വരൂ.. മടമ്പൊപ്പിച്ച് നില്‍ക്കൂ..

Reading Time: < 1 minutes

മലയാളികള്‍ ഒഴികെ ലോകത്തെവിടെയും ഇപ്പോള്‍ കാര്യമായി “മുഖകോണകം’ ഉപയോഗിക്കുന്നില്ല. കേരളത്തിനു വെളിയില്‍ വാ മൂടിക്കെട്ടിച്ചെന്നാല്‍ ആളുകള്‍ തുറിച്ചു നോക്കും -ഇയാള്‍ രോഗിയാണെന്നു കരുതി അകറ്റിയെന്നും വരും. ലോകത്ത് അടച്ചുപൂട്ടിയ ഇടങ്ങളെല്ലാം തുറന്നുകഴിഞ്ഞു. സാമൂഹിക അകലവും സാനിറ്റൈസറും കാണെക്കാണെ കണ്‍മറയുകയാണ്. വിനോദ മേഖല പഴയപടിയായി, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉണര്‍ന്നു, തിയേറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും നിറഞ്ഞു തുടങ്ങി, മാളുകളിലും വ്യാപാര കേന്ദ്രങ്ങളിലും തിരക്കേറി, പൊതുവാഹനങ്ങള്‍ ആളുകളെ കുത്തിനിറച്ചാണ് സര്‍വീസ് നടത്തുന്നത്, രാജപാതകള്‍ മാത്രമല്ല; നാട്ടുപാതകള്‍ വരെ വാഹനങ്ങള്‍ നിറഞ്ഞു യാത്രാകുരുക്കുകള്‍ രൂപപ്പെട്ടു തുടങ്ങി. ഇത്രയൊക്കെയായിട്ടും ഇപ്പോഴും പഴയപടിയാകാത്ത ഒരിടമുണ്ട് -മസ്ജിദുകള്‍!
നമ്മുടെ മസ്ജിദുകളില്‍നിന്നു കൊറോണ ഇപ്പോഴും തീര്‍ത്തും കുടിയിറങ്ങിയിട്ടില്ല. ഒരുപക്ഷേ ആദ്യം മഹാമാരി കയറി ഇരിപ്പുറപ്പിച്ചത് മസ്ജിദുകളിലാണ്. ഇപ്പോഴും ഇറങ്ങിപ്പോകാതെ ചടഞ്ഞിരിക്കുന്നതും മസ്ജിദുകളില്‍ തന്നെ. മിക്ക മസ്ജിദുകളിലും ഇപ്പോഴും സാനിറ്റൈസര്‍ കുപ്പികള്‍ സ്വാഗതമോതി നില്‍കുന്നുണ്ട്, സാമൂഹികാകലത്തിനു വേണ്ടി വരച്ചിട്ട അടയാളങ്ങള്‍ അതേപടി ശേഷിക്കുന്നുണ്ട്, ഹൗളുകളില്‍ വെള്ളം നിറക്കുന്നില്ല. രാജ്യത്ത് പലതരത്തിലുള്ള നിയമങ്ങളുണ്ട്. നിയമങ്ങളോടു ജനങ്ങള്‍ക്കുള്ള മനോഭാവം പൊതുവെ എന്തായിരുന്നാലും കോവിഡ് നിയമങ്ങള്‍ പ്രത്യക്ഷരം നടപ്പായ ഒരേഒരിടം നമ്മുടെ മസ്ജിദുക്കള്‍ മാത്രമാണ്.
വാങ്കിന്റെ നാലാമത്തെ വിളിയാളം അപ്രസക്തമായ കാലമാണ് കൊറോണക്കാലം. “നിസ്‌കാരത്തിലേക്ക് വരൂ..’ എന്ന അറിയിപ്പിനു പകരം
“നിസ്‌കാരത്തിലേക്ക് വരരുതേ..’ എന്നു വിളിച്ചു പറയേണ്ടതായി വന്ന വിചിത്രകാലം! ഈ അറിയിപ്പിനെ മലയാളികള്‍ ശരിക്കും ഈമാന്‍കൊണ്ടു. അതൊരു ശീലവും പിന്നീട് സ്ഥിരം മനോഭാവവുമാക്കി. നിയന്ത്രണങ്ങള്‍ നീങ്ങുകയും “ഹയ്യഅലസ്സ്വലാ..’യുടെ വിളി വീണ്ടും സാര്‍ഥകമായി ഉയരുകയും ചെയ്തപ്പോള്‍ അസഹിഷ്ണുതയോടെ മലയാളി മുഖം ചുളിക്കുകയാണോ. മസ്ജിദുകളിലേക്കുള്ള വഴികള്‍ മാത്രമല്ല; ആത്മീയതയിലേക്കുള്ള വഴിത്താരകളെല്ലാം സന്തോഷത്തോടെ കൊട്ടിയടച്ചവര്‍ ഇപ്പോള്‍ തിരിഞ്ഞു നടക്കാനും അടച്ചിട്ട വഴികള്‍ തുറന്നുവെക്കാനും അറച്ചു നില്‍ക്കുകയാണ്.
കൊറോണ ഒന്നാംഘട്ടം എന്നോ പോയ് മറഞ്ഞു. രണ്ടാം ഘട്ടം ദേ, പോയിക്കൊണ്ടിരിക്കുന്നു. മൂന്നാം ഘട്ടം വരുന്നുണ്ടത്രെ. വരാം; വരാതിരിക്കാം. പക്ഷേ, മസ്ജിദുകളിലെ അനിശ്ചിതത്വം അവസാനിച്ചിട്ടില്ല. മനസിനെ മസ്ജിദുകളുമായി കെട്ടുപാടാക്കുക എന്ന ഒരാശയമുണ്ട് ഇസ്‌ലാമില്‍. കൊറോണ മുറിച്ചു കളഞ്ഞ ഈ “തഅല്ലുഖാത്’ പൂര്‍ണമായും ഇപ്പോഴും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. ടര്‍ഫുകളില്‍ ആരവങ്ങളുയരുന്നുണ്ട്, ആത്മീയതയുടെ സ്വരമാധുരി വാങ്കില്‍ തുടങ്ങി വാങ്കില്‍ അവസാനിക്കുന്നു. പഴയപടി തിരിച്ചുവരാത്ത രണ്ടേ രണ്ടിടങ്ങള്‍ മാത്രം -മസ്ജിദുകളും വിദ്യാലയങ്ങളും. അടച്ചിട്ടതെല്ലാം നമ്മള്‍ തുറന്നു. മസ്ജിദിനു നേരെ കൊട്ടിയടച്ച വാതിലുകള്‍ തുറക്കാന്‍ മടിച്ചുനില്‍ക്കയാണ്.
പലതലങ്ങളില്‍ പലതരം നഷ്ടങ്ങള്‍ കൊറോണ വരുത്തിവച്ചിട്ടുണ്ട്. ഇതിലേറ്റവും വലിയ നഷ്ടം ആത്മീയരംഗത്താണ്. മസ്ജിദുകള്‍ക്കു നേരെ അടച്ചുതാഴിട്ട മനസുകള്‍ തുറക്കപ്പെട്ടില്ലെന്നു മാത്രമല്ല; ആത്മീയവഴികളൊന്നും പഴയപടിയായില്ല. ആത്മീയ മജ്‌ലിസുകള്‍ ശുഷ്‌കമാണ്. മദ്‌റസകളും ദീനീ സ്ഥാപനങ്ങളും തുറന്നെങ്കിലും കടുത്ത പ്രതിസന്ധിയിലാണ്. കൊറോണയുടെ കെട്ട കാലത്ത് അറ്റുപോയ ആത്മീയ ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ധാര്‍മിക കൂട്ടായ്മകള്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണം ■

Share this article

About ഒ എം തരുവണ

omtharuvana@gmail.com

View all posts by ഒ എം തരുവണ →

Leave a Reply

Your email address will not be published. Required fields are marked *