അല്ലാഹുവിലേക്ക് ഇഴഞ്ഞുനീങ്ങുകയാണോ?

Reading Time: 2 minutes

ഇരുട്ടില്‍ നിന്ന്
“എന്റെ ജീവിതത്തിന്റെ ഭൂരിഭാഗ സമയങ്ങളിലും ഞാന്‍ മുസ്‌ലിമുകളെ വെറുത്തിരുന്നു. പക്ഷേ, ഇന്ന് ഞാന്‍ എന്നെത്തന്നെ അഭിമാനത്തോടെ മുസ്‌ലിം എന്ന് വിളിക്കുന്നു.’ എല്ലാ ചൊവ്വാഴ്ചകളിലും ശനിയാഴ്ചകളിലും അമ്പലത്തില്‍ പോയിരുന്ന അവിശ്വാസിയായിരുന്നു ഞാന്‍. പൂജ ചെയ്തതും ദൈവങ്ങള്‍ക്ക് സമര്‍പ്പിക്കാനായി ക്ഷേത്രത്തിലേക്ക് മധുരപലഹാരങ്ങള്‍ കൊണ്ടുപോയതുമെല്ലാം എനിക്ക് ഓര്‍മയുണ്ട്. ക്ഷത്രിയ ജാതി മുതല്‍, എല്ലാ ജാതികളിലും അവരവരുടെ പുരോഹിതരുടെ നിര്‍ദേശമനുസരിച്ചാണ് ഉത്സവങ്ങളും ആഘോഷങ്ങളുമെല്ലാം നടത്തുന്നത്. 19 ാം വയസിലാണ് ഇത്തരം ആചാരങ്ങളെ ചോദ്യം ചെയ്ത് തുടങ്ങിയത്. മാതാപിതാക്കളോട് ചോദിക്കുമ്പോഴെല്ലാം അവര്‍ കൈമലര്‍ത്തി.

വെളിച്ചത്തിലേക്ക്
ഖുര്‍ആനില്‍ നിന്നാണ് ഇസ്‌ലാമിലേക്കുള്ള എന്റെ യാത്ര ആരംഭിക്കുന്നത്. ഇത് ഇസ്‌ലാമിലേക്കുള്ള എന്റെ താത്പര്യത്തെ വല്ലാതെ ശക്തിപ്പെടുത്തി. “നീ അല്ലാഹുവിലേക്ക് നടക്കുമ്പോള്‍ അവന്‍ നിന്നിലേക്ക് ഓടിവരുന്നു’ എന്ന മഹത് വചനം അറിഞ്ഞിട്ടും അല്ലാഹുവിലേക്ക് അശ്രദ്ധയോടെ ഇഴയുക മാത്രമാണ് ഞാന്‍ ചെയ്തത്. പക്ഷേ അവന്‍ ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ കണ്ടെത്താനും മനസിലാക്കാനുമായി എന്റെ കണ്ണുകളെ എനിക്ക് തുറന്നുതരികയും ഇസ്‌ലാമാകുന്ന പ്രകാശത്തെ കാണാനുള്ള കാഴ്ച നല്‍കുകയും ചെയ്തു. യാചകനായാലും ഉടമസ്ഥനായാലും എല്ലാവരും ഒരേ നിരയില്‍ നിന്ന് കൊണ്ടാണല്ലോ നിസ്‌കരിക്കുന്നത്. ഇസ്‌ലാമിക ദര്‍ശനത്തില്‍ എല്ലാവരും തുല്യരാണ്. ഈ സമത്വമെന്ന ഇസ്‌ലാമിക ദര്‍ശനമാണ് ഇസ്‌ലാമിലേക്കെന്നെ ആകര്‍ഷിച്ചത്. അല്ലാഹുവിനോടടുക്കാന്‍ നിങ്ങള്‍ സമ്പന്നനാവുകയോ ഉന്നത ജാതിയില്‍ ജനിക്കുകയോ ചെയ്യേണ്ടതില്ല. ഇസ്‌ലാം മനുഷ്യര്‍ക്കിടയില്‍ തുല്യതയെ ദൃഢപ്പെടുത്തുന്നു. നിറം, വംശം, സാമ്പത്തിക, സാമൂഹിക നില എന്നിവ പരിഗണിക്കാതെ എല്ലാവരോടും തുല്യ ബഹുമാനത്തെ ആവശ്യപ്പെടുകയും ചെയ്യുന്നു.
ഇസ്‌ലാമിനോടുള്ള എന്റെ ഇഷ്ടം വര്‍ധിക്കുന്നതിനോടെ വീട്ടുകാര്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കി. ഞാന്‍ നിസ്‌കാരങ്ങള്‍ രഹസ്യമാക്കി. റംസാന്‍ വ്രതാനുഷ്ഠാനവും രഹസ്യമാക്കേണ്ടി വന്നു. നമസ്‌കാരവും വ്രതവുമെല്ലാം എന്നെ അല്ലാഹുവിലേക്ക് അടുപ്പിച്ചുകൊണ്ടിരിന്നു. എന്റെ പെരുമാറ്റ രീതികളില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയപ്പോള്‍ അവരെന്നെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ തുടങ്ങി. “ഇസ്‌ലാമിക’മായ വല്ലതും കണ്ടുപിടിക്കാനായി അവര്‍ മുറിയില്‍ ഇടക്കിടെ റൈഡ് നടത്തിക്കൊണ്ടിരുന്നു. പതിവുപോലെ ഒരുദിവസം അവര്‍ റൈഡിന് വന്നു. എന്റെ ബാഗില്‍ നിന്ന് ഒരു തസ്ബീഹ് മാലയും തൊപ്പിയും പ്രാര്‍ഥനാപുസ്തകവും അവര്‍ കണ്ടെടുത്തു. ഇതോടെ, സമൂഹത്തിലെ പലരും എന്നെ നിരീക്ഷിക്കാന്‍ തുടങ്ങി. ചിലര്‍ പ്രാദേശിക പള്ളിയില്‍ പലപ്പോഴായി കയറുന്നതായി കണ്ടിട്ടുണ്ടെന്ന് പരാതിപ്പെട്ടു. 2016ലാണിത് സംഭവിക്കുന്നത്. പ്രശ്‌നം ആകെ രൂക്ഷമായി. എന്റെ കുടുംബം എന്നെ കൈവിട്ടു. ഞാന്‍ ഏകനായി. എനിക്കപ്പോള്‍ 23 വയസ്. വീട്ടിലെയും നാട്ടിലെയും പ്രശ്‌നങ്ങള്‍ക്ക് ശേഷം ഞാന്‍ ജോലിയില്ലാത്തവനായി. ഭക്ഷണം ലഭിക്കാതെ റോഡുകളിലും പാര്‍ക്ക് ബെഞ്ചുകളിലും അടഞ്ഞ കടകളുടെ പടികളിലുമായി ഉറങ്ങി. എന്റെ കുടുംബത്തിനും എന്നെ തള്ളിപ്പറഞ്ഞ എല്ലാവര്‍ക്കും ഞാന്‍ ഹിന്ദുമതം വിട്ട് പോകുന്നതിനെക്കാള്‍ പ്രശ്‌നം ഇസ്‌ലാം ആശ്ലേഷിച്ചതായിരുന്നു. പക്ഷേ ഇസ്‌ലാമാശ്ലേഷണത്തിനത് തടസമായില്ല. വൈകാതെ തന്നെ ഒരു പ്രാദേശിക പള്ളിയില്‍ ചെന്ന് ഞാന്‍ ഇസ്‌ലാം സ്വീകരിച്ചു.

വെളിച്ചത്തില്‍
വീട്ടില്‍ നിന്ന് പുറത്തായപ്പോള്‍ ഒരു മുസ്‌ലിം സഹോദരനാണ് എനിക്കഭയം നല്‍കിയത്. ജോലി സ്ഥലം ഇസ്‌ലമോഫോബിയയുടെ ഇടമാണെന്ന് ബോധ്യപ്പെട്ടതോടെ വിശ്വാസജീവിതം കൂടുതല്‍ ദുഷ്‌കരമാകുമോയെന്ന് പേടിച്ചു. മുസ്‌ലിംവിരുദ്ധ വികാരം ഉയരുകയും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വാര്‍ത്തകളില്‍ നിറയുകയും ചെയ്തപ്പോള്‍ എന്റെ മതാനുഷ്ഠാനത്തിന് ദൗര്‍ബല്യം സംഭവിച്ചുവെന്ന് എനിക്ക് തോന്നി. അന്നേരം എനിക്ക് സിദ്ധാര്‍ഥായും ഷദാബായും മാറി മാറി വേഷം ധരിക്കേണ്ടിവന്നു. ഓഫീസിലും മറ്റും സിദ്ധാര്‍ഥ്, പള്ളികളിലും മറ്റും ഷദാബ്. അത് വലിയ പ്രയാസമായിരുന്നു. യാത്രയില്‍ ഇസ്‌ലാമിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്ന പ്രഭാഷണങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കും. മുസ്‌ലിം ആയെന്നറിഞ്ഞപ്പോള്‍ കൂടെയുള്ള മുസ്‌ലിം സുഹൃത്തുക്കളില്‍ പലരും എന്റെ തീരുമാനത്തെ നിരുത്സാഹപ്പെടുത്തിയിരുന്നു. മതം മാറുന്നത് വലിയൊരു പാപമായാണ് പലരും കണക്കാക്കുന്നത്. ഈ പുതിയ ജീവിതം തുടങ്ങാന്‍ എനിക്ക് ഒരുപാട് പോരാട്ടം നടത്തേണ്ടിവന്നിട്ടുണ്ട്. ഞാനൊരു സ്ത്രീയായിരുന്നുവെങ്കില്‍ എനിക്കിത് സങ്കല്പിക്കാനേ കഴിയുമായിരുന്നില്ല. പലരും എന്നെ “ലൗ ജിഹാദ്’ ആക്ഷേപിച്ചേനേ. ഇത്തരം ആക്ഷേപങ്ങള്‍ സ്ത്രീകളുടെ മതം മാറാനുള്ള അവകാശത്തെ ധ്വംസിക്കുന്നുണ്ട്. ഇന്ത്യയിലെ ഏതൊരു വ്യക്തിക്കും സ്വന്തം ഇഷ്ടപ്രകാരം ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാനും അത് അഭ്യസിക്കാനും പ്രചരിപ്പിക്കാനും ഇവിടുത്തെ നിയമങ്ങള്‍ അവനെ അനുവദിക്കുന്നുണ്ട്. പക്ഷേ, ഇന്നത്തെ ചില രാഷ്ട്രീയ അസമത്വതയില്‍ പലയിടങ്ങളിലും മുസ്‌ലിംകള്‍ക്ക് തങ്ങളുടെ വ്യക്തിത്വം മറച്ചുവെക്കേണ്ടിവരുന്നു ■
കടപ്പാട് : THE WIRE

Share this article

About ഹസ്ബുല്ല മാട്ടായ

hasbinjafar18@gmail.com

View all posts by ഹസ്ബുല്ല മാട്ടായ →

Leave a Reply

Your email address will not be published. Required fields are marked *