പെരുമാറ്റ സിദ്ധാന്തങ്ങള്‍; കാര്‍നീജിയന്‍ വായന

Reading Time: 2 minutes

സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍ക്കിടയില്‍ പ്രമുഖമാണ് ഡേല്‍ കാര്‍നേജ് ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ രചിച്ച How To Win Friends And Influence People. മില്യണ്‍ കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകം. ഒരുപാട് മനുഷ്യരുടെ മുന്നോട്ടുള്ള ഗമനത്തിന് സഹായിച്ച കൃതി. വളരെ അപൂര്‍വമായി നേരിടേണ്ടിവരുന്ന സാഹചര്യങ്ങളല്ല, പകരം തികച്ചും സാധാരണ ഘട്ടങ്ങളില്‍ അപരനെ പ്രീതിപ്പെടുത്തുന്ന, നമ്മുടെ ആവശ്യങ്ങള്‍ നിറവേറുന്ന രൂപത്തില്‍ എങ്ങനെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാം എന്നതാണ് പുസ്തകത്തിന്റെ സന്ദേശം.
ഇരുപതാം നൂറ്റാണ്ടിലെ പേരുകേട്ട സ്വഭാവ പരിശീലകനും മോട്ടിവേറ്റിങ് സ്പീക്കറുമായിരുന്നു ഡേല്‍ കാര്‍നേജ്. നിശ്ചിത വ്യക്തികളെ ഉള്‍പ്പെടുത്തിയ ലെക്ചര്‍ സീരീസുകള്‍ സംഘടിപ്പിക്കലായിരുന്നു അദ്ദേഹത്തിന്റെ രീതി. ഈ ലക്ഷ്യാര്‍ഥം ക്ഷണിതാവായും അല്ലാതെയും അദ്ദേഹം അനേകം യാത്രകള്‍ ചെയ്തു. പോകുന്നിടത്ത് നിന്നെല്ലാം ക്രോ ഡീകരിച്ചെടുത്ത അനുഭവങ്ങള്‍ അദ്ദേഹം ശേഖരിച്ചു. തന്റെ വാക്കുകള്‍ക്ക് ലഭിച്ച അംഗീകാരവും പല ജീവിതങ്ങളിലും അവ സ്വാധീനിക്കപ്പെടുന്നതുമാണ് ഈ പുസ്തകം എഴുത്തപ്പെട്ട പശ്ചാത്തലം.
തേനീച്ചക്കൂട് തകര്‍ത്തല്ല തേന്‍ സമ്പാദിക്കേണ്ടത് എന്നു പറഞ്ഞാണ് പുസ്തകം ആരംഭിക്കുന്നത്. ശകാര വാക്കുകള്‍ വ്യര്‍ഥമാണെന്നും ഒരു പരിധിവരെ അപകടമാണെന്നും അദ്ദേഹം വീക്ഷിക്കുന്നുണ്ട്. പ്രസിദ്ധ മനഃശാസ്ത്രജ്ഞന്‍ ബി എഫ് സ്‌കിന്നറുടെ എക്‌സ്പിരിമെന്റും ഇതിനോട് അദ്ദേഹം ചേര്‍ക്കുന്നുണ്ട്. മോശം പെരുമാറ്റത്തിന് ശിക്ഷിക്കപ്പെട്ട ജീവിയെക്കാള്‍ നല്ല പെരുമാറ്റത്തിന് പാരിതോഷികം നല്‍കപ്പെട്ടവരാണ് പാഠം ഉള്‍ക്കൊള്ളുന്നതിലും അത് മറക്കാതിരിക്കുന്നതിലും മുന്നിലെന്ന് സ്കിന്നറുടെ പരീക്ഷണം തെളിയിക്കുകയുണ്ടായി. ഒക്ലോഹാമയില്‍ ഒരു എഞ്ചിനീയറിങ് കമ്പനിയിലെ സേഫ്റ്റി ഓഫീസറായിരുന്ന ജോര്‍ജ് ബി ജോണ്‍സന്റെ അനുഭവവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. പതിവായി സേഫ്റ്റി ഹെല്‍മെറ്റ് വെക്കാതിരുന്ന വര്‍ക്കേഴ്‌സിനോട് അധികാര ഭാഷയില്‍ ഹെല്‍മറ്റ് ധരിക്കാന്‍ ആവശ്യപ്പെട്ടപ്പോഴെല്ലാം പേരിന് മാത്രമുള്ള അനുസരണയായിരുന്നു അദ്ദേഹം കണ്ടത്. തന്റെ സമീപനത്തിലെ പാളിച്ച മനസിലാക്കിയ അദ്ദേഹം വാക്കുകള്‍ റീസ്ട്രക്ചര്‍ ചെയ്തു പറഞ്ഞു “ഈ ഹെല്‍മറ്റ് നിങ്ങള്‍ക്ക് പാകമല്ല എന്ന് തോന്നുന്നു. നമുക്കത് ശരിയാക്കാം. നിങ്ങളുടെ സുരക്ഷയാണ് പ്രധാനം. അതിനാണല്ലോ ഇതൊക്കെ.’
കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിലെ ശൈലിയും സമീപനവും മാറ്റിയപ്പോള്‍ തൊഴിലാളികള്‍ പൂര്‍ണ അനുസരണയുള്ളവരായും ഡ്യൂട്ടി സമയം മുഴുവനും ഹെല്‍മറ്റ് ധരിക്കുന്നവരായും മാറിയതാണ് പിന്നീട് ജോര്‍ജിന്റെ അനുഭവം. കേവല കമ്യൂണിക്കേഷനിലല്ല, ഉചിതമായ കമ്യൂണിക്കേഷനിലാണ്, എങ്ങനെ പറയുന്നു എന്നിടത്താണ് ലക്ഷ്യസാഫല്യം.
അംഗീകാരത്തിന് വേണ്ടി എത്ര ആഗ്രഹിക്കുന്നുവോ അത്ര തന്നെ വിമര്‍ശനങ്ങളെ വെറുക്കുന്നുവെന്നര്‍ഥം. തന്റെ ജീവിതത്തില്‍ നിന്നുള്ള ഒരനുഭവം ഡേല്‍ പുസ്തകത്തില്‍ മറച്ചുവെക്കുന്നുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ക്ക് വിലക്കുള്ള ഒരു സ്ഥലത്ത് തന്റെ പെറ്റുമായി രണ്ടുതവണ ഡേല്‍ ചെന്നുപെട്ടു. രണ്ടുതവണയും രക്ഷപ്പെട്ടെങ്കിലും മറ്റൊരു ദിവസം പാറാവുകാരന്റെ കണ്ണില്‍ പെട്ടു. തന്നെ കണ്ടു എന്ന് മനസിലാക്കിയ ഡേല്‍ അങ്ങോട്ട് ചെന്ന് പറഞ്ഞു, “ഞാന്‍ ചെയ്തത് തെറ്റാണ്. ഞാന്‍ നിയമപരമായി ശിക്ഷിക്കപ്പെടണം. താങ്കള്‍ വീണ്ടും വീണ്ടും മുന്നറിയിപ്പ് നല്‍കിയിട്ടും ഞാനത് പാലിച്ചില്ല.’ ഇതൊരു മനഃശാസ്ത്രപരമായ തന്ത്രമായാണ് ഡേല്‍ അവതരിപ്പിക്കുന്നത്. ക്ഷുഭിതനായ പോലീസുകാരന്‍ കേള്‍ക്കുന്നത് ക്ഷമാപണത്തിന്റെ വാക്കുകളാണ്. മാപ്പ് കൊടുത്ത് കരുണാമയനാവുക എന്നതല്ലാതെ മറ്റൊരു ഉപാധിയും പാറാവുകാരന് ഉണ്ടായിരുന്നില്ല. യഥാർഥത്തില്‍ ഈ ഒരു ചിന്താതലത്തിലേക്ക് പോലീസുകാരനെ എത്തിക്കാനായിരുന്നു ഡേല്‍ ആദ്യം തന്നെ അദ്ദേഹത്തെ സമീപിച്ചതും ക്ഷമാപണം നടത്തിയതും. ഓരോ മനുഷ്യനും തന്റെ പ്രാധാന്യം മറ്റുള്ളവര്‍ എത്രകണ്ട് അംഗീകരിക്കുന്നു എന്നാണ് നോക്കുന്നത.് അപരനെ നാമെത്ര അംഗീകരിക്കുന്നുവോ അത്ര തന്നെയോ അതിലുപരിയോ നമ്മുടെ ആവശ്യങ്ങള്‍ അവര്‍ അംഗീകരിച്ചുതരും എന്ന് പുസ്തകം പറഞ്ഞുവെക്കുന്നു.
അമേരിക്കന്‍ തത്വചിന്തകന്‍ ജോണ്‍ ദിവെയെ (John Dewey) ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു, “സമൂഹത്തില്‍ സ്വയം പ്രാധാന്യമുള്ളവനാവുക എന്ന ആഗ്രഹം നിറവേറ്റലാണ് മനുഷ്യനില്‍ ആണ്ടിറങ്ങിയ ത്വര.’ അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ക്ക് മുന്നില്‍ സ്വയം പുകഴ്ത്തുന്ന സ്വഭാവം പൂര്‍ണമായും വർജിക്കേണ്ടതാണ് എന്ന് ചില വസ്തുതകളിലേക്ക് വിരല്‍ ചൂണ്ടി ഡേൽ അഭിപ്രായപ്പെടുന്നുണ്ട്. ബക്കിങ്ഹാം കൊട്ടാരത്തിലെ തന്റെ പഠനമുറിയില്‍ കിങ് ജോര്‍ജ് അഞ്ചാമന്‍ ആറോളം തത്വങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതിലൊന്നായിരുന്നു, മുഖസ്തുതിയാണ് ഏറ്റവും മോശമായ സ്തുതി എന്നത്. മുഖസ്തുതിയെ രസകരമായി പരാമര്‍ശിച്ചാണ് പ്രസ്തുത ഭാഗം അവസാനിപ്പിക്കുന്നത്: “തങ്ങള്‍ ആരാണെന്ന് സ്വയം വിചാരിക്കുന്ന കാര്യം മറ്റുള്ളവരില്‍ ആരോപിക്കുകയാണ് മുഖസ്തുതി’ (flattery is telling the other person precisely what he thinks about himself). മുഖസ്തുതി പറയുന്നതിലെ നിരര്‍ഥകതയാണദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. വിജയകരമായ ജീവിതപാതയില്‍ വന്നേക്കാവുന്ന തടസങ്ങളുടെ കൂട്ടത്തിലാണ് മുഖസ്തുതി പരാമര്‍ശിക്കുന്നത്.
ചുരുക്കത്തില്‍, അനേകം മനുഷ്യരുടെ ജീവിതാനുഭവങ്ങളിലൂടെ സഞ്ചരിച്ച് വളരെ അടിസ്ഥാനപരമായ തത്വങ്ങളായി അവ ക്രോഡീകരിച്ച് അവതരിപ്പിച്ചിരിക്കുന്ന പുസ്തകമാണിത്. സാമൂഹ്യ ജീവിയായ മനുഷ്യന് സമൂഹത്തിലെ പെരുമാറ്റ രീതികളുടെ അവബോധം അത്യന്താപേക്ഷിതമാണല്ലോ. വിദ്യാഭ്യാസ രീതികള്‍ ഈ ആവശ്യത്തിന് മതിയായെന്ന് വരില്ല. അവിടെയാണ് ഇത്തരത്തിലുള്ള പുസ്തകങ്ങളുടെയും അവ സംവേദനം ചെയ്യുന്ന ആശയങ്ങളുടെയും പ്രാധാന്യം ■

Share this article

About മുഹമ്മദ് ശഫീഖ് ഹംസ

shafeeqvpz315@gmail.com

View all posts by മുഹമ്മദ് ശഫീഖ് ഹംസ →

Leave a Reply

Your email address will not be published. Required fields are marked *