എന്തുകൊണ്ടാണ് ഞാന്‍ മൊബൈല്‍ വാങ്ങാത്തത്?

Reading Time: 3 minutes

ഒരാള്‍ സ്മാര്‍ട്ട്‌ഫോണ്‍ പൂര്‍ണമായി ഉപേക്ഷിക്കുകയും പകരം സ്വിച്ച് ഫോണ്‍ സ്ഥിരമായി ഉപയോഗിക്കുകയും ചെയ്യുന്നു എന്നത് ഫോണ്‍ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം അല്‍പം ആശ്ചര്യകരമാണ്. ഒരുപക്ഷേ അല്‍പം വിചിത്രമാണ്. ഇക്കാലത്ത് സ്വിച്ച് ഫോണ്‍ ഉപയോഗിക്കുന്നവര്‍ അപൂര്‍വമായി ഉണ്ടെങ്കിലും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരെ സംബന്ധിച്ചിടത്തോളം അത് അവിശ്വസനീയം തന്നെയാണ് എന്നാണ് എന്റെ അന്വേഷണത്തില്‍ മനസിലായത്.
അതേ സമയം, ഫോണിന്റെ ഉപയോഗം പൂര്‍ണമായി ഉപേക്ഷിക്കുന്നത് തികച്ചും ഭ്രാന്തായിട്ടാണ് സമൂഹം കണക്കാക്കുന്നത്. പ്രത്യേകിച്ചും, ഉപേക്ഷിക്കുന്നയാള്‍ ജനിച്ചത് 1970കളുടെ മധ്യത്തിന് ശേഷമാണെങ്കില്‍. പക്ഷേ, ഒരിക്കലും എനിക്കൊരു സെല്‍ഫോണ്‍ ഉണ്ടായിരുന്നില്ല. ഒരിക്കലും ഞാനത് വാങ്ങാനും പോകുന്നില്ല. അതിന് ചില നല്ല കാരണങ്ങളുമുണ്ട്.
പ്രഥമമായും ചെലവാണ്. സെല്‍ഫോണ്‍ ഇല്ല എന്നതിനര്‍ഥം പ്രതിമാസ ബില്ലില്ല എന്നത് കൂടിയാണ്. ഇടക്കിടെ പുതിയ സെല്‍ഫോണ്‍ വാങ്ങല്‍, അതിന്റെ അനുബന്ധ വസ്തുക്കള്‍ പുതുക്കല്‍, നികുതിയടക്കല്‍, റോമിംഗ് നിരക്കുകളെക്കുറിച്ചുള്ള ചിന്തകള്‍, ഇതൊന്നും ആവശ്യം ഇല്ല. മൊബൈല്‍ ഫോണ്‍ അത്ര തന്നെ വ്യാപകമല്ലാതിരുന്ന മുന്‍കാലത്ത്, ആളുകള്‍ ഇത് ഉപയോഗിക്കാന്‍ വേണ്ടി ഒരുപാട് മോഹിക്കുകയും ഒരുപാട് പണം ചെലവഴിക്കുകയും ചെയ്തിരുന്നു എന്നത് ശ്രദ്ധേയമാണ്.
രണ്ടാമത്തെ ആശങ്ക പരിസ്ഥിതിയെക്കുറിച്ചുള്ളതാണ്. മൊബൈല്‍ ഫോണുകളുടെ നിര്‍മാണം (അസംസ്‌കൃത വസ്തുക്കളുടെ ഉത്പാദനം ഉള്‍പ്പെടെ), അവര്‍ ഉപയോഗിക്കുന്ന വൈദ്യുതി, കോളുകള്‍ കൈമാറുന്നതിനും ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യുന്നതിനും ഉപയോഗിക്കുന്ന ഊർജം എന്നിവയെല്ലാം ഗണ്യമായ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പ്രസരണം നടത്തുന്നുണ്ട്. ഏതൊരു സെല്‍ഫോണും രണ്ട് വര്‍ഷത്തേക്ക് മാത്രമേ നല്ലതായിരിക്കൂ എന്ന് മിക്ക കമ്പനികളും പറയാറുണ്ടല്ലോ. അതുകൊണ്ടുതന്നെ ഫോണുകളുടെ എണ്ണം വര്‍ധിക്കുകയും ഉപയോഗം കഴിഞ്ഞവ മിക്കവരും മാലിന്യക്കൂമ്പാരങ്ങളില്‍ കൊണ്ടുപോയി തള്ളുകയും ചെയ്യുന്നു. അതോടെ അവ പുറംതള്ളുന്ന വിഷ ഘനലോഹങ്ങളായ ചെമ്പ്, കാരീയം (lead) എന്നിവ മണ്ണിലേക്കും ഭൂഗര്‍ഭജലത്തിലേക്കും ചെന്നെത്തുന്നു.
എന്നിരുന്നാലും, ഒരു സെല്‍ഫോണ്‍ ഉപേക്ഷിക്കാന്‍ എനിക്കുള്ള നിര്‍ണായക കാരണം മറ്റെല്ലാവരില്‍ നിന്നും വ്യത്യസ്തമായിരുന്നു. എന്റെ സമീപത്ത് ഇല്ലാത്ത ആരുമായും ദൂരെ നിന്ന് ആശയവിനിമയം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സെല്‍ഫോണുകള്‍ അവരുടെ ഉപയോക്താക്കളെ നിരന്തരം കോളുകളിലും മെസേജുകളിലും പിടിച്ചുനിര്‍ത്തുന്നു. വിദൂര ആശയവിനിമയ സൗകര്യം നിരന്തരം ലഭ്യമാക്കുന്നു. ചിലര്‍ക്ക് അത് വലിയ സൗകര്യപ്രദമായി തോന്നുമെങ്കിലും മറ്റു ചിലര്‍ക്ക്, അതൊരു വലിയ ഭാരമായിരിക്കും. ഭൗതികമായി മറ്റെവിടെയെങ്കിലും ഉള്ള വ്യക്തിയോടോ സംഭവങ്ങളോടോ നിരന്തര ബാധ്യത തോന്നുന്ന രൂപത്തിലാണ് ഭാരം വരുന്നത്. മുഖാമുഖ സംഭാഷണത്തിനിടയില്‍ ഇടക്കിടെ ഒരാള്‍ ഫോണ്‍ പരിശോധിക്കുന്നുണ്ടെങ്കില്‍ ഇക്കാര്യം എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കും.
ശാരീരികമായി സ്ഥലത്തില്ലാത്ത ഒരാളുമായി ആശയവിനിമയം നടത്തുന്നത് യഥാര്‍ഥത്തില്‍ അന്യവത്കരണമാണ്. ശരീരത്തിലെ മനസിന്റെ സാന്നിധ്യത്തെ വേര്‍പെടുത്താനാണ് അത് പ്രേരിപ്പിക്കുന്നത്. ഉദാഹരണത്തിന്, വാഹനമോടിക്കുമ്പോള്‍ മെസേജ് അയക്കുന്നതും അത്തരത്തില്‍ ശ്രദ്ധ നഷ്ടപ്പെട്ട് അപകടത്തില്‍ പെടുന്നതും. ഇത്തരത്തില്‍ മനഃസാന്നിധ്യം നഷ്ടപ്പെടുന്ന കൂടുതല്‍ ലൗകികമായ ജീവിതാനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടാകാം. സുഹൃത്തുക്കളോ പ്രിയപ്പെട്ടവരോ സമീപത്ത് ഉണ്ടാകുമ്പോഴും പരസ്പരം അവഗണിച്ചു ഫേസ്ബുക്കിലും വാട്‌സാപ്പിലും മുഴുകി ഇരിക്കുന്നവര്‍, വിനോദവും ഭക്ഷണവും മനസിലുണ്ടാകുന്ന ചിന്തകളുമെല്ലാം സ്റ്റോറിയാക്കി മറ്റുള്ളവരെ കാണിക്കുന്നവര്‍, മക്കളുടെ കലാ പ്രകടനങ്ങള്‍ നേരിട്ട് കണ്ട് ആസ്വദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് പകരം ഫോണില്‍ പകര്‍ത്തുന്ന മാതാപിതാക്കള്‍, ബ്ലൂടൂത്ത് ഉപയോഗിച്ച് മനോരോഗികളെ പോലെ ഒറ്റക്ക് തെരുവിലൂടെ സംസാരിക്കുന്ന ആളുകള്‍ ഇതെല്ലാം മനഃപൂര്‍വം മനസിനെ ശരീരത്തില്‍നിന്ന് പറിച്ചുകളയാനും മനുഷ്യന്റെ ജൈവിക സ്വഭാവത്തെ ഇല്ലാതാക്കാനുമാണ് ശ്രമിക്കുന്നത്.
മനുഷ്യന്റെ പൊതു-സ്വകാര്യ ഇടത്തിലേക്ക് നുഴഞ്ഞുകയറാനാണ് സെല്‍ഫോണ്‍ ശ്രമിക്കുന്നത്. മനുഷ്യന് അവന്റെ ചുറ്റുമുള്ളവയുമായി സമഗ്രമായ ഇടപെടലിനെയും അവന്റെ ജൈവിക പെരുമാറ്റത്തെയും അത് തടയുന്നു. മനസിനെ ശരീരത്തില്‍ നിന്ന് വേര്‍പ്പെടുത്തുന്നതും (disembodying) നുഴഞ്ഞുകയറുന്നതുമായ സെല്‍ഫോണിന്റെ പ്രശ്‌നങ്ങള്‍ നമുക്ക് നമ്മോട് തന്നെയും മറ്റുള്ളവരുമായും ഉള്ള നമ്മുടെ ബന്ധങ്ങളില്‍ കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. ഒരാളെ നന്നായി അടുത്തറിയാനും മനസിലാക്കാനും ക്ഷമ, സാഹസം, സഹാനുഭൂതി, വാത്സല്യം എന്നിവയെല്ലാം ആവശ്യമാണ്. എന്നാല്‍ ഇവയെല്ലാത്തിനും തടയിടുകയാണ് സെല്‍ഫോണുകള്‍ ചെയ്യുന്നത്. മനുഷ്യന് നല്ല ജീവിതം നയിക്കാനും മനസിന് ശാന്തി ലഭിക്കാനും ഏകാന്തത, ആത്മപ്രതിഫലനം, ധ്യാനം എന്നിവ അനിവാര്യമാണെന്ന് മനഃശാസ്ത്രവും പഠനങ്ങളുമൊക്കെ പറയുന്നു. എന്നാല്‍ ഇവക്കെല്ലാം മുന്നിലെ ഒരു പ്രധാന തടസം സെല്‍ഫോണുകളാണ്.
എന്നാല്‍ കൗതുകമുള്ള കാര്യം എന്തെന്നാല്‍, സെല്‍ഫോണുകള്‍ക്കു വളരെ മുമ്പുതന്നെ, മനുഷ്യന്‍ തന്റെ ശ്രദ്ധയെ ഇടക്കിടെ വ്യതിചലിപ്പിക്കുന്നതില്‍ മിടുക്കനായിരുന്നു. “മനുഷ്യന്റെ അസന്തുഷ്ടിയുടെ പ്രധാന കാരണം, അവന്റെ മുറിയില്‍ നിശബ്ദമായി കുറച്ചു നേരം ഇരിക്കാന്‍ അവന് കഴിയുന്നില്ല എന്നതാണ്’ എന്ന് 17-ാം നൂറ്റാണ്ടില്‍ ഫ്രഞ്ച് തത്വചിന്തകനായ ബ്ലെയ്‌സ് പാസ്‌കല്‍ നിരീക്ഷിക്കുന്നുണ്ട്. ശ്രദ്ധ വ്യതിചലിക്കാനുള്ള മനുഷ്യന്റെ പ്രവണതയെക്കുറിച്ചുള്ള പഠനത്തില്‍ ശ്രദ്ധേയമായ കാര്യം, കേവലം 15 മിനിറ്റ് സ്വന്തം ചിന്തകളില്‍ മുഴുകിയിരിക്കുന്നതിനു പകരം സ്വയം ഇലക്ട്രിക് ഷോക്ക് ഏല്‍ക്കുന്നതാണ് ആളുകള്‍ ഇഷ്ടപ്പെടുന്നത് എന്നാണ് സമീപകാലത്തെ നിരീക്ഷണത്തില്‍ നിന്ന് മനസിലായത്.
മനുഷ്യന്റെ അഭിമാനത്തിന്റെ ഔന്നത്യം ചിന്തയാണെന്നും ചിന്തയുടെ ക്രമം അവനവനില്‍ നിന്നും, അവന്റെ സ്രഷ്ടാവില്‍ നിന്നും, അവന്റെ തന്നെ അവസാനത്തില്‍ നിന്നുമാണ് ആരംഭിക്കുന്നതെന്ന് പാസ്‌കല്‍ വിശ്വസിച്ചിരുന്നു. ഇത്തരത്തിലുള്ള ചിന്താരീതിക്ക് യഥാര്‍ഥ വിശ്രമവും സന്തോഷവുമായിട്ട് അഭേദ്യമായി ബന്ധമുണ്ടെന്ന് അദ്ദേഹം പറയുന്നുണ്ട്. ഒരു സെല്‍ഫോണ്‍ ഒഴിവാക്കുന്നതിലൂടെ എനിക്ക് ചിന്തിക്കാനുള്ള ഇടം കൂടി വിശാലപ്പെടുകയാണ്. അങ്ങനെ സമ്പന്നവും കൂടുതല്‍ സംതൃപ്തവുമായ ഒരു ജീവിതരീതിക്ക് തന്നെ വഴിവെക്കുന്നുണ്ടെന്ന് ഞാന്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു. ഫോണ്‍ ഒഴിവാക്കിയതോടെ നിര്‍വഹിക്കാനുള്ള ജോലികളും തൃപ്തിപ്പെടുത്താനുള്ള മുന്‍ഗണനകളും കുറഞ്ഞിട്ടുണ്ട്. ചിന്തയും സമാധാനവുമുള്ള സ്വസ്ഥ ജീവിതം നയിക്കാനാകുന്നു.
സെല്‍ഫോണ്‍ രഹിത ജീവിതം മനസിനെ മാത്രമല്ല, ശരീരത്തെയും സ്വതന്ത്രമാക്കാന്‍ സഹായിക്കുന്നു. പുരാതന ഗ്രീക്ക് തത്വചിന്തകനായ അനക്‌സഗോറസ് മനുഷ്യപ്രകൃതിയെക്കുറിച്ച് പാസ്‌കലില്‍ നിന്ന് വ്യത്യസ്തമായ ഒരു വീക്ഷണം അവതരിപ്പിക്കുന്നുണ്ട്: “കൈകള്‍ ഉള്ളതുകൊണ്ടാണ് മനുഷ്യന്‍ മൃഗങ്ങളെക്കാള്‍ ഏറെ ബുദ്ധിമാനാകുന്നത്.’ സ്മാര്‍ട്ട്‌ഫോണുകളുടെ വരവ് അനക്‌സാഗോറസ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് നമുക്ക് ഉറപ്പിക്കാം. ഒരു സെല്‍ഫോണ്‍ ഉപേക്ഷിക്കുന്നത് ഫലവത്തായ പ്രവര്‍ത്തനങ്ങള്‍ (ഉദാഹരണത്തിന്, പിയാനോ വായിക്കല്‍, പൂന്തോട്ടപരിപാലനം, പുസ്തകം വായിക്കല്‍) ചെയ്യാന്‍ ഒരാളെ പ്രാപ്തമാക്കുന്നു. അങ്ങനെ അത്തരം പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായി മുഴുകിക്കൊണ്ട് അയാള്‍ അതിന്റെ പാരമ്യതയിലെത്തുന്നു.
മൊബൈല്‍ ഫോണ്‍ ഒഴിവാക്കിയതോടെ എന്റെ മുന്നിലുള്ള കാര്യങ്ങളില്‍ നന്നായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്: എന്റെ കുടുംബത്തെ നന്നായി നോക്കാന്‍ ആവുന്നുണ്ട്, എന്റെ ജോലി, പാചകം ചെയ്യല്‍, നടക്കാന്‍ പോകല്‍ എല്ലാം ഭംഗിയായി ചെയ്യാന്‍ പറ്റുന്നുണ്ട്. ഞാന്‍ എന്റെ ഓരോ പ്രവര്‍ത്തനങ്ങളും വളരെ ചിന്താപൂര്‍വം തന്നെയാണ് ചെയ്യുന്നത്. സെല്‍ഫോണ്‍ ഉപയോഗിക്കാത്തത് കൊണ്ട് ശരീരം ഇവിടെയും മനസ് എവിടെയോ ആയിരിക്കുകയും ചെയ്യേണ്ട ഗതികേട് എനിക്കുണ്ടായിട്ടില്ല. സെല്‍ഫോണ്‍ ഉപയോക്താക്കള്‍ മള്‍ട്ടിടാസ്‌കിംഗ് (ഒരേ സമയം ഒരുപാട് ജോലികള്‍ ചെയ്യുന്ന) എന്ന് വിളിക്കുന്ന കാര്യത്തില്‍ എനിക്ക് പ്രത്യേകിച്ച് താത്പര്യമോ മതിപ്പോ ഇതുവരെ തോന്നിയിട്ടുമില്ല.
തീര്‍ച്ചയായും, സെല്‍ഫോണുകള്‍ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാമെന്നത് ശരിയാണ്. നമുക്ക് അവ ഓഫ് ചെയ്തു വെക്കാം, ഇന്‍കമിംഗ് ടെക്‌സ്റ്റ്/ കാള്‍ അവഗണിക്കാം. എന്നാല്‍ ഇതിന് അസാധാരണമായ ഇച്ഛാശക്തി കൂടിയേ തീരൂ. അടുത്തിടെ നടത്തിയ പ്യൂ സര്‍വേ പ്രകാരം, 82 ശതമാനം അമേരിക്കക്കാരും സാമൂഹിക സാഹചര്യങ്ങളിലെ സെല്‍ഫോണ്‍ ഉപയോഗം സംഭാഷണത്തെ സഹായിക്കുന്നതിനേക്കാള്‍ കൂടുതല്‍ ദോഷം ചെയ്യുമെന്ന് വിശ്വസിക്കുന്നു. എന്നിട്ടും 89 ശതമാനം സെല്‍ ഉടമകളും അത്തരം സാഹചര്യങ്ങളില്‍ അവരുടെ ഫോണ്‍ തന്നെയാണ് ഉപയോഗിക്കുന്നത്.
ഒരാള്‍ ഒരു സെല്‍ഫോണ്‍ ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണെങ്കില്‍, സാധാരണ ടെലിഫോണും ഉപേക്ഷിക്കണമെന്ന് ചിലര്‍ പറയാറുണ്ട്. ലാന്‍ഡ്‌ലൈന്‍ ഉപയോഗിക്കുന്നത് മൊബൈല്‍ ഫോണുകള്‍ പോലെ തന്നെ, ശരീരത്തിന്റെ മനഃസാന്നിധ്യം എടുത്തുകളയുന്നു എന്നത് ശരിയാണ്. എന്നാല്‍ ഒരു സാധാരണ ഫോണിന്റെ ഉപയോഗത്തിന് എല്ലായ്‌പ്പോഴും സ്വാഭാവികവും ഭൗതികവുമായ പരിധികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്, അത് “ലാന്‍ഡ്‌ലൈന്‍’ എന്ന പേരില്‍ നിന്ന് തന്നെ വ്യക്തമാണ്. അതേസമയം, സെല്‍ഫോണിന്റെ സഞ്ചാരപരത (Mobility) അതിന്റെ അന്യവത്കരണ ഫലങ്ങളെ വ്യാപകമാക്കുന്നതിലൂടെ ആശയവിനിമയത്തിന്റെ ഒരു സമൂലമായ രൂപം കൂടിയാണ് അവതരിപ്പിക്കുന്നത്.
“കണക്റ്റ്’ എന്നതിന്റെ യഥാര്‍ഥ അര്‍ഥം ഒരു ശാരീരിക ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. അതായത് ഒരു കൂട്ടിച്ചേര്‍ക്കലിനെ. എന്നാല്‍ സെല്‍ഫോണ്‍ ആശയവിനിമയങ്ങളില്‍ ഒരു രൂപകമായി മാത്രമാണ് ഈ വാക്ക് നാം ഇപ്പോള്‍ പ്രയോഗിക്കുന്നത്. “മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍’ അതീന്ദ്രിയമാണ്; മനുഷ്യന്റെ വാക്കുകളും ചിന്തകളും സെല്‍ ടവറിന്റെ മുകള്‍ഭാഗം വരെ എത്തുന്നു. അതേസമയം നമ്മള്‍ ബൗദ്ധികമായി പരിസരവുമായി വിച്ഛേദിക്കപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാല്‍, മനുഷ്യന് രണ്ട് കൈകളുണ്ടെങ്കിലും, ഒരു കൈയില്‍ സെല്‍ഫോണും മറുകൈയില്‍ സൗഹൃദവും സ്‌നേഹവും ഒരേ സമയം പിടിക്കാന്‍ കഴിയില്ല ■

Share this article

About ഫിലിപ് റീഡ്, വിവര്‍ത്തനം: എന്‍. ഹബീബ ജാഫര്‍

View all posts by ഫിലിപ് റീഡ്, വിവര്‍ത്തനം: എന്‍. ഹബീബ ജാഫര്‍ →

Leave a Reply

Your email address will not be published. Required fields are marked *