിക്കണം
പരിധിക്ക് പുറത്തായ മുറിവാലന്‍ പല്ലികള്‍
മച്ചുകളില്‍ നിന്ന് ചിലക്കുന്നത്.

ഒരു ചിലന്തിയും സ്വന്തം വലയില്‍ കുടുങ്ങാറില്ലെന്നും
മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് നെയ് ത്തധികാരം
സ്ഥാപിക്കുന്നതെന്നുമുള്ള സത്യം
വിളിച്ചു പറഞ്ഞതു കൊണ്ടാവണം
ഈയാംപാറ്റകള്‍ക്ക് വെളിച്ചമേറ്റ്
രക്തസാക്ഷികളാകേണ്ടി വന്നത്.

എത്ര ആട്ടിപ്പായിച്ചാലും വീണ്ടും
നുഴഞ്ഞുകയറുന്ന നെറികെട്ടവന്റെ അധിനിവേശമെന്ന്
ഓരോ വീടും പ്രാകി വെളുപ്പിക്കുന്നത് കൊണ്ടാവണം
ചിലന്തികള്‍ മനുഷ്യരില്ലാത്തിടത്ത് ഒളിച്ചുപാര്‍ക്കുന്നത്.

Share this article

About റസീന കെ പി

raseenahassan1234@gmail.com

View all posts by റസീന കെ പി →

Leave a Reply

Your email address will not be published. Required fields are marked *