തലശ്ശേരിയിലെ ഖിലാഫത്ത്-നിസഹകരണ പ്രസ്ഥാനങ്ങള്‍

Reading Time: 4 minutes

തലശ്ശേരിയിലെ ഹോംറൂള്‍ പ്രസ്ഥാന പ്രവര്‍ത്തനങ്ങളും 1918ല്‍ തിരുവങ്ങാട് മുണ്ടാരത്ത് നടന്ന കോണ്‍ഗ്രസ് സമ്മേളനവുമൊക്കെ ജനകീയസ്വഭാവം കുറഞ്ഞവയായിരുന്നു എന്നു കാണാം. തലശ്ശേരിക്കടുത്തുള്ള പാനൂരില്‍ ആദ്യമായി ഒരു കോണ്‍ഗ്രസ് പൊതുയോഗം സംഘടിപ്പിക്കപ്പെടുന്നത് തന്നെ തലശ്ശേരി കോണ്‍ഗ്രസ് സമ്മേളനത്തിന്റെ പ്രചരണാര്‍ഥമാണ്. ശങ്കര അയ്യര്‍, കെ ടി ചന്തു നമ്പ്യാര്‍, കെ ടി കമ്മാരന്‍ നമ്പ്യാര്‍ എന്നി വരായിരുന്നു അന്ന് പ്രധാനമായി സംസാരിച്ചതെന്നു കാണാം.
“തലശ്ശേരിയിലെ സമ്മേളനത്തില്‍ സ്വാഗതസംഘത്തിന്റെ മേല്‍നോട്ടക്കാരനായി ചിറക്കല്‍ രാമവര്‍മയും കെ ടി ചന്തു മേനോന്‍ വളന്റിയര്‍ ക്യാപ്റ്റനായും താനും കോലത്തായി ഓമന നമ്പ്യാര്‍, എല്‍ എസ് നമ്പ്യാര്‍ തുടങ്ങിയവരും വളന്റിയറായും സജീവമായിരുന്നെന്ന്’ മൊയാരത്ത് ശങ്കരന്‍ ആത്മകഥയില്‍ പറയുന്നുണ്ട്. ധനശേഖരണാര്‍ഥം ശങ്കര അയ്യര്‍, എല്‍ എസ് പ്രഭു തുടങ്ങിയവരോടൊപ്പം താനും വീടുകള്‍ കയറിയിറങ്ങിയതും ഒരു വിഷുദിനത്തില്‍ കെ ടി പത്മനാഭന്‍ നമ്പ്യാരിന്റെയും മറ്റും കൂടെ പയ്യന്നൂര്‍, പാനൂര്‍ പോലുള്ള സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി എമ്പത്തിരണ്ട് രൂപ സമാഹരിച്ചതുമൊക്കെ അദ്ദേഹം ഓര്‍ക്കുന്നുണ്ട്.
എന്നാല്‍ ഇതിലൊക്കെയും അന്നത്തെ മുന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ വിദ്യാസമ്പന്നരായ യുവാക്കളായിരുന്നു മുന്‍പന്തിയിലുണ്ടായിരുന്നത് എന്നു കാണാം. ഇതിനൊരു മാറ്റം സംഭവിക്കുന്നത് ഖിലാഫത്ത്-നിസഹകരണ പ്രസ്ഥാനങ്ങളോടെയാണ്. ഗാന്ധിയുടെയും മൗലാനാ ശൗക്കത്തലിയുടെയും മലബാര്‍ സന്ദര്‍ശനത്തോടെയും ഒറ്റപ്പാലം കോണ്‍ഗ്രസ് സമ്മേളനത്തോടെയും ഇത് ത്വരിതഗതിയിലായി.
നാഗ്പൂര്‍ സമ്മേളനത്തിന് ശേഷം 1921 ജനുവരി 30ന് കോഴിക്കോട് ചേര്‍ന്ന കേരളത്തിന്റെ വിവിധ പ്രദേശങ്ങളുടെ കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ തലശ്ശേരി കേന്ദ്രമാക്കി ഒരു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു. കെപിസിസിക്ക് സമാനമായി ഒരു സെക്രട്ടറിയും ഒരു ജോയിന്റ് സെക്രട്ടറിയും ഒരു ഖജാന്‍ജിയും ഏഴംഗങ്ങളടങ്ങുന്ന പ്രവര്‍ത്തകസമിതിയും നൂറ് അംഗങ്ങളുമായിരുന്നു ജില്ലാ കമ്മിറ്റിക്കും നിശ്ചയിച്ച ഘടന.
വി സി മായന്‍, എം കെ കുഞ്ഞിമായന്‍ ഹാജി, ചെറിയ ആലിപ്പക്കേയി, മദ്രാസില്‍ ബിരുദവിദ്യാര്‍ഥികളായിരുന്ന അപ്പനായര്‍-കോട്ടാല്‍ ഉപ്പിസാഹിബ്, മൊയാരത്ത് ശങ്കരന്‍, മലബാര്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം തലശ്ശേരിയിലെത്തിയ എ മുഹമ്മദ്, പാലത്തില്‍ ഗോപാലന്‍, കുഞ്ഞിരാമന്‍ നായര്‍, മംഗലാപുരം സ്വദേശി കോമ്പര്‍ബെയില്‍, കിണാംകൂര്‍ ഖാദര്‍കുട്ടി, അമാനത്ത്, കെ പി കേശവമേനോന്റെ സഹോദരന്‍ കെ പി ചിന്നമേനോന്‍, ആലപ്പുഴ സ്വദേശി മാത്തുണ്ണി, മൂസ സാഹിബ് തുടങ്ങിയവരായിരുന്നു ഖിലാഫത്ത്-കോണ്‍ഗ്രസ് നേതൃത്വങ്ങളിലെ പ്രമുഖര്‍. വി സി മായനായിരുന്നു കമ്മിറ്റിയുടെ പ്രസിഡന്റ്.
എന്നാല്‍ ആദ്യകാലത്തെ പ്രമുഖനേതാക്കളായ ശങ്കരയ്യര്‍, കെ ടി ചന്തുനമ്പ്യാര്‍ പോലോത്തവര്‍ കോണ്‍ഗ്രസില്‍ നിന്ന് ഇതേ കാലയളവില്‍ പിന്‍വലിയുന്നുമുണ്ട് എന്നു കാണാം. ഇതിന് ഗാന്ധി-ആനി ബസന്റ് ധാരയുടെ അസ്വാരസ്യങ്ങളുമായി ബന്ധമുണ്ടെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. മൊയാരത്ത് ശങ്കരനെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ വേണ്ടി അമ്മാവന്‍ ഉണ്ണി നമ്പ്യാര്‍ നടത്തുന്ന സംഭാഷണത്തില്‍ പഴയ നേതാക്കളുടെ പിന്‍വലിയല്‍ സൂചിപ്പിക്കുന്നുണ്ട്. ഈ സംസാരം അക്കാലത്തെ സാഹചര്യവും പഴമക്കാരുടെ ദേശീയപ്രസ്ഥാനത്തോടുള്ള മനോഭാവവും വ്യക്തമാക്കുന്നു.
ഏതായാലും കെ പി കേശവമേനോന്‍ നല്‍കിയ നിര്‍ദേശപ്രകാരം വടക്കേ മലബാര്‍ ജില്ലാ കമ്മിറ്റിയും താലൂക്ക് കമ്മിറ്റികളും പ്രധാനനഗരങ്ങളിലെല്ലാം ടൗണ്‍കമ്മിറ്റികളും രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളായിരുന്നു പ്രഥമമായി ഇവര്‍ ചെയ്തത്. ഗോപാലകൃഷ്ണകുറുപ്പിന്റെ നേതൃത്വത്തില്‍ 1921 ഫെബ്രുവരിയില്‍ പഴയ മുനിസിപ്പല്‍ ഓഫീസിന്റെ സമീപം വടക്കെ മലബാര്‍ ജില്ലാ കോണ്‍ഗ്രസ് ഓഫീസ് പ്രവര്‍ത്തനവും ആരംഭിച്ചിരുന്നു. രൂപീകരിക്കപ്പെട്ട പ്രാദേശങ്ങളിലെ കേന്ദ്രങ്ങളില്‍ നൂല്‍ നൂല്‍ക്കാനുള്ള പരിശീലനങ്ങളും നല്‍കിയിരുന്നു. ഗോപാലന്‍ നായര്‍ കൊയിലാണ്ടി, എ മുഹമ്മദ്, മൊയാരത്ത് ശങ്കരന്‍, കുഞ്ഞിരാമന്‍ നായര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ വിവിധയിടങ്ങളില്‍ പ്രസംഗങ്ങളും വീടുകള്‍തോറും പ്രചരണങ്ങളും നടന്നു. അഞ്ഞൂറു മുതല്‍ ആയിരം വരെയുള്ള പൊതുജനങ്ങള്‍ പങ്കെടുത്തിരുന്ന ഇത്തരം യോഗങ്ങളില്‍ അമാനത്തിന്റെ ദേശഭക്തിഭാനങ്ങള്‍ പ്രത്യേകം ആകര്‍ഷിക്കപ്പെട്ടിരുന്നു.
കുഞ്ഞിമായന്‍ ഹാജിയും മറ്റും കോണ്‍ഗ്രസിന്റെ പ്രദേശത്തെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്കായി നാലായിരം രൂപ സ്വരൂപിപ്പിച്ചിരുന്നു. ഇതിനു മുമ്പും ഗാന്ധിജി ആരംഭിച്ച തിലക് ഫണ്ടിലേക്കും മറ്റും ഹാജിയുടെയും സത്താര്‍ സേട്ടിന്റെയും പ്രവര്‍ത്തനങ്ങള്‍ കെ പി കേശവമേനോന്‍ അനുസ്മരിക്കുന്നതും ഇവിടെ പരാമര്‍ശിക്കണം.
1921 ഫെബ്രുവരി 16ന് മാധവന്‍ നായരടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് ആറുമാസം തടവുശിക്ഷക്കായി കണ്ണൂര്‍ ജയിലിലേക്ക് ട്രെയിന്‍ മാര്‍ഗം അയച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി 17ന് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ ധാരാളം ജനങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു. അന്ന് തലശ്ശേരി ഖിലാഫത്ത് കമ്മിറ്റി ഓഫീസില്‍ പ്രതിഷേധയോഗം സംഘടിപ്പിക്കപ്പെടുകയും തുടര്‍ന്ന് ഒരു ജാഥയായി ജനങ്ങള്‍ തലശ്ശേരി കടപ്പുറത്ത് സംഗമിക്കുകയും ചെയ്തു. ആപേക്ഷികമായി മാപ്പിളമാര്‍ കൂടുതല്‍ പങ്കെടുത്ത ഈ യോഗത്തില്‍ ഉപ്പിസാഹിബിന്റെ അധ്യക്ഷതയില്‍ വി സി മായന്‍, കുഞ്ഞിരാമന്‍ നായര്‍, ഗോവിന്ദന്‍ നായര്‍, എ മുഹമ്മദ്, എസ് കെ കോമ്പര്‍ ബെയില്‍, മൊയാരത് ശങ്കരന്‍ തുടങ്ങിയവരായിരുന്നു സംസാരിച്ചത്. നാല്‍പതില്‍പരം മുസ്‌ലിം വിദ്യാര്‍ഥികളും ടി സി ഗോപാലക്കുറുപ്പ്, കെ പി കുഞ്ഞിരാമന്‍ നായര്‍, എം എന്‍ നായര്‍ എന്നീ ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ഥികളും നിസഹകരണ പ്രസ്ഥാനത്തില്‍ ചേര്‍ന്നതായുള്ള ഉപ്പിസാഹിബിന്റെ പ്രഖ്യാപനം വലിയ കരഘോഷത്തോടെയാണ് ജനങ്ങള്‍ ഏറ്റെടുത്തതെന്ന് മൊയാരത്ത് ശങ്കരന്‍ ഓര്‍ക്കുന്നുണ്ട്. ഈ സംഭവം 1921 ഫെബ്രുവരി 18നും 21നും The Madras Mail പത്രം റിപ്പോര്‍ട്ട് ചെയ്തതായി കാണാം.
ഫെബ്രുവരി അവസാനം ഡോ.രാജന്റെ അധ്യക്ഷതയില്‍ ടി പ്രകാശം ഉദ്ഘാടനം നിര്‍വഹിച്ച ഒരു യോഗം സംഘടിപ്പിച്ചിരുന്നു. നിസഹകരണ പ്രസ്ഥാനത്തെക്കുറിച്ച് കൂടുതല്‍ ആധികാരികമായി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സംഘടിപ്പിച്ച ഈ യോഗത്തില്‍ മൊയാരത്ത് ശങ്കരനായിരുന്നു വിവര്‍ത്തകഭാഷകന്‍. അടുത്ത ദിവസം ടി. പ്രകാശം കണ്ണൂരില്‍ ഒരു ദേശീയവിദ്യാലയം ഉദ്ഘാടനം ചെയ്തതായും കെ വി രാമന്‍ മേനോന്‍, കോമ്പര്‍ബെയില്‍, പി സി രാമനുണ്ണി എന്നിവര്‍ അവിടെ അധ്യാപകരായി സേവനമനുഷ്ഠിച്ചതായും മൊയാരത്ത് ശങ്കരന്‍ തന്റെ ആത്മകഥയില്‍ സൂചിപ്പിക്കുന്നുണ്ട്.
1921 മാര്‍ച്ച് മാസമവസാനം കേശവമേനോന്‍ കോഴിക്കോട് ആരംഭിച്ച പതിനഞ്ചു ദിവസത്തെ വളന്റിയര്‍ ക്യാംപില്‍ ഗോപാലകൃഷ്ണകുറുപ്പ്, ഗോപാലന്‍ നായര്‍, ടി വി ചാത്തുക്കുട്ടി നായര്‍, മൊയാരത്ത് ശങ്കരന്‍, പാലത്തില്‍ ഗോപാലന്‍ തുടങ്ങിയവരൊടൊപ്പം നിരവധി മുസ്‌ലിം വിദ്യാര്‍ഥികളും പങ്കെടുത്തിരുന്നു.
രാജ്യവ്യാപകമായ മദ്യഷാപ്പ് ഉപരോധത്തിന്റെ ഭാഗമായി മൊയാരത്ത് ശങ്കരന്റെ നേതൃത്വത്തില്‍ മാത്തുണ്ണി, ഗോപാലന്‍ നായര്‍, മയ്യഴിസ്വദേശി കുട്ടിയാലി, പാലത്തില്‍ ഗോപാലന്‍ എന്നിവര്‍ അന്നത്തെ പോലീസ് സ്റ്റേഷന്റെ വടക്കുഭാഗത്തുള്ള കള്ളുഷാപ്പ് ഉപരോധിക്കാന്‍ തീരുമാനിച്ചു. മൊയാരത്ത് ശങ്കരന്‍, മാത്തുണ്ണി, കെ പി ചിന്നമേനോന്‍, മൂസ സാഹിബ് എന്നിവരും താനുമായിരുന്നു ഉണ്ടായിരുന്നത് എന്നാണ് എ മുഹമ്മദ് എഴുതുന്നത്.
ഒരാഴ്ച്ച മുമ്പുതന്നെ മദ്യപാനത്തിന്റെ ദോഷങ്ങളും ഉപരോധത്തിന്റെ കാര്യവും വിവരിക്കുന്ന ലഘുലേഖകളും നോട്ടീസുകളും തലശ്ശേരിയിലും പ്രാന്തപ്രദേശങ്ങളിലും വിതരണം ചെയ്യുകയും ചെണ്ടമുട്ടി ജനങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. ഇതുമൂലം സ്വഭാവികമായും വലിയൊരു ജനക്കൂട്ടം മദ്യഷാപ്പിന്റെ മുമ്പില്‍ സൃഷ്ടിക്കപ്പെട്ടിരുന്നു.
ആദ്യദിനം മദ്യപാനത്തിന്റെ ദൂഷ്യങ്ങളെ പറ്റി മാത്തുണ്ണിയും നിസഹകരണപ്രസ്ഥാനത്തെ സംബന്ധിച്ച് മൊയാരത്ത് ശങ്കരനും സംസാരിക്കുകയും കള്ളുഷാപ്പിലെത്തുന്നവരെ സമാധാനപരമായി ഉപദേശിച്ച് തിരിച്ചയക്കുകയും ചെയ്തു.
രണ്ടാംദിനം തന്റെ ഉപഭോക്താക്കളെ തടയുന്നുവെന്നും പൊതുവഴി തടസപ്പെടുത്തുന്നുവെന്നുമുള്ള മദ്യഷാപ്പുടമയുടെ പരാതിയില്‍ ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നിന്നെത്തിയ പോലീസ് സംഘം ഉപരോധസംഘങ്ങളില്‍ നിന്ന് കാര്യങ്ങള്‍ മനസിലാക്കി തിരിച്ചുപോയെങ്കിലും മൂന്നാംദിനം സംഘര്‍ഷഭരിതമായിരുന്നു. എന്നാല്‍ ജനങ്ങള്‍ ഉപരോധത്തിന് പിന്തുണ പ്രഖ്യാപിക്കുകയും പോലീസ് അയച്ച മര്‍ദകരെ തിരിച്ചയക്കുകയും ആയിരത്തോളംപേര്‍ കോണ്‍ഗ്രസ് ഓഫീസിലേക്ക് മുദ്രാവാക്യങ്ങളോടെ എത്തിചേരുകയാണ് ഉണ്ടായത്. തുടര്‍ന്ന് രാത്രി പത്തുമണി വരെ ഒരു പൊതുയോഗവും സംഘടിപ്പിക്കപ്പെട്ടു.
അടുത്ത ദിവസം രണ്ടു ഉദ്യോഗസ്ഥരടക്കം ആറു പോലീസുകാര്‍ സ്ഥലത്തെത്തിയെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. പോലീസിന്റെ മര്‍ദനങ്ങള്‍ക്ക് ഇരകളാവുമെന്ന അഭ്യൂഹം പരന്നിട്ടും വിദ്യാര്‍ഥികള്‍ക്കും അഭിഭാഷകരും അധ്യാപകരുമൊക്കെയായി തടിച്ചുകൂടിയിരുന്ന ജനങ്ങളെ പോലീസ് നിയന്ത്രിച്ചു. അന്ന് വൈകുന്നേരം നാളെ മുതല്‍ കള്ളുഷാപ്പ് തുറക്കുന്നതല്ലെന്ന് അതിന്റെ ഉടമ പ്രഖ്യാപിക്കുകയും ചെയ്തു.
തലശ്ശേരിയില്‍ അക്രമരാഹിത്യം സ്വീകരിച്ച് ഖിലാഫത്ത് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചവര്‍ തങ്ങളുടെ വിരോധികളെ നിസഹകരണം അനുഷ്ഠിക്കണമെന്ന് അഭ്യര്‍ഥിച്ചതിന് ചില നാട്ടുകാര്‍ ഉപദ്രവിച്ചതായി കെ മാധവമേനോന്‍ എഴുതുന്നുണ്ട്.

തലശ്ശേരി ഖിലാഫത്ത് സമ്മേളനം
മലബാര്‍സമരത്തിന് ശേഷം കോണ്‍ഗ്രസ് സംഘടനക്ക് പൊതുജനസമിതി തുടര്‍ന്നു നിലനിര്‍ത്തിപ്പോരുന്ന കാര്യത്തില്‍ ഒരു പ്രതിസന്ധിതന്നെ അഭിമുഖീകരിക്കേണ്ടിവന്നിരുന്നു. ഒരേ സമയം മുസ്‌ലിം-ഹിന്ദു വിശ്വാസികള്‍ക്കിടയില്‍ കോണ്‍ഗ്രസിനോട് അകല്‍ച്ച രൂപപ്പെട്ടു. പടര്‍ന്നുപിടിച്ച എതിര്‍പ്പിന്റെയും വൈരാഗ്യത്തിന്റെയും അന്തരീക്ഷത്തില്‍ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഫലപ്രദമായ എന്തെങ്കിലും പ്രവര്‍ത്തനം മലബാറില്‍ നടത്തുക പ്രയാസമാണെന്ന് നേതാക്കള്‍ മനസിലാക്കി. കൂടാതെ സമരകാലത്ത് അറസ്റ്റ് ചെയ്യപ്പെടാതിരുന്ന കെ പി കേശവമേനോനെപ്പോലെയുള്ള നേതാക്കള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കുന്നതിനും തങ്ങളുടെ പതിവുപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു നടത്തുന്നതിനും ബ്രിട്ടീഷ് അധികാരികള്‍ തടസം സൃഷ്ടിച്ചിരുന്നു. ഇപ്രകാരം പല കാരണങ്ങളാല്‍ മലബാറില്‍ കോണ്‍ഗ്രസ് സംഘടന മിക്കവാറും നിർജീവമായിത്തീര്‍ന്നു.
നിഷ്‌ക്രിയമായ ഈ കാലഘട്ടത്തിലായിരുന്നു ബിഹാറില്‍ നിന്നു വന്ന കോണ്‍ഗ്രസ് നേതാവായ ഡോ.സെയ്ദ് മുഹമ്മദിന്റെ ആധ്യക്ഷ്യത്തില്‍ 1923 മെയ് 1ന് തലശ്ശേരിയില്‍ ഖിലാഫത്ത് സമ്മേളനം നടന്നത്. മലബാറില്‍ മുസ്‌ലിംകളും ഹിന്ദുക്കളും തമ്മില്‍ പുലര്‍ത്തിപ്പോന്നിരുന്ന പ്രശംസനീയമായ ഐക്യത്തെ പ്രത്യക്ഷമായും പരോക്ഷമായും ബ്രിട്ടീഷുകാര്‍ തകര്‍ക്കുകയാണ് ചെയ്തതെന്ന് സമ്മേളനത്തില്‍ അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു. അലി സഹോദരന്മാരുടെ മാതാവ് ആബാദി ബാനു ബീഗവും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
മലബാര്‍ സമരാനന്തരം ആപേക്ഷികമായി മുസ്‌ലിംകള്‍ കൂടുതല്‍ പങ്കെടുത്ത പൊതുസംഗമമായി തലശ്ശേരി ഖിലാഫത്ത് സമ്മേളനത്തെ കാണാം. പക്ഷേ സജീവരാഷ്ട്രീയ ജീവിതത്തില്‍ നിന്ന് മലബാറിലെ മാപ്പിളമാര്‍ പിന്‍വലിയുന്നു എന്ന് സമ്മേളനത്തിലൂടെ വ്യക്തമായിരുന്നു.
പ്രദേശത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന വയ്യപ്രത്ത് കുന്നത്ത് മായന്‍ അദ്ദേഹത്തിന്റെ പിതൃസഹോദരപുത്രന്‍ കുഞ്ഞിമായന്‍ ഹാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമ്മേളനത്തിന്റെ സംഘാടനം. ആബാദി ബാനു ബീഗത്തിന് മാളിയേക്കല്‍ ടി സി കുഞ്ഞാച്ചുമ്മ ആതിഥ്യമരുളുകയും അന്ന് പ്രശസ്തമായിരുന്ന ഡോളര്‍ ചെയിന്‍ അലിസഹോദരന്മാര്‍ക്ക് നല്‍കാനായി സമ്മാനിക്കുകയും ചെയ്തിരുന്നു.
ഖിലാഫത്ത് പ്രസ്ഥാനത്തിനെ അംഗീകരിക്കാതിരുന്ന ഖുതുബി മുഹമ്മദ് മുസ്‌ലിയാരെ തലശ്ശേരിയില്‍ നടന്ന ഒരു ഖിലാഫത്ത് സമ്മേളനത്തിലേക്ക് ക്ഷണിക്കാന്‍ രണ്ട് രാഷ്ട്രീയപ്രമുഖര്‍ വന്ന സംഭവം ദൃക്‌സാക്ഷിയായിരുന്ന കീഴന അബ്ദുല്ല മുസ്‌ലിയാര്‍ പലപ്പോഴും വിവരിക്കാറുണ്ടായിരുന്നത്രെ. പ്രസ്തുതസമ്മേളനം 1923ലേത് തന്നെയാവണം. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോവേണ്ടതില്ല, അവര്‍ തന്നെ ഭരിച്ചാല്‍ മതി എന്ന് പഠിപ്പിക്കാനുള്ള യോഗമാണെങ്കില്‍ ഞാന്‍ പങ്കെടുക്കാമെന്നായിരുന്നു അന്ന് ഖുതുബി പ്രതികരിച്ചത്. ഇതു കേട്ട് ആഗതിലൊരാള്‍ സഹപ്രവര്‍ത്തകനോട് “മുസ്‌ലിയാര്‍ക്ക് തലയില്‍ കയറുന്നില്ല, പറഞ്ഞിട്ടെന്ത് കാര്യം’ എന്ന് സ്വകാര്യം പറഞ്ഞത് ഖുതുബി കേട്ടു. “എന്തെടാ പറഞ്ഞത്’ എന്ന് അദ്ദേഹം അവരോട് ഗൗരവത്തില്‍ ചോദിച്ചപ്പോള്‍ ആഗതര്‍ പെട്ടെന്ന് സ്ഥലം കാലിയാക്കുകയായിരുന്നത്രെ.
പര്യാട്ട് കുഞ്ഞിമൂസ, എ ഡി ബാവോട്ടി, മമ്മു ഹാജി പോലോത്തവര്‍ തലശ്ശേരിയിലെ കോണ്‍ഗ്രസിന്റെ ആദ്യകാല പ്രവര്‍ത്തകരാണ്. അവരും സ്വഭാവികമായി ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടുണ്ടാവണം. വി സി മായന്റെ മകന്‍ ഹാരിസ് മായനും ഖിലാഫത്ത് പ്രവര്‍ത്തകനായിരുന്നു. തലശ്ശേരിയില്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന് സ്വാധീനമുണ്ടായിരുന്നുവെന്ന് പി എ സെയ്തു മുഹമ്മദ് “കേരള മുസ്‌ലിം ചരിത്രം’ എന്ന ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്നതും കാണാം.

കണ്ണൂര്‍സിറ്റിയിലെ ഖിലാഫത്ത് പ്രവര്‍ത്തനങ്ങള്‍
കണ്ണൂര്‍സിറ്റിയിലും ഒരു ഖിലാഫത്ത് കമ്മിറ്റി രൂപീകരിക്കപ്പെട്ടിരുന്നു എന്ന് എ മുഹമ്മദിന്റെ ആത്മകഥയിലെ ചില പരാമര്‍ശങ്ങളില്‍ നിന്ന് വ്യക്തമാവുന്നുണ്ട്. 1921 നവംബര്‍ 14ന് കണ്ണൂര്‍ ജയിലില്‍ നിന്ന് മോചിതനായ എ മുഹമ്മദ് റെയില്‍വെ സ്റ്റേഷനില്‍ വെച്ച് മംഗലാപുരം സ്വദേശി കൊമ്പന്‍ബെയിലിനെ കണ്ടുമുട്ടിയതും അവര്‍ രണ്ടു പേരും പി സി രാമനുണ്ണിയെ ചെന്നുകാണുന്നതും പറയുന്നുണ്ട്. രാമനുണ്ണിയും കൊമ്പന്‍ബെയിലും ആ വര്‍ഷം ഫെബ്രുവരിയില്‍ കണ്ണൂരില്‍ സ്ഥാപിക്കപ്പെട്ട ദേശീയവിദ്യാലയത്തില്‍ സേവനമനുഷ്ഠിച്ചിരുന്നതായി മൊയാരത്ത് ശങ്കരന്‍ എഴുതുന്നതും കാണാം.
രാമനുണ്ണി തന്നെ കണ്ണൂര്‍ സിറ്റിയിലെ ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറിയായിരുന്ന ആനയടുക്ക സ്വദേശിയായിരുന്ന മമ്മു സാഹിബിന്റെയടുക്കലെത്തിച്ചതായും അവിടെ അഞ്ചു മാസത്തോളം ഒരു വായനശാലയില്‍ താമസിച്ചതായും എ മുഹമ്മദ് പറയുന്നുണ്ട്. ഒരുപാട് യുവാക്കള്‍ തന്നെ സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നുണ്ട്. അവര്‍ പ്രദേശത്തെ ഖിലാഫത്ത്-കോണ്‍ഗ്രസ് പ്രവര്‍ത്തകരാവാന്‍ സാധ്യതയുണ്ട്.
കെ എന്‍ പണിക്കര്‍ തന്റെ ഗ്രന്ഥത്തില്‍ മൊയ്തു മൗലവിയുടെ കണ്ണൂരിലെ ഒരു ഖിലാഫത്ത് യോഗത്തിലെ പ്രഭാഷണം പരാമര്‍ശിക്കുന്നുണ്ട്. ഇത് പ്രദേശത്തെ ഖിലാഫത്ത് യോഗങ്ങളിലേക്കും സൂചന നല്‍കുന്നു ■

Share this article

About മുഹമ്മദ് സിറാജ് റഹ് മാൻ

sirajrahmanknr@gmail.com

View all posts by മുഹമ്മദ് സിറാജ് റഹ് മാൻ →

Leave a Reply

Your email address will not be published. Required fields are marked *