ജീരകം തിളക്കുന്ന വഴികള്‍

Reading Time: < 1 minutes

ദി ഫ്‌ളേവര്‍ ഓഫ് ഇന്ത്യ എന്ന പുസ്തകത്തിന്റെ രചനയുമായി ബന്ധപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യയിലെ കോളമിസ്റ്റ് മറിയം റെഷി, ലോകാടിസ്ഥാനത്തില്‍ ജീരകം ഉത്പാദനം സംബന്ധിച്ച് പഠിച്ചിട്ടുണ്ട്. ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ ജീരകം ഉത്പാദിപ്പിക്കുന്നത്. ഉദ്ദേശം 70 ശതമാനം. ഇന്ത്യയിലെ ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളാണ് മുന്നില്‍. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്ന് വ്യാപകമായി ഇവ കയറ്റുമതി ചെയ്യുന്നത്.
ജീരകരുചി തേടി മറിയം ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ലോകത്തിലെ മറ്റിടങ്ങളിലെ ജീരകത്തില്‍ നിന്ന് വ്യത്യസ്തമാണിവിടത്തേത്. രൂപവും വലിപ്പവും നിറവും വ്യത്യാസമുണ്ട്. ചൈനയിലേത് വലിപ്പവും മഞ്ഞ നിറവും കൂടിയതാണ്. ഇറാനിലേതാണെങ്കില്‍ കറുത്തതും നേരിയതും. ഉസ്ബതിലേത് തടിച്ച ഇനം.
മറിയം നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്, എല്ലാ മസാലകളും (Spice) ഏതെങ്കിലും കോണില്‍ കണ്ടെത്തുന്നു. പിന്നീട് എല്ലായിടത്തേക്കും അവ സ്വാഭാവികമായോ അല്ലാതെയോ ചെന്നെത്തുന്നു. ജീരകത്തിന്റെ ഉദ്ഭവത്തെ സംബന്ധിച്ച് നന്നായി അന്വേഷിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ വ്യാപകമായി ലഭിക്കുന്ന സ്ഥലമായിരിക്കില്ല ചിലപ്പോളതിന്റെ ഉദ്ഭവകേന്ദ്രം. മറ്റു ഭക്ഷ്യയിനങ്ങളുടെയൊക്കെ ഒറിജിന്‍ ഏറെക്കുറെ തെളിയിക്കപ്പെട്ടിരിക്കുന്നു. പക്ഷേ ജീരകത്തിന്റേത് അവ്യക്തമാണിപ്പോഴും.
ജീരകത്തിന്റെ ആദ്യപരാമര്‍ശം അകാഡിക ഭാഷയിലാണ്. ബിസി 1700ലെ ബാബിലോണിയന്‍ രേഖയെന്ന് കണക്കാക്കുന്ന ലിഖിതമാണിത്. (Coneiform – അസ്ത്രാകൃതിയിലുള്ള ലിഖിതം) മനുഷ്യചരിത്രത്തിലെ ആദ്യത്തെ രേഖപ്പെട്ട റെസിപ്പി ഈ ലിഖിതത്തിലെന്ന് കരുതപ്പെടുന്നു.
പത്താം നൂറ്റാണ്ടില്‍ ഇബ്‌നുസയ്യാറില്‍ വറഖ് തയാറാക്കിയ പാചക പുസ്തകം “കിതാബുല്‍ തബിഖി’ല്‍ ജീരകഗുണങ്ങളായി ഡൈജഷന്‍, വായുജനക രോഗങ്ങള്‍, ഏമ്പക്കം തുടങ്ങിയവക്ക് ശമനമാണെന്ന് പറയുന്നുണ്ട്.
പൂര്‍വ ഈജിപ്ത്യന്‍ ഭക്ഷണത്തിലെ ഔഷധ ഇനമായി ജീരകം കരുതപ്പെട്ടു. ചുമ, നാവ്, വയറ് സംബന്ധമായ രോഗങ്ങള്‍ക്ക് ഇത് ഉപയോഗിച്ചിരുന്നു. ഫറോവയുടെ കാലത്ത് പാചകം ചെയ്യാനുള്ള മാവില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഫറോവ മൂന്നാമന്‍ ആരാധനാലയങ്ങളിലേക്ക് ജീരകം ദാനംചെയ്തിരുന്നു. ഇപ്പോഴും ഈജിപ്തിലെ ജനപ്രിയ വിഭവങ്ങളില്‍ ജീരകം അഭിവാജ്യമാണ്.
മെഡിറ്റേറിയന്‍ താഴ്‌വരകളില്‍ നിന്നാണത്രേ ജീരകച്ചെടി ലോകവ്യാപകമായി പ്രചരിച്ചത്. അറബികള്‍ വഴി ഇന്ത്യയിലെത്തി. ഇവിടെ നിന്ന് ദക്ഷിണേഷ്യയില്‍ വ്യാപിച്ചു. സ്പാനിഷില്‍ നിന്നാണ് അമേരിക്കയിലെത്തിയത്. നോര്‍ത്താഫ്രിക്കയിലെ പ്രധാന ഫ്‌ളേവറാണിപ്പോള്‍ ജീരകം. ലിബിയയില്‍ ഫിഷ് വിഭവങ്ങളില്‍ ജീരകം മുഖ്യമാണ്.
മൊത്തം ഉത്പാദനത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം ജീരകച്ചെടിയും ഉത്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. ജീര എന്നാണ് ഹിന്ദിയില്‍ പറയുക. സംസ്‌കൃത പദമായ “ജ്രി’ യില്‍ നിന്നാണത് വന്നത്. ദഹനം എന്നാണതിനര്‍ഥം. ഇന്ത്യന്‍ അടുക്കളകളില്‍ ശ്വാസവായു പോലെ അനിവാര്യമാണ് ജീരകമെന്ന് മറിയം റെഷി എഴുതുന്നത് ■
കടപ്പാട്: അരാംകോ വേള്‍ഡ്‌

Share this article

Leave a Reply

Your email address will not be published. Required fields are marked *