സര്‍ഗാത്മക സംവാദങ്ങള്‍

Reading Time: < 1 minutes

സംവാദങ്ങള്‍ ജനാധിപത്യ സമൂഹത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. ജനാധിപത്യരീതികള്‍ പിന്തുടരുന്ന സംഘടനാ സംവിധാനങ്ങളില്‍ വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ കാണുകയില്ല. മൂല്യവത്തായ ചിന്തകളും ആശയങ്ങളുമായി വിമര്‍ശനങ്ങളെ പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത്.
താത്വികമായി സംവദിക്കാനും സര്‍ഗാത്മകമായി ആശയങ്ങള്‍ അവതരിപ്പിക്കാനും യുവാക്കളെ പ്രാപ്തരാക്കുക എന്നത് ചെറിയ കാര്യമല്ല.
സംവാദങ്ങള്‍ ബോധ്യങ്ങളെ കൂടുതല്‍ മികവുറ്റതാക്കുന്നു. മൂല്യാധിഷ്ഠിതമായ പദ്ധതികളുടെ ആശയ രൂപീകരണ നിര്‍വഹണ ഘട്ടങ്ങളില്‍ വിശദമായ ചര്‍ച്ചകളും സംവാദങ്ങളും നടക്കാറുണ്ട്. വ്യത്യസ്ത വീക്ഷണങ്ങളും അഭിരുചികളുമുള്ളവര്‍ ഒന്നിച്ചിരിക്കുമ്പോള്‍ സംവാദത്തിന് അവസരമൊരുങ്ങും.
സംവാദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ വ്യവസ്ഥകള്‍ പാലിച്ച് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ചര്‍ച്ചകളില്‍ ഇടപെടാനുള്ള ശേഷിയാണ് ഒരു പ്രവര്‍ത്തകന്‍ ആര്‍ജിക്കുന്നത്. പ്രകടനപരതയും ദുര്‍വാശിയും കാര്‍ക്കശ്യവും മാറ്റിയെടുക്കണമെങ്കില്‍ ആരോഗ്യകകരമായ സംവാദങ്ങളില്‍ പങ്കെടുത്തേ തീരൂ. ആശയങ്ങളെ ഖണ്ഡിക്കുമ്പോഴും നിലപാടുകള്‍ വ്യക്തമാക്കുമ്പോഴും പുലര്‍ത്തേണ്ട പ്രതിപക്ഷ ബഹുമാനം വ്യക്തിത്വത്തിന്റെ ഭാഗമാവണം. ചര്‍ച്ചകളില്‍ ഉയര്‍ത്തുന്ന ആശയങ്ങളെ സര്‍ഗാത്മകമായി അവതരിപ്പിക്കാനും ബോധ്യപ്പെടുത്താനുമുള്ള കഴിവ് സംഘടനാവ്യക്തിത്വത്തെ കൂടുതല്‍ മനോഹരമാക്കുന്നു.
വ്യക്തികളെയും ഘടകങ്ങളെയും നിരീക്ഷിക്കാനും വിലയിരുത്താനും മറ്റംഗങ്ങളുടെ മികവുകളെ ഉള്‍ക്കൊള്ളാനും സാധിക്കുമ്പോഴാണ് സംവാദങ്ങള്‍ ആരോഗ്യകരമാവുക. എല്ലാത്തിലും നന്‍മയുടെ വശം കാണാനുള്ള ശുദ്ധമനസ്ഥിതിയാണ് സംവാദങ്ങള്‍ നയിക്കുന്നവര്‍ക്കുണ്ടാകേണ്ടത്. സംഘടനയില്‍ അടിസ്ഥാന ഘടകം മുതല്‍ മുകളിലേക്ക് പോകുംതോറും സര്‍ഗാത്മക-താത്വിക സംവാദങ്ങളുടെ മികവ് വര്‍ധിച്ചുകൊണ്ടിരിക്കണം. സംവാദങ്ങള്‍ വ്യക്തികള്‍ക്കിടയിലെ ഇഴയടുപ്പങ്ങള്‍ വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. എതിര്‍ശബ്ദങ്ങളെ അസഹിഷ്ണുതയോടെ കാണുകയും ഹിംസാത്മകമായി പ്രതികരിക്കുകയും ചെയ്യുകയല്ല, പകരം വൈകാരികമായും ധൈഷണികമായും പക്വത കൈവരിക്കാന്‍ യുവാക്കളെ പ്രാപ്തരാക്കുകയാണ് രിസാല സ്റ്റഡി സര്‍ക്കിള്‍ ചെയ്യുന്നത്.
സംവാദങ്ങളിലേര്‍പ്പെടുന്നതിന് വിഷയാവബോധം പ്രധാനമാണ്. സംഘടനാ സംവാദമാകുമ്പോള്‍ സംഘടനാ വിദ്യാഭ്യാസം വളരെ പ്രസക്തവുമാണ്. നിയതമായ രീതികളിലൂടെ പല ഘട്ടങ്ങളില്‍ ഒരു പ്രവര്‍ത്തകന് സംഘടനാവിദ്യാഭ്യാസം ലഭിക്കുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ സമീപനരേഖ, കര്‍മരേഖ, സര്‍ക്കുലറുകള്‍ എന്നിവ അവലംബിച്ച് സംഘടനാ നിലപാടുകള്‍, സമീപനങ്ങള്‍, പദ്ധതികള്‍ എന്നിവയെക്കുറിച്ച് പ്രാഥമികമായ ധാരണ കൈവരിക്കുന്നു. വിശാലമായ ചര്‍ച്ചകളിലൂടെ ഇവ പഠന വിധേയമാക്കുന്ന രീതി താഴേ തലം വരെ പിന്തുടരുന്നു. ആശയങ്ങളെ രൂപപ്പെടുത്താനും ലക്ഷ്യാധിഷ്ഠിത പദ്ധതികള്‍ ആവിഷ്‌കരിക്കാനും സംഘടനാ വിദ്യാഭ്യാസം പ്രവര്‍ത്തകന്റെ ഏറ്റവും വലിയ മുതല്‍ക്കുട്ടാണ്. സംവാദങ്ങളിലൂടെ ലഭിക്കുന്ന ആശയവ്യക്തതകളും തിരിച്ചറിവുകളും സംഘടനാജീവിതത്തിലുടനീളം ഓരോ പ്രവര്‍ത്തകനും വഴികാട്ടിയാവും. അനുഭവജ്ഞാനം, മുന്‍പരിചയം, ചുമതലാബോധം, അഭിരുചികള്‍, ചിന്താശേഷി, സംഘടനാ പ്രതിബദ്ധത എന്നിവയൊക്കെ വ്യത്യസ്ത അളവുകളില്‍ മേളിച്ച ഒരുകൂട്ടം യുവാക്കള്‍ ഒരേ ആശയവും ലക്ഷ്യവും സര്‍ഗാത്മകമായി ചര്‍ച്ച ചെയ്യുകയും സംവാദത്തിലേര്‍പ്പെടുകയും ചെയ്യുമ്പോള്‍ അവര്‍ക്കിടയിലുണ്ടാവുന്ന ആത്മബന്ധത്തിന്റെയും സൗഹൃദത്തിന്റെയും തോത് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും പ്രതിഫലിക്കും. സംഘടനാ പ്രവര്‍ത്തനം ഏറ്റവും ഹൃദ്യമായ അനുഭവമായി മനസില്‍ സൂക്ഷിക്കാന്‍ സാധിക്കണമെങ്കില്‍ ഇത്തരത്തിലുള്ള ഇഴയടുപ്പങ്ങള്‍ കൂടിയേ തീരൂ ■

Share this article

About യാസർ പാലക്കാത്തൊടി

ptyasar2021@gmail.com

View all posts by യാസർ പാലക്കാത്തൊടി →

Leave a Reply

Your email address will not be published. Required fields are marked *