ചരിത്രം മുറിഞ്ഞുവീണ മണ്ണില്‍

Reading Time: 3 minutes

നല്ലവനായിരിക്കുക എന്നത് എത്രത്തോളം ആപത്കരമാണെന്ന് തെളിയിക്കുന്നതാണ് ഗാന്ധി വധമെന്നു പറഞ്ഞത് ബര്‍ണാഡ്ഷായാണ്. ആഞ്ഞു വീശിയൊരു കൊടുങ്കാറ്റിനു ശേഷമുള്ള നിശബ്ദതയാണ് രാജ്ഘട്ടിന്. ആ മൗനത്തിന്റെ ഉദ്യാനത്തിലേക്ക് എത്രയെത്ര മനുഷ്യരാണ് പേര്‍ത്തും പേര്‍ത്തും കടന്നുവരുന്നത്. ചക്രവ്യൂഹങ്ങളുടെ പരമ്പര തീര്‍ത്ത മഹാമനുഷ്യര്‍ മുതല്‍ കയ്പ്പ് കുടിച്ചിറിക്കിയ ജീവിതത്തിന്റെ നിശാസന്ധികളില്‍ അന്തിയുറങ്ങുന്ന പാമരന്മാര്‍ വരെ ഒരേ വെളിച്ചത്തിന്റെ നിറപ്പൊലിമയിലേക്ക് നിരാര്‍ഭാഢരായി ഒഴുകിയെത്തിക്കൊണ്ടേയിരിക്കുന്നു. സ്വയാര്‍ജിത ദര്‍ശനങ്ങളുടെ ചക്രവാളങ്ങളില്‍ ചെങ്കോലുകളൊന്നുമില്ലാതെ ജീവിച്ച സാത്വികനായ ഫക്കീറിന്റെ ഓര്‍മത്തറയുടെ ചാരെ ഒരവദൂതന്റെ നിര്‍വികാരതയോടെയാണ് ഞാന്‍ നിന്നത്. സൂഫി പറഞ്ഞത് പോലെ വിളക്കണഞ്ഞിട്ടും വെളിച്ചം ബാക്കിയാണിവിടെ. അണഞ്ഞ വിളക്കിന്റെ വെളിച്ചം പരകോടി ജനതയുടെ ഹൃദായാന്തരങ്ങളിലാണ് പ്രകാശരശ്മികള്‍ പാകിയത്. പോര്‍ബന്ദറിലുദിച്ച് ഡല്‍ഹിയിലെ ബിര്‍ളാമന്ദിരത്തിലസ്തമിച്ച സൂര്യന്റെ ചുറ്റും ഭ്രമണപഥം തീര്‍ത്തത് ഒരു നൂറ്റാണ്ടിന്റെ മാത്രമോ ഒരു ദേശത്തിന്റെ മാത്രമോ ഒരു ദര്‍ശനത്തിന്റെ മാത്രമോ വര്‍ത്തമാനമോ ചരിത്രമോ ആയിരുന്നില്ല. വിശ്വപ്രസിദ്ധനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഒരിക്കലിങ്ങനെ മൊഴിഞ്ഞു.”ഗാന്ധിജിയെപ്പോലൊരാള്‍ രക്തവും മാംസവുമായി ഈ ഭൂമുഖത്ത് ജീവിച്ചിരുന്നു എന്ന് വിശ്വസിക്കാന്‍ ഹിംസയുടെ താണ്ഡവകാലത്ത് ജീവിക്കുന്ന മനുഷ്യര്‍ക്ക് പ്രയാസമായിരിക്കും’. ഉത്തരേന്ത്യയിലേക്ക് വണ്ടികേറുന്നതിനും ദിവസങ്ങള്‍ക്കു മുമ്പാണ് ഗുജറാത്തിലെ ഉനയില്‍ ചത്ത പശുവിന്റെ തൊലിയുരിച്ചതിന് ദളിത് യുവാക്കളെ അതിക്രൂരമായി മര്‍ദിച്ചത്. അറ്റം കാണാത്ത അഹിംസയുടെ ഘോഷയാത്രക്കിടയില്‍ അണയാതെയെരിയുന്നൊരീ തീജ്വാലക്ക് ചാരെ ഇങ്ങനെ വന്നുനില്‍ക്കലുപോലുമൊരു ഗാന്ധിമാര്‍ഗേയുള്ള സമരമാണ്.
ഉത്തരേന്ത്യന്‍ യാത്രക്കിടയിലൊരു രാത്രിവണ്ടിക്കാണ് മൊറാദാബാദില്‍നിന്ന് ഡല്‍ഹിയിലേക്ക് കേറിയത്. ഗോതമ്പ് മണക്കുന്ന കമ്പാര്‍ട്ട്‌മെന്റിലെ ബര്‍ത്തില്‍ കേറി കിടന്നതും ഉറക്കിന്റെ രാശികള്‍ ബോധത്തിന്റെ ഉടുപ്പുകളെ ഊരിയെറിഞ്ഞതും ഒരുമിച്ചാണെന്നു വേണം കരുതാന്‍.നിസാമുദ്ദീന്‍ തീവണ്ടിയാപ്പീസിലെ കിതപ്പൊതുങ്ങിയ തീവണ്ടിയില്‍നിന്ന് സഹയാത്രികരിലാരോ തട്ടിയുണര്‍ത്തിയപ്പോഴാണ് പിടഞ്ഞുണര്‍ന്ന് പുറംചാടിയത്. ചില യാത്രകള്‍ക്ക് വഴിയമ്പലമൊരുക്കിയ നഗരങ്ങളുടെ നഗരത്തിലൂടെ യൂബർ ടാക്‌സി എന്നേയും വഹിച്ച് കരോള്‍ബാഗിന്റെ തിരക്കിലേക്ക് ഊളിയിട്ടു. ശീതമുള്ള കാറിന്റെ ഇരിപ്പിടത്തില്‍ പുറംകാഴ്ചകളിലേക്ക് കണ്ണും ചേര്‍ത്തിരിക്കുമ്പോള്‍ കഴിഞ്ഞൊരു യാത്രയില്‍ പരിചിതനായ മറ്റൊരു ടാക്‌സി ഡ്രൈവര്‍ മനീന്ദറിന്റെ ഓര്‍മ മനസില്‍ വട്ടം ചാടി. മൊബൈലെടുത്ത് നമ്പറിലേക്ക് വിളിച്ചു നോക്കി. ബിഎസ്എന്‍എല്‍ റിക്കാര്‍ഡ് ചെയ്തുവെച്ച ശബ്ദം കാതുതുളച്ചുകേറി. പരിധിക്ക് പുറത്തല്ല, അങ്ങനെയൊരു നമ്പറേയില്ലത്രേ. എല്ലാം നമ്പറുകളിലൊതുങ്ങുന്ന കാലത്ത് ചില നമ്പറുകള്‍ ഇങ്ങനെ മാഞ്ഞുപോവുന്നുണ്ടാവാം. മനുഷ്യന്‍ തന്നെ അക്കങ്ങള്‍ മാത്രമാണല്ലോ. പണ്ട് ജയിലുകളില്‍ മാത്രമായിരുന്നുവത്രെ മനുഷ്യനെ അക്കങ്ങളാല്‍ വേര്‍തിരിക്കപ്പെട്ടത്. ഇന്ന് മൊബൈല്‍ നമ്പര്‍ മുതല്‍ ആധാര്‍ നമ്പര്‍ വരെ കോര്‍ത്തുകെട്ടിയ അക്കങ്ങളില്ലെങ്കില്‍ മണ്ണും മനസും സ്വത്വവുമില്ലാത്ത ദേഹമുണ്ടോയെന്ന് പരിശോധിക്കപ്പെടേണ്ട അക്ഷരങ്ങളാണ് മനുഷ്യന്‍.
ഉണര്‍ന്നുതുടങ്ങിയ നഗരത്തിന്റെ കണ്‍വെട്ടങ്ങളില്‍ മനുഷ്യര്‍ പുളക്കാനാരംഭമിട്ടിരിക്കുന്നു. കൂമ്പാരമിട്ട കൂറ്റന്‍ ചാക്കുകെട്ടുകള്‍ വഹിക്കുന്ന ഉന്തുവണ്ടികളും വലിച്ച് വയോധികര്‍ വേച്ച് നടക്കുന്നു. ലോഡ്ജിന്റെ ഇടുങ്ങിയ ചുമരുകള്‍ക്കിടയിലൂടെ ഭാണ്ഡവും പേറി മുകള്‍ത്തട്ടിലേക്ക് കയറി. പിന്നെ പുറത്തിറങ്ങിയത് ഉച്ചവെയിലിന്റെ നെരിപ്പോടിലേക്കാണ്. പൊള്ളുന്ന ചൂടിന്റെ മാറിലൂടെ ഡല്‍ഹി ജുമാമസ്ജിദിലേക്ക്. ഡല്‍ഹിയിങ്ങനെയാണ് തണുത്താല്‍ തണുത്തു മരവിക്കും, വെയിലാണേല്‍ ചൂടേറ്റ് വെന്തുപോകും. അത്രക്ക് തീക്ഷ്ണതയാണെല്ലാറ്റിനും. ഇത് രണ്ടാം തവണയാണ് ആ വലിയ മിനാരങ്ങള്‍ക്ക് താഴെ ഇങ്ങനെ നില്‍ക്കുന്നത്. ചരിത്രം കാലത്തിനുമേല്‍ കസേര വലിച്ചിട്ടിരിക്കുന്ന പ്രൗഢി. ചുറ്റുപാടിലെ കവാടപ്പുരകളില്‍ കീറിപ്പറിഞ്ഞ ഉടയാടകളില്‍ പൊതിഞ്ഞ ബാല്യങ്ങള്‍ ആരില്‍നിന്നൊക്കെയോ ഭിക്ഷ കിട്ടിയ ഭോജ്യപ്പൊതികളില്‍ വിശപ്പ് തിരയുകയാണ്. അധികാരാര്‍ഭാട നഗരത്തിന്റെ നരച്ച മുഖമാണിത്. സുഖശീതളിമയുടെ ബീക്കണ്‍ ലൈറ്റുകള്‍ ചീറിപ്പായുന്ന ഒരേ നഗരത്തിന്റെ വരണ്ട പാതി. വൃത്തിഹീനമായ ഗലികളില്‍ നാല്‍ക്കാലികളെപ്പോലെ ജീവിക്കുന്ന മനുഷ്യര്‍. ഇവിടെ ചരിത്രം പര്‍വതസാമാനം ഉയര്‍ന്നുനില്‍ക്കുന്ന മുന്‍ഗാമികളുടെ എടുപ്പുകള്‍ക്കും സമുച്ഛയങ്ങള്‍ക്കും ചാരെ വര്‍ത്തമാനം കിടന്നുപിടയുകയാണ്. സൈക്കിള്‍റിക്ഷ ചവിട്ടി ഒടിഞ്ഞുതൂങ്ങിയ ദേഹം എവിടെ ചാരിനിര്‍ത്തണമെന്നറിയാത്ത ഉന്തിയ കണ്ണുകള്‍. കണ്ണ് കൊള്ളുന്നിടത്തെല്ലാം കീറിപ്പറിഞ്ഞ ജീവിതങ്ങള്‍. ലാല്‍കിലയിലേക്ക് നടക്കുന്ന പാതയുടെ പാര്‍ശ്വങ്ങളില്‍ ഇറച്ചിയും കബാബും ചുട്ടെടുക്കുന്ന ഇരുമ്പടുപ്പുകള്‍ക്ക് ചാരെ താടിയും തൊപ്പിയുമുള്ള മനുഷ്യര്‍ ഖുദാ ഹാഫിസ് പറയുന്നു. നടത്തത്തിന് ഭംഗമേല്‍പ്പിച്ച് റിക്ഷാവാലകള്‍ കുറുകെ കടക്കുന്നു.
ചരിത്രത്തിന്റെ നിംനോന്നതങ്ങള്‍ക്ക് സാക്ഷിയായ ചുവന്ന കോട്ടയില്‍നിന്നാണ് രാജ്ഘട്ടിലേക്ക് ടാക്‌സി പിടിച്ചത്. വൈകുന്നേരവെയില്‍ തിരക്കൊഴിഞ്ഞ വീഥികളെ ഒന്നൂടെ അഴക് പുരട്ടുന്നുണ്ട്. സ്‌തോഭജനകമായ ഒരു ദിവസത്തിന്റെ കണ്ണീര്‍ ചിത്രമാണ് രാജ്ഘട്ട്. ഗാന്ധിയുടെ വഴിയേയാണ് ഈ യാത്ര. അസ്തമിച്ചിട്ടും വെട്ടം വിതറുന്നൊരു പൂര്‍ണ ചന്ദ്രന്റെ നിലാവ് തേടി. ഈ വഴിയത്രയും ശതലക്ഷം മനുഷ്യരുടെ കണ്ണീര്‍കൊണ്ട് നനച്ചൊരു പകലിനെ കടന്നുപോയിട്ട് കാലമേറെ കഴിഞ്ഞിരിക്കുന്നു. ഒരു പകല്‍, ഒരേയൊരു പകല്‍ മാത്രേ ഇന്ത്യ മുഴുവന്‍ കരഞ്ഞുള്ളൂ. അത് മഹാത്മാവിന്റെ വിലാപയാത്രയും വഹിച്ച് ഇന്ത്യന്‍ സൈന്യം രാജ്ഘട്ടിലേക്ക് ഇഴഞ്ഞു നീങ്ങിയ പകലാണ്. ബിര്‍ളാ മന്ദിരത്തില്‍ നിന്ന് അഞ്ച് കിലോമീറ്ററേ അവിടേക്കുള്ളൂ, പക്ഷേ ആ വിലാപയാത്ര അസ്തമയസ്ഥലിയിലെത്താന്‍ അഞ്ചിലേറെ മണിക്കൂറെടുത്തുവെന്നാണ് കോളിന്‍സും ലാപിയറും ചേര്‍ന്നെഴുതിയ “സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ പറയുന്നത്. സാമ്രാജ്യങ്ങളുടെ വിജയോത്സവങ്ങള്‍ ആഘോഷിക്കാന്‍ സംവിധാനം ചെയ്യപ്പെട്ട ആ രാജവീഥി വിസ്തൃത ജനവിഭാഗങ്ങളുടെ ആശ്ലേഷത്തില്‍ സ്തംഭിച്ചുപോയത്രേ. പനനീര്‍പ്പൂക്കളും മഞ്ഞസൂര്യകാന്തിപ്പൂക്കളാലും പരവതാനിയിട്ട പാതയുടെ ഓരോ ഇഞ്ചിലും ജനങ്ങള്‍ ഇടതിങ്ങി നിന്നു. മരങ്ങളുടെ മുകളിലും ജനലഴികളില്‍ തൂങ്ങിയും, മേൽക്കൂരകളില്‍ നിരന്നുനിന്നും, വിളക്കുകാലുകളിലും ടെലഫോണ്‍തൂണുകളിലും പിടിച്ചു കയറിയും, പ്രതിമകളുടെ കൈവരികളില്‍ വലിഞ്ഞുകേറിയും മനുഷ്യര്‍ ഗാന്ധിയുടെ ശരീരം കടന്നുപോകുന്നത് കരഞ്ഞും അലമുറയിട്ടും നെഞ്ചത്തടിച്ചും നോക്കിനിന്നു. അന്നോളം ദര്‍ശിക്കാത്ത മഹാജനക്കൂട്ടം ഒരൂന്നുവടിയില്‍ താങ്ങി ഇന്ത്യ മുഴുവന്‍ തെണ്ടിനടന്നൊരു മേനി മുഴുവന്‍ മറക്കാത്ത പാവം മനുഷ്യന്റെ ശവദാഹത്തിന് സാക്ഷികളായി. യമുനയുടെ കുഞ്ഞോളങ്ങള്‍ ആ ജനസമുദ്രത്തിന്റെ വികാരവായ്പുകളെ അനശ്വരതയിലേക്ക് വിലയിപ്പിച്ചു.
നേരത്തോട് നേരമായപ്പോഴേക്ക് മഹാത്മാവിന്റെ ദേഹം രാജ്ഘട്ടിലെ ചന്ദനമുട്ടികളില്‍ എരിയാന്‍ തുടങ്ങി. അതോടൊപ്പം തന്നെ ആ ചിതയെരിഞ്ഞത് ലോകത്താകമാനമുള്ള ശതകോടി മനുഷ്യരുടെ ഹൃദയതന്ദ്രികളില്‍കൂടിയാണ്. അഞ്ചു മണി കഴിഞ്ഞു പതിനേഴ് മിനിറ്റുള്ളപ്പോഴാണ് ഗാന്ധിയുടെ ഉടുതുണിയുടെ മടക്കില്‍ തൂക്കിയിട്ട എട്ട് ഷില്ലിങ് വിലയുള്ള ഇന്‍ഗര്‍സോള്‍ വാച്ച് നിശ്ചലമായത്. ബിര്‍ളാ മന്ദിരത്തിലെ പ്രാര്‍ഥനാലയത്തിലേക്ക് മനുവിന്റെയും ആഭയുടെയും തോളില്‍ ചാരി മന്ദം നടക്കുന്ന ഗാന്ധി പ്രാര്‍ഥനാ സമയം വൈകിയതില്‍ അവരോട് മുഷിപ്പോടെ പറഞ്ഞുകൊണ്ടേയിരുന്നു. നിങ്ങളാണെന്റെ വാച്ച്, നിങ്ങളെന്തുകൊണ്ട് ഓര്‍മപ്പെടുത്തിയില്ല. ആകുലതകളേറെ താങ്ങുന്ന മനസായിരുന്നു ഒടുവിലേക്കൊടുവിലേക്ക് ഗാന്ധിയുടേത്. സ്വാതന്ത്ര്യം പോലും നഷ്ടക്കണക്കാണെന്ന് ചിന്തിച്ചുപോയിരുന്നു ആ പാവം മനുഷ്യന്‍. കൊന്നുതള്ളുന്ന മനുഷ്യരെക്കണ്ടു മനം മടുത്ത മഹാത്മാവ് തനിക്ക് മരിക്കാറായെന്ന് ആരോടൊക്കെയോ പറഞ്ഞു. പലരും ആ വാക്കുകളെ ഒരു വയോധികന്റെ ജല്‍പനങ്ങളായി കണ്ടു. താനിത്രകാലം കൊണ്ടുനടന്ന പ്രസ്ഥാനവും മനുഷ്യരുപോലും അധികാരത്തിന്റെ ഇടനാഴികളില്‍ പുളയാന്‍ തുടങ്ങിയപ്പോള്‍ അവര്‍ക്ക് ഞാന്‍ വെറുമൊരു കിളവനാണെന്ന് ഗാന്ധിക്ക് ബോധ്യപ്പെട്ടു. തന്റെ മരണത്തിലൂടെ നിങ്ങളറിയും ഞാന്‍ ശരിയായിരുന്നുവെന്ന് തലേദിവസത്തെ പ്രാര്‍ഥനായോഗത്തില്‍ ഗാന്ധി പറഞ്ഞിരുന്നു. വെടി കൊള്ളുന്നതിനും പത്ത് ദിവസം മുമ്പേ നടന്ന പ്രാര്‍ഥനാ യോഗത്തില്‍ ഗാന്ധിയുടെ ഇരുപത് മീറ്ററകലെയാണ് ഒരു ബോംബ് വീണ് ചിതറിയത്. മരണം അടുത്തെവിടെയോ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് ഗാന്ധി അന്ന് പറഞ്ഞത്. ഇതായിരുന്നു ആ സമയം, കൊല്ലം 1948 ജനുവരി 30 അഞ്ചു മണി കഴിഞ്ഞ് പതിനേഴ് മിനിറ്റ് ഗോഡ്‌സെയുടെ തൊണ്ണൂറ് എം എം ബരേറ്റ സെമി ഔട്ടോമാറ്റിക് തോക്കില്‍നിന്ന് മൂന്ന് വെടിയുണ്ടകള്‍, നെഞ്ചിലും അടിവയറ്റിലുമായി തുളഞ്ഞുകേറി. ഹേ റാം, ഹേ റാം എന്നുച്ചരിച്ച് പ്രാര്‍ഥനാ വേദിയുടെ താഴെ മറിഞ്ഞുവീണു. ലോകം നിശ്ചലമായി, ചരിത്രം മുറിഞ്ഞു വീണു. ഇനി ഗാന്ധിയില്ലാത്ത ഇന്ത്യയാണ്. സര്‍വം ഇരുട്ട് പരന്നൊരു ദശാസന്ധിയില്‍ വെളിച്ചത്തിന്റെ പ്രവാചകന്‍ അനശ്വരതയിലേക്ക് തീര്‍ഥാടനം ചെയ്തു.
രാജ്ഘട്ടിന്റെ കവാടം കടക്കുമ്പോള്‍ മനസില്‍ ശാന്തമായൊരു കാറ്റ് വീശി. അണമുറിയാതെ മനുഷ്യര്‍ വരുന്നുണ്ടിവിടെ. ഉദ്യാനത്തിലെ തണലിടങ്ങള്‍ തേടി പ്രണയിനികള്‍ അരയില്‍ കൈയും ചുറ്റി കൊക്കുരുമ്മി നടന്നുപോകുന്നു. യമുനാനദിയുടെ തീരത്തെ ഒരു രാജ്യത്തിനേറ്റവും മുഖ്യമായ ഓര്‍മസ്ഥലിയില്‍ എല്ലാം കുടഞ്ഞെറിഞ്ഞു നില്‍ക്കെ ചില്ലുകൂട്ടിലെരിയുന്ന അഗ്‌നി വീണ്ടും ഇരുട്ടിന്റെ മാളങ്ങളിലേക്ക് ചിന്തയെ മാടിവിളിക്കുന്നു. അഹിംസയുടെ പ്രവാചകന്റെ നാട്ടില്‍ ഹിംസയുടെ വേതാളങ്ങള്‍ വേഷംകെട്ടിയാടുന്ന കാലത്ത്. ഈ പൂക്കളും ഈ അഗ്‌നിയും ഈ മാര്‍ബിള്‍ തറയും കേവലം രാജ്യത്തിന്റെ പരസ്യവാചകങ്ങളില്‍ ഒതുങ്ങുകയാണ്. ഗാന്ധിയുടെ രാജ്യമെന്ന് പറയാന്‍ ഗാന്ധിയുടേതായി ഇവിടെയെന്താണ് അവശേഷിക്കുന്നത്. ഈ മാര്‍ബിള്‍ തറയും ചില ഓര്‍മയെടുപ്പുകളും മാത്രമോ? എവിടേക്ക് നാടുകടത്തി നാം ആ മഹാത്മാവിന്റെ ദര്‍ശനങ്ങളെ, സ്വപ്നങ്ങളെ, അയാളുടെ സ്വന്തം ജനതയെപ്പോലും ആട്ടിയിറക്കുകയാണ് ഈ മണ്ണില്‍നിന്ന്. അപ്പോഴും അഹിംസയുടെ സൈദ്ധാന്തികന് ജന്മം നല്‍കിയതിന്റെ തന്‍പോരിമയില്‍ ഒരു ദേശം മുഴുവന്‍ ലോകത്തിന് മുമ്പില്‍ വാഴ് ത്തപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. ഏതോ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ, ഒരു കൂട്ടം അധ്യാപകരുടെ അച്ചടക്ക നിര്‍ദേശങ്ങളെ ലംഘിച്ച് ആ സായാഹ്നം നിശബ്ദതയെ ഭേദിച്ചു. ചുറ്റുമുള്ള പൂന്തോട്ടങ്ങളുടെ മനോഹാരിതയില്‍ സഞ്ചാരികള്‍ അലയുകയാണ്. ഉദ്യാനപാലകര്‍ രാത്രികളിലേക്ക് മാറിയൊരുങ്ങാന്‍ തുടങ്ങി. അകലെ പക്ഷികള്‍ രാത്രി ലാവണങ്ങള്‍ തേടി പറക്കുമ്പോള്‍ ഞാന്‍ തിരിഞ്ഞുനടക്കാന്‍ തുടങ്ങി. വീണ്ടും ഡല്‍ഹിയുടെ രാത്രികാഴ്ചകളിലേക്ക് ■

Share this article

About കെ എം ശാഫി

kmshafikgm@gmail.com

View all posts by കെ എം ശാഫി →

Leave a Reply

Your email address will not be published. Required fields are marked *