നുഐമാൻ്റെ(റ) കൗശലങ്ങള്‍

Reading Time: 2 minutes

ഒട്ടകത്തെ അറുത്തതാര്?
നബിയെ(സ്വ) കാണാന്‍ വന്നതായിരുന്നു അഅ്‌റാബി. തടിച്ചുകൊഴുത്ത ഒട്ടകത്തിനെ മസ്ജിദിന്റെ മുറ്റത്തു നിര്‍ത്തി അഅ്‌റാബി നബിസന്നിധിയിലെത്തി. ഹംസ(റ) അടക്കമുള്ള മുഹാജിറുകളും അന്‍സാറുകളും സദസിലുണ്ട്. നുഐമാന്‍(റ) കൂട്ടത്തില്‍ രസികനായിരുന്നു. സദസില്‍ ഉള്ളവര്‍ നുഐമാനോട്(റ) പറഞ്ഞു: “നല്ല തടിച്ചു കൊഴുത്ത ഒട്ടകം. നീ അതിനെ അറുത്താല്‍ നമുക്ക് രുചികരമായ ഇറച്ചി കഴിക്കാം.’ നുഐമാന്‍(റ) പറഞ്ഞു: “വേണ്ട ഞാനത് അറുത്താല്‍ എന്നെ കുറ്റക്കാരനായി പിടികൂടും.’ “ഏയ് അതൊന്നുമില്ല. നീ പോയി അറുക്കൂ’ സ്വഹാബികള്‍ തമാശരൂപത്തില്‍ നുഐമാനെ(റ) പ്രോത്സാഹിപ്പിച്ചു. നുഐമാന്‍(റ) പിന്നെ താമസിച്ചില്ല. പള്ളിയില്‍ നിന്ന് പുറത്തിറങ്ങി ഒട്ടകത്തെ അറുത്തു.
ഉടനെ അവിടെനിന്ന് രക്ഷപ്പെട്ടു. കുറച്ചപ്പുറം ചെന്ന് ഒരു കുഴി വെട്ടി. അതുവഴി പോവുകയായിരുന്ന മിഖ്ദാദ്(റ)വിനെ വിളിച്ചുപറഞ്ഞു: “ഞാന്‍ ഈ കുഴിയില്‍ കിടക്കാം. ഈന്തപ്പന മടലുകളിട്ട് എന്നെ മൂടണം. ഞാനിവിടെയുണ്ടെന്ന് ആരോടും പറയരുത്.’ മിഖ്ദാദ്(റ), നുഐമാന്‍(റ) പറഞ്ഞതുപോലെ ചെയ്തു.
പള്ളിയില്‍ നിന്ന് പുറത്തിറങ്ങിയ അഅ്‌റാബി നിശ്ചലമായി കിടക്കുന്ന തന്റെ ഒട്ടകത്തെ കണ്ടു ഒച്ചവെച്ചു. ഇതുകേട്ട് തിരുനബി(സ്വ) പുറത്തിറങ്ങി. “ആരാണ് ഒട്ടകത്തെ അറുത്തത്?’ നബി(സ്വ) ചോദിച്ചു. “നുഐമാന്‍(റ).’ സ്വഹാബികള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. “നുഐമാന്‍(റ) എവിടെപ്പോയി?’ നബിയും(സ്വ) സഹാബത്തും നുഐമാനെ(റ) അന്വേഷിച്ചിറങ്ങി. അങ്ങനെ അവര്‍ മിഖ്ദാദ്(റ)വിനെ കണ്ടുമുട്ടി. “നീ നുഐമാനെ(റ) കണ്ടോ?’ തിരുനബിയുടെ(സ്വ) ചോദ്യത്തിന് മിഖ്ദാദ്(റ) ഒന്നും മറുപടി പറഞ്ഞില്ല. “പറയൂ, എവിടെ?’ നബി(സ്വ) ചോദിച്ചു. മിഖ്ദാദ്(റ) കുഴിയിലേക്ക് വിരല്‍ ചൂണ്ടി പറഞ്ഞു: “എനിക്കറിയില്ല’ കുഴിയുടെ മുകളിലുള്ള ഈന്തപ്പന മടലുകള്‍ നീക്കിയപ്പോള്‍ നുഐമാന്‍(റ) എണീറ്റു. അദ്ദേഹത്തിന്റെ കവിളില്‍ പറ്റിയ മണ്ണ് തട്ടിക്കൊണ്ട് തിരുനബി (സ്വ) ചോദിച്ചു: “ചങ്ങാതീ, എന്തിനാണാ ഒട്ടകത്തെ അറുത്തത്?’ നുഐമാന്‍(റ) പറഞ്ഞു: “അല്ലാഹുവാണേ, ഹംസ(റ)യും കൂട്ടുകാരുമാണ് എന്നോട് അറുക്കാന്‍ പറഞ്ഞത്.’ സംഭവങ്ങള്‍ കേട്ട തിരുനബി(സ) പുഞ്ചിരിച്ചു. അഅ്‌റാബിക്ക് ഒട്ടകത്തിന്റെ വിലകൊടുത്ത് അവിടുന്ന് സ്വഹാബികളോട് പറഞ്ഞു: “ഒട്ടകത്തെ ഭക്ഷിച്ചോളൂ’ ഈ സംഭവമോര്‍ത്ത് മുത്ത്‌നബി(സ്വ) ചിരിക്കാറുണ്ടായിരുന്നു. (ഇംതാഉല്‍ അസ്മാഅ് 2/303, സീറതുല്‍ ഹലബിയ്യ 3/474)

തേനിന്റെ വില
ഹായ്! നല്ല ഒന്നാന്തരം തേന്‍. റസൂലിന് ഏറ്റവും ഇഷ്ടപ്പെട്ട വിഭവങ്ങളിലൊന്ന്. ഇതല്പം വാങ്ങി അവിടുത്തേക്ക് ഹദ്‌യയായി കൊടുത്താന്‍ നബിക്ക്(സ്വ) ഏറെ സന്തോഷമാകും. കൈയില്‍ ഇത്തിരി പോലും കാശില്ല. എന്ത് ചെയ്യും? കടമായി വാങ്ങുക തന്നെ. അല്‍പം തേന്‍ വാങ്ങി നുഐമാന്‍ തിരുസന്നിധിയിലേക്ക് നടന്നു. തേന്‍ റസൂലിന് നീട്ടി നുഐമാന്‍ പറഞ്ഞു: “നബിയേ, ഇതാ അല്‍പം തേന്‍. അങ്ങേക്കു വേണ്ടി വാങ്ങിയതാണ്.’
തിരുനബി(സ) തേന്‍ കുടിച്ചു. നുഐമാനുവേണ്ടി പ്രാർഥിക്കുകയും ചെയ്തു. ദിനങ്ങള്‍ പലതു കഴിഞ്ഞു. വിദേശിയായ തേന്‍കച്ചവടക്കാരന് തിരിച്ചുപോകാന്‍ സമയമായി. അദ്ദേഹം നുഐമാനോട് തേനിന്റെ വില ആവശ്യപ്പെട്ടു. “എന്തു ചെയ്യും? കൈയിലാണെങ്കില്‍ പണം ഒട്ടുമില്ല.’ നുഐമാന് ഒരു സൂത്രം തോന്നി. തേന്‍ കച്ചവടക്കാരനെയും കൂട്ടി റസൂലിന്റെ സന്നിധിയിലെത്തി പറഞ്ഞു: “നബിയേ, അങ്ങേക്കു ഞാന്‍ നല്‍കിയ തേനിന്റെ വില ഇദ്ദേഹം ചോദിക്കുന്നുണ്ട്. “അപ്പോള്‍ നീ അതെനിക്ക് ഹദ്‌യയായി നല്‍കിയതല്ലായിരുന്നോ?’ നുഐമാന്‍ പറഞ്ഞു: “ഇദ്ദേഹം അങ്ങാടിയില്‍ വില്‍ക്കുന്നത് കണ്ടപ്പോള്‍ അങ്ങേയ്ക്ക് ഇഷ്ടപ്പെടും എന്ന് കരുതി ഞാനത് കടമായി വാങ്ങിയതാണ്. എന്റെ കൈയില്‍ ഇപ്പോള്‍ ഒന്നുമില്ല’ നബി(സ്വ) പുഞ്ചിരിച്ചു. കച്ചവടക്കാരന് തേനിന്റെ പണം നല്‍കി തിരിച്ചയച്ചു. (ശര്‍ഹു ശിഫാ 2/47)

സ്വതന്ത്രനായ അടിമ
അബൂബകര്‍(റ) കച്ചവടത്തിനായി ബസ്വറയിലേക്ക് പുറപ്പെട്ടു. കൂടെ നുഐമാന്‍ ബിന്‍ അംറും(റ) സുവൈത്വ് ബിന്‍ ഹര്‍മല(റ)യുമുണ്ട്. യാത്രയിലെ ഭക്ഷണ വിതരണക്കാരനായ സുവൈത്വി(റ)നോട് നുഐമാന്‍ ഭക്ഷണം നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അബൂബക്കര്‍(റ) വന്നാല്‍ മാത്രമേ ഭക്ഷണം വിളമ്പൂ എന്ന് സുവൈത്വ്(റ) ശാഠ്യം പിടിച്ചു. ഇത് നുഐമാന്(റ) പിടിച്ചില്ല. “നിനക്ക് ഞാന്‍ പണി തരുന്നുണ്ട്’ നുഐമാന്‍ സുവൈത്വിനോട് പറഞ്ഞു. ഒരുമിച്ച് ഭക്ഷണം കഴിച്ച് യാത്ര തുടര്‍ന്നു. യാത്രക്കിടയില്‍ അവര്‍ മറ്റൊരു കൂട്ടരെ കണ്ടുമുട്ടി. നുഐമാന്‍ തന്ത്രപൂർവം അവരോട് പറഞ്ഞു: “എന്റെ കൈയില്‍ ഒരു അടിമയുണ്ട്. നിങ്ങള്‍ക്ക് വേണോ?’ അവര്‍ പറഞ്ഞു: “അതെ വേണം’. “അവന് ഒരു സംസാരമുണ്ട്. ശ്രദ്ധിക്കണം. ഞാന്‍ നിങ്ങള്‍ക്ക് വില്‍ക്കുകയാണെന്നറിഞ്ഞാല്‍, താന്‍ അടിമയല്ലെന്നും സ്വതന്ത്രനാണെന്നും അവന്‍ പുലമ്പി കൊണ്ടിരിക്കും. നിങ്ങള്‍ അത് കാര്യമാക്കേണ്ട.’ “ശരി, സമ്മതിച്ചു. പത്ത് ഒട്ടകങ്ങള്‍ക്കു പകരം ഞങ്ങള്‍ അവനെ വാങ്ങാം.’ നുഐമാന്‍ ഇവരെയും കൂട്ടി സുവൈത്വിന്റെയടുത്തെത്തി പറഞ്ഞു. “ഇതാണ് അടിമ’ അവര്‍ സുവൈത്വിനെ പിടിച്ചു പറഞ്ഞു: “നിന്നെ ഞങ്ങള്‍ വാങ്ങിയിരിക്കുന്നു’ സുവൈത്വ് അമ്പരന്നു. അവരോട് പറഞ്ഞു: “അയാള്‍ കള്ളം പറയുകയാണ്. ഞാന്‍ അടിമയല്ല, സ്വതന്ത്രനാണ്.’ അവര്‍ അത് ഗൗനിച്ചതേയില്ല. സുവൈത്വിന്റെ തലപ്പാവ് അഴിച്ച് കഴുത്തില്‍ കെട്ടി അദ്ദേഹത്തെ വലിച്ചുകൊണ്ടുപോയി. കാര്യമറിഞ്ഞ് അബൂബക്കര്‍(റ) സ്ഥലത്തെത്തി. നടന്ന സംഭവങ്ങള്‍ കൂടെയുണ്ടായിരുന്നവര്‍ വിവരിച്ചു. സുവൈത്വിനെയും തേടി അബൂബക്കര്‍(റ) സഹയാത്രികര്‍ക്കൊപ്പം പുറപ്പെട്ടു. ഏറെ വൈകാതെ അവരെ കണ്ടുമുട്ടി. കാര്യങ്ങള്‍ തമാശയാണെന്ന് അവരെ പറഞ്ഞു ബോധ്യപ്പെടുത്തി. ഒട്ടകങ്ങളെ കൊടുത്തപ്പോള്‍ അവര്‍ സുവൈത്വിനെ തിരിച്ചുനല്‍കി.
യാത്രകഴിഞ്ഞ് മദീനയില്‍ തിരുനബിയുടെയടുക്കല്‍ തിരിച്ചെത്തിയ അവര്‍ നടന്ന സംഭവം വിശദീകരിച്ചു. തിരുനബി(സ്വ)യുടെ വിയോഗത്തിന് ഒരു വര്‍ഷം മുമ്പായിരുന്നു ഈ സംഭവം. ആ വര്‍ഷം പലതവണ ഇതോര്‍ത്ത് നബി(സ്വ) ചിരിക്കുമായിരുന്നു (സീറത്തുല്‍ ഹലബിയ്യ 3/474) ■

Share this article

About ഇ എം സുഫ് യാൻ ബുഖാരി

emsufyan07@gmail.com

View all posts by ഇ എം സുഫ് യാൻ ബുഖാരി →

Leave a Reply

Your email address will not be published. Required fields are marked *